Thursday, March 14, 2013

താല്‍ക്കാലിക വൃക്കപരാജയം ഒഴിവാക്കാം

ഒരുജോടി വൃക്കകളാണ് നമുക്കുള്ളത്. ഇവയിലെ 26 ലക്ഷം അരിപ്പകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച്, ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം മൂത്രത്തിലൂടെ പുറംതള്ളുന്നു. അതുകൂടാതെ ശരീരത്തിന്റെ രക്തചംക്രമണത്തില്‍ ആവശ്യത്തിനുള്ള സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റ്സിന്റെ നിയന്ത്രണം, ശരീരത്തിന്റെ രക്തസമ്മര്‍ദം നിലനിര്‍ത്താനുള്ള റെനിന്‍ എന്ന ഹോര്‍മോണ്‍, രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉണ്ടാകാനായുള്ള എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം തുടങ്ങി പല പ്രക്രിയകള്‍ വൃക്കകള്‍ നിയന്ത്രിക്കുന്നു. അങ്ങനെയുള്ള വൃക്കകള്‍ക്ക് താല്‍കാലികമായ പരാജയം അല്ലെങ്കില്‍ ക്ഷീണം വരുമ്പോള്‍ അതിനെ താല്‍ക്കാലിക വൃക്കപരാജയം എന്നാണ് പറയുന്നത്. ലോകാരോഗ്യസംഘടനയുടെ ഈ വര്‍ഷത്തെ ലോക വൃക്കദിന സന്ദേശം എങ്ങനെ താല്‍ക്കാലിക തീവ്രവൃക്കപരാജയം ഒഴിവാക്കാം എന്നതാണ്.

സന്ധിവേദന, പല്ലുവേദന, വയറുവേദന എന്നിവയ്ക്ക് വേദനസംഹാരികള്‍ ധാരാളമായി ഉപയോഗിക്കുക, മെഡിക്കല്‍ഷോപ്പുകളില്‍നിന്ന് ഡോക്ടറുടെ ശുപാര്‍ശയില്ലാതെ വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുക എന്നിവ വൃക്കകള്‍ക്ക് ഹാനികരമാണ്. താല്‍ക്കാലിക വൃക്കപരാജയം താല്‍ക്കാലികമാണ്. അതിനു കാരണമായ മരുന്ന് നമ്മള്‍ നിര്‍ത്തിയാല്‍ വൃക്കയുടെ ക്ഷീണം മാറി തിരിച്ച് പൂര്‍വസ്ഥിതിയിലാകും. ശരീരമാകെ നീരുവരിക, മൂത്രത്തിന്റെ അളവ് കുറയുക, അശുദ്ധ മാലിന്യങ്ങളായ ബ്ലഡ് യൂറിയ, ക്രിയാറ്റിന്‍ എന്നിവ കൂടുന്നതാണ് ലക്ഷണങ്ങള്‍. വേദനസംഹാരികളും വൃക്കരോഗം ഉള്ളവരില്‍ താല്‍ക്കാലികമായി മൂര്‍ച്ചിക്കാനും ഏഴുശതമാനത്തോളം വ്യക്തികളില്‍ ആദ്യമായി വരുന്നതിനും കാരണമാകുന്നു. വൃക്കയ്ക്ക് അസുഖമുള്ള വ്യക്തികള്‍ നോണ്‍ സ്റ്റീറോയ്ഡ് ആന്റി ഇന്‍ഫ്ളമേറ്ററി ഡ്രഗ് (NSAID) വര്‍ഗത്തില്‍പ്പെട്ട വേദനസംഹാരി ഗുളികകള്‍ ഒഴിവാക്കണം.

പല സ്കാനിങ്ങിനും ഹൃദയ രക്തധമനികളുടെ ആന്‍ജിയോഗ്രാമിനും ഉപയോഗിക്കുന്ന ഒരു മരുന്ന് വൃക്കകള്‍ക്ക് ഹാനികരമാണ്. അതുകൊണ്ട് വൃക്കരോഗികള്‍ക്ക് (പരിശോധയില്‍ S.Creatinine (S.Cr) 1.4 mgsല്‍ കൂടുതലുള്ളവര്‍ക്ക്) അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ആന്‍ജിയോഗ്രാം ചെയ്യുക. ഇതു ചെയ്യുമ്പോള്‍ എത്രയും കുറഞ്ഞ ഡൈ ഉപയോഗിക്കുക. പലതരം ആന്റിബയോട്ടിക്കുകള്‍ വൃക്കകള്‍ക്ക് ഹാനികരമാണ്. ഹൈപര്‍ സെന്‍സിറ്റീവ് ആയി വൃക്കകള്‍ പ്രതികരിക്കുന്നവര്‍ക്ക് ഒരു ഗുളികകൊണ്ടുതന്നെ വൃക്കയ്ക്ക് ക്ഷീണം വരാം. ചില ആന്റിബയോട്ടിക്കുകളുടെ പലദിവസത്തെ ഉപയോഗം വൃക്കകള്‍ക്ക് ഹാനികരമാണ്. അതുകൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനം എത്ര ഉണ്ടെന്നു നോക്കി അതിനനുസരിച്ച് മരുന്നിന്റെ ഡോസ് മാറ്റുന്നതാണ് ഉചിതം. സെറം ക്രിയാറ്റിനിന്‍ (S.Creatinine -S.Cr) ആണ് സാധാരണ ലാബില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ അളക്കാനായി ഉപയോഗിക്കുന്ന ടെസ്റ്റ്.

ശരീരത്തിന്റെ തൂക്കവും വയസ്സും ജെന്‍ഡറും (ആണ്‍-പെണ്‍) അനുസരിച്ച് S.Cr. രക്തത്തില്‍ വ്യതിചലനങ്ങള്‍ ഉണ്ടാകാം. നമ്മുടെ ഒരു വൃക്കദാനം ചെയ്താലും, രണ്ടു വൃക്കകള്‍ക്കും അസുഖംമൂലം പകുതിയോളം ക്ഷീണം വന്നാലും S.Cr കൂടുന്നില്ല. വൃക്കകള്‍ക്ക് 70 ശതമാനം പരാജയം വരുമ്പോള്‍ മാത്രമേ S.Cr ന്റെ അളവ് കൂടുന്നുള്ളു. മൂത്രത്തിന്റെ അളവ് വലിയൊരു പരിധിവരെ പ്രധാനമാണെങ്കിലും സാധാരണ വൃക്കകള്‍ക്ക് 300 cc മുതല്‍ 3000 cc വരെ അളവില്‍ കൊഴുപ്പിക്കാനും നേര്‍പ്പിക്കാനും പറ്റും. നീര് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. പക്ഷെ കാഠിന്യത്തെ കാണിക്കുന്നില്ല. മൂത്രത്തിലെ പഴുപ്പ് വളരെയധികം ആന്റിബയോട്ടിക്കുകളുള്ള ഈ കാലഘട്ടത്തിലും വളരെ സുപ്രധാനമാണ്. മൂത്രത്തിലെ പഴുപ്പുമൂലം വൃക്കകളെ ബാധിക്കുന്ന പൈലോണ്‍ഫ്രൈറ്റിസ് (pyelonephritis) പ്രമേഹരോഗികളില്‍ കൂടുതലായി കണ്ടുവരുന്നു. ഇത് താല്‍ക്കാലികമായ വൃക്കപരാജയത്തിന് ഇടയാക്കുന്നു.

രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് മധ്യതിരുവിതാംകൂര്‍ ഭാഗത്ത് കൂടുതലായി കണ്ടുവരുന്നു. സാധാരണ യൂറിക് ആസിഡ് (normal uriacid 7 mg) ആണ്. വൃക്കരോഗമുള്ളവര്‍ക്ക് 9mgവരെ ആകാമെങ്കിലും യൂറിക് ആസിഡ് കല്ലുകളും വൃക്കപരാജയം ഉള്ള (creatinine കൂടിയ) അവസ്ഥയിലും അത് 5mgsല്‍ താഴെ നിര്‍ത്തുകയാണ് ഉചിതം. മൂത്രത്തില്‍ മാത്രം യൂറിക് ആസിഡ് കൂടുതലായി കണ്ടുവരുന്നവര്‍ക്ക് യൂറിക് ആസിഡ് കല്ല് വൃക്കകളില്‍ ഉണ്ടാകാനും, മൂത്രതടസ്സവും, തന്മൂലമുള്ള വൃക്കയുടെ പ്രവര്‍ത്തനക്കുറവിനും ഇടയുണ്ട്. അള്‍ട്രാ സൗണ്ട് സ്കാന്‍ (Ultra sound scan) കാണുന്നവയും എക്സ്-റേയില്‍ കാണാത്തതുമായ കല്ലാണിവ. മൂത്രത്തിന്റെ പിഎച്ച് കൂട്ടിയും, സോഡിയം ബൈകാര്‍ബണേറ്റ് ഗുളികകള്‍ ഉപയോഗിച്ചും മാംസ്യം (Red meat) ഒഴിവാക്കിയും ചില പ്രത്യേക തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചും യൂറിക് സ്റ്റോണിനെ ഫലവത്തായി തടയാം.മണിക്കൂറില്‍ 100 cc എന്ന കണക്കിന് 2400 cc യോളം മൂത്രംപോകണമെങ്കില്‍ മൂന്നുലിറ്റര്‍ വെള്ളം കുടിക്കുകയാണ് ഉചിതം.

50 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ കണ്ടുവരുന്ന വൃക്ക പരാജയത്തിന്റെ മറ്റൊരു കാരണമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ വലുപ്പവും വീക്കവും. പ്രായമാകുന്നതോടെ അനുഭവപ്പെടുന്ന സ്വാഭാവിക അവസ്ഥയുമാണ്. മൂത്രം ഒഴിച്ചശഷം 50സിസി യില്‍ കൂടുതല്‍ സാധാരണയായി പുരുഷന്മാരില്‍ (PVR- Post voidal residial Voluine) മൂത്രസഞ്ചിയില്‍ ഉണ്ടാകാറില്ല. ഇതില്‍ കൂടുതലാകുമ്പോള്‍ വൃക്ക പരാജയം സംഭവിക്കാം. മരുന്നുകള്‍കൊണ്ടൊ, ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കംചെയ്തോ മൂത്രതടസ്സം മാറ്റിയാല്‍ വൃക്കപരാജയം വരാനുള്ള സാധ്യത കുറയും. മൂത്രം ഒഴിക്കുമ്പോഴുള്ള വിഷമം, മുക്കുക, മൂത്രം നൂല്‍കനത്തില്‍പോവുക തുടങ്ങിയവ ഈ ഗ്ലാന്റിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. നല്ലൊരു ശതമാനംപേര്‍ക്കും ഒരു ലക്ഷണവും കാണാറില്ല. മൂത്രംപോകുന്നതുകൊണ്ട് അവര്‍ ഇതേക്കുറിച്ച് വലിയ ബോധവാന്മാരുമാകില്ല. ബ്ലഡ് യൂറിയ, സെറം ക്രിയാറ്റിനിന്‍ കൂടുന്ന അവസ്ഥമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളോടെയാകും അവര്‍ ആശുപത്രിയില്‍ വരുന്നത്. അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്താല്‍ ഇത് നേരത്തെ കണ്ടുപിടിക്കാം.

പ്രമേഹരോഗികളില്‍ വൃക്കപരാജയം വളരെ സാധാരണമാണ്. വൃക്കപരാജയമുള്ളവര്‍ക്ക് കണ്ണിന് ഡയബറ്റിക് റെറ്റിനോപ്പതി കാണും. ഇതു രണ്ടും ചെറിയ രക്തധമനികളുടെ അസുഖത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും, കാലില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അണുബാധമൂലവും വൃക്കപരാജയം മൂര്‍ച്ചിക്കും. പലതരം പനിക്കും അതിസാരത്തിനും ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ സോഡിയം കുറഞ്ഞുപോകാം. സോഡിയം കുറഞ്ഞുപോകുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കുറയാം. വൃക്കപരാജയം ഉള്ളവരില്‍ താല്‍ക്കാലികമായി മൂര്‍ച്ഛിക്കുന്നത് പനി, അതിസാരം, ഛര്‍ദില്‍ മുഖേന ശരീരത്തിലെ ജലാംശയം കുറയുമ്പോഴാണ്. അതിനാല്‍ ഇങ്ങനെയുള്ള അവസ്ഥയില്‍ നേരത്തെത്തന്നെ ചികിത്സിക്കണം. ഡോക്ടറോട് തന്റെ അസുഖത്തെപ്പറ്റിയും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെപ്പറ്റിയും വെളിപ്പെടുത്തുന്നത് വൃക്കകള്‍ക്ക് ഹാനികരമായ മരുന്നുകള്‍ ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ്. വൃക്കപരാജയംമൂലം രോഗലക്ഷണങ്ങള്‍ കാര്യമായി ഉണ്ടാകാത്തതുകൊണ്ട് പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ ആല്‍ബമിന്‍, പഴുപ്പിന്റെ കോശങ്ങള്‍, രക്തകോശങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. കാല്‍പ്പാദങ്ങളിലും മുഖത്തും നീര് കാണുന്നവര്‍ വൃക്കരോഗം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. രാത്രിയില്‍ പലപ്രാവശ്യം മൂത്രമൊഴിക്കുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. ( എറണാകുളത്ത് ലേക്ഷോര്‍, പിവിഎസ് ആശുപത്രികളിലും കൊച്ചിന്‍ കിഡ്നി സെന്ററിലും സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍)

നമുക്ക് എന്തുചെയ്യാം

$പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ നിര്‍ത്തുക.

$വൃക്കരോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഉപ്പിന്റെയും വെള്ളത്തിന്റെയും അളവ് കുറച്ചും ഉചിതമായ മരുന്നുകള്‍ കഴിച്ചും രക്തസമ്മര്‍ദം സാധാരണ അളവില്‍ നിര്‍ത്തുക.

$അമിതവണ്ണം ഉള്ളവര്‍ 30-60 മിനിറ്റ് വ്യായാമം ചെയ്തും ആഹാരനിയന്ത്രണം വഴിയും, അനുയോജ്യമായ ശരീരഭാരത്തിലേക്ക് എത്താന്‍ ശ്രമിക്കണം. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കും.

$വൃക്കകള്‍ക്ക് ക്ഷീണമുള്ള വ്യക്തികള്‍ക്ക് സസ്യാഹാരമാണ് ഉചിതം. മാംസ്യം, മത്സ്യം എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം.

$കൊഴുപ്പ്, യൂറിക് ആസിഡ് എന്നിവ വൃക്കരോഗികളില്‍ കൂടുതലായി കാണുന്നതുകൊണ്ട് പ്രത്യേകമായ പരിശോധനയും അതിനു വേണ്ട മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

$വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹരോഗികള്‍, പ്രായമുള്ളവര്‍, മൂത്രത്തില്‍ കല്ല്, പഴുപ്പ് എന്നിവ ഉള്ളവര്‍ മൂത്ര-രക്ത പരിശോധന നടത്തി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്തണം.

*
ഡോ. ജോര്‍ജി കെ നൈനാന്‍ ദേശാഭിമാനി

No comments: