Saturday, March 9, 2013

താലിബാനിസം മുളയിലേ നുള്ളണം

കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്തത് ആരായിരുന്നാലും അവര്‍ മലയാളികള്‍ക്ക് അപമാനമാണ് വരുത്തിവച്ചത്. കേരളം കൈമുതലായി കരുതുന്ന മതസൗഹാര്‍ദത്തിനും മതനിരപേക്ഷ ചിന്താഗതിക്കും മുറിവേല്‍പ്പിച്ച സംഭവമാണ് അത്. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരെപ്പറ്റി നാം ഊറ്റംകൊള്ളാറുണ്ട്. സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മനുഷ്യരാശിക്ക് നല്‍കിയ ശ്രീനാരായണഗുരു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് പഠിപ്പിച്ചത്. കോട്ടക്കലെ ഒരുകൂട്ടം പിശാചുക്കള്‍ ഇതൊക്കെ എങ്ങനെ മറന്നു എന്നാണറിയാത്തത്. ഇക്കൂട്ടരുടെ ഗുരു ആരാണ്; നേതാവാരാണ് എന്നറിയണം. ഒ വി വിജയന്റെ പ്രതിമ എന്തു തെറ്റാണ് ചെയ്തതെന്നറിയണം. പ്രതിമ സ്ഥാപിച്ചവര്‍ തെറ്റുകാരാണോ എന്നറിയണം. പ്രതിമ തകര്‍ത്തവര്‍ ഭീരുക്കളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാകണം. ഇരുളിന്റെ മറവില്‍ രക്ഷപ്പെടാനാഗ്രഹിക്കുന്ന തിന്മയുടെ പ്രതീകങ്ങളല്ലെങ്കില്‍ വെളിച്ചത്തുവന്ന് ജനങ്ങളോടു പറയണം, "ഇത് ഞങ്ങളാണ് ചെയ്തതെന്ന്". പ്രതിമ തകര്‍ത്തവരാരായാലും അവര്‍ സാമൂഹ്യദ്രോഹികളാണ്. കോട്ടക്കല്‍ സ്കൂളില്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ മുസ്ലിംലീഗുകാരാണ്. കൂമന്‍കാവ് എന്ന പേരാണ് അവരുടെ എതിര്‍പ്പിനും വെറുപ്പിനും കാരണമായതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പല സ്ഥലപ്പേരും തിരുത്തിക്കുറിക്കേണ്ടിവരും. മാങ്കാവും നടക്കാവും പൊയില്‍ക്കാവും ആര്യന്‍കാവും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത സ്ഥലപ്പേരുകള്‍ കേരളത്തിലുണ്ട്. കാവ് എന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്നവരാണോ ഇക്കൂട്ടര്‍ എന്നറിയണം. ഇതിന്റെ പേര് അസഹിഷ്ണുതയെന്നാണ്. അതാണ് താലിബാനിസം. ഇത് തനി സംസ്കാരശൂന്യതയാണ്. സംസ്കാരശൂന്യത കൈമുതലായി സൂക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും മതസംഘടനയെയും അനുവദിച്ചുകൂടാ. സംസ്കാരസമ്പന്നരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ എതിര്‍പ്പ് കാട്ടുതീപോലെ അതിവേഗം വ്യാപിച്ചുവരുന്നത് കണ്ടപ്പോഴാണ് മുസ്ലിംലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെയുള്ള കരുനീക്കം താല്‍ക്കാലികമായെങ്കിലും മാറ്റിവച്ചത്. എന്നാല്‍, ലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമയ്ക്കും കൂമന്‍കാവിനുമെതിരെയുള്ള താലിബാനിസത്തെ പരസ്യമായി അപലപിക്കാനോ തള്ളിപ്പറയാനോ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുമെന്ന ഭീതിമൂലമാണ് താല്‍ക്കാലികമായി പിന്മാറ്റ നാടകമാടിയത്്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും താലിബാനിസത്തിന് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തത്. കുറച്ചുകാലം ഒ വി വിജയന്റെ പ്രതിമ പൊതിഞ്ഞുവയ്ക്കുകപോലും ചെയ്തു. ഇന്ത്യയെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തി ഭരിച്ച സാമ്രാജ്യത്വത്തിന്റെ പ്രതീകമായ വിക്ടോറിയ മഹാറാണിയുടെയും ചക്രവര്‍ത്തിമാരുടെയും സ്മാരകവും പ്രതിമയുമൊക്കെ ഇപ്പോഴും കേരളത്തിന്റെ പലഭാഗത്തും കാണാനുണ്ട്. അതില്‍ ചിലതൊക്കെ പൂവിട്ട് പൂജിക്കാനും ആളുണ്ട്. ജാലിയന്‍വാലാബാഗില്‍ ധീരദേശാഭിമാനികളെ യന്ത്രത്തോക്ക് ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത് ഒരേ കിണറ്റില്‍ ഹിന്ദു എന്നോ, മുസല്‍മാനെന്നോ വ്യത്യാസമില്ലാതെ കുഴിച്ചുമൂടിയവര്‍ക്കെതിരെ ഉയര്‍ന്നുപൊങ്ങിയിട്ടില്ലാത്ത രോഷം എങ്ങനെ ഒ വി വിജയന്റെ പ്രതിമയ്ക്കെതിരെ ഉണ്ടായി എന്നറിയണം. ഇത് യാദൃച്ഛിക സംഭവമായി കാണരുത്. പ്രതിമ തകര്‍ത്തവരെ മുസ്ലിംലീഗ് നേതൃത്വം കലവറയില്ലാതെ തള്ളിപ്പറയാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടി താലിബാനിസത്തിനെതിരെ എങ്ങനെ പ്രയോഗിക്കാന്‍ തയ്യാറാകുന്നു എന്ന് നമുക്ക് കാത്തിരുന്നു കാണാം. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ മനുഷ്യത്വമുള്ള സകലരും താലിബാനിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം. ഈ നശീകരണപ്രവണത കേരളത്തിന്റെ മണ്ണില്‍നിന്നും നിഷ്കരുണം നുള്ളിക്കളയണം. എങ്കിലേ കേരളത്തിന് ഭാവിയുള്ളൂ; കേരളത്തിന് രക്ഷപ്പെടാന്‍ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 09 മാര്‍ച്ച് 2013

No comments: