Friday, October 7, 2011

ചില്ലറ വില്‍പ്പനരംഗത്ത് ബഹുരാഷ്ട്ര കമ്പനികള്‍

ഇന്ത്യയില്‍ ചെറുതും വലുതും ഇടത്തരക്കാരുമായ 80 ലക്ഷത്തോളം ചില്ലറ വ്യാപാരികളുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കണക്കാണ് ഇത്. കുടുംബാംഗങ്ങളും ചേരുമ്പോള്‍ നാലുകോടിയിലേറെ വരും ഉപജീവനത്തിന് ചില്ലറവ്യാപാരത്തെ ആശ്രയിക്കുന്നവര്‍ . കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം സാധാരണക്കാര്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത് ചെറുകിട കച്ചവടരംഗത്താണ്. ഉന്തുവണ്ടികളില്‍ പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്നവര്‍ തുടങ്ങി വഴിയോര തട്ടുകടക്കാര്‍ , സാമാന്യം വലിയ ഷോപ്പുകള്‍ നടത്തുന്നവര്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഒറ്റയ്ക്കെടുത്താല്‍ ഓരോ വ്യാപാരിയുടെയും മൊത്തം വിറ്റുവരവ് ചെറിയ സംഖ്യയായിരിക്കും. ഇടത്തട്ടുകാരുടെ കമീഷനും കയറ്റുകൂലിയും വണ്ടിക്കൂലിയും എല്ലാം കഴിച്ച് നാമമാത്രമായ ആദായമേ ചെറുകിട വ്യാപാരികളുടെ കൈവശം വന്നുചേരുന്നുള്ളൂ.

ഇന്ത്യയില്‍ പ്രതിവര്‍ഷം 21,60,000 കോടിരൂപയുടെ ചില്ലറ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ നല്ലൊരു പങ്ക് കൈയിലൊതുക്കാന്‍ വന്‍കിട വിദേശ ബഹുരാഷ്ട്ര ചില്ലറ വ്യാപാര കോര്‍പറേഷനുകള്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിപ്പു തുടങ്ങിയിട്ട് വര്‍ഷം പലതായി. അവ ഇന്ത്യയില്‍ പ്രവേശിച്ച് വില്‍പ്പനരംഗം കൈയടക്കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. ഭരിക്കുന്നതു വന്‍കിട മുതലാളിമാര്‍, വരുന്നതും വന്‍കിട മുതലാളിമാര്‍ . സഹകരണം കൊണ്ട് നേട്ടം കൊയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍ . അതുകൊണ്ട് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിലങ്ങുതടിയാകാത്തിടത്തോളം ദൂരം ഒത്തുപോകാമെന്നാണ് ഇന്ത്യന്‍ മുതലാളിമാരുടെ ചിന്ത. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനത്തിനു തടസ്സം നില്‍ക്കുന്നത് രാജ്യത്തെ ഇടതുപക്ഷമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശക്തമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. എതിര്‍പ്പ് മറികടക്കാന്‍ സര്‍ക്കാര്‍ ദ്വിമുഖ പരിപാടിയാണ് ആവിഷ്കരിച്ചത്. ഒന്നാമതായി വിദേശമൂലധനത്തിന് അനുകൂലമായി ശക്തമായ പ്രചാരണ പ്രവര്‍ത്തനം സംഘടിപ്പിക്കുക, മാധ്യമങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് അനുകൂലാഭിപ്രായം ഉണ്ടാക്കിയെടുക്കുന്നത്. രണ്ടാമതായി, മിതമായ തോതില്‍ വിദേശ മൂലധന നിക്ഷേപത്തിനു പച്ചക്കൊടി കാണിക്കുക.

2006 ഫെബ്രുവരിയില്‍ പുറത്തിറക്കിയ നിയമം ഈ കൃത്യമാണ് നിറവേറ്റിയത്. അണുശക്തി, ഭാഗ്യക്കുറികള്‍ എന്നിവയൊഴികെയുള്ള മേഖലകളില്‍ 51 ശതമാനം വിദേശ നിക്ഷേപമാകാമെന്ന് മേല്‍നിയമം വ്യവസ്ഥ ചെയ്യുന്നു. ഒറ്റ ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാന്‍ പാടുള്ളൂ എന്നും വ്യവസ്ഥ ചെയ്യുന്നു. ആദ്യം സംയുക്ത സംരംഭങ്ങള്‍ . പിന്നീട് നേരിട്ടുള്ള പ്രവേശനം. ഇതാണ് സര്‍ക്കാര്‍ സ്വീകരിച്ച രീതി. ഫ്രാഞ്ചൈസി രീതിയും (ഉദാഹരണം: കെന്റക്കി ഫ്രൈഡ് ചിക്കന്‍) നേരിട്ടുള്ള വില്‍പ്പനയും (ഉദാഹരണം: ആംവേ) മറ്റു മാര്‍ഗങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ചില്ലറ വ്യാപാര കോര്‍പറേഷനായ വാള്‍മാര്‍ട്ട് ഭാരതി എന്റര്‍പ്രൈസസുമായി സംയുക്ത സംരംഭമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അത്തരം ഏഴു സംയുക്ത സംരംഭം നിലവിലുണ്ട്. അടുത്തകാലത്താണ് റെയ്പൂരില്‍ 53,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്‍പ്പനശാല തുറന്നത്. ആന്ധ്രയില്‍ മറ്റൊരെണ്ണം തുറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഇന്ത്യയിലേക്കു കടന്നുവരാന്‍ ഉദ്വേഗംപൂണ്ടിരിക്കുന്ന ബഹുരാഷ്ട്ര ഭീമന്മാരുടെ വലുപ്പം അറിഞ്ഞാല്‍ നാം ഞെട്ടിപ്പോകും. ചില്ലറ വ്യാപാര കമ്പനികളെന്ന പേരു മാത്രമേയുള്ളൂ. ഭീമാകാരങ്ങളായ ബഹുരാഷ്ട്രകുത്തക കോര്‍പറേഷനുകളാണ് അവ. ബഹുരാഷ്ട്രകോര്‍പറേഷനുകളുടെ ഹെഡ് ഓഫീസ് പ്രത്യേക രാജ്യത്തായിരിക്കും. ഭരണനിയന്ത്രണം അവിടെ നിന്നും. ലാഭവും അങ്ങോട്ടേക്ക് ആയിരിക്കും.

വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍, പാന്തലൂണ്‍ തുങ്ങിയവയാണ് ചില്ലറ വ്യാപാരമേഖലയിലെ പ്രധാനികള്‍ . വാള്‍മാര്‍ട്ടിന്റെ ആസ്ഥാനം അമേരിക്കയാണ്. വിവിധ രാജ്യങ്ങളിലായി 85000 സ്റ്റോര്‍ വാള്‍മാര്‍ട്ടിനുണ്ട്. വാര്‍ഷിക വിറ്റുവരവ് 421.85 ശതകോടി ഡോളര്‍ . ഏറ്റവും ചെറിയ സ്റ്റോറിന്റെ വിസ്തീര്‍ണം 51,000 ചതുരശ്ര അടിയാണ്. ഏറ്റവും വലുതിന്റേത് 2,24,000 ചതുരശ്ര അടിയും. ഭീമാകാരങ്ങളായ ഹൈപ്പര്‍ സ്റ്റോറുകള്‍ വേറെയുണ്ട്; 98,000 മുതല്‍ 2,61,000 ചതുരശ്ര അടി വരെ വിസ്തീര്‍ണം ഉള്ളവ. ഈ സ്റ്റോറുകളില്‍ എന്തും കിട്ടും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ. കളിസ്ഥലം, നീന്തല്‍ കുളം, സിനിമാശാലം, നൈറ്റ് ക്ലബ്ബ് എന്നിവയും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകും. ഇടത്തരം വരുമാനക്കാരും വന്‍കിട വരുമാനക്കാരും അവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ടെസ്കോയുടെ ആസ്ഥാനം ഇംഗ്ലണ്ടാണ്. 2010 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 5380 സ്റ്റോര്‍ അവരുടേതായി വിവിധ രാജ്യത്തുണ്ട്. കരിഫോര്‍ ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയാണ്. സ്വന്തം രാജ്യത്തെ വിപണികൊണ്ടു മാത്രം അവയ്ക്കൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അതുകൊണ്ട് അവ അന്യരാജ്യവിപണികള്‍ തേടിക്കൊണ്ടിരിക്കുന്നു. വാള്‍മാര്‍ട്ട് സ്റ്റോറുകള്‍ അമേരിക്കയില്‍ മാത്രമാണ് ആ പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ അതിന്റെ പേര് ബെസ്റ്റ് പ്രൈസ് എന്നാണ്. മെക്സിക്കോയില്‍ വാള്‍മെക്സും ഇംഗ്ലണ്ടില്‍ അസ്ഡായും ചൈനയില്‍ സെയുവുമാണ്. ഇതൊരു വില്‍പ്പന തന്ത്രമാണ്. ചില്ലറ വ്യാപാരത്തില്‍ 51 ശതമാനം വിദേശമൂലധന നിക്ഷേപം വേണമെന്നും ഒരു ഉല്‍പ്പന്നം തന്നെ പല വിപണിയില്‍ പല പേരില്‍ വില്‍ക്കുന്ന രീതി (മള്‍ട്ടിബ്രാന്റ്) അനുവദിക്കണമെന്നും സര്‍ക്കാര്‍ സെക്രട്ടറിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് ശുപാര്‍ശ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതായത് വിദേശമൂലധന നിക്ഷേപം വന്‍തോതില്‍ കടന്നുവരാന്‍ കേന്ദ്രം പച്ചക്കൊടി കാണിക്കുന്നു എന്നര്‍ഥം.

ചില്ലറ വ്യാപാരത്തിലെ ബഹുരാഷ്ട്രകുത്തകകളുടെ സാന്നിധ്യം ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഏറ്റവും പ്രധാനം ചെറുകിട കച്ചവടക്കാരുടെ ഉപജീവനം ഇല്ലാതാക്കുമെന്നതുതന്നെ. പക്ഷേ, അത് പെട്ടെന്നു സംഭവിക്കണമെന്നില്ല. ആദ്യമെല്ലാം വില്‍പ്പനയിലും വരുമാനത്തിലും കുറവുണ്ടാകും. എങ്കിലും പിടിച്ചുനില്‍ക്കാന്‍ കുറേപ്പേര്‍ ശ്രമിക്കും. കാലക്രമത്തില്‍ ചില്ലറ വ്യാപാരം ആദായമല്ലെന്ന് തിരിച്ചറിഞ്ഞ് രംഗം വിടാന്‍ അവര്‍ നിര്‍ബന്ധിതരാകും. മറ്റൊരു തൊഴിലും വശമില്ലാത്തവരാണ് ചില്ലറ വ്യാപാരികള്‍ എന്നത് അവരുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങളുടെ കടന്നുവരവ് തൊഴിലവസരം വര്‍ധിപ്പിക്കുമെന്ന വാദം നിരര്‍ഥകമാണ്. ഒരു വശത്ത് കുറേപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ മറുവശത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ തുടച്ചുമാറ്റപ്പെടുകയാണ് ചെയ്യുന്നത്.

വന്‍കിട കമ്പനികള്‍ പയറ്റുന്ന പരമ്പരാഗതതന്ത്രമുണ്ട്. ആദ്യം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുക. വിപണിയില്‍ ആധിപത്യമുറപ്പിച്ചാല്‍ വിലയുയര്‍ത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുക. ചില ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് മറ്റു ചില ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി നിശ്ചയിക്കുക മറ്റൊരു തന്ത്രമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ടു സമാഹരിക്കുന്നതുമൂലം കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന വാദം പൊള്ളയാണ്. കാരണം വാള്‍മാര്‍ട്ടും ടെസ്കോയും പാന്തലൂണും വില്‍ക്കുന്നത് മുഖ്യമായും കാര്‍ഷികേതര ഉല്‍പ്പന്നങ്ങളാണ്. അതായത് ഡ്രൈ ഗുഡ്സ് എന്ന ഇനത്തില്‍പ്പെടുന്നവ. വസ്ത്രങ്ങള്‍, തുകല്‍ സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിങ്ങനെ. ഇവ സംഭരിക്കുന്നത് ഇന്ത്യയില്‍ നിന്നല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയിലൂടെയാണ്. ചുരുക്കത്തില്‍ കൊട്ടിഘോഷിക്കുന്ന പ്രയോജനത്തേക്കാള്‍ അത്യന്തം ദ്രോഹകരമായ പ്രത്യാഘാതമായിരിക്കും വിദേശ ചില്ലറ വ്യാപാര കോര്‍പറേഷനുകളുടെ രംഗപ്രവേശം മൂലം ഉണ്ടാകുക.

സര്‍ക്കാര്‍ പിന്തുടരുന്ന നവ ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമാണ് ചില്ലറ വ്യാപാര മേഖലയിലെ വിദേശപങ്കാളിത്തം. ഇന്ത്യക്ക് ഇന്ത്യയുടെ രീതി എന്നല്ല സമീപനം, മറിച്ച് ഇന്ത്യക്ക് അമേരിക്കയുടെ രീതി എന്നതാണ്. മുതലാളിത്തം "ബൂര്‍ഷ്വാ ഉല്‍പ്പാദനരീതി സ്വീകരിക്കാന്‍ എല്ലാ രാഷ്ട്രത്തെയും നിര്‍ബന്ധിക്കുന്നു. അത് സ്വന്തം പ്രതിച്ഛായയുള്ള ഒരു ലോകം സൃഷ്ടിക്കുന്നു" എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ നിരീക്ഷണത്തിനു സാക്ഷ്യമാണ് ഇന്ത്യ.


*****


പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലറ വ്യാപാരത്തിലെ ബഹുരാഷ്ട്രകുത്തകകളുടെ സാന്നിധ്യം ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഏറ്റവും പ്രധാനം ചെറുകിട കച്ചവടക്കാരുടെ ഉപജീവനം ഇല്ലാതാക്കുമെന്നതുതന്നെ. പക്ഷേ, അത് പെട്ടെന്നു സംഭവിക്കണമെന്നില്ല. ആദ്യമെല്ലാം വില്‍പ്പനയിലും വരുമാനത്തിലും കുറവുണ്ടാകും. എങ്കിലും പിടിച്ചുനില്‍ക്കാന്‍ കുറേപ്പേര്‍ ശ്രമിക്കും. കാലക്രമത്തില്‍ ചില്ലറ വ്യാപാരം ആദായമല്ലെന്ന് തിരിച്ചറിഞ്ഞ് രംഗം വിടാന്‍ അവര്‍ നിര്‍ബന്ധിതരാകും. മറ്റൊരു തൊഴിലും വശമില്ലാത്തവരാണ് ചില്ലറ വ്യാപാരികള്‍ എന്നത് അവരുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങളുടെ കടന്നുവരവ് തൊഴിലവസരം വര്‍ധിപ്പിക്കുമെന്ന വാദം നിരര്‍ഥകമാണ്. ഒരു വശത്ത് കുറേപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ മറുവശത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ തുടച്ചുമാറ്റപ്പെടുകയാണ് ചെയ്യുന്നത്.