അമേരിക്ക മറ്റൊരു തെരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പഴയ മുദ്രാവാക്യം പ്രസിഡന്റ് ബറാക് ഒബാമയെ തിരിഞ്ഞുകൊത്തുകയാണ്. വിരലിലെണ്ണാവുന്ന യുവാക്കള്‍ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ജനകീയമുന്നേറ്റമായി മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും പടരുന്നു. നഗരങ്ങളുടെ ഹൃദയഭാഗത്ത്, അമേരിക്കന്‍ വരേണ്യവിഭാഗത്തിന്റെ ആര്‍ത്തിയുടെ പ്രതീകമായ ധനസ്ഥാപനങ്ങളുടെ കാര്യാലയങ്ങള്‍ക്ക് സമീപം താല്‍ക്കാലിക തമ്പുകള്‍ കെട്ടി അവിടെത്തന്നെ ഉണ്ടുറങ്ങുകയാണ് ജനസഹസ്രങ്ങള്‍. 'മാറ്റം സംഭവിക്കുന്നതുവരെ ഞങ്ങള്‍ ഇവിടെ തുടരും' എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. മാറ്റം; അതായിരുന്നല്ലോ നാലുവര്‍ഷം മുമ്പ് ഒബാമ അമേരിക്കന്‍ ജനതയ്ക്കു നല്‍കിയ വാഗ്ദാനം.
സെപ്തംബര്‍ 17ന് ഒരുസംഘം ആളുകള്‍ ന്യൂയോര്‍ക്ക് സ്റോക് എക്സ്ചേഞ്ചിന് സമീപം ടെന്റ് കെട്ടി കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ ഒബാമ സര്‍ക്കാര്‍ കരുതിയില്ല അതു രാജ്യമാകെ പടരാന്‍ പോകുന്ന തീപ്പൊരിയാണെന്ന്. സ്റോക് എക്സ്ചേഞ്ചിനടുത്ത് പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചപ്പോള്‍ പ്രക്ഷോഭകര്‍ തൊട്ടടുത്തുള്ള സൂക്കോട്ടി പാര്‍ക്കിലേക്ക് നീങ്ങി. സ്വകാര്യ ഉടമസ്ഥതയിലുള്ള പാര്‍ക്കായി പിന്നെ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം.
ജനങ്ങളില്‍ ഭൂരിപക്ഷത്തെയും ദുരിതത്തിലാഴ്ത്തുകയും ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന വന്‍കിട ധനസ്ഥാപനങ്ങള്‍ക്കും അവയുടെ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനുമെതിരായ ജനരോഷത്തില്‍ അമേരിക്ക തിളച്ചുമറിയുകയാണ് ഇപ്പോള്‍. ധനസ്ഥാപനങ്ങളുടെയും അമേരിക്കന്‍ ഓഹരി വിപണിയുടെയും കേന്ദ്രമായ വാള്‍സ്ട്രീറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മടിക്കുമ്പോള്‍ 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകര്‍ സമരകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത പതാകകളുമായും പ്രക്ഷോഭകര്‍ എത്തി. ഭക്ഷണവും ഔഷധങ്ങളും സംഗീതവും കലയുമെല്ലാം അവിടെയുണ്ട്. പ്രക്ഷോഭകര്‍ തന്നെ ഭക്ഷണശാലകളും ചെറു വായനശാലകളും താല്‍ക്കാലിക ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. അമേരിക്കയെ പിടിച്ചുലയ്ക്കുന്ന പോരാട്ടത്തിന്റെ ജിഹ്വയായി സ്വന്തമായി പത്രവും പ്രക്ഷോഭകര്‍ പുറത്തിറക്കുന്നു. സാക്ഷാല്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ പേര് ഓര്‍മിപ്പിക്കുന്ന 'ദ് ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേണല്‍'.
അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രക്ഷോഭത്തെ തീര്‍ത്തും അവഗണിച്ചപ്പോഴാണ് അവര്‍ സ്വന്തം പത്രം തുടങ്ങിയത്. സുതാര്യതയുടെയും വസ്തുനിഷ്ഠമായ വാര്‍ത്താ പ്രചാരണത്തിന്റെയും നാട്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ലോകത്തിന്റെ വിദൂര കോണുകളില്‍ പോലും വാര്‍ത്തകള്‍ 'സൃഷ്ടിച്ച്' വിളമ്പുന്നവയാണ്. അധിനിവേശങ്ങള്‍ക്കും അട്ടിമറികള്‍ക്കും കലാപങ്ങള്‍ക്കും എല്ലാം തറയൊരുക്കാന്‍ അമേരിക്കയ്ക്ക് കുത്തക നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ 'സേവനം' ലഭ്യമാണ്. എന്നാല്‍, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം തുടങ്ങിയശേഷം ആദ്യ ഒമ്പതുദിവസം നാഷണല്‍ പബ്ളിക് റേഡിയോ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നതില്‍നിന്ന് അറിയാം ജനങ്ങളുടെ ശബ്ദമുയരുന്നതിനെ അവ എത്ര ഭയക്കുന്നുവെന്ന്.
എന്നാല്‍, ഈ തമസ്കരണം അതിജീവിച്ച് പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നതോടെയാണ് പ്രമുഖ മാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കാന്‍ തയ്യാറായത്. അപ്പോഴും സമരം നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളിലാണ് അവയ്ക്കു താല്‍പ്പര്യം. എന്നിട്ടും തലസ്ഥാനമായ വാഷിങ്ടണ്‍ ഡി സിയിലേക്കും ലൊസ് ആഞ്ചലസ്, സിയാറ്റില്‍, മയാമി, ഷിക്കാഗോ, ബോസ്റണ്‍ തുടങ്ങി നിരവധി നഗരത്തിലേക്കും പ്രക്ഷോഭം പടര്‍ന്നു. ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തൊഴില്‍രഹിതരായ യുവാക്കളാണ്. വിദ്യാഭ്യാസവായ്പകളുടെ കനത്ത ഭാരം താങ്ങാനാകാത്ത വിദ്യാര്‍ഥികളും ഭവനവായ്പകളിലേക്ക് വന്‍ തുക ഗഡുക്കളായി അടച്ചിട്ടും കടക്കെണിയില്‍ നിന്നു രക്ഷപ്പെടാനാകാത്ത തൊഴിലാളികളും വിവേചനം നേരിടുന്ന ആഫ്രിക്കന്‍ വംശജരുമെല്ലാം സജീവമായി രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനമുന്നേറ്റമാകുകയാണ്.
കോര്‍പറേറ്റുകളുടെ ആര്‍ത്തിയെയും സാമൂഹ്യ അസമത്വങ്ങളെയും അമേരിക്കയിലെ സാധാരണക്കാരന് ജീവിതം അസാധ്യമാക്കുന്ന മറ്റ് അനീതികളെയും മാത്രമല്ല പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിലുള്ള ഉല്‍ക്കണ്ഠയും ശക്തമായ യുദ്ധവിരുദ്ധ വികാരവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക കടന്നാക്രമണം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച ഷിക്കാഗോയിലും മറ്റും നടന്ന പ്രകടനം ഇതിന് ഉദാഹരണമാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഷിക്കാഗോ പിടിച്ചെടുക്കല്‍ സമരം നടത്തുന്നവരാണ് അവിടെ യുദ്ധവിരുദ്ധ പ്രകടനം നടത്തിയത്.
ഷിക്കാഗോയിലെ പ്രക്ഷോഭം ശനിയാഴ്ച 16 ദിവസം പിന്നിട്ടു.
വാഷിങ്ടണ്‍ ഡി സിയില്‍ വ്യാഴാഴ്ച യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ച പ്ളക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് 'തൊഴിലുകള്‍' എന്നാണ്. ബാങ്ക് ഓഫ് അമരിക്ക, ചേസ്വെല്‍സ് ഫാര്‍ഗോ തുടങ്ങിയ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്ക് മുന്നിലും ദിവസേന പ്രകടനം നടക്കുകയാണ്. അറബ് വസന്തം അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ സന്ദേശം പ്രസിഡന്റ് ഒബാമയ്ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. സമരം 20 ദിവസത്തോളമായപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒബാമ ഇതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. അമേരിക്കന്‍ ജനതയുടെ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ ഒബാമ എന്തു ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
(എ ശ്യാം)
വാള്‍സ്ട്രീറ്റിന്റെ കുറ്റകൃത്യങ്ങള്‍
അടുത്തകാലംവരെ വാള്‍സ്ട്രീറ്റ് അമേരിക്കക്കാരുടെ സ്വകാര്യഅഹങ്കാരമായിരുന്നു. അമേരിക്കയുടെ സാമ്പത്തികതലസ്ഥാനമായ ന്യൂയോര്‍ക്കിലെ ധനകാര്യതെരുവ്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും വാണിജ്യ-നിക്ഷേപക ബാങ്കുകളുടെ ആസ്ഥാനങ്ങളും സ്ഥിതിചെയ്യുന്ന മര്‍മപ്രധാനകേന്ദ്രം. അമേരിക്കയുടെ സാമ്പത്തികജീവിതത്തിന്റെ മര്‍മപ്രധാനകേന്ദ്രമായ വാള്‍സ്ട്രീറ്റ്, ഇപ്പോള്‍ പക്ഷേ ജനങ്ങളുടെ കണ്ണില്‍ കുറ്റവാളിയായി മാറിയിരിക്കുന്നു. 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' എന്ന പ്രക്ഷോഭം രാജ്യമെങ്ങും അലയടിക്കുന്നു. കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ സാധാരണക്കാര്‍ വാള്‍സ്ട്രീറ്റിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇവയാകട്ടെ, അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക-സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതും.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും കൊടിയ ദാരിദ്യ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും അമേരിക്കയെ എത്തിച്ചത് വാള്‍സ്ട്രീറ്റിന്റെ ലാഭക്കൊതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതായത്, കോര്‍പറേറ്റുകളുടെ ആര്‍ത്തിയാണ് സാധാരണക്കാരുടെ ജീവിതത്തെ കാര്‍ന്നുതിന്നുന്നതെന്ന്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അമേരിക്കന്‍ സാമൂഹ്യ ജീവിതത്തില്‍ ഉടലെടുത്ത അന്തരം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ സ്വത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണെന്ന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാവായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയുടെ 80 ശതമാനത്തിന് അവകാശപ്പെട്ടത് മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനം മാത്രമാണ്. ഈ അന്തരം കൂടിവരികയാണ്. 25 വര്‍ഷം മുമ്പ് ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 33 ശതമാനമായിരുന്നു.
വരുമാനത്തിന്റെ കാര്യത്തിലും ഇതേ തോതില്‍ അന്തരം വര്‍ധിച്ചുവരുന്നു. 1976ല്‍ ഒരു ശതമാനം സമ്പന്നര്‍ക്ക് ലഭിച്ചിരുന്നത് മൊത്തം ദേശീയവരുമാനത്തിന്റെ ഒന്‍പത് ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 24 ശതമാനമായി മാറി. ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ 50 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടേതാണ്. 50 ശതമാനം ജനങ്ങള്‍ക്ക് നിക്ഷേപങ്ങളിലുള്ള പങ്ക് 0.5 ശതമാനം മാത്രം. രാജ്യത്തെ വായ്പഭാരത്തിന്റെ 73 ശതമാനവും 90 ശതമാനം വരുന്ന ജനങ്ങളുടെ ചുമലിലാണ്. ഒരു ശതമാനം സമ്പന്നരുടെ ബാധ്യതയാകട്ടെ മൊത്തം കടത്തിന്റെ അഞ്ച് ശതമാനം മാത്രവും.
ഇത്തരത്തില്‍ പൊറുക്കാന്‍ കഴിയാത്ത സാമ്പത്തിക ഉച്ചനീചത്വം നിലനില്‍ക്കുന്ന സമൂഹത്തെയാണ് മൂന്നുവര്‍ഷം മുമ്പ് മാന്ദ്യം ബാധിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും വാള്‍ സ്ട്രീറ്റിനു തന്നെയാണെന്ന് പ്രക്ഷോഭസംഘാടകര്‍ വിശദീകരിക്കുന്നു. വാള്‍സ്ട്രീറ്റ് സൃഷ്ടിച്ച കുമിളകളാണ് പൊട്ടിയത്. വന്യമായ ഉദാരവല്‍ക്കരണം ബാങ്കുകളെ ലക്കുകെട്ട പ്രയാണത്തിലേക്ക് നയിച്ചു. വിവേകശൂന്യമായ വായ്പവിതരണം ഭവനനിര്‍മാണമേഖലയില്‍ കൃത്രിമവളര്‍ച്ച സൃഷ്ടിച്ചു. നിയന്ത്രണമില്ലാതെ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങള്‍ മികച്ച സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍, കുമിളകള്‍ പൊട്ടുകയും വായ്പ എടുത്തവരുടെ തിരിച്ചടവ്ശേഷി ഇല്ലാതാകുകയും ചെയ്തതോടെ ബാങ്കുകള്‍ പാപ്പരായി. അന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ഒഴുക്കിയാണ് വാള്‍സ്ട്രീറ്റിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഈ പണമാകട്ടെ, സാധാരണ നികുതിദായകരുടേതും. വാള്‍സ്ട്രീറ്റ് മേധാവികള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍, ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2.9 കോടിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. തൊഴിലില്ലായ്മ പത്ത് ശതമാനത്തോട് അടുക്കുന്നു.
ഏറ്റവും ഒടുവില്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നികുതി ചുമത്താന്‍ ശ്രമിച്ചപ്പോള്‍ വാള്‍സ്ട്രീറ്റ് എതിര്‍ക്കുകയാണ്. തങ്ങളുടെ ചെലവില്‍ സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കേണ്ട എന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷ പാര്‍ടിയായ റിപ്പബ്ളിക്കന്മാര്‍ക്ക് പുറമെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിലെ ഗണ്യമായ വിഭാഗവും വാള്‍സ്ട്രീറ്റിന്റെ ഈ വാദത്തെ അതിശക്തമായി പിന്തുണയ്ക്കുന്നു.
വാള്‍സ്ട്രീറ്റിന്റെ കണ്ണില്‍ ചോരയില്ലാത്ത ഈ നിലപാടാണ് ജനരോഷം ഉയരാന്‍ കാരണം. നൈമിഷിക പ്രതിഭാസമാണ് ഈ പ്രക്ഷോഭമെന്നും താനേ കെട്ടടങ്ങുമെന്നും വലതുപക്ഷം ആദ്യം കരുതി. എന്നാല്‍, ദിവസം കഴിയുന്തോറും പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. അതോടെ, ഇതിനെ ലക്ഷ്യബോധമില്ലാത്ത പ്രതിഷേധമായി സിഎന്‍ബിസി പോലുള്ള ചാനലുകള്‍ പരിഹസിച്ചു. അതേസമയം, സാധാരണക്കാര്‍ക്കുള്ള കടാശ്വാസപദ്ധതി ഉള്‍പ്പെടെയുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭമെന്ന് സംഘാടകരില്‍ പ്രമുഖനും ചരിത്രകാരനുമായ റിച്ച് യെസ്സല്‍സണ്‍ പറയുന്നു. ഇത്തരത്തിലുള്ള കടാശ്വാസപദ്ധതി സാമ്പത്തികനീതി ലഭ്യമാക്കാന്‍ ഉപകരിക്കുന്നതിനുപുറമെ മാന്ദ്യം അകറ്റാനും വഴിയൊരുക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അടിസ്ഥാനസൌകര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കണം. സമ്പന്നര്‍ക്കുള്ള നികുതിയിളവുകള്‍ പിന്‍വലിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. അമേരിക്കയില്‍ നിലവിലുള്ള രാഷ്ട്രീയകാലാവസ്ഥയില്‍ ഈ ദിശയിലുള്ള സാമ്പത്തികനയംമാറ്റം അസാധ്യമാണ്. എന്നാല്‍, രാഷ്ട്രീയകാലാവസ്ഥ മാറ്റാന്‍ പ്രക്ഷോഭത്തിന് കഴിഞ്ഞേക്കുമെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ പോള്‍ ക്രൂഗ്മാന്‍ പറയുന്നു.
കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന പണമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് വിജയിക്കുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രകടമായത് ഒബാമയുടെ ധനസമാഹരണ നൈപുണ്യം തന്നെ. ഇന്റര്‍നെറ്റ് വഴിയും മറ്റും ഒബാമ പണം ശേഖരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. മാത്രമല്ല, വാള്‍സ്ട്രീറ്റിലെ ഏതു തട്ടിപ്പിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. സാമ്പത്തികത്തകര്‍ച്ചയ്ക്ക് കാരണമായ ക്രമക്കേടുകള്‍ അഴിമതിയുടെ നിര്‍വചനത്തില്‍ പെടുന്നതാണ്. എന്നാല്‍, ഒരാളെപ്പോലും പ്രോസിക്യൂട്ട് ചെയ്തില്ല. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പോലും മാതൃകപരമായ ശിക്ഷ നല്‍കുന്ന നാട്ടില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാമ്പത്തികകുറ്റകൃത്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് പരിരക്ഷ ലഭിക്കുന്നു. അമേരിക്കയിലെ വന്‍കിട കോര്‍പറേറ്റുകള്‍ കരുതുന്നതാകട്ടെ രാജ്യം തകര്‍ന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല എന്നാണ്. രാജ്യാന്തരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ പണത്തിന്റെ കരുത്തില്‍ അന്ധമായി വിശ്വസിക്കുന്നു.
അതിനാല്‍ അമേരിക്കയെന്ന രാജ്യത്തെ രക്ഷിക്കാന്‍ ജനകീയമുന്നേറ്റം അനവാര്യമാണ്. പ്രക്ഷോഭങ്ങള്‍ വഴിയുള്ള രാഷ്ട്രീയസമ്മര്‍ദം കുറെക്കാലമായി അമേരിക്കയ്ക്ക് അന്യവുമായിരുന്നു. ഈ ജനവിരുദ്ധ സംസ്കാരത്തില്‍നിന്നുള്ള ഉയിര്‍പ്പാണ് ഇപ്പോഴത്തെ പ്രക്ഷോഭം.
(സാജന്‍ എവുജിന്‍)
ഞങ്ങളാണ് 99 ശതമാനം
ലൊസാഞ്ചലസ്: കിഴക്ക് ന്യൂയോര്‍ക്കുമുതല്‍ പടിഞ്ഞാറ് ലൊസാഞ്ചലസുവരെ അമേരിക്കന്‍ നഗരങ്ങളിലെല്ലാം ഉയരുന്നത് ഒരേ മുദ്രാവാക്യം: 'ഞങ്ങളാണ് 99 ശതമാനം'. ജനസംഖ്യയില്‍ ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നന്മാര്‍ തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അമേരിക്കയുടെ നയങ്ങള്‍ തീരുമാനിക്കുമ്പോള്‍ അവയുടെ കെടുതികള്‍ക്ക് ഇരയാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പോര്‍വിളിയാണ് ആ മുദ്രാവാക്യത്തിലടങ്ങിയിരിക്കുന്നത്.
സാമ്പത്തിക അനീതിയോടുള്ള അമേരിക്കന്‍ ജനരോഷമാണ് നഗരങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭം വെളിപ്പെടുത്തുന്നതെന്ന് അതിന്റെ സംഘാടകര്‍ പറയുന്നു. വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും സര്‍ക്കാരിലും രാഷ്ട്രീയക്കാരിലുമുള്ള സ്വാധീനം വര്‍ധിക്കുന്നതും അത്യാര്‍ത്തി മൂര്‍ത്ത കുത്തകകള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി 99 ശതമാനം അമേരിക്കക്കാരുടെ ചെലവില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതുമാണ് ജനങ്ങളെ നിരാശരാക്കുന്ന പ്രധാന പ്രശ്നമെന്ന് സംഘാടകരില്‍ ഒരാളായ ജോ ബ്രയോണിസ് പറഞ്ഞു.
ലൊസാഞ്ചലസ് നഗരഹാളിന്റെ വടക്കുപടിഞ്ഞാറുഭാഗത്തെ പുല്‍ത്തകിടിയില്‍ ഡസന്‍കണക്കിനു തമ്പ് ഒക്ടോബര്‍ ഒന്നുമുതല്‍ സജീവമാണ്. അടിച്ചമര്‍ത്തലിനെതിരെ ഐക്യദാര്‍ഢ്യവുമായി 'ലെസാഞ്ചലസ് പിടിച്ചെടുക്കല്‍' എന്ന മുദ്രാവാക്യവുമായി ഇവിടെ തമ്പടിച്ചിരിക്കുന്നവര്‍ 'വിപ്ളവ'ത്തില്‍ അണിചേരാന്‍ ആഹ്വാനംചെയ്ത് ജനങ്ങളുടെ ഒപ്പുശേഖരണത്തിലാണ്.
പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പത്തൊമ്പതുകാരന്‍ തന്റെ ദുരിതജീവിതം തുറന്നുപറഞ്ഞു. 15-ാം വയസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്ന അവന് എന്തെങ്കിലും തൊഴില്‍ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. അപ്പോള്‍പ്പോലും കമ്പനികള്‍ അടിച്ചേല്‍പ്പിക്കുന്ന അടിമത്തവും വിവേചനവും സഹിക്കാനാകാത്തതാണ് അവനെ പോരാളിയാക്കിയത്. തങ്ങള്‍ക്ക് വേണ്ടത് വിനോദമല്ല, വിദ്യാഭ്യാസമാണെന്ന് അവന്‍ തുറന്നടിക്കുന്നു. കമ്യൂണിക്കേഷന്‍സ് ബിരുദധാരിയായ ആഫ്രിക്കന്‍ വംശജ അയ്മീ ഇവെല്‍ ഒരു റെസ്റോറന്റില്‍ തുച്ഛശമ്പളത്തിന് ജോലിചെയ്യുകയാണ്. കാമുകനാകട്ടെ തൊഴില്‍ ലഭിച്ചിട്ടുമില്ല. ബിരുദധാരികളായ ഭൂരിപക്ഷത്തിന്റെയും സ്ഥിതി ഇതാണെന്ന് അയ്മീ പറയുന്നു.
പ്രക്ഷോഭകര്‍ക്ക് സ്വന്തം പത്രവും
പ്രദ്ധീകരിക്കുന്ന പത്രത്തിന് വന്‍ പ്രചാരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് 'ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' എന്ന പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഉടന്‍തന്നെ അരലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞു. ഇതേതുടര്‍ന്ന് അന്നുതന്നെ 20,000 പ്രതികള്‍ കൂടി അച്ചടിച്ചു. പിന്നീട് ഓരോ നാള്‍ കഴിയുന്തോറും പ്രചാരം വര്‍ധിച്ചുവരികയാണ്.
മുമ്പ് അസോസിയറ്റഡ് പ്രസിലും ന്യൂസ് വീക്കിലും പ്രവര്‍ത്തിച്ചിരുന്ന മൈക്കിള്‍ ലെവിറ്റിന്‍(35) ആണ് ഇതിന്റെ മുഖ്യപത്രാധിപര്‍. ചലച്ചിത്രപ്രതിഭയായ മൈക്കിള്‍ മൂര്‍, 'നോ ലോഗോ'യുടെ രചയിതാവ് നവോമി ക്ളയിന്‍ തുടങ്ങിയവര്‍ പത്രത്തിന്റെ ഫണ്ട് ശേഖരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. 'ക്വിക്ക് സ്റ്റാര്‍ട്ടര്‍' എന്ന വെബ്സൈറ്റ് വഴിയാണ് ഫണ്ട് സമാഹരണം. പത്രം ദേശീയതലത്തില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
*
ദേശാഭിമാനി 09 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
അമേരിക്ക മറ്റൊരു തെരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പഴയ മുദ്രാവാക്യം പ്രസിഡന്റ് ബറാക് ഒബാമയെ തിരിഞ്ഞുകൊത്തുകയാണ്. വിരലിലെണ്ണാവുന്ന യുവാക്കള്‍ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ജനകീയമുന്നേറ്റമായി മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും പടരുന്നു. നഗരങ്ങളുടെ ഹൃദയഭാഗത്ത്, അമേരിക്കന്‍ വരേണ്യവിഭാഗത്തിന്റെ ആര്‍ത്തിയുടെ പ്രതീകമായ ധനസ്ഥാപനങ്ങളുടെ കാര്യാലയങ്ങള്‍ക്ക് സമീപം താല്‍ക്കാലിക തമ്പുകള്‍ കെട്ടി അവിടെത്തന്നെ ഉണ്ടുറങ്ങുകയാണ് ജനസഹസ്രങ്ങള്‍. 'മാറ്റം സംഭവിക്കുന്നതുവരെ ഞങ്ങള്‍ ഇവിടെ തുടരും' എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. മാറ്റം; അതായിരുന്നല്ലോ നാലുവര്‍ഷം മുമ്പ് ഒബാമ അമേരിക്കന്‍ ജനതയ്ക്കു നല്‍കിയ വാഗ്ദാനം
Post a Comment