Friday, February 28, 2014

ഉലയുന്ന ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസരംഗത്ത് രാജ്യം ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും ജനവിരുദ്ധമായ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പില്‍വരുത്തിയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ഈ നയങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ, സ്വന്തമായി കൂടുതല്‍ ജനവിരുദ്ധനയങ്ങളാവിഷ്കരിച്ച് നടപ്പാക്കാനുള്ള വ്യഗ്രതയിലാണ്. മറുവശത്താണെങ്കില്‍, വിദ്യാഭ്യാസരംഗത്തെ അടിമുടി വര്‍ഗീയവല്‍ക്കരിച്ച് രാജ്യത്തിന്റെ മതേതരഘടനയെ അപകടപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുന്ന ശക്തികള്‍ വീണ്ടും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ്. ഇങ്ങനെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം കടലിനും ചെകുത്താനുമിടയില്‍പ്പെട്ട് ഉഴലുകയാണ്.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് കമ്പനികള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഫോസിസ് കമ്പനിയുടെ അധിപന്‍ നാരായണമൂര്‍ത്തിയെ നിയമിച്ചത് രണ്ടാം യുപിഎ സര്‍ക്കാരാണ്. നാരായണമൂര്‍ത്തി റിപ്പോര്‍ട്ട് പറയുന്നത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം കോര്‍പറേറ്റ് കമ്പനികള്‍ക്ക് വിഹരിക്കാന്‍ വിട്ടുകൊടുക്കണമെന്നാണ്. 2012ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങളാണ് ഈ രംഗത്ത് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനങ്ങളുടെ അടിത്തറ. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയപോലെ ഒരു നിയമനിര്‍മാണത്തിന്റെയും പിന്‍ബലമില്ലാതെ സര്‍ക്കാര്‍ ഉത്തരവിന്റെമാത്രം ബലത്തിലാണ് റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍) വന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് 1956ല്‍ പാസാക്കിയ നിയമത്തിലധിഷ്ഠിതമായി നിലനില്‍ക്കുന്ന യുജിസിയെ കേവലമൊരു സര്‍ക്കാര്‍ ഉത്തരവിന്റെ സഹായത്തോടെ തള്ളിമാറ്റിയാണ് റൂസ കടന്നുവരുന്നത്. സംസ്ഥാനങ്ങളോട് നയം മാറ്റണം, സര്‍വകലാശാല നിയമങ്ങള്‍ മാറ്റണം, ഭരണക്രമം പാടേ മാറ്റണം- ഇതൊന്നും ചെയ്തില്ലെങ്കില്‍ ഫണ്ട് തരില്ലെന്ന് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പറത്തുംവിധം ആജ്ഞാപിക്കുകയാണ് റൂസ. എയ്ഡഡ് കോളേജുകളെ ബാധിക്കുന്ന വളരെയേറെ അപകടകരമായ നിര്‍ദേശങ്ങള്‍ റൂസയില്‍ അടങ്ങിയിരിക്കുന്നു. പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ പിപിപി എന്ന പൊതു-സ്വകാര്യ പങ്കാളിത്തമാതൃകയിലേക്കോ അല്ലെങ്കില്‍, വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്ന സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യമുള്ള മാതൃകയിലേക്കോ മാറ്റണം എന്നാണ് റൂസ ആവശ്യപ്പെടുന്നത്.

ഈവിധം സംസ്ഥാനത്തിന്റെ അധികാരങ്ങളും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും കവര്‍ന്നെടുക്കുന്ന കേന്ദ്രനയങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസമേഖലയില്‍ തങ്ങളാലാവുന്ന ദ്രോഹംചെയ്യാന്‍ എന്തൊക്കെയാണ് വഴികളെന്ന് അന്വേഷിക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി, മുപ്പത്തഞ്ചോളം വര്‍ഷംമുമ്പ് രാജ്യത്തുടനീളം നടപ്പാക്കിയതും, വേണ്ടവിധം വിജയിക്കാത്തതിനാല്‍ വ്യാപകമാകാത്തതുമായ സ്വയംഭരണ കോളേജ് എന്ന പഴയ ആശയവുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ 13 കോളേജുകളെ ആദ്യം സ്വയംഭരണ കോളേജുകളാക്കി മാറ്റി അവിടങ്ങളില്‍ സ്വാശ്രയ കോഴ്സുകള്‍ കൂടുതലായി ആരംഭിച്ച്, കരാറടിസ്ഥാനത്തില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിച്ച്, ഘട്ടംഘട്ടമായി അവയെ സ്വാശ്രയസ്ഥാപനങ്ങളായി മാറ്റി കൈയൊഴിയുകയെന്നതാണ് സര്‍ക്കാരിന്റെ ആത്യന്തികലക്ഷ്യം.

സര്‍ക്കാരിന് പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ അപ്രീതി തോന്നിയാല്‍ ആ നിമിഷം സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളെ പുറത്താക്കാനുതകുന്ന നിയമമടക്കം കൊണ്ടുവന്ന് സര്‍വകലാശാല സ്വയംഭരണാവകാശത്തെ ചവിട്ടിമെതിച്ചവര്‍ക്ക് എന്നാലിനി കോളേജുകള്‍ക്കിരിക്കട്ടെ, സ്വയംഭരണം എന്ന് തോന്നിയതിന്റെ കാരണം കച്ചവടലക്ഷ്യംമാത്രമാണ്. സ്വയംഭരണം അട്ടിമറിക്കുന്നതിന് സര്‍വകലാശാലകളുടെ തലപ്പത്ത് യുഡിഎഫ് നേതാക്കളെയും വിദ്യാഭ്യാസക്കച്ചവടക്കാരെയും ബിനാമി ബിസിനസുകാരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുകിക്കയറ്റുന്നു. ഇങ്ങനെ വന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളുടെ യശസ്സും പ്രതാപവും സമ്പത്തും നശിപ്പിക്കുന്നു. പൂര്‍ണമായി സ്വകാര്യവല്‍ക്കരണം നടത്തി ഉന്നതവിദ്യാഭ്യാസമേഖലയില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സര്‍ക്കാര്‍നീക്കത്തിന്റെ ഭാഗംതന്നെയാണിത്. ഒരു കോളേജില്‍പോലും അധ്യയനമോ അധ്യാപനമോ നടത്താത്ത വ്യക്തിയെ വൈസ് ചാന്‍സലറാക്കാന്‍ ശ്രമിക്കുന്നു. വ്യാജബയോഡാറ്റയുമായി വന്ന വ്യക്തിയെ വിസിയാക്കുന്നു. ഈ വിധത്തില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളെയും യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു. മാത്രമല്ല, എല്ലാ കച്ചവടവല്‍ക്കരണശ്രമങ്ങള്‍ക്കുമുള്ള ന്യായീകരണമെന്ന മട്ടില്‍ "വിഷന്‍- 2030" എന്ന വികസനരേഖയുമായി മുന്നോട്ടുവന്നിരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ നിലവിലുള്ള പൊതുജനാരോഗ്യ- പൊതുവിദ്യാഭ്യാസമേഖലകളെ വിറ്റുകിട്ടുന്ന പണംകൊണ്ട് കേരളം ഉപജീവനമാര്‍ഗം കണ്ടെത്തണമെന്നാണ് വിഷന്‍- 2030 മുന്നോട്ടുവയ്ക്കുന്ന കാതലായ നിര്‍ദേശം. അതിനുവേണ്ടി സ്പെഷ്യല്‍ എക്കണോമിക് സോണുകളേക്കാള്‍ (സെസ്) കുറച്ചുകൂടി വ്യാപാരവല്‍ക്കരണത്തിന് അനുയോജ്യമായ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് & മാനുഫാക്ചറിങ് സോണുകള്‍ (ചകങദ) സ്ഥാപിച്ച് ആ മേഖലയ്ക്ക് പ്രത്യേക ഭരണസംവിധാനംപോലും എര്‍പ്പെടുത്തണമത്രെ. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയരാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങളെ മുന്നില്‍കണ്ട് കമ്പിവേലിയും ജലപീരങ്കിയുമൊക്കെ നയരേഖയില്‍തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ വിധം പൊതുവിദ്യാഭ്യാസത്തെ സമ്മര്‍ദത്തിലാഴ്ത്തി നിര്‍ത്തി രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇടതുപക്ഷ- മതനിരപേക്ഷ ശക്തികള്‍ ഐക്യപ്പെടാനുള്ള സാധ്യതകള്‍ രാജ്യത്ത് തെളിഞ്ഞുവരുന്നത്. പ്രതീക്ഷയുടെ ഒരു വലിയ വാതായനം ഇത് നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്. ചാപ്പ കുത്തി, വില പറഞ്ഞ്, കശാപ്പിനൊരുക്കി നിര്‍ത്തിയിരിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ഇത്തരം നീക്കങ്ങള്‍ നവജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. (എകെപിസിടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

*
ഡോ. കെ ശ്രീവത്സന്‍ ദേശാഭിമാനി

No comments: