Monday, October 17, 2011

അറിയപ്പെടാത്ത നുറുങ്ങുകളുമായി സഞ്ചാരിക്കുന്ന വിശ്വാസി

ലോനപ്പന്‍ നമ്പാടെന്‍റ കട്ടി മീശയും വിമോചന സമരവും തമ്മിലെന്ത്? വിമോചന സമരത്തെ ഹൃദയംകൊണ്ട് പിന്തുണച്ചിരുന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കൊടകരക്കാരന്‍ നമ്പാടന്‍ വിമോചനസമരത്തിന്റെ വീര്യത്തിലാണ് ആദ്യമായി മീശവച്ചത്. അതും സമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1959 ലെ ജനുവരി ഒന്നിന്. പിന്നീട് ഒരേയൊരിക്കല്‍ മീശ കളഞ്ഞത് എകെജി സിനിമയില്‍ ജ്യോതിബസുവായി അഭിനയിക്കാനും. കേരള രാഷ്ട്രീയ ചരിത്രത്തെ എല്‍പി സ്കൂള്‍ അധ്യാപകന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന "സഞ്ചരിക്കുന്ന വിശ്വാസി" എന്ന നമ്പാടന്റെ ആത്മകഥയിലാണ് ഈ മീശ പുരാണം. നമ്പാടന്‍ നമ്പരുകളുടെ കമ്പക്കെട്ടുകള്‍ക്കൊപ്പം കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുകളുടെ കുഴിമിന്നി അമിട്ടുകളും ആത്മകഥയെ വ്യത്യസ്തമാക്കുന്നു. എകെജി സിനിമയില്‍ ബസുവായി വേഷമിട്ടതുകൊണ്ട് നമ്പാടന് മറ്റൊരു നേട്ടവുമുണ്ടായി. കാല്‍നുറ്റാണ്ട് എംഎല്‍എയും മന്ത്രിയും ഒരുവട്ടം എംപിയുമായിട്ടും മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന ബസുവിന്റെ വേഷമിട്ടതോടെ തീര്‍ന്നു. കാസ്റ്റിങ് മന്ത്രിസഭയെ മറിച്ചിട്ടതിന്റെ ചരിത്രത്തിലില്ലാത്ത സ്വപ്ന ദര്‍ശനത്തെ കുറിച്ചും നമ്പാടന്‍ വെളിപ്പെടുത്തുന്നു. മാര്‍ച്ച് 14ന് രാത്രി ഉറക്കത്തിലാണ് ഗുരുവായൂരപ്പന്‍ സ്വപ്നത്തില്‍ വന്ന് കടാക്ഷിച്ചത്. "നമ്പാടാ.. എഴന്നേല്‍ക്കൂ.. കരുണാകരന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സല്‍ക്കര്‍മം ചെയ്യൂ എന്നായിരുന്നു അരുളപ്പാട്. പിന്നെ വൈകിച്ചില്ല. കാസ്റ്റിങ് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനമെടുത്ത് രാവിലെ എഴുന്നേറ്റ് തിരുവനന്തപുരത്തേക്ക് വണ്ടികയറി". അങ്ങനെ ഗുരുവായൂരപ്പനെ കൂടാതെ കരുണാകരന് പേടിയുള്ള അപ്പന്മാരില്‍ ഒരാള്‍ താനായെന്ന് ലോനപ്പന്‍ .

*
സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഉണ്ടാക്കിയ കാലത്ത് ഈരാറ്റുപേട്ടയിലെ പൊതുയോഗത്തിനു നേരെയുണ്ടായ കല്ലേറിന് നേതൃത്വം നല്‍കിയത് പി സി ജോര്‍ജായിരുന്നു. സ്റ്റേജിന് ചുറ്റും കമ്പിവലിയിട്ടായിരുന്നു നമ്പാടെന്‍റ പ്രസംഗം. പുറമ്പോക്ക് കൈയേറി വീട് വച്ചതും ജോലി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് പണം തട്ടിയതും താന്‍ സഭയില്‍ ഉന്നയിച്ചതിന്റെ വൈരാഗ്യമായിരുന്നു ജോര്‍ജിനെന്ന് നമ്പാടന്‍ .

*
രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായും അവസാനമായും പൊലീസിന്റെ ലാത്തിയുടെ രുചിയറിഞ്ഞതിന്റെ കഥയും നമ്പാടന്‍ വിവരിക്കുന്നു. 1973ലാണ് സംഭവം. കേരള കോണഗ്രസ് പ്രഖ്യാപിച്ച കേരള ബന്ദിശന്‍റ ഭാഗമായി തൃശൂരില്‍ പ്രാകടനം നടക്കുന്നു. കൊടിയുമേന്തി നമ്പാടന്‍ മുന്നിലുണ്ട്. പ്രകടനക്കാരിലാരോ പൊലീസിനു നേരെ കല്ലെറിഞ്ഞതും ലാത്തിയടിയായി. അടികൊണ്ടവര്‍ കൊണ്ടവര്‍ ഓടി. ഇതിനിടെ എസ് ഐ രാമചന്ദ്രെന്റെ ലാത്തി നമ്പാടെന്‍റ പള്ളക്കും കൊണ്ടു. പിശന്ന താമസിച്ചില്ല.കൊടിയുപേക്ഷിച്ച് അടുത്തുള്ള കുറ്റിച്ചാക്കുവിെന്‍റ തുണിക്കടയുടെ വേലി ചാടി കടക്കുള്ളില്‍ കയറി. കോണിപ്പടിയിലൂടെ മുകളിലേക്ക് പാഞ്ഞു.

*
നമ്പാടെന്‍റ നാടകബന്ധവും ആത്മകഥ വെളിപ്പെടുത്തുന്നു. 28 നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാടകത്തിലും പ്രഛന്ന വേഷ മത്സരത്തിലും വേഷമിട്ടു. ജഗതി എന്‍ കെ ആചാരി സംവിധാനം ചെയ്ത വിഷമവൃത്തം എന്ന നാടകത്തില്‍ നല്ല വേഷമായിരുന്നു. പ്രഛന്ന വേഷമത്സരത്തിന് ആടിനെ കൊണ്ട് പോകുന്ന അറവുകാരനായാണ് വേഷമിട്ടത്. എംഎല്‍എ ക്വാര്‍ട്ടേഴ്സ് കാന്‍റീനിലെ ജീവനക്കാരന്‍ കുട്ടന്‍പിള്ളയെ കണ്ട് ആടിനെ എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. ചാകാറായ ആടിനെയാണ് കുട്ടന്‍പി്ള്ള കൊടുവന്നത്. ആട് നടക്കാന്‍ മടിച്ചപ്പോള്‍ തോളത്തെടുത്ത് സ്റ്റേജില്‍ കയറേണ്ടി വന്നെന്നും അതിനാല്‍ സമ്മാനം നഷ്ടമായെന്നും നമ്പാടന്‍ ഓര്‍ക്കുന്നു

*
എല്‍പി സ്കൂള്‍ അധ്യാപക ജീവിതത്തിലെ രസകരമായ സംഭവങ്ങളിലൊന്നാണ് എന്റെ സ്വന്തം ഡിപിഇപി എന്ന അധ്യായത്തില്‍ . ഒന്നാം ക്ലാസിലെ കുട്ടികളെ രണ്ട് എന്ന് അക്കത്തില്‍ എഴുതി പഠിപ്പിക്കുകയാണ്. "എല്ലാവരും സ്ലേറ്റില്‍ എഴുതുന്നതിനിടെ മാഷേ എന്റെ രണ്ടിന്റെ ഓട്ടയടഞ്ഞു എന്നൊരു നിലവിളിപിന്‍ബഞ്ചില്‍ നിന്ന്. ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന കാലമാണ്. ഞാനൊന്നു വിരണ്ടു. പോയിനോക്കിയപ്പോള്‍ സ്ലേറ്റില്‍ ചോക്ക് കൊണ്ട് എഴുതിക്കൊടുത്ത കുനിപ്പുള്ള രണ്ടിനു മുകളിലൂടെ അവന്‍ എഴുതിയെഴുതി രണ്ടിന്റെ ചുരുളിലെ വിടവ് അടഞ്ഞു പോയതാണ് പ്രശ്നമായത്."

*
മന്ത്രിയായിരിക്കെ ഗണ്‍മാനെ പിന്‍സീറ്റിലിരുത്തി മുന്‍ സിറ്റില്‍ യാത്ര ചെയ്യുമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്ക് പകരം മന്ത്രിയാണെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം ഗണ്‍മാനെ മാലയിട്ട് സ്വീകരിച്ച് കൊണ്ടുപോയതു പോലുള്ള സംഭവ വിവരണവും ഏറെ. സഭ ഒന്നടങ്കം കാതുകൂര്‍പ്പിക്കുന്ന നമ്പാടെന്‍റ പ്രസംഗത്തെ കുറിച്ച് മന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ കമന്‍റ് ഇങ്ങനെ: "പ്രസംഗം ഗംഭീരം. കുക്കുടഭോഗം പോലെയുണ്ട്". മഴക്കോട്ടിട്ട് രാത്രി തിരുവനന്തപുരം നഗരത്തിലൂടെ പോയ ടി എച്ച് മുസ്തഫയെ ഓട്ടോ ലൈറ്റില്ലാതെ പോകുന്നതാണെന്ന് കരുതി ട്രാഫിക് പൊലീസ് പിടിച്ചെന്ന നമ്പര്‍ ആസ്വദിച്ചവരുടെ കൂട്ടത്തില്‍ മുസ്തഫയുമുണ്ടായിരുന്നെന്ന് നമ്പാടന്‍ . ഭക്ഷ്യമന്ത്രിയായിരുന്ന മുസ്തഫക്ക് നേരെ അയച്ച മറ്റൊരു കമന്‍റും ശ്രദ്ധിക്കപ്പെട്ടു. അരിച്ചാക്കിന് കൈയും കാലും വച്ചതു പോലുണ്ട് നമ്മുടെ ഭക്ഷ്യമന്ത്രി എന്നതായിരുന്നു ആ കമന്‍റ. .

*
നമ്പാടന്‍ നമ്പരുകള്‍ക്ക് കിട്ടുന്ന കൈയടിക്ക് പകരം കാലടി കിട്ടിയതിന്റെ അപൂര്‍വ്വാനുഭവം മറ്റൊരധ്യായത്തില്‍ വായിക്കാം. കറുകുറിയിലാണ് സംഭവം. നമ്പാടെന്‍റ പ്രസംഗം സ്റ്റേജിന് മുന്നിലെ ഒരു തൂണില്‍ ചാരി നിന്ന് ആസ്വദിക്കുകയാണ് ഒരാള്‍ . മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം കൈയടിക്കുന്നുണ്ട്. പയ്യെപ്പയ്യെ കൈയടിയുടെ ഊക്ക് കുറഞ്ഞുവന്നു. ആള്‍ മെല്ലെ ചാരി നില്‍ക്കുന്നിടത്ത് താഴേക്ക് ഊര്‍ന്ന് ഇരിപ്പായി. പിന്നെ മറിഞ്ഞു വീണു. ഇപ്പോള്‍ കൈയടിയില്ല. കാല്‍ രണ്ട് വായുവില്‍ ഉയര്‍ത്തി കൂട്ടിയടിക്കുകയാണ്. പ്രസംഗം ആസ്വദിക്കുന്ന മട്ടില്‍ . അങ്ങനെ കാലടി എന്ന പ്രതിഭാസത്തിനും താന്‍ സാക്ഷിയായെന്ന് നമ്പാടന്‍

*
1977 ലാണ് നമ്പാടെന്‍റ സഭയിലെ കന്നിപ്രവേശം. 1963 ല്‍ കൊടകര പഞ്ചായത്തംഗമായി. 65 ല്‍ കൊടകര അസംബ്ലി സീറ്റില്‍ മത്സരിച്ചെങ്കിലും തോറ്റു. സഭയില്‍ കന്നിക്കാരനായി എത്തിയ നമ്പാടന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി നല്‍കിയ ഉപദേശം ഇന്നും മറന്നിട്ടില്ല. "നല്ല പാര്‍ലമെന്റേറിയനാകണമെങ്കില്‍ മുടങ്ങാതെ സഭയില്‍ വരണം. നല്ല വക്കീലാകണമെങ്കില്‍ മുടങ്ങാതെ കോടതിയില്‍ പോകണം". മാണിയുടെ ഉപദേശം അക്ഷരം പ്രതി പാലിപ്പെന്ന് നമ്പാടന്‍ . 1980 ലാണ് ആദ്യം മന്ത്രിയായത്. അക്കഥ ഇങ്ങനെ: കൊടകരയില്‍ നിന്ന് 5520 വോട്ടിനായിരുന്ന ജയം. കേരള കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച പലരും വോട്ട് ചെയ്തവരോട് നന്ദി പോലും പറയാതെ

തിരുവനന്തപുരത്തേക്ക് വിട്ടിരുന്നു. മന്ത്രിയാകാനുള്ള ചരടുവലിക്കായി. ഞാന്‍ കൊടകരയിലെ വോട്ടര്‍മാരോട് മണ്ഡലം നീളെ നടന്ന് നന്ദി പറയുകയായിരുന്നു. വൈകിട്ടായപ്പോള്‍ കെ എം മാണിയുടെ വിളി. തിരുവനന്തപുരത്തെത്തണം. അഴുക്കുപുരണ്ട അതേ വസ്ത്രത്തില്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ എത്തുമ്പോള്‍ ജയിച്ച എല്ലാവരുമുണ്ട്. കൂടിയാലോചയും യോഗവും തകൃതി. ചാലക്കുടിയില്‍ നിന്ന് ജയിച്ച വി കെ ഇട്ടൂപ്പും മന്ത്രിപദ മോഹവുമായി അവിടെയുണ്ട്. ഒടുവില്‍ മന്ത്രിയാകാന്‍ എന്നെ തീരുമാനിച്ച വിവരം മാണി ഇട്ടൂപ്പിനോട് പറഞ്ഞു. നമ്പാടെന്‍റ വേഷം മുഷിഞ്ഞതാണ് അയാള്‍ എങ്ങനെ നാളെ സത്യപ്രതിജ്ഞ ചെയ്യും എന്നായി ഇട്ടൂപ്പ്. അതിന്റെ ചുമതല മാണി ഇട്ടൂപ്പിനെ ഏല്‍പ്പിച്ചു. അന്നു തന്നെ തിരുവനന്തപുരശത്ത കൃഷ്ണ ടെക്സ്റ്റൈല്‍സില്‍ പോയി വെള്ള റെഡിമെയ്ഡ് ഷര്‍ട്ട് വാങ്ങി. വടക്കന്‍ ജില്ലയില്‍ നിന്നുള്ള ആദ്യ കേരളകോണ്‍ഗ്രസ് മന്ത്രിയായി പിറ്റേന്ന് സത്യപ്രതിജ്ഞയും ചെയ്തു.

*
22 ലക്ഷവും 22 സീറ്റും വാങ്ങിയാണ് 1980 ലെ നായനാര്‍ മന്ത്രിസഭയെ കെ എം മാണി മറിച്ചതെന്നും നമ്പാടന്‍ വെളിപ്പെടുത്തുന്നു. എ കെ ആന്റണി ആദ്യം പിന്തുണ പിന്‍വലിച്ചപ്പോള്‍ നായനാര്‍ മന്ത്രിസഭ രാജിക്കൊരുങ്ങിയതാണ്. അന്ന് പിന്തുണ ഉറപ്പു നല്‍കി പിന്തിരിപ്പിച്ചത് മാണിയാണ്. ഇതേ മാണി തന്നെ പിന്നീട് കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായി വിലപേശി. ജി കെ മൂപ്പനാരുമായാണ് മന്ത്രിസഭക്ക് പിന്തുണ പിന്‍വലിക്കുന്നതിനുള്ള ചര്‍ച്ച നടത്തിയത്. അന്ന് ആവശ്യപ്പെട്ട 22 ലക്ഷം രൂപയും പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റും ഉറപ്പിച്ചാണ് പിന്നീട് നായനാരുടെ കാലുവാരിയത്. ഈ വിലപേശലിനാണ് മന്ത്രിസഭയെ രാജിവയ്പ്പിക്കാതെ മാണി പിന്തുണ നല്‍കിയത്.

*
ബിഷപ് കുണ്ടുകുളത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ വിവാദമായേക്കാം. ഡിസി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ചികിത്സാര്‍ഥം ഇടപ്പള്ളിയില്‍ മുന്ന് വര്‍ഷത്തോളമായി താമസിക്കുന്ന നമ്പാടന്‍മാഷ് രണ്ടുവര്‍ഷമെടുത്താണ് ആത്മകഥാ രചന പൂര്‍ത്തിയാക്കിയത്. ആത്മകഥയുടെ പേര് സഞ്ചരിക്കുന്ന വിശ്വാസി എന്നായതിെന്‍റ വിശദീകരണം ഇങ്ങനെയാണ്: നമ്പാടന്‍ എന്നത് പിരിച്ചെഴുതിയാല്‍ നമ്പുക, ആടുക എന്നിങ്ങനെയാണ്. നമ്പുക എന്നാല്‍ വിശ്വസിക്കുക, വിശ്വസിക്കാം, വിശ്വസിക്കാവുന്നവന്‍ എന്നര്‍ഥം. ആടന്‍ എന്നാല്‍ യാത്രക്കാരന്‍ . അപ്പോള്‍ നമ്പാടന്‍ എന്നാല്‍ സഞ്ചരിക്കുന്ന വിശ്വാസി.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഉണ്ടാക്കിയ കാലത്ത് ഈരാറ്റുപേട്ടയിലെ പൊതുയോഗത്തിനു നേരെയുണ്ടായ കല്ലേറിന് നേതൃത്വം നല്‍കിയത് പി സി ജോര്‍ജായിരുന്നു. സ്റ്റേജിന് ചുറ്റും കമ്പിവലിയിട്ടായിരുന്നു നമ്പാടെന്‍റ പ്രസംഗം. പുറമ്പോക്ക് കൈയേറി വീട് വച്ചതും ജോലി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് പണം തട്ടിയതും താന്‍ സഭയില്‍ ഉന്നയിച്ചതിന്റെ വൈരാഗ്യമായിരുന്നു ജോര്‍ജിനെന്ന് നമ്പാടന്‍ .