Wednesday, September 26, 2007

കത്തുകള്‍ കഥ പറയുന്നു

ബഹുമാനപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് സുഗുണന്‍. ഭാര്യ സുജാത. ഇടത്തരം ഫാമിലിയാണ്. ദൈവം സഹായിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ, പരസ്പരസ്നേഹത്തോടെ കഴിഞ്ഞുപോകുന്നു. പക്ഷെ സാറെ, ഞങ്ങള്‍ക്ക് സ്വസ്ഥത തരാതിരിക്കാനായിട്ട് ഒരു കുടുംബം ലോകത്ത് അവതരിച്ചിട്ടുണ്ട് സാറെ. ഞങ്ങളുടെ മതിലിനപ്പുറത്തു താമസിക്കുന്ന രാഘവനും കുടുംബവും. എങ്ങനെയാണ് ഞങ്ങളുടെ സ്വസ്ഥത അവര്‍ നശിപ്പിക്കുന്നതെന്നുവച്ചാല്‍, അവര്‍ കഴിഞ്ഞയാഴ്ച ഒരു കാറെടുത്തു. അതോടെ ഞങ്ങളുടെ സന്തോഷം പോയി സാറെ. സത്യം പറഞ്ഞാല്‍ അന്നുരാത്രി ഞാനും സുജാതയും ജലപാനം കഴിച്ചിട്ടില്ല. രാഘവനും ഭാര്യ രമണിയുംകൂടി കാറില്‍പോകുന്ന ആ പോക്കുകണ്ടപ്പോള്‍ 'ഈശ്വരാ ഭൂമി പിളര്‍ന്ന് അങ്ങ് താഴോട്ട് പോയെങ്കില്‍' എന്നാണ് സുജാത പറഞ്ഞത്. അവര്‍ എന്തിനാണ് സാറെ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്. സത്യം പറഞ്ഞാല്‍ ആത്മഹത്യചെയ്താല്‍ കൊള്ളാമെന്നുണ്ട്. എത്രയും പെട്ടെന്ന് സാര്‍ ഒരു മറുപടി തന്ന് ഈ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

സുഗുണനും സുജാതയും


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

നിങ്ങളുടെ കത്തിന്റെ തുടക്കംമാത്രമേ ഞാന്‍ വായിച്ചുള്ളൂ. ബാക്കി താഴേക്ക് എഴുതിയിരിക്കുന്നത് എന്താണെന്ന് എനിക്ക് ബൈഹാര്‍ട്ടാണ്. ഇതേ മാതൃകയിലുള്ള ആയിരക്കണക്കിന് കത്തുകളാണ് എനിക്ക് നിത്യേന കിട്ടുന്നത്. സഹോദരാ, മനസ്സ് വിശാലമാക്കുക എന്നുള്ളതാണ് ഇതിനുള്ള ചികിത്സ. ഒരു പൂന്തോട്ടത്തില്‍ ഒരു ചെടി മാത്രമേ ഉള്ളൂവെങ്കില്‍ ആ പൂന്തോട്ടത്തിന് ഭംഗിയുണ്ടാകുമോ? പൂന്തോട്ടം പൂന്തോട്ടമാകുമോ? ഭൂമിയില്‍ നമ്മള്‍ മാത്രം നന്നായി ജീവിച്ചാല്‍ പോരാ എന്ന് ചിന്തിക്കുക.

സ്നേഹത്തോടെ,

മനഃശാസ്ത്രജ്ഞന്‍


ബഹുമാനപ്പെട്ട സാറെ,

സാറിന്റെ മറുപടി കിട്ടി. സാറ് പറഞ്ഞതുപോലെ മനസ്സ് വിശാലമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രാഘവനും രമണിയും കാറില്‍പോകുന്നതു കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കുകയും അവരെ നോക്കി ചിരിച്ചുകാണിക്കുകയും ചെയ്തു. പക്ഷെ സാറെ, ചിരി മുഖത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ച് കരയുകയായിരുന്നു. അവര്‍ ഞങ്ങളുടെ സമീപത്തെത്തിയപ്പോള്‍ മനഃപൂര്‍വം കാറ് ഒന്ന് സ്ളോചെയ്യുകയും "വരുന്നോ, ഒന്നു കറങ്ങീട്ടുവരാം'' എന്നുപറഞ്ഞ് ക്ഷണിക്കുകയും ചെയ്തു. അതു സഹിക്കാന്‍ പറ്റിയില്ല സാറെ. പോട്ടെ. സാറ് പറഞ്ഞതുപോലെ തോട്ടത്തില്‍ ഒരു ചെടി മാത്രം പോരല്ലോ. നിയന്ത്രിച്ചു. പക്ഷെ സാറെ, ഇന്നു രാവിലെ ഒരു ന്യൂസറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അതാണ് കത്തെഴുതി സാറിനെ വീണ്ടും ശല്യപ്പെടുത്തുന്നത്. സാറെ, രാഘവന്റേം രമണീടേം മൂത്തമകള്‍ക്ക് കല്യാണം. ഒരു ഗംഭീര പ്രൊപ്പോസല്‍ സാറെ. വരന്‍ ബാങ്ക് ഓഫീസര്‍.
വരന്റെ ഫാമിലിക്ക് കോടികളുടെ ആസ്തി. സഹിക്കണില്ല സാറെ. സുജാത ചോദിച്ചതുപോലെ ഇതൊക്കെ കാണാനും കേള്‍ക്കാനും ഇട്ടേയ്ക്കാതെ ഞങ്ങളെ അങ്ങോട്ട് കെട്ടിയെടുക്കാത്തതെന്ത്? മനസ്സില്‍ ആകെ ഒരു വേവലാതി. രാഘവന്റെ മകളെ കല്യാണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഊമക്കത്തെഴുതുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നു. സാറെ ഉടന്‍ മറുപടിതരണം. ഈശ്വരാ മനസ്സില്‍ ആകെ ഒരു എരിച്ചില്‍. ഭക്ഷണത്തോട് വിരക്തി. ഉറക്കമില്ല. ആകെ മന്ദത.

വിശ്വസ്തതയോടെ,

സുഗുണന്‍ കൂടെ സുജാതയും


പ്രിയ സുഗുണന്‍ സുജാതമാരെ,

ഇനിയിപ്പോള്‍ ഞാന്‍ നോക്കിയിട്ട് ഒരു മാര്‍ഗമേ കാണുന്നുള്ളൂ. നിങ്ങള്‍ കാശു കടം വാങ്ങിയോ ലോണെടുത്തോ കുറച്ച് വസ്തുവോ മറ്റോ വാങ്ങുക. വസ്തുവിന്റെ പ്രമാണം അയല്‍വക്കത്തെ രാഘവനെയും രമണിയെയും കാണിക്കുക. ഇതൊരു ചികിത്സാരീതിയാണ്. ഉപേക്ഷ വിചാരിക്കരുത്.

വിശ്വസ്തതയോടെ,

മനഃശാസ്ത്രജ്ഞന്‍


മനഃശാസ്ത്രജ്ഞന്‍ സാറെ,

സാറ് പറഞ്ഞതുപോലെ വസ്തു വാങ്ങി. ബാങ്കില്‍നിന്ന് ലോണ്‍ എടുത്തു. അഞ്ചേക്കര്‍ റബര്‍. കയ്യേറ്റഭൂമിയാണോ എന്തോ. എന്തായാലും സാരമില്ല, സാറ് നിര്‍ദേശിച്ച ചികിത്സാവിധിയല്ലേ. ഇന്നുരാവിലെയായിരുന്നു രജിസ്ട്രേഷന്‍. അതുകഴിഞ്ഞുവന്ന് ഉടനെ സാറിന് കത്തെഴുതുകയാണ്. ഇതു പോസ്റ്റുചെയ്തിട്ടുവേണം സാറ് പറഞ്ഞതുപോലെ പ്രമാണം രാഘവനേം രമണിയേം കൊണ്ടുകാണിയ്ക്കാന്‍. പക്ഷെ സാറെ അതുകൊണ്ട് എന്റെ മനസ്സിന് ആനന്ദമുണ്ടാകുമോ? സ്വസ്ഥതകിട്ടുമോ. സാറിനെ വിശ്വസിച്ചാണ് ഞങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുന്നത്.

വിശ്വസ്തതയോടെ,

സുഗുണന്‍, സുജാത


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

ഞാന്‍‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചതില്‍ സന്തോഷം. ഇന്നുമുതല്‍ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടിത്തുടങ്ങും. കാരണമെന്താണെന്നല്ലേ. ഇതോടൊപ്പം അടക്കംചെയ്ത മറ്റൊരു കത്ത് നിങ്ങള്‍ വായിക്കുക. നിങ്ങളുടെ അയല്‍ക്കാരായ രാഘവന്‍ രമണിമാര്‍ എനിക്കെഴുതിയത്.

പ്രിയപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് രാഘവന്‍. ഭാര്യ രമണി. വളരെ സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ സാറെ, സ്വസ്ഥതയും സമാധാനവും പോയി. ഉറക്കമില്ല. ആകെ അസ്വസ്ഥത. എന്റെ അയല്‍ക്കാരായ സുഗുണനും സുജാതയുമാണ് ഞങ്ങളുടെ സ്വസ്ഥതകെടുത്തിയത്. അവര്‍ അഞ്ചേക്കര്‍ റബര്‍ എസ്റ്റേറ്റ് വാങ്ങി സാറെ. അതറിഞ്ഞതുമുതല്‍ ഉണ്ണണമെന്നോ ഉറങ്ങണമെന്നോ ഇല്ല. ഈശ്വരാ. പ്രമാണംകൊണ്ട് എന്നെ കാണിച്ചു. ഭൂമി പിളര്‍ന്ന് താഴേക്കുപോയെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. എത്രയുംപെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു ആശ്വാസമറുപടി തരണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

രാഘവന്‍, രമണി

(കഥാന്ത്യം: ഈ കത്ത് വായിച്ചതോടെ സുഗുണന്‍ സുജാതമാര്‍ക്ക് മനസ്സില്‍ ആഹ്ളാദത്തിന്റെ വേലിയേറ്റമുണ്ടാവുകയും അന്നു വൈകുന്നേരം പിള്ളേരുമൊത്ത് സിനിമയ്ക്കുപോവുകയും പുറത്തുനിന്ന് ആഹാരം കഴിക്കുകയുംചെയ്തു. ചുറ്റുമുള്ള വൃക്ഷലതാദികള്‍ക്ക് പതിവിലും കൂടുതല്‍ സൌന്ദര്യം വര്‍ധിച്ചതായി അവര്‍ക്ക് തോന്നി. നമ്മുടെ നേട്ടം കാരണം അയല്‍ക്കാരന് മനസ്താപം വരുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥ സന്തോഷമെന്ന് സുഗുണന്‍ സുജാതമാര്‍ തിരിച്ചറിഞ്ഞു. പക്ഷെ തിരിച്ചറിവ് താല്‍ക്കാലികമായിരിക്കാനാണ് സാധ്യത. രാഘവന്‍ രമണിമാര്‍ പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്)

(കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ (സെപ്റ്റംബര്‍ 25) പ്രസിദ്ധീകരിച്ച ശ്രീ. കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീ.കൃഷ്ണ പൂജപ്പുര എഴുതിയ നര്‍മ്മഭാവന. ചില യാഥാര്‍ത്ഥ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള രസമുള്ള കത്തുകളും മറുപടികളും.

Shaf said...

മലയാളികളെ മാത്രം ഉദ്ദേശിച്ചാണെങിലും നന്നായി..