Thursday, March 21, 2013

ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയും പ്രത്യാശയും

ദുസ്സഹമായ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ ജീവിക്കാനുഴറുന്ന ഇന്ത്യന്‍ ജനതയുടെ ഹൃദയവികാരത്തിന്റെ വിളംബരമാണ് നാലാഴ്ചകളായി ഇന്ത്യയുടെ മനഃസാക്ഷിയെ ഉണര്‍ത്തിയ സമരസന്ദേശജാഥകളിലും അതിന്റെ സമാപനംകുറിച്ച് ചൊവ്വാഴ്ച നടന്ന ഡല്‍ഹി റാലിയിലും കണ്ടത്.

ജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍നയങ്ങള്‍ ഇന്ത്യന്‍ ഗ്രാമനഗരങ്ങള്‍ക്കാകെ പരിചയപ്പെടുത്തി 10,000 കിലോമീറ്റര്‍ സഞ്ചരിച്ച സമരസന്ദേശജാഥ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമാണ് ജനഹൃദയങ്ങളിലുണര്‍ത്തിയത്. ആ പ്രതീക്ഷകളെ സാധിതപ്രായമാക്കാനുള്ള മൂര്‍ത്തമായ സമരപരമ്പരകള്‍ ആവിഷ്കരിച്ചാണ് ഡല്‍ഹിയില്‍ അതിബൃഹത്തായ ജനപങ്കാളിത്തത്തോടെ റാലി സമാപിച്ചത്.

ഇന്ത്യയുടെ ഭാവിയിലേക്കുള്ള വഴി ഇതാണ് എന്ന് ജനങ്ങള്‍ വിളിച്ചുപറയുന്നതരത്തിലുള്ള മഹല്‍സംരംഭമായി ഈ ജനകീയമുന്നേറ്റം. നാല് മുഖ്യജാഥകളും ഒട്ടനവധി ഉപജാഥകളും ഇന്ത്യയുടെ നാഡീഞരമ്പുകളെയാകെ ഉണര്‍ത്തി പുതിയ ജനകീയ സന്ദേശത്തിന്റെ ചൈതന്യം പകര്‍ന്നാണ് കഴിഞ്ഞ നാലാഴ്ചകളില്‍ മുന്നേറിയത്. ഭൂമി, പാര്‍പ്പിടം, വിലക്കയറ്റ നിയന്ത്രണം, ഭക്ഷ്യാവകാശം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹികനീതി, അഴിമതിക്ക് അന്ത്യംകുറിക്കല്‍ എന്നിങ്ങനെ നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നേറിയ ജാഥയ്ക്ക് ഇടതുപക്ഷ സ്വാധീനം താരതമ്യേന ദുര്‍ബലമായ പ്രദേശങ്ങളില്‍പ്പോലും ലഭിച്ച ആവേശോജ്വലമായ സ്വീകരണം ഇന്ത്യന്‍ ജനത മാറിച്ചിന്തിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ലോകത്തെ അതിസമ്പന്നന്മാരില്‍ ചിലരുള്ള ഇതേ രാജ്യത്തുതന്നെയാണ് ആഹാരവും പോഷകവും കിട്ടാതെ കുഞ്ഞുങ്ങള്‍ക്ക് മരിക്കേണ്ടിവരുന്നത്, ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് ആത്മഹത്യചെയ്യേണ്ടിവരുന്നത്, തൊഴില്‍രഹിതരായി കോടിക്കണക്കിനു യുവാക്കള്‍ ഹതാശരായി അലയുന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജാഥകള്‍ വിശദീകരിച്ചത്. ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണത്തിന്റെ ദുര്‍നയങ്ങളുടെ ദുരന്തഫലമാണിതെന്ന് ജാഥ ജനങ്ങളോടു പറഞ്ഞു. ഒരേനയം പങ്കിടുന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ വിശദീകരണങ്ങള്‍മാത്രം കേട്ടുതഴമ്പിച്ച പ്രദേശങ്ങളില്‍ ജാഥ മുമ്പോട്ടുവച്ച ഉത്തരം പുതിയ വെളിച്ചംപടര്‍ത്തുന്നതായി. ജനമനസ്സുകള്‍ ആ സത്യത്തെ ഉള്‍ക്കൊണ്ടുവെന്നതിന്റെ സ്ഥിരീകരണമാണ് ജാഥയ്ക്ക് ലഭിച്ച വമ്പിച്ച വരവേല്‍പ്പുകള്‍.

രണ്ടുപതിറ്റാണ്ടുകളായി കോര്‍പറേറ്റുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും മാഫിയാസംഘങ്ങള്‍ക്കും വിദേശകുത്തകകള്‍ക്കും വേണ്ടി നാടിന്റെയും ജനങ്ങളുടെയും പൊതുവിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന പ്രക്രിയ ശക്തിപ്പെട്ടതിന്റെ രീതികള്‍, സാധാരണക്കാരെയും അതിസാധാരണക്കാരെയും നികുതിഭാരംകൊണ്ട് പിഴിയുകയും വന്‍ കോര്‍പറേറ്റുകളെ നികുതിയിളവുകൊണ്ട് പ്രീണിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരത്തിന്റെ വര്‍ഗനയങ്ങള്‍ എങ്ങനെ തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹവും ദുരന്തപൂര്‍ണവുമാക്കുന്നുവെന്നതിന്റെ യുക്തിസഹങ്ങളായ വിശദീകരണങ്ങളാണ് ജാഥയില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചത്. നാടിന്റെ വിഭവങ്ങള്‍ വന്‍കിട ബിസിനസുകാര്‍ക്കും വിദേശമൂലധനശക്തികള്‍ക്കും കൈമാറുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ് കോണ്‍ഗ്രസും ബിജെപിയും എന്ന ബോധ്യം ജനങ്ങളില്‍ ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് ജാഥകള്‍ വഹിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം എങ്ങനെ പലതിലൊന്നാകാതെ വേറിട്ട വ്യക്തിത്വവുമായി വിശുദ്ധിയോടെ ശ്രദ്ധേയമാകുന്നു എന്ന കാര്യവും ജാഥയിലൂടെ ജനങ്ങളിലെത്തി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംഘടിത-അസംഘടിത തൊഴിലാളികളും സ്ത്രീ-ആദിവാസി-ദളിത്-ന്യൂനപക്ഷ ദുര്‍ബലവിഭാഗങ്ങളും നേരിടുന്ന ജീവല്‍പ്രധാന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാത്ത സമരപാതയിലൂടെ അര്‍പ്പണബോധത്തോടെ മുന്നേറാന്‍ ഇടതുപക്ഷമേയുള്ളൂ എന്ന തിരിച്ചറിവിന്റെ പ്രകാശം ജാഥകള്‍ സമൂഹത്തില്‍ പടര്‍ത്തി. വിപുലമായ സമരമുന്നേറ്റങ്ങള്‍ക്കായി ഇടതുപക്ഷ ജനാധിപത്യശക്തികളെയാകെ അണിനിരത്തുന്നതിനുള്ള നീക്കങ്ങളുടെ മുന്നോടിയെന്ന നിലയില്‍ ജാഥകള്‍ ജനമസ്സുകളില്‍ സ്ഥാനംപിടിക്കുന്നതാണ് രാജ്യം കണ്ടത്. ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗത്തിന്റേതിന് യഥാര്‍ഥത്തില്‍ ബദലാകുന്ന നയങ്ങള്‍ ഇടതുപക്ഷത്തേയുള്ളൂ എന്ന് കൂടുതല്‍ ജനവിഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സന്ദര്‍ഭം ജാഥ ഒരുക്കി. ബദല്‍നയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടപരമ്പരകള്‍ നയിക്കാന്‍ സിപിഐ എം എന്നും ഉണ്ടാകുമെന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍ ഉണര്‍ന്നു. നയങ്ങളെ ജീവിതസാഹചര്യങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ബോധ്യം പുതിയ ചിന്തയുടെ വെളിച്ചം അവര്‍ക്കിടയില്‍ പടര്‍ത്തുന്ന തരത്തിലായത് സ്വാഭാവികം. ജാഥ വിജയിച്ചിടത്ത് വിശ്രമിക്കുകയല്ല സിപിഐ എം ചെയ്യുന്നത്. എല്ലാവര്‍ക്കും ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവും സാമൂഹ്യനീതിയും ഉറപ്പുവരുത്താനും വിലക്കയറ്റം, അഴിമതി എന്നിവ ഇല്ലാതാക്കാനുമുള്ള സുദീര്‍ഘമായ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ് സിപിഐ എം ഇനി. അതിനുള്ള മാര്‍ഗരേഖയാണ് ജാഥകളുടെ സമാപനംകുറിച്ചുള്ള ഡല്‍ഹി മഹാറാലി മുമ്പോട്ടുവച്ചത്.

മെയ് മാസത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റുചെയ്യുന്നതടക്കമുള്ള സമരപരിപാടികള്‍ ജനലക്ഷങ്ങളുടെ പ്രാതിനിധ്യത്തോടെ അരങ്ങേറാന്‍ പോവുകയാണ്. പാവപ്പെട്ടവന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യംപോലും നിഷേധിക്കുകയാണ്; സബ്സിഡി വെട്ടിക്കുറച്ചും പൊതുവിതരണ സമ്പ്രദായം തകര്‍ത്തും കുടിലുകളിലെ അടുപ്പുകളിലെ തീ ഊതിക്കെടുത്തുകയാണ്; ജീവിതം അസാധ്യമാവുകയാണ്. ഇത്തരമൊരു അവസ്ഥയില്‍ സമരമല്ലാതെ മാര്‍ഗമില്ല. ആ സമരങ്ങളിലേക്ക് ജനങ്ങള്‍ വന്‍തോതില്‍ എത്തുമെന്നത് തീര്‍ച്ച. ഇത്തരം പോരാട്ടങ്ങളിലൂടെയാണ് ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വാധീനം ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ഇനിയുള്ള ഘട്ടത്തില്‍ വ്യാപകമാകാന്‍ പോകുന്നത്. ഇടതുപക്ഷത്തിന്റെ പൊതുവായ ശക്തിപ്പെടലിന് ഇത് അത്യാവശ്യമാണുതാനും. ഈ തിരിച്ചറിവോടെ എല്ലാ പ്രമുഖ ഇടതുപക്ഷപാര്‍ടികളും രാംലീല മൈതാനത്ത് നടന്ന റാലിയെ അഭിവാദ്യം ചെയ്യാനെത്തി എന്നത് ശ്രദ്ധേയമാണ്.

നിരന്തരപോരാട്ടങ്ങളിലൂടെ ബദല്‍ രാഷ്ട്രീയത്തിന്റെ സന്ദേശം കൂടുതല്‍ മേഖലകളിലേക്കും കൂടുതല്‍ ജനവിഭാഗങ്ങളിലേക്കും എത്താന്‍ പോവുകയാണ്. യോജിച്ച സമരസംരംഭങ്ങള്‍ വരാന്‍ പോവുകയാണ്. രാജ്യദ്രോഹപരവും ജനദ്രോഹപരവുമായ നയങ്ങളെ തിരുത്താനുള്ള ഇന്ത്യയുടെ മുമ്പിലെ ഏകമാര്‍ഗം ഇതാണ്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ ജനത മുന്നേറാന്‍ പോകുന്നുവെന്നതിന്റെ രാഷ്ട്രീയ പ്രസക്തിയാണ് ജാഥകളിലൂടെ, ഡല്‍ഹി റാലിയിലൂടെ തെളിഞ്ഞുകണ്ടത്. അഭിവാദ്യാര്‍ഹമാംവിധം ആവേശോജ്വലമാണ് ഇത് ഇന്ത്യന്‍ ജനതയിലുണര്‍ത്തുന്ന പ്രത്യാശ.

*
ദേശാഭിമാനി മുഖപ്രസംഗം 21 മാര്‍ച്ച് 2013

No comments: