Saturday, October 22, 2011

കാഴ്ചയിലെ കലാപങ്ങള്‍

ടി വി ചന്ദ്രന്‍/എന്‍ എസ് സജിത്

വ്യത്യസ്തമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രന്‍. 1975ല്‍ പി എ ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോളി'ല്‍ നടനായി ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്‍ എന്ന നിലയിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ആദ്യസിനിമ 'കൃഷ്ണന്‍കുട്ടി' 1981ല്‍ പുറത്തുവന്നുവെങ്കിലും 1989ല്‍ സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ആണ് അദ്ദേഹത്തിന് 'ബ്രേക്ക് 'നല്‍കിയത്. പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, തുടങ്ങി 14 സിനിമകളുടെ സംവിധായകന്‍ ആണ് ടി വി ചന്ദ്രന്‍. 1970കളുടെ ഭാവുകത്വത്തിനകത്താണ് ടി വി ചന്ദ്രനിലെ ചലച്ചിത്ര പ്രതിഭ രൂപംകൊണ്ടതെങ്കിലും മാറിവരുന്ന കാലങ്ങളോടും അഭിരുചികളോടും സംവദിച്ചുകൊണ്ട് സ്വയം നവീകരിക്കാനും പുതിയ ആവിഷ്കാരശൈലികള്‍ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്...

ടി വി ചന്ദ്രന്‍ ദേശാഭിമാനിയോടു സംസാരിക്കുന്നു.

? താങ്കള്‍ ചലച്ചിത്രരംഗത്തേക്ക് വരുന്ന കാലത്ത് കേരളത്തില്‍ ഏതു തരത്തിലുള്ള സാംസ്കാരിക അവസ്ഥയെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്.

=ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിന്തരാവസ്ഥ എന്നാണ് ഉത്തരം. അക്കാലത്താണ് ഞാന്‍ സിനിമയില്‍ വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25നാണ് ഞാന്‍ സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ എന്റെ സിനിമാ സംരംഭങ്ങള്‍ക്കൊക്കെ അടിയന്തരാവസ്ഥയുടെ ഒരു ഫീല്‍ ഉണ്ട്. ഒരു മൂകമായ അവസ്ഥയിലാണ് ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നത്. കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമയിലാണ് നേരിട്ട് പങ്കെടുക്കുന്നത്. അതുവരെ സിനിമയെ അറിയുകയും അറിയിക്കുകയും കാണുകയുമൊക്കെയായിരുന്നു. ജൂണ്‍ 25നാണ് ഷൂട്ടിങ് തുങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് സിനിമയെടുക്കുന്നതിന് തടസ്സമൊന്നുമില്ല. അത് ഒരു പ്രേമകഥയായിരുന്നെങ്കില്‍ ഒട്ടും ഭയക്കാതെ സിനിമയെടുക്കാമായിരുന്നു. പക്ഷേ ആ സിനിമയിലെ കഥാപാത്രം ഒരു നക്സലൈറ്റായിരുന്നു. അയാള്‍ കാമുകിയെ കാണാന്‍ പോകുന്നതൊക്കെയാണ് സിനിമയില്‍. ബംഗളൂരുവില്‍ വച്ചായിരുന്നു ഷൂട്ടിങ്. തീവ്രവാദ സ്വഭാവമുള്ള ഒരു ലഘുലേഖ ഇറക്കിയാല്‍പോലും മൂന്നുമാസം വിചാരണ കൂടാതെ തടവിലിടാനുള്ള വകുപ്പുള്ള കാലം. ഷൂട്ടിങ്തന്നെ ഒളിപ്രവര്‍ത്തനമാണെന്നും സിനിമക്കപ്പുറത്തുള്ള എന്തോ ആണെന്നും തോന്നി. രണ്ടര വര്‍ഷത്തോളം നീണ്ട അടിയന്തരാവസ്ഥക്കാലത്തെ സാംസ്കാരികാവസ്ഥ വിശദീകരിക്കേണ്ടതില്ല.

എന്റെ മാത്രമല്ല, പവിത്രന്റെയും ഇപ്പോള്‍ നമ്മെ വിട്ടുപോയ രവിയുടെയും സിനിമാ പ്രവേശവും അതായിരുന്നു. കബനീ നദിയുടെ നിര്‍മാതാവായിരുന്നു പവിത്രന്‍. സംവിധാനം ചെയ്തത് പി എ ബക്കര്‍ ആയിരുന്നു. ബക്കര്‍ജിക്കും പവിത്രനുമൊപ്പം നിലമ്പൂര്‍ ബാലേട്ടന്‍ ആ സിനിമയെ ഒരുപാട് സഹായിച്ചു. വിപിന്‍ദാസിന്റെ ക്യാമറയും ദേവരാജന്‍ മാസ്ററുടെ സംഗീതവും. കല്യാണസുന്ദരമായിരുന്നു എഡിറ്റര്‍. എന്റെ കൂടെ അഭിനയിക്കാന്‍ സലാം കാരശ്ശേരിയും ചിന്ത രവിയും സിദ്ദീഖും. (ഇപ്പോഴത്തെ സിദ്ദീഖല്ല) അക്കൂട്ടത്തിലാരും ഇപ്പോഴില്ല. എന്റെ സഹനടനായ രവിയുടെ യാത്രയോടെ എല്ലാവരും മറഞ്ഞു. ആ സിനിമയുടെ മാത്രമല്ല, അന്ന് ഞങ്ങള്‍ ചെയ്ത എല്ലാ സിനിമകളും എന്തോ ഒരു മൂവ്മെന്റിന്റെ ഭാഗമാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ അവസ്ഥയില്‍നിന്ന് കേരളവും ഇന്ത്യയുമൊക്കെ മാറിക്കഴിഞ്ഞു. ഇന്നു നോക്കിയാല്‍ സംഘടിതമായ എല്ലാ പ്രതിഷേധങ്ങളും അവസാനിച്ചു കഴിഞ്ഞു. എങ്കിലും ഒരുപാട് രാജ്യങ്ങളില്‍ നിന്നും പെട്ടെന്നു ചില മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ഒരു മാറ്റമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കാണുന്നില്ല.

? അന്നത്തേതില്‍നിന്നും മലയാള സിനിമക്ക് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

=ഇന്നും സിനിമയെടുക്കാന്‍ ആളുകള്‍ കൂടി. സിനിമയെടുക്കുന്നതില്‍ ലാഘവത്വം വന്നുകഴിഞ്ഞു. സിനിമ കുറേക്കൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു, പ്രത്യേകിച്ചും വീഡിയോ വന്നതോടെ. ആര്‍ക്കും ക്യാമറ കൈകാര്യം ചെയ്യാവുന്ന സ്ഥിതി വന്നു. ഏതു ചെറുപ്പക്കാര്‍ക്കും സിനിമ എടുക്കാവുന്ന സ്ഥിതി. മുമ്പ് പരിമിതമായ ഒരു വലയത്തിലായിരുന്നു സിനിമ. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. മദ്രാസില്‍ ജീവിച്ചാലേ സിനിമയെടുക്കാന്‍ പറ്റൂ എന്ന സ്ഥിതിയും മാറി. ഇന്ന് സിനിമയെടുക്കുന്നതില്‍ പല സാധ്യതകളുമുണ്ട്. തിയേറ്റര്‍ അല്ലാതെ പല ചാനലുകളായി. സിനിമ അടിസ്ഥാനപരമായി ടെലിവിഷന്‍ അധിഷ്ഠിതമാവുന്നു. ചാനല്‍ സിനിമകള്‍ക്കും സാധ്യതയുണ്ടല്ലോ. തിയേറ്ററിലെ നീക്കുപോക്കും ലാഭനഷ്ടവും മാത്രമാണ് നിര്‍മാതാവിനെ മുമ്പ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്നത് മാറി. തിയേറ്ററില്‍ ഓടിയിലെങ്കില്‍പ്പോലും നേരത്തെ ചാനല്‍ റൈറ്റ്സ് ഉറപ്പിച്ച് സിനിമയെടുക്കാം. വീഡിയോ ഫോര്‍മാറ്റിലും സിനിമയെടുക്കാം. ആത്മാവിഷ്കാരമെന്ന നിലയ്ക്ക് ആര്‍ക്കും സിനിമയെടുക്കാം. ഷോര്‍ട് ഫിലിമുകള്‍ അതില്‍പ്പെടുന്നു. ഇങ്ങനെയൊരു എക്സ്പോഷറിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത കാലത്താണ് ഞാന്‍ സിനിമയെടുക്കാന്‍ തുടങ്ങിയത്. ആത്മാവിഷ്കാരത്തിനുള്ള സാധ്യതകള്‍ ഏറെയാണിന്ന്.

?ആഗോളവല്‍ക്കരണം സാംസ്കാരിക രംഗത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഇന്ന് ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ടല്ലൊ. സിനിമയെ ഏതെല്ലാം തരത്തിലാണ് അത് ബാധിച്ചിരിക്കുന്നത്.

=ഞാനീ പറഞ്ഞ കാര്യങ്ങളില്‍ പലതും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഇന്ന് സിനിമയെടുക്കാനുള്ള എളുപ്പവഴി തന്നത് ആഗോളവല്‍ക്കരണമാണ്. സിനിമയിലെ ജനാധിപത്യവല്‍ക്കരണം സാധ്യമായിട്ടുണ്ട്. ഇമേജ് സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ കൂടി, അതുകൊണ്ടുതന്നെ ഇമേജ് ആവര്‍ത്തനപരമാവുകയും ചെയ്തു. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഇമേജുകളുണ്ട്. പുതിയ ഇമേജ് വരാത്ത അവസ്ഥയും. വല്ലാത്ത വെളിച്ചമുള്ള ഏരിയകള്‍ക്കിടയില്‍ ചെറിയ ഒരു നിഴല്‍ വേണം. ഈ ഇരുട്ട് ഉണ്ടെങ്കിലേ ഒരു ബ്രീത്തിങ് സ്പേസ് കിട്ടൂ. പണ്ട് നമുക്ക് ഒരു പാട് ഇരുട്ട് ഉണ്ടായിരുന്നു. ഇതാണ് നമുക്കു മുന്നിലെ വലിയ വെല്ലുവിളി. പ്രകൃതിക്ക് നിറമില്ലാത്ത അവസ്ഥയുണ്ടായി. നമ്മെ ഇല്ലാതാക്കുന്ന തരത്തില്‍ ഇമേജുകളുടെ ആവര്‍ത്തനമാണത്. പ്രകൃതിയെ പുതുതായി കാണാനുള്ള കാഴ്ചയുണ്ടാക്കണം. അതിന് ഹെര്‍സോഗ് പറയുന്നത് ബിംബങ്ങളുടെ വ്യാകരണം എന്നാണ്. വെളിച്ച പ്രവാഹത്തിനിടയില്‍ ഇത്തിരി ഇരുട്ടും നിഴലുകളും കണ്ടെത്താനുള്ള ശ്രമമാണത്. കാഴ്ച അര്‍ഥശൂന്യമാവുമ്പോള്‍ കാഴ്ചയെ പുനര്‍നിര്‍ണയിക്കണം. കഥ പറച്ചിലിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് അതാണ്. വേദകാലത്ത് യജ്ഞത്തെ സഹായിക്കാനായിരുന്നു കഥ പറച്ചില്‍. പക്ഷേ യജ്ഞത്തെ മറികടന്ന് കഥകളാണ് മുന്നോട്ടു വന്നത്. കഥ പറച്ചില്‍ അന്നുമുതലേ ഉണ്ട്. കഥയെ തടയുകയല്ല, പക്ഷേ അതിലും പ്രധാനമാണ് ഇമേജ്. ഇമേജിനകത്തുതന്നെ കഥയുണ്ട്. ഇമേജിനെ നവീകരിക്കുകയാണ് വേണ്ടത്. അതിനാണ് എന്നെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

? സംവിധായകന്‍ എന്ന നിലയിലുള്ള താങ്കളുടെ തുടക്കം എങ്ങനെയായിരുന്നു....അതേക്കുറിച്ചുള്ള ഓര്‍മകള്‍.

=കൃഷ്ണന്‍കുട്ടി എന്ന സിനിമയാണ് ഞാന്‍ ആദ്യം സംവിധാനം ചെയ്തത്. 1980 ജനുവരിയിലാണ് അത് ഷൂട്ട് ചെയ്തത്. അതിന് നിര്‍മാതാവൊന്നുമില്ല. കൊടുങ്ങല്ലൂരിലെ കുറെ സുഹൃത്തുക്കള്‍ വീടുകളില്‍നിന്ന് ഭക്ഷണമൊക്കെ എത്തിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. അവര്‍ക്ക് സിനിമയുമായി ബന്ധമൊന്നുമില്ല, ഞാനുമായുള്ള സൌഹൃദം കൊണ്ടാണ് അവര്‍ അതിനു കൂടിയത്. സിനിമ അവര്‍ക്കു പൂര്‍ണമായും അന്യമായിരുന്നു. പക്ഷേ പവിത്രന്റെ യാരോ ഒരാളിനു ശേഷമായിരുന്നു കൃഷ്ണന്‍കുട്ടി. അതു കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ മദ്രാസിലായിരുന്നു. ഷൂട്ട് ചെയ്ത നെഗറ്റീവുമായി ഞാന്‍ എവിഎം സ്റ്റുഡിയോയില്‍ പോവും. അന്നത് പ്രിന്റാക്കണമെങ്കില്‍ അയ്യായിരം രൂപ വേണം. അത് കൈയിലില്ല. എല്ലാ വൈകുന്നേരങ്ങളിലും ഞാന്‍ സ്റ്റുഡിയോയില്‍ പോകും. അവര്‍ ചായ കുടിക്കാന്‍ പോകുന്ന സമയത്ത് അവര്‍ എനിക്ക് നെഗറ്റീവ് കാണാന്‍ ലെന്‍സ് തരും, ഒരു അനുഷ്ഠാനം പോലെ. ഞാന്‍ ഷൂട്ടുചെയ്ത പതിനാലായിരം അടിയോളം ഫിലിം കുത്തിയിരുന്നു കുറേശ്ശെയായി ലെന്‍സ് വെച്ചുനോക്കും. ഈ അനുഭവം പുതിയ സംവിധായകന് ഉണ്ടാവേണ്ട കാര്യമില്ല. ഷൂട്ട് ചെയ്യുന്നത് അപ്പോള്‍തന്നെ കാണാന്‍ ഇപ്പോള്‍ വ്യൂ ഫൈന്ററുണ്ട്.

ആ പഴയ അവസ്ഥയില്‍ നിന്ന് വന്നയാളാണ് ഞാന്‍. അതൊന്നും ഇന്നത്തെ സിനിമയിലെ അവശ്യഘടകവുമല്ല. സിനിമക്കുവേണ്ടി അന്നനുഭവിച്ച ത്യാഗങ്ങള്‍ ഏറെയാണ്. മറ്റുള്ളവര്‍ക്കു മുമ്പിലെത്തുന്നത് സിനിമ മാത്രമാണ്. മറ്റൊന്നുമില്ല. അതങ്ങനെ തന്നെ ആവണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്താണ് ആ സിനിമ എന്നതാണ് കാണികള്‍ അറിയേണ്ടത്, ബാക്കിയുള്ള ഒക്യൂപേഷണല്‍ ഹസാഡ്സ് ഒന്നും മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ല. എല്ലാവരും എല്ലാ കാലത്തും കഷ്ടപ്പെടുന്നുണ്ട്. നമ്മള്‍ അറിയേണ്ടത് എന്താണ് ആ സിനിമ എന്നാണ്. ആ വ്യത്യാസമേ എനിക്ക് അനുഭവപ്പെടുന്നുള്ളൂ. അതൊരു വലിയ വ്യത്യാസവുമാണ്. അപ്പോള്‍ ഉണ്ടാവുന്ന മാറ്റം ആളുകള്‍ ഇതിനെ ലഘുവായി കാണുന്നു എന്നാണ്. ലഘൂകരണം എവിടെയോ സംഭവിക്കുന്നുണ്ട്. സിനിമയിലേക്ക് എടുത്തുചാടല്‍ എളുപ്പമല്ല, ഒരു ജീവിതം തീരുമാനിച്ചുവേണം സിനിമയിലേക്കുള്ള പ്രവേശനം. പല തരത്തില്‍ സിനിമാക്കാരനാവാം. വേണമെങ്കില്‍ റിട്ടയര്‍ ചെയ്താലും സിനിമയെടുക്കാം ഇപ്പോള്‍. മുമ്പൊക്കെ റിട്ടയര്‍ ചെയ്താല്‍ സര്‍വീസ് സ്റോറി എഴുതുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സിനിമയെടുക്കാം. അതിനൊക്കെ ഇവിടെ സാധ്യതയുണ്ട്. കേരളത്തില്‍ കുറച്ചു കഴിഞ്ഞാല്‍ ഒരു കുടുംബത്തില്‍ ഒരാള്‍ സിനിമക്കാരനാവുമെന്ന് തോന്നുന്നു.

? നമ്മുടെ വിദ്യാഭ്യാസത്തില്‍ ചലച്ചിത്ര പഠനത്തിന് പ്രാമുഖ്യം കൊടുക്കേണ്ടതല്ലേ? സിനിമാ പഠനത്തിന് നമ്മുടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എത്രമാത്രം ഉപയുക്തമാകുന്നുണ്ട്.

=സിനിമ പഠിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ ചെയ്യേണ്ടതും കാണേണ്ടതും അറിയേണ്ടതും അനുഭവിക്കേണ്ടതുമായ ഒന്നാണ്. അത് കവിതയെപ്പോലെയാണ്. അതിനു പഠന കോഴ്സ് ആവശ്യമില്ല. ഗൌരവമായ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ നാമറിയാതെ പല സിനിമകളും കാണും. പല ശ്രമങ്ങളുടെ ഭാഗമായി പഠിത്തം അതിലൂടെ നടക്കും.
കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റിവലിനിടെ വിശ്വപ്രസിദ്ധ ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗിനെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഞാനുമായി 48 മണിക്കൂര്‍ സംസാരിക്കാനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സിനിമ പഠിക്കാനുള്ളതല്ല എന്നാണ്. നാല്‍പ്പതു വര്‍ഷമായി ലോകത്തിലെ മികച്ച സംവിധായകനായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം പറയുന്നത് ഞാന്‍ കാണാത്തതൊന്നും സിനിമയാക്കില്ല എന്നാണ്. കണ്ടത് സിനിമയാക്കാന്‍ അദ്ദേഹത്തിന് ടെക്നീഷ്യന്മാരുടെ സഹായം വേണം. അനുഭവങ്ങളെ പുനരാവിഷ്കരിക്കാനാണ് ഈ സഹായം. അനുഭവത്തിന്റെ ഒരു ഉറപ്പ് അദ്ദേഹത്തിനുണ്ട്. അതിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കാനാവില്ല. അനുഭവം പഠിപ്പിക്കുന്ന ഒരു ഇന്‍സ്റിറ്റ്യൂട്ടുമില്ല. അത് പാഴ്വ്യായാമമാണ്. കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കുപോലും അതിന്റെ ആവശ്യമില്ല. സിനിമാ പഠനം എടുത്തുകളയുകയാണു വേണ്ടത്. സിനിമ കാണാന്‍ മറ്റു സാധ്യതയൊന്നുമില്ലാത്ത, സിനിമയുടെ ആദ്യകാലത്തായിരുന്നു ഇന്‍സ്റിറ്റ്യൂട്ടുകളുടെ പ്രസക്തി. അന്ന് ഗൌരവത്തോടെ സിനിമ കാണാനും ക്ളാസിക്കുകള്‍ കാണണമെങ്കിലും ഇന്‍സ്റിറ്റ്യൂട്ടുകളില്‍ തന്നെ ചെല്ലണം. ഇന്ന് എല്ലാ തെരുവുകളിലും ലോക ക്ളാസിക്കുകള്‍ ലഭ്യമാണ്. അത് തിയേറ്ററിലും പ്രൊജക്ട് ചെയ്തു കാണാം. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കാലം കഴിഞ്ഞു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഹെര്‍സോഗ്.

?ഹെര്‍സോഗുമായുള്ള സംഭാഷണത്തെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കാമോ.

=അദ്ദേഹം എന്നോട് പറഞ്ഞത്, നിങ്ങള്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകാതെ നല്ല ചിത്രങ്ങള്‍ ചെയ്തുവെന്നാണ്. കഴിഞ്ഞ ഫെസ്റിവലിന് എന്നെക്കുറിച്ച് ഇറങ്ങിയ പുസ്തകത്തിലെ ഇംഗ്ളീഷ് ഭാഗങ്ങള്‍ അദ്ദേഹം അഭിമുഖത്തിനു മുമ്പ് വായിച്ചിരുന്നു. നടനായിരുന്നതുകൊണ്ടാണ് നന്നായി സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്നും എന്നെക്കുറിച്ച് പഠിച്ച ശേഷം അദ്ദേഹം പറഞ്ഞു. സംവിധായകന് ഏറ്റവും നല്ല അനുഭവം ഒരിക്കലെങ്കിലും നടനാവുക എന്നതാണെന്നാണ് ഹെര്‍സോഗിന്റെ പക്ഷം. 28 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ക്യാമറയുടെ മുന്നിലും പിന്നിലും നിന്നാല്‍ പേടിക്കാനില്ല. ഒരിക്കലെങ്കിലും ആ അനുഭവം വേണമെന്നും അദ്ദേഹം പറഞ്ഞു.

'ഫിറ്റ്സ്കെറാള്‍ഡോ' എന്ന സിനിമയില്‍ ഒരു കപ്പലിനെ മലയുടെ അപ്പുറമെത്തിക്കുന്നതിനെക്കുറിച്ചാണല്ലോ. ഈ രംഗം ഒരു രാത്രി അദ്ദേഹം കണ്ടിട്ടുണ്ട്. കാടിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ക്രോധത്തോടെ ദൈവം ഉപേക്ഷിച്ചുപോയ പ്രദേശമാണെന്നാണ്. അവിടേക്കാണ് കപ്പല്‍ കയറിപ്പോകുന്നത്. അവിടെ മുഴുവന്‍ അപാരമായ സംഗീതം നിറയുകയാണ്. ആ അനുഭവം പുനരാവിഷ്കരിക്കാനാണ് ഹെര്‍സോഗ് സിനിമയെടുത്തത്. അതിനുവേണ്ടി അദ്ദേഹം അനുഭവിച്ച ത്യാഗം ചെറുതല്ല. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ അടുത്ത് ചെല്ലുന്നുണ്ട് ഈ പ്രൊജക്ടുമായി. കപ്പോളക്ക് ആ സിനിമ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ താങ്ക്യു എന്ന് പറഞ്ഞ് ഹെര്‍സോഗ് ഇറങ്ങുമ്പോള്‍ കപ്പോള ചോദിച്ചു. ഇത് യെസ് താങ്ക്യു ആണോ നോ താങ്ക്യു ആണോ എന്ന്. ഹെര്‍സോഗ് പറഞ്ഞു, നോ താങ്ക്യു എന്ന്. വാഗ്ദാനം നിരസിച്ച് അങ്ങനെ ഹെര്‍സോഗ് ഇറങ്ങിപ്പോന്നു. ലോകത്തിലെ ഏറ്റവും വലിയ ആ പ്രൊഡക്ഷന്‍ ഹൌസുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് കപ്പലിന്റെയും മലയുടെയും ഒരു മോഡല്‍ ഉണ്ടാക്കാമെന്നാണ്. വേണമെങ്കില്‍ ലോസ് ആഞ്ചലസ് നഗരത്തിന്റെ നടുക്കുവെച്ചും അത് ഷൂട്ടുചെയ്യാം. അതുകൊണ്ട് കാര്യം നടക്കില്ലല്ലോ എന്നു പറഞ്ഞാണ് ഹെര്‍സോഗ് മടങ്ങിയത്. ആ പടത്തില്‍ കിന്‍സ്കിയാണ് നായകന്‍. അതിനുമുമ്പ് മറ്റൊരു നടന്‍ സിനിമ പകുതിയാക്കി മടങ്ങിയിരുന്നു. കിന്‍സ്കിക്കും പല ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോള്‍ സ്വയം അഭിനയിക്കാന്‍ ഹെര്‍സോഗ് ഒരുങ്ങിയതാണ്. ആരും ചെയ്തില്ലെങ്കില്‍ ഞാന്‍തന്നെ ചെയ്യണം, അതെന്റെ ജോലിയാണല്ലോ എന്നാണ് ഹെര്‍സോഗ് പറഞ്ഞത്. അദ്ദേഹത്തിനത് ക്രിയേഷനോ ഐഡിയയോ അല്ല. അത്രയും ലളിതമാണ് അദ്ദേഹത്തിന്റെ ചിന്താപ്രക്രിയ. അതിലെ കാടുകളും ലാന്‍ഡ്സ്കേപ്പുമെല്ലാം ഈ പ്രസ്താവനയിലുണ്ട്. ഈ അവസ്ഥ എത്തിപ്പിടിക്കുകയാണ് സിനിമ. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. ഹെര്‍സോഗ് ഒരു വലിയ സിനിമാ സംവിധായകനാണ്. അനുഭവങ്ങളുടെ വ്യത്യസ്തതയുണ്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങള്‍ സമാനമാണ്. അത് നേരിട്ടു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഈ രീതിയില്‍ സിനിമയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് എനിക്ക് ധൈര്യം തരുന്നതും. ഞാനാരുടെയും അനുമതി വാങ്ങിയിട്ടല്ലല്ലോ ഈ രീതിയില്‍ സിനിമയെടുക്കുന്നത്. അങ്ങനെ സിനിമയെടുക്കാമെന്ന് വലിയ തോതില്‍ കാണിച്ചു തന്നയാളാണ് ഹെര്‍സോഗ്. ഞാന്‍ അനുഭവിക്കാത്തതൊന്നും സിനിമയാക്കാറില്ല.

എന്നെ സംബന്ധിച്ചിടത്തോളം അടുത്ത സുഹൃത്തുക്കളെല്ലാം യാത്ര പറയുകയാണ; പവിത്രനും രവിയുമെല്ലാം. അതുകൊണ്ടുതന്നെ ആശയ വിനിമയം സാധ്യമല്ലാത്ത സ്ഥിതിയാണ്. അപ്പോള്‍ ഹെര്‍സോഗിനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോള്‍ ആഹ്ളാദകരമാണ്. ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ ഫിറ്റ്സ്കെറാള്‍ഡോ കണ്ട ഒരാള്‍ തന്റെ മുഖത്ത് തുപ്പിയിട്ടുണ്ടെന്ന് ഹെര്‍സോഗ് പറഞ്ഞിട്ടുണ്ട്. ആ അനുഭവവും കടന്നുപോയയാളാണ് അദ്ദേഹം. ആരും വേണ്ടപോലെ കണ്ടില്ല നമ്മുടെ സിനിമ എന്നു പറഞ്ഞാല്‍ അദ്ദേഹം പരിഹസിക്കും. സ്വന്തം നാടായ ജര്‍മനി പോലും അദ്ദേഹം തിരസ്കരിച്ചിട്ടുണ്ട്. വലിയ സംവിധായകനായ ശേഷമാണ് അദ്ദേഹം നാട്ടുകാര്‍ക്ക് സ്വീകാര്യനായത്.

?ജീവിതത്തോടും കാലത്തോടും പ്രതിബദ്ധമാവുന്നതില്‍ സമകാല മലയാള സിനിമ എത്രത്തോളം വിജയിക്കുന്നുണ്ട്

=മലയാള സിനിമയില്‍ ഇതിനു ശ്രമങ്ങളില്ലാതാവുന്ന അവസ്ഥയുണ്ട്. ചെറിയ ചെറിയ വട്ടങ്ങളായിപ്പോവുകയാണ് മലയാള സിനിമ. തമിഴില്‍ ഇങ്ങനെയല്ല. വെട്രിമാരനെപ്പോലുള്ള പല ചെറുപ്പക്കാരും ധീരമായ പരീക്ഷണങ്ങളിലാണ്. പലരും ഗ്രാമങ്ങളില്‍ ചെന്ന് ജീവിതം ദീര്‍ഘമായി പഠിച്ചാണ് സിനിമയെടുക്കുന്നത്. നമ്മുടെ നാട്ടില്‍ പഴയ സിനിമ റീമേക്ക് ചെയ്യുമ്പോഴാണ് തമിഴ് സിനിമക്കാര്‍ ഇതിനു തയ്യാറാവുന്നത്. അതില്‍ അമേച്വറിസത്തിന്റെ പ്രശ്നമുണ്ടെങ്കിലും എക്സ്യൂബ്രന്‍സ് ധാരാളമുണ്ട്. തമിഴ് സിനിമ നൂറുകൊല്ലമായി ജീവിതം മറച്ചുവെക്കുകയായിരുന്നു. അതിനിടയില്‍ ഭാരതിരാജയെപ്പോലുള്ളവര്‍ അത് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതും പതിവു സിനിമയുടെ ഫോമിലായിരുന്നു. അതെല്ലാം നിഷേധിക്കുകയാണ് തമിഴിലെ പുതിയ സിനിമക്കാര്‍. പ്രണയവും പ്രതികാരവുമൊക്കെയാണ് ഇതിവൃത്തമെങ്കിലും ഈ ശ്രമങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ ജീവിതത്തെ നേരിട്ട് നോക്കാന്‍ തുടങ്ങിയിരിക്കയാണ്. നമുക്ക് അതിനേക്കാള്‍ വലിയ പാരമ്പര്യമുണ്ടെങ്കിലും പുതിയ ശ്രമങ്ങള്‍ ഇല്ല. ഇപ്പോഴും ആര്‍ടിസ്റ്റുകളുടെ ഡേറ്റ് നോക്കി നടക്കുകയാണ്. തമിഴിലുള്ളവര്‍ക്കു മുന്നില്‍ ജീവിതമാണുള്ളത്. ജീവിതത്തെ മുന്നില്‍ നിര്‍ത്തുകയാണവര്‍. നമ്മുടെ സിനിമയില്‍ പരീക്ഷണങ്ങള്‍ വളരെ ചെറിയ തോതില്‍ നടക്കുന്നുണ്ട്. പക്ഷേ അത് ഒരു മൂവ്മെന്റായി വളരാന്‍ പ്രയാസം. ഹിന്ദി സിനിമയിലും പുതിയ പരീക്ഷണങ്ങളുണ്ട്. ജീവിതത്തിലേക്കുള്ള നോട്ടം നമ്മള്‍ വളരെ മുമ്പ് തുടങ്ങിയതുകൊണ്ടാവാം ഇങ്ങനെ. നാം ഓവര്‍ യൂസ്ഡ് ആയിപ്പോയി. മറ്റുള്ളവര്‍ ഇപ്പോഴേ തുടങ്ങിയിട്ടുള്ളൂ. അവരുടെ ഭാഷയിലുള്ളവ മലയാളത്തിലേക്ക് വരുമ്പോള്‍ ചിലപ്പോള്‍ ക്ളീഷേ ആയിപ്പോവും. നമ്മുടെ സിനിമകളില്‍ ഇത് പണ്ടുതന്നെ വന്നിട്ടുണ്ടാവണം. അതുകൊണ്ടാവണം നമ്മള്‍ റീമേക്കുകളില്‍ അഭയം തേടുന്നത്. അത് വളരെ സില്ലി ആയ കാര്യമാണ്. അത് വളരെ തരംതാണ സിനിമാ സംസ്കാരത്തിലേക്ക് നയിക്കും.

?ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പുത്തന്‍ ദൃശ്യ സാംസ്കാരിക പശ്ചാത്തലത്തില്‍ സിനിമയുടെ സംവേദന സാധ്യതയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയെ ഏതെല്ലാം തരത്തില്‍ നേരിടാം.

=നമ്മള്‍ കൊണ്ടുനടക്കുന്നപോലെ ടെലിവിഷനെ ആരും കൊണ്ടുനടക്കുന്നില്ല. പലരും ടി വി ഉപേക്ഷിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ടി വി ഇപ്പോഴും ഒരു വലിയ സംഭവമാണ്. ലോകത്തിലെ പ്രഗത്ഭരായ ഒരു ഫിലിം പെഴ്സണാലിറ്റിയും ടെലിവിഷനെ പിന്തുണയ്ക്കില്ല. പക്ഷേ നമ്മുടെ സിനിമയുടെ പ്രധാന സപ്പോര്‍ടിങ് സിസ്റമായി മാറിയിരിക്കുന്നു. സിനിമയെ ടി വി തീരുമാനിക്കുന്ന തരത്തിലേക്ക് വളര്‍ന്നാല്‍ ടി വിയുടെ അടിമത്തത്തില്‍നിന്ന് മോചിതരാവാന്‍ കഴിയില്ല. സിനിമയുണ്ടാവുന്നതിനു മുമ്പേ അത് ടി വിക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയാണ്. ആര്‍ടിസ്റ്റിനെയും മറ്റും അവര്‍ തന്നെ തീരുമാനിക്കും. തമിഴില്‍ ഇത് കൂടുതലാണ്. തമിഴില്‍ മറ്റു സിനിമകളെ തകര്‍ക്കുന്ന സണ്‍ ടി വിയെപ്പോലുള്ള ടെലിവിഷന്‍ കമ്പനികളാണ് പരീക്ഷണ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് എന്നുകൂടി ഇതിനൊപ്പം കാണണം. അത്രയെങ്കിലും ഉണ്ടാവുന്നല്ലോ എന്ന് ആശ്വസിക്കാം. ഒരു സിനിമയെ പ്രതിരോധിക്കേണ്ടതും നവീകരിക്കേണ്ടതും സിനിമയില്‍ നിന്നുതന്നെയാണ്. അല്ലാതെ പുറത്തുനിന്ന് മുദ്രാവാക്യം വിളിച്ചാല്‍ സിനിമ നന്നാവില്ല. അസോസിയേഷനുകള്‍ക്ക് സിനിമയെ നന്നാക്കാനാവില്ല. നല്ല സിനിമയേ ഉണ്ടാക്കാവൂ എന്ന് ഉത്തരവൊന്നും പുറപ്പെടുവിക്കാനാവില്ല. നല്ല സിനിമക്ക് പണം നല്‍കിയത് ഇന്നയാളാണെന്ന് പറഞ്ഞ് അതിനെ നിഷേധിക്കാനാവില്ല. അഞ്ച് കോടി രൂപയാണ് ഒരു തമിഴ് സിനിമക്ക് വേണ്ടത്. ആരും വെറുതെ പണമെടുത്ത് എറിയില്ല. ഈ അഞ്ചുകോടിക്ക് പിന്നില്‍ കള്ളപ്പണവും മാനിപ്പുലേഷനുമുണ്ടാവും. ഈ സിനിമകള്‍ക്കു പിന്നില്‍ അവിശുദ്ധമായ പണമുണ്ടാവും. പക്ഷേ നമുക്ക് മറ്റ് ചോയ്സില്ല. ഈ മാനിപ്പുലേഷന്റെ ഭാഗമാണ് ഇവിടെയുണ്ടാവുന്ന സിനിമകളും. അങ്ങനെ ഇവിടെ മാനിപ്പുലേഷനും സിനിമയും ബോറാവുന്നു. റിലയന്‍സിന്റെ പണംകൊണ്ട് ഷാജി സിനിമയെടുത്തതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. ഷാജി ആ പണംകൊണ്ട് നല്ലൊരു സിനിമയെടുത്തില്ലേ. മൊത്തം ഏരിയ വൃത്തിയാക്കിയേ സിനിമയെടുക്കൂ എന്നും ഒരു ഐഡിയല്‍ അവസ്ഥയിലേ സിനിമ എടുക്കൂ എന്നും പറയുന്നത് അര്‍ഥശൂന്യമാണ്. ഈസിയായി ചില അഭിപ്രായം പറയുന്നതില്‍ അര്‍ഥമില്ല. ഹെര്‍സോഗ് പറയുന്നത് നിങ്ങള്‍ ഒരു ബാങ്ക് കൊള്ളയിടിച്ച് സിനിമയെടുക്കൂ എന്നാണ്. അദ്ദേഹം ആദ്യ സിനിമയെടുത്തത് മോഷ്ടിച്ച ക്യാമറ കൊണ്ടാണ്. അദ്ദേഹത്തിന് അതു പറയാനുള്ള സ്വാതന്ത്യ്രമുണ്ട്. നമ്മള്‍ ക്യാമറ മോഷ്ടിച്ച് സിനിമയെടുത്ത് ക്യാമറ തിരിച്ചു കൊടുത്താല്‍ പൊലീസു പിടിക്കും.

നമ്മുടെ മനസ്സാണ് സിനിമയെ നിര്‍ണയിക്കുന്നത്. മനസ്സ് സിനിമയില്‍ പ്രതിഫലിക്കും. ആര്‍ക്കും തല്ലിപ്പഴുപ്പിച്ച് സിനിമ എടുപ്പിക്കാന്‍ പറ്റുന്നില്ല. ഇമേജുകളിലൂടെ നമ്മള്‍ ചുറ്റുപാടിനോട് പ്രതികരിക്കണം. ചുറ്റുപാടിനോടുള്ള ആത്മാര്‍ഥതയാണ് സിനിമയില്‍ പ്രതികരിക്കുക. ചുറ്റുപാടിനെക്കുറിച്ചും തന്റെ കാലത്തെക്കുറിച്ചും അറിയാത്ത ഒരാള്‍ സിനിമയെടുക്കേണ്ട കാര്യമില്ല. ചുറ്റുപാടിനോട് പ്രതികരിക്കാത്തയാള്‍ കലാകാരനല്ല.

മലയാളത്തില്‍ അങ്ങനെ ഒരു ശ്രമം നടക്കുന്നതായി തോന്നുന്നില്ല. മലയാളത്തിലെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുമാത്രം പ്രധാന സിനിമകള്‍ മിസ് ചെയ്തു എന്നും തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നല്ല പല സിനിമകളും റിലീസ് ചെയ്തിട്ടില്ല. ശ്യാമപ്രസാദിന്റെ ഇലക്ട്ര, ഡോ. ബിജുവിന്റെ വീട്ടിലേക്കുള്ള വഴി, ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ്, വിപിന്‍ വിജയിന്റെ ചിത്രസൂത്രം, മോഹന്‍ രാഘവന്റെ ടി ഡി ദാസന്‍, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ എന്നിവയൊക്കെ നല്ല സിനിമകളാണ്. ഇതില്‍ പലതും പുതിയ ആള്‍ക്കാരാണ് സംവിധാനം ചെയ്തത്.

*
കടപ്പാട്: ദേശാഭിമാനി ഓണപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വ്യത്യസ്തമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രന്‍. 1975ല്‍ പി എ ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോളി'ല്‍ നടനായി ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്‍ എന്ന നിലയിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ആദ്യസിനിമ 'കൃഷ്ണന്‍കുട്ടി' 1981ല്‍ പുറത്തുവന്നുവെങ്കിലും 1989ല്‍ സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ആണ് അദ്ദേഹത്തിന് 'ബ്രേക്ക് 'നല്‍കിയത്. പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, തുടങ്ങി 14 സിനിമകളുടെ സംവിധായകന്‍ ആണ് ടി വി ചന്ദ്രന്‍. 1970കളുടെ ഭാവുകത്വത്തിനകത്താണ് ടി വി ചന്ദ്രനിലെ ചലച്ചിത്ര പ്രതിഭ രൂപംകൊണ്ടതെങ്കിലും മാറിവരുന്ന കാലങ്ങളോടും അഭിരുചികളോടും സംവദിച്ചുകൊണ്ട് സ്വയം നവീകരിക്കാനും പുതിയ ആവിഷ്കാരശൈലികള്‍ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്...