Sunday, March 10, 2013

റീമ ബോള്‍ഡാണ്

ഒരു കലാകാരി എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവള്‍മാത്രമാണ്. ഇക്കാര്യത്തില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ല."" പല സൂപ്പര്‍താരങ്ങളും പറയാന്‍ മടിക്കുന്ന ഈ സത്യം ഉറക്കെ വിളിച്ചുപറയുകയാണ് യുവനടി റീമാ കല്ലിങ്കല്‍. കാക്കനാട്ടെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് മലയാള സിനിമാലോകത്തോട് ഇക്കാര്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ തൃശൂര്‍ സ്വദേശിനി. നല്ല സിനിമ കാണാനാണ് ജനം തിയറ്ററില്‍ വരുന്നത്. അല്ലാതെ താരങ്ങളെ കാണാനല്ല. താരങ്ങളെ കാണാനാണ് വരുന്നതെങ്കില്‍ എല്ലാ സിനിമയും 100 ദിവസം ഓടണമല്ലോ. 22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് തന്നെ തേടിവന്ന സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തിലാണ് റീമ ഇപ്പോള്‍. സിനിമാ സ്വപ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും റീമ സംസാരിക്കുന്നു

സംസ്ഥാന അവാര്‍ഡ്

അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. വലിയൊരു അംഗീകാരംതന്നെയാണിത്. ഞാന്‍ സ്റ്റേജില്‍നിന്ന് സിനിമയിലേക്ക് വന്നതാണ്. ലൈവായി സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍തന്നെ പ്രേക്ഷകരില്‍നിന്ന് അതിന്റെ പ്രതികരണം അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവാര്‍ഡ് കൂടുതല്‍ ബാധ്യത നല്‍കുന്നതായി തോന്നുന്നില്ല. പിന്നെ മലയാളിപ്രേക്ഷകര്‍ വളരെ ഡിമാന്‍ഡിങ് ആണ്. സാധാരണ കലാകാരില്‍ നിന്നുപോലും ചിലപ്പോള്‍ അവര്‍ കൂടുതല്‍ പ്രതീക്ഷിക്കും. പരമാവധി സിനിമ നോക്കി കണ്ടാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. 22 ഫീമെയില്‍ കോട്ടയം ഇറങ്ങിയപ്പോള്‍ പലരും അതുപോലെയുള്ള വേഷങ്ങള്‍ ഇനി ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. ആ സിനിമ കഴിഞ്ഞപ്പോള്‍തന്നെ ആഷിക് അബു പറഞ്ഞിരുന്നു നീ ഈ ചിത്രത്തിലെ അഭിനയത്തിന് അംഗീകരിക്കപ്പെടുമെന്ന്. അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍, കിട്ടിയിട്ട് സന്തോഷിച്ചാല്‍ മതി വെറുതെ ബോധം കെടേണ്ടെന്നും ചിലര്‍ പറഞ്ഞു.
                          
നിദ്രയിലെ അശ്വതി എന്നില്‍നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. ഒരു പാട് വെല്ലുവിളി നിറഞ്ഞ റോളായിരുന്നു അത്. ആ റോള്‍ ചെയ്യുന്നത് ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. പഴയ നിദ്ര എന്ന സിനിമ ഞാന്‍ കണ്ടില്ല. ആ ചിത്രം കാണേണ്ടെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് തന്നെ പറഞ്ഞിരുന്നു. ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന ഇംഗ്ലീഷ് സിനിമയാണ് ഇതിന് റഫറന്‍സ് ആയി കണ്ടത്. സംവിധായകര്‍ ഇപ്പോള്‍ എന്നെ വിശ്വസിച്ചുതുടങ്ങിയിട്ടുണ്ട്. അവാര്‍ഡ് അല്ല എല്ലാം നിര്‍ണയിക്കുന്നത്. അവാര്‍ഡ് ലഭിച്ചശേഷം പിന്നെ അധികം വേഷങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷവതിയാകില്ല. എല്ലാത്തവണയും എനിക്കു തന്നെ അവാര്‍ഡ് വേണമെന്ന് പറയുന്നത് കുട്ടിത്തമാണ്.

അഭിനയത്തിനുള്ള തയ്യാറെടുപ്പുകള്‍

സിനിമ യഥാര്‍ഥത്തില്‍ സംവിധായകന്റെ കാഴ്ചപ്പാടാണ്. സിനിമയെക്കുറിച്ച് ഒരുപാട് മുന്‍ ധാരണകളുമായി പോയാല്‍ ചിലപ്പോള്‍ സംവിധായകനുമായി സംഘര്‍ഷങ്ങളുണ്ടാകാം. ജോലിചെയ്യാന്‍ പിന്നെ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഇതൊഴിവാക്കാന്‍ ഒരു മുന്‍ധാരണയുമില്ലാതെയാണ് ഞാന്‍ പോകാറുള്ളത്. പിന്നെ, തയ്യാറെടുപ്പിനെ സംബന്ധിച്ച് പറഞ്ഞാല്‍ സ്ക്രിപ്റ്റ് നേരത്തെ വായിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും. സ്ക്രിപ്റ്റ് ചര്‍ച്ച വളരെ നല്ലതാണ്. കഥാപാത്രത്തെയും സീനുകളുടെ ഗതിയും മനസിലാക്കാന്‍ ഇത് സഹായിക്കും. കഥാപാത്രം ഉള്ളില്‍ കിടക്കും. പിന്നീട് അഭിനയിക്കുമ്പോള്‍ അതിന്റെ പ്രയോജനം എനിക്ക് ലഭിക്കാറുണ്ട്. 22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിങ്ങിന് വളരെ മുമ്പുതന്നെ ഇത്തരത്തില്‍ സ്ക്രിപ്റ്റ് ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. കൂടാതെ എല്ലാ ദിവസവും ഷൂട്ടിങ് കഴിഞ്ഞ് ആഷിഖും ഫഹദുമെല്ലാം ചേര്‍ന്ന് അന്നത്തെ ഷൂട്ടിനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്യും. ചിലപ്പോള്‍ വെറും കാഷ്വല്‍ ചര്‍ച്ചകള്‍ ആയിരിക്കാം അത്. എന്നാല്‍, സിനിമയിലെ വേഷം മെച്ചപ്പെടുത്താന്‍ അത് എന്നെ വളരയധികം സഹായിച്ചിട്ടുണ്ട്.

ഞാന്‍ വളരെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടിയാണ്. 22 എഫ്കെയ്ക്ക് ശേഷം അതുപോലെയുള്ള ബോള്‍ഡായ വേഷങ്ങള്‍ ഒരുപാട് തേടിവന്നിരുന്നു. അതു പോലെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരെ ഞാന്‍ 22 എഫ്കെയുടെ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ടിരുന്നു. ടി ജി രവിയും പ്രതാപ് പോത്തനും. രണ്ടു പേരും മികച്ച നടന്മാരാണ്. എന്നാല്‍, ജനം അവരെ ടൈപ്പ് കാസ്റ്റ് ചെയ്തു. ടി ജി രവിയുടെ കൂടെ അഭിനയിക്കാന്‍ പോയപ്പോള്‍ പലരും പറഞ്ഞു സൂക്ഷിച്ചോ എന്ന്. ഇതാണ് നാം ചിലരെ ടൈപ്പ് കാസ്റ്റ് ചെയ്യുന്നു എന്നതിന് ഉദാഹരണം. ഇത് ശരിക്കും സങ്കടകരമാണ്. എന്തുകൊണ്ട് ഇത്തരത്തില്‍ പറയുന്നു എന്നത് അറിയില്ല. രണ്ടുപേരും മലയാള സിനിമയിലെ അതുല്യ നടന്മാരാണ്.

ന്യൂ ജനറേഷന്‍ സിനിമകള്‍

സത്യത്തില്‍ ന്യൂജനറേഷന്‍ സിനിമകള്‍ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സമകാലിക സംഭവങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമകളാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. ഇന്നത്തെ തലമുറയുടെ ജീവിതരീതികളും ചിന്താഗതികളും ചര്‍ച്ച ചെയ്യുന്നത് കൊണ്ടാവാം ഈ സിനിമകള്‍ക്ക് ന്യൂ ജനറേഷന്‍ എന്ന പേര് ലഭിച്ചത്. എന്നാല്‍, ന്യൂജനറേഷന്‍ എന്ന പേരില്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന നില വരുമ്പോഴാണ് കാര്യങ്ങള്‍ അപകടകരമാവുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് കുടുംബസമേതം കാണാന്‍ കൊള്ളാത്ത ചിത്രമാണെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഞാന്‍ അത് അംഗീകരിക്കില്ല. ആ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍മാത്രമാണ് ആ സിനിമ കാണാന്‍ പോകേണ്ടത്. കുട്ടികളെയുംകൊണ്ട് തിയറ്ററില്‍ ആ സിനിമ കാണാന്‍ പിന്നെ പോകേണ്ട കാര്യമില്ലല്ലോ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍തന്നെയാണ് ആ സിനിമ പറഞ്ഞത്. അത്തരം കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. അതുപോലെ ചില മോശം വാക്കുകള്‍ ഉപയോഗിക്കുന്ന കാര്യം. അത് സിനിമയില്‍ ഉപയോഗിക്കേണ്ട സ്ഥലത്ത് ഉപയോഗിച്ചാല്‍ സിനിമയ്ക്ക് ആത്യന്തികമായി ഗുണം ചെയ്യുന്നുണ്ടെങ്കില്‍മാത്രം ഉപയോഗിക്കുക. അല്ലാതെ വെറുതേ ഉപയോഗിക്കരുത്.                                             

പിന്നെ ചില മുഖ്യധാരാ കമേഴ്സ്യല്‍ ചിത്രങ്ങളില്‍ ദ്വയാര്‍ഥമുള്ള തമാശകള്‍ നമ്മള്‍ കേട്ടിട്ടില്ലേ. പിന്നെ ന്യൂജനറേഷന്‍ സിനിമകള്‍ കൂടുതലും ഇംഗ്ലീഷ് ചിത്രങ്ങളില്‍നിന്ന് അടിച്ചുമാറ്റിയതാണെന്നും ആരോപണമുണ്ട്. എന്നാല്‍, മറ്റു സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നത് തെറ്റല്ല. വാസ്തവത്തില്‍ പ്രചോദനം ഉള്‍ക്കൊള്ളാതിരിക്കുന്നതാണ് തെറ്റ്. എന്നാല്‍, ഒരു സിനിമയുടെ ഫ്രെയിം ടു ഫ്രെയിം കോപ്പി ശരിയല്ല. നിര്‍ഭാഗ്യവശാല്‍ അത്തരം സിനിമകളും ഇവിടെ ഇറങ്ങുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

അത്തരം കാര്യങ്ങളിലടക്കം ഞാന്‍ എന്റെ അഭിപ്രായം തുറന്നുപറയാറുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗംചെയ്തപ്പോള്‍ ഞാന്‍ പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയാനുള്ള കാലഹരണപ്പെട്ട നിയമങ്ങള്‍ മാറണമെന്നാണ് ഞാന്‍ പറഞ്ഞത്. നടിയെന്ന പ്ലാറ്റ്ഫോം അഭിപ്രായം രേഖപ്പെടുത്തുന്നതിന് അവസരം നല്‍കുന്നുണ്ട്. സിനിമാ രംഗത്തുള്ള പലരും ഇത്തരത്തില്‍ അവരുടെ അഭിപ്രായം തുറന്നു പറയാറില്ല. അതിന് അവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം ഇത്തരത്തില്‍ അഭിപ്രായം കുറേ പറയുമ്പോള്‍ പബ്ലിസിറ്റിക്കു വേണ്ടിയാണ് പറയുന്നതെന്ന് ആരോപണം ഉയരും. കേരളത്തില്‍ അമൃത എന്ന പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ സമൂഹവും സര്‍ക്കാരും പ്രതികരിച്ചത് നാം കണ്ടു. ഇനി ഇത്തരത്തില്‍ പ്രതികരിക്കുന്നവര്‍ ഒരു വട്ടം ചിന്തിക്കും. അതുപോലെ ആര്യ എന്ന വിദ്യാര്‍ഥിനി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളോട് കൂവിയ വാര്‍ത്തയും വായിച്ചു. എണ്ണൂറു പേരുള്ള ആ വേദിയില്‍ ആര്യ മാത്രമാണല്ലോ കൂവിയത് എന്നതാണ് എന്റെ സങ്കടം. വാസ്തവത്തില്‍ പ്രതികരിക്കാന്‍ ശേഷയില്ലാത്തവരായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളില്‍ 95 ശതമാനത്തെയും കല്യാണ മാര്‍ക്കറ്റിനായി വളര്‍ത്തിക്കൊണ്ടു വരികയാണ്. ഞാന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്, എനിക്ക് സ്വന്തമായി ഒരു തലച്ചോറുണ്ട് എന്ന പരിഗണന അവര്‍ക്ക് കിട്ടുന്നില്ല. സ്ത്രീ എന്തുചെയ്താലും അതിനെ വിലയിരുത്തുന്ന സമൂഹമാണ് നമ്മുടേത്. പിന്നെ കേരളത്തിലെ പുരുഷന്മാരില്‍ ഒരു വിഭാഗം സ്ത്രീയെ മോശമായ രീതിയില്‍ കാണുന്നവരാണ്. സൊസൈറ്റി സ്റ്റഡീസില്‍ ഇക്കാര്യം സൈക്കോളജിക്കലായി വിശകലനംചെയ്യണം.

വിവാദങ്ങള്‍

വിവാദങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുക്കാറില്ല. ഉന്നം എന്ന സിബി മലയില്‍ സാറിന്റെ സെറ്റില്‍നിന്ന് ഞാന്‍ പറയാതെ പോയി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് ശരിയല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നെ റിയാലിറ്റി ഷോകള്‍. ഒരു സ്വകാര്യ ചാനലില്‍ ഞാന്‍ അത്തരമൊരു ഷോ ചെയ്യുന്നുണ്ട്. സിനിമാ താരങ്ങള്‍ അത്തരം ഷോകള്‍ അവതരിപ്പിക്കരുത് എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. എന്നോട് ട്വിറ്ററില്‍ ഒരാള്‍ ചോദിച്ച ചോദ്യമാണ് എനിക്കും ചോദിക്കാനുള്ളത്. സിനിമാ താരങ്ങളെ കാണാനാണ് ജനം തിയറ്ററില്‍ എത്തുന്നതെന്നാണോ നിര്‍മാതാക്കള്‍ കരുതുന്നതെന്നാണ് അയാള്‍ ചോദിച്ചത്. സിനിമ കാണാനാണ് അവര്‍ വരുന്നത്. ചിലരെ സിനിമകളില്‍നിന്ന് വിലക്കിയെന്ന് നാം കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ വിലക്ക് എന്ന വാക്കാണ് ഏറ്റവും വലിയ തമാശ. ഒരു കലാകാരി എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവള്‍മാത്രമാണ്. ഇക്കാര്യത്തില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ല. പിന്നെ ഏതു മേഖലയിലായാലും ഒരു മനുഷ്യനെ ചെയ്യാന്‍ ഇഷ്ടമുള്ളതില്‍ നിന്ന് വിലക്കുന്നതും ശരിയല്ല. തിലകന്‍ ചേട്ടനെപ്പോലെയുള്ള വലിയ നടനോട് സംഘടനകള്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറയില്ല. ഏതു സംഘടനയിലായാലും അംഗത്വം നല്‍കേണ്ടത് കഴിവ് നോക്കിയാണെന്ന് മുമ്പ് ഞാന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു.

പുതിയ സിനിമകള്‍

അഞ്ചു സംവിധായകര്‍ ഒരുമിക്കുന്ന "അഞ്ചു സുന്ദരികള്‍" എന്ന ചിത്രം. ഇതില്‍ അന്‍വര്‍ റഷീദ് സംവിധാനംചെയ്യുന്ന സിനിമ. പിന്നെ അനീഷ് അമീര്‍ സംവിധാനംചെയ്യുന്ന "സക്കറിയയുടെ ഗര്‍ഭിണികള്‍". ഇതില്‍ കാസര്‍കോട് ഭാഷ സംസാരിക്കുന്ന വേഷമാണ് എനിക്ക്. മുഴുനീള ഹാസ്യറോളാണ്. ജയരാജിന്റെ അസിസ്റ്റന്റായിരുന്ന ആല്‍ബര്‍ട്ട് ആന്റണി സംവിധാനംചെയ്യുന്ന "സ്റ്റാറിങ് പൗര്‍ണമി". ഇത് 80കളിലെ കഥയാണ് പറയുന്നത്. ഒരു സിനിമാ അഭിനേത്രിയുടെ കഥ. പിന്നെയുള്ളത് "എസ്കേപ് ഫ്രം ഉഗാണ്ട". ഇതില്‍ ഉഗാണ്ടയിലെ ഈദി അമീനിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടുന്ന യുവതിയുടെ വേഷമാണ്. ഈ കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെന്നാണ് എന്റെ അഭിപ്രായം. ഇനി നിങ്ങള്‍ പ്രേക്ഷകരാണ് പറയേണ്ടത്.

പ്രണയം, വിവാഹം

പ്രണയിച്ചുതന്നെയായിരിക്കും ഞാന്‍ വിവാഹം കഴിക്കുന്നത്. പ്രണയത്തെക്കുറിച്ച് സമയമാകുമ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കാം. പിന്നെ ഏതായാലും വിവാഹശേഷം സിനിമ ഉപേക്ഷിക്കില്ല. അക്കാര്യം ഉറപ്പ് തരാം. നമ്മളെ മനസിലാക്കുന്ന ഒരാളുമായി ജീവിക്കുന്നതല്ലേ നല്ലത്. എന്നെ മനസിലാക്കുന്ന ഒരേ വേവ് ലെങ്ത് ഉള്ളയാളായിരിക്കണം എന്നത് നിര്‍ബന്ധമുണ്ട്. പിന്നെ സിനിമയിലേക്ക് വരുന്ന പുതുതലമുറയോട് ഒരു കാര്യംമാത്രം. ഈ മേഖലയുടെ പണവും പ്രശസ്തിയുംമാത്രമേ പുറമെ നില്‍ക്കുമ്പോള്‍ കാണാന്‍ കഴിയൂ. എന്നാല്‍, ഒരുപാട് കഠിനാധ്വാനവും അര്‍പ്പണബോധവും വേണ്ട മേഖലയാണിത്. ഇതിനെ വ്യവസായമായിമാത്രം കാണാതെ കലയായി കാണാന്‍ സാധിക്കണം. അത്തരത്തില്‍ കണ്ട് ജോലിചെയ്താല്‍മാത്രമേ ഈ മേഖലയില്‍നിന്ന് നിങ്ങള്‍ക്കും എന്തെങ്കിലും തിരിച്ചു ലഭിക്കൂ.

*
ശ്രീരാജ് ഓണക്കൂര്‍ ദേശാഭിമാനി

No comments: