Monday, March 11, 2013

ലോകത്തിലേക്ക് തുറക്കുന്ന സ്വപ്നം

ഒന്ന്

ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള "രജതമയൂരം" പുരസ്കാരം "ഷട്ടര്‍" എന്ന മലയാള ചലച്ചിത്രത്തിനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ സിനിമയുടെ രചയിതാവും, സംവിധായകനുമായ ജോയ് മാത്യു സദസ്സിനെ വിനീതമായി വണങ്ങി. ആ വിനീതവണക്കം മുന്നിലുണ്ടായിരുന്ന സദസ്സിനോട് മാത്രമായിരുന്നില്ല. കോഴിക്കോട്ടെ "ക്രൗണ്‍" തിയേറ്ററിനോടും, അതിനോട് ചേര്‍ന്ന ടൗണ്‍ഹാളിനോടും പിന്നെ, തന്റെ "നല്ല ചങ്ങാതി"മാരോടും കൂടിയായിരുന്നു. ക്രൗണ്‍ തിയേറ്ററില്‍ പതിവായി ഇംഗ്ലീഷ് സിനിമകള്‍ കണ്ടും ടൗണ്‍ഹാളില്‍ നാടകങ്ങള്‍ കളിച്ചും, കോഴിക്കോടന്‍ മണ്ണിന്റെ "പോസിറ്റീവ് എനര്‍ജി" ആവാഹിച്ചെടുത്ത ജോയ്മാത്യു, ഏത് പ്രതിസന്ധികളെയും നര്‍മബുദ്ധിയോടെ നേരിടാന്‍ സിദ്ധിയുള്ള എഴുത്തുകാരനും, നടനും സംവിധായകനുമാണെന്ന് കാലം തെളിയിച്ചു; "ഷട്ടര്‍" എന്ന മലയാള ചിത്രത്തിന് അന്താരാഷ്ട്ര പദവി കൊടുത്തതിലൂടെ.

രണ്ട്

എഴുപതുകളുടെ അവസാനം ക്ഷുഭിതയൗവ്വനങ്ങളുടെ തീക്ഷ്ണകാലം. രാഷ്ട്രീയവും സിനിമയും നാടകവും വായനയും പുസ്തകചര്‍ച്ചയും ചോദ്യങ്ങളും ഇടപെടലുകളും....... അക്കാലത്താണ് ജോയ് മാത്യു ക്യാമ്പസ് ജീവിതം തുടങ്ങുന്നത്... പ്രീഡിഗ്രി പഠനകാലത്ത് പൊട്ടിമുളയ്ക്കേണ്ട പ്രണയം മുഴുവനും സിനിമയോടായിരുന്നു. അത് പങ്കുവെക്കാന്‍ സുഹൃത്ത് പ്രേംചന്ദും കൂടെയുണ്ടായിരുന്നു. 8 എംഎമ്മില്‍ ഒരു സിനിമ നിര്‍മിക്കുക. അതായിരുന്നു അടങ്ങാത്ത മോഹം. നോട്ട്ബുക്കില്‍ നിരന്തരം തിരക്കഥകളെഴുതി. എഴുതിയതൊക്കെ ബാലിശമായി തോന്നിയതുകൊണ്ട് എല്ലാം കീറിവലിച്ചെറിഞ്ഞു.

മൂന്ന്

നല്ല സിനിമകള്‍ തേടി അലഞ്ഞു. ക്രൗണ്‍ തിയേറ്ററില്‍ മാറിമാറി വരുന്ന ഇംഗ്ലീഷ് സിനിമകളില്‍ ലഹരിപിടിച്ചു. അക്കാലത്ത് ചെലവൂര്‍ വേണുവിന്റെ സംഘാടനത്തിലുള്ള "അശ്വനി ഫിലിം സൊസൈറ്റി"യുടെ ചലച്ചിത്രപ്രദര്‍ശനത്തിലെ നിത്യ പ്രേക്ഷകനായി. ബെര്‍ഗ്മാന്‍, ഗൊദാര്‍ദ്, ചാപ്ലിന്‍, ഐസന്‍സ്റ്റീന്‍, ഫെല്ലിനി, കുറസോവ.... ലോക സിനിമയിലെ മഹാരഥന്മാര്‍തീര്‍ത്ത ചലച്ചിത്രവസന്തത്തില്‍ വിസ്മയംകൊണ്ടു.... കണ്ട സിനിമകള്‍ ചങ്ങാതിമാര്‍ക്കു കാണിക്കാന്‍ കോളേജില്‍ ചലച്ചിത്രോത്സവങ്ങള്‍ നടത്തി. സിനിമാ കമ്പത്തിന്റെ രക്താതിസമ്മര്‍ദത്തില്‍ ജോയ് മാത്യുവിന്റെ മനസ്സില്‍ സിനിമാക്കഥകള്‍ മുളപൊട്ടി.... അന്ന് മുളപൊട്ടിയ കഥകള്‍ അഭ്രപാളിയിലെത്താന്‍ പോവുന്നതേയുള്ളൂ. അതിന്റെ തുടക്കമായിരിക്കാം "ഷട്ടര്‍" എന്ന സിനിമ.

നാല്

പി എ ബക്കര്‍ സംവിധാനംചെയ്ത സംഘഗാനം എന്ന സിനിമ... ശ്രീനിവാസന്‍ ആദ്യമായി നായകവേഷമാടിയ ചിത്രം. കോഴിക്കോട്ടെ "നാടകമഹര്‍ഷി"യും സംഘാടകനുമായ മധുമാഷുമായുള്ള സൗഹൃദത്തിലൂടെ ജോയ് മാത്യു "സംഘഗാനത്തിന്റെ" ചിത്രീകരണവുമായി സഹകരിക്കുന്നു. ചിത്രത്തില്‍ മധുമാഷുടെ കൂടെ ഒരു ശവഘോഷയാത്രയില്‍ മുഖംകാണിച്ചു. ജോയ് മാത്യുവിന്റെ മുഖം അലസവും അശ്രദ്ധവുമായി ആദ്യമായി തിരശ്ശീലയില്‍ തെളിഞ്ഞു. അപ്പോള്‍, ആ മുഖത്ത് ലോകത്തിലേക്ക് തുറക്കുന്ന ഒരു സിനിമയെക്കുറിച്ചുള്ള സ്വപ്നം നിഴലിച്ച് കിടന്നിട്ടുണ്ടാവണം. ആരാലും ശ്രദ്ധിക്കപ്പെടാതെ....

അഞ്ച്


എവിടെയെങ്കിലും അനീതി നടന്നാല്‍ അതിനെതിരെ അസ്തമയത്തിന് മുമ്പ് ശബ്ദമുയര്‍ത്തണം. അടിമുടി രാഷ്ട്രീയബോധത്താല്‍ പൂത്തുലയുന്ന യൗവ്വനങ്ങളുടെ നിര്‍ബന്ധമാണത്. മാക്സിം ഗോര്‍ക്കിയുടെ നോവലിനെ അധികരിച്ച് മധുമാസ്റ്റര്‍ തയ്യാറാക്കിയ "അമ്മ" എന്ന നാടകത്തില്‍ ജോയ് പ്രധാന വേഷത്തില്‍ അഭിനയിച്ചു. തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിന്റെ ഉദാത്തമാതൃകയായ ആ നാടകം കേരളത്തിലങ്ങോളമിങ്ങോളം തകര്‍ത്താടി. നാടകസഞ്ചാരങ്ങള്‍ക്കിടയില്‍ ജോയ് മാത്യുവിലെ നാടകകാരന്‍ ഉണര്‍ന്നു. പുതിയ നാടകാവബോധങ്ങള്‍ പിറന്നു. പില്‍ക്കാലത്ത്, മലയാളനാടകവേദിക്ക് പുതിയ ദിശാബോധം നല്‍കിയ ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. "മധ്യധരണ്യാഴി", "സങ്കടല്‍", "ശിശു", "വീടുകള്‍ കത്തുന്നു".... മികച്ച നാടകകൃത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങളും നേടി...

ആറ്

അഭിലാഷ പൂര്‍ത്തീകരണത്തിന്റെയും, ശുദ്ധീകരണത്തിന്റേതുമായ ഒരാഭിചാരത്തിലൂടെ അരിഷ്ടിച്ച് കഴിയുന്ന കേരളീയ ഭൂരിപക്ഷത്തിനെ അതിജീവനത്തിന്റെ കടുത്ത പാഠം പഠിപ്പിക്കുന്നവയാണ് ജോയ് മാത്യുവിന്റെ നാടകങ്ങളെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തെരുവ് നാടകങ്ങള്‍, കവിയരങ്ങുകള്‍, പുസ്തകചര്‍ച്ചകള്‍, നല്ല പുസ്തകങ്ങള്‍ തേടിയുള്ള അലച്ചിലുകള്‍... തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ ഇവയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്ന് ജോയ്മാത്യു സാക്ഷ്യപ്പെടുത്തുന്നു. "അമ്മ" നാടകം കളിക്കാന്‍ തലശേരിയില്‍ പോയപ്പോള്‍... ഒരു പെണ്‍കുട്ടിയെ പ്രണയപൂര്‍വം നോക്കിയതിന്, തലശേരിയിലെ സാംസ്കാരികവേദി നേതാവിന്റെ ശകാരം കേള്‍ക്കുക മാത്രമല്ല, നാടകശേഷം ആ "പ്രണയനോട്ട"ത്തെ സ്വയംവിമര്‍ശനം നടത്തി തിരുത്തിക്കുകയും ചെയ്തുവെന്ന് ജോയ് മാത്യു പറയുന്നു. പ്രണയംപോലും ജനവിരുദ്ധമാണോ എന്ന് അന്ന് തോന്നിപ്പോയതുകൊണ്ടാവാം സിനിമയെ അഗാധമായി പ്രണയിച്ചതെന്നും ജോയ് മാത്യു ഇപ്പോഴും അടിവരയിടുന്നു.

ഏഴ്

ജോയ് മാത്യുവിന്റെ ചിന്തകളെ മാറ്റിമറിച്ച ഒരാളുണ്ടായിരുന്നു. കുന്ദംകുളം, ചാലിശ്ശേരിയിലെ സ്വന്തം അമ്മാവന്‍ കുര്യന്‍. എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായിരുന്ന അമ്മാവന്റെ രണ്ട് കണ്ണുകളും ബോംബ് സ്ഫോടനത്തില്‍ നഷ്ടമായി. ഒരു കണ്ണ് മാറ്റിവെച്ചാല്‍ കാഴ്ച തിരിച്ചുകിട്ടുമായിരുന്നിട്ടും അതിനുള്ള സാമ്പത്തിക ശേഷിയുണ്ടായിട്ടും കുര്യനമ്മാവന്‍ അത് ചെയ്തില്ല. കണ്ണുകള്‍ നഷ്ടമായത് ദൈവശിക്ഷയാണെന്ന് കരുതി ദൈവത്തില്‍ വിശ്വസിച്ചു. ദൈവം കൊണ്ടുപോയ കണ്ണുകള്‍ ദൈവം തന്നെ തിരിച്ച് തരട്ടെ എന്ന് വാശിപിടിച്ച് ദൈവത്തെ സേവിച്ചു. പള്ളിയിലെ കപ്യാര്‍ക്ക് അരി കൂലിയായി നല്‍കിയിരുന്ന കാലമായിരുന്നു അത്. അരിയ്ക്ക് പകരം പണം തന്നെ കൂലിയായി നല്‍കണമെന്ന് പള്ളിയധികാരികളോട് കലഹിച്ചു. പിന്നെ പള്ളിയില്‍ പോകാതെയായി. എങ്കിലും വിശ്വാസം കൈവെടിഞ്ഞില്ല. ദൈവപ്രാര്‍ഥന സ്വന്തം വീട്ടില്‍ തന്നെയാക്കി ഇടവകക്കാര്‍ പള്ളിയിലെ പ്രാര്‍ഥനക്ക് ശേഷം കുര്യനമ്മാവന്റെ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു. ഇടവകക്കാര്‍ക്കിടയില്‍ കുര്യന്‍ ഒരു ക്രിസ്ത്യന്‍ സന്ന്യാസിയായിരുന്നു. ക്രിസ്ത്യാനിറ്റിയുടെ സ്നേഹവും കരുണയും അമ്മാവനില്‍നിന്നാണ് തനിക്ക് പകര്‍ന്നു കിട്ടിയതെന്ന് തെളിഞ്ഞ മനസ്സോടെ ജോയ് മാത്യു ഓര്‍ക്കുന്നു. ആ സ്നേഹവും കരുണയും ജോയ് മാത്യു പിന്നെ കണ്ടത് കമ്യൂണിസത്തിലാണ്. ക്രിസ്ത്യാനിറ്റിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്യൂണിസത്തിന് സാമൂഹ്യഘടനയുടെ ശാസ്ത്രീയ സമീപനമുണ്ടെന്നും ജോയ് മാത്യു വിശ്വസിക്കുന്നു. എന്താണ് മൂലധനം, എന്താണ് ഉല്‍പ്പാദനം എന്നീ രീതിയിലുള്ള ശാസ്ത്രീയ അവബോധം കമ്യൂണിസത്തിലാണെന്നും ജോയ് മാത്യു അടിവരയിടുന്നു. "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അരികില്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" എന്ന ബൈബിള്‍ വചനം കുര്യനമ്മാവന്‍ തന്റെ വീടിന്റെ ഉമ്മറത്തെഴുതി വെച്ചിരുന്നു. നിര്‍ധനരെ അകമഴിഞ്ഞ് സഹായിച്ചും പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിച്ചും ട്യൂഷനെടുത്തും കുര്യനമ്മാവന്‍ തന്റെ അന്ധതയെ മഹാ വെളിച്ചമാക്കി മാറ്റിയിരുന്നു. മുപ്പത്തിനാല് വര്‍ഷം നരകയാതന അനുഭവിച്ച കുര്യനമ്മാവന്‍ മരിക്കാന്‍ നേരത്ത് ചോദിച്ചത് ""ദൈവം എന്നെ കൈവിട്ടോ...?" എന്ന ഇടറിയ ചോദ്യമായിരുന്നു.

എട്ട്

ജനകീയ സാംസ്കാരികവേദി പിരിച്ചുവിട്ടപ്പോള്‍ എണ്‍പതുകളിലെ ക്ഷുഭിത യൗവ്വനങ്ങളില്‍ മിക്കവരും അവരുടെ മിച്ച സര്‍ഗാത്മകതകള്‍ പ്രയോഗിക്കാന്‍ മനസ്സിനിണങ്ങിയ ഒരിടമില്ലാതെ അശാന്തരായി. അധികപേരും അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. അതിലൊരുവനായി ജോയ് മാത്യുവും. അരാജകത്വത്തില്‍നിന്ന് രക്ഷപ്പെടാന്‍ മനസ്സില്‍ സൂക്ഷിച്ച സിനിമാകമ്പം പൊടി തട്ടിയെടുത്ത് പുണെയിലേക്ക് ജോയ് മാത്യു വണ്ടി കയറി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുകയായിരുന്നു ലക്ഷ്യം. പക്ഷേ, അവിടെയെത്തിയപ്പോഴേക്കും അഡ്മിഷന്‍ സമയം കഴിഞ്ഞുപോയിരുന്നു. എങ്കിലും, ആശ കൈവിടാതെ അവിടെ തങ്ങി. ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടിലെ വിദ്യാര്‍ഥികളായ കെ ഇ മോഹന്‍, സതീഷ്, മുരളിനായര്‍ എന്നിവരോട് ചങ്ങാത്തം കൂടി. അവരുടെകൂടെ ക്ലാസുകളില്‍ പോയിരുന്നു. ദിവസവും മൂന്ന് സിനിമകള്‍ കാണാം. അതിനുവേണ്ടിയായിരുന്നു വിദ്യാര്‍ഥിയല്ലാതിരുന്നിട്ടും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലാസുകളില്‍ കയറിയിരുന്നത്. പിന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍നിന്ന് സിനിമ സംബന്ധിച്ച ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരവും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ ഒടുവില്‍ ഈ "അവിഹിത പ്രവേശനം" കണ്ടുപിടിച്ചു പുറത്താക്കി. എങ്കിലും സിനിമയുടെ വിശാലലോകവും സാധ്യതകളും വിസ്മയങ്ങളും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്ന സിനിമാനഗരിയില്‍നിന്ന് തിരിച്ചുപോരാന്‍ ജോയ് മാത്യുവിന് ആവുമായിരുന്നില്ല. ഒരു വര്‍ഷം പുണെയില്‍ കഴിഞ്ഞു. സുഹൃത്തുക്കളോടൊപ്പം, പലരുടെയും മുറികളില്‍ അന്തിയുറക്കം, അല്‍പ്പാഹാരം... പുണെയില്‍, "വട്ടമാണിക്യം" എന്ന വളംകച്ചവടക്കാരന്റെ കീഴില്‍ സെയില്‍സ്മാനായി പണിയെടുത്തു. "റോസ്മിക്സ്" എന്ന വളം സൈക്കിളില്‍ കൊണ്ടുപോയി വീട് വീടാന്തരം വില്‍പ്പന നടത്തി. ഓരോ പാക്കറ്റ് വളത്തിനും രണ്ട് രൂപ കമ്മീഷന്‍. അരിഷ്ടിച്ചുള്ള ജീവിതത്തിനിടയിലും സിനിമ ജോയ് മാത്യുവിനെ വിലോഭിപ്പിച്ചുകൊണ്ടിരുന്നു. ഇക്കാലത്തെ ജീവിതമാണ് പില്‍ക്കാലത്ത് ഏത് പ്രതിസന്ധികളെയും നേരിടാന്‍ തന്നെ പഠിപ്പിച്ചതെന്ന് ജോയ് മാത്യു പറയുന്നു.

ദൂരദര്‍ശന്റെ ആദ്യബാച്ച് ട്രെയ്നിങ്ങിനായി പുണെയിലെത്തിയത് അക്കാലത്താണ്. സംവിധായകന്‍ ശ്യാമപ്രസാദ്, ഗ്രാഫിക് ഡിസൈനര്‍ രഞ്ജിത്ത്. പിന്നെ അവരോടൊപ്പം. അവര്‍ക്ക് ഡിപ്ലോമ ചിത്രമെടുക്കാനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കുന്നതില്‍ സഹായിച്ചു. ഒരുകൊല്ലം അങ്ങനെയങ്ങനെ... അടുത്ത വര്‍ഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ അവസരം ലഭിച്ചു. ഹരിനായര്‍, ജോയ് മാത്യു. രണ്ടുപേരുണ്ടായിരുന്നു അഡ്മിഷന്. പക്ഷേ, ഒരാള്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ... ഒടുവില്‍, സിനിമാപ്രവേശം ഹരിനായരെ ഏല്‍പ്പിച്ചു മറ്റേതെങ്കിലും തൊഴില്‍മാര്‍ഗം തേടി ജോയ് മാത്യു ബോംബെയിലേക്ക് വണ്ടികയറി. ബോംബെ കെ സി കോളേജില്‍ ജേര്‍ണലിസത്തിന് ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി. പല പത്രങ്ങളിലും ജോലിക്ക് ശ്രമിച്ചു. പക്ഷേ, സാംസ്കാരിക വേദിയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാവാം ഒരു പത്രവും ജോലി നല്‍കിയില്ല. വീണ്ടും ബോംബെയിലേക്ക് തിരിച്ചുപോയി. ഫ്രീപ്രസ്സ് ജേര്‍ണലില്‍ ജോലി... ഒരവധിക്കാലത്ത് കോഴിക്കോട്ടേക്ക് വന്നപ്പോള്‍ എത്തിപ്പെട്ടത് ജോണ്‍ എബ്രഹാമിന്റെ കൈകളില്‍...

ഒമ്പത്

സമാന്തര സിനിമയുടെ പ്രയോക്താവായ ജോണ്‍ എബ്രഹാം കയ്യൂര്‍ സമരത്തെ ആധാരമാക്കി ചിത്രമെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. സച്ചിദാനന്ദന്‍, കടമ്മനിട്ട, കെ ജി ശങ്കരപ്പിള്ള, ബി രാജീവന്‍, ടി കെ രാമചന്ദ്രന്‍, സേതു, കവിയൂര്‍ ബാലന്‍.. ജോയ് മാത്യുവും അതില്‍ പങ്കാളിയായി. സിനിമയിലെ പ്രധാന വേഷം ജോയിക്കായിരുന്നു, ജോണ്‍ കണ്ടുവെച്ചത്. അതിനുവേണ്ടി കെ ജെ ബേബിയോടൊപ്പം കാഞ്ഞങ്ങാട് പോയി പൂരക്കളി പഠിച്ചു. പക്ഷേ... സാമ്പത്തിക പ്രതിസന്ധി കാരണം ആ സിനിമ നടന്നില്ല. ജോയ് മാത്യുവിന്റെ സിനിമാസ്വപ്നങ്ങളില്‍ വീണ്ടും ഇരുള്‍ വീണു. പക്ഷേ, അമിതധനത്തില്‍ അഭിരമിക്കുന്ന സിനിമ ജനകീയ പങ്കാളിത്തത്തോടെ കീഴടക്കാം എന്ന് വിശ്വസിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ജോണ്‍ എബ്രഹാമിന്റെ കൂടെയുണ്ടായിരുന്നു. അവരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ഒഡേസ. ഒഡേസയിലൂടെ ജോണ്‍ എബ്രഹാമിന്റെ "അമ്മ അറിയാന്‍" എന്ന വിഖ്യാത ചിത്രം പിറവിയെടുത്തു. ലോകശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രത്തിലെ പ്രധാന വേഷം ജോയ് മാത്യു സുഭഭ്രമാക്കി... അങ്ങനെ ജോണ്‍ എബ്രഹാമിന്റെ സിനിമാ സ്കൂളിലൂടെ ജോയ് മാത്യു സിനിമയുടെ പരിവേഷമണിഞ്ഞു. സിനിമയോടുള്ള ജോണ്‍ എബ്രഹാമിന്റെ സമീപനം വളരെ ഹൃദ്യമായിരുന്നെന്ന് ജോയ് ഓര്‍ക്കുന്നു. ഊണിലും ഉറക്കിലും ജോണിന് സിനിമയായിരുന്നു. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നുപോലും പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ട ഷോട്ടിനെക്കുറിച്ച് ജോണ്‍ വാചാലനാകുമായിരുന്നത്രേ. ഏത് ആര്‍ടിസ്റ്റിനോടും ടെക്നീഷ്യനോടും ഹൃദ്യവും ലളിതവുമായ പെരുമാറ്റം. സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതുവരെ ജോണിന്റെ ഉള്ളില്‍ സിനിമ കത്തിക്കൊണ്ടിരിക്കുമെന്ന് ജോയ് മാത്യു പറയുന്നു. ജോണ്‍ എബ്രഹാമിന്റെ ഈ അര്‍പ്പണമനോഭാവം മാതൃകയാക്കാന്‍ ജോയ് ആഗ്രഹിക്കുന്നു. എന്നാല്‍, പോസ്റ്റ് പ്രൊഡക്ഷനില്‍ ജോണ്‍ തികഞ്ഞ അലംഭാവിയായിരുന്നു. സൗണ്ടിങ്, ലൈറ്റിങ്, ടൈറ്റിലിങ്, മിക്സിങ്, ബേക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഇവയിലൊക്കെ ജോണ്‍ കാണിച്ച ഉദാസീനത കടുത്തതായിരുന്നു. ഷൂട്ടിങ്ങിലല്ല സിനിമ. എഡിറ്റിങ് ടേബിളിലാണ് സിനിമ. ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്റെ നിരീക്ഷണമാണ് ശരിയെന്ന് ജോയ് മാത്യു കരുതുന്നു. "എഡിറ്റിങ് റൂമില്‍ ദൈവമിരിക്കുന്നു". ഗൊദാര്‍ദിന്റെ ഈ വാക്കുകള്‍ ജോയ് മാത്യുവിന് ദൈവവചനമാണ്. ഒരു ഷോട്ട് കുറഞ്ഞ് പോകാതെയും കൂടിപ്പോകാതെയും കൃത്യതയോടും ഒഴുക്കോടും കൂടി സിനിമ രൂപം പ്രാപിക്കുന്നത് എഡിറ്റിങ് ടേബിളിലാണ്. "ഷട്ടര്‍" സിനിമ ഷൂട്ട് ചെയ്തതിന്റെ നാല്‍പ്പത് ശതമാനം എഡിററ് ചെയ്ത് ഒഴിവാക്കിയതായി ജോയ് മാത്യു.

പത്ത്

ഓരോ ജീവിതത്തിനും ഓരോ രാഷ്ട്രീയ ദൗത്യമുണ്ട്. "ഷട്ടര്‍" എന്ന സിനിമയിലും കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രകടമായി മുദ്രാവാക്യം വിളിക്കലല്ല അത്. സിനിമയുടെ ടോട്ടാലിറ്റിയില്‍ വായിച്ചെടുക്കേണ്ടതാണ് ആ രാഷ്ട്രീയം. തന്റെ ഷട്ടര്‍ എന്ന സിനിമയെപ്പറ്റി ജോയ് മാത്യു ഇങ്ങനെയാണ് മനസ്സ് തുറന്നത്. മലയാളിയുടെ കപട സദാചാരത്തിന് നേരെ കല്ലെറിയുകയാണ് "ഷട്ടര്‍". ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ടവരാണ് ഓരോ ആണ്‍ മലയാളിയും. അവസരം കിട്ടിയാല്‍ സുഹൃത്തിന്റെ വീട്ടിലെ ബാത്ത് റൂമില്‍ വരെ അവന്‍ എത്തിനോക്കും. മലയാളിയുടെ സൂക്ഷ്മമായ ജീവിതാനുഭവങ്ങളിലൂടെയാണ് "ഷട്ടര്‍" എന്ന ചിത്രത്തിന്റെ സഞ്ചാരം. സദാചാരത്തെക്കുറിച്ച് പുണ്യാളപ്രസംഗം നടത്തുകയും മക്കളെ സദാചാരപാഠം സദാസമയവും ഉപദേശിക്കുകയും ചെയ്യുന്ന ഒരു "ഉത്തമഗൃഹനാഥന്‍" പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു അഭിസാരികയില്‍ പ്രലോഭിതനാവുകയും സ്വന്തം വീടിനുമുന്നിലെ പീടികമുറിയുടെ ഷട്ടറിനുള്ളില്‍ രണ്ട് രാത്രിയും ഒരു പകലും കഴിയേണ്ടി വരികയും ചെയ്യുന്നു. അപരിചിതയായ സ്ത്രീയോടൊപ്പം അപരിചിത സാഹചര്യത്തില്‍ കണ്ടാല്‍ പൊതുസമൂഹത്തില്‍ അയാള്‍ സൂക്ഷിച്ച സദാചാര മാന്യതയുടെ മുഖപടം അഴിഞ്ഞുവീണ് അപഹാസ്യനായിത്തീരും എന്ന ആധിയും സ്നേഹംകൊണ്ട് കെട്ടിപ്പടുത്ത കുടുംബജീവിതം തകരുമെന്ന ഭയവും ഗൃഹനാഥന്റെ ആത്മസംഘര്‍ഷങ്ങളുമാണ് സിനിമയുടെ പ്രമേയം. ഓരോ മനുഷ്യനും മൂടിവെച്ച കപടതയെ പച്ചയായി തുറന്നുകാണിക്കുന്നു ഈ ചിത്രം. ഏത് നിമിഷവും പതിവ് മസാലകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുള്ള പ്രമേയത്തെ തീര്‍ത്തും കൈയടക്കത്തോടെ നിത്യജീവിതത്തിലെ നര്‍മാനുഭവങ്ങളിലൂടെ, സംഘര്‍ഷം നിറഞ്ഞ നര്‍മമുഹൂര്‍ത്തത്തിലൂടെ ഈ ചിത്രം പ്രേക്ഷകനെ ആകാംക്ഷാഭരിതനാക്കുന്നു.

"സദാചാരവിരുദ്ധത"യുടെ കെണിയില്‍ പെട്ടുപോയ കഥയിലെ ഗൃഹനാഥനെ രക്ഷിക്കാന്‍ ചങ്ങാതിമാരാരും എത്തുന്നില്ല; വിപുല സൗഹൃദങ്ങള്‍ അയാള്‍ക്കുണ്ടായിട്ടും. അയാളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചങ്ങാതിയും സദാചാരബോധത്താല്‍ ഭയപ്പെട്ട് നിസ്സഹായനാവുന്നു. എന്താണ് സൗഹൃദമെന്നും സൗഹൃദത്തിന്റെ ആഴമെത്രയെന്നും അന്വേഷിക്കുന്നു ഈ ചിത്രം. "നിങ്ങള്‍ക്ക് നല്ലൊരു ചങ്ങാതിയില്ല അല്ലേ?" എന്ന ചോദ്യം സിനിമയിലെ പല കഥാപാത്രങ്ങളും ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്.

മലയാളിയുടെ വികലമായ ജീവിതവീക്ഷണങ്ങളുടെ പരിച്ഛേദമാണ് "ഷട്ടറില്‍" കാണാന്‍ കഴിയുക. അത് കാണുമ്പോള്‍ നാം നമ്മെതന്നെ കുറ്റപ്പെടുത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. അതുകൊണ്ടുതന്നെ "ഷട്ടര്‍" ജീവിതഗന്ധിയായ ചലച്ചിത്രമാവുന്നു. കൃത്യമായ ജീവിത വീക്ഷണമുള്ള ചലച്ചിത്രകാരന് മാത്രമേ ഇങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്യാന്‍ സാധിക്കൂ. യാഥാര്‍ഥ്യബോധത്തോടെയല്ലാതെ ഒരു നല്ല കലാസൃഷ്ടിയും നിലനില്‍ക്കില്ല എന്ന് ജോയ് ഈ ചിത്രത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. ന്യൂജനറേഷന്‍ സിനിമയില്‍ ഇല്ലാതെ പോകുന്നതും ഈ യാഥാര്‍ഥ്യബോധമാണെന്ന് ജോയ് മാത്യു പറയുന്നു. ന്യൂജനറേഷന്‍ സിനിമയുടെ വക്താക്കള്‍ മിടുക്കന്മാരാണ്. സാങ്കേതികത്തികവ്, ക്യാമറയുടെ ചലനങ്ങള്‍, എഡിറ്റിങ്ങിലെ ചടുലത, ഗ്രാഫിക് വിസ്മയങ്ങള്‍.. ഇതില്‍ മാത്രം അഭിരമിക്കുന്ന ഇവര്‍ ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാത്തത് വലിയ ന്യൂനതയാണെന്ന് ജോയ് മാത്യുവിന്റെ പക്ഷം.

"ഷട്ടറില്‍" കൃത്രിമമായ ഒരു സീന്‍പോലും കാണാനാവില്ല. യാഥാര്‍ഥ്യങ്ങളുടെ ഒപ്പിയെടുക്കല്‍ മാത്രമാണ്. അതുതന്നെയാണ് ഈ ചലച്ചിത്രത്തിന്റെ മേന്മയും. അഭിനയത്തിലെ നൈസര്‍ഗികതയാണ് ഇതിലെ ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകത. എടുത്തുപറയേണ്ടത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സജിത മഠത്തില്‍ എന്ന പുതുമുഖ താരത്തെതന്നെ. സിനിമയ്ക്കും "ജൈവികത"യുണ്ടെന്ന് ജോയ് ഷട്ടറിലൂടെ തെളിയിച്ചിരിക്കുന്നു. പതിനേഴാം വയസ്സ് മുതല്‍ ജോയ് മനസ്സില്‍ സൂക്ഷിച്ച സ്വപ്നം, മലയാള സിനിമയുടെ പരമ്പരാഗത സിനിമാ സങ്കല്‍പ്പങ്ങളുടെ ഷട്ടര്‍ തുറക്കുക എന്നതായിരുന്നുവല്ലോ. പ്രമേയത്തിലെ നവഭാവുകത്വം കൊണ്ട് ഷട്ടര്‍ എന്ന സിനിമയിലൂടെ അദ്ദേഹം അത് സാധ്യമാക്കിയിരിക്കുന്നു. ഈ സാക്ഷാത്കാരത്തില്‍ അദ്ദേഹത്തിന്റെ വിപുല സൗഹൃദങ്ങളിലെ നല്ല ചങ്ങാതിമാരുണ്ടായിരുന്നെന്ന് ജോയ് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. തന്റെ സിനിമാഭ്രാന്തിന്റെ ചൂടും ചൂരും അറിഞ്ഞ നല്ല പാതി സരിതയോടും രേഖപ്പെടുത്താനാവാത്ത കൃതജ്ഞതയുണ്ട്. കാരണം "ഷട്ടര്‍" അഭ്രപാളിയിലെത്തിക്കാന്‍ അര്‍ഥം നല്‍കി സഹായിച്ചത് സരിതയാണല്ലോ. സിനിമാ നിര്‍മാതാവിന്റെ സാഹസികവേഷം എടുത്തണിഞ്ഞ് ജോയ് മാത്യു എന്ന ഭര്‍ത്താവിനെ മലയാള സിനിമയുടെ നല്ല ചങ്ങാതിയാക്കി മാറ്റിയ സരിതയോട് പ്രേക്ഷകരായ നമുക്കും നന്ദിപറയാം.

*
എ ശാന്തകുമാര്‍ ദേശാഭിമാനി വാരിക 10 മാര്‍ച്ച് 2013

No comments: