Saturday, March 9, 2013

വിദ്യാഭ്യാസരംഗത്തെ "പരിഷ്കരണം"

ആഗോളസമ്പദ്ഘടനയുമായി ഇന്ത്യന്‍ സമ്പദ്ഘടനയെ ഉദ്ഗ്രഥിപ്പിച്ചതിന്റെ ഫലമായി സാമ്പത്തികമാന്ദ്യത്തിന്റെ തിക്തഫലങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി കേരളത്തിലും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് 2012 ആഗസ്ത് 21ന് സൂചനാപണിമുടക്കും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാലപണിമുടക്കും നടത്തി. ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആറു ദിവസത്തിനുശേഷം പണിമുടക്ക് താല്‍ക്കാലികമായി അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ പരിഷ്കാരങ്ങള്‍ തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിനും സുരക്ഷിതത്വം ഇല്ലാതാക്കുന്നതിനുമെതിരായി ഫെബ്രുവരി 20, 21 തീയതികളില്‍ രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ജീവനക്കാരും ചേര്‍ന്ന് പോരാട്ടത്തിലേര്‍പ്പെട്ടു. ആഗോളവല്‍ക്കരണശക്തികള്‍ക്കെതിരായ ഏറ്റവും വലിയ പോരാട്ടമായി പന്ത്രണ്ട് കോടിയില്‍പ്പരം ജനങ്ങള്‍ പങ്കെടുത്ത പണിമുടക്ക് സമരം മാറി. കേരളത്തിലെ സര്‍ക്കാര്‍ കോളേജ് മേഖലയില്‍ രണ്ട് പണിമുടക്കും വമ്പിച്ച വിജയമായിരുന്നു.

പുത്തന്‍ അറിവ് സമ്പത്തായി മാറുന്ന ലോകത്താണ് നാം ഇപ്പോള്‍. ദരിദ്രജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി അവരുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കേണ്ടതുണ്ട്. ആഗോളവല്‍കൃതസമ്പദ്ഘടനയിലേക്ക് മാറിയ ഇന്ത്യയില്‍ അന്ന് മുതല്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും വമ്പിച്ച തോതില്‍ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസം സമൂഹത്തിന് വേണ്ടിയല്ല, അത് ആര്‍ജിക്കുന്ന വ്യക്തിയുടെ സ്വകാര്യ നന്മയ്ക്കുവേണ്ടിയാണെന്നാണ് കേന്ദ്രസര്‍ക്കാരും നീതിന്യായപീഠങ്ങളും അഭിപ്രായപ്പെടുന്നത്. 2008 മുതല്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം ആഗോളവല്‍ക്കരണനയത്തിന്റെ പ്രയോക്താക്കളായ സാമ്രാജ്യത്വരാജ്യങ്ങളെ ഗുരുതരമായി ബാധിച്ചു. ഈ മാന്ദ്യം ലോകത്തിലുണ്ടായതില്‍വച്ചേറ്റവും ആഴവും പരപ്പുമേറിയതാണ്. മാന്ദ്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ്.

വിദേശത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും പൂട്ടുകയും നല്ലൊരുശതമാനം പൂട്ടല്‍ഭീഷണിയിലുമാണ്. സാമ്രാജ്യത്വശക്തികളുമായി കൈകോര്‍ത്തുപോകുന്ന ഇന്ത്യക്ക് അവര്‍ക്കുവേണ്ടി ഇന്ത്യയിലെ വിവിധമേഖലകള്‍ തുറന്നുകൊടുക്കുന്നതിനാവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം, ആണവക്കരാര്‍, പൊതുമേഖലാ- സ്വകാര്യമേഖലാ ബാങ്കുകളിലെ വിദേശപങ്കാളിത്തം, പെന്‍ഷന്‍ ഫണ്ട്, ഇന്‍ഷ്വറന്‍സ് മേഖല വിദേശസ്ഥാപനങ്ങള്‍ക്ക് തുറന്നുകൊടുക്കല്‍ മുതലായവ ഇവയില്‍ ചിലതാണ്. ഈ നയത്തിന്റെ ചുവടുപിടിച്ചാണ് വിദേശസര്‍വകലാശാലകള്‍ക്ക് കടന്നുവരുന്നതിനുള്ള ബില്ലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിന് സഹായകമായ പശ്ചാത്തലമൊരുക്കാന്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നയരൂപീകരണം കേന്ദ്രീകരിച്ച് കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകുന്ന ആറ് ബില്ലുകള്‍ വേറെയും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ബില്ലുകളും പാസാക്കി, പൊതുമേഖലയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ തകര്‍ത്ത് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖല സ്വദേശികളും വിദേശികളുമായ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോര്‍പറേറ്റുകള്‍ക്ക് ദേശീയസ്വത്തെല്ലാം തീറെഴുതികൊടുക്കുകയും നികുതിയിളവ് നല്‍കുകയും സര്‍ക്കാര്‍ ചെലവ് കുറയ്ക്കുകയും സാധാരണക്കാരുടെ മേല്‍ ഭാരിച്ച നികുതി ചുമത്തുകയും ചെയ്യുന്നതാണ് ആഗോളവല്‍ക്കരണവ്യവസ്ഥയില്‍ ഏര്‍പ്പെട്ട എല്ലാ ഭരണകൂടങ്ങളും ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസരംഗത്തെ പരിഷ്കരണനടപടികള്‍.

ദുരിതമനുഭവിക്കുന്ന എല്ലാ സാധാരണക്കാരും തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന വമ്പിച്ച പോരാട്ടങ്ങളിലൂടെ മാത്രമെ ഈ പ്രക്രിയയുടെ ആക്കത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ നയങ്ങളുള്ള, മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു രാഷ്ട്രീയപ്രസ്ഥാനമോ കൂട്ടുകെട്ടോ അധികാരത്തില്‍ വന്നാല്‍ മാത്രമെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും സുരക്ഷിതത്വം ഉറപ്പിക്കാനും സാധിക്കുകയുള്ളു. ഈ പോരാട്ടങ്ങളില്‍ എകെജിസിടിയും തങ്ങളുടെ പങ്ക് അനുഷ്ഠിക്കേണ്ടതുണ്ട്.

*
പ്രൊഫ. കെ ജയകുമാര്‍ (എകെജിസിടി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: