Sunday, March 10, 2013

പ്രിയപ്പെട്ട എസ് കെ

കഥയുടെ രാജശില്‍പ്പിയായിരുന്നു എസ് കെ പൊറ്റെക്കാട്ട്. ദേശത്തിന്റെ കഥനങ്ങളില്‍ തിരസ്കൃത ജീവിതങ്ങള്‍ക്ക് ഇടംനല്‍കിയ മഹാനായ എഴുത്തുകാരന്‍. കാണാത്ത ദേശങ്ങളിലെ അനുഭവങ്ങളിലേക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ സഞ്ചാരി. ജ്ഞാനപീഠം കയറിയ പ്രതിഭ. എസ് കെയുടെ ജന്മശതാബ്ദിയാണ് മാര്‍ച്ച് 14ന്. വിദ്യാര്‍ഥിയായിരിക്കെ "വി എന്‍ തെക്കേപ്പാട്ട്" എന്ന തൂലികാനാമം സ്വീകരിക്കാന്‍ എം ടിക്ക് പ്രചോദനമായതുപോലും എസ് കെ പൊറ്റെക്കാട്ട് എന്ന നാമമായിരുന്നു. അച്ചടിമഷിപുരണ്ട എം ടിയുടെ ആദ്യത്തെ പ്രധാനസൃഷ്ടിയും പൊറ്റെക്കാട്ടിനെക്കുറിച്ചാണ്. "പൊറ്റെക്കാട്ടിന്റെ ചെറുകഥകള്‍" എന്ന ലേഖനം മദിരാശിയിലെ കേരളോദയം മാസികയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എം ടിക്ക് വയസ്സ് 14. എസ് കെ നടന്നുപോയ എഴുതിയ, ജീവിച്ച അതേ നഗരത്തില്‍, എസ് കെയുടെ സ്നേഹവാത്സല്യങ്ങള്‍ അറിഞ്ഞാണ് എം ടി എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചത്. എസ് കെയെപ്പോലെ മലയാളത്തിന്റെ സൗഭാഗ്യമായ, മറ്റൊരു ജ്ഞാനപീഠ ജേതാവായ എം ടി പ്രിയപ്പെട്ട എസ് കെയെ ജന്മശതാബ്ദിവേളയില്‍ അനുസ്മരിക്കുന്നു.

പൊറ്റെക്കാട്ടിന്റെ ഒരു കഥ വരുന്നു എന്ന പരസ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടാല്‍ അതിനുവേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന ജ്യേഷ്ഠത്തിയമ്മയെ ഞാനത്ഭുതത്തോടെ നോക്കിയിരുന്നു. ഒരു കഥ വരുന്നത് ഇത്രവലിയ കാര്യമോ എന്നായിരുന്നു എന്റെ ഇളംപ്രായത്തിലുള്ള മനസ്സില്‍. പിന്നീട് ഈ കഥ വായിച്ചുകഴിഞ്ഞാല്‍ ആഴ്ചപ്പതിപ്പ് മറ്റു പല വീടുകളിലേക്കും കൈമാറ്റം നടത്തുന്നതും ഞാന്‍ ശ്രദ്ധിച്ചു. നാഴികകള്‍ക്കപ്പുറത്തുള്ള ഒരു വീട്ടില്‍ രമണന്റെ കൈയെഴുത്തുപ്രതി ഉണ്ടെന്ന് കേട്ട് അത് രണ്ടു ദിവസത്തേക്ക് കടംതരണമെന്ന് ആവശ്യപ്പെട്ട് എന്നെ എനിക്കറിയാത്ത ഏതോ ഒരു വീട്ടിലേക്ക് അയച്ചതും വായനയില്‍ താല്‍പ്പര്യമുണ്ടായിരുന്ന ഈ ജ്യേഷ്ഠത്തിയമ്മയാണ്. കുറച്ചൊക്കെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും പൊറ്റെക്കാട്ടിന്റെ കഥകളുടെ ആരാധകനായി മാറി. അക്കിത്തത്തിന്റെ ലൈബ്രറിയില്‍ നിന്ന് പൊറ്റെക്കാട്ടിന്റെ കഥാസമാഹാരങ്ങള്‍കൊണ്ടുവന്ന് വായിച്ചു. കഥാസമാഹാരങ്ങള്‍ക്കിട്ട പേരുകള്‍തന്നെ മാസ്മരശക്തിയുള്ളവയായിരുന്നു. രാജമല്ലി, നിശാഗന്ധി, പത്മരാഗം, ഇന്ദ്രനീലം, വൈജയന്തി.. അങ്ങനെ മറക്കാനാവാത്ത പേരുകള്‍.

ആദ്യമായി പുസ്തകത്തിലച്ചടിച്ച ചെറുനോവല്‍ "നാടന്‍പ്രേമ"ത്തിനുവേണ്ടി പല വീടുകളിലും പിടിയുംവലിയും നടന്നു. മൂന്നുവര്‍ഷത്തിനകം അതിന്റെ നാലുപതിപ്പുകള്‍ വന്നുവെന്ന് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്. എപ്പോഴെങ്കിലും പൊറ്റെക്കാട്ടിനെ ഒന്നുകാണണം എന്ന ആഗ്രഹം അന്നേ മനസ്സില്‍ വച്ചുകൊണ്ടു നടന്നു. കോളേജ് പഠിപ്പുകഴിഞ്ഞ് പല ജോലിക്കും ശ്രമിച്ചു. ഒന്നും ശരിയായില്ല. അപ്പോഴാണ് പാലക്കാട്ടെ എംബി ട്യൂട്ടോറിയത്സ് എന്ന സ്ഥാപനത്തില്‍ എനിക്കൊരു പണി കിട്ടുന്നത്. അതൊരു പ്രശസ്തമായ സ്ഥാപനമായിരുന്നു. കൊല്ലത്തില്‍ വാര്‍ഷികമൊക്കെ നടത്തും. ഞാന്‍ ചേര്‍ന്നകൊല്ലം എം പി മന്മഥനായിരുന്നു മുഖ്യാതിഥി. മന്മഥന്‍ സാര്‍, പ്രിന്‍സിപ്പലായ സി കെ മൂസതിന്റെ അടുത്ത സുഹൃത്തായിരുന്നു. അടുത്ത വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മൂസത്മാസ്റ്റര്‍ പറഞ്ഞു, എസ് കെ പൊറ്റെക്കാട്ടിനെ ക്ഷണിക്കണം ഉദ്ഘാടനത്തിന്. എനിക്ക് വലിയ സന്തോഷം തോന്നി. പക്ഷേ, ഒരു സംശയവും. മന്മഥന്‍സാര്‍ വന്നത് ഒരു സൗഹൃദത്തിന്റെ പേരിലാണ്. വലിയ എഴുത്തുകാരനായ എസ് കെ പൊറ്റെക്കാട്ട് ഒരു ട്യൂട്ടോറിയലിന്റെ വാര്‍ഷികത്തിന് വരുമോയെന്നായിരുന്നു എന്റെ ആശങ്ക. എനിക്ക് മറ്റൊരു ദുഃഖംകൂടിയുണ്ടായിരുന്നു. പൊറ്റെക്കാട്ടിനെ ഒലവക്കോട്ടുനിന്ന് സ്വീകരിച്ച് കൊണ്ടുവരാനും രാത്രിവണ്ടിക്ക് പോകുംവരെ അദ്ദേഹത്തെ പരിചരിച്ച് കൂടെ നില്‍ക്കാനും എനിക്കാവില്ലല്ലോ എന്ന വിഷമം. കാരണം ആ കൊല്ലം ആദ്യമായി ട്യൂട്ടോറിയല്‍ വാര്‍ഷികത്തിന് അധ്യാപകരെല്ലാം ചേര്‍ന്ന് ഒരു നാടകം കളിക്കുന്നു. കെ ടി മുഹമ്മദിന്റെ കറവപ്പശു. ഞാനാണത് സംവിധാനംചെയ്യുന്നത്. മുഖ്യകഥാപാത്രമായ ക്ഷയരോഗിയായി അഭിനയിക്കുന്നതും ഞാന്‍തന്നെ. സി കെ മൂസതും സഹോദരന്മാരും നിര്‍ബന്ധിച്ചതിനാലാണ് ഞാനീ ചുമതലയേറ്റത്. നാടകസംവിധാനത്തിലോ അഭിനയത്തിലോ ഒരു വൈദഗ്ധ്യവും എനിക്കില്ല. ഒരധ്യാപകന്‍ വന്നില്ലെങ്കില്‍ പകരം ക്ലാസെടുക്കുന്നതുപോലെ, ഒഴിവുകാലത്ത് ഗൈഡെഴുതിക്കൊടുക്കുന്നതുപോലെ എന്റെ മേധാവികള്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചുവെന്ന് മാത്രം.

പൊറ്റെക്കാട്ടിനെ അടുത്തു കാണാനോ സംസാരിക്കാനോകൂടി എനിക്കവസരമുണ്ടായില്ല. രണ്ട് വര്‍ഷത്തിനുശേഷം ഞാന്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തിയപ്പോള്‍ എസ് കെയുമായി വളരെയടുത്ത് പെരുമാറാനവസരം ധാരാളമുണ്ടായി. എസ് കെ ഇടയ്ക്കിടയ്ക്ക് മാതൃഭൂമി ഓഫീസില്‍ കയറിവരും. എന്‍ വി കൃഷ്ണവാരിയരെ കാണാന്‍. ലിനന്‍ മുണ്ട്, പോപ്ലിന്‍ ഷര്‍ട്ട്, കൈയിലൊരു ചെറിയ ലതര്‍ബാഗ്.... അന്നത്തെ മുന്തിയ സിഗററ്റായ പ്ലെയേഴ്സാണദ്ദേഹം വലിക്കുക. പോക്കറ്റില്‍ പ്ലയേഴ്സിന്റെ കവര്‍ കാണും. അദ്ദേഹത്തിന്റെ പുള്ളിമാന്‍ എന്ന കഥയുടെ ചലച്ചിത്രാവകാശം വാങ്ങാന്‍ രണ്ടുപേര്‍ വന്നപ്പോള്‍ അവര്‍ക്ക് വഴികാണിക്കാന്‍ ഞാനാണ് പോയത്. "ചന്ദ്രകാന്ത"ത്തിലെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. പല യാത്രകളിലായി അദ്ദേഹം ശേഖരിച്ച കൗതുകവസ്തുക്കള്‍ നോക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹംതന്നെ അതിലോരോന്നിനെയുംപറ്റി വിശദമായി പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ എഴുത്തുമേശയും കാണേണ്ടതായിരുന്നു. പല നിറത്തിലുള്ള കടലാസുകള്‍, പല നിറങ്ങളിലുള്ള മഷി നിറച്ച പേനകള്‍. വരുന്ന കത്തുകള്‍ക്കെല്ലാം വിസ്തരിച്ച് മറുപടി എഴുതുന്ന സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

പിന്നീടാണ് എസ് കെ തലശേരിയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നത്്. വാര്‍ത്ത വന്നശേഷം അദ്ദേഹം മാതൃഭൂമിയില്‍ വന്നപ്പോള്‍ എന്‍ വി കൃഷ്ണവാരിയര്‍ ചോദിച്ചു, അത് വേണമായിരുന്നോ? എസ് കെ ചിരിച്ചു. പലരും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചുവെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹം മാഹിയില്‍ ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. കോഴിക്കോട് ചന്ദ്രകാന്തത്തില്‍ വരുന്നത് അപൂര്‍വമായി. എസ് കെ നോമിനേഷന്‍ കൊടുക്കുന്നതെല്ലാം വാര്‍ത്തകളായി വന്നുകൊണ്ടേയിരുന്നു. അദ്ദേഹം നേരിടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വയനാട്ടിലെ വലിയ തോട്ടമുടമയായ എം കെ ജിനചന്ദ്രന്‍, മാതൃഭൂമി ഡയറക്ടര്‍കൂടിയാണ്. വയനാട് കൂടിയുള്‍പ്പെട്ടതാണ് അന്നത്തെ തലശേരി പാര്‍ലമെന്റ് നിയോജക മണ്ഡലം. എസ് കെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പക്ഷേ, ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. എങ്കിലും എസ് കെയുടെ അടുത്ത സുഹൃത്തുക്കള്‍ക്കുതന്നെ വിജയസാധ്യതയെപ്പറ്റി സംശയമുണ്ടായിരുന്നു. ജിനചന്ദ്രന്‍ മഹാധനികനാണ്. സല്‍പ്പേരുള്ളയാളുമാണ്. എഴുത്തുകാരനെന്ന നിലയ്ക്ക് എസ്കെയ്ക്കുള്ള പ്രശസ്തിതന്നെയാണ് പ്രചാരണത്തിനുപയോഗിക്കേണ്ടത് എന്ന് തലശേരിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനംതന്നെ അതൂന്നിക്കൊണ്ടായിരിക്കണം. പ്രവര്‍ത്തകന്മാരുടെ ഒരു സംഘം കോഴിക്കോട്ട് വന്നു. ഉദ്ഘാടന സമ്മേളനത്തിലേക്ക് പൊന്‍കുന്നം വര്‍ക്കിയെയും വയലാര്‍ രാമവര്‍മയെയും വിളിച്ചിട്ടുണ്ട്. അവര്‍ വരും. മാതൃഭൂമിയില്‍ അവര്‍ വന്നത് എന്നെയും എം വി ദേവനെയും ക്ഷണിക്കാനാണ്. അത്യാവശ്യം പ്രസംഗമൊക്കെ ഉണ്ടെങ്കിലും ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റിയയാളാണോ ഞാനെന്ന സംശയം പ്രവര്‍ത്തകന്മാരോട് പറഞ്ഞു. എസ് കെ നിശ്ചയിച്ചതാണീ പേരുകളൊക്കെ എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. വയലാറിനെയും വര്‍ക്കിസാറിനെയും മുമ്പ് കണ്ടിട്ടില്ല. അതിനുള്ള അവസരംകൂടിയാണിത്.

വലിയൊരു മൈതാനത്തായിരുന്നു മീറ്റിങ്. ധാരാളം ജനം. തലശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ എ വി കെ നായര്‍ അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനംചെയ്ത് വര്‍ക്കിസാര്‍ ദീര്‍ഘമായി സംസാരിച്ചു. എതിര്‍സ്ഥാനാര്‍ഥിയുടെ പേരൊന്നും പറയാതെ കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മകള്‍ക്ക് നേരെയായിരുന്നു അദ്ദേഹത്തിന്റെ ആക്രമണം. വശ്യവചസ്സായ വയലാറും നന്നായി പ്രസംഗിച്ചു. എം വി ദേവനും ഞാനും രാഷ്ട്രീയത്തിലേക്ക് കടക്കാതെ എസ് കെ എന്ന എഴുത്തുകാരന്റെ മഹത്തായ സംഭാവനകളെപ്പറ്റി ചെറുതായി പ്രസംഗിച്ചു. എസ് കെയുടെ ഭാര്യ പാചകകലയില്‍ അതിനിപുണയായിരുന്നു. രാത്രിയില്‍ മാഹിയിലെ വീട്ടില്‍ ഗംഭീരമായ ഊണ് ഒരുക്കിയിട്ടുണ്ട്. പക്ഷേ, അതിനുനില്‍ക്കാതെ വര്‍ക്കിസാറും വയലാറും മടങ്ങി. അവര്‍ക്കെന്തോ അത്യാവശ്യമായി തൃശൂരില്‍ എത്തേണ്ടതുണ്ട്. ദേവന്‍ അദ്ദേഹത്തിന്റെ നാടായ ചൊക്ലിയിലേക്കും മടങ്ങി. എസ്കെയുടെ വിരുന്നിന് അവശേഷിച്ചത് ഞാന്‍ മാത്രം. എസ് കെയുടെ ഭാര്യയുടെ മുഖത്ത് അതിഥികളില്ലാതെ വന്നതിന്റെ ജാള്യത കാണാമായിരുന്നു. ഒരുരാത്രിവണ്ടിക്ക് എന്നെ കോഴിക്കോട്ടേക്ക് കയറ്റിവിടാന്‍ എസ് കെ ഏര്‍പ്പാട് ചെയ്തിരുന്നു. പിറ്റേന്ന് ഞാന്‍ മാതൃഭൂമിയില്‍ എത്തിയപ്പോഴാണ് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ പലരും എന്നോട് പറഞ്ഞത്, മേലധികാരികള്‍ ക്ഷോഭിച്ചിരിക്കുന്നുവെന്ന്. പൊറ്റെക്കാട്ടിന് വേണ്ടി പ്രസംഗിക്കുക എന്നുവച്ചാല്‍ മാതൃഭൂമിയിലെ ഒരു പ്രമുഖ ഡയറക്ടറെ എതിര്‍ക്കുക എന്നാണര്‍ഥം വരുന്നത്. അന്ന് എന്റെ പരിശീലനകാലം പൂര്‍ത്തിയായിട്ടില്ല, നിയമനം സ്ഥിരപ്പെട്ടിട്ടുമില്ല. വരുന്നത് വരട്ടെ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. എസ് കെ ആവശ്യപ്പെട്ട ഒരു കാര്യം ചെയ്തു എന്നതിലുള്ള സന്തോഷംമാത്രമായിരുന്നു മനസ്സില്‍.

ആ തെരഞ്ഞെടുപ്പില്‍ എസ് കെ ജയിച്ചില്ല. അടുത്ത തവണയാണ് അദ്ദേഹം വിജയിച്ചതും പാര്‍ലമെന്റിലെത്തിയതും. വിദേശസഞ്ചാരത്തിനിടയ്ക്ക് എസ് കെ തന്റെ ചില കോഴിക്കോടന്‍ സുഹൃത്തുക്കള്‍ക്ക് സ്ഥിരമായി കത്തുകളയച്ചിരുന്നു. അതില്‍ പലതും ഞാന്‍ പിന്നീട് കണ്ടിട്ടുണ്ട്. ഒരു കത്തില്‍ വിദേശത്തെ മനോഹരമായ ഒരു കാഴ്ച വര്‍ണിച്ചശേഷം അദ്ദേഹം അവസാനിപ്പിക്കുന്നത്, കഴിയുന്നത്രവേഗം യാത്ര അവസാനിപ്പിച്ച് കോഴിക്കോട്ടെത്തി വൈകുന്നേരം നമ്മുടെ മിഠായിതെരുവിലൂടെ ഒന്നു നടക്കാനാണെനിക്കിപ്പോള്‍ആഗ്രഹം തോന്നുന്നത് എന്ന പരാമര്‍ശത്തോടെയാണ്. എസ് കെ അവശനും ദുഃഖിതനുമായി ഞാന്‍ കണ്ടത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോഴാണ്. കോഴിക്കോടിനെ എസ് കെയുടെ നഗരം എന്നു വിശേഷിപ്പിച്ചാല്‍ അത് തെറ്റാവില്ല. അദ്ദേഹത്തിന്റെ മൃതദേഹം ടൗണ്‍ഹാളിലെത്തിയപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്നുചേര്‍ന്ന ജനാവലി എന്റെ സങ്കല്‍പ്പത്തിനെല്ലാം അതീതമായിരുന്നു. ചരമാനന്തരം തട്ടിക്കൂട്ടുന്ന അനുശോചനയോഗങ്ങള്‍ പലപ്പോഴും അരോചകമായിരിക്കും. ആരൊക്കെ പ്രസംഗിച്ചു എന്ന പട്ടികയില്‍ പേരുവരല്‍മാത്രമാണ് കാര്യം എന്നു തോന്നിപ്പോകും. ശവസംസ്കാരം കഴിഞ്ഞ് കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന അനുശോചനയോഗത്തില്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. ചിലര്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ പ്രസംഗം നിര്‍ത്തി. അന്ത്യോപചാരങ്ങള്‍ക്ക് വന്ന ആള്‍ക്കൂട്ടം അവസാനത്തെ അനുശോചനവും കഴിയുന്നതുവരെ ടൗണ്‍ഹാളിലും പരിസരത്തും തങ്ങിനിന്നു. ആള്‍ക്കൂട്ടത്തില്‍നിന്നുമാറി ഏകാകിയായി നില്‍ക്കുമ്പോള്‍ എനിക്ക് ഈ നഗരത്തിന്റെ മുഴുവന്‍ നിശബ്ദവിലാപവും കേള്‍ക്കാമായിരുന്നു.

*
ദേശാഭിമാനി

No comments: