Saturday, October 29, 2011

വികസിത രാജ്യങ്ങളിലെ പ്രക്ഷോഭമുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍

ഉപഭോഗാസക്തിക്കെതിരായ ആഡ്ബസ്റ്റേഴ്സ് എന്ന സംഘം ഇന്റര്‍നെറ്റ് വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് പലതരക്കാരായ ആളുകളുടെ ഒരു ഒത്തുചേരലായാണ് സെപ്തംബര്‍ മധ്യത്തില്‍ അമേരിക്കയിലെ പ്രക്ഷോഭം ആരംഭിച്ചത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനം അന്ന് അസംതൃപ്തരും ഒരുപക്ഷേ "അറബ് വസന്ത"ത്താല്‍ പ്രചോദിതരുമായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനമായാണ് കാണപ്പെട്ടത്. അത് ഉടനെ തന്നെ ശിഥിലമായി തിരോഭവിക്കുമെന്നും കരുതപ്പെട്ടു. അത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ഒരു ശല്യമായേക്കുമെന്ന കാരണത്താല്‍ മാത്രമാണ്; അക്രമാസക്തരാകാവുന്ന അരാജകവാദികള്‍ക്ക് ഒരു വേദിയായി എന്ന നിലയ്ക്ക് വിശേഷിച്ചും. എന്നാല്‍ ഈ പ്രസ്ഥാനം അതിജീവിക്കുകയും ശക്തിപ്പെടുകയും ചെയ്തു എന്നുമാത്രമല്ല ലോകവ്യാപകമായി പടരുകയും ചെയ്തു എന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. റോമിലെന്ന പോലെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുമുണ്ടായി. പ്രക്ഷോഭത്തിന്റെ അസംഘടിത സ്വഭാവം അതിന്റെ ദൗര്‍ബല്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പെട്ടെന്നുണ്ടായതാണെങ്കിലും അത് ശക്തിയാര്‍ജിക്കുന്നതും തുടരുന്നതും അതിന്റെ ബലമാണ്. ഇതേ തുടര്‍ന്ന് കോര്‍പറേറ്റ് മൂലധനവും അതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഇത് ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതമായി എന്നത് അത്ഭുതമുളവാക്കുന്നതല്ല. ഈ പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങളാണ്.

ധനികരെ വീണ്ടും കൊഴുപ്പിക്കുകയും മറ്റുള്ളവരെ ദരിദ്രരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കര്‍മാര്‍ക്കും ധനമേലാളന്മാര്‍ക്കും ലഭ്യമായ നീതീകരിക്കാനാത്തത്ര ഭീമമായ "നഷ്ടപരിഹാര"ത്തെയും ധനമൂലധനത്തിന്റെ സാധുതയേയും അത് ചോദ്യം ചെയ്യുന്നു. സമ്പന്നരായ ഒരുശതമാനം ആളുകളിലേക്ക് സാമൂഹ്യ വരുമാനം വഴിതിരിച്ചുവിടുന്നത് വര്‍ധിക്കുമ്പോള്‍(അതില്‍ തന്നെ അതിസമ്പന്നരായ 0.1 ശതമാനം ഏറിയപങ്കും കൈയടക്കുന്നു) മുതലാളിത്തത്തിന്റെ സവിശേഷതയായ വന്‍ അസമത്വത്തെ ഈ പ്രസ്ഥാനം തിരിച്ചറിയുകയും അപലപിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്തിക്കെണിയിലാവുകയും തൊഴില്‍രഹിതരാവുകയും ചെയ്തവര്‍ക്ക് ഒരു സഹായവും ലഭിക്കാതിരുന്നപ്പോള്‍ ധനസ്ഥാപനങ്ങള്‍ക്കും "ബാങ്കര്‍മാര്‍ക്കും" ഭീമമായ "ജാമ്യത്തിലെടുക്കല്‍" നടപ്പാക്കിയതിനെതിരെ അവര്‍ അണിനിരക്കുന്നു. ബജറ്റ് പരിമിതികളുടെ പേരില്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യ ഇടപെടലുകളും പെന്‍ഷനുകളും വെട്ടിക്കുറയ്ക്കുകയും സബ്സിഡികള്‍ പിന്‍വലിക്കുകയും അടിസ്ഥാന സാമൂഹ്യ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ പോലും ധനമാടമ്പിമാര്‍ക്കും കോര്‍പറേറ്റ് മൂലധനത്തിനും കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും മറ്റും അസാധാരണമാം വിധം ഭീമമായ നികുതിയിളവുകള്‍ നല്‍കുന്ന നയം സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലെ പരാജയത്തെയും ഇത് "വേണ്ടത്ര കഴിവില്ലാത്ത" ചിലരുടെ അനിവാര്യ വിധിയാണെന്ന വാദത്തെയും അവര്‍ ചോദ്യം ചെയ്യുന്നു. ഈ മുദ്രാവാക്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായ ഗുണാത്മകമായ നിരവധി വശങ്ങളുണ്ട്.

ആധുനിക സമൂഹങ്ങള്‍ക്ക് ലഭ്യമായ ഏക സാമൂഹ്യ-സാമ്പത്തിക ക്രമം ഏതെങ്കിലും തരത്തിലുള്ള മുതലാളിത്തമാണെന്ന വീക്ഷണത്തിന് വ്യക്തമായ വിമര്‍ശമൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും മുതലാളിത്ത ചലനാത്മകതയുടെ പരിണതഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. വിജയകരമായി സമ്പത്താര്‍ജിക്കുന്നത് സ്വയമേവ നീതീകരിക്കുന്നു എന്ന വാദമുയര്‍ത്തി പ്രകടമായും അനധികൃത മാര്‍ഗങ്ങളിലൂടെ മൂലധനം കുന്നുകൂട്ടുന്നതിന് നിയമസാധുത നല്‍കുന്നതിനെ അവര്‍ തള്ളിക്കളയുന്നു. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തിന്റെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയുമല്ല(മുമ്പ് വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം എതിര്‍ത്തത് അവയാണ്); മറിച്ച് ഭരണകൂടത്തെ വന്‍കിട കോര്‍പറേഷനുകളും അതിസമ്പന്നരും കൈയടക്കുന്നതിനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് വിശേഷിപ്പിച്ചതുപോലെ, രണ്ടാം ലോകയുദ്ധാനന്തര "സുവര്‍ണ യുഗത്തിലെ" മുതലാളിത്തത്തിന്റെ സവിശേഷതയായ ക്ഷേമരാഷ്ട്രത്തെ കോര്‍പറേറ്റ് ക്ഷേമരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെയാണ്.

ഇപ്പറഞ്ഞ വശങ്ങളൊക്കെയുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധാരയിലുള്ളവരെല്ലാം, ഒരു പ്രസ്ഥാനമെന്നതിലുപരി ഒരു പ്രതിഷേധമായ ഇതിന്റെ ചില പരിമിതികളില്‍ അല്‍പം നിരാശരാവും. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വ്യവസ്ഥ എന്ന നിലയില്‍ , അരാജകത്വവും പ്രതിസന്ധിയും മുഖമുദ്രയായ, മുതലാളിത്തത്തോടല്ല അതിന്റെ പരിണിത ഫലങ്ങളോടാണ് ഈ കലാപത്തിന്റെ രോഷവും എതിര്‍പ്പും എന്നതാണ് ഒന്നാമത്തെ കാര്യം. പ്രതീകാത്മക രൂപത്തിലുള്ള നശീകരണമല്ലാതെ സ്വകാര്യ സ്വത്തിനെ താത്വികമായി ചോദ്യചെയ്യുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. മുതലാളിത്തത്തിന്റെ സവിശേഷതയായ "അരാജകത്വം" ചാക്രിക പ്രതിസന്ധികളിലേക്കും പരിഹാരമില്ലാത്ത തൊഴിലില്ലായ്മയിലേക്കും നയിക്കുമെന്ന വീക്ഷണം ഉയരുന്നത് അത് സ്വകാര്യ സ്വത്തിനെ അടിസ്ഥാനമാക്കിയുള്ളതായതിനാലും ഭിന്നമായ തീരുമാനമെടുക്കലുകളാല്‍ നയിക്കപ്പെടുന്നതിനാലുമാണെന്നത് കാണാതെ പോവുന്നു.

മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, വ്യക്തികളായ മുതലാളിമാര്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് ഉരുത്തിരിയുന്ന ഭാവിയെക്കുറിച്ച് ഒരറിവുമില്ലാതെയും മറ്റ് മുതലാളിമാര്‍ എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ച് അവ്യക്തമായ നിഗമനങ്ങള്‍ മാത്രം വച്ചുമായതിനാലാണ് വില്‍പനപ്രശ്നം - അധിക ചരക്ക്, മൂല്യവും പണവും മൂലധനവുമായി പരിവര്‍ത്തിപ്പിക്കുന്നതിലെ കഴിവുകേട് - ഉയരുന്നത്. അവസാനമായി, ഈ പ്രതിഷേധത്തിന് വ്യവസ്ഥയെ മറികടക്കാനുള്ള പ്രകടമായ അഭിലാഷത്തിന്റെ അഭാവമുണ്ട്. അതിനാല്‍ മുതലാളിത്തത്തിന്റെ സവിശേഷമായ ദുരന്തഫലങ്ങളെയും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അതിന്റെ സ്വഭാവത്തെയും മറികടക്കാനാവശ്യമായ ബദല്‍ സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിര്‍ണായക വശങ്ങള്‍ സംബന്ധിച്ച് അവ്യക്തമായി പോലും ഒരു ധാരണയുമില്ല. അതിനാല്‍ ധനത്തെ അസാധുവാക്കുന്നതിനും ഭരണകൂടം സമൂഹത്തില്‍ ഇടപെടുന്ന രീതിയില്‍ നീതിയുടെ തരിമ്പെങ്കിലും ഉറപ്പുവരുത്താനും ജനമുന്നേറ്റത്തിന് കഴിഞ്ഞാലും മുതലാളിത്തം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ഉടനെ മാറ്റം ഉറപ്പുവരുത്താന്‍ അതിന് കഴിയില്ല. സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തിലുള്ള സംശയങ്ങള്‍ക്ക് ഈ അടിസ്ഥാനങ്ങളുള്ളപ്പോഴും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലും അതിന്റെ പൊടിപ്പുകളിലും അന്തര്‍ലീനമായ രാഷ്ട്രീയ മുന്നേറ്റം അംഗീകരിക്കപ്പെടേണ്ടതുണ്ട്.

അറബ് വസന്തത്താല്‍ പ്രചോദിതമായതാണെങ്കില്‍ പോലും ഈ പ്രസ്ഥാനങ്ങളുണ്ടായത് ലോകത്തിലെ അല്‍പവികസിത രാജ്യങ്ങളിലോ അവികസിത രാജ്യങ്ങളിലോ അല്ല, വികസിത രാജ്യങ്ങളിലാണ് എന്നത് ശ്രദ്ധിക്കുക. വികസിത രാജ്യങ്ങളില്‍ തന്നെ, കലാപത്തിന്റെ ആദ്യ സൂചനകള്‍ കണ്ടത് സ്പെയിന്‍ പോലുള്ള രാജ്യങ്ങളിലായിരുന്നെങ്കിലും ഇപ്പോള്‍ പ്രക്ഷോഭം കേന്ദ്രീകരിച്ചിരിക്കുന്നത് മുതലാളിത്തം കൂടുതല്‍ പുരോഗതി നേടിയ മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ , വിശേഷിച്ച് ആഗോള ധനകേന്ദ്രങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലും ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആധുനിക മുതലാളിത്തം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഭാഗികമായി അത് തൊഴിലാളികളുടെ കൂട്ടത്തെ ഒന്നിപ്പിക്കുന്ന തൊഴിലന്തരീക്ഷം കുറഞ്ഞു എന്നതിനാലാണ്. സ്ഥിരമല്ലാത്ത തൊഴിലും ഭീമമായ തൊഴിലില്ലായ്മയും തൊഴില്‍സേനയില്‍ സംഘടിതവും യൂണിയനുകളുള്ളതുമായ തൊഴിലാളികളുടെ അനുപാതം കുറച്ചു എന്നതാണ് മറ്റൊരു കാരണം.

ഇത് സംഭവിക്കുന്നത് മുതലാളിത്തത്തിന്റെ അനിവാര്യമായ ചലനനിയമങ്ങളുടെ ഫലമായിട്ടായിരിക്കുമ്പോള്‍ തന്നെ, തൊഴിലാളിവര്‍ഗത്തെ ദുര്‍ബലമാക്കുന്നതും അതിന്റെ അനുഭവത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കാവുന്ന ഒരു പ്രത്യയശാസ്ത്രത്തിനുള്ള സാധ്യതകള്‍ തകര്‍ക്കുകയും ചെയ്യുന്ന രണ്ട് പ്രധാന സംഭവവികാസങ്ങളുടെ ഇടപെടലുണ്ട്.1960കളിലെ പ്രതിസന്ധിയോടുള്ള പ്രതികരണമായി തൊഴിലാളിവര്‍ഗത്തിന്റെ നേര്‍ക്ക് റീഗന്‍ -താച്ചര്‍ കടന്നാക്രമണം പ്രതിനിധാനം ചെയ്ത വര്‍ഗ പദ്ധതിയാണ് ആദ്യത്തേത്. ഇംഗ്ലണ്ടില്‍ കല്‍ക്കരിഖനി തൊഴിലാളികള്‍ക്ക് നേര്‍ക്ക് മാര്‍ഗരറ്റ് താച്ചറുടെ ഭരണത്തിലുണ്ടായ ആക്രമണമാണ് വര്‍ഗ ഏകീകരണത്തിന്റെ ഈ പുതിയ ഘട്ടത്തെ ദൃഷ്ടാന്തീകരിക്കുന്നത്. വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയുമടക്കം ഗണ്യമായ തോതില്‍ അധിക തൊഴില്‍സേനയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തികാതിര്‍ത്തികള്‍ വിദേശനിക്ഷേപത്തിന് വേണ്ടി തുറന്നിടുന്നതിലേക്ക് നയിച്ച നവ ഉദാരവാദത്തിലേക്കുള്ള പ്രതിയശാസ്ത്ര മാറ്റമാണ് ഈ "രാഷ്ട്രീയ" പ്രവണതയ്ക്ക് വഴിയൊരുക്കിയത്. ഇതിന്റെ ഫലമായി സാമ്രാജ്യത്വ മൂലധനത്തിന് ലോകത്തെ കൂലികുറഞ്ഞ തൊഴിലാളികളുടെ മൊത്തം കരുതല്‍സേനയെ ലഭ്യമായത് വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ വിധിയെഴുതി.

മൂലധനം ചരക്കുകളുടെ ഉല്‍പാദനവും സേവനങ്ങള്‍ പോലും അല്‍പവികസിത രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ശക്തി ഗണ്യമായി ചോര്‍ത്തപ്പെട്ടു. ഇതിനുപുറമെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും യഥാര്‍ഥത്തിലുണ്ടായിരുന്ന സോഷ്യലിസത്തിന്റെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ നടപ്പാക്കാനാരാംഭിച്ചതും ഏല്‍പിച്ച പ്രത്യയശാസ്ത്ര പ്രഹരം. കമ്യൂണിസ്റ്റ് ബദലിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്ന സമ്പദ്‌വ്യവസ്ഥകളുടെ, യഥാര്‍ഥത്തില്‍ നിലവിലുണ്ടായിരുന്ന, പതിപ്പുകള്‍ തിരോഭവിക്കുകയോ അവയ്ക്ക് സാധുത നഷ്ടപ്പെടുകയോ ചെയ്തതോടെ മുതലാളിത്തത്തിന് ബദലില്ലെന്ന വാദത്തിന് വേരുപിടിച്ചു. അതിന്റെ വക്താക്കള്‍ "ചരിത്രത്തിന്റെ അന്ത്യം" പോലും പ്രഖ്യാപിച്ചു.1960കളുടെ രണ്ടാം പകുതിയിലെ പ്രതിഷേധങ്ങളുടെ ഇടക്കാലത്തിന് ശേഷം ഇത് വിപ്ലവശ്രമങ്ങളുടെ ശ്രദ്ധാകേന്ദ്രം നിര്‍ണായകമായും മൂന്നാംലോകത്തേക്ക് തിരിഞ്ഞതായി ചില നിരീക്ഷകര്‍ വിശ്വസിക്കുന്നതിനിടയാക്കി. ഈ പശ്ചാത്തലത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കുള്ള മടക്കത്തിന്റെ ഏത് സൂചനയും തീര്‍ച്ചയായും സോഷ്യലിസ്റ്റ് പ്രതീക്ഷയുണര്‍ത്തുന്നതാണ്.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഏറ്റവും ആവേശകരമായ കാര്യം പ്രസ്ഥാനത്തിന്റെ പ്രതിഷേധം പൊതുവില്‍ മൂലധനത്തിനും വിശേഷിച്ച് ധനമൂലധനത്തിനും നേര്‍ക്കുള്ളതാണ് എന്നതാണ്. ഇതിനെ ഭരണകൂടത്തിന് നേര്‍ക്കുള്ളതും മൂലധനത്തെ ലക്ഷ്യമിടാത്തതുമായ ഗണ്യമായ പൗരസമൂഹ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യേണ്ടതാണ്. ഇവിടെ ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രധാനമായും മൂലധനത്തെ സഹായിക്കുന്നതിന്റെ പേരിലാണ്. അല്ലാതെ വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം ചെയ്തതുപോലെ ഭരണകൂട ഇടപെടലിന് എതിരായല്ല. ഈ മൂലധന വിരുദ്ധ അന്തരീക്ഷം ഉയര്‍ന്നുവന്നത് ഈ പ്രസ്ഥാനത്തിന് ഉദയം നല്‍കിയ സാഹചര്യങ്ങള്‍ മൂലമാണ്.

1930കളിലെ മഹാമാന്ദ്യം മാറ്റിവച്ചാല്‍ മുതലാളിത്തം തീര്‍ച്ചയായും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ പ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയപ്പോഴല്ല ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. മറിച്ച് പുതിയ പ്രതിസന്ധി ആവിര്‍ഭവിച്ച് നാലുവര്‍ഷത്തിന് ശേഷം, ഭരണകൂടത്തിന്റെ ഭീമമായ ജാമ്യത്തിലെടുക്കല്‍ നടപടികളും ഉത്തേജന പദ്ധതികളും സാമ്പത്തിക തകര്‍ച്ച തടഞ്ഞ് വീണ്ടും വളര്‍ച്ചയ്ക്കിടയാക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. പ്രതിസന്ധി മൂര്‍ഛിക്കാനുള്ള സാധ്യതയാണ് കാണപ്പെടുന്നത്. അതിനാല്‍ മുതലാളിത്തത്തിന് യഥാര്‍ഥത്തില്‍ അതിന്റെ സാമ്പത്തിക സാധുത നഷ്ടപ്പെട്ട വേളയിലുയര്‍ന്ന പ്രക്ഷോഭം അതിന് മുതലാളിത്ത വിരുദ്ധ സ്വാഭാവം നല്‍കുന്നുണ്ട്. കൂടാതെ പ്രതിസന്ധി നേരിടാന്‍ വന്‍തോതില്‍ ഒഴുക്കിയ വിഭവങ്ങള്‍ പ്രധാനമായും പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കൊഴുപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രതിസന്ധിക്ക് ഉത്തരവാദികളല്ലാതിരുന്നിട്ടും അതിന്റെ ദുരിതം പേറേണ്ടിവന്നവര്‍ ഇപ്പോഴും അതിന്റെ ഏറ്റവും മോശമായ ഫലങ്ങള്‍ അനുഭവിക്കുകയാണ്. പ്രക്ഷോഭം ഇങ്ങിനെമാത്രം പോര എന്നത് പറയേണ്ടതില്ല. പ്രാഥമികമായും മുതലാളിത്ത വിരുദ്ധമായി ആരംഭിച്ച് പടരുന്ന പ്രക്ഷോഭം ധനമൂലധത്തിന്റെ പ്രതാപത്തെയും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെയും നേരിടാനുള്ള കരുത്ത് നേടണം. അതിന് യഥാര്‍ത്ഥത്തില്‍ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ടിന്റെ ശക്തിയെ മറികടക്കാനാവണം. അതിന് കൂടുതല്‍ വിപുലമായ ഏകോപനവും സംഘടനാ രൂപവും അതിനെല്ലാമുപരി കേവല രോഷത്തിനപ്പുറം ഒരു പരിപാടിയും കണ്ടെത്തണം.

"എന്തു ചെയ്യണം" എന്നകാര്യത്തില്‍ അതിന് പ്രയോഗക്ഷമമായ ഒരാശയം വേണം. അല്ലെങ്കില്‍ അവ യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികള്‍ പോലെ നിലവിലെ മധ്യ ഇടതുസംഘടനകളിലെ വിപ്ലവകാരികളായ വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ ശക്തിപ്പെടുത്തി സോഷ്യല്‍ ഡെമോക്രസിയുടെ ജീര്‍ണ രൂപത്തിലേക്കുള്ള മടക്കം തടയുകയും വേണം. അത് സംഭവിച്ചില്ലെങ്കില്‍ പ്രസ്ഥാനം ശിഥിലമാവുകയും മറ്റ് താല്‍പര്യങ്ങളുള്ളവരുടെ ചൂഷണത്തിനിരയാവുക പോലും ചെയ്യും. അറബ് വസന്തത്തിന് ശേഷം, പ്രക്ഷോഭം അവസാനിച്ചിടത്ത് നിന്ന് നേതൃത്വം കൈയടക്കാന്‍ മൗലികവാദികളും സൈന്യത്തിലെ ദുഷ്ടശക്തികളും ശ്രമിക്കുന്ന ഈജിപ്തിലെ സംഭവവികാസങ്ങള്‍ ശക്തമായ ഒരു നങ്കൂരമില്ലാത്ത പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയിലെ അപകടങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ്.

*****


സി പി ചന്ദ്രശേഖര്‍, കടപ്പാട് :ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഏറ്റവും ആവേശകരമായ കാര്യം പ്രസ്ഥാനത്തിന്റെ പ്രതിഷേധം പൊതുവില്‍ മൂലധനത്തിനും വിശേഷിച്ച് ധനമൂലധനത്തിനും നേര്‍ക്കുള്ളതാണ് എന്നതാണ്. ഇതിനെ ഭരണകൂടത്തിന് നേര്‍ക്കുള്ളതും മൂലധനത്തെ ലക്ഷ്യമിടാത്തതുമായ ഗണ്യമായ പൗരസമൂഹ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യേണ്ടതാണ്. ഇവിടെ ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രധാനമായും മൂലധനത്തെ സഹായിക്കുന്നതിന്റെ പേരിലാണ്. അല്ലാതെ വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം ചെയ്തതുപോലെ ഭരണകൂട ഇടപെടലിന് എതിരായല്ല. ഈ മൂലധന വിരുദ്ധ അന്തരീക്ഷം ഉയര്‍ന്നുവന്നത് ഈ പ്രസ്ഥാനത്തിന് ഉദയം നല്‍കിയ സാഹചര്യങ്ങള്‍ മൂലമാണ്.