Friday, March 8, 2013

സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഷാവേസ്

ഉപജാപകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും പിന്‍ബലത്താല്‍ വിശുദ്ധരെന്ന് മേനി നടിച്ചിരുന്ന യാങ്കി മേധാവികളേയും അനുചര ഭരണാധികാരികളേയും മുഖത്തുനോക്കി പിശാചുക്കളും മൃഗതുല്യരും ചൂഷകരുമൊക്കെയാണെന്ന് വിളിച്ച അപൂര്‍വ്വം ഭരണാധികാരികളില്‍ ഒരാളായിരുന്നു അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഹൂഗോഷാവേസ്. അന്താരാഷ്ട്ര വേദികളിലും ചിലപ്പോഴൊക്കെ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ വാതില്‍ പടിക്കലും അദേഹം അവരെ വെല്ലുവിളിച്ചു. നേരത്തേ അത് ലാറ്റിനമേരിക്കയില്‍ നിന്നു തന്നെ ഫിഡല്‍ കാസ്‌ട്രോവില്‍ നിന്നാണ് ലോകം കണ്ടത്. എന്നാല്‍ ഷാവേസ് കാസ്‌ട്രോവിനെക്കാള്‍ കരുത്തോടെയാണ് വെല്ലുവിളിക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സ്പാനിഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും ലോകം വീണ്ടും തിരിച്ചറിഞ്ഞു.

'മുതലാളിത്തം ചെകുത്താന്മാരുടെയും ചൂഷണത്തിന്റെയും വഴിയാണ്. നിങ്ങള്‍ യേശുവിന്റെ കണ്ണുകളിലൂടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍, അദ്ദേഹമാണ് എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ സോഷ്യലിസ്റ്റ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി' എന്ന് അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ബൊളീവേറിയന്‍ ഭരണത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്.

'ഇന്നലെ ഇവിടെ  ഒരു ചെകുത്താന്‍ വന്നിരുന്നു. അതിനാല്‍ തന്നെ ഇന്ന് ഇവിടെ സള്‍ഫറിന്റെ ഗന്ധമാണ്. ഞാന്‍ നില്‍ക്കുന്ന ഈ വേദിക്കും അതിന്റെ രൂക്ഷഗന്ധമാണ്. ബഹുമാന്യരായ വ്യക്തികളെ, ചെകുത്താനെന്ന് ഞാന്‍ വിളിക്കുന്ന അമേരിക്കയുടെ മാന്യനായ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇവിടെ വന്ന് ലോകം തന്റെ സ്വന്തമാണെന്ന തരത്തില്‍ സംസാരിച്ചു. സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലോകജനതയെ ചൂഷണം ചെയ്യാനും മറ്റുള്ള രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ അടക്കി നിര്‍ത്താനും എന്തും ചെയ്യും അമേരിക്ക. എന്നാല്‍ അത് അനുവദിച്ചു നല്‍കാനാവില്ല. ലോകത്തെ ഏകാധിപതികളുടെ കീഴിലാക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല' എന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ചെന്നു അദ്ദേഹം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തോട് അത്രയും കടുത്ത ഭാഷയിലുള്ള താക്കീത് വളരെ അപൂര്‍വ്വമായിരുന്നു.

'നിങ്ങള്‍ ഒരു വഞ്ചകനാണെന്ന് ബുഷിന്റെ പിന്‍ഗാമിയായി വന്ന ഒബാമയോട് ഷാവേസ് പറഞ്ഞു.' 'ആഫ്രിക്കയിലെ നിരവധി സാധാരണക്കാര്‍ നിങ്ങളുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദിച്ചിരുന്നു, നിങ്ങളെ വിശ്വസിച്ചിരുന്നു. കാരണം നിങ്ങളുടെ തൊലിയുടെ കറുത്തനിറമായിരുന്നു; നിങ്ങളുടെ പിതാവ് ഒരു ആഫ്രിക്കകാരനായിരുന്നു. അവരോട് ചെന്ന് ചോദിക്കൂ, അപ്പോള്‍ പറയും നിങ്ങളൊരു വഞ്ചകനാണെന്ന്. നിങ്ങളൊരു ആഫ്രിക്കന്‍ വംശജനാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ സമൂഹത്തിനു തന്നെ അപമാനമാണ്' എന്ന് 2011 ല്‍ ഒബാമയുടെ നിലപാടുകള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തോട് ഷാവേസ് മറയില്ലാതെ വിളിച്ചുപറഞ്ഞു. യാങ്കിനേതൃത്വത്തോടുമാത്രമല്ല, അതിന് സഹവര്‍ത്തിത്തം പ്രഖ്യാപിച്ച ഭരണാധികാരികളോടും ഇതേ നയമാണ് അദ്ദേഹം സ്വീകരിച്ചത്. ടോണിബ്ലെയറിനെയും ഇതേഭാഷയില്‍ അദ്ദേഹം നേരിട്ടു.

ഉപരോധവേളയില്‍ സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയെ അദ്ദേഹം ഞെട്ടിച്ചു. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളുടെ പൊള്ളത്തരത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.

അമേരിക്ക കണ്ണുവെച്ച വെനിസ്വേലയിലെ എണ്ണപ്പാടങ്ങളേയും സ്വര്‍ണ്ണമേഖലയേയും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ ദേശസാല്‍ക്കരണത്തിനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. സോഷ്യലിസ്റ്റ് ഭരണ നയങ്ങളിലൂടെ സാധാരണക്കാരന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് അദ്ദേഹത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. മാറ്റത്തിന്റെ ആ കാറ്റ്, സോഷ്യലിസത്തിന്റെ സൗരഭ്യം, ബൊളീവിയന്‍ അതിര്‍ത്തി ഭേദിച്ച് ബ്രസീലിലും അര്‍ജന്റിനയിലുമൊക്കെ കൊടുങ്കാറ്റ് തീര്‍ത്തു. ധിക്കാരിയായ ആ ഭരണാധികാരിയെ സ്വേഛാധിപതിയായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്നുകൊണ്ട് ആ പ്രചരണത്തെ അദ്ദേഹം അവഗണിച്ചു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കൊട്ടാരത്തെ കിടപ്പാടമായി നല്‍കിയ മറ്റേതൊരു ഭരണാധികാരിയുണ്ട്?

സൈമണ്‍ ബൊളിവറും മാര്‍ക്‌സും എംഗല്‍സുമൊക്കെയായിരുന്നു ഷാവേസിന്റെ ചരിത്ര പുരുഷന്മാര്‍. വിപ്ലവ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ പഠനകാലത്ത് വായിച്ചതുവഴിയാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അധികാരത്തിലും ആ വഴിയിലൂടെ തന്നെ അവസാനം വരെ സഞ്ചരിച്ചു. ആ സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിച്ച ഷാവേസിനെ സാധാരണ ജനം എത്ര സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍, മരണവാര്‍ത്ത പുറത്തു വന്നതിനുശേഷം വേനിസ്വേലയില്‍ മാത്രമല്ല ലോകത്തിന്റെ പല നഗരങ്ങളിലും തടിച്ചു കൂടിയ ജനക്കൂട്ടം സാക്ഷ്യമായി. അതാണ് ഷാവേസിന്റെ  ജീവിതത്തെ അന്വര്‍ഥമാക്കുന്നത്.

*
അബ്ദുള്‍ ഗഫൂര്‍ ജനയുഗം

1 comment:

Unknown said...

Maybe that's why comrades invited Manichayan to LDF. Have you guys got any shame? Better to go suicide. Opportunists are not communists. Please do a favor and remove that name, please.