Sunday, March 24, 2013

പാത്തുമ്മയുടെ ആടും ബഷീറും

പുസ്തകങ്ങളെ ആര്‍ത്തിയോടെ തേടിപ്പിടിക്കുന്ന ഒരു വായനക്കാരനല്ല ഞാന്‍. അതുകൊണ്ടുതന്നെ വായനയുടെ ആഴങ്ങളിലേക്ക് അധികം ഇറങ്ങിച്ചെന്നിട്ടുമില്ല. എന്നാല്‍, എങ്ങനെയോ ഞാനും ചില പുസ്തകങ്ങള്‍ എഴുതിപ്പോയിട്ടുണ്ട്. എഴുതുക എന്നത് എന്നെ സംബന്ധിച്ച് പാടുന്നതുപോലെയാണ്. നന്നായി പാടുന്ന ഒരുപാട് പേരുണ്ടെന്ന് നമുക്കറിയാം. മുഹമ്മദ് റഫിയും യേശുദാസുമുണ്ട്. പക്ഷേ, ഞാന്‍ എന്റെ രീതിയില്‍ പാടും. അത് എങ്ങനെ എന്ന് ചിന്തിക്കാറില്ല. എന്തിന് എന്ന് ഉല്‍ക്കണ്ഠപ്പെടാറില്ല. എന്റെ വാസനയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണത്. എന്നെ ആരും എഴുതാന്‍ പ്രേരിപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചിട്ട് എഴുത്തിനോട് ആവേശം തോന്നിയതുമല്ല. പറഞ്ഞാല്‍ "വളുവളാന്ന്" പോകുന്ന കാര്യങ്ങള്‍ ഒതുക്കി പറയേണ്ടുന്ന ആവശ്യം വന്നപ്പോള്‍ പേന കൈയിലെടുത്തതാണ്. അപ്പോഴാണ് ഓരോ കാര്യവും കൃത്യമായി എങ്ങനെ പറയണമെന്ന ഉറപ്പുവന്നത്.

ഉദാഹരണത്തിന് കമല എന്ന ഒരു സ്ത്രീയെപ്പറ്റി എഴുതണമെന്നു കരുതുക. അവരെ കുമാരി കമലയെന്നോ ശ്രീമതി കമലയെന്നോ ദേവി കമലയെന്നോ എന്താണ് വിളിക്കേണ്ടതെന്ന സംശയം മനസ്സിലുയരും. ഇവിടെ ഒരു കൃത്യത ആവശ്യമായി വരും. എന്റെ മനസ്സിനെ ഗൗരവബുദ്ധി പഠിപ്പിച്ചത് എന്റെ പേനയാണ്. അങ്ങനെ എഴുത്തിന്റെ വഴിയില്‍ യാത്ര തുടങ്ങി. പത്രപ്രവര്‍ത്തകനായി. പത്രങ്ങളില്‍ കോളങ്ങളെഴുതി. എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരുണ്ടെന്നു മനസ്സിലായത് സന്തോഷം പകര്‍ന്നു. സിനിമ ചെയ്തില്ലെങ്കിലും എഴുത്ത് മുടക്കരുതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഞാന്‍ മറ്റെഴുത്തുകാരെ തെരഞ്ഞു തുടങ്ങിയത്. അങ്ങനെയിരിക്കെ മറ്റു ചിലരുടെ സംഭാഷണങ്ങളില്‍നിന്ന് ഏതാനും പ്രയോഗങ്ങള്‍ മനസ്സില്‍ വന്നു തറച്ചു. "എട്ടുകാലി മമ്മൂഞ്ഞി"ന്റെ സ്വഭാവം കാണിക്കരുത്. "ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്" എന്ന മട്ടിലാണല്ലോ വര്‍ത്തമാനം തുടങ്ങിയ സംഭാഷണശകലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഏറെ വൈകാതെ ഈ പ്രയോഗങ്ങളുടെ പകര്‍പ്പവകാശം കൈയിലുള്ള എഴുത്തുകാരനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി. വൈക്കം മുഹമ്മദ് ബഷീറിനെ വായിക്കാന്‍ ബോധപൂര്‍വം ഒരു തീരുമാനമെടുക്കുകയായിരുന്നു അപ്പോള്‍. വായന പരീക്ഷണത്തിനായി തെരഞ്ഞെടുത്തത് "പാത്തുമ്മയുടെ ആട്" തന്നെ. തിരുവനന്തപുരത്തിനടുത്ത് മലയിന്‍കീഴിലുള്ള എന്റെ തോട്ടത്തില്‍ പോയിരുന്നായിരുന്നു വായന.

സമയം രാവിലെ ഏകദേശം പത്തുമണിയായിട്ടുണ്ടാകും. പുസ്തകം വായിച്ചു തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ചുറ്റുപാടുകളെല്ലാം അപ്രത്യക്ഷമായി. ഇരുന്ന ചാരുകസേരപോലും ഇല്ല. തോട്ടത്തില്‍ കുലച്ചുനിന്ന വാഴകളും വലിയ മരങ്ങളും ഞാന്‍ കാണുന്നില്ല. തൊഴുത്തിലെ പശുക്കളുടെ ശബ്ദം കേള്‍ക്കുന്നില്ല. പൂര്‍ണമായും "പാത്തുമ്മയുടെ ആടില്‍" ലയിച്ചുപോയി. അത്യപൂര്‍വമായ ഒരു വായനാനുഭവം. വയറു കുലുങ്ങി കുലുങ്ങി ഞാന്‍ ചിരിച്ചു. അപ്പോഴാണ് മാസ്മരിക ശൈലി എനിക്ക് ബോധ്യമായത്. ബഷീറിനെ നേരില്‍ കാണുക എന്നുള്ളതായിരുന്നു പിന്നത്തെ മോഹം. "ബേപ്പൂര്‍ സുല്‍ത്താന്‍" എന്നാണദ്ദേഹം അറിയപ്പെടുന്നതെന്നൊക്കെ അറിയാം. പ്രേംനസീറിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. "സിനിമയിലെ സുല്‍ത്താന്‍ ബേപ്പൂര്‍ സുല്‍ത്താനൊപ്പം" എന്ന അടിക്കുറിപ്പ് ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. പോവുകതന്നെ, നിശ്ചയിച്ചു. നേരത്തെ വിളിച്ച് സന്ദര്‍ശനാനുമതി ചോദിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ വാതില്‍ എനിക്കായി തുറന്നിട്ടിരിക്കുന്നു എന്നു തോന്നി. അങ്ങനെ ബേപ്പൂരില്‍ പോയി ബഷീറിനെ കാണാന്‍ നിശ്ചയിച്ച ദിവസമാണ് ആ വാര്‍ത്ത വന്നത്- വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു. എന്റെ പുസ്തകഷെല്‍ഫില്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികളുണ്ട്. ഇടയ്ക്ക് വായിക്കാന്‍. ബഷീറുമായുള്ള ഏര്‍പ്പാട് പൂര്‍ണമാകാത്തതിനാല്‍ മറ്റുള്ള എഴുത്തുകാരുമായി മനസ്സുകൊണ്ട് ഒത്തിരിക്കാന്‍ പറ്റിയിട്ടില്ല. കന്യകയെപ്പോലെയാണ് എന്നിലെ വായനക്കാരന്‍. പക്ഷേ, മറ്റെഴുത്തുകാര്‍ മോശക്കാരാണെന്ന് ഇതിനര്‍ഥമില്ല. ബഷീറുമായി നടക്കാതെപോയ സംഗമത്തിന്റെ ഓര്‍മയ്ക്കായി ഞാനെന്റെ രണ്ടാമത്തെ പുസ്തകത്തിന് "കാണാത്ത സുല്‍ത്താന് സ്നേഹപൂര്‍വം" എന്ന് സാഭിമാനം പേരിടുകയുംചെയ്തു. അതില്‍ ഞാന്‍ ഇങ്ങനെ എഴുതി: ""ഒരു കാര്യത്തില്‍മാത്രം ബഷീര്‍ നിങ്ങളോടെനിക്കസൂയയുണ്ട്. എന്നെങ്കിലും എഴുതണമെന്നു കരുതി ഞാന്‍ ജീവിതത്തില്‍ പലപ്പോഴായി സമാഹരിച്ചു വച്ചിരുന്ന പലതും നിങ്ങള്‍ "എമ്പണ്ടേ" എഴുതിക്കളഞ്ഞല്ലോ"" എന്ന്.

ആ പുസ്തകം പ്രകാശനംചെയ്ത എം ടി വാസുദേവന്‍നായര്‍ പ്രൊഫ. ഒ എന്‍ വി കുറുപ്പിന് ആദ്യപ്രതി സമ്മാനിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. ""അക്ഷരമറിയാവുന്ന ആര്‍ക്കും എഴുത്തുകാരനാകാന്‍ പറ്റും. എന്നാല്‍, എഴുതാന്‍ മൗലികമായ ആശയങ്ങളും അവതരണത്തില്‍ മാസ്മരികമായ ഒരു ശൈലിയും ഉണ്ടായാല്‍മാത്രമേ ഞാനൊരാളെ നല്ല എഴുത്തുകാരനായി അംഗീകരിക്കൂ. ബാലചന്ദ്രമേനോനെ ഞാന്‍ അക്കൂട്ടത്തില്‍പ്പെടുത്തുന്നത് ഇക്കാരണംകൊണ്ടാണ്. ഞാനദ്ദേഹത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ ചാള്‍സ് ലാംബിയുമായാണ് താരതമ്യംചെയ്യുന്നത്."" ബഷീറിന്റെ പേരിലിറങ്ങിയ ഈ പുസ്തകം എനിക്ക് നല്‍കിയ വലിയ ബഹുമതിയായി എം ടിയുടെ വാക്കുകളെ ഞാന്‍ കാണുന്നു.

*
ബാലചന്ദ്രമേനോന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 മാര്‍ച്ച് 2013

No comments: