Thursday, September 6, 2007

കേരളം എന്ന ഇമ്മിണി ബല്യ നഗരവും മലയാളിയുടെ മനസ്സും‍

എല്ലാം അറിയുമ്പോഴും മനുഷ്യന് അറിയാത്ത ഒന്ന് അവനില്‍ത്തന്നെയുണ്ട്. അതത്രേ മനുഷ്യമനസ്സ്. അതിനാല്‍ എന്തെന്നറിയാത്ത മനസ്സുകൊണ്ട് അറിയുന്നതാണ് മനുഷ്യന്റെ എല്ലാ അറിവും എന്ന് പറയാം. മനസ്സ് എവിടെയാണോ അവിടെയാണ് മനുഷ്യന്‍. മനുഷ്യജീവിതത്തിന് ഇങ്ങനെയൊരു തലം കൂടിയുള്ളതുകൊണ്ടാണ് ശരീരംകൊണ്ട് നമ്മുടെ തൊട്ടടുത്തിരിക്കുന്ന പലരെയും തൊട്ടുണര്‍ത്തി 'ഏയ് എവിടെയാണ്' എന്ന് പലപ്പോഴും ചോദിക്കേണ്ടി വരുന്നത്. ഈ നിലയില്‍, മനസ്സെവിടെയാണോ അവിടെയാണ് മലയാളി എന്ന് പറയാം.

ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളുടെ മനസ്സും മറുനാടുകളിലോ വിദേശങ്ങളിലോ ആണ്. എന്നാല്‍ മറുനാടുകളിലും വിദേശങ്ങളിലും കഴിയുന്ന മലയാളിയുടെ മനസ്സാകട്ടെ മിക്കവാറും കേരളത്തിലുമാണ്. കേരളത്തെ മനസ്സുകൊണ്ടുപേക്ഷിച്ചാണ് കേരളത്തില്‍ പലരും കഴിയുന്നതെങ്കില്‍, കേരളത്തെ തീവ്രമായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് വിദേശത്തും മറുനാട്ടിലും മലയാളി കഴിയുന്നത്. അതിനാല്‍ ഒരു നിലയ്ക്ക് കേരളം എന്നത് നാളികേരത്തിന്റെ നാടായ നാഴിയിടങ്ങഴി മണ്ണല്ലെന്നും മറിച്ച് അത് മലയാള മനഃസ്ഥിതിയാണെന്നും പറയാം.

സഞ്ചരിക്കുന്ന വീടാണ് മാതൃഭാഷ എന്ന് ദെറിദ പറഞ്ഞിട്ടുണ്ട്. മലയാളിയെ സംബന്ധിച്ച് ഇതു വളരെ കൃത്യമാണ്. പ്രവാസി മലയാളസാഹിത്യവും മറ്റും ഇത് തെളിയിക്കുന്നു. മലയാളി കേരളം വിടുമ്പോള്‍ അവന്‍ ചെല്ലുന്നിടത്തേക്ക് ഒപ്പംകൊണ്ടുപോകുന്ന അമ്പത്താറക്ഷരങ്ങളുടെ വീടാണ് മലയാളം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന മലയാളി വല്ലവിധേനയും ഇരുപത്താറക്ഷരങ്ങളുടെ ഇംഗ്ളീഷ് വശമാക്കി കേരളം വിടാനാണ് ശ്രമിക്കുന്നത്. ഇവിടെവെച്ച് അവന് /അവള്‍ക്ക് ഒഴിഞ്ഞുപോകാന്‍ തോന്നുന്ന സ്ഥലമാണ് കേരളം. എന്നാല്‍ മലയാളി അന്യനാട്ടിലെത്തിയാല്‍ മലയാളത്തെ ഓര്‍ക്കുന്നു; മറക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുന്നു- ജീവിത ശൈലികൊണ്ട് വിദേശത്ത് ഒരു കേരളം തന്നെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഓണാഘോഷം ഇന്ന് ഉള്ളില്‍ത്തട്ടി നടക്കുന്നത് വിദേശങ്ങളിലാണ്. കേരളത്തില്‍ ഓണം മുറപോലെ നടക്കുന്നൊരു സര്‍ക്കാര്‍ കാര്യമാണ്. ഏത് സര്‍ക്കാര്‍ കാര്യവും വിവാദമാകുന്ന കാലമാണിത്. അതുകൊണ്ടാണ് ഓണവും വിവാദവിഷയമാക്കാനാവുന്നത് . മലയാളിക്ക് ഓണമൊരു അനുഭവമായിത്തീരുന്നത് അന്യനാട്ടില്‍ ആയിരിക്കുമ്പോഴാണ്; കേരളത്തില്‍വെച്ചല്ല എന്ന് ചുരുക്കം. ഓണം മാത്രമല്ല മഴക്കാലവും അങ്ങനെയാണ്. കേരളത്തില്‍ ജീവിക്കുന്ന മലയാളിക്ക് 'മഴ' ഉടുപ്പ് നനയ്ക്കുന്ന മഹാശല്യമാണ്. എന്നാല്‍ വിദേശത്ത് കഴിയുന്ന മലയാളിക്ക് അതു മുറ്റത്തിറങ്ങിനിന്ന് ഏറ്റുവാങ്ങാന്‍ കൊതിതോന്നുന്ന, ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള ജീവനജലധാരയാണ്.... വിരഹം പ്രണയത്തെ തീവ്രമാക്കും എന്ന് പറയാറുണ്ട്. തമിഴ് സംഘസാഹിത്യത്തിലെ ഒരു സന്ദേശമാണത്. ഈ നിലയില്‍ വിദേശവാസത്തിന്റെ വിരഹച്ചൂടിലാണ് മലയാളിയുടെ മനസ്സില്‍ മഴപെയ്തിറങ്ങുന്ന കേരളം അതിന്റെ മുഴുവന്‍ ഭംഗിയിലും 'ചൊട്ടപ്പൊട്ടി' വിരിയുന്നതെന്ന് പറയാം.

എനിക്ക് അകന്ന ബന്ധത്തിലൊരു ചേച്ചിയുണ്ട്. അവര്‍ക്ക് മാറാട് കലാപം നടന്ന് പിറ്റേന്ന് വൈകിട്ടാണ് സംഭവം അറിവാകുന്നത്. ടെലിവിഷനും പത്രവും ഒക്കെ അവരുടെ വീട്ടിലുണ്ട്. എന്നിട്ടും അവര്‍ക്ക് മാറാട് പ്രശ്നം ശ്രദ്ധയില്‍ വന്നില്ല. ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അത് വെറുതെ കേട്ടു.അവരുടെ കേട്ടിരിപ്പില്‍തന്നെ മറ്റുവല്ലതും പറഞ്ഞുകൂടേയെന്ന സന്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈയിടെ നടന്ന ലണ്ടനിലെ ബോംബ് സ്ഫോടനം അവരെ വല്ലാതെ ഉലച്ചു. അവരെപ്പോഴും ലണ്ടനിലെ വിവരങ്ങള്‍ അറിയാന്‍ ചാനലുകളില്‍ പരതി. തലങ്ങും വിലങ്ങും ഇടതടവില്ലാതെ ഫോണ്‍ ചെയ്തു. അവസാനം അവര്‍ സ്വഭാവികാവസ്ഥയിലേക്ക് എത്തിയത് 'Dont worry mum, here I am safe' എന്ന മകളുടെ സന്ദേശം ലണ്ടനില്‍നിന്ന് വന്നെത്തിയപ്പോഴാണ്. മകള്‍ ലണ്ടനിലായിരുന്നതിനാല്‍ അവരുടെ മനസ്സ് ലണ്ടനിലായിരുന്നു. അതിനാല്‍ ലണ്ടനിലെ സംഭവങ്ങള്‍ അവരുടെ ഉള്ളുലച്ചു. നാട്ടിലെ മാറാട് പ്രതികരണമുളവാക്കിയില്ല. അവരുടെ ആരും അവിടെയില്ലായിരുന്നല്ലോ..

കേരളത്തില്‍ കഴിയുന്ന മലയാളിയുടെ മനസ്സ് വിദേശത്താണ്. വിദേശത്ത് വസിക്കുന്ന മലയാളിയുടെ മനസ്സ് അവരുടെ ബന്ധുക്കള്‍ കേരളത്തിലാണെന്നതിനാല്‍ കേരളത്തിലുമാണ്. അതിനാല്‍ കേരളത്തിന്റെ കാര്യങ്ങള്‍ പരദേശത്ത് കഴിയുന്ന മലയാളികള്‍ ഇവിടെ ജീവിക്കുന്നവരേക്കാള്‍ നന്നായി ശ്രദ്ധിക്കുന്നു. ഈ നിലയില്‍ ഇവിടെ ജീവിക്കുന്ന മലയാളിക്ക് 'കേരളം ദൈവത്തിന്റെ സ്വന്തം നാടും' (തന്റെയല്ല) അന്യനാട്ടില്‍ അധ്വാനിച്ചുകഴിയുന്ന മലയാളിക്ക് 'കേരളം മലയാളികളുടെ മാതൃഭൂമി'യും ആയിരിക്കുന്നു.

വിദേശത്ത് കഴിയുന്ന മലയാളിക്ക് കേരളം മാതൃഭൂമിയാണെന്ന തീവ്രബോധം ഉള്ളതുകൊണ്ടാണ് പത്തു സുനാമിദുരന്തങ്ങളെ നേരിടുവാനുള്ള പണം വിദേശത്തുനിന്നും മറുനാടുകളില്‍നിന്നും അക്കാലത്ത് കേരളത്തിലേക്ക് വന്നെത്തിയത്. കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടായി' കാണുകയും അതുവഴി തങ്ങളില്‍നിന്നന്യമായി കരുതുകയും ചെയ്യുന്നവരുടെ അക്കാലത്തെ കേരള ഭരണം സുനാമി ദുരിതാശ്വാസനിധി എങ്ങനെ കൈകാര്യം ചെയ്തെന്ന് പറയേണ്ടല്ലോ. കേരളത്തെ സ്നേഹിച്ചുകൊണ്ട് കേരളഭരണം നടത്താന്‍ നമ്മുടെ അസംബ്ളി മറുനാട്ടിലോ വിദേശത്ത് എവിടെയെങ്കിലുമോ ആയിരുന്നെങ്കില്‍ പ്രത്യേക പരിശീലനമൊന്നും കൂടാതെതന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഉത്സാഹവും കഴിവും ഉണ്ടാകുമായിരുന്നേനെ എന്ന് ചിന്തിപ്പിക്കാവുന്ന വിധം മ്ളേച്ഛമായ കെടുകാര്യസ്ഥതയോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ 'സുനാമിഫണ്ട്' കൈകാര്യം ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം നോക്കിക്കൊള്ളും; അല്ലെങ്കില്‍ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങള്‍ നോക്കട്ടെ എന്ന മട്ടിലുള്ള അലംഭാവത്തിന്റെ മരവിപ്പായിരുന്നു നടപടികളില്‍ നിഴലിച്ചുനിന്നിരുന്നത്.

സുനാമിപോലുള്ള വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം പണം മറുനാട്ടില്‍നിന്നും വിദേശത്തുനിന്നുമൊക്കെ വന്നെത്താവുന്ന നില എങ്ങനെ ഉണ്ടായി? മലയാളികള്‍ വിദേശത്തും മറുനാട്ടിലും ജോലിചെയ്യുന്നതുകൊണ്ട് എന്നാണുത്തരം. എന്തുകൊണ്ടവര്‍ അവിടെ എത്തി? ഉത്തരം വിദ്യാഭ്യാസംകൊണ്ട് എന്നാണ്. വിദ്യാഭ്യാസം ഇവിടെ എല്ലാവര്‍ക്കും സാധ്യമാകുന്നതില്‍ ക്രൈസ്തവമിഷണറിമാരുടെയും ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി എന്നിവരുടെ പ്രവര്‍ത്തനങ്ങളുടെയും 1957 ലെ ഇ എം എസ് സര്‍ക്കാറിന്റെയും നടപടികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. സ്വന്തംനാട്ടില്‍ പണിയില്ലെങ്കിലും എവിടെയും വിദഗ്ദ തൊഴിലാളിയായിരിക്കാന്‍ മലയാളിയെ പ്രാപ്തമാക്കിയ വിദ്യാഭ്യാസ-സാമൂഹിക സാഹചര്യം മേല്‍പ്പറഞ്ഞതായിരുന്നു. ഇടത്തരക്കാര്‍ കൂടിക്കൊണ്ടേയിരിക്കുന്ന കേരളം 'വിദ്യാഭ്യാസ'ത്തിന്റെ സൃഷ്ടിയാണ്. ഇടത്തരവര്‍ഗക്കാരുടെ എണ്ണക്കൂടുതലിനെയാണ് ഇടതുപക്ഷവിരുദ്ധ പ്രവര്‍ത്തകര്‍ മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ ഇടതുപക്ഷത്തിനെതിരെ ഉപയോഗപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയം അല്പം വിശദീകരിക്കാം.

II

വിദ്യാഭ്യാസം ഒരുതരം വരേണ്യത സൃഷ്ടിക്കും. എല്ലാകാലത്തും അതുണ്ടായിട്ടുണ്ട്; ഇക്കാലത്തും. വിദ്യാഭ്യാസം ഉണ്ടാക്കുന്ന വരേണ്യത പക്വമായിരുന്നാല്‍ ആത്മാഭിമാനവും അപക്വമായിരുന്നാല്‍ ദുരഭിമാനവും ഉളവാക്കും. ആധുനിക കേരളത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. പത്താംക്ളാസ് പാസായ മകന്‍ നാട്ടില്‍ അലക്കിത്തേച്ച മുണ്ടുടുത്തേ നടക്കാവൂ എന്നും, അല്ലെങ്കിലത് 'മോശക്കേടാണെ'ന്നും ഇന്നാട്ടിലൊരു പ്യൂണ്‍ പണിയെങ്കിലും തരപ്പെട്ടില്ലെങ്കില്‍ ഗള്‍ഫിലോ മറ്റോ പോയി എന്തുപണിയായാലും ചെയ്യട്ടെ എന്നും നിനയ്ക്കുന്ന തൊഴിലിന്റെ അന്തസ്സിനെ സംബന്ധിച്ച മിഥ്യാഭിമാനബോധം നമ്മുടെ ജനജീവിതത്തില്‍ വിദ്യാഭ്യസത്തിലൂടെ വ്യാപനം ചെയ്യപ്പെട്ടിട്ടുണ്ട്. തെറ്റോ ശരിയോ എന്നതിനേക്കാള്‍ വാസ്തവമാണിത്. "അന്യനാട്ടില്‍ എന്തും ചെയ്യാം; സ്വന്തം നാട്ടില്‍ 'ക്ളാര്‍ക്ക്പണി'യേ പറ്റൂ'' എന്ന മാനസികാവസ്ഥ മലയാളിയെ നാടുവിടാന്‍ തക്കം പാര്‍ക്കുന്നവനാക്കി. ഒത്തവരെല്ലാം നാടുവിട്ടപ്പോള്‍ പിന്നെ ഇവിടെ ശേഷിച്ചത് 'തെങ്ങുകയറാനും കന്നുപൂട്ടാനു'മറിയാത്ത കൃഷിയോഫീസര്‍മാരുടെ മട്ടിലുള്ള ഉദ്യോഗസ്ഥവൃന്ദവും പാഠപുസ്തകം മനഃപാഠമാക്കുകയും മനഃപാഠമാക്കാത്ത കുട്ടികളെ തല്ലുകയും ചെയ്യുന്ന അധ്യാപകരുമാണ്. പുറംനാട്ടില്‍ എന്തു പണിയും നന്നായി ചെയ്യുന്നവനും സ്വന്തം നാട്ടില്‍ പണിയെടുക്കാത്തവനുമായ മലയാളി പുറംനാട്ടിലെ അധ്വാനംകൊണ്ട് നേടുന്ന പണംകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരിയും പച്ചക്കറിയും കന്നാലിമാംസവും വാങ്ങി ഭക്ഷിച്ച് ടെലിവിഷന്‍ കണ്ടും തീര്‍ഥാടനം നടത്തിയും കഴിയുന്നവരാക്കി നാട്ടിലെ ബന്ധുക്കളെ സംരക്ഷിക്കുന്നവനായി. കേരളത്തില്‍ വിറകുവെട്ടിയും വെള്ളംകോരിയും പറമ്പുകിളച്ചും കഴിയുന്ന കൂലിത്തമിഴന് നാട്ടിലെ മലയാളി 'മൊതലാളി'യായി. ഇങ്ങനെ കേരളത്തില്‍ ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയും ഇടത്തരക്കാര്‍ അല്ലാത്തവര്‍കൂടിയും ഇടത്തരക്കാരാണെന്ന മട്ടില്‍ കഴിയുന്നതിന് പ്രലോഭിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. വാസ്തവത്തില്‍ ദാരിദ്ര്യരേഖക്ക് തൊട്ടടുത്ത് കഴിയുന്നവര്‍ക്കിടയില്‍പ്പോലും തങ്ങളുടെ യഥാര്‍ഥസ്ഥിതി തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുന്നവരേക്കാള്‍ ഇന്ന് കൂടുതലുള്ളത് കടംവാങ്ങിയ പണംകൊണ്ടു തങ്ങളും ഇടത്തരക്കാരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ജീവിക്കുന്നവരാണ്. ഇത്തരക്കാരാണ് 'പലിശപ്പട്ടിണി പടികേറുമ്പോള്‍ പിന്നിലെ മാവിലെ കയറില്‍' തന്നെ കുടുക്കുന്നത്. ചുരുക്കത്തില്‍ മലയാളിയുടെ മനസ്സ് ദുരഭിമാനങ്ങളുടെ മിഥ്യായാഥാര്‍ഥ്യങ്ങളില്‍ കുരുങ്ങി ജീവിതത്തെ ദുരന്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇടത്തരക്കാരുടെ എണ്ണം കൂടുക എന്നാല്‍ കച്ചവടസാധ്യത കൂടുക എന്നാണ് അര്‍ഥം. അതുകൊണ്ടുതന്നെ കേരളത്തില്‍ എല്ലാ കച്ചവടക്കാരും തമ്പടിച്ചിരിക്കുന്നു. മൊബൈല്‍ഫോണും ആത്മീയതയും ലൈംഗികോത്തേജനമരുന്നുകളും എല്ലാം വിറ്റഴിക്കാനുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വിദേശത്ത് പണിചെയ്തുണ്ടാക്കുന്ന പണംകൊണ്ട് എല്ലാം വാങ്ങുന്നവനായി സ്വന്തം അധ്വാനമൊഴിച്ച് മറ്റൊന്നും വില്‍ക്കാനില്ലാത്തവനായി മലയാളി മാറിയിരിക്കുന്നു. നാഷണല്‍ ഹൈവേയിലൂടെ തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ ഒന്നു സഞ്ചരിച്ചാല്‍ ഇപ്പറഞ്ഞത് ബോധ്യമാവും. എല്ലാ പാര്‍ശ്വദൃശ്യങ്ങള്‍ക്കും ഒരേ ഛായയാണ്. ഒരേ മട്ടിലുള്ള കെട്ടിടങ്ങള്‍, ഒരേതരത്തിലുള്ള പരസ്യപ്പലകകള്‍, ഒരേമട്ടിലുള്ള ക്ഷേത്രകവാടങ്ങള്‍, ഒരേ മട്ടിലുള്ള പള്ളികളും മസ്‌ജിദുകളും, എവിടെയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ -അങ്ങനെ ഇവിടെ വ്യത്യസ്തതകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടുവരുന്നു; എന്നുവച്ചാല്‍ വ്യക്തിത്വം ഇല്ലാതാവുന്നു. യൂണിഫോമിറ്റിയുടെ നിര്‍ജീവത മള്‍ടിവേഴ്സിറ്റിയുടെ സജീവതയെ ഇല്ലാതാക്കിയിരിക്കുന്നു. ഇത് നഗരത്തിന്റെ സ്വഭാവമാണ്. നഗരം നമ്മുടെ ശരീരഭാഷയെ, സംസാരഭാഷയെ ഒക്കെ ഔപചാരികമാക്കും; ജീവിതത്തെ നാലുചുവരുകള്‍ക്കുള്ളില്‍ തളയ്ക്കും. അതുകൊണ്ടുതന്നെയാണ് 'എന്താഷ്ട പറേണെ' എന്ന തൃശൂര്‍ഭാഷ ഒരു മിമിക്രി ഐറ്റം മാത്രമായിരിക്കുന്നത്; മണ്ണില്‍ പണിയെടുക്കുന്ന മലയാളി ഇല്ലാതായിരിക്കുന്നത്; പണിയെടുക്കാന്‍ മണ്ണും ഇല്ലാതായിരിക്കുന്നത്! മലയാളിക്കിന്ന് മണ്ണ് കെട്ടിടമുണ്ടാക്കാനുള്ളതാണ്; കൃഷിചെയ്യാനുള്ളതല്ല. അതുകൊണ്ടുതന്നെ മലയാളിക്കിന്ന് പുഴ ജലസേചനത്തിനുള്ളതല്ല; മറിച്ച്, മണലൂറ്റാനുള്ളതാണ്- പിന്നെ കര്‍ക്കടക ബലിയിടാനുള്ളതും. കേരളം എന്ന ഒരൊറ്റ നഗരത്തിന്റെ നിലനില്‍പ്പിന് ആധാരമായ പണം പുറത്ത് പണിയെടുക്കുന്ന മലയാളിയില്‍നിന്ന് വരുന്നതുമാണ്. എത്രകാലം എന്നത് വേറെ ചിന്തിക്കണം.

മാന്യനാവാന്‍ പൈസയുണ്ടായാല്‍ മാത്രം പോര. ജാതീയമായ ഭേദബോധം എല്ലാ മതസ്ഥര്‍ക്കിടയിലും ഇന്നും കേരളത്തില്‍ ഒരു ആന്തരിക യാഥാര്‍ഥ്യമാണ്. ഞങ്ങള്‍ പൂര്‍വികമായി നോക്കിയാല്‍ നമ്പൂതിരിമാരാണെന്ന് വീമ്പിളക്കുന്നവരെ ഏത് മതത്തിലും കാണാം. അതുകൊണ്ടുതന്നെ പണം, വീടിന്റെ വലുപ്പം, ടി വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍, കാറ് എന്നിവ കൊണ്ടല്ലാതെ ഉണ്ടാവേണ്ട ഒരു വരേണ്യത ഇടത്തരക്കാര്‍ക്ക് ആവശ്യമുണ്ട്. അതിനുള്ള മാര്‍ഗം ഞാന്‍ 'അമ്മ'യില്‍നിന്ന് മന്ത്രദീക്ഷയും ഗുരുദേവില്‍നിന്ന് 'ജീവനകല'യും സ്വീകരിച്ചു എന്ന് പറയുകയാണ്; ഒന്നാം തീയതി എന്നൊന്നുണ്ടെങ്കില്‍ ഞാന്‍ ഗുരുവായൂരുണ്ടാകും എന്ന് പ്രഖ്യാപിക്കുക എന്നതാണ്; എന്റെ ഏലസ് ചോറ്റാനിക്കര മേല്‍ശാന്തി പൂജിച്ചുതന്നതാണെന്ന് പറയുകയാണ്; ഞാന്‍ 365 ദിവസത്തെ ഗീതായജ്ഞം കേട്ടെന്ന് പറയുകയാണ്; വേളാങ്കണ്ണിയില്‍ ഏഴുദിവസം കുര്‍ബാന കണ്ടെന്ന് പറയുകയാണ്; ശബരിമല തന്ത്രി ഗണപതിഹോമം ചെയ്തിട്ടാണ് വീട് പാര്‍പ്പ് നടത്തിയതെന്ന് വീമ്പിളക്കുകയാണ്. ഇത്തരം മധ്യവര്‍ഗപ്പൊങ്ങച്ചങ്ങളാണ് കേരളത്തെ മനുഷ്യനാവാന്‍ പ്രയാസവും ദൈവമാകാന്‍ താരതമ്യേന എളുപ്പവുമായ "'ദൈവത്തിന്റെ സ്വന്തം നാടാക്കി'യിരിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ മാറാടുപോലുള്ള, നിഷ്കളങ്കരായ മത്സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്നിടത്തുണ്ടാവുകയും എറണാകുളംപോലുള്ള വന്‍നഗരങ്ങളില്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നതും ചിന്തിക്കേണ്ടതുണ്ട്. നഗരത്തിലെ മധ്യവര്‍ഗങ്ങള്‍ക്ക് നഷ്ടപ്പെടാനേറെയുണ്ട്. നഷ്ടപ്പെടാനുള്ളവരെല്ലാം സമാധാനത്തെ താലോലിക്കും. ലോണെടുത്തുണ്ടാക്കിയ കാറ് ഏത് 'ദൈവത്തിന്റെ നാമ'ത്തിലാണെങ്കിലും കത്തിയമരരുത്. ഈ സ്വാര്‍ത്ഥാധിഷ്ഠിത സമാധാനവാഞ്ഛ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളതുകൊണ്ടുതന്നെ അവര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തു കലാപമുണ്ടാക്കാന്‍ കൂലിത്തല്ലുകാര്‍ വേണം-അതുകൊണ്ടുതന്നെ കൂലിത്തല്ലുകാരാണ് വന്‍നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നത്. സ്ഫോടനം നടത്താന്‍ ആളുകള്‍ വേണ്ട; ഒരാള്‍ മതിയല്ലോ.

ഇടത്തരക്കാരുടെ, എങ്ങനെയും സ്വന്തം കാര്യം നേടാനുള്ള സ്വാര്‍ഥതയാണ് കൈക്കൂലിപോലുള്ള അനാശാസ്യപ്രവണതകള്‍ക്കും കാരണം. കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും ഇടത്തരക്കാരനായിരിക്കും. ഇടത്തരക്കാരന് സമാധാനം ഉണ്ടാവില്ല. എന്തെന്നാല്‍ അയാള്‍ക്ക് വ്യാമോഹങ്ങള്‍ ഉള്ളതുകൊണ്ട് തൃപ്തിയുണ്ടാവില്ല. അതിനാലവര്‍ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും മന്ത്രവാദവും ജ്യോത്സ്യവും ധ്യാനവും യോഗവും യജ്ഞവും ഒക്കെ സമാധാനം നേടാനായി ഒരേ സമയം ഉപയോഗപ്പെടുത്തും. അതേസമയം പാവപ്പെട്ട പണിക്കാരന്‍ കടത്തിണ്ണയില്‍ കിടന്ന് നന്നായുറങ്ങുന്നുണ്ടാവും. അവനെ നോക്കി 'അസത്തുക്കള്‍' എന്ന് പിറുപിറുക്കാനുള്ള വരേണ്യ മലയാളം മധ്യവര്‍ഗക്കാരന്റെ ചുണ്ടത്തുണ്ടായിരിക്കും. മുതലാളിത്തത്തെക്കുറിച്ച് മിണ്ടാതിരിക്കുകയും വികസനവും സമാധാനവും തകര്‍ക്കുന്ന സമരക്കാരായി കമ്യൂണിസ്റ്റുകാരെ ലളിതവത്ക്കരിക്കുകയും ചെയ്യുന്ന ഇന്നാട്ടിലെ മാധ്യമഭാഷ സ്വന്തം കാര്യമൊഴിച്ച് മാറ്റൊന്നിനും പ്രാധാന്യം നല്‍കാത്ത മധ്യവര്‍ഗങ്ങളെ വലയില്‍ കരുക്കി കീഴ്പ്പെടുത്തുവാനുള്ളതാണ്. അതിന്റെ പൊതുഫലം കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. വര്‍ധിച്ചുവരുന്ന ഇടത്തരക്കാര്‍ക്കിടയില്‍ കമ്യൂണിസ്റ്റ് വിരുദ്ധത വളര്‍ത്തുന്ന മാധ്യമ പ്രവണതകളെ മനഃശാസ്ത്രപരമായി എങ്ങനെ നേരിടുകയും അതിജീവിക്കുകയും ചെയ്യണമെന്നത് തെരഞ്ഞെടുപ്പ് വിജയം പ്രധാനമായിരിക്കുന്നേടത്തോളം കാലം കേരളത്തില്‍ കമ്യൂണിസം നേരിടുന്ന ഒരു സുപ്രധാനമായ വെല്ലുവിളിയാണ്.

(സ്വാമിവിശ്വഭദ്രാനന്ദ ശക്തിബോധി)

(കടപ്പാട്: ദേശാഭിമാനി വാരിക)

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളുടെ മനസ്സും മറുനാടുകളിലോ വിദേശങ്ങളിലോ ആണ്. എന്നാല്‍ മറുനാടുകളിലും വിദേശങ്ങളിലും കഴിയുന്ന മലയാളിയുടെ മനസ്സാകട്ടെ മിക്കവാറും കേരളത്തിലുമാണ്. കേരളത്തെ മനസ്സുകൊണ്ടുപേക്ഷിച്ചാണ് കേരളത്തില്‍ പലരും കഴിയുന്നതെങ്കില്‍, കേരളത്തെ തീവ്രമായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് വിദേശത്തും മറുനാട്ടിലും മലയാളി കഴിയുന്നത്. അതിനാല്‍ ഒരു നിലയ്ക്ക് കേരളം എന്നത് നാളികേരത്തിന്റെ നാടായ നാഴിയിടങ്ങഴി മണ്ണല്ലെന്നും മറിച്ച് അത് മലയാള മനഃസ്ഥിതിയാണെന്നും പറയാം.

സര്‍വസാമ്യതയുടെ നിര്‍ജീവത നാനാത്വത്തിന്റെ സജീവതയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയേക്കും എന്ന ഭീതി ആഗോളതലത്തില്‍ത്തന്നെ നിലനില്‍ക്കെ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ചിന്തകള്‍ പ്രസക്തമെന്നു തോന്നുന്നതുകൊണ്ട് ഇവിടെ പങ്കുവെക്കുന്നു. കേരളത്തേയും മലയാളിമനസ്സിനേയും മന:ശാസ്ത്രപരമായി വിശകലനം ചെയ്യുവാന്‍ ശ്രമിക്കുന്നു സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തന്റെ ലേഖനത്തിലൂടെ.

Anonymous said...

“ മലയാളി കേരളം വിടുമ്പോള്‍ ,അവന്‍ ചെല്ലുന്നിടത്തേക്ക് ഒപ്പംകൊണ്ടുപോകുന്ന അമ്പത്താറക്ഷരങ്ങളുടെ വീടാണ് മലയാളം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന മലയാളി വല്ലവിധേനയും ഇരുപത്താറക്ഷരങ്ങളുടെ ഇംഗ്ളീഷ് വശമാക്കി കേരളം വിടാനാണ് ശ്രമിക്കുന്നത്. “

വളരെ നല്ല നിരീക്ഷണം

Ravindran said...

"പണം, വീടിന്റെ വലുപ്പം, ടി വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍, കാറ് എന്നിവ കൊണ്ടല്ലാതെ ഉണ്ടാവേണ്ട ഒരു വരേണ്യത ഇടത്തരക്കാര്‍ക്ക് ആവശ്യമുണ്ട്. അതിനുള്ള മാര്‍ഗം ഞാന്‍ 'അമ്മ'യില്‍നിന്ന് മന്ത്രദീക്ഷയും ഗുരുദേവില്‍നിന്ന് 'ജീവനകല'യും സ്വീകരിച്ചു എന്ന് പറയുകയാണ്; ഒന്നാം തീയതി എന്നൊന്നുണ്ടെങ്കില്‍ ഞാന്‍ ഗുരുവായൂരുണ്ടാകും എന്ന് പ്രഖ്യാപിക്കുക എന്നതാണ്; എന്റെ ഏലസ് ചോറ്റാനിക്കര മേല്‍ശാന്തി പൂജിച്ചുതന്നതാണെന്ന് പറയുകയാണ്; ഞാന്‍ 365 ദിവസത്തെ ഗീതായജ്ഞം കേട്ടെന്ന് പറയുകയാണ്; വേളാങ്കണ്ണിയില്‍ ഏഴുദിവസം കുര്‍ബാന കണ്ടെന്ന് പറയുകയാണ്; ശബരിമല തന്ത്രി ഗണപതിഹോമം ചെയ്തിട്ടാണ് വീട് പാര്‍പ്പ് നടത്തിയതെന്ന് വീമ്പിളക്കുകയാണ്. ഇത്തരം മധ്യവര്‍ഗപ്പൊങ്ങച്ചങ്ങളാണ് കേരളത്തെ മനുഷ്യനാവാന്‍ പ്രയാസവും ദൈവമാകാന്‍ താരതമ്യേന എളുപ്പവുമായ "'ദൈവത്തിന്റെ സ്വന്തം നാടാക്കി'യിരിക്കുന്നത് ".

ഇടത്തരക്കാരന്റെ മിഥ്യാഭിമാനങ്ങള്‍ക്കു നേരെ സ്വാമി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വായിച്ചു തലകുനിക്കാതെ വയ്യ.

എതിരന്‍ കതിരവന്‍ said...

ഇത് കമ്മ്യൂണിസം മാത്രം നേരിടുന്ന വെല്ലുവിളിയല്ല. കേരളസമൂഹം മുഴുവനുംനേരിടുന്നതാണ്. ചെറുപ്പക്കാര്‍ ഇതു മനസ്സിലാ‍ാക്കുന്നില്ലെന്നുള്ളതാണ് ഏറ്റവും പേറ്ടിപ്പെടുത്തുന്നത്. അന്ധവിശ്വാസത്തില്‍ മനസ്സുറപ്പിച്ച ഇവരെക്കാണുന്ന പ്രവാസിക്ക് സമാധാനമില്ല. അമേരിക്കയില്‍ ഉന്നതജോലിചെയ്യുന്ന മലയാളിപ്പയ്യന്‍ തന്റെ ശുദ്ധജാതകത്തിനു മാച് കിട്ടാതെ കല്യാണം കഴിക്കാതെ ഇരിക്കുന്നു. പലരുടേയും കയ്യിലോ അരയിലോ ഏലസ്സുണ്ട്.

ഞങ്ങളൊക്കെ നാട്ട്ടിലേക്കു പണമയച്ചു കൊടുക്കുന്നത് ഇവര്‍ക്ക് ഈ ഏലസ്സുകള്‍ വാങ്ങാനാണ്!

വിദ്യാര്‍ത്ഥി said...

ഗുരുദേവനില്‍ നിന്നു ജീവനകലയും അമ്മയില്‍ നിന്നു മന്ത്ര ദീക്ഷയും പിന്നെ സ്വാമി വിശ്വബോധാനന്ദ ശക്തിബോധി പറഞ മറ്റു പല കാര്യങ്ങളും വീന്ബിളക്കാന്‍ വേണ്ടി മാത്രമാണോ ചെയ്യുന്നതു്‌? അതൊക്കെ ചെയ്യുന്നവര്‍ വെറും  ജാഡക്കാര്‍ ആണെന്നല്ലെ ധ്വനി?

എല്ലാവരും അവരവരുടെ വിശ്വാസങ്ങളും ആയി ജീവിച്ചു പൊയ്ക്കോട്ടെ എന്നു വെച്ചാല്‍ എന്തു ദോഷം സ്വാമീ? എല്ലാവരും സ്വാമിയെപ്പൊലെ ബുദ്ധിജീവി ആയിരിക്കണം എന്നു ശഠിക്കണൊ?

എന്നു
ഗുരുദേവനേയും, അമ്മയേയും, ചൊറ്റാനിക്കര അമ്മയേയും പിന്നെ ഒരുപാടു ഒരുപാടു കൊച്ചു കൊച്ചു കാര്യങ്ങളിലും വിശ്വസിക്കുന്ന ഒരു സാധാരണക്കാരനായ മറുനാടന്‍ മലയാളി

Anonymous said...

പ്രിയ വിദ്യാര്‍ത്ഥി,
അതൊക്കെ ചെയ്യുന്നവരെയാണോ അതൊക്കെ ചെയ്തു എന്നു പറഞ്ഞുനടക്കുന്നവരെയാണോ സ്വാമി വിശ്വബോധാനന്ദ ശക്തിബോധി വിമര്‍ശിക്കുന്നത്? ഏത് വിശ്വാസവും മനസ്സില്‍ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാണെന്റെയും പക്ഷം.
സ്വാമി വിശ്വബോധാനന്ദ ശക്തിബോധിക്കും അദ്ദേഹത്തിന്റേതായ വിശ്വാസങ്ങളുണ്ടാവുമല്ലോ?

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ മലയാളിക്ക് നഷ്ടമായത് ആത്മവിശ്വാസമാണ്. എന്തെങ്ക്ലും ഒരു ചെറിയ പ്രശ്നം വരുമ്പോഴേക്കും അവന്‍ അസ്വസ്ഥനാകുന്നു. അവനു പിന്നെ അഭയം ആത്മീയതയാണ്. എത്ര ആള്‍ക്കാരാണ് മാതാ അമ്ര്‌താനന്ദമയുടെ മുന്നില്‍ പൊട്ടിക്കരയുന്നത്. എത്രയാള്‍ക്കാരാണ് വിവിധ ധ്യാനകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുന്നത്. അനുഭവ സാക്ഷ്യങ്ങളും അത്ഭുതങ്ങളുടെയുമൊക്കെ നിറം പിടിപ്പിച്ച കഥകളും ജനങ്ങളെ ഇങ്ങോട്ട് നയിക്കുന്നു.

പിന്നെ കമ്യൂനിസ്റ്റ്കാര്‍ ആത്മീയതയെക്കുറിച്ച് ഇരട്ടത്താപ്പ് തുടരുന്നിടത്തോളം കാലം ഇതൊക്കെ സംഭവിച്ച് കൊണേ ഇരിക്കും. ഇന്ന് പല അമ്പലക്കമ്മിറ്റികളും കമ്യൂനിസ്റ്റ് പാര്‍ട്ടി നിയന്ത്രണത്തിലാണ് എന്നത് രസകരമായ സത്യമല്ലേ. അവരെ കുറ്റപ്പെടുത്തിയതല്ല. അവര്‍ക്കും അങ്ങനെയേ ആകാന്‍ കഴിയൂ. കാരാണാം ഇരട്ടത്താപ്പാണ് മലയാളിയുടെ മുഖമുദ്ര.