Thursday, October 20, 2011

കഥാകാരന്‍ യാത്രയായി; "മഴനിഴല്‍" വെള്ളിത്തിരയില്‍ എത്തുംമുമ്പേ

ഭ്രാന്ത് പിടിച്ചിരുന്ന് എഴുതിയതാണ്. വായിക്കുന്നവര്‍ക്കും ഭ്രാന്ത് പിടിക്കും... "മഴനിഴല്‍ പ്രദേശം" എന്ന ലഘുനോവല്‍ സിനിമയാക്കാനെത്തിയ ഷെന്‍ലയോടും പി ജെ ഉണ്ണിക്കൃഷ്ണനോടും കാക്കനാടന്‍ പറഞ്ഞു. എങ്കിലും കാക്കനാടന്റെ സര്‍ഗാത്മകതയുടെ ഭ്രാന്തിനെ സിനിമയാക്കാന്‍ തന്നെ നവാഗത സംവിധായകനായ ഷെന്‍ലെ ഉറപ്പിച്ചു. നാടകകൃത്തും സംവിധായകനുമായ പി ജെ ഉണ്ണിക്കൃഷ്ണന്‍ സിനിമയുടെ തിരക്കഥയും പൂര്‍ത്തിയാക്കി. രോഗങ്ങളുടെ അസ്വസ്ഥതകള്‍ക്കിടയിലും കാക്കനാടന്‍ തിരക്കഥ കേട്ട് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി. മരുന്നിന്റെ വീര്യത്തില്‍ ഇടയ്ക്ക് ഉറങ്ങിപ്പോകുമെന്ന് കഥാകാരന്‍ മുന്‍കൂര്‍ അറിയിച്ചിരുന്നെങ്കിലും തിരക്കഥ വായിച്ചുകേട്ട പൂര്‍ണസമയവും കാക്കനാടന്‍ ഉന്മേഷവാനായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന്‍ ഓര്‍ക്കുന്നു.

സാധാരണ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതെല്ലാം യാഥാര്‍ഥ്യമാകില്ല, ഒരു സ്വപ്നം മാത്രമായിരിക്കും എന്ന വിചിത്രമായ ഒരു ഫാന്റസി മൂഡിലാണ് നോവലും തിരക്കഥയും പുരോഗമിക്കുന്നത്. മനുഷ്യബന്ധങ്ങളെ വിശിഷ്യാ സ്ത്രീപുരുഷബന്ധങ്ങളെ ആഴത്തില്‍ പരാമര്‍ശിക്കുന്നതാണ് നോവല്‍ . ഒരു മനഃശാസ്ത്രജ്ഞനെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന ജേര്‍ണലിസ്റ്റിലൂടെയും സുഹൃത്തായ യുവതിയിലൂടെയുമാണ് പ്രമേയം വികസിക്കുന്നത്. നസറുദീന്‍ഷാ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് ജനുവരിയില്‍ തുടങ്ങും. പറങ്കിമല, അടിയറവ്, ഓണപ്പുടവ, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്നീ നോവലുകള്‍ക്കുശേഷം ചലച്ചിത്രമാക്കുന്ന കാക്കനാടന്റെ കൃതിയാണ് മഴനിഴല്‍പ്രദേശം. ഈ പുസ്തകത്തിന്റെ പുതിയ പതിപ്പ് ആര്‍ട്ടിസ്റ്റ് യു എം ബിന്നി ഡിസൈന്‍ ചെയ്ത കവറോടെ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. എന്നാല്‍ , ഇത് ബേബിച്ചായനെ കാണിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തിലാണ് പ്രസാധകനായ ആശ്രാമം ഭാസി.
(കെ ബി ജോയി)

സിനിമയിലെ ബേബിച്ചായന്‍ ഇനി മനസ്സിലെ സ്വപ്നം

തീക്ഷ്ണമായ അനുഭവങ്ങളുടെ ഉഷ്ണമേഖലയിലൂടെ സഞ്ചരിച്ച ബേബിച്ചായന്‍ ജീവിതത്തിന്റെ "പുറത്തേക്കുള്ള വഴി"യിലേക്ക് ചെറുപുഞ്ചിരിയോടെ കടന്നുപോയി. കാക്കനാടനില്ലാതെ ആ സിനിമയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് നനഞ്ഞ കണ്ണുകളോടെ ടി വി ചന്ദ്രന്‍ പറഞ്ഞു. കാക്കനാടന്റെ ജീവിതവും കഥകളിലെ കഥാപാത്രങ്ങളും കഥാപരിസരവുമൊക്കെ പശ്ചാത്തലമാക്കിയ സിനിമയുടെ അവസാനവട്ട പണിപ്പുരയിലായിരുന്നു ആത്മസുഹൃത്ത് കൂടിയായ ടി വി ചന്ദ്രന്‍ . "പുറത്തേക്കുള്ള വഴി" എന്നാണ് സിനിമയ്ക്ക് പേരിട്ടത്. "ബേബിച്ചായന്‍ എന്നന്നേക്കുമായി യാത്ര പറഞ്ഞുപോയതോടെ സിനിമ തന്നെ അപ്രസക്തമായി"- പ്രിയ സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ടി വി ചന്ദ്രന്റെ വാക്കുകള്‍ ഇടറി.

വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ആത്മബന്ധമാണ് ടി വി ചന്ദ്രന് കാക്കനാടനുമായുള്ളത്. സംവിധായകനായ പവിത്രനൊപ്പം കാക്കനാടന്റെ തേവള്ളിയിലെ കായലോരത്തെ പഴയ വീട്ടില്‍ ഒത്തുകൂടല്‍ പതിവായിരുന്നു. സഹോദരന്മാരായ രാജനും തമ്പിയും ഇഗ്നേഷ്യസുമൊക്കെയായി നേരം പുലരുവോളം സംസാരിച്ചിരിക്കും. സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാവിഷയമാകും. "ഒറോത" സിനിമയാക്കണമെന്ന മോഹം ബാക്കിയാക്കി പവിത്രന്‍ പോയി. ഇപ്പോള്‍ ടി വി ചന്ദ്രന്റെ എന്നത്തെയും വലിയ സ്വപ്നം സഫലമാക്കാതെ കാക്കനാടനും. തന്റെ എല്ലാ സിനിമകളുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു കാക്കനാടനെന്ന് ടി വി ചന്ദ്രന്‍ പറഞ്ഞു. എല്ലാ സിനിമയും ആദ്യ ദിനത്തില്‍തന്നെ കാണാന്‍ ബേബിച്ചായനുണ്ടാകും. "പൊന്തന്‍മാട" കണ്ടിട്ട് അടൂരിനെ അഭിസംബാധനചെയ്ത് വാരികയില്‍ ലേഖനമെഴുതി. ആ വര്‍ഷത്തെ മികച്ച സിനിമ അതുതന്നെയെന്നായിരുന്നു ഉള്ളടക്കം. സിനിമയില്‍ ഏറ്റവും ധൈര്യം പകര്‍ന്ന പ്രേക്ഷകനായിരുന്നു കാക്കനാടനെന്നും ടി വി ചന്ദ്രന്‍ പറഞ്ഞു. നല്ലതാണെങ്കില്‍ തുറന്ന മനസ്സോടെ അഭിനന്ദിക്കും. ഏതുനേരവും കാക്കനാടന്റെ വീടിന്റെ വാതിലുകള്‍ സുഹൃത്തുക്കള്‍ക്കായി തുറന്നുകിടക്കുമായിരുന്നു. ബേബിച്ചായന്റെ വാസ സ്ഥലം മറ്റുള്ളവരുടെ ഇടം കൂടിയാണ്.
(സനല്‍ ഡി പ്രേം)

ബേബിച്ചായന്റെ നിഴലായി എന്നും അമ്മിണി

വീട്ടില്‍ അതിഥികളെത്തിയാല്‍ അവരെ സ്വീകരിക്കുന്നതിനൊപ്പം കാക്കനാടന്‍ നീട്ടിവിളിക്കും അമ്മിണിയേ... കൊടുങ്കാറ്റിനെയും പേമാരിയെയും എല്ലാം അക്ഷരങ്ങളില്‍ ആവാഹിച്ച കാക്കനാടന്റെ ജീവിതത്തിലെ ശക്തിസ്രോതസ്സാണ് ഭാര്യ അമ്മിണി. നിത്യവും തുടര്‍ന്ന യാത്രകളിലും വാടകവീടുകളില്‍ മാറി മാറി താമസിക്കുമ്പോഴും പ്രശസ്തിയിലും പ്രതിസന്ധികളിലും എപ്പോഴും ഒപ്പമുണ്ടായിരുന്ന അമ്മിണിയെ ഏകയാക്കിയാണ് കാക്കനാടന്‍ വിടപറഞ്ഞത്. കാക്കനാടന്റെ വീട്ടില്‍ കയറിവരുന്ന പുരോഗമനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും സാഹിത്യ ആസ്വാദകര്‍ക്കും എന്നും അഭയമാണ് കാക്കനാടന്റെ ഭാര്യ അമ്മിണി. മക്കള്‍ക്ക് അരവയര്‍ ചോറൂട്ടി ബാക്കി ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ്റുകാര്‍ക്കായി നീക്കിവച്ചിരുന്ന അമ്മ റോസമ്മ കാക്കനാടന് എന്നും ആവേശമായിരുന്നു. അമ്മ അച്ഛന്റെ മനസ്സറിഞ്ഞ് ഒപ്പംനിന്നതുപോലെ കാക്കനാടന് എന്നും കരുത്തുപകര്‍ന്നത് ഭാര്യ അമ്മിണിയായിരുന്നു.

അച്ഛന്റെ കാലത്ത് മൈലത്ത് കുന്നിന്‍മുകളിലെ വീട് എം എന്‍ ഗോവിന്ദന്‍നായര്‍ , ടി വി തോമസ്, പി ടി പുന്നൂസ്, പി കെ വി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ നിത്യസന്ദര്‍ശനകേന്ദ്രമായിരുന്നെങ്കില്‍ ഡല്‍ഹിയില്‍നിന്ന് മടങ്ങി കാക്കനാടന്‍ ആദ്യം താമസിച്ച കടപ്പാക്കടയിലെയും തുടര്‍ന്ന് തേവള്ളിയിലെയും ഇരവിപുരത്തെയും വീടുകള്‍ സാഹിത്യകാരന്മാരുടെയും പുരോഗമനപ്രവര്‍ത്തകരുടെയും തീര്‍ഥാടനകേന്ദ്രമായി മാറി. എം ടി വാസുദേവന്‍നായര്‍ , എം മുകുന്ദന്‍ , ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി വിനയചന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ ഇവിടത്തെ നിത്യസന്ദര്‍ശകരായി. കാക്കനാടന്‍ കൊല്ലത്ത് താമസം തുടങ്ങി ആദ്യത്തെ ഒരു ദശാബ്ദം ഭാര്യയുടെ അതിശക്തമായ മനസ്സും അപൂര്‍വത നിറഞ്ഞ വ്യക്തിത്വവും കൊണ്ടാണ് കാലത്തെ അതിജീവിച്ചത്. രാത്രിമഴയും പൂതപ്പാട്ടും രാവണപുത്രിയും കുറത്തിയും രാത്രികളെ വര്‍ണാഭമായ പകലുകളാക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെ ആതിഥേയത്വം വഹിക്കാന്‍ അമ്മിണിയും ഉണ്ടായിരുന്നു. കാക്കനാടന്‍ വിടപറഞ്ഞതോടെ ഇരവിപുരത്തെ അര്‍ച്ചനയില്‍ അമ്മിണി ഏകയായി.

അപൂര്‍ണമായി "ക്ഷത്രിയന്‍"

"ക്ഷത്രിയന്‍" പൂര്‍ത്തിയായാല്‍ ഞാന്‍ മരിക്കും..." വായനക്കാരില്‍ ഒത്തിരി ആകാംക്ഷയും ആശങ്കയും ഉണര്‍ത്തി കാക്കനാടന്റെ ഇനിയും പൂര്‍ത്തീകരിക്കാത്ത കൃതിയായി ക്ഷത്രിയന്‍ അവശേഷിക്കുന്നു. "ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ട്. മനസ്സിലുള്ളതിന്റെ പത്തിലൊന്നുപോലും ഇതുവരെ എഴുതാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ എഴുതാനായി ഒരു നോവല്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. ക്ഷത്രിയന്‍ . ഒരു കുഴപ്പമേയുള്ളൂ. അതെഴുതിക്കഴിഞ്ഞാല്‍ ഞാന്‍ മരിക്കും" എന്നാണ് പൂര്‍ത്തിയാകാത്ത കൃതിയെക്കുറിച്ച് കാക്കനാടന്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുള്ളത്.

കാക്കനാട്ട് രാജവംശത്തില്‍ പിറന്ന കാക്കനാടന്മാരുടെ കഥയാണെന്നും കഥ എം ടിയോട് പറഞ്ഞിട്ടുണ്ടെന്നും മാത്രമാണ് കൃതിയെക്കുറിച്ച് പുറത്തു പറഞ്ഞിട്ടുള്ളത്. ഇതുവരെ ഏഴ് അധ്യായങ്ങള്‍ പൂര്‍ത്തിയായതായാണ് അറിവ്. കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, കുടുംബചരിത്രം നല്‍കിയിട്ടുള്ള സൂചനകള്‍ അനുസരിച്ച് തന്റെ തായ്വേരിനെക്കുറിച്ച് മനസ്സില്‍ ഉറച്ചുനില്‍ക്കുന്ന ചില സംഗതികളുടെ അടിസ്ഥാനത്തില്‍ ഒരു യാത്ര... ഒരു മടക്കയാത്ര. കാലത്തിലൂടെ, സാമൂഹ്യവ്യവസ്ഥകളിലൂടെ, ദാര്‍ശനിക പ്രശ്നങ്ങളിലൂടെ സ്വന്തം നാട്ടിലേക്ക് ഒരു തീര്‍ഥയാത്ര പോയിട്ട് എല്ലാം വിശദമായി പറയാം. അതുവരെ ക്ഷമിക്കുക എന്ന് സുഹൃത്തുക്കളോടും ആസ്വാദകരോടും പറഞ്ഞിട്ടാണ് കാക്കനാടന്‍ പോയത്.

കാക്കനാടന്‍ പ്രതിലോമ ആശയങ്ങള്‍ക്കെതിരായ സന്ദേശവാഹകന്‍ : പിണറായി

മലയാളഭാഷയ്ക്കും കലാസാഹിത്യത്തിനും വഴിത്തിരിവായ കൃതികള്‍ സമ്മാനിച്ച വലിയ സാഹിത്യകാരനായിരുന്നു കാക്കനാടനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. യാഥാസ്ഥിതിക ക്രൈസ്തവകുടുംബമായിരുന്നെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെയും ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെയും കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് സഹകരിച്ച ക്രൈസ്തവ ഉപദേശിയുടെ മകനായി പിറന്ന കാക്കനാടന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള മമത എക്കാലവും നിലനിര്‍ത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് സ്നേഹപൂര്‍വമായും എന്നാല്‍ വിമര്‍ശനാത്മകമായും അദ്ദേഹം സഹകരിച്ചു. ഈ നിലപാട് അദ്ദേഹത്തിന്റെ നിരവധി സാഹിത്യകൃതികളിലും പ്രകടമായിരുന്നു. ഇടതുപക്ഷപ്രസ്ഥാനം നേരിട്ട വെല്ലുവിളികളെ ചെറുക്കാന്‍ എല്ലാ ഘട്ടങ്ങളിലും സാംസ്കാരികരംഗത്ത് അദ്ദേഹം തയ്യാറായി. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള കാളിയമര്‍ദനമെന്ന കഥ ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. മനുഷ്യച്ചങ്ങല ഉള്‍പ്പെടെയുള്ള സമരമുഖങ്ങളിലും കാക്കനാടന്‍ തന്റെ സാന്നിധ്യംകൊണ്ട് പ്രതിലോമ ആശയങ്ങള്‍ക്കെതിരായ സന്ദേശവാഹകനായി. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കാക്കനാടന്റെ കരുത്തുറ്റ തൂലിക മലയാളത്തിന് സമ്മാനിച്ചു. കാക്കനാടനുമായി നേരിട്ടും അല്ലാതെയും സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി അനുസ്മരിച്ചു.

പുരോഗമന പ്രസ്ഥാനത്തിന് തീരാനഷ്ടം: ഗുരുദാസന്‍

കാക്കനാടന്റെ വിയോഗം പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതാവസാനംവരെ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ കഥാകാരനായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കാക്കനാടന്‍ ഇടതുപക്ഷ പൂരോഗമന തൊഴിലാളി പ്രസ്ഥാനങ്ങളോട് എന്നും അനുഭാവം പുലര്‍ത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എല്ലാക്കാലത്തും പിന്തുണച്ച ഉത്തമനായ മനുഷ്യസ്നേഹിയായിരുന്നു കാക്കനാടനെന്ന് ഗുരുദാസന്‍ പറഞ്ഞു.

ഡിവൈഎഫ്ഐ അനുശോചിച്ചു

ആധുനിക മലയാളസാഹിത്യത്തിന് പൊള്ളുന്ന വായനാനുഭവങ്ങള്‍ സമ്മാനിച്ച കാക്കനാടന്റെ വേര്‍പാട് ഭാഷയ്ക്കും കേരളീയ സംസ്കാരത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അഡ്വ. ജി മുരളീധരന്‍ റീത്ത് സമര്‍പ്പിച്ചു.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭ്രാന്ത് പിടിച്ചിരുന്ന് എഴുതിയതാണ്. വായിക്കുന്നവര്‍ക്കും ഭ്രാന്ത് പിടിക്കും... "മഴനിഴല്‍ പ്രദേശം" എന്ന ലഘുനോവല്‍ സിനിമയാക്കാനെത്തിയ ഷെന്‍ലയോടും പി ജെ ഉണ്ണിക്കൃഷ്ണനോടും കാക്കനാടന്‍ പറഞ്ഞു. എങ്കിലും കാക്കനാടന്റെ സര്‍ഗാത്മകതയുടെ ഭ്രാന്തിനെ സിനിമയാക്കാന്‍ തന്നെ നവാഗത സംവിധായകനായ ഷെന്‍ലെ ഉറപ്പിച്ചു. നാടകകൃത്തും സംവിധായകനുമായ പി ജെ ഉണ്ണിക്കൃഷ്ണന്‍ സിനിമയുടെ തിരക്കഥയും പൂര്‍ത്തിയാക്കി. രോഗങ്ങളുടെ അസ്വസ്ഥതകള്‍ക്കിടയിലും കാക്കനാടന്‍ തിരക്കഥ കേട്ട് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി. മരുന്നിന്റെ വീര്യത്തില്‍ ഇടയ്ക്ക് ഉറങ്ങിപ്പോകുമെന്ന് കഥാകാരന്‍ മുന്‍കൂര്‍ അറിയിച്ചിരുന്നെങ്കിലും തിരക്കഥ വായിച്ചുകേട്ട പൂര്‍ണസമയവും കാക്കനാടന്‍ ഉന്മേഷവാനായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന്‍ ഓര്‍ക്കുന്നു.