Sunday, October 30, 2011

കാറ്റുപോലെ സര്‍വവ്യാപി; അദൃശ്യന്‍

കാറ്റുപോലെ സര്‍വവ്യാപി; അദൃശ്യന്‍ . പി കൃഷ്ണപ്പിള്ളയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയത് കെ മാധവനാര്‍; സഖാവിനെ തൊട്ടറിഞ്ഞ, സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകന്‍; പില്‍ക്കാലത്ത് അകന്നുനിന്ന് സൂക്ഷ്മമായി നോക്കിക്കണ്ടയാള്‍ . ഇത്ര കൃത്യമായി, പൂര്‍ണമായി സഖാവിന്റെ പ്രവര്‍ത്തനരീതിയെ മറ്റാരെങ്കിലും വിലയിരുത്തിയതായി കണ്ടിട്ടില്ല. അത്രയ്ക്ക് ശക്തമാണാ വിവരണം; സത്യസന്ധവും. സൂക്ഷ്മമായി പരിശോധിച്ചാല്‍ പില്‍ക്കാലത്ത് കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് ആ പ്രവര്‍ത്തനശൈലി ഒരു വലിയ കാന്തശക്തിയായിരുന്നതായി കാണാം. ഈ പ്രവര്‍ത്തന ശൈലിക്കൊപ്പം അദ്ദേഹമന്നുയര്‍ത്തിപ്പിടിച്ച- അന്നു പുത്തനായിരുന്ന-രാഷ്ട്രീയ വീക്ഷണവും ഈ മാറ്റങ്ങള്‍ക്കുള്ള മൗലികമായ പ്രേരണാശക്തിയായിരുന്നു. എന്തായിരുന്നു അദ്ദേഹമന്നുയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ വീക്ഷണം?

തൊഴിലാളി വര്‍ഗത്തെ ഭരണാധികാരി വര്‍ഗമായി വളര്‍ത്തുക; ഉയര്‍ത്തുക. അദ്ദേഹമത് പറഞ്ഞ് ഒരു പന്തീരാണ്ടു കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ ആ ആശയം സ്വായത്തമാക്കി. എന്തൊക്കെ ആനുകൂല്യങ്ങള്‍ സര്‍ സി പി നല്‍കാന്‍ തയ്യാറായിട്ടും അവര്‍ ഒറ്റക്കെട്ടായി പറഞ്ഞു: രാഷ്ട്രീയാധികാരമല്ലാതെ മറ്റൊന്നുകൊണ്ടും തങ്ങള്‍ പിന്‍വാങ്ങില്ല. സഖാവിന്റെ ഈ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ നിലപാടും അതേതോതില്‍ സി എച്ച് കണാരനിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സി എച്ചില്‍ മാത്രം കാണുന്ന വലിയൊരു സിദ്ധി. സംഘാടകനെന്ന നിലയില്‍ അദ്ദേഹം കാട്ടിയ മികവ് എതിരാളികള്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയുള്ള അനുസ്മരണങ്ങളില്‍ വിവിധ പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യവും ഇതുതന്നെ. സംഘാടകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രത്യേകതകളും എടുത്തുപറയുന്നുണ്ട്. ചിലത് നോക്കുക:. "പാര്‍ടി നിയമവിധേയമായതോടെ പരസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പാര്‍ടിയുടെ സംഘടനാ യന്ത്രത്തിന്റെ പ്രധാന ചുമതലക്കാരനായി. കമ്യൂണിസ്റ്റ് പാര്‍ടി രണ്ടായപ്പോള്‍ കണാരന്റെ സംഘാടനാപാടവം പരമോച്ച നില പ്രാപിക്കുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ സ്റ്റേറ്റിലെ ഏറ്റവും കെട്ടുറപ്പുള്ള കക്ഷിയായി അദ്ദേഹം രൂപപ്പെടുത്തുകയും ചെയ്തു"

(മലയാള മനോരമ).

"ബഹുജന സംഘടനകളുടെയും ബഹുജന പ്രക്ഷോഭങ്ങളുടെയും സമര്‍ഥനായ ഒരു സംഘാടകനായിരുന്നു സി എച്ച് കണാരന്‍ . പാര്‍ടി സംഘടിപ്പിക്കപ്പെടുന്നതിലും പാര്‍ടി കമ്മിറ്റികളെയും പാര്‍ടി മെമ്പര്‍മാരെയും ബഹുജന പ്രവര്‍ത്തനങ്ങളിലേക്ക് ഇറക്കുന്നതിലും അദ്ദേഹം തന്റെ കഴിവുകള്‍ അന്യാദൃശമായി പ്രകടിപ്പിച്ചിട്ടുണ്ട്"

(ജനയുഗം).

"പ്രഗത്ഭനായ ഒരു സംഘാടകനായിരുന്നു പരേതന്‍"

(കേരള കൗമുദി).

ഈ സംഘടനാപാടവവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുണ്ട്. ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നതതാണ്:

"സംഘടനയുടെയും പ്രക്ഷോഭപരിപാടികളുടെയും വിശദാംശങ്ങളിലുള്ള താല്‍പ്പര്യം, കാഡറുകളെ വിമര്‍ശിച്ചും സ്നേഹിച്ചും വിലയിരുത്തി കൈകാര്യം ചെയ്യാനുള്ള സവിശേഷ സാമര്‍ഥ്യം, പ്രഖ്യാപനങ്ങളേക്കാള്‍ ഫലപ്രാപ്തിയിലുള്ള കണ്ണ്, കേരളത്തിലെ സകല മുക്കും മൂലയും സഖാവ് കൃഷ്ണപിള്ളയെ ഓര്‍മിപ്പിക്കുംവിധം അറിഞ്ഞ് നേതൃത്വം നല്‍കാനുള്ള കഴിവ്, അങ്ങോട്ടു തീര്‍ക്കാനുള്ളതിനേക്കാള്‍ കേട്ടറിയാനുള്ള ക്ഷമയും വിവേകവും-എന്നിങ്ങനെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘാടകനാക്കിത്തീര്‍ത്ത ഘടകങ്ങള്‍ പലതാണ്".

സി എച്ച് കണാരനെപ്പറ്റി എഴുതുമ്പോള്‍ ഇ എം എസും ഈ സവിശേഷഗുണത്തെപ്പറ്റി തന്നെ പറയുന്നു:

"സമര്‍ഥനായ ഒരു ബഹുജനസമര നേതാവ്, തൊഴിലാളി കര്‍ഷകാദി ബഹുജന സംഘടനകളുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഊര്‍ജസ്വലനായ സംഘാടകന്‍ , പാര്‍ടിയുടെ മൗലിക നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യ ശക്തികളെ യോജിപ്പിക്കാന്‍ കഴിവുള്ള നയകോവിദന്‍ - ഈ നിലയ്ക്കെല്ലാമാണ് പൊതുജനങ്ങളുടെ ഇടയില്‍ സി എച്ച് അറിയപ്പെട്ടിരുന്നത്". സി എച്ചിന്റെ സംഘടനാ പ്രവര്‍ത്തനമെന്തായിരുന്നു, എങ്ങനെയായിരുന്നു എന്നൊക്കെ നാം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്; പഠിക്കേണ്ടതുണ്ട്. പാര്‍ടിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പ്രശ്നം തന്റെ അരികിലേക്ക് വരട്ടെ എന്ന സമീപനമായിരുന്നില്ല സി എച്ചിന്റേത്. പ്രശ്നം എവിടെയുണ്ടോ അവിടെ ഓടിയെത്തുക, അതു പരിഹരിക്കാന്‍ വേണ്ടതെന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുക, അതിന് പറ്റുന്ന പ്രവര്‍ത്തകരെ രംഗത്തിറക്കുക, ആ പ്രശ്നം പരിഹരിക്കാനുള്ള തീവ്രമായ പരിപാടികള്‍ തയ്യാറാക്കി പരിഹരിക്കുക. പ്രശ്നപരിഹാരത്തോടെ അവിടെ പ്രസ്ഥാനവും പ്രവര്‍ത്തകരും ഉഷാറാവുകയും ചെയ്യുന്നു. ഇതായിരുന്നു സി എച്ചിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ പൊതുസ്വഭാവം.

എ കെ ജി സി എച്ചിന്റെ ഈ പ്രത്യേകത എടുത്തുപറയുന്നു:

"എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രത്യേക പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സിഎച്ച് അവിടെ ഓടിയെത്തുമെന്ന് മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെയെത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചും അതിന്റെ പ്രചാരണത്തെ സംബന്ധിച്ചും എല്ലാം പ്ലാന്‍ ചെയ്തിട്ടാവും സി എച്ച് അവിടെയെത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി സഖാവ് വിശദമായി പ്ലാന്‍ ചെയ്യും. വളരെ പരിമിതമായി മാത്രമേ സഖാവ് പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളൂ. അതുപോലെ പ്രസംഗങ്ങളും പരിമിതമായി മാത്രമേ ചെയ്യാറുള്ളു. പക്ഷേ മറ്റുള്ളവരെക്കൊണ്ട് പ്രസ്താവന ഇറക്കിക്കുന്നതിനും അവര്‍ എവിടെയായാലും അവരുമായി ബന്ധപ്പെട്ട് അതു ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മിക്കവാറും സമര്‍ഥരായ പ്രവര്‍ത്തകരെയെല്ലാം സഖാവിനറിയാം. ഓരോരുത്തരുടെ കഴിവും ദുര്‍ബലതയും സഖാവ് അളന്നു തൂക്കിവച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രതിസന്ധിയില്‍ ഏത് സഖാവ് അല്ലെങ്കില്‍ ഏതനുഭാവി രംഗത്തിറങ്ങിയാല്‍ പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ കഴിയുമെന്ന് സഖാവിന് തീര്‍ച്ചയുണ്ട്. പിന്നെ അവരെ രംഗത്തിറക്കുന്നതിലാണ് സഖാവിന്റെ ശ്രദ്ധ".

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്കെ പ്രേരകമായ ഒരു രാഷ്ട്രീയ വീക്ഷണം അദ്ദേഹം നേരത്തെ തന്നെ സായത്തമാക്കിയിരുന്നു എന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. പി കൃഷ്ണപിള്ള ഉയര്‍ത്തിപ്പിടിച്ചിരുന്ന അതേ വീക്ഷണം, അതേ തെളിമയോടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 1936ല്‍ തന്നെ ഈ വീക്ഷണത്തിനുവേണ്ടി സി എച്ച് കണാരന്‍ വാദിക്കുന്നത് എം എസ് ദേവദാസ് കേട്ടിട്ടുണ്ട്. അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും അബ്ദുര്‍റഹിമാന്‍ ഗ്രൂപ്പും ചേര്‍ന്ന് ഒറ്റപ്പാലത്തുവച്ച് നടത്തിയ സമ്മേളനത്തിലാണ് സി എച്ചിന്റെ പ്രസംഗം ദേവദാസ് കേട്ടത്. ദേവദാസ് അതിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കെട്ടുകെട്ടിക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യസമരം നടത്തുന്നതിന് പുറമെ, തൊഴിലാളികള്‍ , കൃഷിക്കാര്‍ തുടങ്ങിയ ചൂഷിത ബഹുജനങ്ങളുടെ വര്‍ഗസംഘടനകള്‍ കെട്ടിപ്പടുത്ത്, ഇവിടത്തെ പ്രഭുവര്‍ഗങ്ങളായ ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കുമെതിരായി അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ സംഘടിതസമരങ്ങള്‍കൂടി നടത്തിയാല്‍ മാത്രമേ നമ്മുടെ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത ഒരു സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹമാണ് മറ്റാരേക്കാളുമധികം ദൃഢമായും വിട്ടുവീഴ്ചയില്ലാതെയും അന്നുതന്നെ വാദിച്ചതെന്നു ഞാന്‍ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശക്തിയായ പ്രസംഗശൈലിയും കൈയാംഗ്യങ്ങളും കത്തിജ്വലിക്കുന്ന കണ്ണുകളും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

അധ്വാനിക്കുന്ന ദരിദ്രജനതയുടെ പക്ഷത്ത് എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുക, ചൂഷിത ബഹുജനങ്ങളുടെ വര്‍ഗതാല്‍പര്യങ്ങളും ആ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള സമരവുമാണ് നമ്മുടെ രാജ്യത്ത് ഏത് വിപ്ലവപാര്‍ടിയുടെയും ഏത് വിപ്ലവപ്രസ്ഥാനത്തിന്റെയും ശക്തിക്കാസ്പദമെന്ന് ഏത് പരിതഃസ്ഥിതിയിലും വിസ്മരിക്കാതിരിക്കുക; എല്ലാറ്റിലുമുപരി ഈ രാജ്യത്തിലെ ആഭ്യന്തര വര്‍ഗശത്രുക്കളെക്കുറിച്ചും അവരുടെ രാഷ്ട്രീയ നേതൃത്വമായ കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ചും ഒരിക്കലും വ്യാമോഹങ്ങള്‍ പുലര്‍ത്താതിരിക്കുക-ഈ രാഷ്ട്രീയ ഗുണങ്ങള്‍ ആദ്യം മുതല്‍ക്കേ സഖാവ് സി എച്ചിന്റെ വളര്‍ച്ചയില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഒരു ഘട്ടത്തിലും ബഹുജനങ്ങളെ മറന്നുകൊണ്ടുള്ള കളി കളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ സുപ്രധാനമായ ഒരു വ്യക്തി വൈശിഷ്ട്യമായിരുന്നു".

പി കൃഷ്ണപിള്ളയെപ്പോലെ അദ്ദേഹം സര്‍വവ്യാപിയായിരുന്നു; അദൃശ്യനാവാന്‍ മടിച്ചതുമില്ല.


*****


ആണ്ടലാട്ട്, കടപ്പാട്:ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എ കെ ജി സി എച്ചിന്റെ ഈ പ്രത്യേകത എടുത്തുപറയുന്നു:

"എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രത്യേക പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സിഎച്ച് അവിടെ ഓടിയെത്തുമെന്ന് മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെയെത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചും അതിന്റെ പ്രചാരണത്തെ സംബന്ധിച്ചും എല്ലാം പ്ലാന്‍ ചെയ്തിട്ടാവും സി എച്ച് അവിടെയെത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി സഖാവ് വിശദമായി പ്ലാന്‍ ചെയ്യും. വളരെ പരിമിതമായി മാത്രമേ സഖാവ് പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളൂ. അതുപോലെ പ്രസംഗങ്ങളും പരിമിതമായി മാത്രമേ ചെയ്യാറുള്ളു. പക്ഷേ മറ്റുള്ളവരെക്കൊണ്ട് പ്രസ്താവന ഇറക്കിക്കുന്നതിനും അവര്‍ എവിടെയായാലും അവരുമായി ബന്ധപ്പെട്ട് അതു ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മിക്കവാറും സമര്‍ഥരായ പ്രവര്‍ത്തകരെയെല്ലാം സഖാവിനറിയാം. ഓരോരുത്തരുടെ കഴിവും ദുര്‍ബലതയും സഖാവ് അളന്നു തൂക്കിവച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രതിസന്ധിയില്‍ ഏത് സഖാവ് അല്ലെങ്കില്‍ ഏതനുഭാവി രംഗത്തിറങ്ങിയാല്‍ പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ കഴിയുമെന്ന് സഖാവിന് തീര്‍ച്ചയുണ്ട്. പിന്നെ അവരെ രംഗത്തിറക്കുന്നതിലാണ് സഖാവിന്റെ ശ്രദ്ധ".