പ്രതിഭാസം
മാഷേ
പ്രണയം മരിച്ചത് എങ്ങനെയാണ്?
കണ്ണില്‍ തുടങ്ങി ഹൃദയത്തിലേക്കുള്ള
യാത്രയില്‍ വാഹനാപകടത്തിലാണ്
പ്രണയം മരിച്ചത്
ചിതറിത്തെറിച്ച കൈകാലുകള്‍
മറവിയുടെ ബീജങ്ങളാല്‍
ബന്ധിതമായിരുന്നു.
ഹൃദയത്തില്‍
പുഴുവരിച്ച രോദനങ്ങള്‍
ശവകുടീരങ്ങള്‍ തീര്‍ത്തിരുന്നു
ചുടുരക്തത്തിലെ
കൊലയാളി അണുക്കള്‍
ക്രൂരമായി
അട്ടഹസിക്കുന്നുണ്ടായിരുന്നു.
പ്രണയമപ്പോള്‍ തുറന്ന
കണ്ണുകളോടെ മറ്റൊരു
അഭിനേതാവിനെ
തിരയുകയായിരുന്നു
അങ്ങനെ നാട്ടുകാര്‍
അടുക്കാനറച്ച് നടുറോഡില്‍
ചോര വാര്‍ന്നാണ്
പ്രണയം മരിച്ചത്.
സാരാംശം
കുട്ടികളെ, ചരിത്രത്തില്‍
മാത്രം കാണപ്പെടുന്ന,
നിങ്ങള്‍ക്കൊരിക്കലും കാണാന്‍
കഴിയാത്തൊരു
പ്രതിഭാസമാണ് പ്രണയം.
*****
സുചിത്ര കെ പി (എംഎ ഇംഗ്ലീഷ് കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്)
മൂന്നു കവിതകള്‍
കര്‍ഷകന്‍
വഴിവക്കിലെ മരക്കൊമ്പില്‍
ജീവിതം കുരുക്കിയിട്ടു
ഇനി കൊയ്തെടുക്കാം
സ്വപ്നങ്ങള്‍
പൂവിട്ട വയലുകളിലെ
സ്വര്‍ണക്കതിരൊക്കെയും
ദൂത്
മേഘങ്ങളില്‍നിന്ന്
മൊബൈലിലേക്കുള്ള യാത്രയില്‍
ഹംസത്തെ കാണ്‍മാനില്ല
ഓര്‍ക്കുട്ടിലോ
ചാനലുകളിലോ നോക്കൂ
ഒരുപക്ഷേ....
പൂജ്യം
തുടക്കവും
ഒടുക്കവും
ഒന്നായിത്തീരുമ്പോള്‍
ബാക്കി വരുന്നത്...
*****
റിയാസ് മുഹമ്മദ് കെ എ
രണ്ടു പുഴക്കാഴ്ചകള്‍
ഒന്ന്
ആകാശ ക്യാന്‍വാസില്‍
സന്ധ്യാചിത്രം വരച്ച്
നിറങ്ങളുണങ്ങാത്ത
കാറ്റാടി മരങ്ങളെ
പുറകില്‍ ചാരിവച്ച്
പുഴയിലേക്ക്
കുനിഞ്ഞിരുന്ന് നിറങ്ങള്‍
കഴുകിക്കളയുന്നുണ്ട്
മഞ്ചാടിക്കുന്ന്.
ഓരോ ഓളങ്ങളിലും
ഓരോ സന്ധ്യകള്‍ .
രണ്ട്
കാണാമറയത്ത്
പറന്നകന്ന പുഴയുടെ
വെണ്‍തൂവലുകള്‍
ചിതറിക്കിടക്കുന്നു.
വഴിയരികില്‍,
വെളിച്ചം പ്രളയമായ്
നിറഞ്ഞ നഗരവീഥിയില്‍
കാലിയായ പ്ലാസ്റ്റിക്
കുപ്പിയില്‍ ശ്വാസംമുട്ടി
നിലവിളിക്കുന്നു പുഴ.
രണ്ടു കാഴ്ചകള്‍
മരുഭൂമിയുടെ മഴമോഹമായ്
ആളിക്കത്തുന്നു
നെഞ്ചകത്ത്.
*****
ശിഹാബുദ്ദീന്‍ കുമ്പിടി
(പിജി ഒന്നാംവര്‍ഷം, ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ചെമ്മാട്)
വരയും വര്‍ണവും
അയാള്‍ വരച്ച ചിത്രങ്ങള്‍ക്ക്
ഭാര്യയാണ് ചായം കൊടുത്തത്
ആകാശത്തിന് നീല,
കടലിന് നീല.
മേഘങ്ങള്‍ വെളുപ്പ്,
മുല്ലപ്പൂക്കള്‍ വെളുപ്പ്.
മരങ്ങള്‍ പച്ച,
മകളുടെ ഉടുപ്പ് പച്ച.
ചിത്രങ്ങള്‍ സുന്ദരം.
വീട്, അടുക്കള, ബസ്
ഓഫീസ്, കിടക്ക, ട്രെയിന്‍
കറുത്ത ചായംകൊണ്ടാണ്
ഇതിനൊക്കെ നിറം നല്‍കിയത്.
അയാള്‍ മാറ്റിവരച്ചുകൊണ്ടിരുന്നു.
അവള്‍ വീണ്ടും കറുപ്പിച്ചും.
ചിലപ്പോഴൊക്കെ
കറുപ്പില്‍ മുക്കിയ ബ്രഷ്
അയാളുടെ മുഖത്തും വരയിട്ടു.
വളരെ ഗൗരവത്തോടെ
ഒരു തമാശക്കെന്നോണം
പ്രതിഷേധത്തിന്റെ
കരിഓയില്‍ പ്രയോഗത്തില്‍
അയാളുടെ "മന്ത്രിക്കസേര" ആടിയുലഞ്ഞു.
*****
ജിജില്‍ സി കെ (എന്‍എംഎസ്എം ഗവ. കോളേജ് കല്‍പ്പറ്റ, വയനാട്)
കടപ്പാട് :ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കലാലയ കവിതകൾ
Post a Comment