Friday, October 14, 2011

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം

അമേരിക്ക അസാധാരണമായ ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കനേഡിയന്‍ വംശജരുടെ സംഘടനയായ ആഡ്ബസ്റ്റേഴ്സ് മുന്നോട്ടുവച്ച ആശയത്തില്‍നിന്നാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മുന്നേറ്റത്തിന്റെ തുടക്കമെങ്കിലും പ്രായോഗികമായി ഒരു സംഘടനയും പ്രത്യക്ഷ നേതൃത്വത്തില്‍ ഉണ്ടായിരുന്നില്ല.ഒരു സംഘം ചെറുപ്പക്കാരാണ് തുടക്കമിട്ടത്. ഇന്ന് അത് വംശത്തിന്റെയും വര്‍ണത്തിന്റെയും പ്രായത്തിന്റെയും ലിംഗത്തിന്റെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായ ബഹുജനമുന്നേറ്റമായി വളര്‍ന്നിരിക്കുന്നു. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വ്യത്യസ്തമാക്കുന്നത്. മുകള്‍പരപ്പിലെ വികാരങ്ങളെ മാത്രമല്ല അവര്‍ അഭിസംബോധന ചെയ്യുന്നത്. അടിസ്ഥാനപ്രശ്നങ്ങളുടെ അടിവേരുകള്‍ തേടുന്നുവെന്നതാണ് പ്രത്യേകത. ഏതൊരു മുന്നേറ്റവും ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞങ്ങള്‍ 99 ശതമാനം എന്ന പ്രഖ്യാപനത്തിലൂടെ അവര്‍ അത് വ്യക്തമാക്കുന്നു. മഹാഭൂരിപക്ഷത്തെയാണ് ഈ ചെറുത്തുനില്‍പ്പ് പ്രതിനിധാനം ചെയ്യുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും കൈയടക്കിയ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ താല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരാണ് തങ്ങളുടെ മുന്നേറ്റമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.

ന്യൂയോര്‍ക്കിലെ മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ഒരു ശതമാനം വരുന്ന ഈ അതിസമ്പന്നര്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന് ഇവര്‍ വിളിച്ചുപറയുന്നു. അമേരിക്കയിലെ വരുമാനത്തിന്റെ 40 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലാണ്. അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് ഇവര്‍ വരച്ചുകാട്ടുന്നത്. അടുത്തകാലത്ത് ഇക്കണോമിസ്റ്റ് വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകത്തില്‍ ഏറ്റവും ശക്തമായ വരുമാന അന്തരം നിലനില്‍ക്കുന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നെന്ന് സൂചിപ്പിക്കുകയുണ്ടായി. വരുമാനത്തിലെ അസമത്വത്തെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പ്രതീകമായ ഗിനി കോയിഫിഷ്യന്റ് അമേരിക്കയില്‍ നാല്‍പ്പതായി ഉയര്‍ന്നിരിക്കുന്നു. ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇരട്ടിയായി. അതില്‍ അതിസമ്പന്നരായ പത്തുപേരുടെ വരുമാനം മൂന്നിരട്ടിയാണ് വര്‍ധിച്ചത്. ഏറ്റവും ചുരുങ്ങിയ കണക്കനുസരിച്ച് അമേരിക്കയിലെ സിഇഒമാരുടെ ശമ്പളം സാധാരണ തൊഴിലാളിയുടെ വരുമാനത്തിന്റെ 300 മടങ്ങ് അധികമാണ്. രണ്ടു ദശകത്തിനുള്ളില്‍ പത്തുമടങ്ങിന്റെ വ്യത്യാസമാണ് വരുമാന അന്തരത്തില്‍ ഉണ്ടായതെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടു പ്രകാരം സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കന്‍ വംശജരുടെ വരുമാനത്തില്‍ 9.8 ശതമാനം ഇടിവുണ്ടായി എന്നാണ്. എന്നാല്‍ , സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ വീണ്ടെടുക്കലിന്റെ കാലത്ത് വരുമാന ഇടിവ് ഇരട്ടിയായി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പറയുന്ന പ്രധാന പ്രശ്നം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുക്കലിനായി നടത്തിയ ജാമ്യമെടുക്കലുകള്‍ ആരെയാണ് രക്ഷിച്ചതെന്ന പ്രധാനചോദ്യം ഇവര്‍ ഉയര്‍ത്തുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജാമ്യമെടുക്കല്‍ നടത്തിയത്. ഇത് കമ്പനികളെ പ്രതിസന്ധിയില്‍നിന്ന് തല്‍ക്കാലത്തേക്ക് കരകയറ്റി. സിഇഒമാരുടെ വരുമാനം ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാക്കി. എന്നാല്‍ , സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാവുകയാണ് ചെയ്തത്. കമ്മി കുറയ്ക്കുന്നതിന് സാമൂഹ്യക്ഷേമ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി വലിയ പ്രതിഷേധം ഉയര്‍ത്തി. വാള്‍സ്ട്രീറ്റാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ധനമൂലധനത്തിന്റെ താല്‍പ്പര്യമാണത്. ഈ താല്‍പ്പര്യത്തിന് എതിരായ നിലപാടാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് ഈ വ്യവസ്ഥയെ തച്ചുടയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കോര്‍പറേറ്റ് ആര്‍ത്തിക്കെതിരായ ശക്തമായ നിലപാടാണ് ഇവരുടേത്.

മൂലധനത്തിന്റെ കൊള്ളലാഭത്തിനായുള്ള ആര്‍ത്തിക്കെതിരാണ് തങ്ങള്‍ എന്ന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ മുന്നേറ്റത്തിന് സവിശേഷമാനം വരുന്നു. ആഗോളവല്‍ക്കരണം ശക്തിപ്പെടുത്തുന്ന ഭീതിജനകമായ തൊഴിലില്ലായ്മ ഈ ജനമുന്നേറ്റത്തിലെ പ്രധാന മുദ്രാവാക്യമാണ്. അമേരിക്ക സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അഭിമുഖീകരിക്കുന്നത്. ഔദ്യോഗികമായി അത് 9.2 ശതമാനമാണ്. അമേരിക്കന്‍ തൊഴില്‍വകുപ്പിന്റെ 2011 ആഗസ്തിലെ കണക്കുപ്രകാരം 16നും 24നും ഇടയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 51.1 ശതമാനായി വര്‍ധിച്ചെന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്നുള്ളത്. അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മയുടെ ഇടവേള 2007ല്‍ 16.6 ആഴ്ചയായിരുന്നെങ്കില്‍ 2011ല്‍ അത് 40.5 ആഴ്ചയായി. സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊഴിലുള്ളവരുടെ വരുമാനത്തിലും വലിയ ഇടിവ് ഇക്കാലയളവിലുണ്ടായി. താല്‍ക്കാലിക തൊഴില്‍ അവസരങ്ങളും ഇടിഞ്ഞു. ഇതാണ് വിദ്യാര്‍ഥികളിലും ചെറുപ്പക്കാരിലും വലിയ പ്രതിഷേധമുയര്‍ത്തിയത്.

സാമൂഹ്യക്ഷേമ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ വര്‍ധിച്ചു. വായ്പയെടുത്ത് പഠിക്കുന്നവരില്‍ നല്ലൊരു പങ്കും ആശ്വാസം കണ്ടെത്തിയിരുന്നത് താല്‍ക്കാലിക തൊഴിലുകളില്‍നിന്നാണ്. ഇവര്‍ വലിയ പ്രതിസന്ധിയിലായി. കടം പെരുകി പഠനം മാത്രമല്ല ജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവരുടെ വലിയ നിരയെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസവും ആരോഗ്യവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമരക്കാര്‍ പറയുന്നു. ഇന്നത്തെ നയങ്ങള്‍ തിരുത്തികുറിക്കുകതന്നെ വേണമെന്ന ബാനറുകള്‍ പലരുടെയും കൈയില്‍ കാണാം. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ മാത്രമല്ല, മൂലധനത്തിന്റെ പ്രകൃതിവിഭവങ്ങളുടെ നഗ്നമായ ചൂഷണത്തിനെതിരെയും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. കാലാവസ്ഥാവ്യതിയാനം പ്രധാനമുദ്രാവാക്യങ്ങളിലൊന്നായി വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികള്‍ സ്വീകരിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അമേരിക്കന്‍ വ്യവസ്ഥയ്ക്കെതിരായ അടിസ്ഥാനപരമായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ആഗോളമാധ്യമങ്ങള്‍ ഈ മുന്നേറ്റത്തെ അവഗണിക്കുന്നത്. എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ ജനമുന്നേറ്റം സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകേണ്ടതാണ്. മനുഷ്യത്വരഹിതമായി നടത്തുന്ന അറസ്റ്റും കുരുമുളക് പ്രയോഗവും ഉള്‍പ്പെടെയുള്ളവയും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അറബ് രാജ്യങ്ങളിലും മറ്റുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ മാധ്യമങ്ങളുടെ നിശബ്ദതയ്ക്കു കാരണം, അവരുടെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ പ്രക്ഷോഭകാരികള്‍ സ്വീകരിക്കുന്നുവെന്നതാണ്. കോര്‍പറേറ്റുകളുടെ കൊള്ളലാഭത്തിനും ധനമൂലധനത്തിന്റെ കഴുത്തറുപ്പന്‍ താല്‍പ്പര്യങ്ങള്‍ക്കും നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കും എതിരാണ് തങ്ങളെന്ന് പ്രക്ഷോഭകാരികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

അണ്ണ ഹസാരെയ്ക്ക് 24 മണിക്കൂറും തത്സമയസംപ്രേഷണം നല്‍കിയ കോര്‍പറേറ്റ് മാധ്യമങ്ങളുടെ ആഗോളപങ്കാളികള്‍ ഇവിടെ നിശബ്ദത പാലിക്കുന്നത് ശ്രദ്ധേയം. സമ്മര്‍ദം തുറന്നുവിടുന്ന ഉപകരണത്തിന്റെ ദൗത്യം നിര്‍വഹിച്ച ഹസാരെ മോഡലുകളില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പ്രക്ഷോഭം ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമോയെന്ന് ഈ മാധ്യമങ്ങള്‍ ഭയപ്പെടുന്നു. ഇത് മനസ്സിലാക്കിത്തന്നെയാണ് ഇക്കൂട്ടര്‍ നിലപാട് സ്വീകരിക്കുന്നത്. തങ്ങളുടെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദല്‍ പത്രംതന്നെ പ്രസിദ്ധീകരിച്ച് പ്രക്ഷോഭകാരികള്‍ പുതിയ മാതൃക സൃഷ്ടിച്ചു. സാധാരണ ഇത്തരം പുതിയ രീതികളെ പിന്തുണയ്ക്കുന്ന സാമൂഹ്യകൂട്ടായ്മകളും തമസ്കരണത്തിന്റെ പുതിയ രീതികള്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച വാര്‍ത്തകളും സന്ദേശങ്ങളും യാഹു സമര്‍ഥമായി മുക്കി. അത് തങ്ങളുടെ സംവിധാനത്തിനു പറ്റിയ സാങ്കേതികപ്പിഴവ് മാത്രമാണെന്ന അപമാനകരമായ വിശദീകരണം നല്‍കി പഴയരീതി പിന്തുടരുകയുംചെയ്തു. അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്ന ചെപ്പടിവിദ്യകള്‍ ട്വിറ്ററും സ്വീകരിച്ചെന്ന വിമര്‍ശവും പ്രസക്തം.

വാള്‍സ്ട്രീറ്റ് മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാനഘടകം ട്രേഡ് യൂണിയനുകള്‍ നടത്തിയ ഐക്യപ്പെടലാണ്. അമേരിക്കയിലെ പ്രധാന തൊഴിലാളി ഫെഡറേഷനായ എഎഫ്എല്‍ - സിഐഒ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിനെ പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഈ മുന്നേറ്റത്തെ ഏറ്റെടുക്കുന്നില്ലെങ്കിലും അവരുടെ നിലപാടുകളോട് യോജിപ്പാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ മോട്ടോര്‍ത്തൊഴിലാളി യൂണിയനും നേഴ്സുമാരുടെ സംഘടനയും ഈ മുന്നേറ്റത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തി. മറ്റു പല തൊഴിലാളി സംഘടനകളും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഇത് അടുത്തകാലത്തൊന്നും അമേരിക്ക കണ്ടിട്ടില്ലാത്ത ഐക്യപ്പെടലാണ്. അമേരിക്കയുടെ വിദേശനയത്തിനെതിരായി ചരിത്രം സൃഷ്ടിച്ച ചില ഒത്തുചേരലുകളും പ്രകടനങ്ങളും ഇതിനുമുമ്പ് നടന്നിട്ടുണ്ടെങ്കിലും അടിസ്ഥാന ഘടനയെ തൊടുന്ന വലിയ മുന്നേറ്റം ആദ്യമായാണ്. വാള്‍സ്ട്രീറ്റ് പടിച്ചെടുക്കലില്‍ തുടങ്ങി എല്ലായിടങ്ങളിലേക്കും അത് വ്യാപിച്ചിരിക്കുന്നു. എത്രമാത്രം പ്രഹരശേഷി ഈ മുന്നേറ്റത്തിന് ഏല്‍പ്പിക്കാന്‍ കഴിയുമെന്ന കാര്യം കാത്തിരുന്നു കാണേണ്ട വിഷയമാണ്. പക്ഷേ, ഇതേ രീതിയില്‍ ആഗോള ധനമൂലധനത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് പഠിപ്പിക്കാന്‍ ഈ മുന്നേറ്റങ്ങള്‍ സഹായകരമാണ്.

*****

പി രാജീവ്, കടപ്പാട് :ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

Anonymous said...

ടെസ്റ്റിംഗ്