"ആഗോള സമ്പദ്ഘടന അത്യധികം അപകടകരമായ പുതിയ ഘട്ടത്തിലാണ്. ആഗോള സാമ്പത്തിക പ്രവര്‍ത്തനം ദുര്‍ബലമായിരിക്കുന്നു; അത് കൂടുതല്‍ അസമമായിരിക്കുന്നു; അടുത്തകാലത്തായി ആത്മവിശ്വാസം കുത്തനെ കുറഞ്ഞുവരുന്നു; തകരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു". സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ച ഐഎംഎഫിന്റെ ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തുടങ്ങുന്നതു തന്നെ ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ്. തൊട്ടടുത്ത ദിവസം ഐഎംഎഫ് പ്രസിദ്ധീകരിച്ച ആഗോള ധന സ്ഥിരതാ റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു - "കഴിഞ്ഞ ഏതാനും മാസങ്ങളായി ധനസ്ഥിരത അപകടപ്പെടാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്... നിരവധി വികസിത സമ്പദ്ഘടനകളിലെ പൊതു ബാലന്‍സ് ഷീറ്റുകള്‍ വളരെയേറെ അപകടാവസ്ഥയിലായിരിക്കുകയാണ്...
ഇതിന്റെ ഭാഗികമായ കാരണം സ്വകാര്യമേഖലയിലെ അപകട സാധ്യതയെ പൊതുമേഖലയുടെ ചുമലിലേക്ക് മാറ്റിയതാണ്". ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വിലയിരുത്തുന്നത് "പുതിയ അപകടസാധ്യതകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ആഗോള മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റം ശക്തിപ്പെട്ടു വരുന്നതായാണ് കാണുന്നത്" എന്നാണ്. 2011ലും 2012ലും 4.5 ശതമാനം നിരക്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നും പ്രവചിച്ചിരുന്നു. ഇപ്പോള്‍ അത് തിരുത്തി, കഷ്ടിച്ച് 2 ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോളവ്യാപാരം പൊടുന്നനെ കുത്തനെ ഇടിഞ്ഞിരിക്കുന്നതായാണ് സെപ്തംബര്‍ 23ന് ലോകവ്യാപാര സംഘടന പ്രസ്താവിച്ചത്. 2011ല്‍ ആഗോള ചരക്ക്വ്യാപാരത്തില്‍ 6.5 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്ന ഡബ്ല്യുടിഒ, ഇപ്പോള്‍ ആ പ്രവചനം തിരുത്തി വ്യാപാര വളര്‍ച്ച 5.8 ശതമാനമേ ഉണ്ടാകൂ എന്ന് പറയുന്നതുതന്നെ ആശങ്കയോടെയാണ്. "തകര്‍ച്ചയിലേക്ക് നീങ്ങാനുള്ള സാധ്യത ആഴത്തില്‍ വേരുറച്ചതാണ്" എന്നാണ് ഡബ്ല്യുടിഒ റിപ്പോര്‍ട്ട് പറയുന്നത്.
"ധനകാര്യസ്ഥാപനങ്ങള്‍ പടുകുഴിയിലേക്ക് തുറിച്ചുനോക്കി സ്തംഭിച്ച് നില്‍ക്കുന്നു" എന്ന പേരില്‍ "ഫൈനാന്‍ഷ്യല്‍ ടൈംസ്" സെപ്തംബര്‍ 23ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, "ലോക സമ്പദ്ഘടന വീണ്ടും തകര്‍ച്ചയുടെ വക്കത്ത്" എന്നാണ്. അതേദിവസം "വാള്‍സ്ട്രീറ്റ് ജേണല്‍" പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് മത്തങ്ങാ വലിപ്പത്തില്‍ നല്‍കിയ തലവാചകംഇങ്ങനെ - "മാന്ദ്യത്തിന്റെ ഭീതിയില്‍ വിപണികള്‍ തളരുന്നു". ആ പത്രത്തില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിെന്‍റ തലവാചകം - "സാമ്പത്തിക സൂചകങ്ങള്‍ ഇരട്ട പ്രതിസന്ധിയെക്കുറിച്ചുള്ള വേവലാതി വര്‍ദ്ധിപ്പിക്കുന്നു" എന്നാണ്. സെപ്തംബര്‍ 22ന് ലോകത്താകെയുള്ള ഓഹരിവിപണികളിലുണ്ടായ കുത്തനെയുള്ള തകര്‍ച്ച മുതലാളിത്ത ലോകത്തെയാകെ കൂടുതല്‍ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. ചരക്ക് വിപണിയിലും ഈ ഇടിവ് പ്രതിഫലിച്ചു. 24 പ്രധാന ചരക്കുകളുടെ വില സൂചിക 4.9 ശതമാനത്തോളം കുറഞ്ഞു. എണ്ണവില 80 ഡോളറിലും താഴെയായി. യൂറോപ്പിലെ പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ മാര്‍ക്കറ്റ് ഇക്കണോമിക്സ് ഗ്രൂപ്പിെന്‍റ വിദഗ്ദ്ധരില്‍ ഒരാളായ ക്രിസ് വില്യംസണ്‍ പ്രതികരിച്ചത്, "മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റത്തിന്റെ കഥ കഴിഞ്ഞു; നമ്മുടെ സമ്പദ്ഘടന ഇപ്പോള്‍ ചുരുങ്ങി വരുകയാണ്" എന്നാണ്. മാര്‍ക്കറ്റ് ഇക്കണോമിക്സ് ഗ്രൂപ്പിനുവേണ്ടി വില്യംസണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെ -
"ആസന്നമായ മാസങ്ങളില്‍ കാര്യങ്ങള്‍ ഇനിയും വഷളാകും". ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ദെ പ്രസ്താവിച്ചത് - "യൂറോപ്പിനുമേല്‍ കരിനിഴല്‍ വ്യാപിച്ചിരിക്കുന്നു; അമേരിക്കയാണെങ്കിലോ കടുത്ത അനിശ്ചിതത്വത്തിലും. അതിനൊപ്പം ആഗോള ഡിമാന്‍റില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അപ്പോള്‍ , അതിനെന്താ? ആ അനിശ്ചിതത്വത്തെയും കാര്‍മേഘങ്ങളെയും നീക്കം ചെയ്യാന്‍ നമുക്ക് ഒന്നിച്ച് നീങ്ങാം. ഇത് പറയാന്‍ എളുപ്പം, പ്രവര്‍ത്തിക്കാന്‍ അത്ര എളുപ്പമല്ല". ലോകബാങ്കിന്റെ പ്രസിഡന്‍റ് റോബര്‍ട്ട് സ്വെല്ലിക്കാകട്ടെ, ഇരട്ടമാന്ദ്യം ഒഴിവാക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷ എന്ന് പ്രസ്താവിച്ചതിനു പിന്നാലെ, "പക്ഷേ, ആ വിശ്വാസത്തിലുള്ള എന്റെ ആത്മവിശ്വാസം അനുദിനം നഷ്ടപ്പെടുകയാണ്" എന്നാണ് പറഞ്ഞത്. മുതലാളിത്ത സമ്പദ്ഘടനയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകളിലെല്ലാം കാണാനാവുന്നത്. ഓഹരിവിപണിയിലെ പരിഭ്രാന്തി കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. കോര്‍പ്പറേറ്റുകള്‍ ഇതിനോട് പ്രതികരിക്കുന്നത് ലേ ഓഫുകളിലൂടെയാണ്; ചെലവ് ചുരുക്കി കമ്മിയും കടവും കുറയ്ക്കാന്‍ അവ സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നു. പൊതുകടം കുറയ്ക്കുന്നതിന് ഒന്നിനു പിറകെ ഒന്നായി ചെലവ് ചുരുക്കല്‍ പദ്ധതികള്‍ കൊണ്ടുവരുന്നു.
പ്രശ്നം പരിഹരിക്കുന്നതിന് ഇതുകൊണ്ടൊന്നും കഴിയുന്നില്ല. എന്നുമാത്രമല്ല, കുരുക്ക് കൂടുതല്‍ മുറുകുകയുമാണ്. ഒപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുരിതം കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളുടെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് ഇന്ന് നാം കാണുന്നത്. പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് ഏകോപിച്ച നീക്കങ്ങള്‍ നടത്തണമെന്ന് ഐഎംഎഫിെന്‍റയും ലോകബാങ്കിന്റെയും മേധാവികള്‍ പറയുമ്പോള്‍ , അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ തമ്മില്‍ തമ്മിലും ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കുന്നതായാണ് കാണുന്നത്. യഥേഷ്ടം ഡോളര്‍ നോട്ടുകള്‍ അച്ചടിച്ചിറക്കി വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാനാണ് അമേരിക്കയുടെ നീക്കം. തന്മൂലം അമേരിക്കയില്‍നിന്ന് മറ്റു മേഖലകളിലേക്കുള്ള, പ്രത്യേകിച്ച് യൂറോ മേഖലയിലേക്കുള്ള, കയറ്റുമതി വര്‍ദ്ധിക്കുകയും അമേരിക്കയിലേക്കുള്ള ഇറക്കുമതി കുറയുകയും ചെയ്യും. ഇതിനെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ശക്തിയായി ചെറുക്കുകയാണ്. അതേസമയം യൂറോ മേഖലയിലെ സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുള്ളിലും, പ്രത്യേകിച്ചും യൂറോ മേഖലയിലെ പ്രമുഖ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയും മറ്റു രാജ്യങ്ങളും തമ്മിലും, തര്‍ക്കം മൂര്‍ച്ഛിക്കുന്നു.
ഐഎംഎഫിന്റെ വാര്‍ഷിക യോഗത്തില്‍ ജര്‍മ്മന്‍ ധനമന്ത്രി വുള്‍ഫ്ഗാങ് ഷ്വാബിള്‍ വെട്ടിത്തുറന്ന് പറഞ്ഞത്, ഐഎംഎഫും വാഷിങ്ടണും മുന്നോട്ടുവെയ്ക്കുന്ന നയങ്ങള്‍ അംഗീകരിക്കാന്‍ ജര്‍മ്മനിക്ക് പറ്റില്ല എന്നാണ്. കമ്മി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഗ്രീസ് സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ അംഗീകരിച്ചതനുസരിച്ചുള്ള രണ്ടാം ബെയില്‍ഔട്ട് നല്‍കേണ്ടതില്ല എന്നും ജര്‍മ്മന്‍ ധനമന്ത്രി പ്രസ്താവിക്കുന്നു. ഗ്രീസിനെ യൂറോ മേഖലയില്‍നിന്ന് പുറത്താക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് അഭിപ്രായം ജര്‍മ്മന്‍ ഭരണവര്‍ഗത്തിനിടയില്‍ ശക്തമാണ്. എന്നാല്‍ അത് ആത്യന്തികമായി യൂറോയുടെ തന്നെ തകര്‍ച്ചയ്ക്ക് വഴി തെളിക്കും എന്നതിനാല്‍ മറ്റു രാജ്യങ്ങള്‍ അതിനെ ചെറുക്കുന്നു. കാരണം, ഗ്രീസ് മാത്രമല്ല, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ , ഇറ്റലി, സ്പെയിന്‍ , ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം കടുത്ത കടബാധ്യതയിലും ബജറ്റ് കമ്മിയിലുമാണ്. ഫ്രാന്‍സിന്റെ സ്ഥിതിയും മെച്ചമല്ല.
ഗ്രീസില്‍ ഇതിനകം നടപ്പിലാക്കിയ ചെലവ് ചുരുക്കല്‍ നടപടികളുടെ ഫലമായി ഗ്രീക്ക് സമ്പദ്ഘടനയാകെ തകര്‍ന്നിരിക്കുകയാണ്. 2011ന്റെ രണ്ടാംപാദത്തില്‍ ഗ്രീസിന്റെ ജിഡിപി 2010ല്‍ ഇതേകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 7.3 ശതമാനം കുറഞ്ഞതായാണ് ഗ്രീക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര വിഭാഗം സെപ്തംബര്‍ 8ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗ്രീക്ക് സമ്പദ്ഘടന 2011ല്‍ 5.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം തൊഴിലില്ലായ്മാ നിരക്ക് 2010ല്‍ 11.6 ശതമാനമായിരുന്നത് ഈ വര്‍ഷം ജൂണില്‍ 16 ശതമാനമായി ഉയര്‍ന്നു. 2012ല്‍ ഇത് 26 ശതമാനമാകുമെന്നാണ് ഗ്രീക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സി പ്രസ്താവിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ തന്നെ 30 ശതമാനത്തില്‍ അധികമായിരിക്കുന്നു. ഒരു കോടിയോളം മാത്രം ജനസംഖ്യയുള്ള ഗ്രീസില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ തൊഴില്‍തേടി അലയുകയാണെന്നാണ് ഗ്രീക്ക് ട്രേഡ് യൂണിയനുകള്‍ പറയുന്നത്. ഗ്രീസില്‍ പാര്‍പ്പിടമില്ലാത്തതുമൂലം തെരുവില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട്വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ദ്ധിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ചെറുകിട - വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ദുരിതത്തിനിടയിലാണ് വീണ്ടും ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന് ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഗ്രീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. രണ്ടാംഘട്ട ബെയില്‍ ഔട്ടായി തീരുമാനപ്രകാരമുള്ള 10,900 കോടി യൂറോ കൂടി നല്‍കണമെങ്കില്‍ ഗ്രീസ് കടുത്ത നടപടികള്‍ എടുക്കണമെന്നാണ് ഈ ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെടുന്നത്. ഉടന്‍ 800 കോടി യൂറോയുടെ വായ്പ ലഭ്യമാകുന്നില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നിനുശേഷം ശമ്പളം നല്‍കാനും മുന്‍ വായ്പകള്‍ക്കുള്ള പലിശ നല്‍കാനുംപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഗ്രീസ് - അക്ഷരാര്‍ത്ഥത്തില്‍ പാപ്പരായി എന്നര്‍ത്ഥം.
ഇതില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് വ്യവസ്ഥകള്‍ക്ക് വിധേയമാകാനും ഗ്രീക്ക് സര്‍ക്കാര്‍ സന്നദ്ധമാവുകയാണ്. പ്രതിമാസം 1200 യൂറോയില്‍ അധികമുള്ള പ്രതിമാസ പെന്‍ഷനില്‍ 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും 55 വയസ്സിനുമുമ്പ് റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 1000 യൂറോയില്‍ അധികമുള്ള പ്രതിമാസ പെന്‍ഷനില്‍ 40 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും ഗ്രീക്ക് ധനമന്ത്രി ഇവാന്‍ജെലോസ് വെനിസിലോസ് പ്രസ്താവിച്ചു. 30,000ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടുത്ത ഒരു വര്‍ഷത്തേക്ക് "കരുതല്‍ സേന"യാക്കി നിര്‍ത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇവരുടെ ശമ്പളത്തില്‍ 40 ശതമാനം കുറവ് ചെയ്യും; ഒരു വര്‍ഷം കഴിയുമ്പോള്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ആദായനികുതി കൊടുക്കാനുള്ള വരുമാനപരിധി പ്രതിവര്‍ഷം 8000 യൂറോ എന്നത് 5000 യൂറോയായി കുറയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ചതുരശ്രമീറ്ററിന് 4 യൂറോ പ്രകാരം പുതുതായി സ്വത്തുനികുതി ഏര്‍പ്പെടുത്താനും നിശ്ചയിച്ചിരിക്കുന്നു. ഈ രണ്ട് തീരുമാനത്തിന്റെയും പ്രത്യാഘാതം ഇടത്തരക്കാരെയായിരിക്കും ഏറ്റവുമധികം ബാധിക്കുന്നത്. ഇതിനുപുറമെ ഗ്രീസിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് 50,000 യൂറോ സ്വരൂപിക്കാനുള്ള ത്രിമൂര്‍ത്തികളുടെ നിര്‍ദ്ദേശവും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഗ്രീക്ക് സര്‍ക്കാര്‍ . ഉന്നത വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനായുള്ള നിയമം ഗ്രീക്ക് പാര്‍ലമെന്‍റ് അംഗീകരിച്ചുകഴിഞ്ഞു. സൗജന്യ വിദ്യാഭ്യാസം ആദ്യത്തെ മൂന്ന് വര്‍ഷം മാത്രമേയുള്ളൂ. തുടര്‍ന്നുള്ള പഠനത്തിന് ഫീസ് നിര്‍ബന്ധിതമാക്കുന്നു. അക്കാദമിക പശ്ചാത്തലം ഇല്ലാത്തവര്‍ ഉള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാം. ഇപ്പോള്‍ നിലനില്‍ക്കുന്ന ദേശീയ വേതന ഘടന റദ്ദാക്കും എന്നും തല്‍സ്ഥാനത്ത് ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട വേതന വ്യവസ്ഥ നടപ്പിലാക്കുമെന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളുടെ ബജറ്റില്‍ 30 ശതമാനത്തിലേറെയാണ് കുറവ് വരുത്തിയത്.
സമാനമായ നടപടികളാണ് ഇറ്റലി, സ്പെയിന്‍ , പോര്‍ച്ചുഗല്‍ , അയര്‍ലണ്ട്, ബ്രിട്ടണ്‍ , ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലും സ്വീകരിച്ചുവരുന്നത്. വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ ഒരവസരമായി ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ക്ഷേമാനുകൂല്യങ്ങള്‍ പാടെ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളുടെ കൂലിയും മറ്റാനുകൂല്യങ്ങളും കുറയ്ക്കാനും കുറച്ച് തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ പണിയെടുപ്പിക്കുന്നതിനായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കാണ് ധനമൂലധന ശക്തികള്‍ ശ്രമിക്കുന്നത്. ധനമൂലധനത്തിന്റെ വക്താവായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ അമേരിക്കയുടെ വായ്പാക്ഷമതാ നിലവാരം കുറച്ചതിനു പിന്നാലെ ഇറ്റലിയുടെയും സ്ലോവേനിയയുടെയും വായ്പാക്ഷമതാ നിലവാരവും താഴ്ത്തിയിരിക്കുന്നു. സ്പെയിനിനെതിരെയും ഇതേ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ബജറ്റ് കമ്മി കുറയ്ക്കുന്നതിനായി ക്ഷേമാനുകൂല്യങ്ങള്‍ക്കുള്ള ചെലവ് ചുരുക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ , കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ധനികരെ കൂടി ബാധിക്കുന്ന വിധം നികുതി ചെറുതായെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആലോചന തുടങ്ങുമ്പോള്‍ തന്നെ ധനമൂലധനത്തിെന്‍റ വക്താക്കളാകെ അത് തടയുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രങ്ങളും പ്രചരണവുമായി രംഗത്തെത്തുകയാണ്.
പ്രതിവര്‍ഷം 5 ലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് 3% സര്‍ചാര്‍ജ് ഈടാക്കാന്‍ ഫ്രാന്‍സിലും മൂന്ന് ലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍നിന്ന് 3% സര്‍ചാര്‍ജ് ഈടാക്കാന്‍ ഇറ്റലിയിലും 10 ലക്ഷം ഡോളറില്‍ അധികം വരുമാനമുള്ളവരില്‍നിന്ന് ഇടത്തരക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്കിലെങ്കിലും നികുതി ഈടാക്കാന്‍ അമേരിക്കയിലും നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ തന്നെ ഇത് "വര്‍ഗയുദ്ധ"മാണെന്നാണ് ധനമൂലധനത്തിെന്‍റ വക്താക്കള്‍ മുറവിളി കൂട്ടുന്നത്. "ദ ഇക്കണോമിസ്റ്റ്" വാരിക ഈ നടപടികളെ വിശേഷിപ്പിക്കുന്നതാകട്ടെ "ധനികരെ വേട്ടയാടല്‍" എന്നാണ്. ധനികരില്‍നിന്ന്, വിശിഷ്യാ കോര്‍പ്പറേറ്റുകളില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നത്രെ ഇക്കൂട്ടരുടെ വാദം. വാറന്‍ ബുഫെറ്റ് എന്ന വാള്‍സ്ട്രീറ്റ് ബാങ്കര്‍ , അദ്ദേഹത്തിന്റെ സെക്രട്ടറി നല്‍കുന്നതിനേക്കാള്‍ കുറച്ച് നികുതിയാണ് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതെന്ന വെളിപ്പെടുത്തല്‍ നവലിബറല്‍ നികുതിനയം എത്രത്തോളം അനീതി നിറഞ്ഞതാണെന്നാണ് വ്യക്തമാക്കുന്നത്. 1980കളില്‍ റീഗന്‍ പ്രസിഡന്‍റായതു മുതല്‍ അമേരിക്ക കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും തുടര്‍ച്ചയായി നികുതി ഇളവുകള്‍ നല്‍കിയതിലൂടെയാണ് ഈ സ്ഥിതിയില്‍ എത്തിയത്. അതില്‍ മാറ്റം വരുത്തുമെന്ന പ്രതിജ്ഞയോടെ അധികാരത്തില്‍ വന്ന ഒബാമയുടെ കാലത്തും പഴയ സ്ഥിതി തുടരുകയാണ്. മാറ്റത്തെക്കുറിച്ച് ഒബാമ ചിന്തിച്ചപ്പോള്‍ തന്നെ കോര്‍പ്പറേറ്റുകളും ഭരണ പ്രതിപക്ഷ ഭേദമെന്യേ അവയുടെ വക്താക്കളും ചന്ദ്രഹാസമിളക്കുകയാണ്. സാധാരണക്കാരില്‍നിന്ന് കൂടുതല്‍ ഞെക്കിപ്പിഴിഞ്ഞെടുക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന നയങ്ങള്‍ നടപ്പാക്കാനാണ് ഇക്കൂട്ടര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്; ഭരണാധികാരികളാകട്ടെ അക്ഷരംപ്രതി അത് നടപ്പാക്കുന്നുണ്ട്.
തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലും അമേരിക്കയിലും പണിമുടക്കുകളും പ്രക്ഷോഭങ്ങളും വ്യാപകമാവുകയാണ്. ഇറ്റലിയിലും സ്പെയിനിലും സെപ്തംബര്‍ 6ന് നടന്ന പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും ആ രാജ്യങ്ങളുടെ ഭരണകേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും സ്തംഭിപ്പിച്ചു. ബ്രിട്ടനില്‍ ജൂണ്‍ 30ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തുകയുണ്ടായി. നവംബറില്‍ വീണ്ടും പണിമുടക്കിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് തൊഴിലാളികള്‍ . ആഗസ്ത് രണ്ടാംവാരത്തില്‍ ഫ്രാന്‍സിലും പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കും പ്രതിഷേധ പ്രകടനങ്ങളും നടന്നു. ഗ്രീസ് വീണ്ടും തുടര്‍ച്ചയായ പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്.
സെപ്തംബര്‍ 10ന് ആതന്‍സിലും പ്രധാന നഗരങ്ങളിലും ഗ്രീക്ക് തൊഴിലാളിവര്‍ഗം നടത്തിയ പ്രതിഷേധ പ്രകടനത്തെ ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസുംകൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ നേരിട്ടത്. സെപ്തംബര്‍ 8 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന ടാക്സി ഡ്രൈവര്‍മാരും പൊതുമേഖലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം പ്രകടനത്തില്‍ അണിനിരന്നു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റു പ്രൊഫഷണലുകളും ഈ പണിമുടക്കില്‍ അണിനിരന്നു. വില്‍പനനികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് റസ്റ്റാറന്‍റ് ഉടമകള്‍ കടകള്‍ അടച്ചിട്ടു. മുനിസിപ്പാലിറ്റികളിലെ ശുചീകരണത്തൊഴിലാളികളും വിമാനത്താവളങ്ങളിലെ ജീവനക്കാരും നികുതിപിരിവുകാരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍തന്നെ ഗ്രീസിലെ പോലീസുകാരും അഗ്നിശമനവിഭാഗം ജീവനക്കാരും ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതാണ് ശ്രദ്ധേയമായ ഒരു സംഭവവികാസം. അമേരിക്കയില്‍ സെപ്തംബര്‍ 8ന് തുറമുഖത്തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് സിയാറ്റില്‍ , വാഷിങ്ടണ്‍ , ടാക്കോമ തുടങ്ങിയ നിരവധി തുറമുഖങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിനിടയാക്കി. അധ്യാപകരും പൊതുമേഖലാ ജീവനക്കാരും മുനിസിപ്പല്‍ ജീവനക്കാരും പല സംസ്ഥാനങ്ങളിലും പണിമുടക്കിന് തയ്യാറെടുക്കുന്നു.
ന്യൂയോര്‍ക്കിലെ ഒരു വിഭാഗം അധ്യാപകര്‍ കോടതിയുടെ വിലക്ക് ലംഘിച്ച് പണിമുടക്ക് തുടരുന്നു. ആട്ടോ മൊബൈല്‍ തൊഴിലാളികളാകട്ടെ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഒക്ടോബറില്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഈ തൊഴിലാളിമുന്നേറ്റത്തെ അടിച്ചമര്‍ത്തുന്നതിന് വംശീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിനൊപ്പം കൂടുതല്‍ മര്‍ദ്ദനനടപടികളെക്കുറിച്ചും ഏകാധിപത്യവാഴ്ചയെക്കുറിച്ചും മൂലധന ശക്തികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ജര്‍മ്മനിയുടെ യൂറോപ്യന്‍ കമ്മീഷണര്‍ ഗുന്ദൂര്‍ ഓട്ടിജര്‍ പ്രസ്താവിച്ചത്, ഗ്രീസില്‍ നികുതിപിരിക്കാനും സര്‍ക്കാര്‍ സ്വത്തുക്കള്‍ വിറ്റ് കടം വീട്ടാനും യുഎന്‍ സമാധാനസേനയെ ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ്. "വാള്‍സ്ട്രീറ്റ് ജേണല്‍" ഒരു പടികൂടി കടന്ന് ഗ്രീസില്‍ പട്ടാളഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. സെപ്തംബര്‍ 19ന്റെ "വാള്‍സ്ട്രീറ്റ് ജേണലി"ല്‍ "ഗ്രീസ് : സൈന്യത്തിന്റെ പങ്ക് കുറച്ച് കാണരുത്" എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു -
"1967ല്‍ ഗ്രീക്ക് സൈനിക മേധാവികള്‍ അട്ടിമറി നടത്തുകയും അവര്‍ തുടര്‍ന്ന് സൈനിക സ്വേച്ഛാധിപത്യം നടപ്പാക്കുകയും ചെയ്തു. 1975ലാണ് പിന്നീട് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്.... ഗ്രീക്ക് സൈന്യം ഇപ്പോഴും ഗണ്യമായ ഒരു ശക്തി തന്നെയാണ്. യൂറോപ്യന്‍ യൂണിയനിലെ മറ്റേതൊരു രാജ്യത്തെക്കാള്‍ ഉയര്‍ന്നതാണ് ഗ്രീസിലെ സൈനികച്ചെലവ്... ഗ്രീസില്‍ ചെലവിന് പണമില്ലാതാകുന്ന അവസ്ഥ അടുത്ത് വരികയാണ്. ബ്യൂറോക്രാറ്റുകള്‍ക്ക് ശമ്പളം കിട്ടിയില്ലെങ്കില്‍ അവര്‍ ആ നിമിഷം പണിമുടക്ക് തുടങ്ങും. എന്നാല്‍ , സൈന്യത്തിന് പണം കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും?" കഴിഞ്ഞ ജൂണില്‍ സിഐഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗ്രീസില്‍ സൈനിക അട്ടിമറിക്കുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ടെന്നും ആ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലേഖനം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത് - "ഗ്രീസില്‍ സൈനിക അട്ടിമറി ഉണ്ടാകുമോ? ചിലപ്പോള്‍ ഉണ്ടാകില്ലായിരിക്കാം. എന്നാല്‍ തള്ളിക്കളയാനാകാത്ത ഒരു സാധ്യതയാണത്". തൊഴിലാളിവര്‍ഗത്തെയും പുരോഗമനശക്തികളെയും സംബന്ധിച്ചിടത്തോളം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട അപകട സൂചനയാണിത്. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത തകര്‍ച്ചയെ നേരിടുമ്പോള്‍ അതിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗ ചെറുത്തുനില്‍പിനെ സൈനിക സ്വേച്ഛാധിപത്യവും ഫാസിസവും യുദ്ധവുംകൊണ്ട് നേരിടാനാണ് ഭരണവര്‍ഗങ്ങള്‍ ചിന്തിക്കുന്നത്.
*
ജി വിജയകുമാര്‍ ചിന്ത വാരിക 07 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
2 comments:
മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത തകര്‍ച്ചയെ നേരിടുമ്പോള്‍ അതിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗ ചെറുത്തുനില്‍പിനെ സൈനിക സ്വേച്ഛാധിപത്യവും ഫാസിസവും യുദ്ധവുംകൊണ്ട് നേരിടാനാണ് ഭരണവര്‍ഗങ്ങള്‍ ചിന്തിക്കുന്നത്.
മുതലാളിത്തത്തിന്റെ ആരാധകര്‍ എന്തു് പറയുന്നോ ആവോ ?
മുതലാളിത്തം സംരംഭകത്വം കാണിക്കുന്നില്ല, ലാഭം ഉണ്ടാക്കുന്നില്ല, വ്യാപാരം മന്ദീഭവിക്കുന്നു, ഉല്പാദനം ഇടിയുന്നു,കൂലി കുറച്ചാല്‍ അവയെല്ലാം ഇനിയും വഷളാകും. പക്ഷെ, തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാകും. മുതലാളികളുടെ കയ്യിലുള്ള ആസ്ഥി എടുത്തുണ്ടു് അവര്‍ക്കു് കുറെക്കാലം കഴിയാം. പക്ഷെ, മുതലാളിത്തത്തിന്റെ നിലനില്പു് അപകടത്തിലാണു്.
പ്രാകൃത മൂലധന സമാഹരണത്തിലൂടെയാണു് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബഹുഭൂരിപക്ഷം വ്യവസായങ്ങളിലും ബാലന്‍സ് ഷീറ്റു് ലാഭം കാട്ടിയതു്.അതു് ധനകാര്യ ഉപകരണങ്ങളിലും ഓഹരികളിലും ഭൂമിയിലും കെട്ടിടത്തിലും ഊഹക്കച്ചവടം നടത്തിയും പൊതു മുതല്‍ കയ്യടക്കിയും (പൊതു മേഖലാ സ്വകാര്യവല്കരണം, സ്പെക്ട്രം, എണ്ണപ്പാടം, ഖനികള്‍ തുടങ്ങിയവയുടെ കയ്യേറ്റം, ബാങ്കിങ്ങു് മൂലധനം, പെന്‍ഷന്‍ ഫണ്ടു് തുടങ്ങിയവയുടെ കയ്യടക്കല്‍), ഐടി കമ്പനികളുടേയും മറ്റും അദൃശ്യാസ്തികാട്ടല്‍ എന്നിങ്ങനെ പല തരത്തിലായിരുന്നു. അതു് പക്ഷെ, കണ്ടമാനം മൂലധനം പെരുകുന്നതിനിടയാക്കി. അതിനും കൂടി ലാഭം കണ്ടെത്താന്‍ നിര്‍ബ്ബന്ധിതരായി. ലാഭം കാണാനാവാത്തതു് കൊണ്ടു് പൊതു മുതല്‍ കൊള്ള കൂടുതല്‍ ശക്തമാക്കി. ലാഭം ഇടിയുന്ന പ്രവണത ശക്തിപ്പെട്ടു. 'കക്കും തോറും മുടിയും മുടിയും തോറും കക്കും' എന്ന പഴഞ്ചൊല്ലു് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമായിരിക്കുന്നു.
ഇനിയങ്ങോട്ടു് പട്ടിണി കിടക്കേണ്ടെങ്കില്‍ തൊഴിലാളികളും കൃഷിക്കാരും ചെറുകിട-ഇടത്തരം കച്ചവടക്കാരും സംരംഭകരും ഒറ്റക്കെട്ടായി മുതലാളിത്തം അവസാനിപ്പിച്ചു് യഥാര്‍ത്ഥ സംരംഭകരുടെ മുന്‍കൈയ്യുള്ള ഒരു സമത്വാധിഷ്ഠിത സാമൂഹ്യക്രമം കെട്ടിപ്പടുക്കാന്‍ തയ്യാറായേ തീരൂ.
അല്ലെങ്കില്‍ മുതലാളിത്തം ഇനി തനി കാടത്തത്തിലേയ്ക്കു്, അതു് യുദ്ധത്തിമോ, വര്‍ഗ്ഗീയ ഫാസിസമോ എന്തുമാകാം, നീങ്ങും.
അതിനു് മുമ്പു് സാമൂഹ്യമാറ്റം യാഥാര്‍ത്ഥ്യമാക്കണം.
ജോസഫ് തോമസ്.
.
Post a Comment