ജനിതക സാങ്കേതികവിപ്ലവം കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഔഷധങ്ങളുടെ ഉല്‍പ്പാദനസാധ്യത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ , ഔഷധ മേഖലയിലെ വന്‍കിട കമ്പനികള്‍ നവീന ഔഷധ ഗവേഷണത്തില്‍ വലിയ താല്‍പ്പര്യം കാട്ടുന്നില്ലെന്ന വിമര്‍ശം അമേരിക്കയില്‍പോലും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഔഷധ ഗവേഷണത്തിനായി ചെലവാക്കുന്നതിന്റെ ഇരട്ടിത്തുകയാണ് മരുന്നുകമ്പനികള്‍ ഇപ്പോള്‍ ഔഷധ മാര്‍ക്കറ്റിങ്ങിനായും പ്രചാരണത്തിനായും ചെലവിടുന്നത്. പുതിയ ഔഷധങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി ഫലസിദ്ധിയും പാര്‍ശ്വഫല സാധ്യതയും മറ്റും പരീക്ഷണനിരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതിന് വന്‍തുക മുടക്കേണ്ടി വരും. ഒരു പുതിയ ഔഷധം കണ്ടെത്തി വിപണിയിലെത്തിക്കാന്‍ ഏതാണ്ട് നൂറ് കോടി ഡോളര്‍ (5000 കോടി രൂപ) ചെലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ , ഗവേഷണച്ചെലവ് കഴിച്ചാല്‍ രാസൗഷധങ്ങളെപ്പോലെ ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ പിന്നീട് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വലിയ ചെലവ് വേണ്ട. മരുന്നു കമ്പനികള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങള്‍ വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കാറില്ല.
ജനിതക ഔഷധങ്ങളെല്ലാം വന്‍ വില ഈടാക്കിയാണ് കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നത്. ഇതിനെതിരെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കന്‍ ജനതയില്‍ വര്‍ധിച്ചുവരുന്ന മാനസിക രോഗങ്ങള്‍ക്കെതിരായി കേവലം രണ്ട് മരുന്നുമാത്രമാണ് കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല വളരെയേറെ പ്രചാരത്തിലുള്ള നിരവധി മികച്ച ഔഷധങ്ങള്‍ ഗവേഷണം ചെയ്ത്കണ്ടെത്തിയിട്ടുള്ളത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വകലാശാലകള്‍ തുടങ്ങിയ പൊതുഗവേഷണ സ്ഥാപനങ്ങളാണെന്നും കാണാന്‍ കഴിയും. ഹൃദ്രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ ബീറ്റാബ്ലോക്കര്‍, എസിഇ ഇന്‍ഹിബിറ്റര്‍, ആമാശയ വ്രണത്തിനുള്ള എച്ച് 2 ബ്ലോക്കര്‍ , എയ്ഡ്സിനുള്ള സിഡുവിഡിന്‍ , സ്തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ ആധുനിക മരുന്നുകള്‍ ഇവയില്‍പെടുന്നു. പൊതുസ്ഥാപനങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ ആധുനിക മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യാനായി സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
പൊതുസ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളില്‍നിന്ന് ലാഭംകൊയ്യാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കരുതെന്ന ആവശ്യവും അമേരിക്കയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ നിരന്തരം ഉയര്‍ത്തിവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഔഷധ ഗവേഷണത്തിനായി സര്‍ക്കാര്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് പൊതുഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ജെയിംസ് വാട്സന് ശേഷം ഹ്യൂമന്‍ ജിനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ത്തിന്റെ കീഴില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സിങ് ട്രാന്‍സേഷണല്‍ സയന്‍സസ് എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ച് ഔഷധ ഗവേഷണം ത്വരിതപ്പെടുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
വാള്‍സ്ട്രീറ്റ് സമരത്തിന്റെ ഭാഗമായി ഔഷധഗവേഷണവും ഉല്‍പ്പാദനവും കുത്തക കമ്പനികളില്‍നിന്ന് മോചിപ്പിച്ച് പൊതുസ്ഥാപനങ്ങളില്‍ നടത്തേണ്ടതാണെന്ന് പോള്‍ ക്രൂഗ്മാനെയും ജോസഫ് സ്റ്റിഗ്ലിറ്റ്സിനെയുംപോലുള്ള സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം പൊതുഗവേഷണത്തിനായി തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ളത്. പ്രതിസന്ധികളില്‍നിന്ന് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്ക് ബദലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ സാവകാശത്തിലാണെങ്കിലും ഉയര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളായ അമേരിക്കന്‍ സര്‍ക്കാര്‍പോലും സ്വകാര്യ കുത്തക കമ്പനികളെ ഒഴിവാക്കി ഔഷധഗവേഷണ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും ഇവിടത്തെ ഔഷധമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതാണ്. 2005ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമം മാറ്റിയതോടെ വികസിത രാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യുന്ന നവീന ഔഷധങ്ങള്‍ ഇതര രീതികളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യക്കാവില്ല. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തെ ജനതയ്ക്കാവശ്യമായ മരുന്നുകളല്ല വിദേശ രാജ്യങ്ങളില്‍ കണ്ടെത്തുന്നവയില്‍ ഭൂരിഭാഗവും. പേറ്റന്റ് നിയമം മാറ്റിയതോടെ ഇന്ത്യന്‍ -വിദേശ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ മൗലിക ഗവേഷണത്തിലല്ല, പരീക്ഷണങ്ങളിലും കരാര്‍ ഗവേഷണത്തിലുംമാത്രമാണ് താല്‍പ്പര്യം കാട്ടുന്നതെന്നതും ഇന്ത്യന്‍ ഔഷധവ്യവസായത്തില്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ മരുന്നുകള്‍ വികസിപ്പിച്ചെടുത്ത് രാജ്യത്തെ പൊതുമേഖലാ മരുന്നുകമ്പനികളിലൂടെ ഉല്‍പ്പാദിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ തങ്ങളുടെ അമേരിക്കന്‍ യജമാനന്‍മാര്‍ നയം മാറ്റിത്തുടങ്ങിയെങ്കിലും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂട്ടാളികളും ഔഷധരംഗത്തെ കുത്തക പ്രീണനനയം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.
*****
ഡോ. ബി ഇക്ബാല്‍, കടപ്പാട്: ദേശാഭിമാനി
1 comment:

Post a Comment