Monday, October 24, 2011

ആശയം ഒരു ആത്മവിശ്വാസം

കാള്‍ മാര്‍ക്സിന്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ച് ഏറെ രേഖകളൊന്നും പുറംലോകത്ത് എത്തിയിരുന്നില്ല. അധ്യാപകരെയും സഹപാഠികളെയുംകുറിച്ച് അദ്ദേഹമോ സമകാലീനരോ കൃത്യമായി എഴുതിയതായും കാണുന്നില്ല. എന്നാല്‍ 1835 ആഗസ്ത് 25ന് ട്രിയറിലെ ജിംനേഷ്യം കോളേജ് നല്‍കിയ ഒരു രേഖ ശ്രദ്ധേയമാണ്. 1830 മുതല്‍ അഞ്ചുവര്‍ഷം മാര്‍ക്സ് അവിടെ പഠിച്ചുവെന്നും പതിനേഴാം വയസ്സില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുവെന്നും അതിലുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കുംമുമ്പ് ജിംനേഷ്യത്തിലെ വിദ്യാര്‍ഥികള്‍ ഒരു പ്രബന്ധം തയ്യാറാക്കി നല്‍കണം. "ഉദ്യോഗം തെരഞ്ഞെടുക്കുംമുമ്പ് ഒരു യുവാവിന് ഉണ്ടാകുന്ന ചിന്തകള്‍" എന്നതായിരുന്നു നിര്‍ദേശിക്കപ്പെട്ട വിഷയം. മാര്‍ക്സ് ഒഴികെയുള്ള മറ്റ് സഹപാഠികള്‍ അതിവേഗം പ്രബന്ധം പൂര്‍ത്തിയാക്കി നല്‍കി. അവയിലെല്ലാം ഒരേ അഭിപ്രായപ്രകടനമായിരുന്നു. അതിനവര്‍ ഉപയോഗിച്ച ഭാഷക്കും സാമ്യമുണ്ടായി. എന്നാല്‍ മാര്‍ക്സ് ഏറെ വ്യത്യസ്തതയോടെയാണ് ചിന്തിച്ചതും എഴുതിയതും. ഒരു യുവാവിന്റെ ജീവിതമാര്‍ഗം തെരഞ്ഞെടുക്കല്‍ എന്ന തലക്കെട്ടിലുള്ള ആ പ്രബന്ധം ഇങ്ങനെ ആരംഭിച്ചു. "...മാനവ സമുദായത്തിന്റെ നന്മക്കായി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാനുതകുന്ന ഒരു തൊഴിലാണ് നാം തെരഞ്ഞെടുക്കുന്നതെങ്കില്‍ , വൈഷമ്യഭാരങ്ങള്‍ നമ്മുടെ നടുവളയ്ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ആ ത്യാഗങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണല്ലോ. അതിലൂടെ നമുക്ക് ലഭിക്കുന്ന ആനന്ദമോ? അത് ക്ഷുദ്രമോ പരിചിതമോ വ്യക്തിപരമോ ആയിരിക്കില്ല. അപ്പോള്‍ നമ്മുടെ കര്‍മങ്ങള്‍ ഒരുക്കത്തോടെയാണെങ്കിലും നിത്യതയിലേക്ക് നീളുന്നു. നന്മ നിറഞ്ഞവരുടെ തിളക്കമാര്‍ന്ന അശ്രുകണങ്ങള്‍ നമ്മുടെ ചിതാഭസ്മത്തില്‍ പതിക്കും..." അതവിടെ നിന്നില്ല. സാമൂഹ്യബന്ധങ്ങള്‍ വ്യക്തികള്‍ അറിയാതെതന്നെ രൂപം കൊള്ളുന്നത് സംബന്ധിച്ചും മഹത്വത്തിന്റെ പുതിയ നിര്‍വചനം മുന്‍നിര്‍ത്തിയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ്.

"...നമുക്ക് യോജിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ മിക്കപ്പോഴും സാധ്യമാകുന്നതല്ല. കാരണം സാമൂഹ്യബന്ധങ്ങള്‍ നാം അറിയാതെ നമുക്കവയെ മനസിലാക്കാന്‍ സാധിക്കും മുമ്പേ തന്നെ നമ്മില്‍ രൂപംകൊള്ളുന്നു... തനിക്കുവേണ്ടിമാത്രം ജീവിക്കുന്നവര്‍ക്ക് പ്രസിദ്ധനായ ശാസ്ത്രജ്ഞനോ വലിയ സിദ്ധനോ മഹാകവിയോ ആയിത്തീരാന്‍ ഒരു പക്ഷേ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ഥത്തില്‍ കുറ്റമറ്റവനോ മഹാത്മാവോ ആകുന്നില്ല. ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച് സ്വയം മഹത്വം നേടുന്നവരെയാണ് ചരിത്രം മഹാത്മാക്കളായി അംഗീകരിക്കുന്നത്..." അങ്ങനെ ഒരു തത്വത്തിന്റെ ആദ്യകിരണം ഇരുളടഞ്ഞ മഴക്കാലത്തെ ഇരുളടഞ്ഞ തമസ്സിലൊരു മിന്നലെന്നോണം ആ ബാലന്റെ മസ്തിഷ്കത്തില്‍ തിളങ്ങി. അതിന്റെ പരിപൂര്‍ണതയിലേക്കുള്ള വളര്‍ച്ച മാനവരാശിയുടെ അനശ്വര സേവനമായിത്തീര്‍ന്നു എന്ന മട്ടിലാണ് ഒരു നിരീക്ഷകന്‍ മാര്‍ക്സിന്റെ ആ പ്രബന്ധത്തെ വൈകാരികമായി സ്ഥാനപ്പെടുത്തിയത്. ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ മനസ്സില്‍ തമസ്സിലെ മിന്നലെന്നോണം തിളങ്ങിയ ചിന്തകള്‍ അവരെ ചരിത്രത്തിനു മുന്നില്‍ നടക്കാന്‍ പ്രാപ്തമാക്കി. സ്വയം നവീകരണത്തിലൂടെ ഒരു ജനസമൂഹത്തെയാകെ പുതുക്കിപ്പണിയുകയായിരുന്നു അവര്‍ .

പശ്ചാത്തല പരിമിതികളെ കടന്നുവച്ച് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നുവച്ച കേരളീയ നേതാക്കളില്‍ അവിസ്മരണീയമായ ഓര്‍മയാണ് സി എച്ച് കണാരന്‍ . എസ്എസ്എല്‍സിക്ക് കണക്കില്‍ 100ല്‍ 99 മാര്‍ക്ക്നേടിയ ആ മിടുക്കന്‍വിദ്യാര്‍ഥി സാമൂഹ്യരംഗത്തും ഒന്നാമനാവുകയായിരുന്നു. തീര്‍ത്തും പ്രതികൂലങ്ങളായ സാഹചര്യങ്ങളുടെ വന്‍മതിലുകള്‍ തച്ചുടച്ചുകൊണ്ടാണ് സി എച്ച് യൗവനം മുതല്‍ ശ്രദ്ധേയനായത്. തോറ്റുകൊണ്ടിരിക്കുമ്പോഴും ശരികളിലിരുന്ന് നിസ്സംഗം ദഹിച്ച, തലകീഴായ ലോകത്തിന്റെ "വിധി" തിരുത്താന്‍ സത്യവചനങ്ങളെഴുതിയ, നാണയ വഞ്ചനാലോകം ജയിക്കുന്നതിന്റെ ചതിക്കണക്ക് പൊളിച്ചുകാട്ടിയ, അപ്രമാദമാം വിധം അനൂകൂലമായ സാഹചര്യങ്ങളിലേ സമരമാകാവൂ എന്ന സൗകര്യവാദത്തെ കുടഞ്ഞെറിഞ്ഞ-അടിമുടി വിപ്ലവവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു സി എച്ചിന്റെത്. തലയിലെ അഞ്ചു മുടി കൊഴിഞ്ഞാല്‍ ഡോക്ടര്‍ക്ക് കത്തെഴുതുകയും പതിനായിരം രൂപ കടംവന്നാല്‍ ആത്മഹത്യയിലേക്ക് പലായനം ചെയ്യുകയും ഒരു തെരഞ്ഞെടുപ്പു തോല്‍വിയോടെ എല്ലാം അവസാനിച്ചുവെന്ന് അടക്കംപറയുകയും ചെയ്യുന്ന മലയാളി ശീലങ്ങളെ മുപ്പതുകളില്‍തന്നെ അദ്ദേഹം കടന്നുപിടിച്ചിരുന്നു. ആശയങ്ങളെയും ആദര്‍ശങ്ങളെയും സംശയാസ്പദമാക്കുന്ന ആത്മവിശ്വാസക്കുറവിനെ ആ പോരാളി പൊറുപ്പിച്ചതേയില്ല. കമ്യൂണിസ്റ്റുകാര്‍ വിജയങ്ങളുടെ വേലിയേറ്റങ്ങളില്‍നിന്ന് മാത്രമല്ല തോല്‍വികളുടെ പരമ്പരകളില്‍നിന്നും ഊര്‍ജം സംഭരിക്കേണ്ടതുണ്ടെന്ന് പലവട്ടം ഓര്‍മപ്പെടുത്തുകയുമുണ്ടായി. 1946 മാര്‍ച്ച് 21. മദിരാശി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കോട്ടയം-വയനാട് പൊതുനിയോജകമണ്ഡലത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി സി എച്ച്. എതിരാളിയാവട്ടെ പഴയ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകന്‍ എം പി ദാമോദരന്‍ . അദ്ദേഹം മോശമല്ലാത്ത ഭൂരിപക്ഷത്തിന് വിജയിച്ചു. തലശേരി മൈതാനിയില്‍ ഉത്ക്കണ്ഠയോടെ ഫലം കാത്തിരിക്കുകയായിരുന്നു പാര്‍ടി പ്രവര്‍ത്തകര്‍ . അസ്വസ്ഥരായ അവരുടെ ഇടയിലേക്ക് പുഞ്ചിരിയോടെ കയറിവന്നു. "...സഖാക്കളേ, നമ്മള്‍ തോറ്റു. വിജയത്തിന് മുന്നോടിയായ പരാജയം. അതെന്തായാലും ടൗണില്‍ നമുക്കൊരു പ്രകടനം നടത്തണം..." സി എച്ചിന്റെ കഴുത്തില്‍ ചുവന്ന ഹാരങ്ങള്‍ നിറഞ്ഞു. അദ്ദേഹത്തെ മുന്നില്‍ നടത്തിയ ആഹ്ലാദറാലി നഗരത്തിലൂടെ നീങ്ങി. പലര്‍ക്കും സംശയമായി.

സി എച്ചാണോ വിജയിച്ചത്. എം പി ദാമോദരനെ ആനയിച്ചുള്ള കോണ്‍ഗ്രസ് പ്രകടനമാണ് സംശയ നിവൃത്തി വരുത്തിയത്. പരാജയങ്ങളില്‍നിന്നുപോലും ഊര്‍ജം ഊറ്റിയെടുക്കുന്ന രീതിയായിരുന്നു സിഎച്ചിന്റേത്. നിരീശ്വരവാദ പ്രസ്ഥാനത്തിലൂടെയാണ് കണാരന്‍ പൊതുപ്രവര്‍ത്തനത്തിന്റെ ആദ്യപടികള്‍ കയറുന്നത്. കുട്ടികളെയും ചെറുപ്പക്കാരെയും വിളിച്ചുകൂട്ടി "ഈശ്വരനുണ്ടോ, ഇല്ലയോ" എന്ന വിഷയത്തില്‍ ഒട്ടേറെ ചര്‍ച്ചാ യോഗങ്ങള്‍ നടത്തി. മൊയാരത്ത് ശങ്കരനും സര്‍ദാര്‍ ചന്ത്രോത്ത് കുഞ്ഞിരാമന്‍നായരുമൊക്കെ ഈ പരിശ്രമങ്ങളില്‍ പിന്തുണയായിരുന്നു. ചില യോഗങ്ങളില്‍ അപസ്വരങ്ങളും കൂവലുമൊക്കെ അകമ്പടിയായുണ്ടായി. ഏറും തല്ലും കിട്ടിയ ചുരുക്കം സന്ദര്‍ഭങ്ങളും. അന്ന് വികസിച്ച സൗഹൃദവലയം പിന്നീട് കോണ്‍ഗ്രസ് കമ്മിറ്റികളും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് യൂണിറ്റുകളും കര്‍ഷകസംഘങ്ങളും വായനശാലകളും പടുത്തുയര്‍ത്താന്‍ സി എച്ചിനും സഹപ്രവര്‍ത്തകര്‍ക്കും വലിയ തുണയായി. അക്കാലത്തുതന്നെ തലശേരി പ്രദേശത്ത് സാഹിത്യസമാജങ്ങള്‍ വിളിച്ചുചേര്‍ക്കാനും കണാരന്‍ മുന്‍കൈയെടുത്തു. അവിടെയും നിരീശ്വരവാദത്തിന്റെ ആശയങ്ങള്‍ പ്രസരിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ വാഗ്ഭടാനന്ദനും മറ്റും ഈശ്വരനുവേണ്ടി നിലകൊണ്ടത് ചര്‍ച്ചകളില്‍ തീപ്പൊരിയുതിര്‍ത്തു. ദേശീയ വികാരത്തിന്റെ രചനകളിലൂടെ സാന്നിധ്യമറിയിച്ച വള്ളത്തോളിന്റെ ആരാധകരായി പ്രദേശത്തെ ചെറുപ്പക്കാര്‍ മാറിക്കഴിഞ്ഞിരുന്നു. സി എച്ച് നേതൃത്വം കൊടുത്ത സാഹിത്യസമാജങ്ങളിലും യുക്തിവാദ ധാരയിലും മുഴുകുന്നവരായിരുന്നു അവര്‍ . വള്ളത്തോളിനെ പങ്കെടുപ്പിച്ച് വിപുലമായ സാഹിത്യസമ്മേളനം നടത്താന്‍ ആ യുവാക്കള്‍ നിശ്ചയിച്ചു. തലശേരിയിലിറങ്ങിയ കവിയെ ആനപ്പുറത്തേറ്റിയാണ് സമ്മേളന വേദിയിലെത്തിച്ചത്.

1934ല്‍ നടന്ന ആ സാഹിത്യ കൂടിച്ചേരലിലാണ് മഹാഭാരതവും രാമായണവും ചുട്ടെരിക്കണമെന്ന പി കേശവദേവിന്റെ ആഹ്വാനമുണ്ടായത്. അതിന്റെ ഊന്നലിലെ പരിമിതികള്‍ എന്തായാലും അന്ന് വലിയ കോളിളക്കമുണ്ടായി. തുടര്‍ച്ചയായി കോട്ടയം താലൂക്ക് യുജവന സമ്മേളനം മട്ടന്നൂരില്‍ . ഇവയുടെയെല്ലാം നേതൃത്വത്തില്‍ സി എച്ചായിരുന്നു. അയിത്താചരണം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, അടിമ മനോഭാവം തുടങ്ങിയവക്കെതിരെയെല്ലാം അനുരഞ്ജന രഹിതമായ കലാപാഹ്വാനമാണ് അദ്ദേഹവും മറ്റും ഉയര്‍ത്തിയത്. ഈ ആശയങ്ങളുടെ പ്രചാരണത്തിന് 1934 മെയ് മാസത്തില്‍ സി എച്ച് പത്രാധിപരായിക്കൊണ്ട് "സ്വതന്ത്ര ചിന്ത" എന്ന കൈയെഴുത്തു മാസികയും പുറത്തിറക്കി. സ്വാതന്ത്ര്യം തന്നെയമൃതം എന്ന കുമാരനാശാന്റെ വരിയായിരുന്നു അതിന്റെ തലക്കുറി. ഇംഗര്‍സോള്‍ , സഹോദരന്‍ അയ്യപ്പന്‍ , സി വി രാമന്‍ , ജെ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഉദ്ധരണികളായി മാസികയില്‍ സ്ഥാനം പിടിച്ചിരുന്നു. ആദ്യ ലക്കത്തില്‍ത്തന്നെ സംഘടനയുടെ മാനിഫെസ്റ്റോ പത്രാധിപര്‍ വ്യക്തമാക്കി:

"...ഏത് പ്രസ്ഥാനത്തിനും ഇപ്പോള്‍ ഏറ്റവും ശക്തിയേറിയ ആയുധം പത്രമാണ്. എന്നാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് പത്രം നടത്താനുള്ള സാമ്പത്തിക ശക്തിയില്ലെന്നുള്ളത് തുറന്നുപറയുന്നു. എങ്കിലും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിരതല്ലിക്കൊണ്ടിരിക്കുന്ന ആശയങ്ങള്‍ സ്വതന്ത്രമായ നിലയില്‍ പ്രകടിപ്പിക്കാനുള്ള ഒരു ആയുധം മാത്രമാണ് എളിയനിലയില്‍ നടത്തപ്പെടുന്ന ഈ മാസിക...".

അക്കാലത്തെഴുതിയ ഒരു കുറിപ്പില്‍ , എല്ലാ സമുദായങ്ങളിലെയും അവശര്‍ മതാതീതമായി ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം നല്‍കിയിട്ടുമുണ്ട് സി എച്ച്. എടക്കാട്ടും കണ്ണൂരും നടന്ന ഹിന്ദു-മുസ്ലിം ലഹളയുടെ പശ്ചാത്തലത്തിലായിരുന്നു അത്. തൊഴിലാളികള്‍ മതത്തിനുവേണ്ടിയുള്ള കലഹം നിര്‍ത്തി ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി പോരാടട്ടെ എന്നും അതില്‍ ഊന്നുന്നുണ്ട്. 1972 ജനുവരി എട്ടിന് ദേശാഭിമാനിയിലെഴുതിയ "മുസ്ലിംലീഗ് ജനസംഘത്തെ പ്രീണിപ്പിക്കുന്നു" എന്ന ലേഖനത്തിന്റെ ചെറുരൂപമായി കണക്കാക്കാം മാസികയിലെ പഴയ കുറിപ്പ്. 1934ല്‍ തലശേരിയില്‍ പിറന്ന യുവജന സാഹിത്യസംഘടനയും ചരിത്രത്തിലെ ദീപ്തമായ ഓര്‍മയാണ്. അതാണ് പില്‍ക്കാലത്ത് സാഹിത്യരംഗത്തുണ്ടായ ചൂടേറിയ വാദവിവാദങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തുടക്കം. സാഹിത്യമണ്ഡലത്തില്‍ ചെറുപ്പക്കാര്‍ വിപ്ലവക്കൊടി നാട്ടിയതിനെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചു. "ജനിച്ചവര്‍ഷം തന്നെ യുവജന സാഹിത്യ സംഘടന മരിച്ചെങ്കിലും അത് ഉള്‍ക്കൊണ്ട ആശയബീജം അനുകൂലമായ ഋതുസംക്രമം പരീക്ഷിച്ച് മണ്ണില്‍ ഉറങ്ങിക്കിടന്നു"വെന്നായിരുന്നു തായാട്ട് ശങ്കരന്റെ വിലയിരുത്തല്‍ . നിരീശ്വരവാദ പ്രചാരണങ്ങള്‍ക്കെതിരെ ആത്മവിദ്യാസംഘം ഉയര്‍ത്തിയ എതിര്‍പ്പുകള്‍പോലെ സാഹിത്യരംഗത്തും അസഹിഷ്ണുതയുണ്ടായി. യുവജന സാഹിത്യ സംഘടനയുടെ രൂപീകരണയോഗം നടന്നതിന്റെ പിറ്റേദിവസം തന്നെ യാഥാസ്ഥിതിക വിഭാഗം യോഗം ചേര്‍ന്നു. സാമ്രാജ്യത്വ ഭരണാധികാരികളുടെ നിറഞ്ഞ പിന്തുണയില്‍ മൂര്‍ക്കോത്ത് കുമാരന്റെ നേതൃത്വത്തില്‍ നടന്ന സാഹിത്യപരിഷത്ത് യോഗമായിരുന്നു അത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നതോടെയാണ് സി എച്ചിന്റെ പൊതുപ്രവര്‍ത്തനത്തിന് വ്യക്തമായ ദിശാബോധമുണ്ടായിത്തീരുന്നത്. ഇത് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയരൂപമാര്‍ജിക്കുന്നതിലേക്കാണ് എത്തിയതും.

ശ്രീനാരായണഗുരുവിന്റെയും മറ്റും ചിന്തകള്‍ക്ക് ആദ്യപ്രതികരണം ലഭിച്ച മലബാറിലെ പ്രധാന പ്രദേശം തലശേരിയായിരുന്നു. 1906ല്‍ ജ്ഞാനോദയ യോഗത്തിന്റെ രൂപീകരണം അതിന്റെ തുടക്കവും. ജാതി പരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ ഈയൊരു പ്രവര്‍ത്തനഘട്ടത്തിലാണ് ശ്രീനാരായണ ബീഡിത്തൊഴിലാളിസംഘം ഉടലെടുക്കുന്നത്. 1934 ഏപ്രിലിലായിരുന്നു അത്. ശ്രീനാരായണ ഭക്തനും തിയോസഫിക്കല്‍ സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന ശിവപ്രസാദായിരുന്നു പ്രസിഡന്റ്. ട്രേഡ് അടിസ്ഥാനത്തിലായിരുന്നില്ല അത്. കണ്ണൂര്‍ ഗൗതമ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ . മദിരാശി ലേബര്‍ യൂണിയന്റെ ഘടകം തുടങ്ങാനും ശിവപ്രസാദ് മുന്നിട്ടിറങ്ങി. ഗുരുവിന്റെ ജനന-ചരമവാര്‍ഷിക ദിനത്തിന് പൊതു അവധി വേണമെന്നായിരുന്നു ശ്രീനാരായണ ബീഡിത്തൊഴിലാളി സംഘത്തിന്റെ പ്രധാന ആവശ്യം. അതിന് പ്രമേയം പാസാക്കുകയുമുണ്ടായി. ആ യൂണിയനെ യഥാര്‍ഥ ട്രേഡ്യൂണിയനായി പുനഃസംഘടിപ്പിച്ചത് സി എച്ച് കണാരനായിരുന്നു. ഇങ്ങനെ ബദല്‍ ബോധത്തിന്റെയും കാഴ്ചപ്പാടിന്റെയും സ്ഫുരണങ്ങള്‍ പ്രസരിപ്പിച്ചപ്പോള്‍ ചില ആശയപ്രശ്നങ്ങളില്‍ സിഎച്ചിന് ആശയപരമായ ചെറിയ അവ്യക്തതയുണ്ടായി.

1954-55ല്‍ മുളപൊട്ടിയതും 64ല്‍ പിളര്‍പ്പില്‍ അവസാനിച്ചതുമായ ഉള്‍പ്പാര്‍ടി സമരത്തില്‍ അദ്ദേഹം ആദ്യമെടുത്ത നിലപാട് പിന്നീട് മാറ്റിയിരുന്നു. ഇ എം എസ് എഴുതി: "..."ആവടി സോഷ്യലിസ"ത്തിനുശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് പാര്‍ടിയുടെ കേന്ദ്ര നേതൃത്വം അംഗീകരിച്ച സമീപനം ജനങ്ങളില്‍ നല്ല പ്രതികരണമല്ല ഉണ്ടാക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് പിന്നീട് വലതു കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ച നിലപാടിന്റെ ഛായയുള്ള ഒരു സമീപനമാണ് അന്ന് സ്വീകരിച്ചത്. പക്ഷേ "ആവടി സോഷ്യലിസ"ത്തിന്റെ പ്രയോഗം കണ്ട ബഹുജനങ്ങളില്‍ മാറ്റംവന്നു തുടങ്ങിയെന്നും "നിഷേധാത്മക"മെന്ന് മുമ്പ് താന്‍ കരുതിയിരുന്ന നയസമീപനത്തിന് ജനങ്ങള്‍ നല്ല പ്രതികരണമാണ് നല്‍കുന്നതെന്നും കണ്ടപ്പോള്‍ സി എച്ച് നിലപാട് മാറ്റി. അങ്ങനെ 1956ല്‍ (പാലക്കാട് പാര്‍ടി കോണ്‍ഗ്രസില്‍) വലതു വിഭാഗത്തിന്റെ കൂടെനിന്നിരുന്ന സി എച്ച് ക്രമേണ ഇടത്തോട്ട് നീങ്ങാന്‍ തുടങ്ങുകയും അവസാനം (1964ല്‍) സിപിഐ എമ്മിന്റെ കേന്ദ്ര-കേരള നേതൃത്വത്തില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്തു...." ("ബഹുജനങ്ങളാകുന്ന അമ്മ"യുടെ മകന്‍). ഇത്തരമൊരു വ്യക്തതക്കുശേഷം സിഎച്ച് നല്‍കിയ സംഭാവനകള്‍ സിപിഐ എമ്മിനെ വിപുലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇടതു-വലത് വ്യതിയാനങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ ശരിയായ വഴി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളെയും യുവാക്കളെയും തരളിതമാക്കുന്ന വേരില്ലാത്ത വിപ്ലവാഭിനിവേശത്തിനെതിരെ അദ്ദേഹം പലവട്ടം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. കെഎസ്വൈഎഫ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ച് നടത്തിയ പ്രസംഗംപോലും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. വളര്‍ന്നുവരുന്ന പുരോഗമന യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതിവിപ്ലവ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താനായിരുന്നു ആ ആഹ്വാനം. അശാസ്ത്രീയമായ ആശയഗതികള്‍ പ്രചരിപ്പിച്ച് ഒരു കൂട്ടം യുവജനങ്ങള്‍ രാജ്യത്ത് കൃഷിക്കാര്‍ക്കും പുരോഗമന യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കയാണ്. ഈ നീക്കം ചെറുക്കുന്നതിന് ആവശ്യമായ കരുത്ത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ആര്‍ജിക്കണം. തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളുമായി യോജിച്ചുനിന്ന് ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും സി എച്ച് അഭ്യര്‍ഥിക്കുകയുണ്ടായി ആ പ്രസംഗത്തില്‍.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക 30 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"...നമുക്ക് യോജിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ മിക്കപ്പോഴും സാധ്യമാകുന്നതല്ല. കാരണം സാമൂഹ്യബന്ധങ്ങള്‍ നാം അറിയാതെ നമുക്കവയെ മനസിലാക്കാന്‍ സാധിക്കും മുമ്പേ തന്നെ നമ്മില്‍ രൂപംകൊള്ളുന്നു... തനിക്കുവേണ്ടിമാത്രം ജീവിക്കുന്നവര്‍ക്ക് പ്രസിദ്ധനായ ശാസ്ത്രജ്ഞനോ വലിയ സിദ്ധനോ മഹാകവിയോ ആയിത്തീരാന്‍ ഒരു പക്ഷേ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ഥത്തില്‍ കുറ്റമറ്റവനോ മഹാത്മാവോ ആകുന്നില്ല. ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച് സ്വയം മഹത്വം നേടുന്നവരെയാണ് ചരിത്രം മഹാത്മാക്കളായി അംഗീകരിക്കുന്നത്..."