റൂത് ഹാന്‍ഡ്‌ലര്‍ എന്ന വനിതയാണ് ബാര്‍ബിയുടെ ‘അമ്മ’യായി കണക്കാക്കപ്പെടുന്നത്. തന്റെ മകള്‍ ബാര്‍ബറയും കൂട്ടുകാരികളും മുതിര്‍ന്ന പെണ്‍കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികളുമായി കളിക്കുവാന്‍ കൂടുതല്‍ താല്പര്യപ്പെടുന്നു എന്നവര്‍ മനസ്സിലാക്കി. അന്ന് കൂടുതലായും മാര്‍ക്കറ്റിലുണ്ടായിരുന്നത് ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവക്കുട്ടികളായിരുന്നു. മുതിര്‍ന്ന കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികള്‍ക്ക് മാര്‍ക്കറ്റ് ഉണ്ട് എന്ന് തോന്നിയ അവര്‍ അത് ഭര്‍ത്താവായ ഏലിയറ്റിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതത്ര കാര്യമാക്കിയില്ല. പിന്നീട് 1956ലെ യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അവര്‍ ജര്‍മ്മനിയില്‍ വെച്ച് Bild Lilli എന്ന പേരിലറിയപ്പെട്ടിരുന്ന പാവക്കുട്ടിയെ കണ്ടു. ഇതാണ് താന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പാവക്കുട്ടി എന്നവര്‍ മനസ്സിലാക്കി. അവിടെനിന്നും വാങ്ങിയ മൂന്ന് പാവക്കുട്ടികളുമായി നാട്ടിലെത്തിയ റൂത് ഹാന്‍ഡ്‌ലര്‍ അവയ്ക്ക് പുതിയ ഒരു രൂപവും ഭാവവും നല്‍കി അതിനു ബാര്‍ബി (ബാര്‍ബറ എന്നതില്‍ നിന്നും) എന്ന പേരുമിട്ടു. അവരുടെ ഭര്‍ത്താവിന്റെ കമ്പനി 1959ല്‍ അത് വിപണിയിലെത്തിച്ചു. ആ കമ്പനിയുടെ പേരാണ് മാറ്റെല്‍ (Mattel).
ഈ മാറ്റെല്‍ കമ്പനിയാണ് ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.
പിന്‍വലിക്കപ്പെടുന്ന കളിപ്പാട്ടങ്ങള്‍
ഇക്കഴിഞ്ഞ ആഗസ്റ്റ് 2ന് ഫിഷര്‍-പ്രൈസ് (Fisher-Price) എന്ന അവരുടെ ഒരു സബ്‌സിഡറി 83 തരം കളിപ്പാട്ടങ്ങള്‍ ലോകമാസകലമുള്ള വിപണിയില്‍ നിന്നും പിന്‍വലിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 14ന് മറ്റൊരു തരം കളിപ്പാട്ടമായ ഡൈ കാസ്റ്റ് കാറുകളും മാറ്റെല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. കുട്ടികള്‍ക്ക് കടുത്ത വര്‍ണ്ണങ്ങള്‍ ഇഷ്ടമായതിനാലാവും അത് നല്‍കാനായി ഇവയിലൊക്കെ ഉപയോഗിച്ചിരുന്ന പെയിന്റില്‍ അനുവദനീയമായ പരിധിയില്‍ക്കവിഞ്ഞും ഈയത്തിന്റെ (lead) അംശം അടങ്ങിയിരുന്നു എന്നതായിരുന്നു കാരണം. ഈ കളിപ്പാട്ടങ്ങളില്‍ 0.6% ഈയത്തിന്റെ അംശം അടങ്ങിയിരുന്നുവത്രേ. ഇതിനു മുന്‍പ് 2006 നവംബറില്‍ മാറ്റെല്‍ വിപണിയില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ പിന്‍വലിച്ചിരിന്നു. കളിപ്പാട്ടങ്ങളില്‍ കാന്തം ശരിയായി അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്നും അതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റുന്നു എന്നും അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്.
ഇങ്ങനെ വിപണിയില്‍നിന്നും കളിപ്പാട്ടങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രം മാറ്റെല്‍ കമ്പനിക്ക് 30 മില്യണ്‍ ഡോളരിന്റെ നഷ്ടം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു വലിയ ഭാഗം ഔട്ട്സോര്‍സ് ചെയ്ത് അമേരിക്കന്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ എത്തിക്കുന്ന അനേകം അമേരിക്കന്‍ കമ്പനികളില്‍ ഒന്നുമാത്രമാണ് മാറ്റെല്‍. അത്തരത്തില്‍ ഔട്ട്സോര്‍സ് ചെയ്ത് ചൈനീസ് കമ്പനികളില്‍ ഉല്പാദിപ്പിച്ച കളിപ്പാട്ടങ്ങളിലാണ് ഈ മായവും കുഴപ്പവുമെല്ലാം എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. അമേരിക്കന്‍ കളിപ്പാട്ട വിപണിയിലെ 80% ഉല്പന്നങ്ങളും ചൈനയില്‍ നിര്‍മ്മിച്ചവയാണെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
ചൈന പറയുന്നത്
എന്നാല്‍ ചൈനീസ് അധികൃതര്‍ ആകട്ടെ ഈ വാദങ്ങളെ എതിര്‍ക്കുന്നു. തങ്ങളുടെ ഉല്പന്നങ്ങള്‍ക്കല്ല കുഴപ്പമെന്നും അമേരിക്കന്‍ കമ്പനികള്‍ നല്‍കിയ ഡിസൈനിലുള്ള തകരാറുകളും, മാറിയ ഗുണനിലവാരച്ചട്ടങ്ങളുമാണ് തങ്ങളുടെ ഉല്പന്നങ്ങളുടെ പേരു ദോഷമായതിനും വിപണിയില്‍ നിന്നും അവ പിന്‍വലിക്കപ്പെടാന്‍ ഇടയായതിനും കാരണം എന്ന് അവര്‍ പറയുന്നു.
ഏതാണ്ട് 30 ലക്ഷത്തോളം തൊഴിലാളികള്‍ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ അദ്ധ്വാനമാണ് വികസിത രാജ്യങ്ങളിലെ കുട്ടികളുടെ മുഖത്തെ പുഞ്ചിരിയായി മാറുന്നതെന്നും ചൈനയിലെ General Administration for Quality Supervision, Inspection and Quarantineയുടെ(AQSIQ) തലവനായ Li Changjiang പറയുന്നു. തങ്ങള്‍ എല്ലാവിധത്തിലുള്ള ഗുണനിലവാരനിയമങ്ങളും കര്‍ക്കശമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തങ്ങളുടെ രാജ്യത്ത് നിന്നും കയറ്റി അയക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനും കുഴപ്പമുള്ളവ തിരിച്ചു വിളിക്കുന്നതിനുമുള്ള കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നതായി അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും തകരാറുള്ളവ പിന്‍വലിക്കുന്നതിനും ഉല്പാദകര്‍ തയ്യാറാകുന്നില്ലെങ്കില്‍ തങ്ങള്‍ തന്നെ അതിനു മുന്‍കൈ എടുക്കുമെന്ന് AQSIQ പറയുന്നു.
ചില പഴയകാല സംഭവങ്ങള്‍
ഇപ്പോഴത്തെ പിന്‍വലിക്കല്‍ ഒരൊറ്റപ്പെട്ട സംഭവമല്ല. കുട്ടികള്‍ക്കുള്ള ആഭരണങ്ങളിലും, ബ്രേസ്‌ലെറ്റുകളിലും മറ്റു ചിലതരം കളിപ്പാട്ടങ്ങളിലും ഇത്തരത്തില്‍ ഈയത്തിന്റെ അംശം കൂടുതലാക കൊണ്ടും തൊണ്ടയില്‍ കുരുങ്ങുന്ന തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും ഇതിനു മുന്‍പും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഏത് കളിപ്പാട്ടം വിശ്വസിച്ചു വാങ്ങും എന്നറിയാതെ കുഴങ്ങുകയാണ് രക്ഷിതാക്കള്‍.
കളിപ്പാട്ടങ്ങള്‍ മാത്രമല്ല വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കടല്‍ വിഭവങ്ങള്‍, ടയറുകള്‍ എന്നിവയൊക്കെ ഇതിനു മുന്‍പ് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍(diethylene glycol) അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ബല്‍ജിയം, ബെര്‍മുഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, സ്പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.എ.ഇ., ബ്രിട്ടന്‍, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേയും ഹോട്ടലുകളില്‍ നിന്നും മറ്റും പിന്‍വലിക്കുവാന്‍ Gilchrist & Soames എന്ന കമ്പനി നിര്‍ബന്ധിതരായിരുന്നു. വൃക്കകളേയും കരളിനേയും കേന്ദ്ര നാഡീവ്യൂഹത്തേയുമൊക്കെ ബാധിക്കുന്ന ഒന്നാണ് പേസ്റ്റ് കട്ട പിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍.
പിന്നാമ്പുറത്ത് സംഭവിക്കുന്നത്
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പിന്‍വലിക്കലുകള്‍ ഒരു തുടര്‍ക്കഥയാകുന്നത്?
ഇവിടെയാണ് മുതലാളിത്ത വ്യവസ്ഥിതിയിലെ കഴുത്തറപ്പന്‍ മത്സരത്തിന്റെ ചില പിന്നാമ്പുറക്കഥകള്‍ പ്രസക്തമാകുന്നത്.
മുന്‍പ് പറഞ്ഞ ബാര്‍ബി ഡോളിന്റെ കഥ തന്നെയെടുക്കാം. 1959ല്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ഏതാണ്ടതേ വിലയ്ക്ക് തന്നെ അത് ഇന്നും കിട്ടുന്നു എന്നാണ് പറയപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ നീക്കുപോക്കുകള്‍ കൂടിച്ചേര്‍ത്താല്‍ ഒരു പക്ഷെ, അതിന്റെ യഥാര്‍ത്ഥ വില അന്നത്തേതിനേക്കാള്‍ കുറവായിരിക്കുമത്രേ. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുകയും വേണം. ഇതിനായി ഉല്പാദനം വേതനനിരക്ക് കുറഞ്ഞ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുകയാണ്. ചൈനയിലെ കുറഞ്ഞ കൂലിനിരക്ക് മൂലം (ആഗോളതലത്തിലെ നിരക്കിന്റെ അഞ്ചില്‍ ഒന്ന് എന്ന് ചിലര്‍ പറയുന്നു) അവിടേക്ക് ഔട്ട്സോര്‍സ് ചെയ്യപ്പെടുന്ന ഉല്പാദനം കോര്‍പ്പറേറ്റ് ലാഭവളര്‍ച്ചക്ക് ഇടയാക്കുന്നു എന്നു മാത്രമല്ല, വിലകുറവായതുകൊണ്ട് ഈ ഉല്പന്നങ്ങള്‍ വാള്‍-മാര്‍ട്ട് പോലുള്ള ഭീമന്മാരുടെ ഷെല്‍ഫുകളില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ലാഭം കുറയാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ വിലക്ക് ‘സാധനം ലഭ്യമാക്കുവാന്‍ ഇത് വാള്‍മാര്‍ട്ട് പോലുള്ളവരെ സഹായിക്കുന്നു. മിക്കവാറും അസംസ്കൃതവസ്തുക്കള്‍ക്ക് വിലകൂടിയിട്ടും കളിപ്പാട്ടങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തണമെങ്കില്‍ എവിടെയെങ്കിലും ഒരു പിഴിഞ്ഞെടുക്കല്‍ (squeeze) ഉണ്ടാവണമെന്നും അതാണീ ഔട്ട്സോര്‍സിങ്ങിലൂടെ നടക്കുന്നതെന്നും ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയ ക്രിസ് ബൈയണ്‍ (Chris Byrne) പറയുന്നു.
അങ്ങിനെ ഒരു "പിഴിഞ്ഞെടുക്കല്‍" നടക്കുമ്പോള്‍ ചൈനയിലെ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിലെ ഉല്പാദകര്‍ എന്തു ചെയ്യും? പലപ്പോഴും ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ അവര്‍ തയ്യാറാവുന്നു. അതുപോലെത്തന്നെ തികച്ചും ശോചനീയമായ അവസ്ഥയിലുള്ള തൊഴില്‍സാഹചര്യമാണ് ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്കായി ഒരുക്കപ്പെടുന്നത്. തൊഴിലില്ലായ്മയും ദാരിദ്യവും അവരെ ഇത്തരം സാഹചര്യങ്ങളില്‍ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ അഭിപ്രായം
U.S. Public Interest Research Groupന്റെ പ്രോഗ്രാം ഡയറക്ടര്‍ ആയ Ed Mierzwinskiയുടെ ഒരു വാചകം ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല എന്നു തോന്നുന്നു.
"Manufacturers are more afraid of Wal-Mart and its insistence of price guarantees than they are of CPSC(Consumer Product Safety Commission) and its insistence on safety,"
CPSC നേരിടുന്ന ഫണ്ടിന്റെ അഭാവത്തെക്കുറിച്ചും ജീവനക്കാരുടെ ദൌര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ പറയുന്ന Mierzwinskiയും നല്‍കുന്ന സൂചന അമേരിക്ക പോലെയുള്ള വികസിത രാജ്യത്ത് പോലും സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും സാധാരണ ജനങ്ങള്‍ക്ക് എന്നതിലേറെ കോര്‍പ്പറേഷനുകള്‍ക്ക് അനുകൂലമാകുന്നു എന്ന് തന്നെയാണ്. അവിടങ്ങളിലെ ആക്ഷന്‍ ഗ്രൂപ്പുകളും പറയുന്നത്, ഉല്പന്നങ്ങളില്‍ തങ്ങളുടെ ലേബല്‍ മാത്രം ഒട്ടിച്ചുവിടുന്ന അമേരിക്കന്‍ കമ്പനികളും ചൈനീസ് കമ്പനികളെപ്പോലെത്തന്നെ ഗുണനിലവാരമില്ലായ്മക്ക് തുല്യ ഉത്തരവാദികളാണ് എന്നാണ്. “ Bring Back Made in U.S.A Label" എന്ന മുദ്രാവാക്യവും അവിടെ ഉയരുന്നുണ്ട്. CPSCയെപ്പോലെത്തന്നെ Food and Drug Administration (FDA) യും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഭക്ഷ്യ ഇറക്കുമതി ഇരട്ടിയായെങ്കിലും FDAക്ക് 200 ഭക്ഷ്യ ശാസ്ത്രജ്ഞരേയും 500 ഫീല്‍ഡ് ഇന്‍സ്പെക്ടര്‍മാരേയും നഷ്ടമായി. ഈ രണ്ടു ഏജന്‍സികള്‍ ഇരിക്കെത്തന്നെ ഇറക്കുമതി സുരക്ഷയെക്കുറിച്ച് പഠിക്കാനുമൊക്കെയായി Interagency Working Group on Import Safety എന്ന കാബിനറ്റ് ഉദ്യോഗസ്ഥരുടെ പാനല്‍ ഉണ്ടാക്കുകയായിരുന്നു പ്രസിഡന്റ് ബുഷ് ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ.
ഹാപ്പി മീത്സ്; അണ്‍ഹാപ്പി വര്‍ക്കേഴ്സ്
ഹാള്‍മാര്‍ക്ക്,ഡിസ്നി, സ്റ്റാര്‍ബക്ക് തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന വിയറ്റ്നാമിലെ എക്സ്പോര്‍ട്ട് പ്രോസസ്സിങ്ങ് സോണിലെ കമ്പനികളിലെ തൊഴിലാളികള്‍ വേതന വര്‍ദ്ധനക്കായി പണിമുടക്കിയിരുന്നു. ദിവസം 2 ഡോളറില്‍ താഴെയാണ് ഇവരുടെ വരുമാനം. തുടര്‍ച്ചയായ പണിമുടക്കുകളെത്തുടര്‍ന്ന് മിനിമം കൂലിയുടെ കാര്യത്തില്‍ വര്‍ദ്ധന വരുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെങ്കിലും പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അപര്യാപ്തം എന്നാണ് തൊഴിലാളികളുടെ അഭിപ്രായം.
ദിവസേന 12 മണിക്കൂറില്‍ കൂടുതല്‍ ഒരധികവേതനവുമില്ലാതെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നതായും ജോലിക്കിടയില്‍ രണ്ടു തവണയേ ബാത്‌റൂമിലേക്ക് പോകാനനുവദിക്കുന്നുള്ളൂവെന്നും, വെള്ളം കുടിക്കുവാന്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്ലാസ് മാത്രമേ ഉള്ളൂവെന്നും ഒരു കമ്പനിത്തൊഴിലാളി പരാതിപ്പെടുന്നു.
ഇതിലെ ക്രൂരമായ ഫലിതം ഇവര്‍ നിര്‍മ്മിക്കുന്ന പാവകള്‍ മക്‍ഡോണാള്‍ഡിന്റെ കുട്ടികള്‍ക്കായുള്ള പ്രത്യേക ഹാപ്പിമീത്സ് ന്റെ കൂടെ സൌജന്യമായി നല്‍കുവാനുള്ളതാണെന്നതാണ്. കുറഞ്ഞ വേതനനിരക്കും ഉല്പാദനച്ചിലവും ലാക്കാക്കി വരുന്ന ബഹുരാഷ്ട്രക്കുത്തകകള്‍, വിയറ്റ്നാമില്‍ വേതനം കൂടുതലായാല്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകും എന്ന ഭീഷണിയും സമരം നടത്തുന്ന തൊഴിലാളികള്‍ക്കു നേരെ ഫാക്ടറി ഉടമകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കോര്‍പ്പ്‌വാച്ചില്‍ (CorpWatch) ആരോണ്‍ ഗ്ലാന്റ്സ്(Aaron Glantz) ,നോക് ന്യൂന്‍( Ngoc Nguyen) എന്നിവര്‍ ചേര്‍ന്നെഴുതിയ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ആഗോള സമ്പദ് വ്യവസ്ഥയിലെ നിതാന്ത വൈരുദ്ധ്യങ്ങളുടെ ഒന്നാംതരമൊരു സൂചനയാണ്. Happy Meals; Unhappy Workers.
Asda, Primark and Tesco തുടങ്ങിയ കുത്തകകള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന ബംഗ്ലാദേശിലെ ടെക്സ്റ്റയില്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ ജീവിതനിലവാരത്തെക്കുറിച്ചും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ആഴ്ചയില്‍ 80 മണിക്കൂര്‍, അതും മണിക്കൂറിനു 4 പെന്‍സ് നിരക്കില്‍ ജോലിചെയ്യുവാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. സൂപ്പര്‍വൈസര്‍മാരുടെ പീഡനവും ഭീഷണിയും വേറെ. ഈ തൊഴിലാളികളുടെ അദ്ധാനവും കുത്തകകമ്പനികളുടെ ലാഭമായാണ് മാറുന്നത്.
1990കളുടെ മദ്ധ്യത്തില്‍ ഇന്‍ഡോനേഷ്യയിലെ തങ്ങളുടെ ഫാക്ടറികളിലെ മോശം തൊഴില്‍ സാഹചര്യത്തിന്റെ പേരില്‍ വിമര്‍ശനവിധേയരായിരുന്നു മാറ്റെല്‍ കമ്പനി.
1993ല്‍ തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള കളിപ്പാട്ട ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 188 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് തന്നെ മരിച്ചത്. 488 പേര്‍ ഗുരുതരമായ പൊള്ളലുകളോടെ ‘രക്ഷപ്പെട്ടു‘.എല്ലാവരും തന്നെ പാവപ്പെട്ട ഗ്രാമീണര്‍; കൂടുതലും സ്ത്രീകള്‍. ഈ ഫാക്ടറിയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ തിങ്ങിനിറഞ്ഞാണ് ജോലിചെയ്തിരുന്നത്. അഗ്നിശമന ഉപകരണങ്ങളോ, അലാറമോ രക്ഷാമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത, ഇന്‍സുലേഷന്‍ ചെയ്തിട്ടില്ലാത്ത ഉരുക്കുകൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ ശരിക്കും മരണക്കെണികള്‍ തന്നെയായിരുന്നു.
ഇതിനു മുന്‍പുണ്ടായ വന്‍ദുരന്തം 1911ല്‍ ന്യൂയോര്‍ക്കിലുണ്ടായതാണ്. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുറെയേറെ പരിഷ്കാരങ്ങള്‍ തൊഴിലിടങ്ങളില്‍ നടപ്പിലാക്കിപ്പിക്കുവാന്‍ സമരത്തിലൂടെ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. പക്ഷെ, മൂലധനത്തിന്റെ ഒഴുക്ക് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വളര്‍ന്നതോടെ അത്തരത്തിലുള്ള നീക്കങ്ങള്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല. ഒരിടത്ത് തങ്ങള്‍ക്കനുകൂലമല്ല സ്ഥിതിഗതികള്‍ എന്നു വന്നാല്‍, കൂടുതല്‍ ലാഭകരമായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാന്‍ മൂലധനത്തിനു കഴിയുന്നു. ഈ ഫാക്ടറിയില്‍നിന്നും തങ്ങള്‍ക്ക് നിര്‍മ്മിച്ചുകിട്ടേണ്ടതായ ഉല്പന്നങ്ങളുടെ കാര്യത്തില്‍ കുത്തകകള്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും അത് നിര്‍മ്മിച്ചുനല്‍കുന്ന തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി അവരൊട്ടും തന്നെ ഉത്കണ്ഠാകുലരായിരുന്നില്ല; ഇപ്പോഴും അല്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 23 ലക്ഷം തൊഴിലാളികള്‍ ജോലിസംബന്ധമായ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നുണ്ട്.ഇതിലേറെയും ഏഷ്യയിലാണ്.
നിയമങ്ങള്‍ ഇല്ലാത്തതിന്റെ കുഴപ്പമല്ല, മറിച്ച് കൂടുതല്‍ ലാഭത്തിനായി അവ ലംഘിക്കുകയോ വളച്ചൊടിക്കുകയോ ഒക്കെ ചെയ്യുകയും തൊഴിലാളികള്‍ക്ക് അടിസ്ഥാന തൊഴില്‍ സൌകര്യങ്ങള്‍ പോലും ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ലാഭേച്ഛ തന്നെയാണിവിടേയും കുറ്റവാളി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കോര്‍പ്പറേറ്റുകളുടെ ദുര്‍നടപടികള്‍ നിരീക്ഷിക്കുന്നതിനായുമൊക്കെ പ്രവര്‍ത്തിക്കുന്ന Students and Scholars against Corporate Misbehaviour(SACOM) എന്ന വളണ്ടറി സംഘടനയുടെ റിപ്പോര്‍ട്ടും ഈ ചൂഷണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്നവയാണ്. ഈ ഫാക്ടറികള്‍ സ്വെറ്റ് ഷോപ്പുകളായാണ് (Sweat Shops)പ്രവര്‍ത്തിക്കുന്നതെന്ന് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.
മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രവര്‍ത്തനം വികസിതരാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും അതിന്റേതായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അവികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ വന്‍ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നു. ഡിമാന്‍ഡിനനുസരിച്ച് സപ്ലൈ നടത്തുവാനായി വേണ്ടത്ര ഗുണനിലവാര പരിശോധന നടത്താത്ത ഉല്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളിലെത്തുവാനുമൊക്കെ ഇതിടയാക്കുന്നു. ലാഭം വര്‍ദ്ധിപ്പിക്കുവാനായി ഗുണനിലവാര പരിശോധനയും ചിലവുകുറഞ്ഞ രാജ്യങ്ങളിലേക്ക് ഔട്ട്സോര്‍സ് ചെയ്യുകയാണ് കുത്തകകള്‍!!! മാറ്റെല്‍ കമ്പനിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.
മറ്റൊരു രസകരമായ (ക്രൂരമായ എന്ന് എത്ര തവണ എഴുതും?) വസ്തുത. “ കുട്ടികളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠ” എന്ന് ഈ
കളിപ്പാട്ടങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കെ പറഞ്ഞ മാറ്റെല്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ റോബര്‍ട്ട് എക്കര്‍ട്ടിന്റെ
2006ലെ വാര്‍ഷിക വേതനം 1.2 ദശലക്ഷം ഡോളറായിരുന്നു. ഇതിനു പുറമെ 6 ദശലക്ഷം ഡോളറിനുള്ള ഓഹരികളും മറ്റും. ഇദ്ദേഹത്തിന്റെ കമ്പനിക്കുവേണ്ടി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളിക്ക് ലഭിക്കുന്നത് ആഴ്ചയില്‍ 18.50ഡോളര്‍, വര്‍ഷത്തില്‍ ആയിരം ഡോളര്‍!!!
ഗുണനിലവാരത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ഭാരതം പോലുള്ള രാജ്യങ്ങളിലെ സ്ഥിതി എന്തായിരിക്കും?
ഭാരതത്തിലെ സ്ഥിതി
ദേശാഭിമാനി പത്രത്തില്‍ ആഗസ്റ്റ് 27ന് എസ്.അജോയ് (ആഗസ്റ്റ് 27ന് )എഴുതിയ കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കാം.
ഇന്ത്യയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളില്‍ 70 ശതമാനവും ക്രമാതീതമായ തോതില്‍ ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയതാണെന്ന് അടുത്തയിടെ നടന്ന പഠനം തെളിയിക്കുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, ഇവിടെ തന്നെ അസംഘടിത മേഖലയില്‍ നിര്‍മ്മിക്കുന്നവ എന്നിവയിലാണ് വിഷസാന്നിധ്യം കൂടുതല്‍. ടോക്സിക്ക് ടോയ്സ് എന്നു വിളിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ മിക്ക വികസിത രാഷ്ട്രങ്ങളും നിരോധിച്ചു കഴിഞ്ഞു. കേരളത്തിലെ ശൈശവവും വിഷസാന്നിധ്യമുള്ള കളിപ്പാട്ടങ്ങളുടെ പിടിയിലാണെന്നാണ് സൂചന. കേരളത്തില്‍ വില്‍ക്കുന്ന 90 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതോ, ഊരും പേരുമില്ലാതെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതോ ആണ്. ബ്രാന്‍ഡഡ് കളിപ്പാട്ടങ്ങളുടെ വിലക്കൂടുതലും ഇവയുടെ വിലക്കുറവും ആകര്‍ഷണീയമായ നിറവും രൂപഭംഗിയും കുട്ടികളെ ആകര്‍ഷിക്കുന്നു.
കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പിവിസിയില്‍ അടങ്ങിയ ആറ് തരം രാസപദാര്‍ഥങ്ങള്‍ അഥവാ താലൈറ്റ്സ് ആണ് പ്രധാന വില്ലന്‍. ഇവ കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ ഉള്ളിലെത്തിയാല്‍ തലച്ചോറിനെ സാരമായി ബാധിക്കും. കണ്ണിനെയും ത്വക്കിനെയും താലൈറ്റ്സ് രോഗാതുരമാക്കും. ആസ്തമപോലുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയേറെയാണ്. പോളിവിനയല്‍ ക്ളോറൈഡ് അടങ്ങിയ പിവിസി കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും ഇന്ത്യയില്‍ സാധാരണമാണ്. താലൈറ്റ്സിലെ എന്നപോലെ ഇതിലും ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വില്ലന്മാരുണ്ട്. ആറുവയസുവരെയുള്ള കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഇത് ബാധിക്കും. കാഡ്മിയം കേന്ദ്രനാഡിവ്യൂഹത്തിന്റെ തകര്‍ച്ചക്കും എല്ലുകളുടെ ബലക്കുറവിനും കാരണമാകും. തുടര്‍ന്ന് ലെഡും, മെര്‍ക്കുറിയും ശരീരം ആഗിരണം ചെയ്യുമ്പോള്‍ തലച്ചോറും, വൃക്കയും, കരളും തകരാറിലാവും. ലെഡിന്റെ സാന്നിദ്ധ്യം ചില കുട്ടികളെ ആക്രമണോല്‍സുകരാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ പ്രവേശിച്ച ലെഡ് പൂര്‍ണമായി പുറത്തുപോകാന്‍ 20 വര്‍ഷമെടുക്കും.
നാം ഉപയോഗിക്കുന്ന മിക്ക പിവിസി നിര്‍മിത വസ്തുക്കളും അപകടകാരികളാണ്. എന്നാല്‍ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ജീവിക്കുകയും ഉറങ്ങുകയും, അവ കടിക്കുകയും നുണയുകയും ചെയ്യുന്നത് പ്രശ്നം വഷളാക്കുന്നു. കളിപ്പാട്ടങ്ങളിലെ വിഷ സാന്നിദ്ധ്യം തിരിച്ചറിയാനോ അത് നിയന്ത്രിക്കാനോ ഒരു സംവിധാനവും ഇന്ത്യയിലില്ല. 2500 കോടിയുടെ കളിപ്പാട്ട വിപണിയില്‍ അറുപതു ശതമാനവും ഇറക്കുമതിയാണ്. ഇതില്‍ 80 ശതമാനവും പരീക്ഷണങ്ങള്‍ക്കൊന്നും വിധേയമാക്കാതെയാണ് വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയുടെ 90 ശതമാനവും കുടില്‍ വ്യവസായമാണ്. ദില്ലിയും, മുംബൈയുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍. എങ്ങനെയാണ് എന്തുതരം വസ്തുക്കള്‍ക്കൊണ്ടാണ് ഇവ നിര്‍മിക്കുന്നത് എന്നുപോലും ആര്‍ക്കും അറിയില്ലെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ടോക്സിക്ക് ലിങ്ക് എന്ന സന്നദ്ധസംഘടന പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവര്‍ ശേഖരിച്ച കളിപ്പാട്ട സാമ്പിളുകളിലും ക്രമാതീതമായ തോതില്‍ വിഷസാന്നിദ്ധ്യം കണ്ടെത്തി.
ഇന്ത്യയെ ഒരു കളിപ്പാട്ടവിഷ ദുരന്തം കാത്തിരിക്കുന്നുവെന്ന് ആഗസ്റ്റ് 31 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യാതൊരു വിധ പരിശോധനയുമില്ലാതെ കച്ചവടം ചെയ്യപ്പെടുന്ന കളിപ്പാട്ടങ്ങള്‍ വരുത്തിവെക്കാനിടയുള്ള ദുരന്തത്തെക്കുറിച്ചാണീ വാര്‍ത്താക്കുറിപ്പ്.
മാറ്റെല്‍ കമ്പനിയുടെ ഉല്പന്നങ്ങള്‍ പിന്‍വലിക്കുവാന്‍ ഇന്ത്യയിലും കമ്പനി നടപടി തുടങ്ങിക്കഴിഞ്ഞു. എങ്കിലും ആ കളിപ്പാട്ടങ്ങള്‍ ഇവിടെ അത്ര പ്രചാരം നേടിയിട്ടില്ല എന്നതുകൊണ്ടു തന്നെ, ഇപ്പോഴുണ്ടായ വിപണിയില്‍ നിന്നുള്ള പിന്‍വലിക്കന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ളതല്ല എന്ന് കച്ചവടക്കാര്‍ പറയുന്നു.
ഗുണനിലവാര സമിതികള്‍
International Organization for Standardization (ISO) എന്ന എന്‍.ജി.ഒ ആണ് നാമൊക്കെ സ്ഥിരമായി കേള്‍ക്കുന്ന IS0 9000, ISO 14000 തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡുകളൊക്കെ രൂപീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ദേശീയ ഗുണനിലവാര സമിതികളുടെ (national Standards body) ഒരു ഫെഡറേഷന്‍ ആണിത്. ജനീവയാണ് ആസ്ഥാനം. 158 അംഗരാജ്യങ്ങളിള്‍ നിന്നുള്ള സമിതികള്‍ 2006 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് ഇതില്‍ അംഗങ്ങളാണ്. ബ്യൂറൊ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് ഇന്ത്യയില്‍ നിന്നുള്ള അംഗം.
കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തിനായി അടിസ്ഥാനമാക്കുന്ന ISI-9873 voluntary ആണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിലെ ഒരു
ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇത്രയധികം നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള ഈ രാജ്യത്ത് ഗുണനിലവാരത്തില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടു തന്നെ ബിസിനസ് മുന്നോട്ട് പോകുവാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു ഹോളിസ്റ്റിക് സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതിനനുബന്ധിച്ച് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നുമാണ്. മുകളിലൊരിടത്ത് പറഞ്ഞതുപോലെ നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടുള്ള കുഴപ്പങ്ങളല്ല ഇതൊക്കെ എന്നതുകൊണ്ടു തന്നെ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളാണാവശ്യം.
ഇനി നമുക്ക് തിരിച്ചുവരാം.
കൂടുതല്‍ മാരകങ്ങളായ കളിപ്പാട്ടങ്ങള്‍WorldNews.comന്റെ ലേഖികയായ ബെവര്‍ലി ഡാര്‍ലിങ്ങ്(Beverly Darling) ഈ പിന്‍വലിക്കല്‍ മാമാങ്കങ്ങള്‍ക്കിടയില്‍ തികച്ചും പ്രസക്തമായ, ഒരു പക്ഷെ കൂടുതല്‍ ഗുരുതരമായ മറ്റൊരു വിഷയത്തിലേക്ക് "What About Recalling the Other Deadly Toys " എന്ന ലേഖനത്തിലൂടെ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശാരീരികമായ അപകടങ്ങള്‍ മാത്രമുണ്ടാക്കാനിടയുള്ള കളിപ്പാട്ടങ്ങളെക്കുറിച്ചല്ല അവര്‍ ഉത്കണ്ഠാകുലയാകുന്നത്. മറിച്ച് കുട്ടികളെ വൈകാരികമായും മാനസികമായും കൂടി അപകടത്തിലാക്കാവുന്ന, അക്രമണോത്സുകത വളര്‍ത്തുന്ന തരത്തിലുള്ള ‘സൈനിക’ കളിപ്പാട്ടങ്ങളെക്കുറിച്ചാണ്. ഒന്നോ രണ്ടോ ഡോളര്‍ മുതല്‍ മുകളിലേക്ക് ലഭിക്കുന്ന എത്രയോ യുദ്ധക്കളിപ്പാട്ടങ്ങളാണ് കളിപ്പാട്ടക്കടകളിലെ
ചില്ലുകൂടുകളിലിരുന്നു കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. തോക്കുകളും, സൈനികരും, ടാങ്കുകളും മറ്റു പോരാട്ട ഉപകരണങ്ങളുമൊക്കെ അടങ്ങിയ കളിപ്പാട്ടങ്ങളുടെ മറ്റൊരു ലോകം. ഇവയൊക്കെത്തന്നെ അഞ്ചുവയസ്സുമുതലുള്ള കുട്ടികള്‍ക്കനുയോജ്യമാണ് എന്ന ലേബലോടെ വില്‍ക്കപ്പെടുന്നു. ഇതിലെ പല കളിപ്പാട്ടങ്ങളുടേയും പുറംചട്ടയില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഭാവിയിലെ സൈനികരായി കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന ലക്ഷ്യം വെയ്ക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക രീതിയിലുള്ളതും രാഷ്ട്രീയമായ ചില സൂചനകള്‍ നല്‍കുന്നവയുമാണ്. കുട്ടികള്‍ പലപ്പോഴും സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നവരാണ്. ഇത്തരം യുദ്ധക്കളിപ്പാട്ടങ്ങളുമായി ഇടപഴകി (socialisation) ജീവിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഒരു Militant Generation ആകാനുള്ള (ഇപ്പോള്‍തന്നെ അങ്ങിനെ ആയിട്ടില്ലെങ്കില്‍) സാദ്ധ്യതയും ബെവര്‍ലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബെവര്‍ലിയുടെ ആശങ്കകള്‍ അസ്ഥാനത്താകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്തായാലും കളിപ്പാട്ടങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ വെറും കുട്ടിക്കളിയല്ലെന്നും, അതിന്റെ ഉല്പാദനം മുതല്‍ വിതരണവും ഉപയോഗവും വരെയുള്ള ഘട്ടങ്ങള്‍ വളരെ ഗൌരവകരമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും നമുക്ക് മറക്കാതിരിക്കാം.
6 comments:
“ഇന്ത്യയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളില്‍ 70 ശതമാനവും ക്രമാതീതമായ തോതില്‍ ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയതാണെന്ന് അടുത്തയിടെ നടന്ന പഠനം തെളിയിക്കുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, ഇവിടെ തന്നെ അസംഘടിത മേഖലയില്‍ നിര്‍മ്മിക്കുന്നവ എന്നിവയിലാണ് വിഷസാന്നിധ്യം കൂടുതല്‍. ടോക്സിക്ക് ടോയ്സ് എന്നു വിളിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ മിക്ക വികസിത രാഷ്ട്രങ്ങളും നിരോധിച്ചു കഴിഞ്ഞു. കേരളത്തിലെ ശൈശവവും വിഷസാന്നിധ്യമുള്ള കളിപ്പാട്ടങ്ങളുടെ പിടിയിലാണെന്നാണ് സൂചന. കേരളത്തില്‍ വില്‍ക്കുന്ന 90 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതോ, ഊരും പേരുമില്ലാതെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതോ ആണ്. ബ്രാന്‍ഡഡ് കളിപ്പാട്ടങ്ങളുടെ വിലക്കൂടുതലും ഇവയുടെ വിലക്കുറവും ആകര്‍ഷണീയമായ നിറവും രൂപഭംഗിയും കുട്ടികളെ ആകര്‍ഷിക്കുന്നു.“
വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുന്ന കളീപ്പാട്ടങ്ങളുടേയും മറ്റു വിഷമയ വസ്തുക്കളുടേയും
പശ്ചാത്തലത്തില്‍ ഒരല്പം വിശദമായ പോസ്റ്റ്.
ഇന്ത്യയില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നും ഏറ്റവും ഗുണനിലവാരമുള്ള കളിപ്പാട്ടമെന്നും ജനമറിയുന്നത് ലിയോ മാറ്റല്‍ അല്ലേ? അതിന്റെ ചൈനയില്‍ നിന്നുള്ള സപ്പ്ലയര്‍ അല്ലേ വിഷക്കേസില്‍ കുടുങ്ങി തൂങ്ങിച്ചത്തത്? കോയമ്പത്തൂരില്‍ ഉണ്ടാക്കി അമ്പലപ്പറമ്പില്‍ അഞ്ചുരൂപയ്ക്കു വില്‍ക്കുന്ന ബൊമ്മയെ എന്തിനു പഴിപറയണം? അയ്യെസ്സോ പതിനാലായിരം കിട്ടിയ കമ്പനികളുടെയും പണി ഇതൊക്കെ തന്നെ.
കളിപ്പാട്ടം കൊള്ളാം..വിഷത്തെയും അതിനു പിന്നിലെ ചൂഷണത്തേയും കുറിച്ച് ആലോചിക്കുമ്പോള്‍ പഴയ ഓലപ്പീപ്പിയും പന്തുമൊക്കെത്തന്നെ നല്ലത് എന്നു തോന്നിപ്പോകും. പക്ഷെ, ഇത് ഇ യുഗമല്ലേ? ഇ-ഓലപ്പീപ്പിയും ഇ-ഓലപ്പന്തും തന്നെ ശരണം..
വിലയേറിയ ഈ അറിവുകള്‍ പങ്കുവെച്ചതിനു നന്ദി.
-സുല്‍
സഖാവേ,
പോസ്റ്റ് വായിച്ചു. വളരെ വിജ്ഞാനപ്രദമായ ലേഖനം. പ്രത്യേകിച്ചും ആവശ്യമായ ലിങ്കുകള്‍ കൊടുത്തിരിക്കുന്നതും മറ്റും.
കാണാതെ പോയതെന്നു തോന്നിയ, അഥവാ, ഒരു പക്ഷേ, വളരെ പ്രത്യക്ഷമായ, എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളായതുകൊണ്ട്, വിശദീകരിക്കേണ്ട ആവശ്യമില്ലെന്നു തോന്നിയതുകൊണ്ടാകാം, താങ്ങള്‍ വിട്ടുപോയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് അസ്ഥാനത്താകില്ല എന്നു കരുതുന്നു.
ഒന്ന്, കളിപ്പാട്ടങ്ങളുടെ ഗുണനിലവാരമോ, കുട്ടികളുടെ സുരക്ഷയോ ആവില്ല ഇതിന്റെ പിന്നില്‍. മുതലാളിത്ത രാജ്യങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ നയങ്ങള്‍കൊണ്ട്, ഏറ്റവുമധികം ബലിയാടുകള്‍ ആകുന്നത്, കുട്ടികള്‍ തന്നെയാണ്. ഇറാഖിനുമേലുള്ള ഉപരോധം കൊന്നൊടുക്കിയ കുട്ടികളുടെ എണ്ണം അഞ്ചു ലക്ഷത്തിനുമേലെ വരുമെന്ന് അവരുടെയും, യു.എന്നിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
രണ്ട്: കളിപ്പാട്ടങ്ങളുടെ ഈ പിന്‍വലിക്കല്‍ ചൈനയിലെ ഉത്‌പാദന കമ്പോളത്തെ തകര്‍ക്കാനുള്ള ഒരു ഗൂഢപദ്ധതിയായിട്ടും കാണേണ്ടിയിരിക്കുന്നു. അമേരിക്കന്‍ കമ്പനികളുടെ ഒരു സ്ഥിരം അജന്‍ഡയാണിത്. തങ്ങള്‍ക്കനുകൂലമായ വ്യവസായ(ഇറക്കുമതി-കയറ്റുമതി ചുങ്കങ്ങളും, കരാറുകളും ഉള്‍പ്പെടുന്ന)നയങ്ങള്‍ക്കുവേണ്ടി മറ്റു രാജ്യങ്ങളെ വരുതിയില്‍കൊണ്ടുവരാനുള്ള ഒരു സമ്മര്‍ദ്ദ തന്ത്രം. ചൈനയില്‍ ചിലയിടങ്ങളില്‍ തുടങ്ങിക്കഴിഞ്ഞ തൊഴില്‍ അസ്വാസ്ഥ്യങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മുന്‍കൂര്‍ ജാമ്യമാണെന്നും വരാം ഈ തന്ത്രങ്ങള്‍.
മൂന്ന്- ബാര്‍ബി പാവകളുടെ വില ഒരിക്കലും ഉയരാതെയിരിക്കുന്നത്, അതിന്റെ നിലവിലുള്ള ഉയര്‍ന്ന വിലകാരണം തന്നെയാണ്. കമ്പോളത്തില്‍ ലഭ്യമായ തത്തുല്ല്യമായ മറ്റു പാവകളുടേതില്‍നിന്നും രണ്ടിരട്ടി വില വരുന്നുണ്ട് ഈ മൂന്നാംകിട 'അമേരിക്കന്‍ ബാര്‍ബി പെണ്ണുങ്ങള്‍ക്ക്'.
നാല്: ഈ ബാര്‍ബി പാവകള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ജന്മദേശമായ അമേരിക്കയില്‍തന്നെയാണ്. തങ്ങളുടെ കുട്ടികളുടെ ആരോഗ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു പക്ഷേ ഈ കളിപ്പാട്ട-പിന്‍വലിക്കലില്‍ ഉണ്ടായെന്നു വരാം. പക്ഷേ നമ്മുടെ കുട്ടികള്‍ കൂടുതലും മരിക്കുന്നത്, ഈ ഈയവും, കാഡ്‌മിയവും, 'തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയുള്ള ചെറിയ ഭാഗങ്ങളും' ഉള്ളില്‍ ചെന്നിട്ടല്ല. വിശന്നിട്ടാണ്; അമേരിക്കയുടെയും അവരുടെ യൂറോപ്പ്യന്‍-അറബി-ഏഷ്യന്‍ വെപ്പാട്ടി രാജ്യങ്ങളുടെയും അസംബന്ധ-തെമ്മാടി യുദ്ധങ്ങളും, ദേശീയ നയങ്ങള്‍ മൂലവുമാണ്; ഉപരോധങ്ങളില്‍പ്പെട്ട്, ഭക്ഷണവും, മരുന്നും, ആശ്രയവും കിട്ടാതെയാണ്. നമ്മുടെയെല്ലാം അക്ഷന്തവ്യമായ ജാഗ്രതയില്ലായ്മകൊണ്ടാണ്.
അഭിവാദ്യങ്ങളോടെ
Read this blog very late. Very informative.
Post a Comment