മറാത്തവാഡയിലെ ഏറ്റവും വലിയ വ്യവസായമെന്ന പദവി കരിമ്പിൽ നിന്നും ദാഹം തീർക്കലിലേയ്ക്ക് മാറിയിരിക്കുകയാണു്. മറ്റെല്ലാത്തിനെയും നിഷ്പ്രഭമാക്കുക്കയാണു് മനുഷ്യരുടെയും വ്യവസായശാലകളുടെയും ജലത്തിന്റെ ആവശ്യകത. ദേശത്തങ്ങോളമിങ്ങോളം മുതലിറക്കുന്നവർ ജലവിപണനത്തിലൂടെ കോടിക്കണക്കിനു രൂപ കൊയ്തെടുക്കുന്നു. കാലിത്തീറ്റയാവാൻ മാത്രമുപയോഗപ്പെടുന്ന ഉണങ്ങിയ കരിമ്പുകെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വഴികളിലൂടെ എണ്ണമറ്റ "ടാങ്കറുകൾ" ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മറ്റ് വ്യവസായശാലകളിലേയ്ക്കും ലാഭത്തിന്റെ കണക്കുകൽ പെരുക്കിക്കൊണ്ട് ചീറിപ്പായുന്നു. ജലവിപണികൾ മറ്റെല്ലാത്തിനെയും പിന്നിലാക്കി വളർന്നിരിക്കുന്നു. അവയുടെ പ്രതീകമായി ടാങ്കറുകളും.
ആയിരക്കണക്കിനു ടാങ്കറുകളാണു് ദിവസേന മറാത്തവാഡയിലൂടേ തലങ്ങും വിലങ്ങും വെള്ളം ശേഖരിച്ചു ആവശ്യസ്ഥാനത്തെത്തിച്ച് വില്പന നടത്തുന്നത്. സർക്കാർ കരാറിൽ പ്രവർത്തിക്കുന്നവ നാമമാത്രവും പലതും കടലാസിൽ മാത്രം ഒതുങ്ങുന്നവയുമാണു. അതുകൊണ്ട് തന്നെ ദൈനംദിനം വളരുന്ന ജലവിപണിയിൽ സ്വകാര്യ ടാങ്കറുകൾഅത്യന്താപേക്ഷിതമാവുന്നു. നേതാക്കന്മാരായ കോണ്‍ട്രാക്ടർമാരും, കോൺട്രാക്ടർമാരായ നേതാക്കളും എം.എൽ.ഏമാരുമെല്ലാം ഈ വിപണിയുടെ സജീവസാന്നിദ്ധ്യങ്ങളാണു്. പലപ്പോഴും ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മിക്കവരും നേരിട്ടും ബിനാമിയായും സ്വകാര്യടാങ്കറുകളുടെ ഉടമകളാണു്.
ജലവിപണിയുടെ സാമ്പത്തികശാസ്ത്രം
കനം കുറഞ്ഞ ഉരുക്കുതകിടു വളച്ചുണ്ടാക്കിയ വീപ്പകൾ മാത്രമാണു് ശരിക്കു പറഞ്ഞാൽ ടാങ്കറുകൾ. 198 കിലോ വീതം വരുന്ന മൂന്നു 5x18 അടി ഉരുക്കുഷീറ്റ് ഉണ്ടെങ്കിൽ പതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്കർ നിർമ്മിക്കാം. ഷീറ്റുകൾ വളച്ചെടുത്ത് തമ്മിൽ വെൽഡ് ചെയ്താൽ ടാങ്കറായി. ലോറികളോ ട്രക്കുകളോ മറ്റ് വലിയ വാഹനങ്ങളുടെയോ മുകളിൽ ഉറപ്പിച്ചാൽ വെള്ളം കൊണ്ടുപോകാൻ റെഡിയായി. താരതമ്യേന ചെറിയ വാഹനങ്ങൾ ഇതിലും ചെറിയ ടാങ്കറുകളായിരിക്കും ഉപയോഗിക്കുക. ഉദാഹരണത്തിനു് ഒരു വലിയ വാനിന്റെ ട്രെയിലറായി 5000 ലിറ്ററിന്റെ ടാങ്കർ ഘടിപ്പിക്കാം. ആയിരം മുതൽ അഞ്ഞൂറു വരെയുള്ള ടാങ്കറുകൾ മിനിട്രാക്ടറുകളിലും, തുറന്ന ഓട്ടോറിക്ഷകളിലും, കാളവണ്ടികളിൽ പോലും കടത്തപ്പെടുന്നു
ജലക്ഷാമം രൂക്ഷമാകുന്തോറും നൂറുകണക്കിനു ടാങ്കറുകൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിർമ്മിക്കപ്പെടുന്നു. ജൽനാ ജില്ലയിലെ ജൽനാ പട്ടണത്തിൽ മാത്രം ഓട്ടോറിക്ഷകളും ട്രക്കുകളും മറ്റ് വാഹനങ്ങളുമുൾപ്പെടെ ആയിരത്തിരുന്നൂറോളം വാഹനങ്ങൾ ജലസ്രോതസ്സുകൾക്കും വെള്ളത്തിനു ഗതിയില്ലാത്ത പൊതുജനങ്ങൾക്കുമിടയിൽ ഷട്ടിലടിക്കുന്നു. വാഹനങ്ങളുടെ ഡ്രൈവർമാർ കക്ഷികളുമായി സെൽ ഫോണുകളിൽ വിലപേശുന്നു. വെള്ളം വൻ തോതിൽ ആവശ്യമായി വരുന്ന വ്യവസായങ്ങൾക്കാണു് വെള്ളത്തിന്റെ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത്. മറാത്തി ദിനപ്പത്രമായ 'ലോക് സത്ത'യിലെ ലക്ഷ്മൺ റാവുത്തും സഹപ്രവർത്തകരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ വിപണിയെപ്പറ്റി പഠിക്കുന്നു. അവരുടെ കണക്കനുസരിച്ച് ടാങ്കറുടമകളുടെ ദൈനംദിന വ്യവഹാരം അറുപത് ലക്ഷത്തിനും എഴുപതുലക്ഷത്തിനുമിടയ്ക്കാണു്. ഈ ഒരു ഒറ്റ പട്ടണത്തിൽ മാത്രം ജലവിപണിയുടെ മൂല്യം അത്രയുമുണ്ട്!!
സാങ്കേതികവിദ്യ
പല വലിപ്പങ്ങളിലുള്ളവയുണ്ടെങ്കിലും ഈ പട്ടണത്തിലെ ടാങ്കറിന്റെ ശരാശരി അളവ് ഏതാണ്ട് അയ്യായിരം ലിറ്ററാണു്. ഇവിടെയുള്ള ആയിരത്തീരുന്നൂറു വാഹനങ്ങളും കുറഞ്ഞത് മൂന്നു ട്രിപ്പുകളെങ്കിലും ദിവസം പൂർത്തിയാക്കുന്നു. അതായത് ഇരുപത്തിനാലു മണിക്കൂറിൽ ഏതാണ്ട് 1.8 കോടി ലിറ്റർ വെള്ളം. ലിറ്ററിനു മുന്നൂറ്റൻപത് രൂപാ കണക്കാക്കുമ്പോൾ അത് അറുപത് ലക്ഷം രൂപയുടെ ബിസിനസ്സാണു്. വെള്ളത്തിന്റെ ഉപയോഗം കണക്കിലെടുത്ത് ( വീട്ടാവശ്യം/കന്നുകാലികൾ/വ്യവസായങ്ങൾ) ഈ നിരക്ക് ഇനിയും ഉയരാം.
ജലദൗർലഭ്യമാണു് ടാങ്കർ വിപണിയെ - നിർമ്മാണം, അറ്റകുറ്റപ്പണി, വാടകയ്ക്കെടുക്കൽ, വില്പന/വാങ്ങൽ - ഉത്തേജിപ്പിച്ച് നിറുത്തുന്നതു്. ജൽനയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് അഹമ്മദ്നഗർ ജില്ലയിലുള്ള തിരക്കേറിയ ഒരു സ്ഥലമാണു് രാഹുരി. മുപ്പതിനായിരം രൂപയ്ക്ക് നിർമ്മാണം പൂർത്തിയാകുന്ന 10,000 ലിറ്റർ ടാങ്കർ അതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഒരു ചെറിയ വ്യവസായപ്രദേശമായ രാഹുരിയിൽ ടാങ്കർ ടെക്നോളജിയിൽ ക്രാഷ് കോഴ്സ് ചെയ്യാൻ സാധിക്കും. 5 x 18 അടി വലിപ്പത്തിലുള്ള ഓരോ ഷീറ്റും മൂന്നരമില്ലിമീറ്റർ (ഗേജ് പത്ത്) കനമുള്ളവയാണെന്ന് ഒരു നിർമ്മാണയൂണിറ്റിന്റെ ഉടമയായ ശ്രീകാന്ത് മെലവാനെ വിശദീകരിച്ചു. അവിടെ ഓരോ ഷീറ്റും കൈകൊണ്ട് ചുറ്റിയെടുക്കേണ്ട "നിർമ്മാണ യന്ത്ര"വും കാണിച്ചുതന്നു. പതിനായിരം ലിറ്റർ ടാങ്കറിനു ഏതാണ്ട് എണ്ണൂറു് കിലോഗ്രാം ഭാരം വരും. സ്റ്റീൽ കിലോയ്ക്ക് മുപ്പത്തഞ്ച് രൂപാ നിരക്കിൽ എണ്ണൂറു കിലോ സ്റ്റീലിനു് ഇരുപത്തേഴായിരം രൂപയാകും. വേലക്കൂലിയും വൈദ്യുതചാർജ്ജ് തുടങ്ങിയ ചെലവുകൾ മൂവായിരം രൂപയിലൊതുങ്ങും. ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണയൂണിറ്റ് ഒരു ടാങ്കറുണ്ടാക്കാൻ ഒരുദിവസമെടുക്കും. തിരക്ക് കൂടുതലായിരുന്ന കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയ്ക്ക് പല വലിപ്പത്തിലുള്ള നൂറ്റമ്പത് ടാങ്കറുകൾ അവർ വിറ്റഴിച്ചു. അതിനടുത്ത ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നാലു യൂണിറ്റുകൾ കൂടിയുണ്ട്. അഹമ്മദ്നഗര് ടൗണിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചോണം നിർമ്മാണ യൂണിറ്റുകൾ ഇതേ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്നു.
ഇരുപതിനായിരം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെവലിയ ടാങ്കറുകൾ വ്യവസായശാലകൾക്കും കന്നുകാലിഫാമുകൾക്കും വേണ്ടി ഉപയോഗിക്കാനാണെന്നു ശ്രീകാന്ത് പറഞ്ഞു. പതിനായിരം ലിറ്റർ കൊള്ളുന്നവ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഉപയോഗിക്കപ്പെടുന്നു. അവർ ഉണ്ടാക്കിയതിൽവച്ച് ഏറ്റവും ചെറിയ ആയിരം ലിറ്ററിനടുത്തുള്ള ടാങ്കറുകളുടെ ഉപയോക്താക്കൾ പ്രധാനമായും ചെറുകിട തോട്ടമുടമകളാണു്. സൂക്ഷ്മജലസേചനത്തിന്റെ ചെലവു താങ്ങാൻ കഴിയാത്ത മാതളക്കർഷകർ കാളവണ്ടിയിൽ വെള്ളം നിറച്ച് കൊണ്ട്പോയി നനയ്ക്കാൻ വേണ്ടി നന്നേ ചെറിയ ഈ ടാങ്കറുകൾ ഉപയോഗിക്കുന്നു.
ജലസ്രോതസ്സുകൾ
ഈ വെള്ളമെല്ലാം എവിടുന്നു വരുന്നു? അനിയന്ത്രിതമായ ഭൂഗർഭജലചൂഷണത്തിൻ നിന്നാണെന്ന് വ്യക്തം. ജലവിപണിയെ ലാക്കാക്കി പുതുതായി നിർമ്മിക്കപ്പെട്ടവയടക്കമുള്ള സ്വകാര്യകുഴല്‍ക്കിണറുകൾ വഴി. ഭൂഗർഭജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവയും വറ്റാം. ഇവിടെ ഊഹക്കച്ചവടക്കാർ വെള്ളമുള്ള കിണറുകൾ ഭാവിയിൽ വിറ്റ് കാശാക്കാൻ വേണ്ടി വാങ്ങിച്ചിട്ടിട്ടുണ്ട്. ജല്‍നയിലെ ചില മിനറൽ വാട്ടർ കമ്പനികൾ വെള്ളം എത്തിക്കാൻ വേണ്ടി വിദർഭയിലുള്ള ബുലധന വരെ പോകുന്നു. അവിടെ ഇപ്പോൾത്തന്നെയുള്ള ജലക്ഷാമത്തെ ഇത് രൂക്ഷമാക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ജലദൗർലഭ്യം ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്ക് വളരെപ്പെട്ടെന്ന് പടർന്നുപിടിയ്ക്കുമെന്ന് കാണാം. ഇതിനിടയിൽ പൊതുജലസ്രോതസ്സുകളുടെ കൊള്ളയും നടക്കുന്നു.
ഒരു ടാങ്കറുടമ പതിനായിരം ലിറ്റർ വെള്ളത്തിനു വേണ്ടി ചെലവാക്കുന്ന തുക ആയിരത്തിനും ആയിരത്തിയഞ്ഞൂറിനുമിടയ്ക്കാണു്. അത്രയും വെള്ളം 3,500 രൂപയ്ക്കാണു് വിറ്റഴിക്കപ്പെടുന്നത്. ഒറ്റയടിക്ക് 2,500 രൂപ ലാഭം. കിണറോ, കുഴൽക്കിണറോ സ്വന്തമായുള്ളവര്ക്ക് അത്ര പോലും ചെലവാക്കേണ്ടി വരുന്നില്ല. പൊതുജലം കൊള്ളയടിക്കുന്നവരാവട്ടെ ഏതാണ്ട് സൗജന്യമായിത്തന്നെ ജലം കൈക്കലാക്കുന്നു.
മുൻ എം.പിയും മുൻ-എം.എൽ.എയുമായ പ്രസാദ് താൺപുരെയുടെ അഭിപ്രായത്തിൽ ഇടത്തരം മുതൽ വലിയ അൻപതിനായിരത്തിൽപ്പരം ടാങ്കറുകൾ ഈ വർഷം മഹാരാഷ്ടയിൽ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മുൻ_വർഷങ്ങളിൽ നിർമ്മിപ്പെട്ട് ഇപ്പോ ഉപയോഗത്തിലിർക്കുന്നവയും കൂടെ ചേർത്താൽ അവയുടേ എണ്ണം ഭീമമാണു്. ചില കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ മൊത്തത്തിലുള്ള ടാങ്കറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. കഴിഞ്ഞ മാസങ്ങളിലെ അൻപതിനായിരം പുതിയ ടാങ്കറുകളുടെ നിർമ്മാണ ബിസിനസ് തന്നെ 2 ബില്യൺ കവിയും. ഇത് കെട്ടിടനിര്‍മ്മാണപ്രവർത്തനങ്ങൾ, ബീമുകൾ, ഗ്രില്ലുകൾ തുടങ്ങിയ മറ്റ് ബിസിനസ്സുകളിലെ മാന്ദ്യത്തിനു വഴി തെളിച്ചിട്ടുണ്ട്. പക്ഷേ ആകർഷകമായ ഈ വിപണിയിലിറങ്ങാൻ തയ്യാറായി വരുന്നവർ അതിന്റെയൊക്കെ പതിന്മടങ്ങാണു്. ജൽനയിലെ ടാങ്കർ നിർമ്മാതാവായ സുരേഷ് പവാറിന്റെ അഭിപ്രായത്തിൽ പട്ടണത്തിലെ നൂറു നിർമ്മാതാക്കളിൽ തൊണ്ണൂറും ഈ രംഗത്ത് മുൻപൊരിക്കലും പ്രവര്‍ത്തിക്കാത്തവരാണു്.
ജൽനാ ജില്ലയിലെ തന്നെ ഷെലഗൗൺ ജില്ലയിലെ കർഷകനും ലോക്കൽ രാഷ്ട്രീയപ്രവർത്തകനുമായ ദീപക്ക് അമ്പോർ വെള്ളത്തിനായി രണ്ടായിരം രൂപ പ്രതിദിനം ചെലവഴിക്കുന്നു. "ദിവസവും അഞ്ച് ടാങ്കർ വെള്ളം എന്റെ അഞ്ചേക്കർ മുസംബി തോട്ടമുൾപ്പെടെയുള്ള പതിനെട്ടേക്കർ കൃഷിയിടം നനയ്ക്കാനായി ഉപയോഗിക്കുന്നു". അതിനായി പണം പലിശയ്ക്കെടുക്കേണ്ടി വരുന്നു. വിള മെച്ചമാവാകുമെന്ന പ്രതീക്ഷയില്ലാതെ എന്തിനിത്ര പണം ചെലവഴിയ്ക്കുന്നുവെന്ന ചോദ്യത്തിനു തന്റെ തോട്ടം നശിച്ച്പോകാതെ നോക്കണമെന്നു മാത്രമാണുത്തരം. ഇരുപത്തിനാലുശതമാനം വരെയാണു് ഇവിടെ പലിശനിരക്കുകൾ
ജലദൗർലഭ്യം പരിതാപകരമാണെങ്കിലും ഇതുവരെ ഗുരുതരമായിട്ടില്ല. ജൽനയിലെ പലരും കഴിഞ്ഞ ചില വർഷങ്ങളായി ടാങ്കറുകളെ ആശ്രയിച്ച് കഴിയുന്നു. പക്ഷേ ജലപ്രതിസന്ധിയുടെ വ്യാപ്തിയും അതിനനുസരിച്ച് ടാങ്കറുകളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു. ഏവരേയും ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത ഈ വർഷത്തെ മഴക്കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടുന്ന ദീർഘമായ കാലയളവാണു്. എന്നാൽ കച്ചവടമനസ്ഥിതിയുള്ള ചിലർക്ക് ഇതും പണമുണ്ടാക്കുനുള്ള ഒരവസരം മാത്രം.
ഈ ഓട്ടപ്പന്തയത്തിൽ പിന്നിലായിപ്പോയ ഒരു രാഷ്ട്രീയനേതാവിന്റെ പരിദേവനം: "എനിക്ക് പത്ത് ടാങ്കറുണ്ടായിരുന്നെങ്കിൽ ഈ വർഷവും വരൾച്ച വരണേയെന്നു പ്രാർത്ഥിച്ചേനെ"
*
ശ്രീ. പി.സായ്‌നാഥ് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘Tankers and the economy of thirst‘ എന്ന ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ
മൊഴിമാറ്റം നിര്‍വഹിച്ചത് +Kunjans V
No comments:
Post a Comment