Thursday, March 28, 2013

ശ്രീലങ്കന്‍ തമിഴ് പ്രശ്നവും അഖിലേന്ത്യാ രാഷ്ട്രീയവും

ശ്രീലങ്കയില്‍ എല്‍ടിടിഇ നടത്തിവന്ന ഈഴം യുദ്ധം പ്രഭാകര പ്രഭൃതികളുടെ വംശനാശത്തോടെ അവസാനിച്ചിട്ടു വര്‍ഷങ്ങളായി. അവിടത്തെ വംശഹത്യയുടെ വിവരം ലോകതലത്തില്‍ അറിയപ്പെട്ടിട്ടു കാലം കുറച്ചായെന്നു ഈയിടെ വിദേശ പത്രപ്രവര്‍ത്തകയായ അനിത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രീലങ്കയിലെ തമിഴ് വംശനാശ പ്രശ്നം ഉന്നയിച്ചത് ഈയിടെയാണ്. വരാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടിയെടുക്കാന്‍ ആ രണ്ടു പാര്‍ടികളും പ്രയോഗിക്കുന്ന അടവിന് അപ്പുറമൊരു പ്രാധാന്യം ഇപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചതിന് പിന്നില്‍ ഉണ്ടെന്നു രാഷ്ട്രീയ നിരീക്ഷകരൊന്നും പറയുന്നില്ല. ഡിഎംകെയെ സംബന്ധിച്ചിടത്തോളം വരുന്ന തിരഞ്ഞെടുപ്പ് ഒരു അഗ്നിപ്പരീക്ഷയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പറ്റെ തോല്‍വി, കരുണാനിധിയുടെ മക്കളായ സ്റ്റാലിനും അഴഗിരിയും തമ്മില്‍ നേതൃസ്ഥാനത്തിനു വേണ്ടിയുള്ള പിടിവലി എന്നിവയുടെ പശ്ചാത്തലത്തില്‍ ഡിഎംകെക്ക് വരുന്ന തിരഞ്ഞെടുപ്പ് ഒരു ജീവന്മരണ പോരാട്ടമാണ്. മുന്‍പ് പലതവണ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ യുപിഎയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഭീഷണി മുഴക്കി, അവസാനം അതില്‍ ചടഞ്ഞിരുന്ന ഡിഎംകെ ഇത്തവണ ആ പതിവ് മാറ്റിയതിനു കാരണം ശ്രീലങ്കയിലെ തമിഴരുടെ നിലനില്പിനേക്കാള്‍ തമിഴ്നാട്ടിലെ തങ്ങളുടെ നിലനില്‍പ് അപകടത്തില്‍ ആയതിനാലാണ് - ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ തമിഴ് പ്രശ്നം ശക്തിയായി ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.

എന്നാല്‍, ഡിഎംകെയുടെ പിന്‍വാങ്ങല്‍ യുപിഎയെ കുറച്ചൊന്നുമല്ല കുഴക്കിയിട്ടുള്ളത്. രണ്ടാം യുപിഎ ഗവണ്മെന്റിനു പാര്‍ലമെന്റില്‍ ഭൂരിപക്ഷം വളരെ കുറച്ചു വേളകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിപക്ഷത്തു ബിജെപി, ഇടതുപക്ഷം, എസ്പി, ബിഎസ്പി മുതലായ പാര്‍ടികള്‍ക്ക് ഒരു ബദല്‍ പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയാത്ത സാഹചര്യത്തെ കോണ്‍ഗ്രസ്സും കൂട്ടാളികളും മുതലെടുക്കുകയായിരുന്നു, വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി. ബിജെപിയും മറ്റും മനസാ അതിനു അനുകൂലവുമായിരുന്നു. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎക്ക് പിന്തുണ തുടരില്ല എന്നറിയിച്ചിട്ടും യുപിഎ മന്ത്രിസഭ വീഴാതിരുന്നത്. ഇനി എന്ത് എന്ന പ്രശ്നം മുന്‍പത്തേക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍. യുപിഎക്ക് ലോക്സഭയില്‍ 226 പേരുടെ പിന്തുണയേ ഉള്ളൂ. പുറത്തുനിന്നു പിന്താങ്ങുന്നവര്‍ 54 പേരാണ്. അവരില്‍ 43 പേര്‍ എസ്പി, ബിഎസ്പി പാര്‍ടികളില്‍ പെടുന്നവരാണ്. ഈ രണ്ടു പാര്‍ടികളുടെ പിന്തുണ ഉണ്ടെങ്കിലേ യുപിഎ മന്ത്രിസഭക്ക് നിലനില്പുള്ളൂ. ഈ പാര്‍ടികള്‍ ആണെങ്കില്‍ യുപി സംസ്ഥാനത്ത് നിരന്തരം വടംവലി നടത്തുന്ന പാര്‍ടികള്‍ ആണ്. വളരെ സങ്കുചിതമായ താല്പര്യങ്ങള്‍ ആണ് അവയെ നയിക്കുന്നത് എന്ന് നിരവധി പ്രശ്നങ്ങളില്‍ അവ അടുത്ത കാലത്ത് പോലും തെളിയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പാര്‍ടികളുടെ പിന്തുണയോടെ എത്ര നാള്‍ യുപിഎക്ക് ഭരണത്തില്‍ തുടരാന്‍ കഴിയും? ഈ ചോദ്യം രാഷ്ട്രീയ നിരീക്ഷകര്‍ മാത്രമല്ല, മാധ്യമങ്ങളും സാധാരണക്കാര്‍ വരെയും ചോദിച്ചു തുടങ്ങിക്കഴിഞ്ഞു. 2014 വേനല്‍ക്കാലം വരെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് നീളാന്‍ പോകുന്നില്ല എന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ നിശ്ചയിക്കുന്ന സമയത്താണോ, അതോ മുലായം സിംഗ് നിശ്ചയിക്കുമ്പോഴാണോ തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍ മാത്രമേ ഇനി സംശയം അവശേഷിക്കുന്നുള്ളൂ. എന്തുകൊണ്ട് യുപിഎക്ക് ഈ ദുര്‍വിധി വന്നു? യുപിഎ ഗവണ്മെന്‍റ് കുത്തകകളുടെ ഗവണ്മെന്‍റ് ആണ്. 2005 മുതല്‍ ഇതേവരെ 31 ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമാണ് അവര്‍ വന്‍കിടക്കാര്‍ക്കു ചെയ്തു കൊടുത്തത്. ഈ മനോഭാവത്തില്‍ ആയതു കൊണ്ടാണ് ഡിഎംകെ ഉന്നയിച്ച പ്രശ്നം തക്ക സമയത്ത് കൈകാര്യം ചെയ്തു എന്ന പ്രതീതി പോലും കോണ്‍ഗ്രസ്സിനു സൃഷ്ടിക്കാന്‍ കഴിയാതെ പോയത്. ജനങ്ങളോട് പ്രതിബദ്ധത ഇല്ലെങ്കില്‍ എന്ത് സംഭവിക്കാം എന്നതിന് ഉദാഹരണമാണ് കോണ്‍ഗ്രസ്സും ഡിഎംകെയും. ഇപ്പോള്‍ സംഗതികള്‍ കൈവിട്ടു പോയപ്പോള്‍ അവര്‍ക്കുള്ള പരാക്രമമാണ് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറാന്‍ പോകുന്ന സംഭവവികാസങ്ങള്‍. ഇനി ശ്രീലങ്കാ പ്രശ്നത്തെ കുറിച്ച് ഒരു വാക്ക് കൂടി.

ഡിഎംകെയും എഡിഎംകെയും നിര്‍ദേശിക്കുന്നതുപോലെ അവസാനനിമിഷം ജനീവാ സമ്മളനത്തില്‍ ചെന്ന് മൗലികമായ ഭേദഗതി ഇന്ത്യ അവതരിപ്പിച്ചാല്‍ അത് മറ്റ് അംഗ രാഷ്ട്രങ്ങള്‍ അംഗീകരിക്കണമെന്നില്ല. നയതന്ത്ര രംഗത്ത് ഇതൊക്കെ ഏറെ സമയം എടുക്കുന്ന പ്രക്രിയകള്‍ ആണ്. ഇതൊന്നും തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ടികള്‍ക്ക് തീരെ അറിയാത്ത കാര്യങ്ങളല്ല. എന്തുകൊണ്ട് അവ ഇപ്പോള്‍ കാണിക്കുന്ന ശൗര്യം ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ മുന്‍പേ കാണിച്ചില്ല എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പക്ഷേ ഇന്ന് വലിയ പ്രസക്തിയില്ല. പക്ഷേ, ഡിഎംകെ ഒന്‍പത് വര്‍ഷമായുള്ള യുപിഎ ബന്ധം അവസാനിപ്പിക്കേണ്ടിയിരുന്നത് ഈ പ്രശ്നത്തിലോ എന്ന് ചോദിക്കുന്നവര്‍ക്ക് അവര്‍ തൃപ്തികരമായ മറുപടി നല്‍കേണ്ടതുണ്ട്. വരാന്‍ പോകുന്ന നാളുകളില്‍ ത്മിഴ്നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയ പ്രശ്നം ഇതാവാം.

*
മുഖപ്രസംഗം ചിന്ത വാരിക 29 മാര്‍ച്ച് 2013

No comments: