Wednesday, March 6, 2013

നീതിബോധം കൈവിടുമ്പോള്‍

പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്റെ പേരില്‍പ്പോലും കേസെടുക്കുന്ന ഭരണമാണ് കേരളത്തിലേത്. ഷുക്കൂര്‍ കേസില്‍ നിരപരാധികളെ പ്രതിയാക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഭിഭാഷകനെതിരെയുള്ള കേസ്. ജുഡീഷ്യറിയുടെ ഭാഗമാണ് അഭിഭാഷക സമൂഹം. കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ മൊറാഴ സ്വദേശി പി കെ നന്ദനന്‍ നല്‍കിയ സ്വകാര്യ അന്യായവും സാക്ഷികളായ പി പി അബുവും മുഹമ്മദ് സാബിറും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസും പൊലീസ് ചാര്‍ജ്ചെയ്ത കൊലക്കേസിനു പുറമെ വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇതിനു പുറമെയാണ് അഭിഭാഷകന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആഭ്യന്തരമന്ത്രിയും സര്‍ക്കാരും അറിയാതെ ഒരു സീനിയര്‍ അഭിഭാഷന്റെ പേരില്‍ കേസെടുക്കാന്‍ പൊലീസ് മേധാവിക്ക് ധൈര്യമുണ്ടാകില്ല.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍പരിധിയിലാണ് സാക്ഷികളായ അബുവും സാബിറും താമസിക്കുന്നത്. അഡ്വ. നിക്കോളസ് ജോസഫ് 25 വര്‍ഷമായി ക്രിമിനല്‍ കേസ് നടത്തുന്ന സീനിയര്‍ അഭിഭാഷകനാണ്. ജുഡീഷ്യറിയുടെ ഭാഗമായ ആ അഭിഭാഷകന്റെ പേരില്‍ പൊലീസ് 2013 ഫെബ്രുവരി 26ന് ജ്യാമമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്യുമ്പോള്‍ പ്രാഥമികമായ നിയമബോധംപോലും കാണിച്ചില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 195 എ (സാക്ഷിയെ തെളിവ് നല്‍കാന്‍ ഭീഷണിപ്പെടുത്തുക), 365 (തടങ്കലില്‍ വയ്ക്കാന്‍ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ തട്ടിക്കൊട്ടുപോകുക) എന്നീ വകുപ്പുകളാണ് കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരമുള്ള കുറ്റങ്ങള്‍. സാക്ഷികള്‍ ജനുവരി 30ന് മുന്‍സിഫ് കോടതിയിലാണ് സ്യൂട്ട് നല്‍കിയത്. അതാകട്ടെ, തങ്ങളുടെ പേരില്‍ മൊറാഴ സ്വദേശി പി കെ നന്ദനന്‍ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍നിന്ന് രക്ഷപ്പെടാനാണ്. തളിപ്പറമ്പ് മുന്‍സിഫാകട്ടെ നന്ദനന്റെ കൈയില്‍നിന്ന് ജപ്തി നടപടികളിലൂടെ 60,000 രൂപ ഈടാക്കാനുള്ള നടപടിക്ക് തുടക്കംകുറിച്ച് 2013 ഫെബ്രുവരി 15ന് നോട്ടീസ് അയക്കുകയുംചെയ്തു. അബുവിനെയും സാബിറിനെയും ലീഗ് നേതാക്കളും പൊലീസും ചേര്‍ന്ന് കള്ളസാക്ഷികളാക്കി തയ്യാറാക്കിയ മൊഴിയനുസരിച്ച് പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും പേരില്‍ 118-ാം വകുപ്പു പ്രകാരമാണ് കേസെടുത്തത്. 2012 ആഗസ്തില്‍ ചോദ്യംചെയ്തപ്പോള്‍ ജയരാജനും രാജേഷും തങ്ങള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. അബുവും സാബിറും 2012 മെയ് 16ന് തന്നെ തങ്ങള്‍ക്കറിവുണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിക്കുന്നുണ്ടുതാനും. ഷുക്കൂര്‍ കേസില്‍ പ്രതികളാകേണ്ടത് ജയരാജനും രാജേഷുമല്ല, മറിച്ച് പൊലീസ് കൊണ്ടുവരുന്ന സാക്ഷികളാണ് എന്ന കാര്യത്തില്‍ നിയമമറിയുന്നവരില്‍ രണ്ടഭിപ്രായമുണ്ടാകില്ല.

ചുരുക്കത്തില്‍ അബുവും സാബിറും കൊലക്കേസില്‍നിന്ന് ഒഴിവായി കിട്ടാനാണ് സത്യവാങ്മൂലവുമായി മുന്‍സിഫ് കോടതിയിലെത്തിയതെന്നതു വ്യക്തം. ഇവിടെ ഭീഷണിയുടെ പ്രശ്നമേയുദിക്കുന്നില്ല. സത്യവാങ്മൂലം പൊലീസിനു നല്‍കുന്ന മൊഴിയേക്കാള്‍ ആധികാരികമാണ്. സത്യവാങ്മൂലം ഒരു അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അബു സമര്‍പ്പിച്ച സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകന്‍ ഹര്‍ജിക്കാരന്‍ എന്റെ മുമ്പില്‍വച്ചാണ് സത്യവാങ്മൂലത്തില്‍ ഒപ്പിട്ടതെന്നും അതില്‍ വിവരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നുമാണ് വിവരിക്കുന്നത്. ഈ അഭിഭാഷകന്റെ അടുത്താണ് ആദ്യമായി സാക്ഷികള്‍ എത്തുന്നത്. അതിനുശേഷം അഭിഭാഷകജോലിയില്‍ 50 വര്‍ഷത്തെ പരിചയസമ്പത്തുള്ള മറ്റൊരു സീനിയര്‍ അഭിഭാഷകനാണ് അബുവും സാബിറും വക്കാലത്ത് നല്‍കുന്നത്. ആ വക്കാലത്തും ഒരു അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനോടോ വക്കാലത്ത് സമര്‍പ്പിച്ച അഭിഭാഷകനോടോ പൊലീസ് അന്വേഷിച്ചാല്‍, ഭീഷണിപ്പെടുത്തി എന്ന കള്ളക്കഥ പൊളിയും. തങ്ങളെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന കാര്യം കേസെടുത്ത രണ്ടുതവണയും എന്തുകൊണ്ട് സാക്ഷികള്‍ മുന്‍സിഫ് കോടതിയില്‍ പറഞ്ഞില്ല. പൊലീസിനേക്കാള്‍ വിശ്വാസമര്‍പ്പിക്കേണ്ടത് കോടതിയിലല്ലേ.

അബു ഒരു കത്ത് 2013 ഫെബ്രുവരി 19ന് താന്‍ വക്കാലത്ത് നല്‍കിയ അഭിഭാഷകന് നല്‍കി. ആ കത്തില്‍ നിക്കോളസ് ജോസഫ് തന്നെ ഭീഷണിപ്പെടുത്തിയെന്നോ തട്ടിക്കൊണ്ടുപോയെന്നോ പറയുന്നില്ല. കേസ് തുടര്‍ന്നും നടത്തണമെന്ന ആഗ്രഹം കത്തില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ അഭിഭാഷകന് കത്ത് അയച്ചുമില്ല. അബുവിന് വക്കാലത്ത് നല്‍കിയ അഭിഭാഷകന്റെ മറുപടിയില്‍ ഇപ്രകാരം പറയുന്നു ""അമ്പതുവര്‍ഷമായി വിവിധ രാഷ്ട്രീയക്കാരും അല്ലാത്തവരുമായ കക്ഷികള്‍ക്കുവേണ്ടി ഞാന്‍ കേസ് നടത്തി വരുന്നുണ്ട്. ഞങ്ങള്‍ക്ക് കേസ് നടത്തിപ്പിനും കക്ഷികളോടും മാത്രമാണ് കൂറ്. താങ്കള്‍ക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ തുടര്‍ന്നും എന്നെ കേസ് ഏല്‍പ്പിച്ചാല്‍ മതി. എപ്പോള്‍ വന്നാലും ഫയല്‍ തിരിച്ചുതരാനും വക്കാലത്ത് ഒഴിവാക്കി മറ്റൊരു അഭിഭാഷകന് വക്കാലത്ത് നല്‍കാനും ഞാന്‍ സന്നദ്ധനുമാണ്"". ഈ മറുപടി അബുവിന് കിട്ടിയിട്ട് 15 ദിവസമായി. എന്തുകൊണ്ട് വക്കാലത്ത് തിരിച്ചുവാങ്ങിയില്ല. അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയ കാര്യം കോടതിയില്‍ പറഞ്ഞില്ലെന്നുമാത്രമല്ല "ഭീഷണി"യുടെ ഉല്‍പ്പന്നമായ സത്യവാങ്മൂലം പിന്‍വലിച്ചിട്ടുമില്ല. അഭിഭാഷകന്റെ പേരില്‍ പൊലീസെടുത്ത കേസാകട്ടെ, സിവില്‍ കോടതി നല്‍കിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയതിനാല്‍ നിലനില്‍ക്കുന്നതല്ല. അബുവിന്റെ സത്യവാങ്മൂലം സത്യസന്ധമാണോ കെട്ടിച്ചമച്ചതാണോ എന്ന് തീരുമാനിക്കാന്‍ പൊലീസിന് അധികാരമില്ല. അത് കോടതിയുടെ അധികാരത്തില്‍പ്പെടുന്ന കാര്യമാണ്. കോടതി നടപടികളിലാണ് തിരുവഞ്ചൂരിന്റെ പൊലീസ് ഇടപെട്ടത്. സത്യവാങ്മൂലം നല്‍കിയ അബുവില്‍നിന്ന് തെളിവ് ശേഖരിച്ചുവേണം മുന്‍സിഫ് കോടതിക്ക് കേസിന്റെ തുടര്‍നടപടി സ്വീകരിക്കാന്‍. അഭിഭാഷകന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുകയല്ല, പൊലീസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. സത്യവാങ്മൂലം കള്ളവാങ്മൂലമാണെങ്കില്‍ അബുവും സാബിറും മറ്റൊരു നിയമക്കുരുക്കിലകപ്പെടും. അത് കള്ളസത്യവാങ്മൂലം നല്‍കിയെന്ന പുതിയ കേസായിരിക്കും. അതുകൊണ്ടായിരിക്കാം മുന്‍സിഫ് കോടതിയിലെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അബു ആഗ്രഹിക്കാത്തത്. പൊലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നാല്‍ 118-ാം വകുപ്പ് പ്രകാരമുള്ള കേസ് കണ്ണൂര്‍ കോടതിയില്‍ കാത്തിരിക്കുന്നുണ്ടുതാനും.

ലീഗ് നേതാക്കള്‍ അണികളെ കള്ളമൊഴിനല്‍കാന്‍ പ്രേരിപ്പിക്കുമ്പോള്‍ ഇത്തരം നിയമക്കുരുക്കുകളെക്കുറിച്ച് ഓര്‍ത്തുകാണില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് പ്രതിയുടെ അഭിഭാഷകന്റെ പേരില്‍ കേസെടുക്കുന്നത്. അടിയന്തരാവസ്ഥയില്‍ സിപിഐ എമ്മിനുവേണ്ടി കേസ് നടത്തിയ അഭിഭാഷകരുടെ പേരില്‍ മിസയും ഡിഐആറും അനുസരിച്ച് കേസെടുത്ത് ജയിലിലടച്ചിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം അന്നുണ്ടായിരുന്നില്ല. ഭരണഘടന നല്‍കുന്ന തൊഴില്‍ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് അഭിഭാഷകന് യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചത്. അഭിഭാഷകന്റെ പേരില്‍ കേസെടുത്ത പൊലീസില്‍ വിശ്വാസമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ പ്രസ്താവന കാപട്യമാണ്. ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കുകയല്ല, സിപിഐ എം വേട്ടയാണ് ലീഗിന്റെ ലക്ഷ്യം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഒരാഴ്ചയ്ക്കകം ലീഗ് പ്രവര്‍ത്തകന്റെ പരാതിയില്‍ അഭിഭാഷകന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്നത്. ഇക്കൂട്ടരെ നയിക്കുന്നത് നീതിബോധമല്ല, മറിച്ച് ശത്രുസംഹാര രാഷ്ട്രീയംമാത്രമാണ്.

*
എം വി ജയരാജന്‍ ദേശാഭിമാനി 05 മാര്‍ച്ച് 2013

No comments: