Tuesday, March 26, 2013

മൂന്ന് സെന്റും മനസ്സും

മൊകേരി വില്ലേജില്‍ ഭൂരഹിതരായവരുടെ കണക്കെടുപ്പാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണയായത്. കിടപ്പാടമില്ലാത്ത ഇവരുടെ സങ്കടവും കണ്ണീരും നസീമയുടെ മനസ്സിന്റെ നീറ്റലായി. അരസെന്റ് ഭൂമിക്കുവേണ്ടി സുപ്രീംകോടതിവരെ പോയി യുദ്ധം നടത്തുന്ന നാട്ടില്‍, ഭൂമിയുടെ അളവ് സെന്റീമീറ്ററില്‍ കണക്കാ ക്കുംവിധം ലഭ്യമല്ലാത്ത വസ്തുവായി മാറുന്ന നാട്ടില്‍ ഇതൊരു ചെറിയ സംഭവമല്ല

തലചായ്ക്കാനിടമില്ലാത്തവര്‍ക്കായി ഭൂമി ദാനംചെയ്തപ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഭാവമായിരുന്നു വി പി നസീമയ്ക്ക്. അനുമോദനത്തിന്റെ പൂച്ചെണ്ടുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചുറ്റും കൂടിയപ്പോഴും തന്നാലാകുന്നത് ചെയ്തുവെന്ന സംതൃപ്തിമാത്രമാണ് നസീമ പങ്കിട്ടത്. തലശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ രത്തന്‍ഖേല്‍കര്‍ക്ക് ഭൂമിദാനത്തിന്റെ സമ്മതപത്രം കൈമാറുമ്പോള്‍ സിവില്‍സര്‍വീസില്‍തന്നെ വേറിട്ട ഒരു സംസ്കാരത്തിന്റെ കൈത്തിരി തെളിക്കുകയാണ് ഈ വില്ലേജ് ഓഫീസര്‍. മൊകേരി വില്ലേജ് ഓഫീസര്‍ വി പി നസീമയാണ് ഭൂമിദാനത്തിലൂടെ മഹത്തായ മാതൃക സൃഷ്ടിച്ച ഉദ്യോഗസ്ഥ. മാര്‍ച്ച് നാലിനാണ് ദാനത്തിന്റെ മഹത്വം സഹജീവികളെ ഓര്‍മിപ്പിച്ച് നസീമ സര്‍ക്കാരിന് ഭൂമി കൈമാറിയത്. ആരുമറിയാതെ ഭൂമി കൈമാറണമെന്നാണ് ആഗ്രഹിച്ചത്. ഒരു സുഹൃത്താണ് പണിപറ്റിച്ചത്. അല്ലായിരുന്നെങ്കില്‍ ആരും ഒന്നും അറിയില്ലായിരുന്നു. തെല്ലു പരിഭവത്തോടെ വി പി നസീമ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന എന്‍ജിഒ യൂണിയന്റെ ആദ്യകാല നേതാവ് വി പി കൃഷ്ണന്റെ മകള്‍ക്ക് ഇങ്ങനെയൊക്കയേ ചിന്തിക്കാനാകൂ. വില്ലേജ് ഓഫീസര്‍ ഭൂമി ദാനംചെയ്ത വാര്‍ത്ത പുറത്തുവന്നതുമുതല്‍ നസീമയുടെ ഫോണിന് വിശ്രമമില്ല. അഭിനന്ദനംകൊണ്ട് മൂടുകയാണ് നാടും സഹപ്രവര്‍ത്തകരും. പഴയ സഹപാഠികള്‍മുതല്‍ നാട്ടുകാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ സംസാരവിഷയം ഈ വില്ലേജ് ഓഫീസറാണ്. ഔദ്യോഗികപദവി ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയായി കാണുന്നവര്‍ക്കിടയില്‍ ഈ ഭൂദാനത്തിന് ഏറെ അര്‍ഥതലങ്ങളുണ്ട്. സഹപ്രവര്‍ത്തകര്‍ അഭിനന്ദനംകൊണ്ട് മൂടുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ പതിവ് ജോലിത്തിരക്കിലാണ് വില്ലേജ് ഓഫീസര്‍.

കൈക്കൂലിക്കാര്‍ മാത്രമല്ല

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ജീവനക്കാരെക്കുറിച്ചുമാത്രം കേള്‍ക്കുന്ന നാട്ടിലാണ് ഒരു വനിതാ വില്ലേജ് ഓഫീസര്‍ അനുപമമായ മാതൃക തീര്‍ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല, നാടിനുതന്നെ മാതൃകയാണ് ഈ ദാനം. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകകൂടിയാണ് ഈ ഓഫീസര്‍. മൊകേരി വില്ലേജില്‍ ഭൂരഹിതരായവരുടെ കണക്കെടുപ്പാണ് ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണയായതെന്ന് നസീമ പറഞ്ഞു. ഭൂരഹിതരായ ഇരുപതോളംപേരാണ് മൊകേരി വില്ലേജിലുള്ളത്. കിടപ്പാടമില്ലാത്ത ഇവരുടെ സങ്കടവും കണ്ണീരും മനസ്സിന്റെ നീറ്റലായി. അന്നേ മനസ്സില്‍ കരുതിയതാണ് ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന്. ഒടുവില്‍ ഏറെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കുടുംബസ്വത്തായി തനിക്ക് ലഭിച്ച തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ പൊയിലൂര്‍ മടപ്പുരക്കടുത്ത സ്ഥലമാണ് "ഭൂരഹിതര്‍ക്ക് പാര്‍പ്പിടഭൂമി" എന്ന പദ്ധതിക്കായി നല്‍കിയത്. കിടപ്പാടമില്ലാത്ത ഒരു കുടുംബത്തിനെങ്കിലും തന്റെ മൂന്ന് സെന്റിലൂടെ ആശ്വാസം പകരാനായാല്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി നസീമ കാണുന്നത്.

വാക്കില്‍മാത്രമല്ല മതേതരം

പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ളതാണ് നസീമയുടെ കുടുംബം. കണ്ണൂര്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാവായിരുന്നു അച്ഛന്‍ വി പി കൃഷ്ണന്‍. കൊളവല്ലൂര്‍ വില്ലേജ് അസിസ്റ്റന്റായി ജോലിചെയ്യുമ്പോഴാണ് അടിയന്തരാവസ്ഥക്കാലത്ത് ഡിഐആര്‍പ്രകാരം ജയിലിലടച്ചത്. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് നസീമയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ഹിപ്പോപ്ലാസ്റ്റിയ എന്ന അസുഖംബാധിച്ച് പത്തുവര്‍ഷത്തോളം കഴിഞ്ഞായിരുന്നു മരണം. അന്ന് കൊളവല്ലൂര്‍ വില്ലേജ് ഓഫീസറായിരുന്നു. സഹജീവികളെ സ്നേഹിക്കാനും മതനിരപേക്ഷമായി ജീവിക്കാനും തങ്ങളെ പഠിപ്പിച്ചത് അച്ഛനാണെന്ന് അഭിമാനത്തോടെ നസീമ പറയുന്നു. സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മതമോ ജാതിയോ ഒന്നും രജിസ്റ്ററില്‍ അച്ഛന്‍ ചേര്‍ത്തിരുന്നില്ല. മക്കളായ ഞങ്ങളുടെ പേരില്‍പ്പോലും മതനിരപേക്ഷമായ ഒരു സങ്കല്‍പ്പം അച്ഛനുണ്ടായിരുന്നുവെന്ന് തോന്നുന്നു. നസീമ എന്ന പേര് കേട്ട് പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ഭൂമി ദാനംചെയ്ത വാര്‍ത്തയറിയാന്‍ വിളിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉപ്പയുടെ പേരാണ് ചോദിച്ചത്. മതവും ജാതിയും പറയുന്നതിനോട് എല്ലായ്പോഴും എതിര്‍പ്പാണ്. ആരെങ്കിലും മതം പറയുമ്പോള്‍ വല്ലാതെതോന്നും. ഞങ്ങള്‍ ജനിച്ചുവളര്‍ന്ന സാഹചര്യം അതായതുകൊണ്ടാകും. ചൊക്ലി രാമവിലാസം സ്കൂള്‍ അധ്യാപികയായ നാദിയ സഹോദരിയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രത്തിലുള്ള താലിചാര്‍ത്തിയാണ് അമ്മ ലീലയെ അച്ഛന്‍ ജീവിതപങ്കാളിയാക്കിയത്. അതായിരുന്നു അച്ഛന്‍. രാഷ്ട്രീയവിശ്വാസം അച്ഛന് ജീവിതമായിരുന്നു. തന്റെ വിശ്വാസത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ചചെയ്തില്ല. ഭൂമി കൈമാറാനുള്ള തീരുമാനമെടുക്കുമ്പോഴും അച്ഛന്റെ ഓര്‍മമാത്രമായിരുന്നു മനസ്സില്‍. മൊകേരി രാജീവ്ഗാന്ധി സ്കൂള്‍ അധ്യാപകന്‍കൂടിയായ ഭര്‍ത്താവ് വി കെ സ്മിതാനന്ദും തീരുമാനത്തിന് ഉറച്ച പിന്തുണ നല്‍കിയതായി നസീമ പറഞ്ഞു. അനുജത്തി നാദിയയോടും ചര്‍ച്ചചെയ്തു.

ആയുര്‍വേദ ഡോക്ടറാക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ, അതിന് സാധിച്ചില്ല. അതില്‍ നിരാശയില്ല. അച്ഛന്റെ പാതയില്‍തന്നെ ജനങ്ങളെ സേവിക്കാനും സഹായിക്കാനും കഴിയുന്നു. 18-ാംവയസ്സില്‍ റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പാനൂര്‍ വില്ലേജ് ഓഫീസിലായിരുന്നു ആദ്യനിയമനം. തലശേരി താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായും പിന്നീട് യുഡി ക്ലര്‍ക്കായും ജോലിചെയ്തു. പാട്യം വില്ലേജ് ഓഫീസറായി ആറരവര്‍ഷമുണ്ടായി. മൊകേരി വില്ലേജ് ഓഫീസറായി ചുമതലയേറ്റിട്ട് രണ്ടുവര്‍ഷമായി.

ഫയലുകളില്‍ അന്നന്ന് തീര്‍പ്പ്

ഫയലുകളില്‍ അന്നന്ന് തീര്‍പ്പുകല്‍പ്പിക്കുന്ന ശീലമാണ് നസീമയുടേത്. ഓരോ ഫയലിലും പാവങ്ങളുടെ ജീവിതമാണ് കാണുന്നത്. ക്യാന്‍സര്‍രോഗത്തിന് ചികിത്സിച്ച് ജീവിതംതന്നെ വഴിമുട്ടിനില്‍ക്കുന്ന എത്രയോപേര്‍ സര്‍ക്കാരിന്റെ ധനസഹായത്തിനുള്ള അപേക്ഷയുമായി വരാറുണ്ട്. ചികിത്സിച്ച് കടംകേറി ഏറെ കഷ്ടപ്പെടുന്നവര്‍. ഒരു വീട്ടിലെ മൂന്നുപേര്‍ക്കും ക്യാന്‍സര്‍ ബാധിച്ച് ചികിത്സിച്ച് ജീവിതം വഴിമുട്ടിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. അവരെയൊക്കെ എങ്ങനെ സഹായിക്കാമെന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍. ദുരിതം അനുഭവിക്കുന്നവരെയെല്ലാം ആകുന്നതുപോലെ സഹായിച്ചിട്ടുണ്ട്. സ്ത്രീയാണെന്നതൊന്നും വില്ലേജ് ഓഫീസറെന്ന നിലയിലുള്ള തന്റെ ഔദ്യോഗികജോലിക്ക് ഒരിക്കലും തടസ്സമായിട്ടില്ലെന്ന് നസീമ പറഞ്ഞു. വയല്‍നികത്തുന്നതറിഞ്ഞ് അര്‍ധരാത്രി തടയാന്‍ പോയിട്ടുണ്ട്. വയല്‍നികത്തല്‍ തടഞ്ഞതിന്റെ പേരില്‍ ചിലര്‍ക്കൊക്കെ തന്നോട് ശത്രുതയുമുണ്ട്. ഇന്നുവരെ ഒരാളോടും ഒരു ചില്ലിക്കാശും വാങ്ങിയിട്ടില്ലെന്ന് തലയുയര്‍ത്തി പറയാനാകും. ജോലിചെയ്ത ഓഫീസ് കൈയില്‍നിന്ന് പണം ചെലവഴിച്ച് പെയിന്റടിച്ച ചരിത്രമേ ഉള്ളൂ. തന്റെ എല്ലാ തീരുമാനത്തിനും പിന്നില്‍ താങ്ങും തണലുമായി എന്നും ഭര്‍ത്താവുണ്ടെന്ന് നസീമ പറഞ്ഞു. ഗണിതശാസ്ത്ര അധ്യാപകനായ ഭര്‍ത്താവ് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പലവട്ടം പങ്കെടുത്തിട്ടുണ്ട്. മൊകേരി രാജീവ്ഗാന്ധി സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മകള്‍ നസ്മി. പാട്യം കോങ്ങാറ്റയിലെ വികെ നിവാസില്‍ ഭര്‍തൃമാതാവ് സൗമിനി ടീച്ചര്‍ക്കൊപ്പമാണ് കുടുംബസമേതം നസീമ താമസിക്കുന്നത്.

*
പി ദിനേശന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: