Monday, March 11, 2013

വധശിക്ഷയുടെ രാഷ്ട്രീയം

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലെ തൂക്കുമരങ്ങള്‍ വീണ്ടും കഥ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പത്രങ്ങളിലും ചാനലുകളിലും നാട്ടുകൂട്ടങ്ങളിലും ചായക്കടയിലും കോക്ടെയ്ല്‍ പാര്‍ടികളിലും പള്ളിയിലും പാതയോരത്തും ചാറ്റിങ്ങിലും ഫെയ്സ്ബുക്കിലുമൊക്കെ വധശിക്ഷ കടന്നുവരുന്നു. വിഡ്ഢിപ്പെട്ടിയില്‍ വാര്‍ത്ത തെളിയുമ്പോള്‍ ഇന്നു മതിമറന്നു കൈയടിക്കുന്നു. ആഹ്ലാദസ്മിതം തൂകി ആവേശം കൊള്ളുന്നു. "അവനങ്ങനെ വേണം... ദേശദ്രോഹികള്‍ക്ക് തൂക്കുകയര്‍ തന്നെ നല്‍കണം..." കപട ദേശാഭിമാനോന്മാദത്തിന്റെ ലഹരിയില്‍ ജനം ഒറ്റക്കെട്ടായി വിളിച്ചുപറയുന്നു. മനസ്സു ചോദിച്ചു. ശ്രീബുദ്ധന്റേയും ഗാന്ധിജിയുടെയും നാട്ടില്‍ മാനിഷാദ... എന്നുപറയാന്‍ എന്തേ ആരും മുന്നോട്ടു വരുന്നില്ല? വികാരങ്ങള്‍ പുഴപോലെ കരകവിഞ്ഞൊഴുകുമ്പോള്‍ സമൂഹത്തിന് കാഴ്ച നഷ്ടപ്പെടുന്നു.

മൂന്നുമാസങ്ങള്‍ക്കുമുമ്പാണ് കൃത്യമായിപ്പറഞ്ഞാല്‍ 2012 നവംബര്‍ 21നാണ് മുംബൈ സ്ഫോടനക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയത്. നടുക്കം വിട്ടുമാറുന്നതിനുമുമ്പ് മറ്റൊരു കുറ്റവാളി കൂടി തൂക്കുമരത്തണലിലെത്തി... പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി മുഹമ്മദ് അഫ്സല്‍ ഗുരുവിന് മരണലോട്ടറിയുടെ നറുക്കുവീണത് 2013 ഫെബ്രുവരി 9ന് രാവിലെ 8 മണിക്ക്. വെറും എണ്‍പതുദിവസത്തെ കാലപരിധിക്കുള്ളില്‍ രണ്ടുപേരെ തൂക്കിലേറ്റി യുപിഎ സര്‍ക്കാര്‍ ചരിത്രം കുറിച്ചിരിക്കയാണ്. ഏറ്റവുമൊടുവില്‍ കാട്ടുകള്ളന്‍ വീരപ്പന്റെ നാല് സഹായികള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴുമരം ഒരുങ്ങിക്കഴിഞ്ഞു. വധശിക്ഷയും കഴുവേറ്റലും ഇന്ത്യയില്‍ ഉത്തരം കിട്ടാത്ത കടങ്കഥയായി തുടരുകയാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് അഫ്സല്‍ ഗുരു കഥാവശേഷനായത്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ഏതെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവോ അതോ ഭീകരവാദത്തിനെതിരെ രാഷ്ട്രം സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടിയുടെ ഭാഗമായി അഫ്സല്‍ ഗുരു രക്തസാക്ഷി ആയതാണോ? എന്തുകൊണ്ടാണ് വധശിക്ഷയുടെ കാര്യം അഫ്സല്‍ ഗുരുവിന്റെ കുടുംബത്തേയും ബന്ധുക്കളേയും അറിയിക്കാതെ പരമ രഹസ്യമാക്കിവച്ചത്? മരണശേഷം ഭൗതികശരീരം എന്തുകൊണ്ട് കുടുംബത്തിന് വിട്ടുകൊടുത്തില്ല? മതാചാരച്ചടങ്ങുകള്‍ ഒഴിവാക്കി മൃതശരീരം തീഹാര്‍ ജയിലില്‍ കബറടക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്?

കാര്യം എന്തായാലും ഇനിയും പുറത്തുവരാത്ത നിരവധി രഹസ്യങ്ങള്‍ ഈ അറുംകൊലയുടെ പിറകിലുണ്ട്. അഫ്സല്‍ ഗുരുവിന്റെ പേരിലുള്ള കേസുപോലും സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുണ്ട്. സത്യം എവിടെയാണ് ശ്വാസം മുട്ടി മരിച്ചത് എന്നറിയാതെ പൊതുസമൂഹം ഇരുട്ടില്‍ തപ്പുകയാണ്. പാര്‍ലമെന്റ് ആക്രമിച്ചവര്‍ക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുത്തു എന്ന കുറ്റമാണ് ഗുരുവില്‍ ആരോപിക്കപ്പെട്ടത്. ഇതിനാകട്ടെ വേണ്ടത്ര തെളിവുകളുമില്ല. അഫ്സല്‍ ഗുരു ഏതെങ്കിലും ഭീകരസംഘടനയിലെ അംഗമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി തന്നെ ഒരു ഘട്ടത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ഗുരുവിനോടൊപ്പം വധശിക്ഷക്കു വിധിക്കപ്പെട്ട മൂന്നു കൂട്ടുപ്രതികളില്‍ രണ്ട് പേരെ കോടതി തന്നെ കുറ്റവിമുക്തരാക്കി. ഒരാളുടെ വധശിക്ഷ 10 വര്‍ഷം തടവായി കുറയ്ക്കുകയും ചെയ്തു. വിചാരണവേളയില്‍ ദേഹോപദ്രവം ഏല്‍പിച്ചാണ് ഗുരുവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് എന്ന ആക്ഷേപമുണ്ട്. വധശിക്ഷ വിധിക്കുന്നതിന് ഉപോത്ബലകമായി സുപ്രീംകോടതി കണ്ടെത്തിയ നീതീകരണം അത്യന്തം കൗതുകകരമാണ്. സമൂഹത്തിന്റെ കൂട്ടായ മനഃസാക്ഷി (രീഹഹലരശേ്ല രീിരെശലിരല) യെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ അനുപേക്ഷണീയമാണ് എന്ന ഒരു നിലപാടാണ് അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ സുപ്രീംകോടതി കൈക്കൊണ്ടത്. ഇത് ശുദ്ധ അസംബന്ധമാണ്. കുറ്റവാളിക്ക് നീതിപീഠം ശിക്ഷ വിധിക്കുന്നത് സാമൂഹിക മനസാക്ഷിയുടെ സ്പന്ദനം നോക്കിയാണോ? ജനക്കൂട്ടത്തിന്റെ ആക്രോശ തീവ്രതയാണോ ശിക്ഷയുടെ കാഠിന്യം നിശ്ചയിക്കുന്നത്? ജനത്തിന്റെ കൈയടിക്കുവേണ്ടി എന്തു ശിക്ഷ വിധിക്കാനും കോടതി തയ്യാറാകുമോ? ബല്‍വിന്ദ്സിങ് രജോന മുതല്‍ രാജീവ്ഗാന്ധിയുടെ ഘാതകര്‍ വരെ ഒരു ഡസന്‍ കുറ്റവാളികളുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാതെ മാസങ്ങള്‍ അടയിരുന്ന രാഷ്ട്രപതിയാണ് അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയുടെ കാര്യത്തില്‍ വെറും അഞ്ചുദിവസംകൊണ്ട് തീരുമാനമെടുത്തത്! ഇത് രാഷ്ട്രീയലാഭത്തിനു വേണ്ടിയായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ കുറ്റപ്പെടുത്താനാവും? ബല്‍വന്ദ്സിങ്ങിന്റെ കാര്യത്തില്‍ അകാലിദളും രാജീവ്ഗാന്ധി ഘാതകരുടെ കാര്യത്തില്‍ ഡിഎംകെയും കാണിച്ച രാഷ്ട്രീയ താല്‍പര്യം അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ കിട്ടാതെ പോയതും യാദൃച്ഛികമല്ല. സാഹചര്യം എന്തായിരുന്നാലും മരണത്തിലേക്ക് നടന്നടുക്കുംമുമ്പ് സ്വന്തം ഭാര്യയെയും കുട്ടികളേയും ഒരു നോക്കു കാണാനുള്ള അവസരമെങ്കിലും നിസ്സഹായനായ ഒരു തടവുപുള്ളിക്ക് അനുവദിക്കാതിരിക്കുന്നത് നീതിയാണോ? അജ്മല്‍ കസബിനെ തൂക്കിലേറ്റിയശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അഫ്സലിന്റെ ഊഴമെത്തിയോ എന്നു തിരക്കിയ പത്രപ്രതിനിധികളോട് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞത് ഇങ്ങനെ... "നിങ്ങള്‍ എന്തിന് ധൃതി കൂട്ടുന്നു. വധശിക്ഷയുടെ ക്യൂവില്‍ ഇപ്പോള്‍ 22 പേരുണ്ട്. അഫ്സല്‍ ക്യൂവില്‍ 21-ാമനാണ്". പിന്നീട് എന്താണ് സംഭവിച്ചത്? എവിടെയാണ് ക്യൂ മുറിഞ്ഞത്? ഇരുപത്തൊന്നാം ഊഴക്കാരന്‍ എങ്ങനെ ഒന്നാമതായി? ഇത്ര ധൃതിപ്പെട്ട്, പുനരാലോചനയ്ക്കുപോലും ഇടനല്‍കാതെ രഹസ്യാത്മകമായി, തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഒരു കശ്മീരി യുവാവിന്റെ കഴുത്തില്‍ മരണപാശം മുറുക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നു ഈ നാട്ടില്‍ ഉണ്ടായിരുന്നത്? എന്തുകൊണ്ട് ഇതേ നീതി രാജീവ്ഗാന്ധി വധക്കേസിലെ ശാന്തനും മുരുകനും പേരറിവാളനും ബച്ചന്‍സിങ്ങ് വധക്കേസിലെ സിയാന്ത് സിങ്ങിനും ബാധകമാകുന്നില്ല? ഇവിടെയാണ് വധശിക്ഷയിലെ രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നത്.

അഫ്സല്‍ ഗുരുവിന്റെ കഴുവിലേറ്റം ലക്ഷ്യമിടുന്നത് പാര്‍ലമെന്റിന്റെ ബജറ്റ് സെഷനും 2014ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പുമാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ഭീകരവാദിയെ തൂക്കിലേറ്റുന്നതിലൂടെ ജനങ്ങളുടെ ദേശാഭിമാന വികാരം ഉജ്വലിപ്പിച്ചും വോട്ടുബാങ്കുകള്‍ സംരക്ഷിക്കാന്‍ കഴിയും എന്ന് ഭരണകക്ഷി ബുദ്ധി കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും ചെളിക്കുണ്ടില്‍ വീണ് മുഖം നഷ്ടപ്പെട്ട യുപിഎ സര്‍ക്കാരിന് വീണുകിട്ടിയ പിടിവള്ളിയാണ് അഫ്സലിന്റെ വധശിക്ഷ. ആധിപത്യത്തിന്റെ ആയുധമായ വധശിക്ഷ ക്രിമിനല്‍ ശിക്ഷാവിധിക്രമത്തില്‍ ഉള്ളിടത്തോളം കാലം അത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത അതിവിപുലമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ദേശരക്ഷയുടെ പേരില്‍ നടക്കുന്ന ഏത് കൊലയും ന്യായീകരിക്കാനും മഹത്വവല്‍ക്കരിക്കാനും ഏത് സമൂഹത്തിലും ഒരു വിഭാഗം സദാ തയ്യാറാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഭരണകൂട നടപടിയുടെ ഭാഗമാണ് ഇത്തരം അരുതായ്മകള്‍ എന്നവര്‍ കരുതുന്നു. വധശിക്ഷയുടെ ന്യായാന്യായങ്ങളെക്കുറിച്ചോ ബൗദ്ധിക പരിസരത്തെക്കുറിച്ചോ സാധാരണക്കാര്‍ വേവലാതിപ്പെടുന്നില്ല. ഊരുംപേരുമില്ലാത്ത ഏതാനും ഹതഭാഗ്യരുടെ ബലിതര്‍പ്പണം കൊണ്ട് ഇളകിയാടുന്ന അധികാരക്കസേരകള്‍ ഉറപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് ജനാധിപത്യ ഗവേഷണ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്നത്. അഫ്സലിന്റെ കൊലയ്ക്ക് സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ വിവാദ പ്രസ്താവനയും കാരണമായിക്കൂടെന്നില്ല. ഏതു കുറ്റവാളിയെ കഴുവേറ്റിയാലും ഭരണകക്ഷിക്ക് ജനപിന്തുണ കൂടുന്നു എന്നതാണ് നഗ്നയാഥാര്‍ഥ്യം. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷങ്ങളില്‍ മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരുപത്തിരണ്ട് ശതമാനത്തോളം വധശിക്ഷകള്‍ അധികമായി നടപ്പാക്കപ്പെടുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ കസബിനെ കഴുവേറ്റിയത് ഗുജറാത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പായിരുന്നു. അഫ്സലിന്റെ തൂക്കിക്കൊലയ്ക്കു പിന്നിലും ഇതുപോലെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. ഷിന്‍ഡെയുടെ വിവാദപ്രസ്താവന മറികടക്കാനും ഹിന്ദുത്വവാദികളെ അനുനയിപ്പിക്കാനും അഫ്സലിന്റെ രക്തത്തിനും കഴിയും എന്ന കണക്കുകൂട്ടലും ഇതിനു പുറകിലുണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വധശിക്ഷക്കെതിരെ ആഗോളതലത്തില്‍ രൂപം കൊണ്ടുവരുന്ന പൊതുവികാരത്തിനെതിരെ നീങ്ങാനാണ് യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് അജ്മലിന്റെയും അഫ്സലിന്റെയും തൂക്കിക്കൊലകള്‍. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ വധശിക്ഷക്ക് ആഗോളതലത്തില്‍ മൊറോട്ടോറിയം പ്രഖ്യാപിക്കാനുള്ള പ്രമേയം ചര്‍ച്ചയ്ക്ക് വന്നത് അജ്മല്‍ കസബിനെ തൂക്കിലേറ്റിയ അതേ ദിവസം ആയിരുന്നു. ഇരുനൂറോളം ലോകരാജ്യങ്ങളില്‍ മുക്കാല്‍പങ്കും പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ എതിര്‍ത്ത 39 രാജ്യങ്ങളില്‍ ചൈനയ്ക്കും പാകിസ്ഥാനും സൗദി അറേബ്യക്കുമൊപ്പം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ഉണ്ടായിരുന്നു! വധശിക്ഷ നിയമപരമായി നിരോധിച്ചിരുന്നില്ലെങ്കിലും അനൗദ്യോഗികമായി വധശിക്ഷ ഒഴിവാക്കുന്ന (മരവിപ്പിച്ച) ഒരു സമീപനമായിരുന്നു വളരെക്കാലമായി ഇന്ത്യയില്‍ നിലവിലിരുന്നത്. അജ്മല്‍ കസബിനു മുമ്പ് 1995 വരെ നീളുന്ന 17 വര്‍ഷക്കാലയളവില്‍ വെറും രണ്ട് കുറ്റവാളികളെ മാത്രമേ ഇന്ത്യയില്‍ കഴുവേറ്റിയിരുന്നുള്ളു. ആ ചരിത്രമാണ് യുപിഎ സര്‍ക്കാര്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഇനി വരുന്ന മാര്‍ച്ച് മാസത്തില്‍ വീരപ്പന്റെ നാലു കൂട്ടാളികളെ കഴുവിലേറ്റുമെന്നറിയുന്നു. ആരാച്ചാര്‍മാരുടെ സമൂഹമായി ഇന്ത്യ മാറുകയാണ്. ഇത് കാടത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ഇതിന് തടയിടാന്‍ പൊതുസമൂഹം ജാഗരൂകരാകണം.

ക്രൂരവും മനുഷ്യത്വരഹിതവുമായ ഒരു ശിക്ഷാസമ്പ്രദായം എന്ന നിലയില്‍ വധശിക്ഷ അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ജീവിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ജന്മസിദ്ധമാണ്. ജീവന്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ അത് തട്ടിപ്പറിക്കാനുള്ള അധികാരം ഒരു ശക്തിക്കും ആരും പതിച്ചുനല്‍കിയിട്ടില്ല. ആത്മഹത്യപോലും കുറ്റമാണെന്നിരിക്കെ മജ്ജയും മാംസവുമുള്ള പച്ച മനുഷ്യന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുക്കുന്ന വിദ്യ എങ്ങനെ കുറ്റമല്ലാതാകും? ഭരണഘടനയോ, ഇന്ത്യന്‍ പീനല്‍കോഡോ ശുപാര്‍ശ ചെയ്യാത്ത വധശിക്ഷ പഴയ ഉന്മൂലന സിദ്ധാന്തത്തിന്റെ അവശിഷ്ടമാണ്. നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് പഴയ ബാബിലോണിയയില്‍ നിലവിലിരുന്ന "കണ്ണിനു പകരം കണ്ണ്", "പല്ലിനു പകരം പല്ല്" എന്ന ഹമുറാബി കോഡിന്റെ പ്രച്ഛന്ന രൂപമാണത്. ചരിത്രപരമായി വധശിക്ഷ ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ്. കാലാപാനിക്കൊപ്പം വധശിക്ഷയും ബ്രിട്ടീഷ് പീനല്‍കോഡും ഇന്ത്യയില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് വെള്ളക്കാര്‍ ഇന്ത്യ വിട്ടത്. എന്നാല്‍ കൗതുകകരമായ വസ്തുത കാലാന്തരത്തില്‍ ബ്രിട്ടീഷുകാര്‍ വധശിക്ഷ നിയമപുസ്തകങ്ങളില്‍നിന്ന് തൂത്തുമാറ്റിയപ്പോഴും നാം അതു നിലനിര്‍ത്തി അഭിമാനംകൊള്ളുന്നു എന്നതാണ്. എല്ലാ ശിക്ഷാവിധികളുടെയും അടിസ്ഥാനലക്ഷ്യം മനുഷ്യനവീകരണമാണ്. എന്നാല്‍ ജീവിതത്തിന്റെ ഏത് അടിസ്ഥാന പ്രശ്നമാണ് വധശിക്ഷയിലൂടെ പരിഹരിക്കപ്പെടുന്നത്? വധശിക്ഷ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല, നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതേയുള്ളൂ. മനുഷ്യന്‍ സാഹചര്യങ്ങളുടെ തടവുകാരനാണ്. ഏതു മനുഷ്യനിലും ഒരു ക്രിമിനലുണ്ട് എന്ന സത്യം ശാസ്ത്രം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അക്രമം ആവശ്യമായി വന്ന അവസ്ഥയില്‍നിന്നാണ് മനുഷ്യന്‍ ഉത്ഭവിച്ചതുതന്നെ. കൂട്ടുകാരും കുടുംബവും ഒറ്റപ്പെടുത്തിയവരും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നെരിപ്പോടിലൂടെ നീങ്ങുന്നവരും അപൂര്‍വം ചിലപ്പോള്‍ നിമിഷങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി ജീവിതത്തിന്റെ ലളിതസമവാക്യങ്ങളില്‍ വ്യത്യാസം വരുത്തിയെന്നു വരാം. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുപകരം തലവെട്ടി തെരുവിലേക്കെറിയുകയാണോ വേണ്ടത്? തെറ്റു ചെയ്യുന്നവനെ കഴുവിലേറ്റുന്ന നിയമം മനുഷ്യ സംസ്കാരത്തിന്റെ പുറത്ത്കാര്‍ക്കിച്ചുതുപ്പുകയല്ലേ ചെയ്യുന്നത്? ഒരു ചെകിടത്തടിക്കുന്നവന് മറു ചെകിട് കാട്ടിക്കൊടുക്കണം എന്നാണ് യേശു പറഞ്ഞത്. ഹിംസയെ ഹിംസകൊണ്ട് നേരിടണമെന്ന് ഒരു മതഗ്രന്ഥവും ആരേയും പഠിപ്പിക്കുന്നില്ല. സൃഷ്ടിക്കാന്‍ കഴിയാത്തവന് സംഹരിക്കാന്‍ അവകാശമില്ലെന്നു തിരുക്കുറള്‍പറയുന്നു. വധശിക്ഷ ക്രൂരമായ കൊലപാതകമാണ്. ഇവിടെ കൊലയാളി വ്യക്തിയല്ല സമൂഹമാണ്. സമൂഹത്തിന്റെ അധികാര കേന്ദ്രമായ സര്‍ക്കാരാണ്. സര്‍ക്കാര്‍ കൊല നടത്തുന്നതുകൊണ്ട് കൊല കൊലയല്ലാതായി മാറുമോ? സുപ്രീംകോടതി മുന്‍ ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ തന്നെയാണ് വധശിക്ഷ സര്‍ക്കാര്‍ സാമൂഹികാംഗീകാരത്തോടെ നടത്തുന്ന നിയമപരമായ കൊലപാതകമാണെന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രശസ്ത നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോ ചോദിച്ചു. ""എന്താണ് നിയമം പറയുന്നത്? പരസ്പരം കൊല്ലരുതെന്നല്ലേ? എന്നാല്‍ നിയമംതന്നെ കൊലക്കത്തിയുമായി നില്‍ക്കുമ്പോള്‍ എങ്ങനെ നിയമത്തിന് അതുപറയാന്‍ കഴിയും?

ആത്യന്തികമായി ഓരോ വധശിക്ഷയും വിളിച്ചുപറയുന്നത് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊലപാതകവും ഒരു മാര്‍ഗമാണെന്നല്ലേ... ഒരു ജനാധിപത്യ സമൂഹത്തിന് എങ്ങനെ അതിനോട് യോജിക്കാന്‍ കഴിയും? സര്‍ക്കാര്‍ തന്നെ കുറ്റവാളികള്‍ക്കുനേരെ കൊടുവാളുയര്‍ത്തുന്നതും കൊലക്കയര്‍ നീട്ടുന്നതും ക്വട്ടേഷന്‍ സംഘമായി മാറുന്നതും പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോ? ഊഹങ്ങള്‍ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ നീതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം. എന്നാല്‍ ഇതനുസരിച്ചും ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടോ? ആളും അര്‍ഥവും സ്വാധീനവുമുള്ള കുറ്റവാളികള്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രക്ഷപ്പെടുമ്പോള്‍ ഊരുംപേരും ഉടയോരുമില്ലാത്തവര്‍ തൂക്കുകയര്‍ ഇരന്നുവാങ്ങുന്നു. ഈ അവസ്ഥയ്ക്ക് അറുതി വരുത്താതെ വധശിക്ഷ ക്രിമിനല്‍ ശിക്ഷാക്രമത്തിന്റെ ഭാഗമായി തുടരുന്നത് അപകടകരമാണ്.

നിയമത്തിനു കണ്ണില്ല എന്ന പ്രയോഗം പുതിയ കാലത്തിന്റെ പ്രവര്‍ത്തനശൈലിയാണ്. രാജീവ്ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തിന് ബാറ്ററി വാങ്ങിക്കൊടുത്തു എന്ന കുറ്റത്തിനാണ് പേരറിവാളന്‍ എന്ന ചെറുപ്പക്കാരന് കോടതി തൂക്കുകയര്‍ വിധിച്ചത്. അതേസമയം ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അരങ്ങേറിയ കൂട്ടക്കൊലപാതകങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ജഗദീഷ് ടൈറ്റ്ലറും ഭഗത്തും സജ്ജന്‍കുമാറും മറ്റു കൂട്ടാളികളും നിയമത്തിന് പിടികൊടുക്കാതെ സസുഖം വാണരുളുന്നു. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ കഴുവിലേറ്റാന്‍ ആവേശം കൊള്ളുന്നവര്‍ എന്തുകൊണ്ട് ഗുജറാത്തില്‍ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കാപാലികരെയും മണിപ്പൂര്‍, കശ്മീര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ നരനായാട്ടു നടത്തിയ സൈനികരെയും ഭോപാല്‍ വാതക ദുരന്തത്തിന് ഉത്തരവാദിയായ ആന്‍ഡേഴ്സനെയും തൂക്കിലേറ്റിക്കൊല്ലാന്‍ ആവശ്യപ്പെടുന്നില്ല?

പൊതുജനവികാരം മാസ് ഹിസ്റ്റീരിയ ആയി പടരുമ്പോള്‍ ഏത് കൊടുംപാതകവും പൊതുസമൂഹം നീതീകരിക്കും, അലങ്കാരമാക്കും എന്നല്ലേ ഇത് തെളിയിക്കുന്നത്? പലപ്പോഴും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു എന്നതാണ് വധശിക്ഷയുടെ ഏറ്റവും ഇരുണ്ട വശം. എല്ലാ കോടതി വിധികളും സത്യസന്ധവും നീതിയുക്തവും ആയിരിക്കണമെന്നില്ല. വിധി പ്രസ്താവിക്കുന്ന ന്യായാധിപന്റെ മാനസിക നിലയും വീക്ഷണ വൈചിത്ര്യങ്ങളും വിധി തീര്‍പ്പില്‍ പ്രതിഫലിച്ചുകൂടെന്നില്ല. നിയമം എന്തായിരുന്നാലും തെളിവുകള്‍ എത്ര ശക്തമായിരുന്നാലും ആത്യന്തികമായി കേസില്‍ തീരുമാനമെടുക്കുന്നത് എല്ലാ മാനുഷിക ദൗര്‍ബല്യങ്ങളുമുള്ള ഒരു വ്യക്തിയാണ്.റോബോട്ടുകള്‍ വിധികല്‍പ്പിക്കുന്ന കാലം ആസന്നമാകുന്നതുവരെ വിധി തീര്‍പ്പുകളില്‍ തെറ്റുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ജൂറി സമ്പ്രദായത്തിന്റെ പരിരക്ഷ പോലും ഇന്ത്യന്‍ കോടതികളിലില്ല. അതിനാല്‍ ഒരു കോടതി വിധിയും ഒന്നിന്റെയും അവസാന വാക്കല്ല. ഒരു പ്രത്യേക ജഡ്ജിയുടെ അല്ലെങ്കില്‍ പ്രത്യേക ബെഞ്ചിന്റെ മുന്നില്‍ കേസ് വന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയോ നിരപരാധിയോ ആകുന്ന അവസ്ഥ ഇന്ത്യന്‍ നീതിന്യായരംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഒരേതരം കുറ്റങ്ങള്‍ വ്യത്യസ്ത മനോഭാവങ്ങളുള്ള ജഡ്ജിമാരുടെ ബെഞ്ചില്‍ വിചാരണയ്ക്കു വരുമ്പോള്‍ അവരെടുക്കുന്ന നിലപാടുകള്‍ എന്തുമാത്രം വ്യത്യസ്തമാണെന്ന് മുംബൈ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ യുഗ് മോഹിത് ചൗധരി നടത്തിയ പഠനം വ്യക്തമാക്കുന്നു. ജസ്റ്റിസ് അഭിജിത്ത് പസായത്ത്, എസ് ബി സിഹ്ന, ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ എന്നീ സുപ്രീംകോടതി ജഡ്ജിമാരുടെ വിധി പ്രസ്താവങ്ങളാണ് ചൗധരി അപഗ്രഥിച്ചത്. പസായത്തിന്റെ മുന്നിലെത്തിയ 22 കേസില്‍ 16ലും അദ്ദേഹം വധശിക്ഷ ശുപാര്‍ശ ചെയ്തപ്പോള്‍ സിഹ്ന 17 കേസുകളില്‍ ഒന്നില്‍പ്പോലും വധശിക്ഷ വിധിക്കാന്‍ തയ്യാറായില്ല. കീഴ്ക്കോടതി വധശിക്ഷ വിധിച്ച നിരവധി കേസുകളില്‍ സിഹ്ന ശിക്ഷ കുറച്ച് ജീവപര്യന്തം ആക്കിയപ്പോള്‍ പസായത്ത് വെറുതെ വിട്ട കേസുകളില്‍ പോലും വധശിക്ഷ വിധിച്ച് കുറ്റവാളിക്ക് മരണം ഉറപ്പാക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വധശിക്ഷ എങ്ങനെ മരണലോട്ടറിയായി മാറുന്നു എന്നതിന്റെ സൂചനയാണിത്. നീതിന്യായ വ്യവസ്ഥയുടെ ഏതെങ്കിലും ഘട്ടത്തില്‍ സംഭവിക്കുന്ന പിഴവോ അപാകമോ മൂലം ഒരാള്‍ അന്യായമായി തൂക്കിലേറ്റപ്പെടാനുള്ള സാധ്യത ഇന്ത്യന്‍ സാഹചര്യത്തില്‍ വിരളമല്ല. "അപൂര്‍വത്തില്‍ അപൂര്‍വം" ഗണത്തില്‍ പെട്ട കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ പലപ്പോഴും ഈ പരിധി ലംഘിക്കപ്പെടുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വധശിക്ഷക്കു വിധിക്കപ്പെട്ട 13 കുറ്റവാളികളുടെ ശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ട് ഇന്ത്യയിലെ പ്രശസ്തരായ 14 ന്യായാധിപന്മാര്‍ ഇന്ത്യന്‍ പ്രസിഡന്റിന് ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി. വധശിക്ഷ വിധിച്ച ചില കേസുകളില്‍ ഗുരുതരമായ പിഴവ് കടന്നുകൂടിയിട്ടുണ്ട് എന്ന സുപ്രീംകോടതി നിരീക്ഷണത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം. നിര്‍ഭാഗ്യകരമായ വസ്തുത ഇളവു നല്‍കേണ്ടവരുടെ പട്ടികയില്‍ ഇടം തേടിയ റാവ്ജി റാവുല്‍, സുര്‍ജിറാം എന്നീ കുറ്റവാളികളെ 1996ലും 1997ലും സര്‍ക്കാര്‍ തൂക്കിലേറ്റിയതിനു ശേഷമായിരുന്നു സുപ്രീംകോടതി പട്ടിക പുറത്തിറക്കിയത് എന്നതാണ്. അകാരണമായി, തികച്ചും അന്യായമായി തൂക്കിലേറ്റപ്പെട്ട ആ രണ്ട് സാധുമനുഷ്യരുടെ ജീവന് സര്‍ക്കാരിന് എന്താണ് പകരം നല്‍കാന്‍ കഴിയുക? 1989 ലാണ് "ഇന്നൊസന്‍സ് പ്രോജക്ട് എന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടന ഡിഎന്‍എ ടെസ്റ്റിങ് സാങ്കേതികവിദ്യ വഴി തെറ്റായ രീതിയില്‍ കുറ്റവാളികളാക്കി മുദ്രകുത്തി തടവിലാക്കിയ രണ്ടുപേരെ കൊലക്കയറില്‍ നിന്ന് മോചിപ്പിച്ചത്. ഇതുവരെ പ്രസ്തുത സംഘടന ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തില്‍ 292 നിരപരാധികളെ മരണവക്ത്രത്തില്‍നിന്നും കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ഇന്നൊസന്‍സ് പ്രോജക്ട് നടത്തിയ പഠനം കുറ്റസമ്മതമൊഴികളുടെ വിശ്വസനീയതക്കു നേരെയും ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നു. ഡിഎന്‍എ കുറ്റവാളികളില്‍ 27 ശതമാനം ശാരീരികപീഡനം, മാനസികാസ്വാസ്ഥ്യം, ഭയം, പ്രത്യാഘാതങ്ങളെക്കുറിച്ച്ശരിയായ ഗ്രാഹ്യമില്ലായ്മ തുടങ്ങിയ ബാഹ്യകാരണങ്ങളാല്‍ വ്യാജമായ കുറ്റസമ്മതമൊഴി നല്‍കാന്‍ പ്രേരിപ്പിക്കപ്പെട്ടവരാണെന്ന് പഠനം കണ്ടെത്തി. കുറ്റസമ്മതമൊഴികളുടെ സ്വീകാര്യത മറ്റുപല പഠനങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്. തെറ്റായ ദൃക്സാക്ഷിത്തെളിവുകളും തെറ്റായ കുറ്റസമ്മത മൊഴികളും വിശ്വസനീയമല്ലാത്ത ഫോറന്‍സിക് പരിശോധനാഫലങ്ങളും അടിസ്ഥാനമാക്കി ന്യായാധിപന്‍ വിധിപ്രസ്താവം നടത്തുമ്പോള്‍ യഥാര്‍ഥ കുറ്റവാളി തന്നെ ശിക്ഷിക്കപ്പെടും എന്ന് എന്താണുറപ്പ്?

ഒരേ കുറ്റത്തിന് വിവിധ ജഡ്ജിമാര്‍ വ്യത്യസ്ത ശിക്ഷാവിധികള്‍ പുറപ്പെടുവിക്കുന്നതും ഇന്ത്യയില്‍ സാധാരണമാണ്. 2002ല്‍ ധര്‍മേന്ദ്ര പ്രസാദും 2003ല്‍ ഖേരജ് രാജും ഭാര്യമാരുടെ വിശ്വസ്തതയില്‍ സംശയം തോന്നി ഭാര്യമാരെയും കുട്ടികളെയും കൊന്നു... ഖേരജിനെ കോടതി തൂക്കിക്കൊന്നപ്പോള്‍ ധര്‍മേന്ദ്ര പ്രസാദ് ജയിലറയുടെ ഇരുട്ടില്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നു. വധശിക്ഷ ഏര്‍പ്പെടുത്തിയതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയും എന്ന ധാരണയും ശരിയല്ല. വധശിക്ഷ നിലവിലുള്ള അമേരിക്കയിലെ കുറ്റകൃത്യനിരക്ക് വധശിക്ഷാ നിരോധനം നിലവിലുള്ള ബ്രിട്ടനിലെ കുറ്റകൃത്യനിരക്കിന്റെ അഞ്ച് മടങ്ങാണ്. അമേരിക്കയില്‍തന്നെ വധശിക്ഷ നിര്‍ത്തലാക്കിയ വിസ്കോന്‍സിന്‍ പ്രവിശ്യയിലെ കുറ്റകൃത്യനിരക്ക് വധശിക്ഷ നിലവിലുള്ള ടെക്സാസിലെ നിരക്കിന്റെ പകുതിപോലും വരുന്നില്ല.

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് വധശിക്ഷ നിരോധനം നിലവിലുണ്ടായിരുന്ന 1945-50 കാലഘട്ടത്തില്‍ 962 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ വധശിക്ഷാ നിരോധനം നീക്കിയ 55-60 കാലഘട്ടത്തില്‍ സര്‍ക്കാര്‍ കണക്കുപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതകങ്ങളുടെ എണ്ണം 967! ഇത് എന്തിന്റെ സൂചനയാണ്? ഒരുകാലത്ത് വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിച്ചിരുന്നത് വള്ളിച്ചൂരലിന്റെ സഹായത്താലായിരുന്നു. ഇന്ന് വിദ്യാലയങ്ങളില്‍നിന്ന് വള്ളിച്ചൂരല്‍ പുറംതള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കുട്ടികളെ തല്ലുകയും പിച്ചുകയും മാന്തുകയും ബെഞ്ചില്‍ക്കയറ്റി ഏത്തമിടുവിക്കുകയും ചെയ്യുന്ന അധ്യാപകരും ഇന്നില്ല. അതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന് എന്തു ദോഷമാണ് സംഭവിച്ചത്? കുട്ടികള്‍ പഠനത്തില്‍ പിന്നോട്ടുപോയോ? പൊലീസ് സ്റ്റേഷനുകളില്‍നിന്ന് മൂന്നാംമുറ പ്രയോഗം അപ്രത്യക്ഷമായതുകൊണ്ട് കേസുകള്‍ തെളിയിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? യുക്തിരഹിതമായ ധാരണകള്‍ പാറപോലെ ഉറച്ച് അന്ധവിശ്വാസങ്ങളായി മാറുന്നതാണ് ഒരു സമകാലീന പ്രശ്നം.

വധശിക്ഷാ നിരോധനത്തിന്റെ മഹനീയ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ള ഇന്ത്യയിലെ ഒരേയൊരു ജനസമൂഹമാണ് കേരളീയര്‍. കുറ്റവാളിയെ തൂക്കിലേറ്റിയേ മതിയാവൂ എന്ന് വാശി പിടിക്കുന്നവര്‍ അടങ്ങാത്ത പ്രതികാരവാഞ്ഛയുടെയും മാനസിക വിഭ്രാന്തിയുടെയും ആള്‍രൂപങ്ങളായ സാഡിസ്റ്റുകളാണ്. സാമാന്യ നീതിയുടെയും മനുഷ്യസ്നേഹത്തിന്റെയും പിന്‍ബലമില്ലാത്ത അതിപ്രാകൃതവും ജനാധിപത്യവിരുദ്ധവുമായ ഒരു ശിക്ഷാവിധിക്രമം എന്ന നിലയില്‍ വധശിക്ഷയെ ഇന്ത്യന്‍ ക്രിമിനല്‍ നിയമപുസ്തകത്തില്‍നിന്നും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബിംബിസാരന്റെ യാഗശാലയിലേക്ക് ഒരാട്ടിന്‍കുട്ടിയേയും തോളിലിട്ട് ചെല്ലുന്ന ശ്രീബുദ്ധന്റെ രൂപം ഏത് ഇന്ത്യക്കാരനാണ് ഓര്‍മയില്‍നിന്നും മായ്ച്ചുകളയാനാകുക?

*
ഡോ. പി വി പ്രഭാകരന്‍ ദേശാഭിമാനി വാരിക

No comments: