Saturday, March 30, 2013

മുതലാളിത്തം കാടത്തമാണ്


2005ല്‍ കരാക്കസില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഷാവേസ് ചെയ്ത പ്രസംഗം

ഇക്കാഷ്യോ റാമോണെ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് ഞാന്‍ ഒരു പുതിയതരം നേതാവാണ് എന്നാണ്. ഞാനത് ഏറ്റെടുക്കുന്നു; പ്രത്യേകിച്ചും ഇക്കാഷ്യോവിന്റേതുപോലുള്ള തെളിഞ്ഞ മനസ്സില്‍നിന്നുവരുന്ന ആ പ്രയോഗം. പക്ഷേ ഒട്ടനവധി പ്രായംചെന്ന നേതാക്കള്‍ എന്റെ പ്രചോദന കേന്ദ്രങ്ങളായുണ്ട്. എക്കാലത്തെയും വലിയ വിപ്ലവകാരിയായ യേശുക്രിസ്തുവിനെപ്പോലെ വളരെ പഴയവര്‍; ലോകചരിത്രത്തിലെ സാമ്രാജ്യത്വ വിരുദ്ധപോരാളിയായ യഥാര്‍ഥ ക്രിസ്തു, പാവങ്ങളുടെ വിമോചകന്‍! ഈ ഭൂപ്രദേശങ്ങളുടെ തലങ്ങുംവിലങ്ങും സഞ്ചരിച്ച് ജനങ്ങളില്‍ പ്രത്യാശപകര്‍ന്നുകൊണ്ട് വിമോചിതരാവാന്‍ അവരെ സഹായിച്ച സൈമണ്‍ ബൊളിവാര്‍; അല്ലെങ്കില്‍ നമ്മുടെ ഭൂഖണ്ഡത്തിന്റെ ഓരോ ഊടുപാതയിലൂടെയും ഒരു മോട്ടോര്‍സൈക്കിളില്‍ ചുറ്റിയടിച്ചുകൊണ്ട് 1955ല്‍ ഗ്വാട്ടിമാലയില്‍ നടന്ന പരദേശി ആക്രമണം - വടക്കനമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ ഭൂഖണ്ഡത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റനേകം അപമാനപ്പെടുത്തലുകളില്‍ ഒന്ന് - നേരില്‍ കാണാനായി മധ്യ അമേരിക്കയിലെത്തിയ ആ അര്‍ജന്റീനന്‍ ഡോക്ടര്‍; അല്ലെങ്കില്‍ ആ താടിക്കാരന്‍ കാരണവര്‍ - ഫിദല്‍ കാസ്ട്രോ. അബ്ര്യു ലിമ, ആര്‍ടിഗാസ്, സാന്‍മാര്‍ട്ടിന്‍, ഓഹിജിന്‍സ് എമിലിയാനോ സപാട്ടാ, പാഞ്ചോ വില്ല, സാന്റിനോ, മൊറാസന്‍, ട്യൂപാക് അമാറു - ഈ വയോജനങ്ങളില്‍നിന്നെല്ലാം ഒരുവന് ആവേശമുള്‍ക്കൊള്ളാം. ഒരു ചുമതല ഏറ്റെടുത്ത വയോജനങ്ങള്‍. ഇപ്പോള്‍ എനിക്ക് അവരെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മനസ്സിലാക്കാനാവുന്നുണ്ട് -കാരണം, നാം ഏറെ കടുത്ത ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്; അവരെല്ലാം തിരിച്ചുവരികയാണ്.

ഇന്ന് നാം ദശലക്ഷങ്ങളാണ്. ഈ വൃദ്ധജനങ്ങളിലൊരാള്‍, അദ്ദേഹം കഷ്ണങ്ങളായി പിച്ചിച്ചീന്തപ്പെടുകയായിരുന്നു. കൈയിലും കാലിലും കുതിരകളെ കെട്ടിവലിക്കുകയായിരുന്നു. സാമ്രാജ്യത്വങ്ങളെല്ലാം എന്നും എപ്പോഴും ക്രൂരമായിരുന്നു. നല്ല സാമ്രാജ്യത്വവും മോശം സാമ്രാജ്യത്വവുമില്ല. അവ എന്നും അസാധാരണമാംവിധം നിഷ്ഠുരവും കുടിലവുമായിരുന്നു. അവര്‍ എന്തു ധരിക്കുന്നുവെന്നതോ, എങ്ങനെ സംസാരിക്കുന്നുവെന്നതോ ഒരു പ്രശ്നമേയല്ല. താന്‍ മരിക്കാന്‍ പോവുകയാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞു: ""ഇന്നു ഞാന്‍ മരിക്കുകയാണ്. പക്ഷേ ഒരുനാള്‍ ഞാന്‍ തിരിച്ചെത്തും. ദശലക്ഷങ്ങളായി""അതാഹുവാല്‍പാ ഇന്ന് തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ദശലക്ഷങ്ങളാണ്. ടുപാക് അമാറു തിരിച്ചെത്തിയിരിക്കുന്നു - ദശലക്ഷങ്ങളായി. ബൊളിവാര്‍ തിരിച്ചെത്തിയിരിക്കുന്നു, അദ്ദേഹവും ദശലക്ഷങ്ങളാണ്. സുകര്‍, സപാടാ, അതേ ഇവിടെ ഇപ്പോള്‍ അവര്‍ നമുക്കൊപ്പം തിരിച്ചെത്തിയിരിക്കുന്നു - ഈ നിറഞ്ഞുകവിഞ്ഞ ഗിഗാന്‍ തിന്‍ഹോ സ്റ്റേഡിയത്തില്‍.

രണ്ടുവര്‍ഷം മുമ്പ് ഇവിടെ പോര്‍ടോ അലഗ്രേയില്‍ മൂന്നാം ലോകസോഷ്യല്‍ഫോറത്തില്‍ വച്ച് ഞാന്‍ പറഞ്ഞതുപോലെ ഈ സോഷ്യല്‍ഫോറം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സംഭവമാണ്. നാമിവിടെ വന്നിരിക്കുന്നത് പഠിക്കാനും വിജ്ഞാനം വശത്താക്കാനുമാണ്. നമ്മെ ഇവിടെ നിറഞ്ഞുകവിയുന്ന അഭിനിവേശത്തിന്റെ വികാരത്തില്‍ സ്വയം കുതിരാനുമാണ്. നമ്മള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്. കാരണം വെനസ്വേലന്‍ പ്രക്രിയ ഏതൊരു ട്രയല്‍റണ്ണും എന്നതുപോലെ സൂക്ഷ്മനിരീക്ഷണം നടത്തേണ്ടതും പരിഷ്കരിച്ചു കൊണ്ടേയിരിക്കേണ്ടതുമാണ്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അത്ഭുതകരമായ അനുഭവങ്ങള്‍ക്കുമായി തുറന്നിട്ടുകൊടുത്ത ഒരു പരീക്ഷണമാണത്.

വേള്‍ഡ് സോഷ്യല്‍ഫോറം അതിന്റെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചക്കുമുള്ള ഒരു ബലിഷ്ഠവും വിശാലവും വ്യത്യസ്തവുമായ തറയാണ്. പുറന്തള്ളപ്പെട്ടവരുടെ ഭൂരിപക്ഷവും അധികാരത്തിന്റെ ഇടനാഴികളില്‍ യാതൊരു ശബ്ദമില്ലാത്തവരുമാണ് ഇവിടെ തങ്ങളുടെ സ്വയംപ്രകാശനത്തിനും പ്രതിഷേധ പ്രകടനത്തിനുമായി എത്തുന്നത്. തങ്ങള്‍ ആരാണെന്ന് പറയാനും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രഖ്യാപിക്കാനുമാണ് അവരിവിടെ വന്നു പാടുന്നത്, തങ്ങളുടെ കവിതകള്‍ ചൊല്ലുന്നത് - ഒരു സമവായത്തിലെത്താം എന്ന തങ്ങളുടെ പ്രതീക്ഷയുമായി.

ഒരു പ്രസിഡന്റാണ് എന്ന് എനിക്ക് തോന്നുന്നേയില്ല. പ്രസിഡന്റായത് തികച്ചും യാദൃച്ഛികമായാണ്. ഏതൊരു ടീമിലെ അംഗത്തെയുംപോലെ ഞാന്‍ എന്റെ ഭാഗം നിറവേറ്റുക മാത്രമാണ്. ഒരു കടമ നിറവേറ്റുന്നുവെന്നേയുള്ളൂ. പക്ഷേ ഞാനൊരു കര്‍ഷകനാണ്, ഞാനൊരു ഭടനാണ്. മെച്ചപ്പെട്ടതും സാധ്യമായതുമായ ഒരു ബദല്‍ ലോകത്തിനുള്ള, ഈ ഭൂമിയെ രക്ഷിക്കാനാവശ്യമായ ഒരു പദ്ധതിയോട് കൂറുള്ള ഒരു മനുഷ്യനാണ് ഞാന്‍. വിപ്ലവകരമായ ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റൊരുശിരന്‍ പ്രവര്‍ത്തകനാണ് ഞാന്‍.

മിലിറ്ററി സ്കൂളില്‍ ചേര്‍ന്നതു മുതല്‍ ഞാനൊരു മാവോയിസ്റ്റായിരുന്നു. ഞാന്‍ ചെഗുവേര വായിച്ചു. ബൊളിവാറിനെ വായിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളും പഠിച്ചു. അങ്ങനെ ഒരു ബൊളിവാറിയന്‍ മാവോയിസ്റ്റായി. അതിന്റെ ഒരു സമ്മിശ്രസങ്കരം. മാവോ പറയുന്നുണ്ട്, ഏതൊരു വിപ്ലവകാരിയും തന്റെ മിത്രങ്ങളാര്, ശത്രുക്കളാര് എന്നത് കൃത്യമായും തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണ് എന്ന്.

ലാറ്റിനമേരിക്കയില്‍ ഇത് പ്രത്യേകിച്ചും പ്രധാനമാണ്. ശതകങ്ങളായി നാം കുടുങ്ങിക്കിടക്കുന്ന പ്രഹേളികയില്‍നിന്ന് പുറത്തുകടക്കാന്‍ നമുക്കാവണമെങ്കില്‍, അത് വിപ്ലവത്തിന്റെ പാതയിലൂടെ മാത്രമാണ് എന്ന കാര്യത്തില്‍ എനിക്ക് ഉത്തമബോധ്യമുണ്ട്. ഉറുഗ്വേന്‍ കവിയായ മറിയോ ബെന്‍ഡറ്റിയുടെ ഭാഷയില്‍ പറഞ്ഞാല്‍, തെക്കും നിലനില്‍ക്കുന്നുണ്ട്. വടക്കനമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒട്ടനവധി വിപ്ലവകാരികളുണ്ട്. ഒരുപക്ഷേ ഞാന്‍ പറയുന്നത്, തെറ്റായിരിക്കാം, എന്നാലും ഞാന്‍ കരുതുന്നു, ലോകത്ത് അടിയന്തരമായും ത്വരിതഗതിയിലും മാറ്റം വരണമെന്ന ശക്തമായ അവബോധം കൂടുതലായുള്ളത് തെക്കാണ്.

1956ല്‍ നാം ബന്ദൂങ്ങില്‍ ഒരുച്ചകോടി ചേര്‍ന്നു. അവിടെയാണ് ചേരിചേരാ പ്രസ്ഥാനം പിറവിയെടുത്തത്. തെക്കിന്റെ മനസ്സാക്ഷിയെക്കുറിച്ചുള്ള ആശയം രൂപംകൊണ്ടത് അവിടെ വച്ചാണ്. പക്ഷേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ബര്‍ളിന്‍ മതിലിന്റെ പതനത്തോടെ, സ്റ്റിഗ്ലിറ്റ്സ് പറഞ്ഞതുപോലെ, ""ആഹ്ലാദകരമായ 90കളുടെ"" കാലമായി. നമ്മളാകെ, പ്രത്യക്ഷമായ ആഹ്ലാദത്തിലായിരുന്നു. ചരിത്രത്തിന്റെ അവസാനം, ശാസ്ത്രസാങ്കേതിക വിദ്യയുടെ യുഗം, അങ്ങനെ തെക്കിന്റെ മനസ്സാക്ഷി ജഡീഭവിച്ചു. പിന്നെയൊരു ഹിമാനി പതനമായിരുന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ നിര്‍ദേശം, തനി നിയോ കൊളോണിയലിസം, പുതിയ വേഷത്തില്‍ നിയോ ലിബറലിസമെന്ന പേരില്‍, ഐഎംഎഫിന്റെ സകലമാന നയങ്ങളും ലത്തീനമേരിക്കക്കായുള്ള പ്രത്യേകതരം വിഷത്തോടെ, കുത്തിവയ്ക്കപ്പെട്ടു.

ഇന്ന്, ലോക സോഷ്യല്‍ഫോറം - ഇതിനേക്കാള്‍ ഉചിതമായ മറ്റൊരിടമില്ല - ലോകത്തെ രഷിക്കാനായി എടുക്കേണ്ട ആദ്യനടപടി തെക്കിന്റെ മനസ്സാക്ഷി വീണ്ടെടുക്കുകയാണ് എന്നുപറയാനുള്ള അവസരമായിരിക്കുന്നു. തെക്കിന്റെ മനസ്സാക്ഷി പുനര്‍വിക്ഷേപിക്കുക, വടക്കുള്ള പലര്‍ക്കും ഇതറിയാനിടയില്ല. പക്ഷേ വടക്കിന്റെ ഭാവി തെക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്തെന്നാല്‍, നാം ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ മെച്ചപ്പെട്ട ഒരു ലോകമെന്നത് യാഥാര്‍ഥ്യമാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ നാവികരുടെ ബയനറ്റുകള്‍ക്കും ബുഷിന്റെ മാരകബോംബുകള്‍ക്കും മുമ്പില്‍ നാം തോറ്റുപോയാല്‍, നമുക്ക്, തെക്കിന്, നവസാമ്രാജ്യത്വ ആക്രമണങ്ങളെ ചെറുക്കാനുള്ള ശക്തിയും അന്തഃകരണ വിശുദ്ധിയും സംഘടനയും ഇല്ലെങ്കില്‍ ബുഷിന്റെ തിട്ടൂരങ്ങള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെങ്കില്‍ ലോകം തന്നെ തകര്‍ന്നുപോവും.

ധ്രുവാഗ്രങ്ങള്‍ ഉരുകിയൊലിച്ച് രാജ്യങ്ങളാകെ വെള്ളത്തിനടിയിലാവുന്നതിനുമുമ്പ് ഈ ഭൂഗോളം നൂറുകണക്കിന് ഹിംസാത്മക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. നിയോ ലിബറല്‍ മാതൃകകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനതകള്‍ സമാധാനപരമായി കൈയും കെട്ടി സ്വീകരിക്കില്ല. പട്ടിണികിടന്ന് ചാവുന്നതിലും ഭേദം മരണമാണ് എന്ന് അവര്‍ തിരിച്ചറിയും. ട്രോട്സ്കി പറഞ്ഞിട്ടുണ്ട്, ഏതൊരു വിപ്ലവത്തിനും മുമ്പ് പ്രതിവിപ്ലവത്തിന്റെ ഒരു ചാട്ടവാറുണ്ടാവുമെന്ന്! പ്രതിവിപ്ലവമാകട്ടെ, നമ്മെ നന്നായി ചാട്ടക്കിരയാക്കി - സാമ്പത്തിക - മാധ്യമ - സാമൂഹിക അട്ടിമറികളിലൂടെ, ഭീകരത, ബോംബുകള്‍, ഹിംസയും ചോരയും മരണവും, പട്ടാള അട്ടിമറികള്‍, സ്ഥാപനപരമായ കൃത്രിമപ്പണികള്‍, അന്താരാഷ്ട്ര സമ്മര്‍ദം - വെനസ്വേലയെ ഒരു സാമന്തരാജ്യമാക്കി മാറ്റാന്‍ അവര്‍ പരിശ്രമിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ക്കുമേല്‍ അവര്‍ രാഷ്ട്രാന്തരീയ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്കും ഭരണഘടനകള്‍ക്കും മേലെ. പക്ഷേ വെനസ്വേലന്‍ ജനത ഈ പ്രഭു ജനാധിപത്യത്തിന് ഒരു കാര്യം ബോധ്യപ്പെടുത്തിക്കൊടുത്തു - തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന്!

ഞങ്ങള്‍ ചെറുത്തുനിന്നു. സ്വയം പ്രതിരോധിച്ചു. പിന്നെ പ്രത്യാക്രമണം നടത്തി. അതിന്റെ ഭാഗമായി 2003ല്‍ ആദ്യമായി വെനസ്വേല അതിന്റെ എണ്ണക്കമ്പനികള്‍ വീണ്ടെടുത്തു. അത് അതിനുമുമ്പ് വെനസ്വേലന്‍ സമ്പന്ന പ്രഭുക്കളുടെയും വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കൈയിലായിരുന്നു. ഞങ്ങളിപ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹികമേഖലക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ലഘുവായ്പക്കും ഭവനനിര്‍മാണത്തിനുമായി 400 കോടി ഡോളര്‍ നീക്കിവയ്ക്കുന്നുണ്ട്. നിയോലിബറലുകള്‍ പറയുന്നത്, ഞങ്ങള്‍ കാശ് എറിഞ്ഞുകളയുകയാണ് എന്നാണ്. പക്ഷേ മുമ്പ്, ഇവര്‍ ഇത് പരദേശികള്‍ക്ക് (ഗ്രിന്‍ഗോ) വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ തമ്മില്‍ വീതിച്ചെടുക്കുകയായിരുന്നു - തങ്ങളുടെ അപവാദപരമായ ബിസിനസ്സ് ഇടപാടുകളിലൂടെ.

ഞങ്ങള്‍ എല്ലാവരോടും പഠിക്കാന്‍ പറഞ്ഞു. അമ്മൂമ്മമാരോടും കുഞ്ഞുങ്ങളോടും - അവരില്‍ പലരും കടുത്ത ദുരിതത്തിലാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒരാള്‍ക്ക് ഒരുമാസം 100 ഡോളര്‍ കിട്ടുന്ന നിരക്കില്‍ കാശ് നല്‍കാനാവുന്ന ഒരു സംവിധാനമുണ്ടാക്കി - 5 ലക്ഷം പേര്‍ക്ക് ഗ്രാന്റ്. ഏതാണ്ട് 60 കോടി രൂപ വരും ഒരു വര്‍ഷത്തേക്ക്. ഇത്രയും തുക മുമ്പ് ഞങ്ങളില്‍നിന്നും കവര്‍ന്നെടുക്കപ്പെടുകയായിരുന്നു. ഇപ്പോളത് പുനര്‍വിതരണം നടത്തി പാവപ്പെട്ടവരെ ശാക്തീകരിക്കുകയാണ്. തങ്ങളുടെ സ്വന്തം ദാരിദ്ര്യത്തെ തോല്‍പ്പിക്കാനായി പാവങ്ങളെ സഹായിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ക്ക് പല പദ്ധതികളുമുണ്ട്. ഉദാഹരണത്തിന് ബാരിയോ ആഡെന്‍ട്രോ. അതൊരു ദേശീയ ധര്‍മസമരമാണ്. എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ഒരു കുരിശുയുദ്ധം. സിവിലിയന്മാര്‍, പട്ടാളക്കാര്‍, വൃദ്ധര്‍, യുവാക്കള്‍, സമുദായങ്ങള്‍, ദേശീയ ഗവണ്‍മെന്റും തദ്ദേശീയ സര്‍ക്കാരുകളും കീഴ്ത്തല സാമൂഹിക സംഘടനകള്‍- ഇതിനുള്ള സഹായമെത്തിക്കുന്നതാകട്ടെ, ക്യൂബന്‍ വിപ്ലവകാരികളും. ഇന്ന് ക്യൂബയില്‍ നിന്നുള്ള 25,000 ഡോക്ടര്‍മാരും ദന്തവൈദ്യന്മാരും ഞങ്ങളുടെ പരമദരിദ്രര്‍ക്കൊപ്പം ജീവിക്കുന്നു. അവര്‍ക്കൊപ്പം വെനസ്വേലക്കാരായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നേഴ്സുമാരും. 2004ല്‍ മാത്രം, 5 കോടി കേസുകളാണ് ഇവര്‍ പരിശോധിച്ചത്. അതാകട്ടെ, വെനസ്വേലന്‍ ജനസംഖ്യയുടെ ഇരട്ടി വരും. മുമ്പാകട്ടെ, ഇതിനൊക്കെ നീക്കിവയ്ക്കേണ്ട കാശാകെ രാജ്യാതിര്‍ത്തി കടന്നിരുന്നു. മുമ്പ് വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിച്ചിരുന്നു. അതാണ് നിയോലിബറല്‍ സാമ്രാജ്യത്വ പദ്ധതി. ആരോഗ്യമേഖല സ്വകാര്യമുതലാളിമാരുടെ പിടിയിലായിരുന്നു. അതനുവദിക്കാനാവില്ല. അതൊരു മൗലിക മനുഷ്യാവകാശമാണ്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍ - ഇവയൊന്നും സ്വകാര്യ മൂലധനത്തിന്റെ അത്യാര്‍ത്തിക്ക് വിട്ടുകൊടുത്തുകൂടാ. ജനതകള്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിക്കുന്നത് കാടത്തത്തിലേക്കുള്ള പോക്കാണ്; മുതലാളിത്തം കാടത്തമാണ്.

ദിനേനയെന്നോണം, ഞാനൊരു കാര്യം കൂടുതല്‍ക്കൂടുതലായി തിരിച്ചറിയുകയാണ്. കുറഞ്ഞ മുതലാളിത്തം സമം കൂടിയ സോഷ്യലിസം എന്ന കാര്യം. മുതലാളിത്തത്തെ നമുക്ക് മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. പക്ഷേ അകത്തിരുന്നുകൊണ്ട് അതിനെ പുതുക്കിപ്പണിയാനാവില്ല. സോഷ്യലിസം വഴി മാത്രമേ അതിനെ മാറ്റിത്തീര്‍ക്കാനാവൂ. തുല്യതയും നീതിയും -മുതലാളിത്തശക്തിക്ക് അതീതമാവാനുള്ള വഴി അതു മാത്രമാണ്. ഇത് നിറവേറ്റാന്‍ ജനാധിപത്യത്തില്‍ കഴിയും എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പക്ഷേ കണ്ണുതുറന്നു നോക്കുക, ഏതുതരം ജനാധിപത്യമാണോ മിസ്റ്റര്‍ സൂപ്പര്‍മാന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, ആ ജനാധിപത്യമല്ല എന്നുറപ്പു വരുത്തുക.

ചെഗുവേരയെ ഞാന്‍ വളരെയേറെ ആരാധിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രായോഗികമായിരുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഗറില്ലാ യൂണിറ്റ് ഒരുപക്ഷേ പര്‍വതമുകളിലെ 100 പേര്‍, ക്യൂബയില്‍ അതിന് സാധ്യതയുണ്ടാവാം. പക്ഷേ മറ്റെവിടെയും സ്ഥിതി വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ചെക്ക് ബൊളീവിയയില്‍ മരണമടയേണ്ടിവന്നത്. ഒരു ക്വിക്സോട്ടിക്കന്‍ കഥാപാത്രം! ഇന്ന് ഗറില്ലാ സെല്ലുകള്‍ ഉള്‍പ്പെടുന്നതല്ല സ്ഥിതിഗതികള്‍. അവരെ പര്‍വതപ്രദേശങ്ങളില്‍ റെയ്ഞ്ചര്‍മാര്‍ക്കോ നാവികര്‍ക്കോ വളഞ്ഞിടാം - ചെഗുവേരയോട് കാട്ടിയതുപോലെ. അവര്‍ ആകെ ഒരുപക്ഷേ 50 പേരേ ഉണ്ടായിരുന്നുള്ളൂ, മറ്റവരുടെ 500നു പകരമായി. ഇന്ന് ഞങ്ങള്‍ ദശലക്ഷങ്ങളാണ്, അവരെങ്ങനെയാണ് ഞങ്ങളെ വളയുക? ശ്രദ്ധിക്കുക, നമ്മളായിരിക്കും അവരെ വളയുക. ഇതുവരെയും അതായിട്ടില്ല. പക്ഷേ കുറേശ്ശെ കുറേശ്ശെയായി. സാമ്രാജ്യങ്ങളെ ചിലപ്പോള്‍ വളയാനാവില്ല. അവ അകത്തുകിടന്ന് അളിയും. എന്നിട്ട് നിലംപൊത്തി തകരും. റോമാസാമ്രാജ്യവും മറ്റു നിരവധി യൂറോപ്യന്‍ സാമ്രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തകര്‍ന്നതുപോലെ. ഒരുനാള്‍ അമേരിക്കന്‍ സാമ്രാജ്യത്വം അത് അകത്ത് പേറുന്ന കെട്ട ഭാഗങ്ങള്‍ കാരണം നിലംപൊത്തിയേക്കാം. എന്നിട്ട് മാര്‍ടിന്‍ ലൂതര്‍ കിങ്ങിന്റെ മഹത്തായ ജനത, നമ്മുടെ സഹോദരീസഹോദരന്മാര്‍ സ്വതന്ത്രരായേക്കും.

ഞങ്ങളിപ്പോഴും വിജയം പ്രഖ്യാപിക്കുന്നില്ല. പക്ഷേ യാഥാര്‍ഥ്യം തെളിയിക്കുന്നത് ഞങ്ങള്‍ അതിലേക്കുള്ള വഴിയിലാണെന്നാണ് -പ്രതിദിനം ഞങ്ങള്‍ക്കതിനെ പരിപാലിക്കേണ്ടതുണ്ടെങ്കിലും. എല്ലാ ദിവസവും എന്റെ സഖാക്കാളോടുള്ള എന്റെ ഉദ്ബോധനങ്ങളില്‍ പെടുന്ന ഒന്നാണ് അക്കാര്യം. ചെ പറഞ്ഞതുപോലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനും അഴിമതിക്കുമെതിരെ പോരാടിക്കൊണ്ട് നമുക്ക് വിപ്ലവകരമായ ഒരു ശ്രേഷ്ഠത കൈവരിക്കാനാവണം. 2003ലും 2004ലും നാം കണ്ട വെനസ്വേലന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിപ്പെടല്‍ - ഉല്‍പാദനമേഖലയും കൃഷിയും എല്ലാം മുന്നേറുകയായിരുന്നു. ഒരു ദീര്‍ഘകാലത്തിനിടയില്‍ ഇതാദ്യമായാണ്, ഇനി അരി ഇറക്കുമതി വേണ്ടെന്നു പറയാന്‍ നമുക്കാവുന്നത്. ധാന്യങ്ങളുടെ കാര്യത്തിലും നമ്മള്‍ സ്വാശ്രയരാണ്. ഞങ്ങളുടെ കൃഷിയെ രക്ഷപ്പെടുത്തുന്ന നടപടികള്‍ ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ഭക്ഷ്യസുരക്ഷ നേടിയെടുക്കും. ഭൂവുടമകള്‍ക്കെതിരായ യുദ്ധത്തില്‍ എംഎസ്ടിയുടെ മാതൃക ഞങ്ങള്‍ അംഗീകരിക്കുന്നു. അത് ഞങ്ങള്‍ക്കും ഈ ഭൂഖണ്ഡത്തിലെ കര്‍ഷകര്‍ക്കാകെയും ഒരുദാഹരണമാണ്.

2004ല്‍ ഞങ്ങള്‍ മെര്‍കൂസറില്‍ അംഗത്വം നേടി. (ദക്ഷിണ അമേരിക്കന്‍ പൊതുവിപണിയാണ് മെര്‍ക്കൂസര്‍). അതിന്റെ രൂപരേഖയെക്കുറിച്ച് എനിക്ക് എതിരഭിപ്രായമുണ്ട്; പക്ഷേ എന്നിട്ടും ഞങ്ങളതില്‍ ചേരാന്‍ തീരുമാനിച്ചു. 5 വര്‍ഷംമുമ്പ് കനഡയിലെ അമേരിക്കാസ് ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവിടെ എഫ്ടിഎഎ യെ എതിര്‍ക്കുന്നതിന് ഞാനൊരുത്തനേ ഉണ്ടായിരുന്നുള്ളൂ. കാരണം അത് ഒരു കൊളോണിയല്‍ പദ്ധതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. നമുക്ക് വേണ്ടത് ഒരു സംയോജിത ബദല്‍ മോഡലാണ്. അതിനെ ഞങ്ങള്‍ വിളിക്കുക ബൊളിവാറിയന്‍ ബദല്‍ എന്നാണ് - ALBA (Bolevarian Alternative for Latin America)ഈ പദ്ധതി പുരോഗമിക്കുന്നുണ്ട്. അത് കുറേക്കൂടി വേഗത കൈവരിക്കണമെന്ന് ആരും ആഗ്രഹിക്കും. പക്ഷേ യാഥാര്‍ഥ്യങ്ങളുണ്ട്. മുഹൂര്‍ത്തങ്ങളുണ്ട്, സമയക്രമങ്ങളും.

2005 ജനുവരി 1ന് സൂര്യനുദിച്ചു. എഫ്ടിഎഎ നാശത്തിലേക്കും പോയി. മിസ്റ്റര്‍ അപകടകാരീ, ഇപ്പോള്‍ എവിടെയുണ്ട് എഫ്ടിഎഎ? എഫ്ടിഎഎ ചത്തുപോയി. കൊച്ചു എഫ്ടിഎഎ കളുണ്ട്. പക്ഷേ ഫ്രീട്രേഡ് സോണ്‍ പ്രതിനിധാനംചെയ്യുന്ന സാമ്രാജ്യത്വാനുകൂല നിയോ കൊളേണിയല്‍ മോഡല്‍ അടിച്ചേല്‍പ്പിക്കാനായി ഇത്രക്കേറെ സമ്മര്‍ദങ്ങളും ഭീഷണികളും ഉയര്‍ത്തിയിട്ടും അത് നേടിയെടുക്കാനുള്ള ശക്തി വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇനിയും കിട്ടിയിട്ടില്ല. നമ്മളുടെ എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ പെരുപ്പിച്ചു കാട്ടാന്‍ ഞാനുദ്ദേശിക്കുന്നില്ല. അതൊരു മാരകമായ തെറ്റായിത്തീരും. എന്നിരിക്കിലും എനിക്കു തോന്നുന്നു, അതിന്റെ ദൗര്‍ബല്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നത് സൗകര്യപ്രദമാണ് എന്ന്. കാരണം എതിരാളി മര്‍ദനാതീതനാണെന്നു ഒരാള്‍ കരുതിയാല്‍ അതേ, അത് മര്‍ദനാതീതം തന്നെയായിരിക്കും; എന്നും. ചരിത്രത്തില്‍ വിയറ്റ്നാമുണ്ട്, ആക്രമണവും അധിനിവേശവും ചെറുക്കുന്ന ഇറാഖി ജനതയുണ്ട്, നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ചെറുത്തുനില്‍പ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന വിപ്ലവ ക്യൂബയുണ്ട്.

ബൊളിവാറിയന്‍ വെനസ്വേലയും 6 വര്‍ഷമായി പൊരുതിക്കൊണ്ടിരിക്കുകയാണ.് വടക്കനമേരിക്കന്‍ സാമ്രാജ്യത്വം അപ്രതിരോധ്യമല്ല. നേരാണ്, സദുദ്ദേശക്കാരായ ഒട്ടനവധി പാവങ്ങള്‍ കരുതുന്നത്അതിനെ തകര്‍ക്കാനാവില്ലെന്നാണ്. റോസാദളം കൊണ്ടുപോലും അതിനെ മര്‍ദിക്കാനാവില്ല. സാമ്രാജ്യത്വം കോപിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഭയക്കുന്നവര്‍! ഗോലിയാത്ത് അപ്രതിരോധ്യനല്ല. അതുകൊണ്ടാണയാള്‍ കൂടുതല്‍ അപകടകാരിയാവുന്നത്. തന്റെ ദൗര്‍ബല്യം മനസ്സിലാക്കിത്തുടങ്ങിയാല്‍ അത് സര്‍വശക്തിയും എടുത്ത് തിരിച്ചടിക്കാന്‍ തുടങ്ങും - അതിന്റെ മുഴുവന്‍ മൃഗീയതയും ഉപയോഗിച്ച്! വെനസ്വേലക്കുനേരെ അത് കടന്നാക്രമണം നടത്തുന്നത് ദൗര്‍ബല്യത്തിന്റെ അടയാളമാണ്; പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യമാണത്. ഇന്ന് പഴയ ലത്തീനമേരിക്ക 5 വര്‍ഷം മുമ്പുള്ളതുപോലുമല്ല. നിങ്ങളോടുള്ള ബഹുമാനം കാരണം മറ്റേതെങ്കിലും രാജ്യത്തിലെ ആഭ്യന്തരസ്ഥിതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ മുതിരുന്നില്ല. വെനസ്വേലയില്‍, വിശേഷിച്ചും ആദ്യത്തെ രണ്ടുവര്‍ഷം എന്റെ പ്രവര്‍ത്തനങ്ങളെ പലരും വിമര്‍ശിച്ചു. വേഗം കൂട്ടണമെന്നും കുറേക്കൂടി പുരോഗമനപരമാവണമെന്നും ആവശ്യപ്പെട്ടു.

അതിനുള്ള നേരമായിട്ടില്ല എന്ന് എനിക്കു തോന്നി. കാരണം ഏതു പ്രക്രിയക്കും ഘട്ടങ്ങളുണ്ടല്ലോ. സഖാക്കളേ പടവുകളുണ്ട് ഏത് പ്രക്രിയയിലും. ഓരോ രാജ്യത്തെയും ആഭ്യന്തര സാഹചര്യങ്ങള്‍ക്കപ്പുറമുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ ആഭ്യന്തര താളമുണ്ട്. നിങ്ങളില്‍ ചിലര്‍ എതിര്‍ത്തേക്കാമെങ്കിലും ഞാനതു പറയുകതന്നെ ചെയ്യും. എനിക്ക് ലുലയെ ഇഷ്ടമാണ്. ഞാനദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. വലിയൊരു ഹൃദയമുള്ള ഒരു സഹോദരന്‍, ഒരു സഖാവ്. എനിക്കുറപ്പാണ്, ലുലയും ബ്രസീലിലെ ജനങ്ങളും നെസ്റ്റര്‍ കിര്‍ച്ച്നറും അര്‍ജന്റീനന്‍ ജനങ്ങളും താബറെസ് വസ്ക്യുസും ഉറുഗ്വേയന്‍ ജനതയും ഒത്തുചേര്‍ന്ന് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്ക എന്ന വ്യത്യസ്തവും സാധ്യവുമായ സ്വപ്നത്തിലേക്കുള്ള പാത വെട്ടിത്തുറക്കുക തന്നെ ചെയ്യും. ഒരു തകര്‍പ്പന്‍ ആശ്ലേഷം, ഞാന്‍ നിങ്ങളെയെല്ലാവരെയും അത്രമേല്‍ സ്നേഹിക്കുന്നു, എല്ലാവര്‍ക്കും ഒരു തകര്‍പ്പന്‍ സൗഹൃദാശ്ലേഷം. നന്ദി. വളരെ വളരെ നന്ദി.

*
മൊഴിമാറ്റം: എ കെ രമേശ് (ഡാനിയല്‍ മര്‍ഡുക്കോവിക്സിന്റെ ഇംഗ്ലീഷ് പരിഭാഷയെ മുന്‍നിര്‍ത്തി തയ്യാറാക്കിയത്)

No comments: