Friday, March 8, 2013

അധിക്ഷേപിച്ചത് കേരളജനതയെ

കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലുള്ള വേളകളിലെ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ ഗിരിപ്രഭാഷണം നടത്താറുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ കേന്ദ്രത്തില്‍നിന്ന് തുടരെ ഏല്‍ക്കേണ്ടിവരുന്ന അപമാനത്തിനും അവഗണനയ്ക്കും വിശദീകരണം നല്‍കേണ്ടതുണ്ട്. കേരളം എന്നൊരു സംസ്ഥാനമേ ഇന്ത്യന്‍ ഭൂപടത്തിലില്ല എന്നമട്ടിലുള്ള റെയില്‍വേ ബജറ്റിലെ കേന്ദ്രനിലപാട്, വാര്‍ഷിക പൊതുബജറ്റില്‍ കേരളത്തോടു കാട്ടിയ കടുത്ത അവഗണന എന്നിവയ്ക്കൊക്കെ മേലെയാണ് അവഗണനയെക്കുറിച്ച് പരാതിപ്പെടാന്‍ ചെന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാന്‍പോലും വിസമ്മതിച്ച പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യം. ഉമ്മന്‍ചാണ്ടി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. സംസ്ഥാന മുഖ്യമന്ത്രിക്ക് അനുവദിക്കാന്‍ തന്റെ പക്കല്‍ സമയമില്ലെന്ന വിളംബരമാണ് പ്രധാനമന്ത്രിയില്‍നിന്നുണ്ടായത്. ഇത് മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തി ഏറ്റുവാങ്ങുന്ന അപമാനം മാത്രമല്ല, കേരള സംസ്ഥാനം ഏറ്റുവാങ്ങുന്ന അപമാനമാണ്; കേരളജനത നേരിടുന്ന അധിക്ഷേപമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട എട്ടംഗ മന്ത്രിസംഘമാണ് ഡല്‍ഹിക്കുപോയത്. പരിവാരസമേതം രണ്ടുദിവസം അവിടെ തമ്പടിച്ചുകിടന്നു. പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍, കൂടിക്കാഴ്ച അനുവദിച്ചില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയായിരുന്നു. ഏതെങ്കിലും സുപ്രധാന രാഷ്ട്രീയ യോഗങ്ങളോ വിദേശമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളോ ഒഴിവാക്കാനാകാത്ത ഏതെങ്കിലും പൊതുപരിപാടിയോ ഔദ്യോഗിക ചടങ്ങോ പ്രധാനമന്ത്രിക്കുണ്ടായിരുന്നില്ല ഈ ദിവസങ്ങളില്‍. താരതമ്യേന വിനോദ-വിശ്രമ ഘട്ടം. എന്നിട്ടും രണ്ടുമിനിട്ടുപോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കായി അനുവദിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തയ്യാറായില്ല. എന്തിനാണ് ഇങ്ങനെയൊരു പ്രധാനമന്ത്രി? പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അറിയിക്കാനുള്ള അവസരംപോലും നേടിയെടുക്കാന്‍ കഴിയുകില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു മുഖ്യമന്ത്രി? കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും യുഡിഎഫ് മന്ത്രിസഭയ്ക്കും സാധിക്കില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ കണ്ടത്.

റെയില്‍വേ ബജറ്റില്‍ ക്രൂരമായി കേരളം അവഗണിക്കപ്പെട്ടയുടന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു നിര്‍ദേശം മുമ്പോട്ടുവച്ചിരുന്നു. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനും സംസ്ഥാനം നേരിട്ട അവഗണന തിരുത്തിച്ചെടുക്കാനും സര്‍വകക്ഷി നിവേദകസംഘം പോവുക; മുഖ്യമന്ത്രി ഇതിന് മുന്‍കൈ എടുക്കുക- ഇതായിരുന്നു നിര്‍ദേശം. മുഖ്യമന്ത്രി അങ്ങോട്ട് തനിച്ചുചെന്നാല്‍ എന്താവും അവസ്ഥ എന്നത് പൂര്‍വകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പുള്ളതുകൊണ്ടാകണം പിണറായി വിജയന്‍ സര്‍വകക്ഷിനിവേദക സംഘം എന്ന നിര്‍ദേശം മുമ്പോട്ടുവച്ചത്. കേരളത്തില്‍ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയപാര്‍ടികളും ഉള്‍പ്പെട്ട സര്‍വകക്ഷി നിവേദകസംഘം പോയാല്‍ അതിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് ബോധ്യപ്പെടും. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണതെന്ന മട്ടില്‍ അതിനെ കാണും.

കേരളത്തിന്റെ ആവശ്യങ്ങളുടെ ന്യായയുക്തത പ്രധാനമന്ത്രിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുകയുംചെയ്യും. ഇതെല്ലാം മനസ്സില്‍ കണ്ടും കേരളത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി ആ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, രാഷ്ട്രീയ സങ്കുചിതത്വം നിറഞ്ഞ വീക്ഷണത്തിന്റെ മഞ്ഞക്കണ്ണടയിലൂടെമാത്രം എല്ലാം കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അത് സ്വീകാര്യമായില്ല. സര്‍വകക്ഷി സംഘം പോകുന്നത് തന്റെ ആത്മാഭിമാനത്തിന് മോശമാകുമെന്നദ്ദേഹം കരുതി. അതുകൊണ്ടുതന്നെ സര്‍വകക്ഷി സംഘത്തെ ഒഴിവാക്കി അഞ്ചെട്ട് മന്ത്രിമാരെയും കൂട്ടി ഡല്‍ഹിയിലേക്കുപോയി. പ്രധാനമന്ത്രിയെ കണ്ട് എല്ലാം ബോധ്യപ്പെടുത്തി എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെടുക്കും എന്ന വിളംബരത്തോടെയായിരുന്നു യാത്ര. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ നിഴല്‍പോലും കാണാനാകാതെ തിരിച്ചുവന്നു. ഇത്തരം നിരര്‍ഥകമായ പോക്കുവരവുകളെ യഥാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഒരു നാടന്‍ ഭാഷാപ്രയോഗമുണ്ട്. പാലിക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ള മാന്യതയും മര്യാദയുംമൂലം അത് ഇവിടെ എടുത്തെഴുതുന്നില്ല എന്നേയുള്ളൂ. ഈ മുഖ്യമന്ത്രിക്കും മന്ത്രിസംഘത്തിനും കീഴില്‍ കേരളത്തിന് അര്‍ഹമായ ഒരു പരിഗണനയും ലഭിക്കില്ല എന്നത് വ്യക്തമാണ്. വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ വേണ്ട സഹായംപോലും കിട്ടിയില്ല.

കാര്‍ഷികരംഗത്തെ കൂട്ട ആത്മഹത്യയുടെ തോത് കുറയ്ക്കാനുള്ള ധനസഹായം ചോദിച്ചിട്ട് കിട്ടിയിട്ടില്ല. പ്രത്യേക സാമ്പത്തിക പാക്കേജ് കിട്ടിയില്ല. ഒന്നും കിട്ടിയില്ല. ഉള്ളതൊക്കെ നഷ്ടപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഇവര്‍ക്ക് കഴിയില്ല. രാഷ്ട്രീയ ദാസ്യമനോഭാവത്തോടെ കേന്ദ്രത്തില്‍ചെന്ന് ഓച്ഛാനിച്ചു നില്‍ക്കുന്ന ഇവരെ കേന്ദ്രത്തിലാരും പരിഗണിക്കില്ല. അവിടെപ്പോയി വായ്ക്കൈപൊത്തി നില്‍ക്കുന്നവര്‍ക്കല്ല, മറിച്ച് സമര്‍ഥമായ ഇടപെടലിലൂടെ, അവകാശബോധത്തോടെ കാര്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കേ അര്‍ഹതപ്പെട്ട സഹായം ലഭിക്കൂ. പല സംസ്ഥാനങ്ങളും അത് വാങ്ങിയെടുക്കുന്നുമുണ്ട്. കഴിവുകേടുകൊണ്ടും അതിരുവിട്ട ദാസ്യമനോഭാവംകൊണ്ടും കേരളത്തിന് കിട്ടേണ്ടതൊക്കെ നഷ്ടപ്പെടുത്തുകയാണ് ഈ മുഖ്യമന്ത്രിയും കൂട്ടരും. സര്‍വകക്ഷിസംഘം പോയാല്‍ ഉണ്ടാകുമായിരുന്ന ഗുണംകൂടി മിഥ്യാഭിമാനബോധംകൊണ്ട് കളഞ്ഞുകുളിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. കേരളജനത കേന്ദ്രത്തിന്റെ വാല്യക്കാരൊന്നുമല്ല. കേരളം സാമന്ത സംസ്ഥാനവുമല്ല. ഇന്ത്യന്‍ യൂണിയനെ രൂപപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ്. അവിടെനിന്നുള്ള മുഖ്യമന്ത്രിയും കൂട്ടരും എത്തുമ്പോള്‍ അവരെ കാണാനും അവരുടെ പരാതി കേള്‍ക്കാനും സമയമില്ലാത്ത ഒരു പ്രധാനമന്ത്രിയെ ആവശ്യമില്ല. ഫെഡറല്‍ സ്പിരിറ്റിന് ചേരുന്നതല്ല ധാര്‍ഷ്ട്യം നിറഞ്ഞ ഈ പ്രധാനമന്ത്രിയുടെ പെരുമാറ്റം. പ്രധാനമന്ത്രിക്ക് ഇങ്ങനെ അവഹേളനപരമായി പെരുമാറാന്‍ ധൈര്യം വരുന്നത് എന്ത് അധിക്ഷേപവും സഹിച്ച് മറുത്തൊരക്ഷരം പറയാതെ നില്‍ക്കാന്‍ രാഷ്ട്രീയമായി ബാധ്യസ്ഥരാണ് ഇവിടത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കൂട്ടരും എന്നതുകൊണ്ടാണ്. എന്തായാലും ഒന്ന് പറയാതെ വയ്യ. ഈ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അവരുടെ ഭരണ സംവിധാനങ്ങള്‍ക്കും കീഴില്‍ കേരളം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയാണ്. ഇത് അനുവദിക്കില്ല എന്ന് കേരളജനത ഒറ്റക്കെട്ടായി പറഞ്ഞേ പറ്റൂ; രാഷ്ട്രീയ വേര്‍തിരിവുകള്‍പോലും മറന്ന് ഒറ്റക്കെട്ടായിനിന്ന് ഈ ധിക്കാരപൂര്‍വമായ അവഹേളനത്തെ ചെറുത്തേ പറ്റൂ. അതിന് തടസ്സമാകാതെ നില്‍ക്കാനുള്ള മാന്യതയെങ്കിലും ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയും കാണിക്കണം. അത് എങ്ങനെ വേണമെന്നത് അവര്‍തന്നെ തീരുമാനിക്കട്ടെ.

കേരളം ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് നേരിടുന്നത്. കേന്ദ്രനിലപാടുകളാണ് ഇതിന് തീവ്രതയേറ്റുന്നത്. വൈദ്യുതിവിതരണംമുതല്‍ പൊതുഗതാഗതംവരെ സ്തംഭിക്കുകയാണ്. ഈ അവസ്ഥ ഒഴിവാക്കാനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോടുപറയാന്‍പോലും കഴിയാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിന് ബാധ്യതയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 08 മാര്‍ച്ച് 2013

No comments: