Saturday, October 15, 2011

എസ്.ബി.ടിയെ തകര്‍ക്കരുത്

കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ . തിരുവിതാംകൂര്‍ കമ്പനി നിയമപ്രകാരം 1945 സെപ്തംബര്‍ 12ന് രജിസ്റ്റര്‍ചെയ്ത് 1946 ജനുവരി 17ന് പ്രവര്‍ത്തനമാരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ , ടആക ടൗയശെറശമൃ്യ അരേ നിലവില്‍വന്ന 1960 ജനുവരി ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയറ്റ് ബാങ്കായി പ്രവര്‍ത്തിക്കുന്നു. 1960ല്‍ 28 ശാഖയും 8.27 കോടി രൂപ നിക്ഷേപവും 4.10 കോടി രൂപ വായ്പയുമായി ആരംഭിച്ച ബാങ്കിന് 2011 മാര്‍ച്ചിലെ കണക്കുപ്രകാരം രാജ്യത്തെ 13 സംസ്ഥാനത്തിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 792 ശാഖയും 18 എക്സ്റ്റന്‍ഷന്‍ കൗണ്ടറുമുണ്ട്. 57,599 കോടി രൂപയുടെ നിക്ഷേപവും 46,044 കോടി വായ്പയും ചേര്‍ത്ത് മാര്‍ച്ച് 2011ല്‍ ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ മൊത്ത ബിസിനസ് എന്ന ലക്ഷ്യം പിന്നിട്ടു. ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 727.73 കോടി രൂപയാണ്.
കേരളത്തിന്റെ വികസനപ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ചും, ഗ്രാമീണ- കാര്‍ഷിക മേഖലകളിലും ചെറുകിട വായ്പാരംഗത്തും കഴിഞ്ഞ 65 വര്‍ഷമായി ഗണ്യമായ സംഭാവന നല്‍കിവരുന്ന ബാങ്കാണ് എസ്ബിടി. വിദ്യാഭ്യാസ വായ്പാവിതരണത്തിന്റെ കാര്യത്തില്‍ മാതൃകാപരമായി ഇടപെടുകയും 1713 കോടി രൂപ ഈയിനത്തില്‍ വിതരണം നടത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം 19,782 കുട്ടികള്‍ക്ക് 565 കോടി രൂപയാണ് വിദ്യാഭ്യാസവായ്പ നല്‍കിയത്. ഇപ്പോള്‍ എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയറ്റ് ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 2008ല്‍ എസ്ബിഐയില്‍ സംയോജിപ്പിച്ച സൗരാഷ്ട്രാ ബാങ്കിലും 2010ല്‍ ലയിപ്പിച്ച ഇന്‍ഡോറിലും നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ജീവനക്കാരും ഓഫീസര്‍മാരും തികഞ്ഞ അസംതൃപ്തിയിലാണ്. ലയനസമയത്ത് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന അഞ്ച് ബാങ്കിന്റെ ലയനം ജീവനക്കാര്‍ക്ക് ഗുണകരമാകില്ലെന്നു മാത്രമല്ല, ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്നതാണ് നമ്മുടെ മുന്നിലുള്ള അനുഭവം.

ഈയടുത്ത കാലങ്ങളില്‍ നിരവധി സ്വകാര്യബാങ്കുകളും വിദേശ ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുപോലും സംസ്ഥാനത്തെ മൊത്തം ബാങ്ക് ഇടപാടിന്റെ 23 ശതമാനവും എസ്ബിടിയാണ് നിര്‍വഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, മറ്റ് മാനവവികസന സൂചികകള്‍ എന്നിവയില്‍ കേരളം മുന്‍പന്തിയിലെത്തിയതിനു പിന്നില്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്. എസ്ബിടിപോലെ കേരളത്തില്‍ ഹെഡ് ഓഫീസുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനവും ഇതിന് കാരണമായിട്ടുണ്ട്.

സ്വകാര്യ ബാങ്കുകളെ വിദേശികള്‍ക്ക് കൈമാറാനും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനും ഉദ്ദേശിച്ചാണ് ബാങ്കിങ് റഗുലേഷന്‍ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ 43.5 ശതമാനവും ധനലക്ഷ്മി ബാങ്കിന്റെ 30.6 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 39.9 ശതമാനവും കാത്തലിക് സിറിയന്‍ ബാങ്കിന്റെ 38 ശതമാനവും ഓഹരികള്‍ ഇപ്പോള്‍ത്തന്നെ വിദേശീയരുടെ കൈകളിലാണ്. ഭേദഗതി പാസാകുന്നപക്ഷം കേരളത്തിന്റെ മുഖ്യ സ്വകാര്യ ബാങ്കുകളായ ഇവയെ കൈപ്പിടിയിലൊതുക്കാന്‍ വിദേശികള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. ഭേദഗതിപ്രകാരം എല്ലാ ദേശസാല്‍കൃത ബാങ്കുകളുടെയും മൂലധനം 3000 കോടി രൂപയാക്കി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ നീക്കം ദേശസാല്‍കൃത ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന നടപടിയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥാവകാശത്തില്‍ കാര്യമായ ശോഷണത്തിനും വഴിവയ്ക്കും. നിലവിലെ നിയമപ്രകാരം സര്‍ക്കാരിന് കുറഞ്ഞത് 51 ശതമാനവും സ്വകാര്യവ്യക്തികള്‍ക്ക് പരമാവധി 49 ശതമാനവും എന്ന രീതിയിലാണ് ഓഹരി ഉടമസ്ഥാവകാശം. എന്നാല്‍ , ഭൂരിപക്ഷം ബാങ്കുകളിലും സര്‍ക്കാരിന്റെ ഓഹരിയുടമസ്ഥാവകാശം 51 ശതമാനത്തിനുമേലെയാണ്. മൂലധനം വര്‍ധിപ്പിക്കുന്നതിന് ഓഹരിക്കമ്പോളത്തില്‍ ഇറങ്ങുന്നതോടെ സ്വകാര്യ നിക്ഷേപകരുടെ ഓഹരി എല്ലാ ബാങ്കിലും 49 ശതമാനത്തില്‍ എത്തിച്ചേരുമെന്ന കാര്യത്തില്‍ സംശയമില്ല.

ബാങ്ക് ദേശസാല്‍ക്കരണ നിയമപ്രകാരം പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകള്‍ക്ക് എത്ര ശതമാനം ഓഹരി കൈയിലുണ്ടെങ്കിലും വോട്ടിങ് ഒരു ശതമാനമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ ഭേദഗതിവഴി അത് 10 ശതമാനമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള (മൂലധന വര്‍ധനയ്ക്കുവേണ്ടി ഓഹരിക്കമ്പോളത്തില്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കുന്നത്) സ്വകാര്യ ഓഹരി വര്‍ധനയുടെ വെളിച്ചത്തില്‍ ഏതെങ്കിലും അഞ്ചോ അതിലധികമോ കോര്‍പറേറ്റുകള്‍ ഒത്തുചേര്‍ന്ന് ഉണ്ടാകുന്ന Cartel ന് പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണമേറ്റെടുക്കാവുന്ന സ്ഥിതി ഉണ്ടാകും.

*
പി വി ജോസ് (എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈയടുത്ത കാലങ്ങളില്‍ നിരവധി സ്വകാര്യബാങ്കുകളും വിദേശ ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുപോലും സംസ്ഥാനത്തെ മൊത്തം ബാങ്ക് ഇടപാടിന്റെ 23 ശതമാനവും എസ്ബിടിയാണ് നിര്‍വഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, മറ്റ് മാനവവികസന സൂചികകള്‍ എന്നിവയില്‍ കേരളം മുന്‍പന്തിയിലെത്തിയതിനു പിന്നില്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്. എസ്ബിടിപോലെ കേരളത്തില്‍ ഹെഡ് ഓഫീസുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനവും ഇതിന് കാരണമായിട്ടുണ്ട്.