Thursday, March 7, 2013

നിലച്ചത് ഇടിമുഴക്കം

""ഇന്നലെ ഇവിടെ ഒരു ചെകുത്താന്‍ ഉണ്ടായിരുന്നു. ഇതാ ഇവിടെ തന്നെ. ഇപ്പോഴും ആ വെടിമരുന്നിന്റെ ഗന്ധം ഇവിടെ തളംകെട്ടിനില്‍ക്കുന്നു. ഇന്നലെ ഇവിടെ അമേരിക്കയുടെ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ ചെകുത്താന്‍ എന്നു വിളിച്ചത്. ഈ ലോകം തനിക്ക് തീറെഴുതിക്കിട്ടിയ സ്വത്തുപോലെയാണ് അയാള്‍ പ്രസംഗിച്ചത്. അതേ ശരിക്കും ലോകത്തിന്റെ ഉടമസ്ഥനെന്നപോലെ"" 2006 സെപ്തംബറില്‍ ഐക്യരാഷ്ട്രസഭയെ പിടിച്ചുലച്ച ഈ വാക്കുകള്‍ മറ്റാരുടേതുമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ആള്‍രൂപമായി മാറിയ ഹ്യൂഗോ ഷാവേസിന്റേതാണ്. ലോകത്തിലെ മിക്കവാറും രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന യുഎന്നില്‍ അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് ഇങ്ങനെ പരസ്യമായി പറയാന്‍ മറ്റാര്‍ക്കാണ് ധൈര്യം?

ഷാവേസിന്റെ വാക്കുകളില്‍നിന്ന് ജോര്‍ജ് ബുഷ് ഒളിച്ചോടുകയാണ് ചെയ്തത്. ഇപ്പോള്‍ ആ ശബ്ദം നിലച്ചിരിക്കുന്നു. സാമ്രാജ്യത്വകഴുകന്റെ എല്ലാ ആയുധങ്ങളോടും ഭയമേശാതെ പൊരുതിയ ധീരനെ മരണം കവര്‍ന്നെടുത്തു. ഇതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അമേരിക്ക തന്നെയായിരിക്കും. പലതവണ അധികാരത്തില്‍നിന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്ക് ആ മരണം തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുമായിരിക്കും. മരണത്തിന്റെ മുമ്പിലും ഷാവേസ് ധീരമായി പൊരുതി. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഊര്‍ജമായി ജനങ്ങള്‍ വീണ്ടും അനുകൂലമായി വിധിയെഴുതി. എന്നാല്‍, ഒളിച്ചിരുന്ന രോഗം മരണത്തിലേക്കുള്ള വഴിതുറക്കാവുന്ന കരുത്തുമായി വീണ്ടും വന്നതറിഞ്ഞപ്പോള്‍ തളര്‍ന്നില്ല. തന്റെ മരണം സൃഷ്ടിക്കാവുന്ന ശൂന്യതയില്‍നിന്നും മുതലെടുക്കാന്‍ കാത്തിരിക്കുന്നവരെകുറിച്ച് നന്നായി അറിയാവുന്നതുകൊണ്ട് പിന്‍ഗാമിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചു. മറ്റാരുടെയും സൗജന്യങ്ങള്‍ക്ക് കാത്തുനിന്നില്ല. എക്കാലത്തും വഴിതെളിച്ച ക്യൂബയുടെ മണ്ണില്‍ ചികിത്സ നേടി. അധികാരത്തിന്റെ വഴിയില്‍നിന്നും ആരോഗ്യപ്രശ്നങ്ങളാല്‍ കാസ്ട്രോ മാറിയപ്പോള്‍ കരുത്തോടെ ഷാവേസ് ലാറ്റിനമേരിക്കയെ നയിച്ചു. ആരായിരുന്നു ഷാവേസ്? ""ഞാന്‍ ഇവിടെ നില്‍ക്കുന്നത് വെനസ്വേലയുടെ പ്രസിഡന്റ് എന്ന നിലയില്‍ മാത്രമല്ല. ചില സവിശേഷമായ കാരണങ്ങളാല്‍ ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റായി. ഞാന്‍ ഹ്യൂഗോ ഷാവേസ്, ഒരു പോരാളി. അതെ, ഒരു വിപ്ലവകാരി"". 2005ല്‍ ബ്രസീലിലെ പോര്‍ട്ടോ അലഗ്രയില്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ വേദിയില്‍ നിലക്കാത്ത കൈയടികള്‍ക്കിടയില്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഈ വാക്കുകളില്‍ എല്ലാം ഉണ്ട്. ആര്‍ക്കെതിരായിരുന്നു ഷാവേസിന്റെ പോരാട്ടം? എന്തായിരുന്നു അദ്ദേഹം പിന്തുടര്‍ന്ന ദര്‍ശനം?

ചരിത്രത്തില്‍ പ്രധാനമായും ഷാവേസ് അടയാളപ്പെടുത്തുന്നത് സാമ്രാജ്യത്വ വിരുദ്ധപോരാളിയെന്ന നിലയില്‍ തന്നെയാണ്. സാമ്രാജ്യത്വരൂപമായ ആഗോളവല്‍ക്കരണഘട്ടത്തില്‍ ബദലുകളില്ലെന്ന വാദത്തിനു മറുപടി ഭരണാധികാരിയെന്ന നിലയിലും. ചരിത്രത്തില്‍ വ്യക്തി മഹദ്വല്‍ക്കരിക്കപ്പെടുന്നത് മൂര്‍ത്ത സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്ത മുദ്രാവാക്യം ആവിഷ്കരിക്കാനും അതിനു അനുസൃതമായ രൂപങ്ങള്‍ മുന്നോട്ടുവയ്ക്കാനും പിന്നില്‍ ജനതയെ അണിനിരത്താനും കഴിയുമ്പോഴാണ്. ചരിത്രം നിര്‍മിക്കുന്ന ജനങ്ങളെ ശരിയായി നയിക്കുന്നതിനു ഷാവേസിനു കഴിഞ്ഞു. അധികാരത്തില്‍വന്ന ഷാവേസിനെ അമേരിക്ക വല്ലാതെ ഭയപ്പെട്ടിരുന്നു. ആദ്യതെരഞ്ഞടുപ്പിന്റെ ഘട്ടത്തില്‍ വിസ നിഷേധിച്ചു. എന്നാല്‍, പ്രസിഡന്റായപ്പോള്‍ വിസ നല്‍കി. അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടി അനുസരിച്ച് ക്യൂബ കഴിഞ്ഞാണ് അമേരിക്ക ഉള്‍പ്പെടുത്തിയത്. ഇത് അമേരിക്കയ്ക്ക് ഇഷ്ടമായില്ല. പരിപാടിയില്‍ മാറ്റം വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട തലവനാണെന്നും മറ്റു രാജ്യങ്ങളിലെ ഭരണകൂട താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും ഷാവേസ് തീര്‍ത്തുപറഞ്ഞു. ഈ പ്രതികരണം അമേരിക്കയെ ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ഔദ്യാഗിക സ്വീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വൈറ്റ് ഹൗസിലെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കുന്ന മുറിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഒരു കൈയില്‍ സോഡയുമായി ബില്‍ ക്ലിന്റന്‍ ഷാവേസിനെ സ്വീകരിച്ചു. തന്നെ ഒരു ഭരണാധികാരിയായി പരിഗണിക്കാന്‍ തയ്യാറാകാത്തവരെ അതേ രൂപത്തിലാണ് ഷാവേസും കണ്ടത്. അഫ്ഗാനിസ്ഥാനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ആദ്യം പ്രതികരിച്ച ഭരണാധികാരി ഷാവേസായിരുന്നു. ഭീകരതയെ മറ്റൊരു ഭീകരതകൊണ്ട് തോല്‍പ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ അപലപിക്കേണ്ടതാണ് അഫ്ഗാനുനേരെയുള്ള ആക്രമണമെന്നായിരുന്നു ഷാവേസിന്റെ അഭിപ്രായം. ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ അംബാസഡര്‍ ഷവേസിനെ സന്ദര്‍ശിച്ചു. അവര്‍ തയ്യാറാക്കിയ പ്രസ്താവന വായിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു രാജ്യത്തിന്റെ തലവനോടാണ് സംസാരിക്കുന്നത്. നിങ്ങള്‍ എന്റെ രാജ്യത്തിലേക്കുള്ള അംബാസഡര്‍ മാത്രമാണ്. നിങ്ങള്‍ പരിധി വിട്ടിരിക്കുന്നു. എന്റെ ഓഫീസില്‍നിന്നും ഇപ്പോള്‍ ഇറങ്ങണം. അമേരിക്കയുടെ അംബാസാഡറോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യമുള്ള അധികം ഭരണാധികാരികള്‍ ലോകത്തുണ്ടാവില്ല.

ഹ്യൂഗോ ഷാവേസിനെ താഴെയിറക്കുന്നതിന് പ്രത്യേക പദ്ധതി അമേരിക്ക നടപ്പിലാക്കുകയുണ്ടായി. 2000 മുതല്‍ 2005 വരെ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം മൂന്നുകോടിയിലധികം ഡോളറാണ് ജനാധിപത്യം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ചെലവഴിച്ചത്. രണ്ടു ദിവസത്തേക്ക് അധികാരത്തില്‍നിന്ന് താഴെയിറക്കി അട്ടിമറി വിജയിച്ചെന്ന പ്രതീതി സൃഷ്ടിക്കുന്നതിനും കഴിഞ്ഞു. ജനശക്തിക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് പണിമുടക്കുകളുടെ പരമ്പര സൃഷ്ടിക്കാന്‍ നോക്കി. 68 ദിവസം രാജ്യം സ്തംഭിച്ചെന്ന പ്രതീതിയുണ്ടാക്കി. യഥാര്‍ഥത്തില്‍ അത് പണിമുടക്കായിരുന്നില്ല. ഉടമകള്‍ ലോക്ക് ഔട്ട് പ്രഖ്യാപിച്ച് സാമ്പത്തിക ജീവിതം സ്തംഭിപ്പിക്കുകയായിരുന്നു. ഈ ശ്രമത്തെയും മറികടക്കാന്‍ ഷാവേസിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും കഴിഞ്ഞു. 1992 ഫെബ്രുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇത്രയുമധികം തവണ ജനപിന്തുണ നേടിയ മറ്റൊരു ഭരണാധികാരി ലോകത്തുണ്ടാവില്ല. ജനാധിപത്യത്തെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് അദ്ദേഹം വച്ചുപുലര്‍ത്തി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം സമ്പന്നന്റെ ആധിപത്യം മാത്രമാണ്. അത് പൊളിച്ചെഴുതണം. അതിനു സോഷ്യലിസ്റ്റ് ജനാധിപത്യം വേണം. ജനാധിപത്യമെന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടുരേഖപ്പെടുത്തി ഭരണാധികാരികളെ തെരഞ്ഞെടുക്കല്‍ മാത്രമല്ല. അതൊരു ജീവിത രീതിയാണ്. ജനങ്ങള്‍ക്ക് അധികാരം കൈമാറലാണ്്. ഇന്ന് ജനാധിപത്യമെന്ന് വിളിക്കപ്പെടുന്ന സമ്പന്നന്റെ ഭരണകൂടം ജനതയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലല്ലെന്ന് ഷാവേസ് ഉറപ്പിച്ചു പറഞ്ഞു. ജനാധിപത്യ പ്രയോഗത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ക്ക് വെനസ്വേല നേതൃത്വം നല്‍കി. താരിഖ് അലി ചുണ്ടിക്കാണിക്കുന്നതുപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ചേര്‍ന്നുള്ള പുതിയ പ്രവര്‍ത്തനത്തിനു വെനസ്വേല മാതൃകയായി. ഈ സംഘടനകള്‍ ഉദാരവല്‍ക്കരണത്തിന്റെ സന്നദ്ധസംഘടനകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളുടെ നിയന്ത്രണം ഇവയ്ക്കുണ്ട്. അതോടൊപ്പം തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ അയല്‍ക്കൂട്ടങ്ങള്‍ പോലുള്ള സംവിധാനത്തിനും പങ്കുണ്ട്. ജനങ്ങളുടെ അവകാശം തെരഞ്ഞെടുക്കലില്‍ മാത്രമല്ല, പിന്‍വലിക്കുന്നതിലേക്കും വികസിക്കുന്നു. വിദ്യാഭ്യാസം, വീട്, ആരോഗ്യം, ഭൂപരിഷ്കരണം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് താഴേതലത്തില്‍ നേതൃത്വം നല്‍കുന്നത് അയല്‍ക്കൂട്ട സംവിധാനങ്ങളാണ്. ഇവയെ സമരരൂപംകൂടിയായി ഷാവേസ് വികസിപ്പിച്ചെടുത്തു. ഇതിന്റെ ഭാഗമായി എല്ലാ സാമുഹ്യസൂചകങ്ങളിലും വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ദശകങ്ങളില്‍ വെനസ്വേലക്ക് കഴിഞ്ഞു. സോഷ്യലിസമാണ് തന്റെ ദര്‍ശനമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തെല്ലും സംശയമുണ്ടായില്ല. അത് 21-ാം നൂറ്റാണ്ടിന്റെ സോഷ്യലിസമായിരിക്കണമെന്നും പറഞ്ഞു. യന്ത്രങ്ങള്‍ക്കും ഭരണകൂടത്തിനുമല്ല മനുഷ്യനായിരിക്കണം ഇതില്‍ പ്രധാനമെന്നും പുതിയ മാതൃക ലോകം ചര്‍ച്ച ചെയ്യണമെന്നും ഷാവേസ് അഭ്യര്‍ഥിച്ചു. സോഷ്യലിസം മനുഷ്യന്റെ മോചനദര്‍ശനംതന്നെയാണല്ലോ.

തൊഴിലാളി സഹകരണസംഘങ്ങളിലുടെ ഉടമസ്ഥതയുടെ പുതിയ രൂപം വികസിപ്പിക്കാന്‍ ശ്രമം തുടങ്ങി. എണ്ണയുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം സാമൂഹ്യസേവനത്തിനായി മാറ്റിവച്ചു. ഇപ്പോഴും അവിടെ സമ്പദ്ഘടനയുടെ മൂന്നില്‍ രണ്ടും മുതലാളിത്തത്തിനു കീഴിലാണെങ്കിലും ബദല്‍ മാതൃകക്ക് തുടക്കമിടാന്‍ കഴിഞ്ഞു. സാമ്രാജ്യത്വാധിപത്യത്തിന്റെ എല്ലാ ഉപകരണങ്ങള്‍ക്കും ബദല്‍ സൃഷ്ടിക്കാന്‍ ഷാവേസ് ശ്രമിച്ചു. തെക്കിന്റെ പ്രത്യേക ബാങ്കു രൂപീകരണത്തിലൂം സ്വന്തമായ മാധ്യമശൃംഖല നിര്‍മിതിയിലും അത് കാണാം. അമേരിക്കയുടെ സ്വന്തന്ത്ര വ്യാപാരമേഖലക്ക് പകരം രൂപീകരിച്ച ബൊളിവേറിയന്‍ ബദല്‍ സംഘടന ബഹുധ്രുവതയുടെ ശക്തിരൂപമാണ്. ഷാവേസ് എപ്പോഴും ദേശീയവികാരം ഉയര്‍ത്തിപ്പിടിച്ചു. സാര്‍വദേശീയ വീക്ഷണവും കൈവിട്ടില്ല. രാഷ്ട്രങ്ങളുടെ പരമാധികാരം മുറുകെ പിടിക്കുകയുണ്ടായി. അമേരിക്കയുടെ ഉറക്കംകെടുത്തിയ ഷാവേസിന്റെ ഇടിമുഴക്കം നിലച്ചിരിക്കുന്നൂ. ജനതയെ ശാക്തീകരിക്കുകയും ലാറ്റിനമേരിക്കയെ ശക്തിപ്പെടുത്തുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നതല്ല.

*
ദേശാഭിമാനി

No comments: