ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടി നടത്തിയ ശുപാര്‍ശകള്‍ കുറേ കടന്നുപോയി എന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. വാസ്തവത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പറ്റി പഠിക്കാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും ആണ് ആ കമ്മിറ്റിയെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ജനസംഖ്യാ നിയന്ത്രണത്തെപറ്റി നടത്തിയ അപ്രായോഗികവും വിവാദപരവും ആയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ശുപാര്‍ശ ചെയ്ത മറ്റ് നല്ല കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. അത് നമ്മുടെ ഒരു പതിവ് പ്രശ്‌നവും ആണ്. ഏതു വാര്‍ത്തയിലും വിവാദം ആക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക, എന്നിട്ട് അതില്‍ കയറി പിടിക്കുക, അതോടെ അതിലെ കാതലായ അംശം വിസ്മൃതം ആകുക, അഥവാ ആക്കുക. അതായിരിക്കുന്നു നമ്മുടെ മാധ്യമ രീതി.
അതിരിക്കട്ടെ. ജനസംഖ്യാ പ്രശ്‌നം തന്നെ എടുക്കാം. കമ്മിറ്റിക്ക് തെറ്റ് പറ്റിയത് ജനസംഖ്യാ നിയന്ത്രണത്തിന് നിര്‍ദേശിച്ച തീവ്ര പരിഹാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല; കേരളത്തിലെ ഒരു പ്രധാന പ്രശ്‌നമായി അതിനെ കണ്ടതിലാണ്. വാസ്തവത്തില്‍ കേരളം വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നം ആണ് ജനസംഖ്യാ വിസ്‌ഫോടനം. നമ്മുടെ ശരാശരി ജനസംഖ്യാ വര്‍ധന നിരക്ക് ഇപ്പോള്‍ പ്രതിവര്‍ഷം ഒരു ശതമാനത്തിന്റെ മൂന്നിലൊന്നെ ഉള്ളൂ. പത്തുകൊല്ലം കൊണ്ട് കൂടിയത് 3.2 കോടിയില്‍ നിന്ന് 3.33 കോടിയിലേക്ക്. അതായത് 4 ശതമാനം മാത്രം. നമ്മള്‍ അതിവേഗം ഒരു സുസ്ഥിര ജനസംഖ്യാനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒരു ശരാശരി കുടുംബത്തില്‍ ഇപ്പോള്‍ 4.9 അംഗങ്ങളെ ഉള്ളൂ (അച്ഛനമ്മമാര്‍ അടക്കം) എന്നാണ് 2004 ല്‍ നടത്തിയ കേരളപഠനം കാണിച്ചത്. അതായത് രണ്ടോ മൂന്നോ കുട്ടികള്‍ മാത്രം.
ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങളില്‍ ഒന്നാണ് ജനപ്പെരുപ്പം എന്ന മട്ടില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യം കിട്ടുന്നതിനു അയോഗ്യരാക്കണം എന്ന മട്ടിലുള്ള കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്ത് കടന്നല്‍ കൂട്ടില്‍ കല്ലെറിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടെന്തു പറ്റി? ആ കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന ആരോഗ്യകരമായ ചര്‍ച്ചകള്‍ വഴിതെറ്റിപ്പോയി!
പക്ഷേ വഴി തെറ്റിയ ആ വിവാദത്തില്‍ നിന്നും നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന് പിന്തിരിപ്പന്‍ ശക്തികള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ശക്തം ആണെന്ന് അത് കാണിച്ചു തന്നു എന്നുള്ളതാണ്. ഒരു ജനാധിപത്യ സര്‍ക്കാരും കേരളത്തില്‍ നടപ്പാക്കില്ല എന്നുറപ്പുള്ള ആ ശുപാര്‍ശയെ കയറിപ്പിടിച്ച് കാലഹരണപ്പെട്ട എത്രയെത്ര വാദങ്ങളാണ് ഇവിടെ ഉയര്‍ത്തപെട്ടത്? “എനിക്ക് എത്ര കുട്ടികള്‍ വേണമെന്ന് ഞാനും ദൈവം തമ്പുരാനും കൂടി തീരുമാനിക്കും’ എന്നാണ് ഒരു ദൈവഭക്തന്‍ ഉദീരണം ചെയ്തത്. മറ്റൊരു പുരോഗമനവാദി “ഞാനും എന്റെ ഭാര്യയും കൂടി” എന്ന് പറയാന്‍ സന്മനസു കാണിച്ചു. മതമേധാവികളുടെ എതിര്‍പ്പ് ആയിരുന്നു രസകരം. കത്തോലിക്കാ പള്ളി ഒരുകാലത്തും കുടുംബാസൂത്രണത്തെ അനുകൂലിച്ചിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ശരാശരി വലുപ്പം 4.5 ആണ്. ഹിന്ദു കുടുംബങ്ങളുടെത് 4.6 ഉം! ഇത് “സ്വാഭാവിക” കാരണങ്ങളാല്‍ ആണ് എന്ന് ഒരു മതമേധാവിയും ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ അടുത്ത കാലത്ത് ഒരു വികാരി വളരെ വികാരപരമായിത്തന്നെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യാപരമായ അനുപാതം സംരക്ഷിക്കണം എന്ന് ആഹ്വാനം ചെയ്തത്. അതും അധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ചെവിക്കൊണ്ട ലക്ഷണം ഇല്ല. എന്തെന്നാല്‍ കുടുംബ വലുപ്പത്തിന് വിദ്യാഭ്യാസവും വരുമാനവും ആയിട്ട് വളരെ ബന്ധം ഉള്ളതായിട്ടാണ് പൊതുവേ കണ്ടിട്ടുള്ളത്. ഹിന്ദുക്കളുടെ ഇടയില്‍ തന്നെ മുന്നോക്ക ജാതിക്കാരുടെ ശരാശരി കുടുംബ വലുപ്പം 4.4 ആയിരിക്കുമ്പോള്‍ ഈഴവരുടെത് 4.7 ഉം പട്ടിക ജാതിക്കാരുടെത് 4.8 ഉം ആണെന്നത് അതാണു സൂചിപ്പിക്കുന്നത്. സാമ്പത്തിക അരക്ഷിതത്വം ഉണ്ടായിരിക്കുകയും ശിശുമരണ നിരക്ക് ഉയര്‍ന്നിരിക്കുകയും ചെയ്തിരുന്ന കാലത്താണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുക. ശിശുമരണ നിരക്ക് കുറയുകയും സാമ്പത്തിക നില മെച്ചപ്പെടുകയും അതോടൊപ്പം അമ്മമാര്‍ക്ക് വിദ്യാഭ്യാസം കിട്ടുകയും ചെയ്യുമ്പോള്‍, പണ്ടത്തെ അമ്മുമ്മമാര്‍ പറഞ്ഞിരുന്നതുപോലെ ഞാന്‍ എട്ടു പെറ്റു, ദൈവം മൂന്നിനെ അങ്ങെടുത്തു, അഞ്ചിനെ തന്നു” എന്ന മട്ടിലുള്ള പറച്ചിലുകള്‍ ഇല്ലാതാകും. ഉള്ള കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പരിചരണവും വിദ്യാഭ്യാസവും കൊടുക്കുകയാണ് കൂടുതല്‍ കുട്ടികളെ പെറ്റു കൂട്ടുന്നതിനേക്കാള്‍ പ്രധാനം എന്ന് വിദ്യാഭ്യാസമുള്ള അമ്മമാര്‍ക്ക് അറിയാം. അതുകൊണ്ടാണ് സ്ത്രീ വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും ഉണ്ടാകുമ്പോള്‍ ജനസംഖ്യാ വര്‍ധന നിരക്ക് കുറയുന്നത്. ഇതാണ് കുടുംബാസൂത്രണത്തിലെ കേരള മോഡല്‍.
ഇത് സ്വാഭാവികമായി നടക്കുന്ന, നടക്കേണ്ട, ഒരു പ്രക്രിയ ആണ്. പക്ഷേ ഇതിനകത്ത് പിന്‍തിരിപ്പന്‍ ശക്തികള്‍ കുപ്രചരണവുമായി ഇറങ്ങിയാല്‍ ഒരു പക്ഷേ ഈ തിരക്കഥ മാറിയേക്കാം. ഈ വിവാദവുമായി ബന്ധപ്പെട്ട് ചില പിന്‍തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന പ്രചരണം കാണുമ്പോള്‍ അതും സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്: മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആണ് എന്ന പ്രചാരണവും, തങ്ങളുടെ ജനസംഖ്യാനുപാതം കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ക്കു മൗലികാവകാശം ഉണ്ട് എന്നും മറ്റുമുള്ള അവകാശവാദവും ഒരു വശത്ത്. മറുവശത്ത് തങ്ങളുടെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ പോകുന്നു, അതുകൊണ്ട് മതബോധമുള്ള ഹിന്ദുക്കള്‍ കരുതിയിരിക്കുക എന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനിക്കുക എന്നും അതുകൊണ്ട് എണ്ണം കൂട്ടണം എന്നുമുള്ള ആഹ്വാനം ജനാധിപത്യത്തെപ്പറ്റിയുള്ള അപകടകരമായ തെറ്റിദ്ധാരണയുടെ ഫലം ആണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം ആണ് എന്ന തെറ്റായ വ്യാഖ്യാനം ആണ് അതിന്റെ കാരണം. കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. കേരളത്തിന്റെ ജനസംഖ്യ 3.18 കോടിയില്‍ നിന്ന് 3.3 കോടിയായി ഉയര്‍ന്ന കാലം കൊണ്ട് ഇന്ത്യയിലെ ജനസംഖ്യ 102 കോടിയില്‍ നിന്ന് 121 കോടിയായി വര്‍ധിച്ചു അതായത് 18 ശതമാനത്തിലേറെ വര്‍ധന. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ കേരളീയരുടെ പങ്ക് 3.1 ശതമാനത്തില്‍ നിന്ന് 2.7 ശതമാനം ആയി കുറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇത് ഏതാണ്ട് നാല് ശതമാനം ആയിരുന്നെന്നു കൂടി ഓര്‍ക്കണം. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ പ്രാധാന്യം കുറയും, അതുകൊണ്ട് നമ്മുടെ കുടുംബ വലിപ്പം വര്‍ധിപ്പിച്ചു നമ്മുടെ ജനസംഖ്യാനുപാതം വീണ്ടെടുക്കണം എന്ന് ആരും ആവശ്യപ്പെടാത്തത് ഭാഗ്യം!
പക്ഷേ കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ആപേക്ഷിക വളര്‍ച്ചയെപ്പറ്റിയുള്ള കണക്കുകള്‍ പരിശോധിച്ചുകൊണ്ട് പലരും വാദിക്കുന്നത് ആ വിധത്തിലാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 56 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ അതിനേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നും ഇക്കണക്കിനു പോയാല്‍ താമസിയാതെ അവര്‍ ന്യൂനപക്ഷം ആകും എന്ന് ഒരു പ്രചരണം. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ തന്നെ ഇത്രയ്ക്ക് ഉത്കണ്ഠയായാല്‍ രാജ്യം ഒട്ടാകെ എടുക്കുമ്പോള്‍ വെറും 14 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും 3 ശതമാനത്തില്‍ താഴെ വരുന്ന ക്രിസ്ത്യാനികള്‍ക്കും കഷ്ടിച്ച് 2 ശതമാനം മാത്രം വരുന്ന സിക്കുകാര്‍ക്കും എത്രമാത്രം അരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടാകണം എന്നെന്തേ അവര്‍ ആലോചിക്കുന്നില്ല?
ഭൂരിപക്ഷത്തിന്റെ ദയാവായ്പില്‍ ന്യൂനപക്ഷം കഴിയുക എന്നതല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനം. അങ്ങനെ ചിന്തിക്കുന്നത് തന്നെ ഒരുതരം ഫാസിസ്റ്റു മനോഭാവത്തിന്റെ അടയാളം ആണ്. ഇതിന്റെ മറുപുറവും പ്രധാനം ആണ്. ന്യൂനപക്ഷത്തിന്റെ സുരക്ഷ അവരുടെ എണ്ണത്തില്‍ ആണ് എന്ന് വാദിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ പലപ്പോഴും വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നത് ദുഃഖകരമായ സത്യം തന്നെയാണ്. പക്ഷേ അപ്പോഴെല്ലാം ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്ക് എത്തിയിട്ടുള്ളത് ഇന്നാട്ടിലെ ജനാധിപത്യ സംവിധാനവും മതനിരപേക്ഷ ശക്തികളും ആണ് എന്നത് മറന്നുകൂടാ. അല്ലാതെ, അവരുടെ സംഘബലമോ സായുധശേഷിയോ അല്ല. മറിച്ച് ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും എതിര്‍ ചേരിയിലെ തീവ്രവാദികള്‍ക്കാണ് ഊര്‍ജം നല്‍കുക. ഒരുപക്ഷെ അത് ബോധപൂര്‍വവും ആകാം. ഇരുപക്ഷത്തുമുള്ള തീവ്രവാദികള്‍ക്ക് പരസ്പരം പോഷിപ്പിക്കുക എന്നതാണല്ലോ ആവശ്യം!ഈ അപകടം ഒഴിവാക്കാന്‍ ഇരുപക്ഷത്തുമുള്ള സമാധാന കാംക്ഷികളും മതേതരവാദികളും കൈ കോര്‍ത്തേ പറ്റൂ.
കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ കുടുംബവലുപ്പം ഇപ്പോഴും താരതമ്യേന കൂടുതല്‍ ആണ് (6.1) എന്നത് അനിഷേധ്യമാണ്. അതിന്റെ നേരെ കണ്ണടച്ചിട്ടു കാര്യമില്ല. പക്ഷേ അതിന് പരിഹാരം അവരുടെ ഇടയില്‍ വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം വര്‍ധിപ്പിക്കുക എന്നതാണ് ഊന്നല്‍ കൊടുക്കേണ്ട സംഗതി. അവരെപ്പോലെ തന്നെ കടുത്ത യാഥാസ്ഥിതികര്‍ ആയിരുന്ന കത്തോലിക്കരുടെ ഇടയില്‍ ഉണ്ടായ മാറ്റം ആണ് ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കേണ്ടത്. എന്നാല്‍ അതേ സമയം തന്നെ, കുടുംബാസൂത്രണത്തിനെതിരായ പ്രചാരണങ്ങളെ അവഗണിക്കാനും കഴിയില്ല. അത്തരം പ്രചാരണങ്ങളെ ആശയപരമായിത്തന്നെ നേരിടെണ്ടതുണ്ട്. ഇതൊക്കെ ഒരുകാലത്ത് കേരളം കുറേ കണ്ടതാണല്ലോ. ഇവിടത്തെ ക്രൈസ്തവേതരനായ ഒരു എക്കൊണോമിക്‌സ് പ്രഫസര്‍ കുടുംബാസൂത്രണത്തിനെതിരെ പുസ്തകമെഴുതി റോമില്‍ കൊണ്ടുകൊടുത്ത് പോപ്പിന്റെ കൈയില്‍ നിന്ന് ബഹുമതി വാങ്ങുകവരെ ചെയ്തു. പക്ഷേ അന്നൊക്കെ ജനസംഖ്യാ വര്‍ധനവിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉണ്ടായിരുന്നു. അടുത്ത കാലത്ത് അതില്‍ ക്ഷീണം സംഭവിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടും കൂടിയാകാം ഇങ്ങനെയൊക്കെ പറയാന്‍ പിന്‍തിരിപ്പന്‍ ശക്തികള്‍ ധൈര്യപ്പെടുന്നത്. അതുകൊണ്ട്, ജസ്റ്റിസ് കൃഷ്ണയ്യരുടെ കമ്മിറ്റിയുടെ ശുപാര്‍ശ അനവസരത്തിലുള്ളതും അതിരുകടന്നതും ആയിപ്പോയി എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിനെതിരെ ഉയര്‍ന്ന ജനാഭിപ്രായത്തെ തല്‍പര കക്ഷികള്‍ ഹൈജാക്ക് ചെയ്ത് കുടുംബാസൂത്രണത്തിനെതിരായ ജനവികാരം ആക്കി മാറ്റാതിരിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
*****
ആര്‍ വി ജി മേനോന്‍, കടപ്പാട് :ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ആപേക്ഷിക വളര്‍ച്ചയെപ്പറ്റിയുള്ള കണക്കുകള്‍ പരിശോധിച്ചുകൊണ്ട് പലരും വാദിക്കുന്നത് ആ വിധത്തിലാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 56 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ അതിനേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നും ഇക്കണക്കിനു പോയാല്‍ താമസിയാതെ അവര്‍ ന്യൂനപക്ഷം ആകും എന്ന് ഒരു പ്രചരണം. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ തന്നെ ഇത്രയ്ക്ക് ഉത്കണ്ഠയായാല്‍ രാജ്യം ഒട്ടാകെ എടുക്കുമ്പോള്‍ വെറും 14 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും 3 ശതമാനത്തില്‍ താഴെ വരുന്ന ക്രിസ്ത്യാനികള്‍ക്കും കഷ്ടിച്ച് 2 ശതമാനം മാത്രം വരുന്ന സിക്കുകാര്‍ക്കും എത്രമാത്രം അരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടാകണം എന്നെന്തേ അവര്‍ ആലോചിക്കുന്നില്ല?
ഭൂരിപക്ഷത്തിന്റെ ദയാവായ്പില്‍ ന്യൂനപക്ഷം കഴിയുക എന്നതല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനം. അങ്ങനെ ചിന്തിക്കുന്നത് തന്നെ ഒരുതരം ഫാസിസ്റ്റു മനോഭാവത്തിന്റെ അടയാളം ആണ്. ഇതിന്റെ മറുപുറവും പ്രധാനം ആണ്. ന്യൂനപക്ഷത്തിന്റെ സുരക്ഷ അവരുടെ എണ്ണത്തില്‍ ആണ് എന്ന് വാദിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ പലപ്പോഴും വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നത് ദുഃഖകരമായ സത്യം തന്നെയാണ്. പക്ഷേ അപ്പോഴെല്ലാം ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്ക് എത്തിയിട്ടുള്ളത് ഇന്നാട്ടിലെ ജനാധിപത്യ സംവിധാനവും മതനിരപേക്ഷ ശക്തികളും ആണ് എന്നത് മറന്നുകൂടാ. അല്ലാതെ, അവരുടെ സംഘബലമോ സായുധശേഷിയോ അല്ല. മറിച്ച് ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും എതിര്‍ ചേരിയിലെ തീവ്രവാദികള്‍ക്കാണ് ഊര്‍ജം നല്‍കുക. ഒരുപക്ഷെ അത് ബോധപൂര്‍വവും ആകാം. ഇരുപക്ഷത്തുമുള്ള തീവ്രവാദികള്‍ക്ക് പരസ്പരം പോഷിപ്പിക്കുക എന്നതാണല്ലോ ആവശ്യം!
Post a Comment