Friday, October 28, 2011

പൊതുമേഖലാ ബാങ്കുകള്‍ - ജര്‍മനിയില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ജര്‍മന്‍ സമ്പദ്ഘടനയെ പോഷിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ണായക പങ്കു വഹിച്ചു. കഴിഞ്ഞ പതിറ്റാണ്ടില്‍ പരിമിതമായി സ്വകാര്യവല്‍കരണത്തിന് വിധേയമാകുമ്പോഴും പൊതുമേഖലയുടെ പ്രസക്തി ഉയര്‍ത്തി പിടിക്കുന്നതില്‍ ജര്‍മ്മന്‍ പൊതുമേഖലാബാങ്കുകള്‍ ക്രിയാത്മകമായി ഇടപെട്ടു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറിയ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി വളരെ വലുതാണ്. ബാങ്കുകള്‍ പൊതുഉടമയില്‍ ആയിരിക്കണം എന്നും സമൂഹത്തിന്റെ സമഗ്രപുരോഗതി ഉറപ്പുവരുത്താന്‍ സ്വകാര്യ മേഖലക്ക് സാധിക്കില്ല എന്നതും അനുഭവം.

2010 മെയ് മാസത്തിലെ The Economist മാസികയില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിശദമായി വിലയിരുത്തുന്നുണ്ട്. ആ രാജ്യങ്ങളിലൊന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ബാങ്കുകള്‍ ഒന്നും തകര്‍ന്നില്ല. അമേരിക്കയില്‍ പൊതുമേഖലാബാങ്ക് നോര്‍ത്ത് ഡക്കോട്ടയില്‍ മാത്രമാണുള്ളത്. അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നോര്‍ത്ത് ഡക്കോട്ടയില്‍ തൊഴിലില്ലായ്മാനിരക്ക് തീരെ കുറവാണ്. മാത്രമല്ല വര്‍ഷങ്ങളായി മിച്ചബജറ്റാണ് നോര്‍ത്ത് ഡക്കോട്ടയില്‍. ഈ വിജയത്തിന് പിന്നില്‍ പൊതുമേഖലാബാങ്ക് തന്നെയാണ്.

യൂറോപ്പില്‍ ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലവില്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ജര്‍മ്മനിയില്‍. പൊതുഉടമയില്‍ 11 പ്രാദേശിക ബാങ്കുകളും (Regional Public Banks) ആയിരക്കണക്കിന് സേവിംഗ്സ് ബാങ്കുകളും ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നു. യൂറോസോണില്‍പെട്ട രാജ്യങ്ങളില്‍ സാമ്പത്തികസ്ഥിതി മെച്ചം ജര്‍മ്മനിയില്‍ തന്നെയാണ്. ഉല്പാദനമേഖല ജി.ഡി.പി.യുടെ 25 ശതമാനം. ബ്രിട്ടണില്‍ ഉല്പാദനമേഖലയുടെ പങ്ക് ഇതില്‍ പകുതിയാണ്. സാമ്പത്തിക പ്രതിസന്ധി സാര്‍വദേശീയമായി വ്യാപിക്കുമ്പോള്‍ ജര്‍മനിയിലെ തൊഴിലില്ലായ്മ 6.8 ശതമാനം. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

1999ല്‍ ജര്‍മനിയിലെ ബാങ്കിംഗ് മേഖലയില്‍ 20 ശതമാനം സ്വകാര്യബാങ്കുകള്‍ ആയിരുന്നു. ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 40 ശതമാനം. രണ്ടാം ലോകമഹായുദ്ധത്തിലെ തകര്‍ച്ചകള്‍ക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ യൂറോപ്പിലെ സാമ്പത്തിക ശക്തിയായി മാറാന്‍ ജര്‍മനിക്ക് കഴിഞ്ഞു. 1947 ല്‍ ജര്‍മനിയിലെ വ്യാവസായിക ഉല്പാദനം 1938 ലെ ഉല്പാദനത്തിന്റെ മൂന്നിലൊന്നായി കുറഞ്ഞു. 2003ല്‍ എത്തുമ്പോള്‍ ഒരു പ്രധാനകയറ്റുമതി രാജ്യമായി മാറാന്‍ ജര്‍മനിക്ക് സാധിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഓട്ടോമൊബൈല്‍സ്, യന്ത്രഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ് തുടങ്ങിയ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. 2010 ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാജ്യങ്ങള്‍ എരിപിരി കൊള്ളുമ്പോള്‍ ജര്‍മനി 3.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി.

സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ ശക്തമായ പൊതുമേഖലാ സംവിധാനം നിലനിര്‍ത്തിയതുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച സാധ്യമായതെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും. സ്വകാര്യലാഭത്തേക്കാള്‍ സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലബാങ്കുകള്‍ ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രധാനപങ്കു വഹിച്ചു. ഉല്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അനുയോജ്യമായ പദ്ധതികള്‍ പൊതുമേഖലാബാങ്കുകള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കി. സാധാരണക്കാരുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സമാഹരിക്കാനും അവര്‍ക്ക് ആവശ്യമായ വായ്പകള്‍ യഥേഷ്ടം നല്‍കാനും സേവിംഗ്സ് ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇത്തരം ബാങ്കുകള്‍ രൂപീകൃതമായത്. 1778ല്‍ Hamberg ല്‍ ഏതാനും കച്ചവടക്കാരാണ് ആദ്യത്തെ Savings Bankന് തുടക്കം കുറിച്ചത്. പൊതുഉടമയില്‍ ആദ്യത്തെ സേവിംഗ്സ് ബാങ്ക് 1801 ല്‍ Geottungen ല്‍ ആരംഭിച്ചു. ജനങ്ങളുടെ സഹകരണം കൊണ്ട് പൊതുഉടമയില്‍ ഇത്തരം ബാങ്കുകള്‍ 1850ല്‍ 630 ആയിരുന്നത് 1903 ആകുമ്പോള്‍ 2834 ആയി ഉയര്‍ന്നു. ഇന്ന് ജര്‍മ്മനിയില്‍ പൊതുഉടമയില്‍ 15600 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.

യൂറോപ്യന്‍ യൂനിയനും, അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാബാങ്കിംഗ് അലര്‍ജിയാണ്. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് അവര്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ നാഴികമണി പിറകോട്ട് തിരിക്കാന്‍ ശ്രമം നടത്തി. 1999ന് ശേഷം ബാങ്കിംഗ് രംഗം ദിശമാറി ഒഴുകാന്‍ തുടങ്ങി. സ്വകാര്യബാങ്കുകള്‍ വര്‍ധിക്കുകയും തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിഷ്ക്രിയ ആസ്തി പെരുകുകയും ചെയ്തു. എന്നാല്‍ പരമാവധി നിയന്ത്രണം ഏര്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജര്‍മനിയില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 28.4 ശതമാനം. മത്സരം വളര്‍ത്താന്‍ സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്രനാണയനിധി (IMF) സജീവമായി രംഗത്തുണ്ട്. ഇത്തരം നടപടികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങാത്തതുകൊണ്ടാണ് ജര്‍മനിക്ക് പിടിച്ചു നില്‍കാന്‍ സാധിക്കുന്നത്.

അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറുകയാണ്. ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പോറലുകള്‍ ഏല്‍ക്കാതിരുന്നത് ശക്തമായ പൊതുമേഖലാബാങ്കിംഗ് സംവിധാനം നിലനിന്നതു കൊണ്ടാണെന്ന് ആണയിടുന്ന യു.പി.ഏ. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കാനും ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ബാങ്കിംഗ് മേഖല ദേശവിദേശ കുത്തകകള്‍ക്ക് തീറെഴുതാനും ഒരുങ്ങുകയാണ്. മുഴുവന്‍ ഇന്ത്യക്കാരും പ്രതിഷേധം ഉയര്‍ത്തേണ്ട ഒരു വിഷയമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ഭരണാധികാരികള്‍ ഒരു പാഠവും പഠിച്ചില്ല എന്നാണ് അവരുടെ ചെയ്തികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പോരാട്ടം ശക്തിപ്പെടുത്തുക.



*****



കെ.ജി.സുധാകരന്‍ കരിവെള്ളൂര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറുകയാണ്. ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പോറലുകള്‍ ഏല്‍ക്കാതിരുന്നത് ശക്തമായ പൊതുമേഖലാബാങ്കിംഗ് സംവിധാനം നിലനിന്നതു കൊണ്ടാണെന്ന് ആണയിടുന്ന യു.പി.ഏ. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കാനും ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ബാങ്കിംഗ് മേഖല ദേശവിദേശ കുത്തകകള്‍ക്ക് തീറെഴുതാനും ഒരുങ്ങുകയാണ്. മുഴുവന്‍ ഇന്ത്യക്കാരും പ്രതിഷേധം ഉയര്‍ത്തേണ്ട ഒരു വിഷയമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ഭരണാധികാരികള്‍ ഒരു പാഠവും പഠിച്ചില്ല എന്നാണ് അവരുടെ ചെയ്തികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പോരാട്ടം ശക്തിപ്പെടുത്തുക.