Thursday, March 7, 2013

അണിചേരാം, ഇതിഹാസത്തിനുപിന്നില്‍

ഇക്വഡോറില്‍ ഫെബ്രുവരി 18ന് നടന്ന തെരഞ്ഞെടുപ്പില്‍ റാഫേല്‍ കൊറിയ മൂന്നാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. വലതുപക്ഷ എതിരാളിക്ക് 24 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇക്വഡോര്‍, വെനസ്വേല, ബൊളീവിയ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ അച്ചുതണ്ട്. ഈ മൂന്ന് രാജ്യങ്ങളിലാണ് ഇടതുപക്ഷം തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും നവഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വമേല്‍ക്കോയ്മയ്ക്കുമെതിരെ ബദല്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്തത്. വെനസ്വേലയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഹ്യൂഗോ ഷാവേസ് നാലാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബൊളീവിയയില്‍ ഇവാ മൊറേലിസിന് ഇത് തുടര്‍ച്ചയായ രണ്ടാം ഊഴമാണ്. ഈ മൂന്ന് രാജ്യങ്ങളിലും ഇടതുപക്ഷശക്തികള്‍ നവഉദാര നയങ്ങള്‍ക്കെതിരെ പൊരുതുന്നതോടൊപ്പം ദേശീയപരമാധികാരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സോഷ്യലിസ്റ്റ് ക്യൂബയുമായി അടുത്ത സഖ്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം നിക്കരാഗ്വ, ഉറുഗ്വെ, എല്‍ സാല്‍വഡോര്‍, പരാഗ്വ എന്നീ രാജ്യങ്ങളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്. സോഷ്യല്‍ ഡെമോക്രാറ്റുകളാണെങ്കിലും ബ്രസീലിലും അര്‍ജന്റീനയിലും ദേശീയ സര്‍ക്കാരുകളാണ് അധികാരത്തിലുള്ളത്. 21-ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയില്‍ സോഷ്യലിസ്റ്റ് പാതയ്ക്കുവേണ്ടിയുള്ള ശ്രമത്തിനും അവിടത്തെ ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഏറെ പ്രധാന്യമുണ്ട്. 1980കളുടെ ആദ്യം നവഉദാരവല്‍ക്കരണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത് ലാറ്റിനമേരിക്കയിലാണ്. ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെയുടെ സര്‍ക്കാരിനെതിരെ നടന്ന ഫാസിസ്റ്റ് അട്ടിമറിയിലൂടെ തുടങ്ങി ഇടതുപക്ഷത്തിനുണ്ടായ പരാജയ പരമ്പരകളുടെ തുടര്‍ച്ചയായിരുന്നു ഈ നയം.

ഗറില്ലാ സമരരീതി സ്വീകരിച്ച പല വിപ്ലവശക്തികളും അടിച്ചമര്‍ത്തപ്പെട്ടു. 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ ഇടതുപക്ഷത്തിന്റെ പിന്മാറ്റം പൂര്‍ത്തിയായി. എങ്കിലും ഇടതുപക്ഷം വീണ്ടും സംഘടിച്ച്, സ്വകാര്യവല്‍ക്കരണത്തിനും വിഭവങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തട്ടിയെടുക്കുന്നതിനുമെതിരെ പോരാട്ടം ആരംഭിച്ചു. തദ്ദേശീയരായ ഇന്ത്യന്‍ വംശജരുടെയും ഭൂരഹിതരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളും അതിവേഗം വളര്‍ന്നു. ഈ ജനകീയ സമരങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നുമാണ് ഇടതുപക്ഷത്തിന്റെ പുതിയരൂപങ്ങള്‍ ഉരുത്തിരിഞ്ഞത്. വെനസ്വലയില്‍ ഇത് ബൊളിവേറിയന്‍ വിപ്ലവത്തിനുള്ള പ്രസ്ഥാനമാണ്. ബൊളീവിയയിലാകട്ടെ ഇത് സോഷ്യലിസത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണ് (എംഎഎസ്). ബ്രസീലില്‍ തൊഴിലാളി പാര്‍ടിയും ഭൂരഹിത ഗ്രാമീണ തൊഴിലാളിപ്രസ്ഥാനവും ഉയര്‍ന്നുവന്നു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ മറ്റൊരു പ്രത്യേകത ജനകീയ ജനാധിപത്യരാഷ്ട്രീയത്തിലേക്കുള്ള ചായ്വാണ്. സായുധ സമരം നയിച്ച വിപ്ലവകാരികള്‍ക്കും ഉല്‍പതിഷ്ണുക്കളായ തൊഴിലാളിസംഘടനാ നേതാക്കള്‍ക്കും ഒപ്പം കര്‍ഷകരുടെയും ഭൂരഹിതരുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കളും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും ചേരിനിവാസികളുടെയും നേതാക്കളും ദേശസ്നേഹികളായ സൈനിക ഓഫീസര്‍മാരും ഒത്തുചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും രൂപം നല്‍കി.

എടുത്തുപറയേണ്ട വസ്തുത വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരം കക്ഷികളും സഖ്യവും തുടര്‍ച്ചയായി 50 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കുകയാണെന്നതാണ്. ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ രാഷ്ട്രീയക്രമം പുതുക്കിപ്പണിതു. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്ന പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയ സര്‍ക്കാരുകള്‍ പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും അനുവദിച്ചു. ഈ സര്‍ക്കാരുകളെല്ലാം മൗലികമായ ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കുകയും എണ്ണ, വാതകം, ധാതുലവണങ്ങള്‍ എന്നീ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്രകമ്പനികളില്‍നിന്നും സ്വകാര്യ കമ്പനികളില്‍നിന്നും മോചിപ്പിക്കുകയും ചെയ്തു. കൂടാതെ ബൃഹത്തായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുകയും വിദ്യാഭ്യാസം, ആരോഗ്യം എന്നിവ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്തു. അതേസമയം, ഈ രാജ്യങ്ങളിലൊന്നും ഇതുവരെയും സോഷ്യലിസം സ്ഥാപിച്ചിട്ടില്ല. സോഷ്യലിസത്തിലേക്ക് പോകാനുള്ള പ്രക്രിയയിലാണ് ഈ രാജ്യങ്ങള്‍. രാഷ്ട്രഘടനയും ഓരോ രാജ്യത്തിലെയും ശാക്തികബലാബലവും വലതുപക്ഷശക്തികളെ പിടിച്ചുകെട്ടാനുള്ള പോരാട്ടം തുടരേണ്ട അവസ്ഥ സംജാതമാക്കി. ഉദാഹരണത്തിന് വെനസ്വേലയില്‍ മുതലാളിത്തമേഖല ഇന്നും നിലനില്‍ക്കുന്നു. മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ദുഷ്പ്രഭുത്വത്തിന്റെയും കോര്‍പറേറ്റ് മേഖലയുടെയും നിയന്ത്രണത്തിലാണ്. അട്ടിമറിനീക്കങ്ങള്‍ തടയാനും സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദം അതിജീവിക്കാനും ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണ്.

ലാറ്റിനമേരിക്കയില്‍ വളര്‍ന്നുവരുന്ന പ്രാദേശിക സഹകരണമാണ് മറ്റൊരു പ്രധാന പ്രത്യേകത. ക്യൂബ, വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, ഉറൂഗ്വെ, പരാഗ്വെ എന്നീ ഇടതുപക്ഷ, പുരോഗമനരാജ്യങ്ങള്‍ ചേര്‍ന്നുള്ള അല്‍ബ (ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ലാറ്റിനമേരിക്ക)യാണിതില്‍ പ്രധാനം. മെര്‍ക്കോസര്‍, ഉനാസര്‍ തുടങ്ങിയ ബൃഹത്തായ പ്രാദേശിക സംഘടനകളുമുണ്ട്. ഉനാസറില്‍നിന്നും ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാഷ്ട്ര സഖ്യത്തില്‍നിന്നും(സിഇഎല്‍എസി) അമേരിക്കയെ ഒഴിച്ചുനിര്‍ത്തി എന്നത് ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കയിലെ പ്രമുഖ ബുദ്ധിജീവിയായ എമിര്‍ സഡേര്‍ എഴുതിയ "ദ ന്യൂ മോള്‍" എന്ന പുസ്തകം ലാറ്റിനമേരിക്കയില്‍ നടക്കുന്ന രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങളും അതില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെയും പ്രതിപാദിക്കുന്നു. (ഈ പുസ്തകം ഡല്‍ഹിയിലെ ലെഫ്റ്റ്വേര്‍ഡാണ് പ്രസിദ്ധീകരിച്ചത്). ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ഭാവി ശോഭനമാണ്. ഹ്യൂഗോ ഷാവേസിന്റെ അഭാവം ഒരു തിരിച്ചടിയാകുമെങ്കിലും ദശാബ്ദം പിന്നിട്ട വെനസ്വേലയിലെ വിപ്ലവപ്രക്രിയയെ എളുപ്പത്തില്‍ അട്ടിമറിക്കാനാകില്ല.

ഷാവേസ് ക്യൂബയിലെ ആശുപത്രിയിലായിരിക്കുമ്പോഴാണ് വെനസ്വേലയിലെ 23 പ്രവിശ്യകളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 20ലും ഷാവേസ് സ്ഥാപിച്ച യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയാണ് വിജയിച്ചത്. വിപ്ലവപ്രസ്ഥാനത്തിനുള്ള ജനകീയപിന്തുണ ഇന്നും ശക്തമാണ്. ഷാവേസ് നിലവില്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി വൈസ് പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. ഷാവേസിന് തുടരാന്‍ കഴിയാത്തപക്ഷം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഡുറോയെ മത്സരിപ്പിക്കാനാണ് നിര്‍ദേശം. സാമൂഹ്യമാറ്റത്തിനായുള്ള ജനാധിപത്യപ്രക്രിയക്കാണ് വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ ത്രിമൂര്‍ത്തികള്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഈ പ്രക്രിയയില്‍ നേതാക്കള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെങ്കിലും അവരുടെ അഭാവത്തിലും ഈ ജനകീയപ്രസ്ഥാനവും അത് അഴിച്ചുവിട്ട സാമൂഹ്യശക്തികള്‍ക്കും അന്ത്യമാകില്ല.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 07 മാര്‍ച്ച് 2013

No comments: