Wednesday, October 19, 2011

അവിടെ സംഘപരിവാര്‍ ഇവിടെ മെത്രാന്‍സമിതി

"കന്യാകുമാരിയും കശ്മീരും കണ്ണുപൊട്ടനൊരുപോലെ"- ശ്രീകുമാരന്‍ തമ്പി രചിച്ച ഒരു ചലച്ചിത്ര ഗാനത്തിന്റെ ഭാഗമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അന്ധന് കഴിയില്ലെന്നാണ് കവിയുടെ വിലാപം. മതാന്ധത ബാധിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസല്‍മാനായാലും അന്ധത ബാധിച്ചാല്‍ എന്തുചെയ്യും? അന്ധന്‍മാര്‍ അക്കാദമിക സമൂഹത്തെ നയിച്ചാലോ? ഭാവിതലമുറ ആകെ അന്ധന്‍മാരായിപ്പോകും. പ്രസിദ്ധമായ ഡല്‍ഹി സര്‍വകലാശാല ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു തീരുമാനം ഈ മതാന്ധന്‍മാരുടെ പ്രേരണ മൂലമാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ചരിത്രം ബിഎ ഓണേഴ്സ് കോഴ്സിന് പഠിക്കാനായി നിര്‍ദേശിക്കപ്പെട്ടിരുന്ന പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ കെ രാമാനുജത്തിന്റെ രാമായണത്തെപ്പറ്റിയുള്ള ഒരു ലേഖനം പാഠ്യപദ്ധതിയില്‍നിന്ന് നീക്കംചെയ്തിരിക്കുന്നു. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പഠിപ്പിച്ചുപോരുന്ന പാഠമാണിത്.

ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് സംഘപരിവാറാണ്. പാഠ്യപദ്ധതി സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന അക്കാദമിക് കൗണ്‍സില്‍ സംഘപരിവാറിന്റെ ശാഠ്യത്തിന് വഴങ്ങിയിരുന്നില്ല. അതിനാല്‍ ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. വിധി എതിരായിരുന്നു. അപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. ഒരു വിദഗ്ധസമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നാലംഗ സമിതിയില്‍ മൂന്നുപേരും പാഠം നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. നാലാമന്റേത് ഒരു സന്ദേഹമായിരുന്നു. ലേഖനം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയുമോ എന്നായിരുന്നു ആ സംശയം. അതായത് പാഠം ഒഴിവാക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. പിന്നെന്തിന് അക്കാദമിക് കൗണ്‍സില്‍ ലേഖനത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചു? ഈയിടെ നിയമിതനായ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലാണ് ലേഖനം ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ വൈസ് ചാന്‍സലറല്ല ഏത് സ്ഥാനത്തെത്തിയാലും യഥോചിതം വളഞ്ഞുകൊടുക്കാന്‍ മടിക്കാറില്ല. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്: "മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങള്‍ കടപുഴകി മറിയും, പുല്‍നാമ്പുകള്‍ ചരിഞ്ഞുകിടക്കും. വെള്ളമിറങ്ങിയാല്‍ പുല്‍നാമ്പുകള്‍ തലപൊക്കും, വന്‍മരങ്ങള്‍ക്കതിനാകില്ല. മലകളിളകിലും മഹാജനാനാം മനമിളകാ!"

പോള്‍ റിച്ച്മാന്‍ എഡിറ്റ് ചെയ്ത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച "മെനി രാമായണാസ്" എന്ന കൃതിയിലെ ആദ്യ ലേഖനമാണ് രാമാനുജത്തിന്റേത്. രാമായണത്തിന് നിരവധി ഭാഷ്യങ്ങളുണ്ടെന്നാണ് അതില്‍ പറയുന്നത്. ഭാഷാരാമായണങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. രാവണന്റെ പുത്രിയാണ് സീതയെന്നുവരെയുണ്ട് ഭാഷ്യം. വയലാറിന്റെ ഒരു കവിതയുടെ ഇതിവൃത്തംതന്നെ അതാണ്. രാമായണത്തിന് വ്യത്യസ്ത ഭാഷ്യങ്ങളുണ്ടെന്ന് കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്നാണ് സംഘപരിവാര്‍ ശഠിക്കുന്നത്. അവര്‍ പറയുന്ന ഭാഷ്യം പഠിച്ചാല്‍ മതിയെന്ന്. ഇതുതന്നെയാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും പറയുന്നത്. പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയെപ്പറ്റി പറയുന്ന ഭാഗങ്ങള്‍ തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നാണ് മെത്രാന്‍ സമിതിയുടെ പരാതി. പരാതിയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ബാബുപോള്‍ കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി ഒന്നാം അധ്യായം പരിഷ്കരിച്ചു. അത് വെബ്സൈറ്റില്‍ കൊടുത്തു. എല്ലാ സ്കൂളിലും അത് പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കരിക്കുലം കമ്മിറ്റിയെന്ന അക്കാദമിക് സമിതി അംഗീകരിച്ച പുസ്തകം തന്നിഷ്ടപ്രകാരം തിരുത്താന്‍ ആര്‍ക്കുണ്ട് അവകാശം? ഭരണം നിലനിര്‍ത്താന്‍ പട്ടക്കാരെയും തൊപ്പിക്കാരെയും പിണക്കാതിരിക്കുക അനിവാര്യമായതിനാല്‍ ഒഴിവാക്കാന്‍ എളുപ്പം ചരിത്രസത്യങ്ങളാണ്. ചട്ടങ്ങളുടെ തലനാരിഴ കീറി ചുറ്റും നില്‍ക്കുന്നവരെപ്പോലും ചാട്ടവാര്‍ (വിപ്പ്) കൊണ്ടടിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ല. കത്തോലിക്കാസഭയെ വാഴ്ത്തപ്പെട്ടതാക്കാനുള്ള നീക്കത്തിനിടയില്‍ ബാബുപോള്‍ കമ്മിറ്റി ബോധപൂര്‍വം ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇന്ത്യയെയും തരംതാഴ്ത്തിയത് ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയ വകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും അറിഞ്ഞില്ല. പാഠം പഠിക്കേണ്ടത് കുട്ടികള്‍ മാത്രമല്ല. മുതിര്‍ന്നവര്‍ക്കും അത് അത്യാവശ്യമാണ് എന്ന് തിരിച്ചറിയുക. മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ നടന്ന മതനവീകരണം അനാവശ്യമാണെന്ന് സമര്‍ഥിച്ച ബാബുപോള്‍ കമ്മിറ്റി കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭകളും അനാവശ്യമാണെന്ന് ഭംഗ്യന്തരേണ സമര്‍ഥിച്ചത് അക്കൂട്ടര്‍ അറിഞ്ഞില്ല.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ രൂപീകരിച്ച് മുന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കൂട്ടുകൂടിയപ്പോള്‍ മെത്രാന്‍ സമിതി ഇങ്ങനെ പള്ളയ്ക്ക് കുത്തുമെന്ന് പാവം ആ നല്ല സമരിയാക്കാര്‍ സ്വപ്നേപി നിരൂപിച്ചില്ല. അവസാനത്തെ അത്താഴവിരുന്നിനായി ഒത്തുചേര്‍ന്നപ്പോള്‍ യേശു ശിഷ്യന്‍മാരെ നോക്കി ഇങ്ങനെ പറഞ്ഞു: "നിങ്ങളിലൊരുവന്‍ എന്നെ ചതിക്കും." പ്രൊട്ടസ്റ്റന്റുകാര്‍ അതു മറന്നുപോയി. ഐതിഹ്യമായാലും ചരിത്രമായാലും ഭൂതകാലസംബന്ധിയായ വസ്തുതകള്‍ ഭാവിതലമുറ അറിയുന്നതില്‍ വര്‍ത്തമാനകാലം ഭയപ്പെടുന്നതെന്തിന്? സംഘപരിവാറും മെത്രാന്‍ സമിതിയും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ . ഭൂരിപക്ഷ-ന്യൂനപക്ഷാവകാശ തര്‍ക്കങ്ങളുടെ ജ്വരബാധയേറ്റ ജല്‍പ്പനങ്ങള്‍ക്കിടയില്‍ അവരുടെ പിന്നിലുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന മഹാഭൂരിപക്ഷത്തിന്റെയും പ്രശ്നം ഒന്നുമാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. രണ്ടു കൂട്ടരുടെയും നേതാക്കള്‍ അഴിമതിയുടെയും അനാശാസ്യത്തിന്റെയും പേരില്‍ തടവറയിലാക്കുമ്പോള്‍ അണികള്‍ പട്ടിണിയുടെ തടവറയിലാകുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കോശിക്കും കഞ്ഞി കുമ്പിളില്‍തന്നെ.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 19 ഒക്ടോബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

"കന്യാകുമാരിയും കശ്മീരും കണ്ണുപൊട്ടനൊരുപോലെ"- ശ്രീകുമാരന്‍ തമ്പി രചിച്ച ഒരു ചലച്ചിത്ര ഗാനത്തിന്റെ ഭാഗമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അന്ധന് കഴിയില്ലെന്നാണ് കവിയുടെ വിലാപം. മതാന്ധത ബാധിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസല്‍മാനായാലും അന്ധത ബാധിച്ചാല്‍ എന്തുചെയ്യും? അന്ധന്‍മാര്‍ അക്കാദമിക സമൂഹത്തെ നയിച്ചാലോ? ഭാവിതലമുറ ആകെ അന്ധന്‍മാരായിപ്പോകും. പ്രസിദ്ധമായ ഡല്‍ഹി സര്‍വകലാശാല ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു തീരുമാനം ഈ മതാന്ധന്‍മാരുടെ പ്രേരണ മൂലമാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ചരിത്രം ബിഎ ഓണേഴ്സ് കോഴ്സിന് പഠിക്കാനായി നിര്‍ദേശിക്കപ്പെട്ടിരുന്ന പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ കെ രാമാനുജത്തിന്റെ രാമായണത്തെപ്പറ്റിയുള്ള ഒരു ലേഖനം പാഠ്യപദ്ധതിയില്‍നിന്ന് നീക്കംചെയ്തിരിക്കുന്നു. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പഠിപ്പിച്ചുപോരുന്ന പാഠമാണിത്.

R.Sajan said...

യുദ്ധത്തില്‍ വിജയിക്കുന്നവനാണ് ചരിത്രം എഴുതുന്നതു. ഫ്യൂഡല്‍ യൂറോപ്പിന്റെ ചരിത്രം ഈ കൊച്ചു കേരളത്തിലെ കുറെ കോട്ടൂര്‍ അച്ഛന്‍മാര്‍ വിചാരിച്ചാല്‍ തീരുമാനിക്കാമെന്നത് ചെറിയ കാര്യമല്ല. ഇതെല്ലാം കേരളത്തില്‍ നടക്കും. എല്‍ . ഡി എഫിന്റെ കാലത്തും ടെക്സ്റ്റ് പുസ്തക കാര്യങ്ങളില്‍ ഇത് നടന്നിട്ടുണ്ട്.
ആരും അറിയാതെ ജനാധിപത്യത്തെ ഫ്യൂഡല്‍വല്‍ക്കരിക്കയാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂസ്വാമിയായ കത്തോലിക്ക സഭ.

*free* views said...

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കോശിക്കും കഞ്ഞി കുമ്പിളില്‍തന്നെ.

Haha In this case "unni" probably is unni yesu or unni krishnan :). That makes the dialogue perfect.

Christianity is the biggest conspiracy, probably. A religion in the name of Jesus is like a butcher shop in the name of Gandhiji. Or the right wing goons using Bhagat Singh's name.

Yes, Free* views is back !!