Sunday, March 3, 2013

ജനങ്ങളോടുള്ള യുദ്ധംതന്നെ

കേന്ദ്രബജറ്റ് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ പെട്രോളിന് ലിറ്ററിന് 1.40 രൂപ കൂട്ടിയ നടപടി പാര്‍ലമെന്റിനോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയായി കണക്കാക്കണം. അതിലുപരി, പാര്‍ലമെന്റോ ജനപ്രതിനിധികളോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് എന്ന ധാര്‍ഷ്ട്യം നിറഞ്ഞ പ്രഖ്യാപനംകൂടിയാണ്. 2004 മേയില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 35.71 രൂപ ആയിരുന്നു. രണ്ടാം യുപിഎ അധികാരത്തിലെത്തിയ 2009 മേയില്‍ അത് 44.72 രൂപയായി. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ വില ഏതുനിമിഷവും വര്‍ധിപ്പിക്കാമെന്നായി. ഇപ്പോള്‍, ന്യായീകരണങ്ങള്‍ വേണ്ട, ആരെയും ബോധ്യപ്പെടുത്തേണ്ട; എണ്ണക്കമ്പനികള്‍ക്ക് തീരുമാനമെടുക്കാം. ഏതു തീരുമാനവും സര്‍ക്കാര്‍ അംഗീകരിക്കുന്ന അവസ്ഥ. പുതിയ വര്‍ധനയോടെ വെള്ളിയാഴ്ച പെട്രോള്‍ വില 71.28 രൂപയാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നതിലൂടെ വിലക്കയറ്റത്തിന്റെയും ജീവിതദുരിതത്തിന്റെയും എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് യുപിഎ നേതൃത്വത്തിന് അറിയായ്കയല്ല. ഡീസല്‍ വില വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്തുകയുംചെയ്തപ്പോള്‍ ഉണ്ടായ വിലക്കയറ്റം എല്ലാ പരിധിയും വിട്ടതായിരുന്നു. അതിന്റെ ആഘാതം താങ്ങാനാവാതെയാണ് രാജ്യവ്യാപകമായി ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആ ജനരോഷം കണ്ടില്ലെന്ന് നടിച്ച്, ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനുള്ള നീക്കം തുടരുന്നു. ചരക്കു കൂലിയും ബസ്, ടാക്സി നിരക്കുകളും കൃഷിചെലവുകളുമുള്‍പ്പെടെ വര്‍ധിക്കുകയും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം അതിരൂക്ഷമാവുകയുംചെയ്തിട്ടും യുപിഎ നേതൃത്വം കുലുങ്ങാത്തത്, ജനവിരുദ്ധ നയങ്ങളോട് അവര്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നു.

2010 ജൂണില്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം പെട്രോള്‍ വില 38 തവണയാണ് വര്‍ധിപ്പിച്ചത്. 2010 മാര്‍ച്ചില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവ വര്‍ധിപ്പിച്ച് 26,000 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് ജൂണില്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. എല്ലാം പാര്‍ലമെന്റിനെ മറികടന്ന്. ബജറ്റിലൂടെ ഏതാനും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുക, ബജറ്റിതര നടപടികളിലൂടെ കൊടും കൊള്ള നടത്തുക എന്നതാണ് തുടര്‍ച്ചയായ രീതി. എണ്ണവില ഇനിയും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

വില വര്‍ധിപ്പിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന ഒന്നാമത്തെ വാദം ക്രൂഡോയില്‍ വില വര്‍ധിച്ചെന്നാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തിലാണ് ക്രൂഡോയില്‍ വില റെക്കോഡ് വര്‍ധനയിലെത്തിയത്. ഇറാഖിനെ അമേരിക്ക ആക്രമിച്ച ആ ഘട്ടത്തില്‍ ബാരലിന് 147 ഡോളറായിരുന്നു വില. അന്നത്തെ പെട്രോള്‍ വില 43 രൂപയാണ്. പിന്നീട് ക്രൂഡോയിലിന് 40 ഡോളറിലും കുറഞ്ഞു. എന്നാല്‍, ആ ഘട്ടത്തില്‍ ഇവിടെ എണ്ണവില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായില്ല. ക്രൂഡോയില്‍ വില വര്‍ധിക്കുമ്പോള്‍ അമിതമായി ഇവിടെ വിലവര്‍ധന വരുത്തുകയും കുറയുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന തട്ടിപ്പിനെതിരെ വിമര്‍ശമുണ്ടായപ്പോള്‍, നേരിയ കുറവ് വരുത്തി വളരെപ്പെട്ടെന്നുതന്നെ വീണ്ടും വര്‍ധിപ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ ക്രൂഡോയില്‍ വില 90 ഡോളറിന് ചുറ്റുമാണ്. കഴിഞ്ഞ ദിവസം അത് 90.68 ഡോളറായിരുന്നു. വില താഴേക്കുതന്നെ പോവുകയാണ്. 147 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ നാല്‍പ്പത്തിമൂന്നു രൂപയ്ക്ക് വിറ്റ പെട്രോള്‍ ക്രൂഡോയിലിന് തൊണ്ണൂറു ഡോളറിലെത്തിയപ്പോള്‍ എഴുപത്തിരണ്ടു രൂപയ്ക്കാണ് വില്‍ക്കുന്നത്.

ക്രൂഡോയില്‍ വില വീപ്പയ്ക്ക് 40 ഡോളറില്‍നിന്ന് 100 ഡോളറിലേറെയായെന്നാണ് നേരത്തെ വിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ ന്യായീകരണം. വില 147 ഡോളര്‍വരെ എത്തിയ കാര്യം അവര്‍ മിണ്ടുന്നില്ല. 43 രൂപയ്ക്ക് പെട്രോള്‍ വിതരണംചെയ്തപ്പോഴും എണ്ണക്കമ്പനികള്‍ വന്‍ ലാഭമാണുണ്ടാക്കിയതെന്നത് മറ്റൊരു കാര്യം.

നഷ്ടക്കണക്കുകള്‍ പലതും കെട്ടിച്ചമച്ചതാണ്. ഡീസല്‍ വിലവര്‍ധന ആഡംബര കാറുപയോഗിക്കുന്നവരെയേ ബാധിക്കൂ എന്ന് പ്രധാനമന്ത്രി പറഞ്ഞതുപോലുള്ള പരിഹാസ്യമായ ന്യായവാദങ്ങള്‍മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ കൈയിലുള്ളൂ. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്നും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയിലുമാണെന്ന കഥ അത്തരമൊന്നുമാത്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഒഎന്‍ജിസിയുടെ അറ്റാദായം 25,123 കോടി രൂപയായിരുന്നു. 2012ല്‍ ജൂണ്‍വരെ ഒഎന്‍ജിസി 48.4 ശതമാനം വളര്‍ച്ചയാണുണ്ടാക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാകട്ടെ 4,265.27 കോടി രൂപയുടെ ലാഭം ഇതേ കാലയളവില്‍ ഉണ്ടാക്കി. പെട്രോളിയം മന്ത്രി പാര്‍ലമെന്റില്‍തന്നെ നല്‍കിയ കണക്കുകളാണിത്. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കുമെന്ന ബോധംപോലും ഇല്ലാതെ പുതിയ ന്യായവാദങ്ങളുമായി മുന്നോട്ടുവരുന്നത്, നവഉദാരവല്‍ക്കരണ നയങ്ങളില്‍ അന്തര്‍ലീനമായ ജനവിരുദ്ധതയുടെ സമ്മര്‍ദംകൊണ്ടാണ്. അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ഇതുതന്നെ ചെയ്യേണ്ടിവരും. പെട്രോളിയം സബ്സിഡിയില്‍ വരുംകൊല്ലം മുപ്പതിനായിരം കോടി രൂപ വെട്ടിച്ചുരുക്കുമെന്നതാണ് ബജറ്റില്‍ ചിദംബരത്തിന്റെ പ്രഖ്യാപനം. അതിന്റെ മറവില്‍ വന്‍തുക എണ്ണക്കമ്പനികളുടെ ലാഭക്കണക്കിലേക്കും പോകും. അതാണ്, അടിക്കടിയുള്ള വിലവര്‍ധന നല്‍കുന്ന സൂചന.

*
ദേശാഭിമാനി മുഖപ്രസംഗം 04 മാര്‍ച്ച് 2013

No comments: