ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് ഈയിടെ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം സമാപിച്ചത്. നേതാക്കള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച നേതൃത്വം, അത് അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനമോഹിയുമായ നരേന്ദ്രമോഡിയുടെയും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കപ്പെട്ട യദ്യൂരപ്പയുടെയും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു യോഗം. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രഥയാത്രയുമായി അദ്വാനി ഇറങ്ങുന്നതാണ് മോഡിയെ ചൊടിപ്പിച്ചത്. ആര്‍എസ്എസ് നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ മോഡി, അദ്വാനിക്കു മൂക്കുകയറിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് കൂട്ടായ നേതൃത്വമാണ് ഉള്ളത് എന്ന് ആ പാര്‍ടിയുടെ പ്രസിഡന്‍റിനെക്കൊണ്ട് പ്രസ്താവന ഇറക്കിക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല എന്ന് അദ്വാനിയെക്കൊണ്ട് തന്നെ പറയിക്കാനും മോഡിക്കു കഴിഞ്ഞു. രഥയാത്ര ഗുജറാത്തില്‍നിന്ന് ആരംഭിക്കാനായിരുന്നു അദ്വാനി ആദ്യം പ്ലാനിട്ടതും പ്രഖ്യാപിച്ചതും. അദ്വാനിയുടെ സ്വന്തം നിയോജകമണ്ഡലം ഗുജറാത്തിലെ ഗാന്ധിനഗറാണല്ലോ?

എന്നാല്‍ മോഡിയുടെ ഉടക്കു വന്നതിനെ തുടര്‍ന്ന് രഥയാത്രയുടെ ഉദ്ഘാടനം ബീഹാറിലേക്കു മാറ്റി. മോഡിയുടെ ഉപവാസം ബഹിഷ്കരിച്ച സഖ്യകക്ഷി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിധീഷ്കുമാറിനെ രഥയാത്ര ഉദ്ഘാടനംചെയ്യാന്‍ അദ്വാനി ക്ഷണിച്ചിരിക്കയാണ്. നേതാക്കള്‍ തമ്മില്‍ അധികാരത്തിനായി വടംവലി ഒരു ഭാഗത്ത്; മറുഭാഗത്ത് തീവ്രഹിന്ദുത്വമാണോ മൃദുഹിന്ദുത്വമാണോ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രയോജനം ചെയ്യുക എന്ന നേതൃത്വത്തിന്റെ അവ്യക്തത. ഇതാണ് ആര്‍എസ്എസ് - ബിജെപി നേതൃത്വത്തെ കുഴയ്ക്കുന്നത്. അതിന്റെ പ്രതിഫലനം കൂടിയാണ് അദ്വാനി - മോഡി പോരായി പുറത്തു പ്രത്യക്ഷപ്പെടുന്നത്. അദ്വാനിയും തീവ്രഹിന്ദുത്വത്തിന്റെ ശക്തനായ വക്താവാണെങ്കിലും ഇടയ്ക്ക് ചില സര്‍ക്കസുകള്‍ അദ്ദേഹം കാണിച്ചതോടെ ആര്‍എസ്എസ് നേതൃത്വത്തിന് അദ്വാനി അഭിമതനല്ലാതായി. അല്ലെങ്കില്‍ പുറമെ അവര്‍ അങ്ങനെ ഭാവിക്കുന്നു. നേതൃത്വത്തിനിടയിലെ തമ്മിലടി രൂക്ഷമാവുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ വെളിവാകുന്നത്. മാത്രമല്ല ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റിയ നേതാവില്ല എന്നതും ബിജെപിക്ക് വലിയ ശൂന്യതയാണ് നല്‍കുന്നത്.
ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ പൊറുതി മുട്ടിക്കുന്നവിധം ജനവിരുദ്ധ നയങ്ങളാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. സൗജന്യങ്ങളും സബ്സിഡികളും എല്ലാം വന്‍കിട കുത്തകകള്‍ക്കു മാത്രമായി അവര്‍ സംവരണം ചെയ്തിരിക്കയാണെന്ന കാര്യവും പ്രത്യക്ഷ യാഥാര്‍ത്ഥ്യമാണ്. പെട്രോളിന്റെ ഇടയ്ക്കിടയ്ക്കുള്ള വില വര്‍ദ്ധനവ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അന്താരാഷ്ട്ര വിപണിയില്‍ ചെറിയ തോതില്‍ വര്‍ദ്ധനവു വന്നാല്‍ ഉടന്‍ ജനങ്ങള്‍ക്കുമേല്‍ വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വിപണിയില്‍ എത്ര കുറവുവന്നാലും കമ്പനികള്‍ കണ്ടില്ലെന്നു നടിക്കും. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശയും നല്‍കും. ബാരലിന് 12.50 ഡോളറിന്റെ വിലക്കുറവാണ് സെപ്തംബര്‍ മുതല്‍ ഉണ്ടായിരിക്കുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്കില്‍ മാറ്റമുണ്ടായതിന്റെ പേരില്‍ 3.25 രൂപ വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും ക്രൂഡ് ഓയിലിന്റെ വിലക്കുറവിനുനേരെ നിഷ്ഠുരമായ നിസ്സംഗത പുലര്‍ത്തുന്നു.

കടക്കെണികൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ച് അവരുടെ ദുരിതം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നു. യഥാസമയം വായ്പകള്‍ കൊടുക്കാതെ അവരെ പൊറുതിമുട്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍കരിച്ച് പാവപ്പെട്ടവനെ അതിന്റെ പരിധിക്ക് പുറത്താക്കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കിവരുന്ന സബ്സിഡികളും സൗജന്യങ്ങളും അനാവശ്യമാണ്, അത് ഒഴിവാക്കണം എന്നതാണ് ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ കാതല്‍ . സബ്സിഡികളും ടാക്സ് ഇളവുകളും നല്‍കേണ്ടത് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് എന്ന് അതിന്റെ ഭക്തന്മാര്‍ വാദിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും ആഗോളവല്‍കരണ നയങ്ങളുടെ ശക്തരായ വക്താക്കളും പ്രയോക്താക്കളുമാണ്. ഇപ്പോള്‍ വന്‍ പകല്‍ക്കൊള്ളയ്ക്ക് വിധേയമാക്കപ്പെട്ട 2 ജി സ്പെക്ട്രം ഇടപാടിന്റെ പ്രാരംഭം ബിജെപി സര്‍ക്കാരിന്റെ കാലത്താണെന്നതും ശ്രദ്ധേയമാണ്. അതുപോലെ ഇന്ത്യയെ അമേരിക്കയുടെ തന്ത്രാത്മക പങ്കാളിയാക്കാന്‍ വ്യവസ്ഥയുള്ള 123 കരാറിന്റെ - ആണവക്കരാറിന്റെ - തുടക്കവും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത്സിംഗ് നിരവധി തവണയാണ് യുഎസ് അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയത്. ആണവക്കരാറിനെ അതേപടി അനുകൂലിക്കുന്ന നിലപാടാണ് ബിജെപിയും സഖ്യകക്ഷികളും സ്വീകരിച്ചതും.
അഴിമതിയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ യുപിഎയേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. പൊതുമേഖലകളുടെ സ്വകാര്യവല്‍കരണമായിരുന്നു അഴിമതി ചെയ്യാനുള്ള ഏറ്റവും നല്ല മേച്ചില്‍പ്പുറമായി അവര്‍ ഉപയോഗിച്ചത്. പൊതുമേഖലകളെ സ്വകാര്യവല്‍കരിക്കാന്‍ തന്നെ ഒരു വകുപ്പ് ഉണ്ടാക്കി. അതിന്റെ കാര്‍മികത്വത്തില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളേയും നിസ്സാരവിലയ്ക്ക് അവര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതി. കോവളത്തെ ഐടിഡിസി ഹോട്ടല്‍ തന്നെ നമുക്കു മുമ്പിലെ നല്ല ഉദാഹരണമാണ്. വെറും 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ആ സ്ഥാപനം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 120 കോടി രൂപയ്ക്കാണ് അതു വാങ്ങിയ വ്യക്തി മറിച്ചുവിറ്റത്. അതുപോലെ എത്ര എത്ര സ്ഥാപനങ്ങളാണ് അവര്‍ ഒരു തത്വദീക്ഷയുമില്ലാതെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയത്! വിദ്യാഭ്യാസമേഖലയെയും ചരിത്ര പഠന സ്ഥാപനങ്ങളെയും വര്‍ഗീയവല്‍ക്കരിക്കുക എന്നത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയായിരുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തേയും ദേശീയ ചരിത്ര വികസന സമിതിയേയുമെല്ലാം വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാക്കി. വാജ്പേയി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന വേളയിലാണ് ഗുജറാത്തില്‍ നിഷ്ഠുരമായ വംശഹത്യ അരങ്ങേറിയത് എന്നതും മനുഷ്യത്വമുള്ള ആര്‍ക്കും മറക്കാനാവില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ തണലിലാണ് മോഡിയും കൂട്ടരും നിഷ്ഠുരമായ കൊലപാതകങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ദുരുപയോഗം ചെയ്തുകൊണ്ട് നടപ്പാക്കിയത്. അഴിമതിയുടെയും ആഗോളവല്‍ക്കരണ നയങ്ങളുടെയും കാര്യത്തില്‍ ഇരട്ടകളാണ് കോണ്‍ഗ്രസും ബിജെപിയും അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ബിജെപി രഥയാത്ര നടത്തുന്നത് വലിയ തമാശയായി മാറുന്നു. കോണ്‍ഗ്രസിനേയും ബിജെപിയേയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തിയുള്ള ഭരണമേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണം ചെയ്യൂ. അവിടെയാണ് ഇടതുപക്ഷ - മതനിരപേക്ഷ സഖ്യത്തിന്റെ ആവശ്യകതയും പ്രസക്തിയും.
*****ഗിരീഷ് ചേനപ്പാടി,ചിത്രങ്ങൾ : കടപ്പാട് : ഗൂഗിൾ
1 comment:
അഴിമതിയുടെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ യുപിഎയേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല. പൊതുമേഖലകളുടെ സ്വകാര്യവല്‍കരണമായിരുന്നു അഴിമതി ചെയ്യാനുള്ള ഏറ്റവും നല്ല മേച്ചില്‍പ്പുറമായി അവര്‍ ഉപയോഗിച്ചത്. പൊതുമേഖലകളെ സ്വകാര്യവല്‍കരിക്കാന്‍ തന്നെ ഒരു വകുപ്പ് ഉണ്ടാക്കി. അതിന്റെ കാര്‍മികത്വത്തില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളേയും നിസ്സാരവിലയ്ക്ക് അവര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതി. കോവളത്തെ ഐടിഡിസി ഹോട്ടല്‍ തന്നെ നമുക്കു മുമ്പിലെ നല്ല ഉദാഹരണമാണ്. വെറും 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ആ സ്ഥാപനം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 120 കോടി രൂപയ്ക്കാണ് അതു വാങ്ങിയ വ്യക്തി മറിച്ചുവിറ്റത്. അതുപോലെ എത്ര എത്ര സ്ഥാപനങ്ങളാണ് അവര്‍ ഒരു തത്വദീക്ഷയുമില്ലാതെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയത്! വിദ്യാഭ്യാസമേഖലയെയും ചരിത്ര പഠന സ്ഥാപനങ്ങളെയും വര്‍ഗീയവല്‍ക്കരിക്കുക എന്നത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയായിരുന്നു.
Post a Comment