Saturday, October 1, 2011

മാവോയിസ്റ്റ് ഭീകരത: മമതയ്ക്ക് ബോധോദയമോ?

മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലാണ് താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. കൊല്‍ക്കത്തയിലെ ഹരീഷ്മുഖര്‍ജി റോഡിലെ വീടിനുമുന്നിലൂടെ തന്റെ തലയെടുക്കാന്‍ മാവോയിസ്റ്റുകള്‍ തക്കംപാര്‍ത്ത് തലങ്ങും വിലങ്ങും നടക്കുകയാണത്രേ. മാവോയിസ്റ്റുകളെ ജംഗിള്‍മാഫിയയെന്നും അവര്‍ വിളിച്ചു. ചരിത്രം ഇങ്ങനെയാണ്. ചില പാഠങ്ങള്‍ എത്ര കാലംകൊണ്ടും പഠിപ്പിക്കില്ല. ചില പാഠങ്ങള്‍ വളരെ പെട്ടെന്ന് പഠിപ്പിച്ചുതരും. ഒരുവര്‍ഷംമുമ്പ് മമത എന്തായിരിക്കും മാവോയിസ്റ്റുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. 2010 ആഗസ്ത് ഒമ്പത്. മാവോയിസ്റ്റുകള്‍ ഒരുക്കിയ ലാല്‍ഗഢിലെ വേദിയില്‍ മമത ബാനര്‍ജി തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു. സിപിഐ എം തീവ്രവാദം നടത്തുന്നു എന്നായിരുന്നു പ്രസംഗത്തില്‍ . മാവോയിസ്റ്റ് നേതാവ് ആസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. മാവോയിസ്റ്റ് തീവ്രവാദത്തിനിരയായി മരിച്ച നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കോ മാവോയിസ്റ്റ് അട്ടിമറിമൂലം മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍ക്കോ ആദരാഞ്ജലി അര്‍പ്പിക്കാതെയായിരുന്നു മമതയുടെ തീവ്രവാദവിരുദ്ധപ്രസംഗം. മേധ പട്കര്‍ , സ്വാമി അഗ്നിവേശ് എന്നിവരും അന്ന് വേദിയിലുണ്ടായിരുന്നു.

2007ല്‍ നന്ദിഗ്രാം കലാപത്തില്‍ തുടങ്ങിയ മാവോയിസ്റ്റ് ബാന്ധവം, മമതയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചതോടെ അവസാനിച്ചോ എന്നാണിപ്പോള്‍ സംശയം. മാവോയിസ്റ്റ് അക്രമബാധിതപ്രദേശമായ ജംഗല്‍മഹലില്‍ സമാധാനം സ്ഥാപിക്കുമെന്നും അവിടെ വികസനം കൊണ്ടുവരുമെന്നും മാവോയിസ്റ്റുകളെ പൊതുധാരയിലേക്ക് എത്തിക്കുമെന്നും മമത വാഗ്ദാനം നല്‍കി. പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ , വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല. ഇപ്പോള്‍ മാവോയിസ്റ്റുകളെ തെമ്മാടികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മമത. പഞ്ചാബില്‍ അകാലിദളിനെ പിളര്‍ത്തി ദുര്‍ബലമാക്കാന്‍ ഇന്ദിരാഗാന്ധി ഒരു ഭീകരനെ വളര്‍ത്തിക്കൊണ്ടുവന്നു; ഭിന്ദ്രന്‍വാല. ഒടുവില്‍ ഭിന്ദ്രന്‍വാലയെ ഇല്ലാതാക്കാന്‍ ഇന്ദിരയ്ക്കുതന്നെ തീരുമാനിക്കേണ്ടിവന്നു. പിന്നീട് ഇന്ദിരയുടെ ജീവനെടുത്തു ഭിന്ദ്രന്‍വാലയുടെ അനുയായികള്‍ . പശ്ചിമബംഗാളില്‍ സമാനമായ അനുഭവമുണ്ടാകുമോ എന്നു മമതയുടെ വാക്കുകള്‍ സംശയമുണ്ടാക്കുകയാണ്. തന്റെ ജീവനെടുക്കാന്‍ മാവോയിസ്റ്റുകള്‍ ഓടിനടക്കുന്നുവെന്ന മമതയുടെ വാക്കുകളുടെ അര്‍ഥം മറ്റെന്താണ്? പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഏത് ക്രിമിനല്‍സംഘവുമായും കൂട്ടുകൂടാന്‍ മമത തയ്യാറായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ഒറ്റലക്ഷ്യംമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനായി നിരവധി സംഘടനകളുമായും ഏജന്‍സികളുമായും മമത കൂട്ടുകൂടി. സംസ്ഥാനത്തിന്റെ എല്ലാ പുരോഗതിയും തടയാന്‍ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു. അമേരിക്കന്‍ കോണ്‍സുലേറ്റിലെയും ബ്രിട്ടീഷ് കോണ്‍സുലേറ്റിലെയും ഉന്നതോദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയും ഈ യോഗത്തില്‍ പങ്കെടുത്തു. നന്ദിഗ്രാമില്‍ കലാപം നടത്തുന്നതിനുമുമ്പ് മാവോയിസ്റ്റ് നേതാക്കളുമായി തൃണമൂല്‍ നേതാക്കള്‍ കൂടിയാലോചന നടത്തി. ജാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലും ഒഡിഷയിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് ബംഗാളില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

2006 അവസാനത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാവോയിസ്റ്റുകള്‍ പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ചുവടുറപ്പിച്ചുതുടങ്ങിയത്. നന്ദിഗ്രാമില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയും അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും പിന്നീട് ജംഗല്‍മഹല്‍ പ്രദേശമാകെ തങ്ങളുടെ അക്രമരാഷ്ട്രീയത്തിനുള്ള വേദിയാക്കി. സിപിഐ എമ്മിന് അതിശക്തമായ ജനപിന്തുണയുള്ള പശ്ചിമ മേദിനിപുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ അക്രമം നടത്തി. തുടര്‍ന്ന് ലാല്‍ഗഢ് കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് ആളും അര്‍ഥവും നല്‍കിയതിനൊപ്പം മാവോയിസ്റ്റുകളുടെ മുന്നണിസംഘടനയായ പിസിപിഎയുടെ പ്രധാന പ്രവര്‍ത്തകരായി തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചു. മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവുമായിരുന്ന ഛത്രധര്‍ മഹതോ എങ്ങനെയാണ് മാവോയിസ്റ്റുകളുടെ പ്രധാന നേതാവായി മാറിയത്? മമത മറന്നിട്ടുണ്ടാകുമെങ്കിലും ചരിത്രത്തില്‍നിന്ന് ഇത് മായ്ക്കാനാകില്ല. ജംഗല്‍മഹലില്‍ പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രത്യക്ഷപ്പെടുന്നവര്‍ രാത്രി തോക്കുമെടുത്ത് മാവോയിസ്റ്റായി മാറുന്നത് നാലുമാസംമുമ്പുവരെയുള്ള ചിത്രമായിരുന്നു. പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ഒരു തൃണമൂല്‍ എംപി മാസത്തിലൊരിക്കല്‍ ജംഗല്‍മഹലിലെത്തി മാവോയിസ്റ്റുകളുടെ രഹസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വന്‍തോതില്‍ ഫണ്ടും കൊല്ലേണ്ട സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും നല്‍കിയിരുന്നു. ഈ എംപി ജംഗല്‍മഹലിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. തൃണമൂലിനെയും മാവോയിസ്റ്റുകളെയും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം അത്ര പിന്നിലല്ല. ഇടതുമുന്നണിയെയും സിപിഐ എമ്മിനെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയെന്നത് ഒരു പ്രധാന പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാഭാവികമായ ലക്ഷ്യമായിരിക്കാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ , അതിനായി നാടിനും ജനങ്ങള്‍ക്കും ദ്രോഹമായ ഒരു രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു മമതയും കൂട്ടരും ചെയ്തത്. മാവോയിസ്റ്റുകള്‍ നടത്തുന്ന നരഹത്യകളെ ന്യായീകരിക്കുകയും ഒപ്പംനിന്ന് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കുകയും ചെയ്തു. ഒരുപറ്റം മാധ്യമങ്ങളുടെ ധര്‍മബോധമില്ലാത്ത പിന്തുണയില്‍ ഈ നരനായാട്ട് നാലുവര്‍ഷത്തോളം പശ്ചിമബംഗാളില്‍ നടന്നതാണ്.

2009 മെയ് മുതല്‍ 2011 മാര്‍ച്ചുവരെ ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ജംഗല്‍മഹലിലെ അക്രമം താല്‍ക്കാലികമായി നിലച്ചു. മമത അധികാരത്തിലെത്തിയ 2011 മെയ് 20 മുതല്‍ മൂന്നരമാസംവരെയും ജംഗല്‍മഹലില്‍ അക്രമം നടന്നില്ല. ആഗസ്ത് മുതല്‍ ജംഗല്‍മഹല്‍ വീണ്ടും പഴയ അക്രമത്തിന്റെ നാളുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. ആഗസ്ത് 26ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവ് രവീന്ദ്രനാഥമിശ്രയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 20ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാല്‍മോഹന്‍ മഹതോയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 25ന് ജാര്‍ഗ്രാമിലെ ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച നേതാവ് ബാബു ബോസിനെ മാവോയിസ്റ്റുകള്‍ കൊന്നു. ഇതോടെയാണ് മമത ശക്തമായ വാക്കുകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞത്. ജംഗല്‍മഹലില്‍ വികസനം നടപ്പാക്കാന്‍ മാവോയിസ്റ്റുകള്‍ അനുവദിക്കുന്നില്ലെന്നാണ് ഇപ്പോള്‍ മമത പറയുന്നത്. താന്‍കൂടി വളര്‍ത്തിക്കൊണ്ടുവന്നവര്‍ ഭസ്മാസുരനെപ്പോലെ മമതയുടെ മുന്നില്‍ നില്‍ക്കുകയാണ്. ജംഗല്‍മഹലില്‍ വികസനമില്ലെന്നും അതുകൊണ്ടാണ് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനം വളരുന്നതെന്നുമാണ് മമതയും കോണ്‍ഗ്രസുകാരും ഒരുപോലെ മുന്‍പ് പറഞ്ഞിരുന്നത്. ജംഗല്‍മഹലിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന മാവോയിസ്റ്റുകളുടെ പ്രതിലോമരാഷ്ട്രീയത്തെ സിപിഐ എമ്മും ഇടതുപക്ഷവും നേരത്തെ തുറന്നുകാട്ടിയതാണ്. അന്നൊക്കെ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സിപിഐ എമ്മിനെ ആക്രമിക്കാനായിരുന്നു മമതയ്ക്ക് ഉത്സാഹം. ഇപ്പോള്‍ യാഥാര്‍ഥ്യം മമതയുടെ മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ്. ലാല്‍ഗഢില്‍ മാവോയിസ്റ്റുകള്‍ ഒരുക്കിയ റാലിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം മമതയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ , അന്ധമായ സിപിഐ എം വിരോധംമൂലം ഇടതുമുന്നണി സര്‍ക്കാരിന് വിഷമം സൃഷ്ടിക്കാനായി ഇത്തരം അപകടകരമായ പ്രവൃത്തികള്‍ മമത തുടര്‍ന്നു. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ എത്രയുംവേഗം പിന്‍വലിക്കണമെന്ന് മമത നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി അധികാരത്തിലെത്തി നാലുമാസം പിന്നിട്ടിട്ടും കേന്ദ്രസേനയെ പിന്‍വലിക്കാന്‍ മമത തയ്യാറായിട്ടില്ല. എന്താണ് പിന്‍വലിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? യാഥാര്‍ഥ്യങ്ങള്‍ മമതയുടെ മുഖാമുഖം നില്‍ക്കുകയാണ്. അത്ര പെട്ടെന്നൊന്നും ജംഗല്‍മഹലിനെ സാധാരണനിലയിലാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളെയൊക്കെ വിടുമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ , അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം അനുയായികൂടിയായ ഛത്രധര്‍ മഹതോ അടക്കമുള്ള മാവോയിസ്റ്റ് നേതാക്കള്‍ ജയിലഴിക്കുള്ളിലാണ്. അവിശുദ്ധമായ രാഷ്ട്രീയസഖ്യങ്ങള്‍ക്കും ജനങ്ങളെയും നാടിനെയും മറന്നുള്ള സങ്കുചിതമായ രാഷ്ട്രീയലാഭത്തിനും വേണ്ടിമമത നടത്തിയ രാഷ്ട്രീയപാപങ്ങള്‍ ഇന്ന് അവരെത്തന്നെ വേട്ടയാടുകയാണ്. ഒരുവര്‍ഷംമുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി മാവോയിസ്റ്റുകളെ തെറിപറയാന്‍ അവര്‍ തുടങ്ങിയിരിക്കുന്നു. ഇതും സമചിത്തതയോടെയല്ല. രാഷ്ട്രീയമായി മാവോയിസ്റ്റുകളെ തുറന്നുകാട്ടാനും ജനങ്ങള്‍ക്കിടയില്‍ അവരെ ഒറ്റപ്പെടുത്താനും കഴിയുന്നതാകണം രാഷ്ട്രീയനിലപാട്. അത്തരമൊരു ഉറച്ച രാഷ്ട്രീയനിലപാട് മമതയെപ്പോലെ എടുത്തുചാട്ടക്കാരിയായ ഒരു നേതാവിന് എടുക്കാന്‍ കഴിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.

*
വി ജയിന്‍ ദേശാഭിമാനി 01 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലാണ് താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. കൊല്‍ക്കത്തയിലെ ഹരീഷ്മുഖര്‍ജി റോഡിലെ വീടിനുമുന്നിലൂടെ തന്റെ തലയെടുക്കാന്‍ മാവോയിസ്റ്റുകള്‍ തക്കംപാര്‍ത്ത് തലങ്ങും വിലങ്ങും നടക്കുകയാണത്രേ. മാവോയിസ്റ്റുകളെ ജംഗിള്‍മാഫിയയെന്നും അവര്‍ വിളിച്ചു. ചരിത്രം ഇങ്ങനെയാണ്. ചില പാഠങ്ങള്‍ എത്ര കാലംകൊണ്ടും പഠിപ്പിക്കില്ല. ചില പാഠങ്ങള്‍ വളരെ പെട്ടെന്ന് പഠിപ്പിച്ചുതരും. ഒരുവര്‍ഷംമുമ്പ് മമത എന്തായിരിക്കും മാവോയിസ്റ്റുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. 2010 ആഗസ്ത് ഒമ്പത്. മാവോയിസ്റ്റുകള്‍ ഒരുക്കിയ ലാല്‍ഗഢിലെ വേദിയില്‍ മമത ബാനര്‍ജി തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു. സിപിഐ എം തീവ്രവാദം നടത്തുന്നു എന്നായിരുന്നു പ്രസംഗത്തില്‍ . മാവോയിസ്റ്റ് നേതാവ് ആസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. മാവോയിസ്റ്റ് തീവ്രവാദത്തിനിരയായി മരിച്ച നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കോ മാവോയിസ്റ്റ് അട്ടിമറിമൂലം മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍ക്കോ ആദരാഞ്ജലി അര്‍പ്പിക്കാതെയായിരുന്നു മമതയുടെ തീവ്രവാദവിരുദ്ധപ്രസംഗം. മേധ പട്കര്‍ , സ്വാമി അഗ്നിവേശ് എന്നിവരും അന്ന് വേദിയിലുണ്ടായിരുന്നു.