Sunday, October 2, 2011

പി.എഫ്.ആര്‍.ഡി.എ. ബില്ലിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

2005ല്‍ അവതരിപ്പിച്ച ബില്ലില്‍ വളരെ നേരിയ മാറ്റങ്ങളോടെയാണ് ദി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ബില്‍ 2011 (പി.എഫ്.ആര്‍.ഡി.എ ബില്‍) തയ്യാറാക്കിയിട്ടുള്ളത്.

2005ല്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു. 2003 ഡിസംബര്‍ 22ന് സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത സ്കീം പ്രകാരം 2004 ജനുവരി 1നോ അതിനുശേഷമോ സര്‍വ്വീസില്‍ പ്രവേശിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സാധ്യതയെ നേരില്‍ ബാധിക്കുമെന്നുകണ്ടാണ് അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

2003 ഡിസംബറില്‍ നോട്ടിഫൈ ചെയ്ത സ്കീം പ്രകാരം ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും ഒപ്പം സര്‍ക്കാര്‍ നല്‍കുന്ന 10 ശതമാനവും ചേരുന്നതാവും ഓരോ ജീവനക്കാരന്റെയും പെന്‍ഷന്‍ അക്കൌണ്ട്. പി.എഫ്.ആര്‍.ഡി.എ. നിയമിക്കുന്ന പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഈ ഫണ്ട് കൈകാര്യം ചെയ്യും. സര്‍വ്വീസിന്റെ അവസാനം ജീവനക്കാരന് കിട്ടേണ്ട പെന്‍ഷന്‍ അവര്‍ നിശ്ചയിക്കും. തുക തീരുമാനിക്കുന്നത് പെന്‍ഷന്‍ ഫണ്ടിന്റെ നിക്ഷേപത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

സമൂലമായ മാറ്റം

പെന്‍ഷനായി നല്‍കിയിരുന്നത് സര്‍വ്വീസിന്റെ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50ശതമാനമാണ്. വില സൂചികയിലെ മാറ്റത്തിനനുസൃതമായി പെന്‍ഷനും പരിഷ്കരിച്ചിരുന്നു. അങ്ങനെ ഒരു നിശ്ചിത തുക പെന്‍ഷന്‍ ആയി കിട്ടുമെന്ന് ഉറപ്പാക്കിയിരുന്നു. അതിന് സര്‍ക്കാര്‍ ജീവനക്കാര്‍ കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് അവകാശം ഉപേക്ഷിക്കണം. അതിനുപകരമായി മുകളില്‍ പറഞ്ഞ രീതിയിലുള്ള പെന്‍ഷന്‍ സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് നല്‍കുക. 'ബെനഫിറ്റ് ഡിഫൈന്‍ഡ്' പെന്‍ഷന്‍ സിസ്‌റ്റം എന്നാണിതിനെ വിശേഷിപ്പിച്ചിരുന്നത്.

സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പെന്‍ഷന്‍ എന്ന വീക്ഷണത്തില്‍ നിന്ന് സമൂലമായ മാറ്റമാണ് പുതിയ പെന്‍ഷന്‍ പദ്ധതി മുന്നോട്ടുവക്കുന്നത്. ഇനിമേല്‍ പെന്‍ഷന്‍ തീരുമാനിക്കാനുള്ള അടിസ്ഥാനം 'ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷ' നാണ്. അതായത് പെന്‍ഷന്‍ തുക തീരുമാനിക്കുന്നത് ജീവനക്കാരന്റെ പെന്‍ഷന്‍ ഫണ്ട് അക്കൌണ്ടിലേക്ക് നിക്ഷേപമാര്‍ക്കറ്റില്‍ നിന്നുലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കണം എന്നര്‍ത്ഥം. ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വന്തം വിഹിതം നല്‍കിയാലും ഒരു നിശ്ചിത തുക പെന്‍ഷനായി അവസാനം കിട്ടുമെന്ന് പുതിയ പെന്‍ഷന്‍ സ്കീം ഉറപ്പു നല്‍കുന്നില്ല. സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത പെന്‍ഷന്‍ സ്കീമും 2005ലെയും 2011ലെയും പി.എഫ്.ആര്‍.ഡി.എ. ബില്ലുകളും വ്യക്തമായി ഇങ്ങനെ പറയുന്നു. "മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തിയ മെക്കാനിസത്തില്‍ (പെന്‍ഷന്‍) വരിക്കാരന്‍ നടത്തുന്ന നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമല്ലാതെ പ്രത്യക്ഷമായോ, പരോക്ഷമായോ നേട്ടം ലഭിക്കുമെന്ന ഒരുറപ്പും ഉണ്ടാവില്ല. (എഫ്.ആര്‍.ഡി.എ.ബില്ലിന്റെ സെക്ഷന്‍ 20 (2) (g) വകുപ്പ്)

നിക്ഷേപത്തിന് നിശ്ചിതമായ ഒരു വരുമാനം ഉറപ്പു നല്‍കാന്‍ മാര്‍ക്കറ്റിന് കഴിയുമോ? പണക്കമ്പോളത്തിലും ഓഹരിക്കമ്പോളത്തിലും വലിയ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഇക്കാലത്ത് പെന്‍ഷന്‍ ഫണ്ടുപോലുള്ള പബ്ളിക്ക് ഫണ്ടുകളില്‍ നിന്നുള്ള വരുമാനം അസ്ഥിരവും, വളരെ കുറവുമായിരിക്കും. മാത്രമല്ല പി.എഫ്.ആര്‍.ഡി.എ. നിയമിക്കുന്ന ഫണ്ട് മാനേജര്‍മാര്‍ ഈ ഫണ്ട് ഉപയോഗിക്കുന്നത് സ്വന്തം ലാഭം വര്‍ദ്ധിപ്പിക്കാനായിരിക്കും. പെന്‍ഷനര്‍ക്കു കിട്ടുന്നത് അങ്ങനെ സ്വന്തം ലാഭമൊക്കെ വകമാറ്റിയശേഷമുള്ള വിഹിതമായിരിക്കും. കമ്പോളത്തില്‍ പൊതുവിലുള്ള അസ്ഥിരതയുടെ ഘട്ടത്തില്‍ ജീവിതകാല സമ്പാദ്യമാകെ പെന്‍ഷന്‍ ഫണ്ടിന്റെ രൂപത്തില്‍ മൂലധനമായി നല്‍കിയ പെന്‍ഷനറെയല്ല, മറിച്ച് സ്വന്തം റിസ്ക് / ന്ഷ്ടസാധ്യത നികത്താനാവും ഫണ്ട് മാനേജര്‍മാര്‍ സ്വാഭാവികമായും ശ്രമിക്കുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതിയും, പി.എഫ്.ആര്‍.ഡി.എ. ബില്ലും ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷക്കുമേല്‍ കടന്നാക്രമണം നടത്തുകയും അവരുടെ പെന്‍ഷന്‍ ഫണ്ട് കൊള്ളയടിക്കയും ചെയ്യുന്നു.

തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിനത്തില്‍ നിശ്ചയിക്കപ്പെട്ട തുകയില്‍ ഒരു ഭാഗം ഓഹരിക്കമ്പോളത്തിലേക്ക് മാറ്റാന്‍ കുറെക്കാലമായി സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സംഘടനകളുടെ എതിര്‍പ്പുമൂലം അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹ്യ സുരക്ഷക്കായി തൊഴിലാളികള്‍ സ്വരൂപിച്ച അവരുടെ സ്വന്തം ഫണ്ട് എങ്ങനെ നിക്ഷേപിക്കണമെന്നതു സംബന്ധിച്ച് തൊഴിലാളികളുടെയോ, അവരുടെ പ്രതിനിധികളുടെയോ അഭിപ്രായം പരിഗണിക്കുക എന്ന രീതിതന്നെ ഇവിടെ ഉപേക്ഷിക്കയാണ്. പുതിയ വ്യവസ്ഥ പ്രകാരം അതിലെല്ലാം അന്തിമതീരുമാനമെടുക്കുന്നത് സ്‌റ്റോക്ക് ബ്രോക്കര്‍മാരും, ഫണ്ട് മാനേജര്‍മാരുമായിരിക്കും.

അപകടകരമായ മാനങ്ങള്‍

പി.എഫ്.ആര്‍.ഡി.എ. ബില്‍ 2011 അവതരിപ്പിക്കപ്പെട്ട സാഹചര്യം മറ്റൊരു അപകടകരമായ മാനത്തിലേക്കു കൂടി വഴിതുറക്കുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുട പെന്‍ഷന്‍ നിശ്ചയിക്കുന്നതിലോ, പുതിയ പെന്‍ഷന്‍ സ്കീം അംഗീകരിച്ച സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ നിശ്ചയിക്കുന്നതിലോ മാത്രമായി ഒതുങ്ങുന്നില്ല. ഇന്ന് നിലവിലുള്ള എല്ലാ പെന്‍ഷന്‍ പദ്ധതികള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാക്കാനുള്ള അധികാരം ഇത് സര്‍ക്കാരിന് നല്‍കുന്നു. പി.എഫ്.ആര്‍.ഡി.എ. ബില്ലിലൂടെ അസംഘടിതമേഖലയിലുള്ള 46 കോടി തൊഴിലാളികളുടെ സമ്പാദ്യം ഓഹരിക്കമ്പോളത്തിലേക്കാകര്‍ഷിച്ച് കമ്പോളാധിഷ്ഠിതമായ അസ്ഥിരവരുമാനം മാത്രം തൊഴിലാളിക്ക് നല്‍കുന്ന രീതിയില്‍ വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി 'നാഷണല്‍ പെന്‍ഷന്‍ സിസ്‌റ്റം' എന്ന പേരില്‍ ഒരു പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. 'സ്വാവലംബന്‍' എന്ന പേരു നല്‍കി വലിയ പ്രചാരണത്തോടെ കൊണ്ടുവന്ന ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം ഓരോ തൊഴിലാളിയും പെന്‍ഷന്‍ ഫണ്ടിലേക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപയും ഏറ്റവും കൂടിയത് 12000 രൂപയും എന്ന നിലയില്‍ നിക്ഷേപിക്കണം. 30 വര്‍ഷത്തോളം ഇങ്ങനെ നിക്ഷേപിച്ചശേഷം 60-ാം മത്തെ വയസ്സില്‍ മൊത്തം നിക്ഷേപത്തിന്റെ 60% അയാള്‍ക്ക് തിരികെ നല്‍കും. ബാക്കി തുക കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ മതിയായ വരുമാനം ലഭിക്കുന്ന പക്ഷം പ്രതിമാസം ആയിരം രൂപയില്‍ കുറയാത്ത തുക അയാള്‍ക്ക് പെന്‍ഷനായും ലഭിക്കും. ഫണ്ടില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കാത്ത പക്ഷം റിട്ടയര്‍മെന്റിനുശേഷം ഒന്നിച്ചു നല്‍കുന്ന തുകയും സമാനമായി കുറക്കും. അയാളുടെ മൊത്തം നിക്ഷേപം (100 ശതമാനം തുകയും) കൊണ്ട് മിനിമം നിശ്ചയിക്കപ്പെട്ട പെന്‍ഷനായ 1000 രൂപ വരുമാനം ലഭിക്കില്ലെന്ന സാഹചര്യമുണ്ടായാല്‍ മിനിമം പെന്‍ഷന്‍ കിട്ടാന്‍ അയാള്‍ പെന്‍ഷന്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. ജനങ്ങളെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനായി 5 വര്‍ഷക്കാലത്തേക്ക്, അതായത് 2015-16 വരെ സര്‍ക്കാരും ഈ ഫണ്ടിലേക്ക് പ്രതിവര്‍ഷം 1000 രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ പദ്ധതിയിലേക്ക് തൊഴിലാളികളെ ചേര്‍ക്കാന്‍ സര്‍ക്കാര്‍ തകൃതിയായ നീക്കം നടത്തുകയാണ്. മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ സ്വാഭാവികമായും വ്യാപകമായി തൊഴിലാളികള്‍ ഇതിലേക്കാകര്‍ഷിക്കപ്പെടും. ഈ സ്കീമില്‍ ചേര്‍ന്നാല്‍ ഉറപ്പായ ഒരു പെന്‍ഷന്‍ ആനുകൂല്യം അവര്‍ക്ക് കിട്ടുമോ? ഇല്ല എന്നാണുത്തരം.

അസംഘടിത മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇടക്കിടക്ക് അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും, തൊഴില്‍ മാറാനും ഏറെ സാധ്യതകളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തുടര്‍ച്ചയായി പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നതില്‍ വീഴ്ച വന്നാല്‍ എന്തു ചെയ്യണമെന്ന് ഈ സ്കീമില്‍ ഒരിടത്തും ഒന്നും പറയുന്നില്ല. ഒരാള്‍ 5 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തുകയും പിന്നീട് ഒരു വര്‍ഷം വീഴ്ച വരുത്തുകയും ചെയ്യാം. 10 വര്‍ഷം നിക്ഷേപം നടത്തിയശേഷം തൊഴില്‍ ചെയ്ത് വരുമാനം നേടാന്‍ കഴിയാത്ത അവസ്ഥയുണ്ടായി 40-ാം വയസ്സുമുതല്‍ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാം. പെന്‍ഷന്‍ ലഭിക്കാന്‍ അല്ലെങ്കില്‍ ലംപ്സം തുക ലഭിക്കാന്‍ 60 വയസ്സുവരെ അയാള്‍ കാത്തിരിക്കണോ? അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സ്വാഭാവികമായി സംഭവിക്കാന്‍ സാധ്യതയുള്ള സംഗതികളാണ്.

പ്രതിമാസം 100 രൂപ വീതം (വര്‍ഷത്തില്‍ 1200 രൂപ) 30 വര്‍ഷം ഒരു തൊഴിലാളി നിക്ഷേപം നടത്തിയാല്‍ മൊത്തം നിക്ഷേപം 149035 രൂപ വരും. ഈ തുകക്ക് 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാല്‍ പ്രതിമാസ വരുമാനം 993 രൂപവരും. അപ്പോള്‍ ഈ സ്കീമനുസരിച്ച് 1000 രൂപ മിനിമം പെന്‍ഷന്‍ കിട്ടുന്ന പക്ഷം ലംപ്സം തുകയായി അയാള്‍ക്ക് ഒന്നും കിട്ടില്ല. അയാളുടെ നിക്ഷേപത്തിന് 8% പലിശ സ്ഥിരമായി കിട്ടുമെന്നും ഉറപ്പില്ല. 8 ശതമാനം വരുമാനം ഏതെങ്കിലും വര്‍ഷം കിട്ടാത്ത പക്ഷം അയാളുടെ പെന്‍ഷന്റെ സ്ഥിതി എന്തായിരിക്കുമെന്നും വ്യക്തമല്ല.

യഥാര്‍ത്ഥ ലക്ഷ്യം

ഒരു കാര്യം വ്യക്തമാണ്. സ്ഥിരമായി നിക്ഷേപം നടത്തിയാലും പുതിയ പെന്‍ഷന്‍ പദ്ധതി അസംഘടിത തൊഴിലാളിക്ക് ഉറപ്പുള്ള ഒരു പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നില്ല. പെന്‍ഷന്‍, മാര്‍ക്കറ്റിലെ നിക്ഷേപത്തില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. നിക്ഷേപം, ഉറപ്പുള്ള ഒരു നിശ്ചിത പലിശ നിരക്കനുസരിച്ചല്ല; മറിച്ച് ഫണ്ട് മാനേജര്‍മാര്‍ ഓഹരി മാര്‍ക്കറ്റില്‍ നടത്തുന്ന നിക്ഷേപത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും. ഇത്തരം നിക്ഷേപത്തിന് ഒരു നിശ്ചിത വരുമാനം ഉറപ്പു നല്‍കാനും കഴിയില്ല.

മൊത്തത്തില്‍, ഈ പദ്ധതിയുടെ ലക്ഷ്യം മറ്റു ചിലതാണ്. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉറപ്പാക്കാനും, ഓഹരി ദല്ലാള്‍മാര്‍ക്ക് വരുമാനം നേടാനും ഓഹരിമാര്‍ക്കറ്റിലേക്ക് തുടര്‍ച്ചയായി മൂലധനം ഒഴുകിയെത്തേണ്ടത് അനിവാര്യമാണ്. പാവപ്പെട്ട തൊഴിലാളികളുടെ നിക്ഷേപമായ പെന്‍ഷന്‍ഫണ്ട് ഈ ചൂതാട്ടത്തിനുള്ള സ്രോതസ്സാക്കാന്‍ കഴിയും. സാമൂഹ്യ സുരക്ഷയില്ലാത്ത അസംഘടിതമേഖല തൊഴിലാളിക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്നു എന്ന പ്രചരണത്തില്‍ ആകര്‍ഷിക്കപ്പെട്ട് സ്വാവലംബന്‍ സ്കീമില്‍ തൊഴിലാളികള്‍ നിക്ഷേപം നടത്തും. 46 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികള്‍ ഓഹരിമാര്‍ക്കറ്റിലെ ഇടപാടുകാരാവും. അവരുടെ ലക്ഷക്കണക്കിനു കോടി രൂപ മാര്‍ക്കറ്റിലെത്തും. പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യത വരുന്നത് 20ഓ, 30ഓ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നേരത്തെ പരാമര്‍ശിച്ച പി.എഫ്.ആര്‍.ഡി.എ. ബില്ലിലെ വ്യവസ്ഥകളും ഏകപക്ഷീയമായ അധികാരങ്ങളും ഫണ്ടുമാനേജര്‍മാര്‍ക്കും മറ്റും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ കാര്യത്തിലെന്നപോലെ ഇവിടെ ട്രേഡ് യൂണിയനുകള്‍ക്ക് ഇടപെടാനുള്ള അവസരവും നിഷേധിച്ചിരിക്കുന്നു.

വിവിധ രാജ്യങ്ങളിലെ ഓഹരി മാര്‍ക്കറ്റുകളില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപിച്ചതിന്റെ അനുഭവം ഒരു കാര്യം വ്യക്തമാക്കുന്നു. മാര്‍ക്കറ്റ് ഊതി വീര്‍പ്പിക്കാന്‍ പെന്‍ഷന്‍ ഫണ്ടിലെ തൊഴിലാളിയുടെ പണമാണ് എപ്പോഴും ഉപയോഗിക്കപ്പെട്ടത്. ബ്രോക്കര്‍മാരും, ഊഹക്കച്ചവടക്കാരും ലാഭം കൊയ്തപ്പോള്‍ എപ്പോഴും നഷ്ടം സംഭവിച്ചത് തൊഴിലാളികള്‍ക്കായിരുന്നു.

അതിനാല്‍ ഇതിനെ സര്‍ക്കാര്‍ മേഖലയിലെ ഏതാനും കോടി തൊഴിലാളികളുടെ അവകാശവും, പണവും കൊള്ളയടിക്കുന്ന ഒരു പെന്‍ഷന്‍ പദ്ധതി മാത്രമായി കാണാന്‍ കഴിയില്ല. ഈ കൊള്ളയുടെ വ്യാപ്തി അതി തീവ്രമാണ്, വ്യാപകമാണ്.

പെന്‍ഷന്‍ ഇനിമേല്‍ ഉറപ്പുള്ള ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയല്ല. നാടനും വിദേശിയുമായ, നെറികെട്ട നിക്ഷേപകര്‍ക്ക് ഊഹക്കച്ചവടം നടത്താന്‍ ഫണ്ട് പ്രദാനം ചെയ്യുന്ന സ്രോതസ്സ് മാത്രമാണ്. അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട് ഓപ്പറേറ്റര്‍മാരെ പ്രീതിപ്പെടുത്താന്‍ ഈ മേഖല വിദേശ നിക്ഷേപത്തിനായി പൂര്‍ണ്ണമായി തുറന്നു കൊടുക്കുകയാണ്. ഈ ബില്‍ പാസാകുന്ന പക്ഷം കോടിക്കണക്കിനു തൊഴിലാളികളുടെ നിക്ഷേപം ഊഹക്കച്ചവടക്കാരുടെ കൈകളിലെത്തും. സാമൂഹ്യ സുരക്ഷയുടെ പേരു പറഞ്ഞ് കോടിക്കണക്കിന് തൊഴിലാളികളുടെ ചിലവില്‍ നടത്താന്‍ പോകുന്ന നഗ്നമായ ഈ തട്ടിപ്പ് അനുവദിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനും ഈ രാജ്യത്തിനും കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.


*****


തപന്‍ സെന്‍, കടപ്പാട്: ബാങ്ക് വർക്കേഴ്‌ ഫോറം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാർലമെന്റിൽ അവതരിപ്പിച്ച പി.എഫ്.ആര്‍.ഡി.എ. ബില്ലിന്റെ പിന്നിലെ ഗൂഡലക്ഷ്യങ്ങളെക്കുറിച്ച് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ എഴുതുന്നു