Friday, March 22, 2013

പാവങ്ങളുടെ പടനായകന്‍

ജീവിതംതന്നെ പോരാട്ടമാക്കി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നായി മാറിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 36 വര്‍ഷം പൂര്‍ത്തിയാകുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. കമ്യൂണിസ്റ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ് പാവങ്ങളുടെ പടനായകന്‍ എന്ന അതുല്യവിശേഷണം ഏറ്റുവാങ്ങിയ എ കെ ജിയുടെ സമരജീവിതം.

പോര്‍മുഖത്തെ പതറാത്ത മനസ്ഥൈര്യവും ഒന്നിനെയും കൂസാത്ത ധീരതയുമായിരുന്നു എ കെ ജിയുടെ ജീവിതമുദ്ര. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്ക് വഹിച്ചു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ പാവങ്ങളുടെ പടത്തലവനാക്കിയത്. ആ സമരജീവിതം ആര്‍ജിച്ച ആദരം അതിരുകളില്ലാത്തതാണ്. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയെക്കുറിച്ച് ""പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു"" എന്നാണ് എ കെ ജി പറഞ്ഞത്. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി.

കേരളത്തില്‍ നടന്ന മിച്ചഭൂമിസമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തു പറയേണ്ടതാണ്. അന്ന് അറസ്റ്റു ചെയ്യപ്പെട്ട എ കെ ജി തിരുവനന്തപുരം സബ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: ""കാര്‍ഷിക നിയമം 118, 119 വകുപ്പു പ്രകാരം എത്ര ഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും അധികാരം ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചു ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാത്ത ഭരണാധികാരികളാണ് കുറ്റംചെയ്തവര്‍. അവരെയാണ് ശിക്ഷിക്കേണ്ടത്"". ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരാടിയത്. തുടര്‍ച്ചയായ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇത്തവണ എ കെ ജിയുടെ ചരമദിനമാചരിക്കുന്നത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്നു. എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ്. പകരം ധനമൂലധനശക്തികള്‍ക്ക് കടന്നുവരുന്നതിന് അവസരമൊരുക്കി. പൊതുമേഖല നിഷ്കരുണം തകര്‍ക്കപ്പെടുന്നു. ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തത്ര കഠിനമായ വിലക്കയറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. കൃഷിയെയും കൃഷിക്കാരെയും തകര്‍ക്കുക മാത്രമല്ല, കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയമടഞ്ഞു. ലോകത്ത് സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കേണ്ട രാജ്യമായി ഇന്ത്യ മാറി. അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ജനദ്രോഹം അജന്‍ഡയാക്കിയ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രക്ഷോഭങ്ങള്‍, യുപിഎയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന സൂചനയാണ് നല്‍കുന്നത്. രാജ്യം ഭരിക്കാനുള്ള അവകാശം ഇന്ന് യുപിഎയ്ക്കില്ല. പാര്‍ലമെന്റില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണയേ അവര്‍ക്കുള്ളൂ. 545 അംഗ സഭയില്‍ 272 അംഗങ്ങളുടെ പിന്തുണയെങ്കിലുമുണ്ടാകുമ്പോഴാണ് ഭൂരിപക്ഷമാകുന്നത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ പിന്തുണ ആ അക്കത്തിലേക്ക് വരുന്നില്ല. അതുതന്നെ എസ്പിയുടെ 22ഉം ബിഎസ്പിയുടെ 21ഉം ഉള്‍പ്പെടെയാണ്. പുറത്തുനിന്നുള്ള പിന്തുണകൊണ്ടുപോലും ഭൂരിപക്ഷമുണ്ടാക്കാനാകാത്ത യുപിഎ, പാര്‍ലമെന്ററി അഭ്യാസങ്ങളിലൂടെയാണ് ഭരണം നിലനിര്‍ത്തുന്നത്. തെലങ്കാന രാഷ്ട്രീയസമിതി, എംഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി, ഓള്‍ ഇന്ത്യാ മജ്ലിസ് ഇത്തേഹാദുള്‍ മുസ്ലിമിന്‍, ടിഎംസി, പിഡിപി എന്നിവയ്ക്കു പിന്നാലെ ഡിഎംകെയും കൈവിട്ടതോടെ യുപിഎ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലാവസ്ഥയിലാണ്. ഈ ദൗര്‍ബല്യത്തില്‍നിന്ന് മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഫലിക്കുന്നില്ല. ഒറ്റപ്പാര്‍ട്ടി എന്ന നിലയില്‍ ബിജെപി തര്‍ക്കങ്ങളുടെയും നേതൃതലത്തിലുള്ള വടംവലികളുടെയും രാഷ്ട്രീയ നിലപാടുകളിലെ അവ്യക്തതകളുടെയും കൂടാരമാണ്. സംഘപരിവാര്‍ അജന്‍ഡകളും തീവ്രഹിന്ദുത്വത്തിന്റെ പ്രയോഗവും ആ പാര്‍ട്ടിയുടെ മുഖം കൂടുതല്‍ കറുപ്പിക്കുന്നു. ദക്ഷിണേന്ത്യയുടെ കാവിക്കവാടമെന്ന് അവര്‍ പ്രചരിപ്പിച്ച കര്‍ണാടകത്തിലടക്കം ബിജെപിക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണ്. സാമ്പത്തിക നയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ കുടക്കീഴില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും ബദലായി മൂന്നാംശക്തി ഉയര്‍ന്നുവരേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ച ഘട്ടമാണിത്. രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്ന ഉത്തമ ലക്ഷ്യത്തോടെ അത്തരം ഒരു ബദല്‍ ഉയര്‍ത്താന്‍ കഴിയുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ ബദല്‍ എന്ന മഹത്തായ ആശയത്തിലേക്കുള്ള ചുവടുവയ്പാണ് ഇ എം എസ് ദിനമായ മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ സിപിഐ എം നേതൃത്വത്തില്‍ നടന്ന മഹാറാലി. രാജ്യത്താകെ സമര സന്ദേശവുമായി ജാഥകള്‍ സംഘടിപ്പിച്ചശേഷമാണ് രാംലീല മൈതാനിയില്‍ വന്‍ജനാവലിയെ അണിനിരത്തിയ റാലിക്ക് പാര്‍ടി നേതൃത്വം നല്‍കിയത്. സിപിഐ എമ്മിന്റെ ഉജ്വലമായ സമര പ്രഖ്യാപനമായി ആ റാലി മാറി.

നവലിബറല്‍ നയങ്ങളുടെ പ്രയോഗത്തിലൂടെ കേന്ദ്രം ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുമ്പോള്‍, അതിന്റെ ആഘാതം വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലയെ തകര്‍ത്തും വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജീവിത ദുരിതങ്ങള്‍ സംഭാവന ചെയ്തുമാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച ഈ വര്‍ഷത്തെ ബജറ്റ് ഇതിനുദാഹരണമാണ്. 1138 കോടി രൂപയുടെ അധിക നികുതിബാധ്യതയാണ് ബജറ്റ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്നു. പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പദ്ധതിപോലുമില്ല. വിലക്കയറ്റം പരിഹരിക്കുന്നതിനുള്ള കര്‍മപദ്ധതികളും ബഡ്ജറ്റിലില്ല. പിപിപി നടപ്പാക്കി സ്വകാര്യവല്‍ക്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ക്രമസമാധാനരംഗം പാടെ വഷളായി. പെണ്‍വാണിഭ- ഗുണ്ടാസംഘങ്ങള്‍ക്ക് അടിയറ പറയുന്ന പൊലീസ്, രാഷ്ട്രീയ വിരോധം വച്ച് കേസ് ചമയ്ക്കുന്നതിന് അറച്ചുനില്‍ക്കുന്നില്ല. അഴിമതി കേസുകളില്‍നിന്ന് മന്ത്രിമാരെ രക്ഷപ്പെടുത്തുന്നതിന് നഗ്നമായ ഇടപെടലുകളുണ്ടാകുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെ രക്ഷിക്കാന്‍ ഹീനമായ നീക്കമാണ് നടത്തിയത്.

ജനങ്ങളുടെ ജീവനും സ്വത്തിനുമല്ല അഴിമതിക്കാര്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നത്. കേരളത്തെ നശിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങളുടെ ദുരിതമകറ്റാനുള്ള നിരന്തരപ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമ്രാജ്യത്വശക്തികളെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തിലും സജീവ പങ്കാളിയായിരുന്നു എ കെ ജി. ഇന്ത്യയില്‍ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക- വിദേശ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക്, പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ പോരാടുന്ന പ്രസ്ഥാനത്തിന് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും.

*
പിണറായി വിജയന്‍

No comments: