Saturday, March 23, 2013

ബദലിന്റെ വര്‍ധിച്ച പ്രസക്തി

ഡിഎംകെ യുപിഎ സര്‍ക്കാരില്‍നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയില്‍നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ശ്രീലങ്കന്‍ തമിഴ് വിഷയത്തിലാണ് പിന്തുണ പിന്‍വലിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ ഒറ്റപ്പെടലാണ് ഇത് തെളിയിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയോട് വിടപറഞ്ഞത്. യുപിഎയിലെ ഏറ്റവും വലിയ ഘടകക്ഷിയായിരുന്നു ലോക്സഭയില്‍ 19 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ്. ഇപ്പോള്‍ രണ്ടാമത്തെ വലിയ കക്ഷിയായ 18 എംപിമാരുള്ള ഡിഎംകെയും വിടപറഞ്ഞിരിക്കുന്നു. നിലവില്‍ എന്‍സിപിയും മറ്റു ചില ചെറിയ കക്ഷികളും മാത്രമാണ് യുപിഎയിലുള്ളത്. യുപിഎയുടെ അംഗസംഖ്യയാകട്ടെ 224 ആയി കുറഞ്ഞു. സമാജ്വാദി പാര്‍ടി, ബിഎസ്പി, ജെഡി(എസ്) എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ നിലനില്‍കുന്നത്. ഇവര്‍ക്കെല്ലാംകൂടി 49 എംപിമാരാണുള്ളത്. മറ്റ് ചില ചെറിയകക്ഷികളും സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുമുണ്ട്.

സര്‍ക്കാര്‍ അതിന്റെ അവസാന വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കെ, കോണ്‍ഗ്രസ് പാര്‍ടിയുടെ ജനപ്രിയതയും അടിത്തറയും തകരുകയാണെന്ന സൂചനയാണ് എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നത്. ലോക്സഭയില്‍ ന്യൂനപക്ഷമായിട്ടും രാജ്യത്തിന് ദോഷകരമായ ജനവിരുദ്ധ നവ ഉദാരവല്‍ക്കരണ നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനു കാരണം കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികള്‍ നയത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ചില പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് എന്നതുകൊണ്ടാണ്. ഈ കക്ഷികള്‍ എതിരായിട്ടും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന് കഴിഞ്ഞതും ഇതിനാലാണ്. അതുപോലെ ഈ പാര്‍ടികള്‍ എതിര്‍ക്കാതിരുന്നതുകൊണ്ടാണ് ബാങ്കിങ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനായത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ബദല്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന ചോദ്യം ഇതുയര്‍ത്തുന്നുണ്ട്. സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ഒരു വ്യത്യാസവും ബിജെപിക്കില്ല. മാത്രമല്ല ഹിന്ദുത്വ ആശയസംഹിത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപി രാജ്യത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന ശക്തിയുമാണ്. അതിനാല്‍ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ ചേര്‍ന്നുള്ള ഒരു ബദലിന് രൂപം നല്‍കേണ്ടതുണ്ട്. ബദല്‍നയങ്ങളുടെ അടിസ്ഥാനത്തില്‍മാത്രമേ ഇത്തരമൊരു ബദല്‍ ഉയര്‍ന്നുവരൂ.

സിപിഐ എം നേതൃത്വം നല്‍കിയ സമര സന്ദേശ ജാഥകളും അതിന്റെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയും ഈ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതോടൊപ്പം അതിനായി തുടര്‍ച്ചയായ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയുംചെയ്തു. ഭൂപരിഷകരണം, കര്‍ഷകരുടെ താല്‍പ്പര്യ സംരക്ഷണം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ജനാനുകൂല വികസന പാത, ജനങ്ങള്‍ക്ക് വീടും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ബദല്‍ നയങ്ങള്‍. പ്രകൃതിവിഭവങ്ങളെ വന്‍കിട ബിസിനസുകാരും കോര്‍പറേറ്റ് മേഖലയും കൊള്ളചെയ്യുന്നത് തടഞ്ഞും സമ്പന്നര്‍ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്തിയുമായിരിക്കണം ഇതിന് ആവശ്യമായ വിഭവങ്ങള്‍ സൃഷ്ടിക്കേണ്ടത്. സ്ത്രീകള്‍ക്ക് തുല്യാവകാശവും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സാമൂഹ്യനീതിയും ഉറപ്പുവരുത്തണം.

ഇത്തരം ബദല്‍ നയങ്ങള്‍ക്കായി സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കരാര്‍തൊഴിലാളികളും കരകൗശലത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മറ്റ് മേഖലയിലെ തൊഴിലാളികളും യോജിച്ച് ശക്തമായ സമരം നടത്തുകതന്നെ വേണം. ഇത്തരം രാഷ്ട്രീയ സംഘാടനത്തിലൂടെമാത്രമേ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഒരു ബദല്‍ ഉയര്‍ന്നുവരൂ. സിപിഐ എം റാലി നടക്കുന്നതിന് രണ്ടു ദിവസംമുമ്പ് രാംലീല മൈതാനിയില്‍ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ ഒരു റാലി നടന്നിരുന്നു. വളരെ പിന്നോക്കം നില്‍ക്കുന്നതിനാല്‍ ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ റാലി. ബിഹാറിന് പ്രത്യേക സഹായം നല്‍കണമെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കണം ഈ പ്രശ്നം ഉന്നയിക്കേണ്ടത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും വിഭവങ്ങള്‍ മതിയായ രീതിയില്‍ വികേന്ദ്രീകരിച്ച് നല്‍കുന്നതിനും കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

ഒരു ഫെഡറല്‍ സംവിധാനത്തില്‍ മാത്രമേ പിന്നോക്ക സംസ്ഥാനങ്ങള്‍ പുരോഗമിക്കുകയുള്ളൂ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ മാറ്റുന്നതിനുള്ള സമരവും സിപിഐ എമ്മും ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്ന ബദല്‍ നയങ്ങളില്‍ ഉള്‍പ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കണമെന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. ബദല്‍നയങ്ങള്‍ക്കും ബദല്‍വേദിക്കുമായി നടക്കുന്ന സമരങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും മാത്രമേ രാഷ്ട്രീയബദല്‍ ഉയര്‍ന്നുവരൂ എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ഇത്തരമൊരു ബദല്‍ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ജനാധിപത്യ- മതനിരപേക്ഷ പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയും. എന്നാല്‍, ഈ ബദല്‍നയങ്ങള്‍ സ്വീകരികുകയും അതിനായുള്ള സമരത്തില്‍ ഈ കക്ഷികള്‍ പങ്കെടുക്കുകയും ചെയ്താല്‍മാത്രമേ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. രാജ്യത്തെങ്ങുമുള്ള സാധാരണജനങ്ങള്‍ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ്. പല സ്ഥലങ്ങളിലും അവര്‍ക്ക് പൊതുവിതരണ ശൃംഖല വഴിയുള്ള റേഷന്‍ ലഭിക്കുന്നില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും കടവും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. തൊഴിലാളികളില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. ഇവര്‍ക്ക് സ്ഥിരം തൊഴിലില്ലെന്നു മാത്രമല്ല തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. ഒരുവിധ സാമൂഹ്യസുരക്ഷാ പദ്ധതിയും ഇവര്‍ക്കില്ല. ഭൂമിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതിനെതിരെ പല ഭാഗത്തും ആദിവാസികള്‍ സമരത്തിലാണ്.

തൊഴിലില്ലായ്മ കാരണം യുവാക്കളുടെ ഭാവി ഇരുളടഞ്ഞു. എല്ലായിടത്തുമുള്ള ജനങ്ങള്‍ വിദ്യാഭ്യാസ- ആരോഗ്യ സംവിധാനമില്ലാത്തിനാല്‍ വിഷമിക്കുകയാണ്. ഈ വിഭാഗം ജനങ്ങളില്‍നിന്ന് 11,000 കിലോമീറ്റര്‍ സഞ്ചരിച്ച സമരസന്ദേശ ജാഥയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. ജാഥയിലൂടെ നേടിയ ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കി തുടര്‍ച്ചയായ സമരങ്ങളള്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 19 ന് രാംലീല മൈതാനിയില്‍ ചേര്‍ന്ന മഹാറാലിയില്‍ ജാഥയിലുയര്‍ത്തിയ വിഷയങ്ങള്‍ ഉയര്‍ത്തി കൂട്ട പിക്കറ്റിങ് നടത്താന്‍ തീരുമാനിച്ചത്. മെയ് 15 നും 31 നും ഇടയില്‍ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും ഒരാഴ്ച തുടര്‍ച്ചയായി പാര്‍ടിയുടെ നേതൃത്വത്തില്‍ പിക്കറ്റിങ് നടക്കും. എല്ലാവര്‍ക്കും ഭൂമി, വീട് വയ്ക്കാനുള്ള സ്ഥലം, സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം, തൊഴില്‍, ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, അഴിമതി തടയുക എന്നിങ്ങനെ ജാഥ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് ഈ പ്രക്ഷോഭം. കര്‍ഷകരുടെ പ്രശ്നങ്ങളും ഈ പിക്കറ്റിങ് സമരത്തില്‍ ഉയര്‍ത്തും. ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം റദ്ദാക്കണമെന്നും ആവശ്യപ്പെടും. പിക്കറ്റിങ് സമരം നിയമലംഘനത്തിലേക്കും അറസ്റ്റ് വരിക്കലിലേക്കും മാറിയേക്കാം.

സമരത്തിന്റെ ഈ ഘട്ടത്തിന് ശേഷം സിപിഐ എം ഇടതുപക്ഷ പാര്‍ടികളുമായി ചര്‍ച്ചചെയ്ത് യോജിച്ച രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കും. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ബദല്‍ നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: