മലയാളിയെ മനുഷ്യനാക്കിയ വലിയ കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്. അനവധി സംഘര്‍ഷങ്ങളും ചേരിപ്പോരുകളും അതിനെത്തുടര്‍ന്നുണ്ടായ പൊരുത്തപ്പെടലുകളും ജനസമൂഹത്തിനിടയില്‍ രൂപപ്പെട്ട കാലം. അതിന്റെ സന്തതിയായിട്ടാണ് ഒ വി വിജയന്‍ രൂപമെടുക്കുന്നത്. സൂക്ഷ്മമായ അപഗ്രഥനങ്ങളില്‍നിന്ന് അദ്ദേഹംതന്നെ തന്റെ പിറവിയെയും അത് സംഭവിക്കുന്ന കാലത്തെയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒ വി വിജയന്‍ അധ്യാപകനാകുന്നതില്‍ പരാജയപ്പെടുകയും പില്‍ക്കാലത്ത് നല്ല അധ്യാപകരെ വാര്‍ത്തെടുക്കുന്ന ചരിത്രകാരനും സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായി രൂപാന്തരപ്പെടുകയുംചെയ്തത്. കാലലീലയില്‍ "രൂപാന്തരപ്പെട്ടു" എന്നുതന്നെയാണ് അദ്ദേഹത്തെപ്പറ്റി പറയേണ്ടതെന്ന് തോന്നുന്നു.
ഒരു പ്രവാചകനായിരുന്നു അദ്ദേഹം എന്നു പറയാറുണ്ട്. ചരിത്രബോധമുള്ള ഒരു സാമൂഹികജീവിയായിരുന്നു അദ്ദേഹം എന്നാണ് അതിന്റെ വ്യാഖ്യാനം. മനുഷ്യനെന്ന നിലയിലും വസ്തുതകളെ അപഗ്രഥിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലുമുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിച്ചതും വരപ്പിച്ചതും പറയിപ്പിച്ചതും ചിന്തിപ്പിച്ചതും. ആ ചിന്തയില്‍ അദ്ദേഹം മനസിലാക്കിയിരിക്കണം, പില്‍ക്കാലം തനിക്കു സംഭവിക്കാനിരിക്കുന്നതും. അദ്ദേഹം മുന്നേ കാണാത്തതൊന്നും ഇപ്പോഴും സംഭവിക്കുന്നുമില്ലല്ലോ. ബ്രിട്ടീഷ് സര്‍ക്കാര്‍ "മാപ്പിള ലഹള"യെ അമര്‍ത്താന്‍ രൂപീകരിച്ച മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അച്ഛനില്‍നിന്ന് വിജയന്‍ ചരിത്രത്തെ ഗ്രഹിച്ചുതുടങ്ങിയെന്നുവേണം അനുമാനിക്കാന്‍. കുട്ടിക്കാലത്ത് അരീക്കോട്ടെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ചുമരുകളില്‍ വരയ്ക്കുന്നത് കണ്ടിട്ട് വര കൊണ്ട് ഇവന്‍ ജീവിതം പുലര്‍ത്തുമെന്ന് മുത്തശ്ശി അഭിലഷിച്ചിരുന്നതായും ഒരിടത്ത് അദ്ദേഹം എഴുതിയിരുന്നു.
വര തെരഞ്ഞെടുത്തതിനൊപ്പം ഉന്നതമായ ചരിത്രബോധവും അദ്ദേഹം തെരഞ്ഞെടുത്തു. വെറും വരയ്ക്ക് ചരിത്രത്തിന്റെ കനപ്പെട്ട അറിവ് ആവശ്യമില്ല. എന്നാല്‍, കാര്‍ട്ടൂണ്‍ രചനയ്ക്ക് വിശേഷിച്ചും രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചനയ്ക്ക് ചരിത്രപാഠം അത്യാവശ്യമാണുതാനും. അതില്‍ നിന്നാണ് ഒ വി വിജയന്റെ ജീവിതവും സാഹിത്യവും സന്ദേഹങ്ങളും ചോദ്യോത്തരങ്ങളും രൂപപ്പെടുന്നത്. മലപ്പുറത്തെ ജീവിതാരംഭത്തില്‍ അദ്ദേഹം പഠിക്കുന്ന പ്രധാനചരിത്രപാഠം കേരളീയ മുസ്ലിം ജീവിതത്തെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും അവയ്ക്കിടയില്‍ കിടന്നു വേദനിക്കുന്ന സ്വപ്നങ്ങളുമായിരുന്നിരിക്കണം. ഇന്നത്തെ മുസ്ലിം സമുദായം ഒരുപാട് മാറിപ്പോയി. അതിന് വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലം വന്നു. അന്നത്തെ മലബാര്‍ പല വിധത്തിലും പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തിരുവിതാംകൂറിലെയോ കൊച്ചിയിലെയോ അത്രതന്നെ ജാതിസ്പര്‍ധ മലബാറിനെ ആവേശിച്ചിരുന്നില്ലെങ്കിലും ഏറനാടന്‍ മണ്ണില്‍ കനത്ത മാപ്പിളബോധം കത്തിനിന്നിരുന്നു. അതില്‍ മതാതീതമായ ആത്മീയതലവും ഉള്‍ച്ചേര്‍ന്നിരുന്നു. വിജയന്‍ ആദ്യമായി സ്വീകരിക്കുന്നത് ആ ആത്മീയതലമാണ്. കോട്ടയ്ക്കലിലും അരീക്കോട്ടും മറ്റ് ഏറനാടന്‍ ഭാഗങ്ങളിലും ബ്രിട്ടീഷ് പൊലീസിലെ വലിയ ഉദ്യേഗസ്ഥന്റെ മകനെന്ന നിലയിലും അനാരോഗ്യമുള്ള കുട്ടി എന്ന നിലയിലും വിജയന്‍ അനുഭവിച്ച ആനുകൂല്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അന്നത്തെ ദേശീയ-പ്രാദേശിക രാഷ്ട്രീയത്തിന്റെയും പ്രാദേശിക ജാതിബോധത്തിന്റെയും ഇവിടെ വന്നു വേരുറപ്പിച്ച ഇസ്ലാം മതത്തിന്റെയും പിന്തുണ കിട്ടിയിട്ടുണ്ട്.
പില്‍ക്കാല വിജയന്‍ വെറുതെ ഊതിപ്പെരുപ്പിക്കപ്പെട്ടതല്ലെന്ന് സമര്‍ഥിക്കാനാണ് ഞാനിത്രയും പറഞ്ഞത്. അതായത് "ഖസാക്കിന്റെ ഇതിഹാസം" പിറക്കുന്നത് പാലക്കാട്ട് വച്ചല്ല. അത് വിജയനില്‍ കുഞ്ഞിലേ കയറിക്കൂടിയതാണ്. ആ കഥാപാത്രങ്ങള്‍ വിജയനൊപ്പം വളര്‍ന്ന് ഉന്നതി പ്രാപിച്ചവരാണ്. അതായത് ഏകാധ്യാപക വിദ്യാലയവും തസറാക്ക് എന്ന ഗ്രാമഭാഗവുമൊക്കെ പില്‍ക്കാലത്തെ പാലക്കാടന്‍ അനുഭവത്തില്‍ ദൃഢപ്പെട്ടിരിക്കാം. എന്നാല്‍, ഖസാക്കിലെ രവിയും രവിയുടെ ചെറിയമ്മയും മൈമൂനയും നൈസാമലിയും വിജയനിലുണര്‍ന്നു കിടന്നിരുന്നത് ഏറനാടന്‍ വാസക്കാലത്തുതന്നെയാവാനാണിട. ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കും സൂഫിസത്തിനും മലപ്പുറത്തിനും വിജയന്റെ ജീവിതത്തില്‍, പില്‍ക്കാല ഡല്‍ഹിജീവിതത്തില്‍പ്പോലും വലിയ സ്ഥാനമുണ്ടായിരുന്നു എന്നുസാരം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഏതെങ്കിലും മതത്തിന്റെ ചളുക്കില്‍ വീണുകിടക്കുന്ന ചെളിവെള്ളത്തുള്ളിയായിരുന്നില്ല വിജയന്‍. വിജയനിലെയത്രയും വ്യാപിച്ചു കിടക്കുന്ന മത മാനവിക സൗഹാര്‍ദബോധം മറ്റേതെങ്കിലും ആധുനികകാല എഴുത്തുകാരനിലില്ലെന്നു തീര്‍ത്തുപറയാം. ആ വിജയനെ കുത്താനെടുക്കുന്ന സൂചിക്ക് മുനയൊടിച്ച് കീഴടങ്ങാനാണ് വിധിയെന്ന് എതിരാളികളോ അദ്ദേഹത്തിലെ മതേതരത്വത്തെ ഭയപ്പെടുന്നവരോ ചിന്തിക്കുന്നില്ല എന്നത് കഷ്ടമാണ്. ഇതാണ് ഇന്നത്തെ ദുരവസ്ഥ.
കുറച്ചുപേര്‍, കേരളത്തിലെ മതങ്ങളെയോ മതസംഘടനകളെയോ ഉപജീവിച്ചുകഴിയുന്ന കുറച്ചുപേര്‍ സാംസ്കാരിക ജീവിതത്തിലെ മതേതരത്വത്തെയും നവോത്ഥാനമൂല്യങ്ങളെയും ഇന്ന് ഭയപ്പെടുന്നു. പ്രതിമകളെ ഭയപ്പെട്ട നാരായണഗുരുവിനെ പ്രതിമയാക്കാന്‍ നിര്‍ഭയത്വം കാണിക്കുന്നവര്‍ ഉത്തമജാതിയെ പ്രതിനിധീകരിക്കുന്നവരായി ഇന്ന് മാറുകയാണ്. ചേകന്നൂര്‍ മൗലവി ഒരു തെറ്റായിരുന്നെന്ന് ചിലരെങ്കിലും വരുത്തിത്തീര്‍ക്കുകയാണ്. അതേപോലെ പൊതുജനമധ്യത്തില്‍നിന്ന് മതേതരത്വത്തെ പിന്തുടര്‍ന്ന വ്യക്തികളെ അകറ്റിനിര്‍ത്താന്‍ കുറച്ചുപേരെങ്കിലും ശ്രമിക്കുന്നതാണ് ഇന്നത്തെ ശരിയായ ദുരവസ്ഥ. കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ വിജയന്‍ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും ഈ സ്കൂളില്‍ അദ്ദേഹത്തിന്റെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കാന്‍ ധാരാളം കാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് മുന്നേ പറഞ്ഞതില്‍നിന്ന് വ്യക്തമാണ്.
എതിര്‍ക്കുന്ന ലീഗുകാരോ മറ്റ് തല്‍പ്പരകക്ഷികളോ അത് കാണാതിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. മലപ്പുറത്തെ കുന്നിന്‍പുറങ്ങളില്‍നിന്നും മലകളില്‍നിന്നുമാണ് വിജയന്‍, ഖസാക്കിലെ പല കഥാപാത്രങ്ങളെയും കൂട്ടിക്കൊണ്ടുപോയിട്ടുള്ളത്. വായനക്കാരന്റെ ചരിത്രബോധമുള്ള വായനയില്‍ കഥാപാത്രങ്ങളുടെ ഡിഎന്‍എ പരിശോധിക്കപ്പെടുന്നുണ്ട്. അതില്‍ മുസ്ലിം വിരോധമല്ല മറിച്ച് അഗാധമായ സ്നേഹവും ആദരവുമാണ് കലര്‍ന്നുകിടക്കുന്നത്. രാജാവിന്റെ പള്ളിയും പരിസരങ്ങളും സൃഷ്ടിക്കാന്‍ പാലക്കാട്ടെ റാവുത്തന്മാരേക്കാളും അവരുടെ പള്ളികളേക്കാളും ദൃശ്യപരമായും അനുഭവപരമായും അദ്ദേഹത്തെ സഹായിക്കുന്നത് മലപ്പുറത്തെ പള്ളികളിലെ മൊല്ലാക്കമാരുടെ അക്കാലത്തെ ദീനതകള്‍തന്നെയാവും. ആ ദീനതകള്‍ കാലലീലയായി വിജയന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് ആ കാലത്തിന്റെ അവശതകളും വിവശതകളുമാണ്.
പാലക്കാടന്‍ സ്ഥലരാശിയിലേക്ക് വിജയന്‍ വരച്ചുവച്ച രൂപങ്ങളുടെ ആദിമാതൃക മലപ്പുറത്തെ മാപ്പിളവീടുകളില്‍നിന്ന് കിട്ടിയതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുള്ള വായനക്കാരന് ഉറച്ചുപറയാന്‍ കഴിയും. വിജയസ്മൃതിയുടെ അടയാളമായി പൂര്‍ണകായപ്രതിമ വേണ്ടത് മലപ്പുറത്തിന്റെ പെരുമയായി വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കലില്‍തന്നെയാണ്. ഒ വി വിജയനിലെ ദാര്‍ശനികത തിടം വയ്ക്കുന്ന കാലം മലപ്പുറത്തിന്റേതാണെങ്കില്‍ അതില്‍ ഒറ്റുകൊടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചരിത്രത്തിന്റെ കരുത്തും കരുതലും കലര്‍ന്നുകിടപ്പുണ്ട്. അതേപോലെ അദ്ദേഹം പില്‍ക്കാലത്ത് എത്തിച്ചേര്‍ന്ന മതാതീതമായ മൗനത്തിന്റെ ആത്മീയപ്രതലങ്ങളും അന്നേ അദ്ദേഹത്തില്‍ കുടിപാര്‍പ്പ് തുടങ്ങിയിട്ടുണ്ട്. അതിനുകാരണം കുട്ടിക്കാലത്തേ ആവേശിച്ച ശാരീരികദുര്‍ബലതകളാവാം. എന്തായാലും വിജയന്‍ പടര്‍ന്നുകിടക്കുന്നത് പാലക്കാട്ടും ഡല്‍ഹിയിലും മാത്രമല്ല മലപ്പുറത്തും കൂടിയാണ്. അത് ഇന്നത്തെ മുസ്ലിംലീഗ് സുഹൃത്തുക്കള്‍ സമ്മതിച്ചുതന്നാലും ഇല്ലെങ്കിലും വസ്തുത അതുതന്നെയാണ്.
വിജയന്റെ ബന്ധുക്കളും സഖന്മാരും മുസ്ലിങ്ങള്‍തന്നെയാണ്. മുസ്ലിങ്ങള്‍ മാത്രമല്ല, മറ്റ് മതസ്ഥരുമാണ്. ഈ ചിന്തയെ ഉന്മേഷപ്പെടുത്തുന്ന അനുകൂലഘടകങ്ങള്‍ വിജയന്‍കൃതികളുടെ അലസവായനയില്‍പ്പോലും കണ്ടെത്താന്‍ കഴിയും. എന്നിട്ടും കണ്ണടച്ചിരുട്ടാക്കി പ്രതിമ തകര്‍ക്കുന്നുണ്ടെങ്കില്‍ ആനയെ കാണാന്‍ വിസമ്മതിക്കുന്ന അന്ധന്മാര്‍തന്നെയാണ് അതിനുപിന്നില്‍. പ്രതിമ പുനസ്ഥാപിച്ചതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങള്‍ തീരാന്‍ പോകുന്നില്ല. കേരളീയ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന സാംസ്കാരികഫാസിസത്തിന്റെ ആരംഭമാണ് ഇതെന്ന് മനസിലാക്കുക. ചെറുത്തുനില്‍പ്പ് ജനാധിപത്യ മതേതരശക്തികളുടെ ഭാഗത്തുനിന്ന് ഒന്നിച്ച് ഉണ്ടാവേണ്ടതാണ്. പ്രതിമ തകര്‍ക്കുന്നവര്‍ കണ്ടിരിക്കില്ല യഥാര്‍ഥ വിജയനെ. അവര്‍ കണ്ടത് ഹൈന്ദവബിംബങ്ങള്‍ ആവോളം ശേഖരിച്ച വിജയനെയാവും. എന്നാല്‍, ഹൈന്ദവനും മുമ്പുണ്ടായിരുന്ന ബൗദ്ധപാരമ്പര്യവും ജൈനപാരമ്പര്യവും പിന്നീട് ദേശീയമായ അര്‍ഥതലങ്ങളില്‍ സിഖ്പാരമ്പര്യവും(അദ്ദേഹത്തിന്റെ ഭാഷയില്‍ ശിഖന്മാര്‍) ജാട്ടുകളും വംഗനാടിന്റെ ഉണര്‍ച്ചകളും വൈദേശികപാരമ്പര്യവും അദ്ദേഹം ധാരാളമായി എടുത്തണിഞ്ഞിട്ടുണ്ട്.
വാസ്തവത്തില്‍ ലീഗുകാര്‍ക്കോ ഹൈന്ദവവര്‍ഗീയവാദികള്‍ക്കോ മുസ്ലിം വര്‍ഗീയവാദികള്‍ക്കോ മനസിലാക്കാന്‍ കഴിയുന്നതല്ല വിജയനില്‍ നിറഞ്ഞുകിടക്കുന്ന മതബോധം. കാരണമുണ്ട്, മലപ്പുറത്തെ ഹൈന്ദവകുടുംബാചാരങ്ങളും മാപ്പിളശീലുകളും ശീലങ്ങളും കലര്‍ന്നുകിടക്കുന്ന സംസര്‍ഗങ്ങളും ജീവിതപ്പാതിയായി സ്വീകരിച്ച ക്രൈസ്തവതയും ദക്ഷിണേന്ത്യയുടെയും പില്‍ക്കാലത്ത് ഉത്തരേന്ത്യയുടെയും അതുവഴി ഭാരതത്തിന്റെ ഒട്ടാകെയും സത്തകളും ചരിത്രത്തിന്റെ ഫലിതസാന്നിധ്യമായി അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു ആശ്രമത്തിന്റെ മതില്‍ക്കെട്ടിനകത്ത് പ്രതിമയായി ഒ വി വിജയന്‍ ഇനിയും മാറാത്തതും മാറുകയില്ലാത്തതും. അതുകൊണ്ടാണ് അധ്യാപകനാവാതെ പോയെങ്കിലും അധ്യാപകരെ വാര്‍ത്തെടുക്കുന്ന അധ്യാപകനായി ഉരുവപ്പെട്ട അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെടാന്‍ സ്കൂള്‍മുറ്റം നിമിത്തമായിത്തീരുന്നതും.
വിജയന്റെ പ്രതിമ വരേണ്ടത് റോഡരികിലോ ആശ്രമങ്ങളിലോ സാഹിത്യവേദികളിലോ അല്ല, വിദ്യാലയങ്ങളിലാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒ വി വിജയന്റെ പ്രതിമകള്‍ സ്ഥാപിക്കപ്പെടേണ്ടതാണ്. എന്നും വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം എന്നതുമാത്രമല്ല അതിനുകാരണമായി ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. മയിലും തുമ്പിയും ഓന്തുകളും കൃഷിസാമഗ്രികളും പിന്നോക്ക ബുദ്ധിക്കാരനും പുരോഗമനവാദിയും വിദ്യാസമ്പന്നനും സമ്മേളിക്കുന്ന ഒരു വിദ്യാലയം കേരളത്തിന്റെ മാതൃത്വമായി നിലനിന്നിരുന്നു എന്ന ആശയം സാഹിത്യത്തില്‍ പങ്കുവച്ച പ്രാധാന്യംകൂടി അതിനുണ്ട് എന്ന അര്‍ഥത്തിലുമാണ്. ജീവിച്ചിരുന്നപ്പോള്‍ ബുദ്ധിജീവികളെന്നു നടിക്കുന്നവര്‍ അദ്ദേഹത്തെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. യഥാര്‍ഥമായ മതബോധം കൊണ്ടുനടക്കുന്നവര്‍ എന്നു നടിക്കുന്നവരും അദ്ദേഹത്തെ ദുരാരോപണങ്ങളില്‍ തളച്ചിടാന്‍ നോക്കിയിരുന്നു. വിശ്വാസികളെന്ന് വിളിച്ചുപറയുന്നവര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അളക്കാനും മുതിര്‍ന്നു. അകറ്റിനിര്‍ത്തല്‍ എന്നും അനുഭവിച്ചിട്ടുള്ള വ്യക്തിയും എഴുത്തുകാരനുമാണ് ഒ വി വിജയന്‍ . മരിച്ചപ്പോഴും ശവസംസ്കാരത്തിനും പിന്നീട് ചിതാഭസ്മനിമജ്ജനത്തിലും തര്‍ക്കങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കാന്‍ കൂടെ നടന്നു.
അശ്ലീലമായ പതനങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ശവശരീരത്തിനുപോലും സഞ്ചരിക്കേണ്ടിവന്നത്. ഇപ്പോള്‍ പ്രതിമയുടെ രൂപം നശിപ്പിക്കുന്നതിലൂടെ കേരളത്തിലും സാംസ്കാരികഫാസിസം നടപ്പാക്കാനാവുമെന്ന് ഒരുകൂട്ടമാളുകള്‍ താക്കീത് ചെയ്യുന്നു. എന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ കോരിത്തരിപ്പോടെ കണ്ട കാര്യങ്ങള്‍ അവര്‍ അവരുടെ ഭാഷയ്ക്കും സ്വത്വത്തിനും ആരാധ്യരായ വ്യക്തികള്‍ക്കും കൊടുക്കുന്ന പരിഗണനയാണ്. കൊല്‍ക്കത്തയില്‍ എവിടെയും രബീന്ദ്രനാഥടാഗോറിനെ നമുക്ക് കാണാം. എവിടെയും രബീന്ദ്രസംഗീതം നമുക്ക് കേള്‍ക്കാം.സത്യജിത് റായിയുടെ സാന്നിധ്യമറിയാം. മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഴുത്തുകാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത് ആദരവോടെ നമുക്ക് കാണാം. തമിഴ്നാട്ടിലും ഇതേപോലെ വൈകാരികമായ അഭിനിവേശം അവിടത്തെ ജനത ഭാഷയോടും സംസ്കാരത്തോടും പുലര്‍ത്തിവരുന്നുണ്ട്. കേരളത്തില്‍മാത്രം സാംസ്കാരികമായി അനുദിനം നാം പിന്നോട്ടുപോകുന്നത് മലയാളികള്‍ക്ക് വ്യസനസമേതരായി നോക്കിനില്‍ക്കേണ്ടിവരികയാണ്.
കേരളത്തില്‍ ആള്‍ദൈവങ്ങളാണ് പെരുകുന്നത്. അക്ഷരം പറഞ്ഞുകൊടുത്തവരോ സാമൂഹിക പരിഷ്കര്‍ത്താക്കളോ ഛായാപടങ്ങളായും പ്രതിമകളായും നിര്‍മിക്കപ്പെടുകയോ ഓര്‍മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഹിന്ദു-ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളിലും ജാതികളിലും ഉഗ്രമായ വിധത്തില്‍ അന്ധവിശ്വാസവും തീവ്രമതബോധവും കടന്നുവരുന്നു. കേരളം പിന്നിലേക്ക് നിരങ്ങുന്നു. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിനുശേഷം മലയാളിയെ വിവേകം നശിച്ചവനാക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് ഈ നൂറ്റാണ്ടില്‍ നാം നടന്നുകൊണ്ടിരിക്കുന്നു. ഒരര്‍ഥത്തില്‍ "ധര്‍മ്മപുരാണം" നടപ്പിലായിക്കൊണ്ടിരിക്കുന്നു.
*
സുസ്മേഷ് ചന്ത്രോത്ത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013

1 comment:
ഓരോ മലയാളിയും വായിച്ചിരിക്കേണ്ടത്.
Post a Comment