Sunday, October 16, 2011

വാള്‍സ്ട്രീറ്റ് പിടിച്ചെടുത്ത പത്രം

സുക്കോട്ടി പാര്‍ക്കിലെത്തി ലൂയിസ് ഒര്‍ട്ടേഗ അവിടെ നടക്കുന്ന സമരത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭകരുടെ കേന്ദ്രമാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള സുക്കോട്ടി പാര്‍ക്ക്. എന്നാല്‍ , മെക്സിക്കന്‍ കുടിയേറ്റക്കാരനായ ഒര്‍ട്ടേഗയ്ക്ക് അമേരിക്കന്‍ ഇംഗ്ലീഷ് മനസ്സിലാക്കുന്നത് ബുദ്ധിമുട്ടായി. അപ്പോഴാണ് ഒരു ടാക്സി കാറില്‍ "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ" കോപ്പികള്‍ പാര്‍ക്കില്‍ കൊണ്ടുവന്നത്. ഇംഗ്ലീഷിനൊപ്പം സ്പാനിഷിലും ആ പത്രം പ്രസിദ്ധീകരിച്ചിരുന്നു. സ്പാനിഷിലുള്ള പത്രം വായിച്ചതോടെ ഒര്‍ട്ടേഗയുടെ സംശയങ്ങള്‍ നീങ്ങി. "ജനങ്ങളെ സംഘടിപ്പിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കണം"- ഒര്‍ട്ടേഗ പറയുന്നു. "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും ഇതുതന്നെ. പ്രക്ഷോഭത്തിന്റെ സന്ദേശം കൃത്യമായി ജനങ്ങളില്‍ എത്തിക്കുക. മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുക.

സെപ്തംബര്‍ 17നാണ് സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. അമേരിക്കയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാക്കിയ സാമ്പത്തികനയങ്ങള്‍ക്കെതിരായും, അതിസമ്പന്നര്‍ക്ക് നികുതി ചുമത്താനുള്ള ബില്ലിനെ വാള്‍സ്ട്രീറ്റ് മേധാവികള്‍ എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് പ്രക്ഷോഭം. കോര്‍പറേറ്റുകളുടെ ആര്‍ത്തിയാണ് രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയതെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം അമേരിക്കയിലെ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ , ഈ ജനമുന്നേറ്റം കരുത്താര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ നടക്കുന്ന ഈ ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വാര്‍ത്ത നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന ഗൗരവതരമായ സാമൂഹ്യ-രാഷ്ട്രീയപ്രശ്നങ്ങള്‍ ജനങ്ങളില്‍ എത്തുകയില്ലെന്ന സ്ഥിതിയായിരുന്നു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്. തുടക്കം ലളിതമായിരുന്നു. നാല് പേജ് പത്രം. ഏകദേശം 50,000 കോപ്പി അച്ചടിച്ച് സൗജന്യമായാണ് വിതരണംചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ കോപ്പികള്‍ തീര്‍ന്നു. 20,000 കോപ്പികൂടി അന്നുതന്നെ അച്ചടിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോപ്പികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഓണ്‍ലൈന്‍ പത്രവുമുണ്ട്. ഇതില്‍ പ്രക്ഷോഭത്തിന്റെ വീഡിയോക്ലിപ്പിങ്ങുകളും ചേര്‍ക്കുന്നു.

പന്ത്രണ്ടംഗ സംഘമാണ് പത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അസോസിയേറ്റഡ് പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മൈക്കിള്‍ ലെവിറ്റിനാണ് മാനേജിങ് എഡിറ്റര്‍ . കൊളംബിയ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ മുപ്പത്തഞ്ചുകാരനായ ലെവിറ്റിന്‍ ന്യൂസ് വീക്ക്, ലൊസാഞ്ചലസ് ടൈംസ്, ഡെയ്ലി ടെലിഗ്രാഫ് എന്നിവയുടെ ബര്‍ലിന്‍ ലേഖകനായും സാന്‍ ഫ്രാന്‍സിസ്കോ പബ്ലിക് പ്രസിന്റെ ന്യൂസ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങളുടെ കാപട്യം തിരിച്ചറിഞ്ഞശേഷം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി മാറി. അമേരിക്കന്‍ജനത നേരിടുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തികപ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള പത്രപ്രവര്‍ത്തകനാണ് ലെവിറ്റിന്‍ . ബൊളീവിയയില്‍ 2000ല്‍ നടന്ന ജലപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിനമേരിക്കയില്‍ ഉടനീളവും ഇന്ത്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന "ദി ഇന്‍ഡിപെന്‍ഡന്റിന്റെ" സ്ഥാപക എഡിറ്റര്‍ അരുണ്‍ ഗുപ്തയും "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പത്രാധിപസമിതിയിലുണ്ട്. ഗുപ്ത ഇന്ത്യന്‍വംശജനാണ്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജെഡ് ബ്രാന്‍ഡ്താണ് പത്രം രൂപകല്‍പ്പന ചെയ്യുന്നത്. "ക്വിക്സ്റ്റാര്‍ട്ടര്‍ ഡോട്ട്കോം" എന്ന വെബ്സൈറ്റ് വഴിയാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ പണം ശേഖരിക്കുന്നത്. ഹോളിവുഡിലെ അതുല്യ പ്രതിഭ മൈക്കള്‍ മൂര്‍ , "നോ ലോഗോ" എന്ന വിഖ്യാത കോര്‍പറേറ്റ്വിരുദ്ധ ഗ്രന്ഥത്തിന്റെ രചയിതാവ് നവോമി ക്ലെയന്‍ , നടന്‍ ആന്‍ഡി ബിക്കള്‍ബാം തുടങ്ങിയവര്‍ ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. മൈക്കള്‍ മൂര്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ വിജയിപ്പിക്കാന്‍ ഏറെ യത്നിച്ചിരുന്നു. ഒബാമ തന്നെ നിരാശപ്പെടുത്തിയെന്നാണ് പിന്നീട് മൂര്‍ പരസ്യമായി പ്രഖ്യാപിച്ചത്.

ആഗോളകുത്തകകള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ മാധ്യമമേഖലയില്‍ "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" മുന്നേറ്റം ആവേശകരമാണ്. സിഎന്‍ബിസിയും സ്റ്റാര്‍ ന്യൂസും ഫോക്സ് ന്യൂസും എബിസി ചാനലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് അമേരിക്കയിലെ സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മാന്‍ഹാട്ടനിലെ ദൗത്യം വിജയിച്ചതോടെ വാഷിങ്ടണിലും പത്രത്തിന്റെ പതിപ്പ് ഇറക്കി. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ കോളനികളില്‍ സ്പാനിഷ് പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ലെവിറ്റിന്‍ പറയുന്നു. വംശത്തിനും വര്‍ണത്തിനും അതീതമായ പ്രശ്നങ്ങളാണ് പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്നതെങ്കിലും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനാണ് പത്രത്തിന്റെ ചുമതലക്കാര്‍ ശ്രമിക്കുന്നത്. പത്രത്തിന് നല്‍കിയ പേരുതന്നെ പ്രതീകാത്മകമാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്റെ അനൗദ്യോഗിക ജിഹ്വയാണ് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള "ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍". കോര്‍പറേറ്റ് ആര്‍ത്തിക്കും ഇതിന് ഒത്താശചെയ്യുന്ന വാള്‍ സ്ട്രീറ്റിന്റെ കുറ്റകൃത്യങ്ങള്‍ക്കും എതിരായ പ്രക്ഷോഭത്തിന്റെ പ്രചാരണമാധ്യമമെന്ന നിലയില്‍ ഈ സംരഭത്തിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പേരിട്ടത് അണിയറപ്രവര്‍ത്തകരുടെ ആശയവ്യക്തത വിളിച്ചറിയിക്കുന്നു. ഈ പേര് കൗതുകത്തിനുവേണ്ടി നല്‍കിയതല്ലെന്നും സ്വാഭാവികമായിത്തന്നെ മനസ്സില്‍ ഉദിച്ചതാണെന്നും പത്രാധിപരില്‍ ഒരാളായ അരുണ്‍ ഗുപ്ത പറയുന്നു. ആദ്യ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: "മുതലാളിത്തത്തിന്റെ ഭദ്രാസനത്തെ രണ്ടാഴ്ചയായി ദരിദ്രജനങ്ങള്‍ സാമ്പത്തികപ്രഭുക്കളില്‍നിന്നും അവരുടെ കിങ്കരന്മാരായ പൊലീസില്‍നിന്നും പിടിച്ചെടുത്തിരിക്കുന്നു". "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" വിജയത്തില്‍ ആവേശംകൊണ്ട് പ്രക്ഷോഭകര്‍ പറയുന്നു: "പത്രം മരിക്കുമെന്നൊക്കെ ചിലര്‍ പറയുന്നു. എന്നാല്‍ , മഷിയും എഴുത്തും ഒരിക്കലും അവസാനിക്കില്ല. വെബ്സൈറ്റുകള്‍ വന്നുപോകും. അതേസമയം, ജനങ്ങളുടെ പത്രത്തിന്റെ ശക്തി മറ്റൊന്നിനുമില്ല. നൂറു വര്‍ഷം കൂടിയെങ്കിലും പത്രത്തിന്റെ സ്വാധീനം ഇന്നത്തെ നിലയില്‍ തുടരും". അമേരിക്കയിലെ 99 ശതമാനം ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പ്രസിദ്ധീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍ . തല്‍ക്കാലം സൗജന്യമായി വിതരണംചെയ്യുന്ന പത്രത്തിന്റെ പ്രസിദ്ധീകരണം നിലനിര്‍ത്താന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പത്രത്തിനെതിരെ സംഘടിതമായ ആക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അതീവരഹസ്യമായാണ് അണിയറനീക്കങ്ങള്‍ . ആഗോളമാധ്യമങ്ങള്‍ പ്രക്ഷോഭത്തിന് ആദ്യം ഒട്ടുംതന്നെ ചെവികൊടുത്തില്ല. സെപ്തംബര്‍ അവസാനവാരം മൊത്തം വാര്‍ത്താ കവറേജിന്റെ രണ്ടു ശതമാനം മാത്രമായിരുന്നു സമരത്തിന് നല്‍കിയത്. ഒക്ടോബര്‍ ആദ്യമായപ്പോള്‍ ഇത് ഏഴു ശതമാനമായി. ഇവിടെയും ബദല്‍മാധ്യമങ്ങളുടെ സ്വാധീനമുണ്ട്. വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കുത്തകമാധ്യമങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയാതെയായി.

*****

സാജന്‍ എവുജിന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...