Sunday, October 16, 2011

കവിതയിലെ പ്രൊമെത്യൂസിയന്‍ ധര്‍മ്മസങ്കടങള്‍

ഒ.എന്‍.വി./ കെ.പി.മോഹനന്‍ (സഹായം: പ്രഭാവര്‍മ്മ, സാജന്‍ എവുജിന്‍)

കലാമണ്ഡലത്തില്‍ പുതുതായി രൂപംകൊണ്ട വള്ളത്തോള്‍ പീഠത്തിന്റെ പ്രാഥമിക യോഗങ്ങളിലൊന്നില്‍ ജ്ഞാനപീഠത്തിനും പത്മവിഭൂഷണ്‍ ബഹുമതിയ്ക്കുംശേഷം സ്വൈരമായൊന്നു കണ്ടു സംസാരിക്കാനവസരം ലഭിച്ചപ്പോള്‍ ദേശാഭിമാനിയുടെ ഓണപ്പതിപ്പിന് ഒരു അഭിമുഖം തരണം എന്ന് ഒ എന്‍ വിയോട് അഭ്യര്‍ഥിച്ചിരുന്നു. അന്നേ ഒ.എന്‍.വി പറഞ്ഞു- ചോദിച്ചു പഴകിയതും കേട്ടു പഴകിയതുമായ കാര്യങ്ങളൊക്കെ നമുക്കൊഴിവാക്കാം. ബഹുമതികളും അംഗീകാരങ്ങളും ഒന്നിനു പിറകെ ഒന്നായി വന്നെത്തുന്ന സന്ദര്‍ഭങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഈ പ്രിയകവിയ്ക്ക് മടുപ്പും മരവിപ്പുമുണ്ടെങ്കിലും അഭിമുഖങ്ങളെ തീര്‍ത്തും നിരാകരിക്കാനും ആകുന്നില്ല. പിന്നീട് ആരോഗ്യപ്രശ്നങ്ങളും ആയുര്‍വേദ ചികിത്സയുമായി. ഒടുവില്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹം ഞങ്ങള്‍ക്ക് വിട്ടു തന്നു. ഞങ്ങള്‍-പ്രഭാവര്‍മയും സാജന്‍ എവുജിനും ഞാനും-ആ ദിവസത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും വിപ്ളവബോധത്തെയും മനസ്സില്‍ സ്വീകരിച്ച ഒ എന്‍ വിയില്‍ അന്നത്തെ പോര്‍വീര്യം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. രാഷ്ട്രീയ വീക്ഷണത്തില്‍ സന്ദേഹങ്ങളോ ചാഞ്ചല്യമോ ഇല്ലാതെ ഇന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം തന്നെ നില്‍ക്കുന്നു ഒ എന്‍ വി. അതുകൊണ്ടുളള നേട്ടങ്ങളെക്കുറിച്ചോ കോട്ടങ്ങളെക്കുറിച്ചോ അദ്ദേഹം ചിന്തിക്കുന്നതേയില്ല. എന്നിട്ടും തത്വശാസ്ത്ര ധാരണകള്‍ക്കുമപ്പുറം മലയാളിമനസ്സ് ഈ മഹാകവിയുടെ മധുരസംഗീതത്തെയും മനസ്സിന്റെ മഹാലോകങ്ങളെയും ഒരേസമയം നെഞ്ചേറ്റുന്നു. ഒരുദാഹരണം മാത്രം പറയാം-എറണാകുളത്ത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴപാര്‍ക്കില്‍ ജ്ഞാനപീഠ ജേതാവായ ഒ എന്‍ വിയ്ക്ക് സ്വീകരണം. വീട്ടമ്മമാരും തൊഴിലാളികളും, ഇതര മേഖലകളിലെ തനി സാധാരണക്കാരുമായ മനുഷ്യര്‍ ആ പാര്‍ക്കിലേക്ക് ഒഴുകിയെത്തിയതിനു സാക്ഷിയായിനില്‍ക്കെ ഓര്‍ത്തുപോയി,എങ്ങനെ ഒരു കവിയ്ക്ക് ഇത്രയും വലിയ ജനകീയാംഗീകാരം ലഭിക്കുന്നു. ഉത്തരം വളരെ ലളിതമാണ്-ഒ എന്‍ വി എന്നും ജനങ്ങളുടെ പക്ഷത്തായിരുന്നു. ജനങ്ങളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അധീശവര്‍ഗത്തെയും അധികാര ഘടനകളെയും നിരാകരിക്കുന്നു-അതേ വിശ്വാസവും സ്നേഹവും ജനത അദ്ദേഹത്തിനു തിരിച്ചു നല്‍കുന്നു. ജനതയെയും വിജനതയെയും ഒരേസമയം വിലമതിക്കുന്ന കവിയുടെ ചിന്താ ലോകത്തിലേക്ക്:

?വ്യക്തിപരമായി പലപാട് ആവര്‍ത്തിക്കപ്പെട്ട ചോദ്യങ്ങളിലേക്ക് വീണ്ടും പോകണമെന്ന് ഉദ്ദേശിക്കുന്നില്ല. എങ്കിലും അച്ഛന്റെ മരണത്തോടെ ഏറെക്കുറെ അനാഥമായ ബാല്യം, പൈതൃകമായി കിട്ടിയ സാഹിത്യബോധം, ഇരുട്ടില്‍ ഒരു തുള്ളി വെളിച്ചമായി കൂടെ നടന്ന കവിത - ഇന്നിപ്പോള്‍ ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ എന്തു തോന്നുന്നു? ഇടശ്ശേരി ഒരിടത്തെഴുതിയതുപോലെ "ദുഃഖം തന്നെയാണ് ഉണ്‍മ - വെയിലത്ത് നടക്കുക എന്നതാണ് യാഥാര്‍ഥ്യം - ഇടയ്ക്ക് വീണുകിട്ടുന്ന തണല്‍ ഒരു മരീചിക മാത്രം''- കണ്ണീരുപ്പു പുരട്ടിയ ജീവിത പലഹാരത്തെ ഈ അവസ്ഥയില്‍ എങ്ങനെയാണ് കാണുന്നത്? ഒരര്‍ഥത്തില്‍ ഇത് തഥാഗതന്റെ ബോധമാണല്ലോ.

=ആവര്‍ത്തിക്കപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നമുക്കൊഴിവാക്കാം. ജീവിതത്തെപ്പറ്റി സാമാന്യമായി പറഞ്ഞാല്‍, ഈ എണ്‍പതാം വയസ്സിലും എനിക്കതിന്റെ പുതുമ നശിച്ചിട്ടില്ല. നേരം വെളുക്കുന്നു. ഉച്ചയാവുന്നു. അസ്തമിക്കുന്നു. ഇതാവര്‍ത്തനമാണ്. പക്ഷേ, വിരസത അനുഭവപ്പെടുന്നില്ല. ഓരോ ദിവസവും എനിക്ക് പുതിയതായിത്തോന്നുന്നു. നാഴികവട്ടയുടെ മേല്‍ത്തട്ടൊഴിഞ്ഞുകൊണ്ടിരിക്കുന്നു എന്ന ഉല്‍ക്കണ്ഠ ചിലപ്പോള്‍ തോന്നായ്കയില്ല. അക്ഷരങ്ങളായ് മുളപൊട്ടാത്ത വിത്തുകളിനിയും ഏതോ ഇടിനാദത്തെ കാത്തുകിടക്കുംപോലെ.

? ജ്ഞാനപീഠം സ്വീകരിച്ച് നടത്തിയ പ്രഭാഷണത്തില്‍ ഉള്‍പ്പടെ ഹരീന്ദ്രനാഥ് ചതോപാധ്യായ കടന്നുവന്നിട്ടുണ്ടല്ലോ. അങ്ങയെ വളരെയധികം സ്വാധീനിച്ച വ്യക്തിത്വമാണ് ഹരീന്ദ്രനാഥിന്റേത് എന്ന് കരുതുന്നു.

ഞാന്‍ കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഹരീന്ദ്രനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗമാണ്. ഒന്നാം ലോക്സഭയില്‍ എകെജി നയിച്ച കമ്യൂണിസ്റ്റ് ഗ്രൂപ്പിനോടൊപ്പമാണ് ഹരീന്ദ്രന്‍ നിലകൊണ്ടത്. അദ്ദേഹത്തെപ്പോലെ പണ്ഡിതനും പ്രതിഭാധനനുമായ കവി എന്തിന് സാമാന്യവിദ്യാഭ്യാസം മാത്രമുള്ള എകെജിയോടൊപ്പം നടക്കുന്നു എന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. ഹരീന്ദ്രന്‍ തന്റെ നില മറന്ന് കമ്യൂണിസ്റ്റുകാരുടെ പ്രചാരണത്തിനു സഹായം ചെയ്യുകയാണെന്നും ഇക്കൂട്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ കവിത തുളുമ്പുന്ന ഹരീന്ദ്രന്റെ പ്രസംഗങ്ങള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആസ്വദിച്ചിരുന്നു. വിലക്കയറ്റം പോലുള്ള നിത്യജീവിതപ്രശ്നങ്ങള്‍പോലും താളാത്മകമായ കവിതപോലെ അവതരിപ്പിക്കാന്‍ ഹരീന്ദ്രന് സാധിച്ചിരുന്നു.

ഇങ്ങനെ പുരോഗമനവാദികളായ യുവാക്കളുടെ ആവേശമായിരുന്ന ഹരീന്ദ്രനാഥ് അക്കാലത്ത് കേരളത്തിലെത്തി. തിരുവനന്തപുരത്തുവച്ചാണ് ഞങ്ങള്‍ തമ്മില്‍ ആദ്യമായി കണ്ടത്. കവിതയെഴുതുന്ന ആളാണ് ഞാനെന്ന് സുഹൃത്തുക്കള്‍ പരിചയപ്പെടുത്തി. സംസാരം കവിതയെക്കുറിച്ചായി. ഞാന്‍ ചങ്ങമ്പുഴകവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചു. അത് അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു.

എസ്എന്‍ കോളേജ് യൂണിയന്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ നിയന്ത്രണത്തില്‍ വന്ന സമയമായിരുന്നു. കോളേജ് മാനേജ്മെന്റിന് ഇതൊട്ടും രസിച്ചിരുന്നില്ല. മാനേജ്മെന്റില്‍ ഉള്‍പ്പെട്ട കൊല്ലത്തെ ചില സമുദായപ്രമാണികള്‍ വിദ്യാര്‍ഥി ഫെഡറേഷനെ പരസ്യമായി എതിര്‍ത്തിരുന്നു. യൂണിയന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ ഞങ്ങള്‍ ഹരീന്ദ്രനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. പ്രശ്നം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. കമ്യൂണിസ്റ്റ് സഹയാത്രികനായ ഹരീന്ദ്രനാഥിനെ കോളേജില്‍ വിശിഷ്ടാതിഥിയായി കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രഗല്‍ഭനായ അധ്യാപകനായിരുന്ന രാമയ്യര്‍ ആയിരുന്നു കോളേജ് പ്രിന്‍സിപ്പാള്‍. പക്ഷേ, മാനേജ്മെന്റിന്റെ വാശിക്ക് മുന്നില്‍ അദ്ദേഹം നിസ്സഹായനായിരുന്നു. ഹരീന്ദ്രന്റെ പരിപാടി വിലക്കണമെന്ന് മാനേജ്മെന്റ് രാമയ്യരോട് ഉത്തരവിട്ടു. കോളേജ് ഓഡിറ്റോറിയത്തില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് ഞങ്ങളെ അറിയിച്ചു. തോറ്റു പിന്മാറാന്‍ വിദ്യാര്‍ഥികള്‍ തയ്യാറല്ലായിരുന്നു. കോളേജ് വളപ്പില്‍ താല്‍ക്കാലിക പന്തല്‍ ഉയര്‍ന്നു. വിശിഷ്ടാതിഥി കൃത്യമായി കോളേജില്‍ എത്തി. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ അക്കാലത്ത് എസ്എന്‍ കോളേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ ശാസന മാനിച്ച് അവരെല്ലാം ഒഴിഞ്ഞുമാറി. അതേസമയം, രാമയ്യര്‍ ഗേറ്റിനരികില്‍ വന്ന് ഹരീന്ദ്രനോട് പറഞ്ഞു: ഞാന്‍ താങ്കളുടെ ഒരു ആരാധകനാണ്. പക്ഷേ, ഇവരും(വിദ്യാര്‍ഥികളും) മാനേജ്മെന്റും തമ്മില്‍ ചില പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല''. ഹരീന്ദ്രന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. ഞങ്ങള്‍ വിഷയങ്ങള്‍ നേരത്തെ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു.

യൂണിയന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് ഹരീന്ദ്രനാഥ് നടത്തിയ പ്രഭാഷണം സദസ്സിനെ ഒന്നടങ്കം കോരിത്തരിപ്പിച്ചു. സുന്ദരമായ ഇംഗ്ളീഷിന്റെ അനര്‍ഗള പ്രവാഹം. കമ്യൂണിസത്തിന് ആരുടെയെങ്കിലും പ്രചാരണം ആവശ്യമാണെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്. പൂവ് വിടരുന്നതിനും സൂര്യന്‍ ഉദിക്കുന്നതിനും പരസഹായം വേണോ? അതുപോലെ സ്വാഭാവികമായ പ്രതിഭാസമാണ് കമ്യൂണിസം-ഹരീന്ദ്രന്റെ ഉപമ നിലയ്ക്കാത്ത കയ്യടികളോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. ആ പ്രസംഗത്തിന്റെ വരികള്‍ ഇന്നും എനിക്ക് ആവേശമാണ്.

? വിപ്ളവാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എഴുതിയ ആദ്യകാലത്ത് തന്നെ അങ്ങ് വൈയക്താനുഭവങ്ങളുടെ അടിസ്ഥാനത്തിലും ചില രചനകള്‍ നടത്തി. ഇതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നുവല്ലോ.

കടുത്ത വിമര്‍ശനം ചിലര്‍ ഉയര്‍ത്തി. ഇന്ദുചൂഢനെപ്പോലുള്ളവര്‍ നിശിതമായ ഭാഷയില്‍ ആക്രമിച്ചു. 'അനുജത്തി'പോലുള്ള കവിതകള്‍ എഴുതിയതിന്. യഥാര്‍ഥത്തില്‍ സഹജീവികളോടുള്ള സ്നേഹത്തിന്റെ മാതൃകയാണ് ഞാന്‍ 'അനുജത്തി'യില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്റെ ജീവിതത്തിലുണ്ടായ അനുഭവമാണ് 'അനുജത്തി' യുടെ പ്രമേയം. ഇന്നും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സ്മരണ.

ഒരുനാള്‍ രാവിലെ സ്കൂളില്‍ എത്തിയപ്പോഴാണ് പരീക്ഷാഫീസ് അടയ്ക്കേണ്ട ദിവസമാണെന്ന് അറിഞ്ഞത്. അന്നത്തെ 12 രൂപ വേണം. പവന് 15 രൂപ മാത്രം വിലയുള്ള കാലം. വീട്ടില്‍ പോയി മടങ്ങിവരാന്‍ സമയമില്ല. കടം ചോദിക്കാന്‍ ആരെയും കാണുന്നില്ല. പെട്ടെന്നാണ് വീട്ടിനടുത്തുള്ള സുഹൃത്തിനെ ഓര്‍ത്തത്. അവന്റെ വീട്ടില്‍ചെന്നു. കാര്യം പറഞ്ഞു. അവിടെയും പണം എടുക്കാനില്ല. മുതിര്‍ന്നവര്‍ വിഷമിച്ചുനില്‍ക്കവെ സുഹൃത്തിന്റെ ഇളയസഹോദരി അവളുടെ കമ്മല്‍ ഊരി എനിക്ക് തന്നിട്ട് പറഞ്ഞു: " ഇത് പണയംവെച്ചാല്‍ പൈസ കിട്ടുമല്ലോ''. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. കമ്മലുമായി അടുത്തുള്ള തട്ടാന്റെ കടയിലേക്ക് ഓടി. "ഇതിവിടെ ഇരിക്കട്ടെ, 12 രൂപ വേണം'' എന്ന് പറഞ്ഞു. തട്ടാന്‍ ഉടന്‍ പണം തരികയും ചെയ്തു. പിറ്റേന്ന് വീട്ടില്‍നിന്ന് പണം കൊണ്ടുപോയി കമ്മല്‍ വീണ്ടെടുത്ത് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ആ പെണ്‍കുട്ടി എന്നോട് കാണിച്ച സ്നേഹം എങ്ങനെ വിസ്മരിക്കാന്‍ കഴിയും? മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളില്‍ അലിയുന്ന മനസ്സ്. ഇത് കവിതയില്‍ അവതരിപ്പിച്ചത് എങ്ങനെ പുരോഗമനവിരുദ്ധമാകും? ഇത്തരം സങ്കുചിതനിലപാടുകള്‍ പുരോഗമനസാഹിത്യത്തിന്റെ വളര്‍ച്ചയെ പലപ്പോഴും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ മാത്രം എഴുതണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. കൂമ്പടഞ്ഞുപോകും. പൊതുവിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളാണ് നോക്കേണ്ടത്. അനുഭവങ്ങളും ദര്‍ശനങ്ങളും സമ്മേളിക്കണം.

കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഉത്തര്‍പ്രദേശ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനിടയായി. വിളവെടുപ്പുകാലം. സുന്ദരികളായ കൊച്ചുപെണ്‍കുട്ടികള്‍ പാടങ്ങളില്‍ പണിയെടുക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന കാഴ്ച. പക്ഷേ, ആ പെണ്‍കുട്ടികളില്‍ പലരും നാളെ മഹാനഗരങ്ങളിലെ ചുവന്നതെരുവുകളില്‍ എത്തുമെന്ന് നാട്ടുകാരനായ ഒരു കവി എന്നോട് പറഞ്ഞു. മാതാപിതാക്കള്‍ തന്നെയാണ് പണം മോഹിച്ച് മക്കളെ വില്‍ക്കുന്നത്. ഈ വെളിപ്പെടുത്തല്‍ എന്നെ നടുക്കി. പിഞ്ചോമനകളെ കാത്തിരിക്കുന്ന ദുരന്തം തീരാദുഃഖമായി എന്നില്‍ നിറഞ്ഞു. അതില്‍നിന്ന് പിറവിയെടുത്തതാണ് 'കോതമ്പുമണികള്‍''.

'ഉജ്ജയിനി'ക്ക് പിന്നിലും ഇത്തരമൊരു അനുഭവബോധ്യമുണ്ട്. ഉജ്ജയിനിയില്‍, കാളിദാസന്റെ വിഹാരകേന്ദ്രമായിരുന്ന സ്ഥലങ്ങള്‍ഞാന്‍ സന്ദര്‍ശിച്ചു. ഞാന്‍ ദീര്‍ഘകാലം പഠിപ്പിച്ച കാളിദാസന്‍ മനസ്സില്‍ വലിയ വിഗ്രഹമായി നിറഞ്ഞുനില്‍ക്കുകയാണ്. അതേസമയം, കാളിദാസനെ ഒരു മഹാമണ്ടനായി മാത്രം കരുതുന്ന പുതുതലമുറയെയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ കാണാന്‍ കഴിഞ്ഞത്. നമ്മുടെ സംസ്കാരത്തിന്റെ നെടുംതൂണുകളില്‍ ഒരാളായ കാളിദാസന്‍ നേരിടുന്ന ദുരവസ്ഥ എന്നെ ആകുലചിത്തനാക്കി. കാളിദാസന് നീതി ലഭ്യമാക്കാന്‍ എന്റെ സംഭാവനയായി അര്‍പ്പിച്ചതാണ് 'ഉജ്ജയിനി'.

?അങ്ങയുടെ സുദീര്‍ഘമായ കാവ്യജീവിതത്തില്‍ പലഘട്ടങ്ങള്‍ പ്രകടമാണ്. വളര്‍ച്ചയുടെയും പരിണാമത്തിന്റെയും. ഭാവുകത്വബോധത്തില്‍നിന്നും പലഘട്ടങ്ങളിലൂടെ കോസ്മിക്വീക്ഷണമുള്ള കവിയായി അങ്ങ് വളര്‍ന്നു. ഇത് ബോധപൂര്‍വ്വം രൂപപ്പെടുത്തിയതാണോ?

=ഒന്നും മനഃപൂര്‍വ്വം ചെയ്തിട്ടില്ല. ഞാന്‍ ആസൂത്രണം ചെയ്ത് ഒന്നും എഴുതിയിട്ടില്ല.

?അങ്ങയുടെ രാഷ്ട്രീയനിലപാടുകള്‍ സുസ്ഥിരമാണ്.

=ഞാന്‍ എന്നും (കമ്യൂണിസ്റ്റ്)പ്രസ്ഥാനത്തോടൊപ്പമാണ്. പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ എന്നില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നുമാത്രം. നിസ്വരോടുള്ള പക്ഷപാതം ഞാന്‍ ഒരിക്കലും മറച്ചുവച്ചിട്ടില്ല. എന്നാല്‍ പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഞാന്‍ പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല...

?അങ്ങേയ്ക്ക് അതിന്റെ ആവശ്യവുമില്ല...

=ഞാന്‍ ഇതു പറയാന്‍ കാരണമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് (സമകാലിക)മലയാളം വാരികയില്‍ എന്നെ ആക്ഷേപിച്ച് ജയച്ചന്ദ്രന്‍നായര്‍നായര്‍(പത്രാധിപര്‍) മുഖക്കുറിപ്പെഴുതി. 'എം എ ബേബിയും ഒഎന്‍വിയും 'എന്ന തലക്കെട്ടില്‍. കുണ്ടറയില്‍ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഞാന്‍ പ്രസംഗിച്ചതാണ് ജയച്ചന്ദ്രന്‍നായരെ പ്രകോപിപ്പിച്ചത്. ജയച്ചന്ദ്രന്‍നായര്‍ സഹൃദയനാണ്. നല്ലതുപോലെ വായിക്കുകയും സാഹിത്യം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ആളുമാണ്. എന്റെ പല പ്രധാന കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി എഴുതുമ്പോള്‍ ഞങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് എന്നോട് എപ്പോഴും പറയും. അദ്ദേഹത്തിന് എം എ ബേബിയെ ഇഷ്ടമല്ലായിരിക്കാം. മാര്‍ക്സിസ്റ്റ് പാര്‍ടിയെയും ഇഷ്ടമല്ലായിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ, ഞാന്‍ ബേബിയെയും പാര്‍ടിയെയും ഇഷ്ടപ്പെടരുതെന്ന് ശഠിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ല. ഇങ്ങനെയൊരു നിലപാട് എടുത്ത ജയച്ചന്ദ്രന്‍നായര്‍ക്ക് ഇനി കവിത നല്‍കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കുണ്ടറ എനിക്ക് ചെറുപ്പം തൊട്ടേ ബന്ധമുള്ള സ്ഥലമാണ്. പലരെയും വ്യക്തിപരമായി അറിയാം. തെരഞ്ഞെടുപ്പില്‍ വിഎസ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലാണ് ഞാന്‍ സംസാരിച്ചത്. വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിഎസ് എത്തിയത്. പ്രസംഗം നിര്‍ത്താന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹം എന്നോട് തുടരാന്‍ ആംഗ്യം കാണിച്ചു. പത്ത് മിനിട്ട് കൂടി പ്രസംഗിച്ചശേഷം ഞാന്‍ അവസാനിപ്പിച്ചു. ആ യോഗം കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു:" ബേബിയുടെ ഭൂരിപക്ഷം പതിനായിരം കടക്കും''.

എകെജിയും എം എന്‍ ഗോവിന്ദന്‍ നായരും നായനാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ എന്നോട് വാത്സല്യവും സ്നേഹവും കാണിച്ചിട്ടുണ്ട്. അതുപോലെതന്നെ വി എസ് അച്യുതാനന്ദനും. വലിയ കലയും സാഹിത്യവുമൊന്നും ഉള്ള ആളല്ല വിഎസ്. എന്നിരുന്നാലും എന്നോട് പ്രത്യേക കരുതല്‍ കാട്ടിയിരുന്നു. അദ്ദേഹം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴേ എനിക്കറിയാം. ഞങ്ങള്‍ നടന്നു വലഞ്ഞ് അവിടെ ചെല്ലുമ്പോള്‍ അദ്ദേഹം ചോദിക്കും: " നല്ല വിശപ്പുണ്ടല്ലേ?''. പിന്നെ ആരെയെങ്കിലും വിട്ട് ഭക്ഷണം വാങ്ങിത്തരും.
പക്ഷേ, എല്‍ഡിഎഫ് ഭരണകാലത്താണ് എനിക്ക് പത്മവിഭൂഷണ്‍ ലഭിച്ചതെങ്കിലും അന്ന് സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. ജ്ഞാനപീഠം നിര്‍ണയിക്കുന്നത് ആരാണെന്ന് അറിയാമല്ലോ?

?കാല്പനികതയെക്കുറിച്ച് ഏറെ എഴുതുകയും ചിന്തിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് താങ്കള്‍. കാല്പനികനാകുക എന്നത് കുറ്റകരമോ ലജ്ജാകരമോ ആയ ഒരു കാര്യമായി ഇപ്പോള്‍ പലരും കാണുന്നതായി തോന്നുന്നു. ഉജ്വല ധൈഷണിക സാന്നിധ്യമായി ഇപ്പോഴും നമുക്കൊപ്പമുള്ള മാര്‍ക്സ്പോലും കാല്പനിക മനസ്സിന്റെ ഉടമയായിരുന്നല്ലോ. കാല്പനിക മനസ്സിന്റെ പേരില്‍ ഏറെ പഴിചാരപ്പെട്ട ഒന്നാണ് താങ്കളുടെ കവിത - ഈ പ്രശ്നത്തെ എങ്ങനെയാണ് കാണുന്നത്.

= ഇന്ദ്രനീലത്തിന് ചുകപ്പുനിറമില്ലെന്നും പദ്മരാഗത്തിന് നീലനിറമില്ലെന്നും പഴിചാരുന്നതിലെന്തര്‍ഥം! മുള്ളന്‍പന്നിക്ക് മുള്ളുകള്‍പോലെ, മയിലിന് പീലികള്‍പോലെ, ചമരിമാനിന് അതിന്റെ മൃദുരോമ ചാരുത പോലെ ഒരാളുടെ കവിതയില്‍ അത് സഹജമാണെങ്കില്‍ പഴിപറയുന്നില്‍ കാര്യമില്ല. സ്വന്തമായൊരനുഭവം സ്വന്തം സഞ്ചിത സംസ്കാരത്തിനനുസരിച്ച് ഉരുവംപൂണ്ടുയിര്‍ക്കൊള്ളുകയാണ്. ആധുനിക കവിതയിലും പരിശോധിച്ചാല്‍, കാല്പനികതയുടെ ഒരു തരിയുണ്ടാവും.

?"കെട്ട ജീവിതം ഉണ്ടെനിയ്ക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മണ്ണില്‍....'' വൈലോപ്പിള്ളി പറയുന്നു. ജീവിതത്തിനുള്ളില്‍ ഒരു ജീവിതം, ഭാഷയ്ക്കുള്ളില്‍ ഒരു ഭാഷ - കവിതയുടെ ഉഭയലോകങ്ങളെപ്പറ്റി എന്തു പറയുന്നു? സൂര്യതേജസ്സിനെ സാക്ഷാത്കരിക്കാന്‍ മനസ്സ് തയാറെടുക്കുമ്പോള്‍ വിഴുപ്പുഭാണ്ഡവുമായി വരുന്ന അലക്കുകാരനെ സ്വീകരിക്കേണ്ടിവരുന്ന ഒരു വഴിക്കുളത്തിന്റെ അവസ്ഥയാണ് കവിമനസ്സിന്റേത് എന്ന് ഇടശ്ശേരി. താങ്കളുടെ അനുഭവം എന്താണ്.

= വൈലോപ്പിള്ളിയും ഇടശ്ശേരിയും പറഞ്ഞിരിക്കുന്നത് ഏതാണ്ടൊരേ കാര്യംതന്നെയാണ്. ജീവിതത്തിലെ അനിവാര്യമായൊരു വൈരുധ്യാത്മകത. രണ്ടു വിരുദ്ധ ഭാവങ്ങളെ സമന്വയിപ്പിക്കുന്നതിനെപ്പറ്റി ദുരന്ത നാടക സമീക്ഷയില്‍ അരിസ്റ്റോട്ടിലും സൂചിപ്പിക്കുന്നുണ്ട്- the fusion of the opposite. കെട്ടകാലത്തു നിന്നുകൊണ്ട് കെടാത്ത കവിതയെ സൃഷ്ടിക്കുവാനാശിക്കുന്നവനാണ് കവി. കെടാത്ത ഒരു ലോകത്തെയും! നശ്വരതയുടെ നിഴല്‍പ്പാടില്‍ നിന്നുകൊണ്ട് അനശ്വരതയ്ക്ക് പ്രേമലേഖനമെഴുതുന്നവനാണ് കവി. അവനെ വിഡ്ഢി എന്ന് ചിലര്‍ പരിഹസിച്ചേക്കാം. 'അവന്‍ വിഡ്ഢിയായിരുന്നില്ല' എന്ന് കാലം നാളെ കുറിച്ചിട്ടുവെന്നും വരാം. അതൊക്കെ ഓര്‍ത്തിരുന്ന് വ്യാകുലപ്പെടാതെ യഥാശക്തി സര്‍ഗനിരതനാവുക-അത്രമാത്രം.

?താങ്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരാശയം - രുദിതാനുസാരിയാണ് കവി എന്ന ആശയം - താങ്കള്‍ കാളിദാസനില്‍നിന്ന് സ്വീകരിക്കുന്നുണ്ടല്ലോ? "താമഭ്യഗച്ഛദ് രുദിതാനുസാരീ കവി'' എന്ന് വാല്മീകിയെക്കുറിച്ചു പറയുമ്പോള്‍ രഘുവംശത്തില്‍ കാളിദാസന്‍ പറയുന്നുണ്ട്. ഒപ്പംതന്നെ താങ്കള്‍ പറയാറുണ്ട് കവി എന്ന് കാളിദാസന്‍ ഒരാളെക്കുറിച്ചേ പറഞ്ഞിട്ടുള്ളു - വാല്മീകിയെക്കുറിച്ച് എന്ന്. രുദിതാനുസാരിയായ കവി, കവിയുടെ ഋതഗര്‍ഭമായ വാക്കുകള്‍ -താങ്കളുടെ പ്രത്യയശാസ്ത്രത്തിന്റെ ദൃഢഭൂമിയില്‍ (Terra Firma) നിന്നുകൊണ്ട് ഇക്കാര്യം സദയം വിശദീകരിക്കാമോ.

= അന്യദുഃഖങ്ങളപാരസമുദ്രങ്ങള്‍! എന്റെ ദുഃഖങ്ങള്‍ വെറും കടല്‍ശംഖുകള്‍! എന്ന തിരിച്ചറിവിലെത്തിച്ചേരുമ്പോഴാണ് എനിക്ക് സുഖവും സ്വഛശാന്തിയും ലഭിക്കുന്നത്. 'അപരന്റെ ദുഃഖത്തിനെന്റേതിനേക്കാളുമധികമാം കരുതലും കരുണയും' ഉണ്ടാവുക എന്നതാണ് ഏതൊരു മനുഷ്യന്റെയും-കവിയുടെയും-'മനോശ്ശോഭ' എന്നു പറയുന്നത്. വാല്മീകി രാമായണത്തിന്റെ ഒരു സംക്ഷിപ്തപ്പതിപ്പ് ഹൈസ്കൂള്‍ ക്ളാസുകളിലും രഘുവംശം വീട്ടിലിരുന്നൊരു ഗുരുനാഥന്റെ കീഴിലും പഠിച്ചപ്പോള്‍ മുതല്‍ക്ക് ഈ 'രുദിതാനുസാരിത്വം' എന്റെ മനസ്സില്‍ കടന്നുകൂടിയതാണ്. എന്നും കരയാന്‍ 'വിധിക്കപ്പെട്ട' നിസ്വവര്‍ഗത്തിന്റെ പിന്നാലെ പോവാന്‍ ആദ്യമായി വഴികാട്ടിയതും ആ വരികളാവാം.

?സമൂഹത്തോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് നല്ല കവിതയുണ്ടാകുന്നത്. ആരു വിതയ്ക്കുന്നു, ആരു കൊയ്യുന്നു എന്ന ചോദ്യത്തില്‍നിന്ന് 'ഒരു പുത്തന്‍ കലവും അരിവാളും' ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍, ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍, സ്നേഹസുന്ദരപാതയിലൂടെ എന്ന ചോദ്യത്തില്‍നിന്ന് ഒരു 'കുടിയൊഴിയ്ക്ക'ലും....
"മണ്ടചീയുമീ തെങ്ങിന്‍നിരയാരുടെ ദൈന്യം
ഞണ്ടുകളുടെ കാലിലാരുടെ ചതിയന്ത്രം''
എന്ന് താങ്കള്‍ - ഇക്കാര്യം ഒന്നുകൂടി വിശദീകരിക്കാമോ.

= 'മണ്ടചീയുന്ന തെങ്ങും' കാലില്‍ 'ചതിയന്ത്ര'മുള്ള ഞണ്ടും എന്റെ ഗ്രാമത്തിലെ കടല്‍ത്തീരം എനിക്കു കാട്ടിത്തന്ന ഇമേജുകളാണ്. വിപ്ളവാവേശത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍, വിപ്ളവത്തിന്റെ തേരോടിക്കാനുള്ള വഴി സമനിരപ്പിലുള്ളതല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ എനിക്കു പറയാന്‍ തോന്നിയ ചിലതിന്റെ വസ്തുപ്രതീകങ്ങളായി ആ ഇമേജുകള്‍ എന്റെ കവിതയില്‍ വന്നു. ആ 'ചതിയന്ത്രം' സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ട്രോജന്‍ കുതിരയായവതരിച്ചു; പിന്നെ 'സ്വര്‍ണമാനാ'യി, 'അരക്കില്ല'മായി, എന്തെന്തെല്ലാം രൂപത്തില്‍! നമ്മുടെ കാലത്ത് അത് അമേരിക്കന്‍ പാല്‍പ്പൊടിയും ഉപ്പുമാവുമൊക്കെയായി. വസൂരിയുടെ അണുക്കള്‍ വിതറിയ കമ്പിളിപ്പുതപ്പായി പാവം 'റെഡ് ഇന്ത്യക്കാരു'ടെ മുന്നില്‍ അമേരിക്ക കീഴ്പ്പെടുത്തിയ 'വെളുത്ത മൂപ്പന്മാര്‍' അതുതന്നെയാണവതരിപ്പിച്ചത്. എണ്ണിയെണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങാത്ത അവതാരങ്ങളുണ്ടാ ചതിയന്ത്രത്തിന് മനുഷ്യചരിത്രത്തില്‍! ചവറയിലെ കടലോരം എനിക്ക് തന്നതാണാ ഇമേജുകള്‍ എന്നു പറഞ്ഞുനിര്‍ത്തട്ടെ.

?"പരഭൃതദുഃഖം'' എന്ന താങ്കളുടെ ഒരു മനോഹരമായ കവിതയുണ്ട്. ഒരു കുയില്‍ക്കുഞ്ഞ് അതിന്റെ ആദ്യശബ്ദം കേള്‍പ്പിക്കുമ്പോള്‍തന്നെ സമൂഹമാകുന്ന തള്ളക്കാക്ക അതിനെ കൊത്തിയാട്ടുന്നു എന്ന് - കവികര്‍മത്തെ ഒരു വലിയ അളവില്‍ നിഗൂഢവല്‍ക്കരിക്കുകയും മഹത്വവല്‍കരിക്കുകയുമാണോ താങ്കള്‍? എതാണ്ട് സദൃശമായ ഒരാശയം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത് എന്നു പറഞ്ഞേടത്തുമുണ്ട്. സ്വര്‍ണമത്സ്യം എന്ന ആശയത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്.

= ഈ 'പരഭൃതദുഃഖം' ഞാനാദ്യം മനസ്സിലാക്കിയത് സ്കൂളിലെ പ്രകൃതി ശാസ്ത്ര ക്ളാസില്‍നിന്നാണ്. ആ കുയില്‍ക്കുഞ്ഞിനോടെനിക്കന്നേ തോന്നിയതാണാ സഹതാപം! പിന്നെ, ചില നിഗൂഢ ദുഃഖങ്ങള്‍ പ്രകാശിപ്പിക്കാന്‍ ആ പരഭൃതദുഃഖം സഹായകമായി. അതിനപ്പുറം കവികര്‍മത്തിന്റെ നിഗൂഢവല്‍ക്കരണമോ, മഹത്വവല്‍ക്കരണമോ അതിലുണ്ടോ എന്ന് "ചോദിച്ചാലറിഞ്ഞുകൂടാ; ചോദിച്ചില്ലെങ്കിലറിയാം'' എന്നതാണവസ്ഥ! 'സ്വര്‍ണമത്സ്യ'മെഴുതാനുണ്ടായ സാഹചര്യം ഇന്നുമോര്‍ക്കുന്നു: തൊള്ളായിരത്തി എഴുപതുകളിലെന്നോ ആണ്-തൃശൂരില്‍വച്ച് എന്‍വിയുടെ നേതൃത്വത്തില്‍ നടന്ന ഒരു കവിതാ ക്യാമ്പിന്റെ സമാപന ദിവസം-അത്താഴപ്പുറമെ ഒരു തുറന്ന സംഭാഷണമധ്യേ, 'യഥാര്‍ഥ വിപ്ളവകാരി'യായ ഒരധ്യാപകന്‍ എന്റെ കവിതയുടെ നേര്‍ക്ക് പൊടുന്നനെ ഒരാക്രമണം നടത്തി. സാധാരണക്കാര്‍ക്ക് വിപ്ളവസന്ദേശം പകര്‍ന്നുകൊടുക്കേണ്ട കവി, കുട്ടിയുടെ ചോറൂണിനെപ്പറ്റിയും മറ്റും കുടുംബ കവിതകളെഴുതുന്നുവെന്നും ഭാഷ മിനുസപ്പെടുത്തുന്നുവെന്നും മറ്റും പറഞ്ഞുപറഞ്ഞങ്ങനെ കത്തിക്കയറി ഒടുവില്‍ എന്നെ ഭൃലിലഴമറല' എന്നും വിളിച്ചു. അതെന്നിലുണ്ടാക്കിയ അന്തഃസ്തോഭം എന്റെ വാക്കുകളിലും സ്വരത്തിലും സ്വാഭാവികമായും പടര്‍ന്നുകയറി. തിരികെ വിജനമായ റോഡിലൂടെ ചേറൂര്‍ എന്ന സ്ഥലത്തുനിന്ന് ദേവസ്വം ബോര്‍ഡ് കോളനിയിലേക്ക് സാക്ഷാല്‍ വൈലോപ്പിള്ളിയോടൊപ്പം നടന്നുവന്ന ആ രാത്രി എനിക്കൊരിക്കലും മറക്കാനാവാത്തതാണ്. "ഞാനൊരു വെറും സൌന്ദര്യാത്മക കവി മാത്രം'' എന്ന തന്റെ അര്‍ഥപൂര്‍ണമായ വരികളെ വാച്യാര്‍ഥത്തിലൊതുക്കി വ്യാഖ്യാനിച്ചവരെപ്പറ്റിയൊക്കെ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു വൈലോപ്പിള്ളി. ഇടയ്ക്കിടക്ക് അദ്ദേഹം എന്റെ ഭുജത്തിലമര്‍ത്തിപ്പിടിച്ചു നിര്‍ത്തും-അങ്ങനെ ക്ഷോഭിച്ചടര്‍ന്നുവീഴുന്ന വാക്കുകള്‍ക്ക് ഒടുവിലെനിക്കൊരുപദേശം തന്നതിങ്ങനെ: "നിങ്ങളയാളെപ്പോലുള്ളവരോട് ക്ഷോഭിക്കരുത്. അത് നിങ്ങളുടെ 'സ്റ്റാമിന'യെ ബാധിക്കും-അയാള്‍ സുഖമായി ചുരുണ്ടുകൂടിക്കിടന്നുറങ്ങിയിട്ട് വര്‍ധിതവീര്യനായി നാളെ കാലത്തുണര്‍ന്ന് പുതിയ ഇരയെ അന്വേഷിക്കും (എന്റെ കൈയിലുള്ള പിടിത്തം മുറുക്കുന്നു) ഈ കൈ എഴുതാനുള്ളതാണ്. എഴുതി മറുപടി പറയണം!...'' ആ അനുഭവത്തിന്റെ ചൂടില്‍ വിരിഞ്ഞ കവിതയാണ് 'സ്വര്‍ണമത്സ്യം'. പൂച്ചയ്ക്കത് വെറുമൊരു തീറ്റസാധനം! ഓരോ കവിതയുടെ പിന്നിലുമുണ്ടത്തരം അനുഭവങ്ങള്‍!

? ``Culture is born of a rustic mother _ Agriculture'' താങ്കളുടെ പ്രസിദ്ധമായ പ്രബന്ധത്തില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ടല്ലോ? (Quest for Spiritual Democracy in Indian Literature) കേരളത്തിന്റെ സമകാലികാവസ്ഥയില്‍ ഈ ആശയം താങ്കള്‍ എങ്ങനെ കാണുന്നു? ഒപ്പംതന്നെ Spiritual democracy എന്ന മനോഹര സങ്കല്പത്തെയും. ഒന്നുകൂടി വിശദീകരിക്കാമോ ഈ ആശയം Agriculture, Agribusiness ആകുന്ന കാഴ്ചയും നാം കാണുന്നുണ്ട്.

= Agriculture (കൃഷി)ആണാദ്യമുണ്ടായതെന്നും Culture (നൃത്തഗീതാദികളുള്‍പ്പെട്ട കലകള്‍/സംസ്കാരം) അതിന്റെ ഉല്പന്നമായി സംഭവിച്ചതാണെന്നുമുള്ളത് മനുഷ്യചരിത്രം സാക്ഷ്യപ്പെടുത്തുന്നൊരു സത്യമാണ്. എന്നാല്‍ കൃഷിചെയ്യുന്നവനെ താഴ്ത്തിക്കാണുകയും സാംസ്കാരിക രംഗത്തുള്ളവരെ അത്യുന്നതരായിക്കാണുകയും ചെയ്യുന്ന പ്രവണത ഇനിയും നശിച്ചിട്ടില്ല. ഇവിടെയാണ് ആ പുരാതനസത്യം ഓര്‍മിപ്പിക്കേണ്ടിവരുന്നതിന്റെ പ്രസക്തി. Spiritual Democracy എന്നത് ഇന്ത്യയുടെ നവോത്ഥാനകാലത്ത് സാഹിത്യരംഗത്തുണ്ടായ ഒരു മനോഹര സങ്കല്പംതന്നെയാണ്. ഇന്ത്യയുടെ ധൈഷണിക സ്വത്ത് ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താക്കുക, അതാരുടെയും കുത്തകയല്ലെന്ന് സ്ഥാപിക്കുക-തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ആ സങ്കല്പ സാക്ഷാത്കാരംകൊണ്ട് നേടാനുദ്ദേശിച്ചത്. ഇതിന് കര്‍തൃത്വം വഹിച്ചത് ഉപനയനം കഴിച്ചവരോ ഉപവീതം ധരിച്ചവരോ അല്ലാത്ത കുറേ കവികളും യോഗിവര്യരുമായിരുന്നു. മലയാളത്തില്‍ കണ്ണശ്ശന്‍, എഴുത്തച്ഛന്‍ മുതല്‍പ്പേര്‍-മുഖ്യമായും കൃഷിപ്പണി ചെയ്യുന്നവരുടെ പുരകളിലേക്ക് രാമായണ ഭാരതാദികള്‍ ഇറങ്ങിച്ചെന്നു, സംസ്കൃതേതര ഭാഷയില്‍; നാടന്‍ ശീലുകളില്‍. `Poetry in an age of Cultural Invasion' എന്ന പുസ്തകത്തിലെ Spiritual Democracy യെപ്പറ്റിയുള്ള എന്റെ പ്രബന്ധത്തിലത് വിശദീകരിച്ചിട്ടുള്ളതാണ്. മലയാള ഭാഷയിലൂടെ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ധൈഷണിക സ്വത്ത് പകര്‍ന്നുകൊടുക്കാനായാലേ മലയാളിയുടെ ജനാധിപത്യസംസ്കാരം സമഗ്ര ശോഭമാവൂ. ഒരര്‍ഥത്തിലിത് `Weltliteratur' എന്ന ഗോയ്ഥേയുടെ സങ്കല്പത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.

സ്വാതന്ത്ര്യ പ്രാപ്തിക്കുമെത്രയോ മുമ്പുതന്നെ 'യുദ്ധവും സമാധാനവും', 'പാവങ്ങളും', 'കുറ്റവും ശിക്ഷയും' മറ്റും മലയാളി സ്വഭാഷയില്‍ പരിചയപ്പെട്ടിരിക്കുന്നു എന്ന് ഒരു കാല്‍നൂറ്റാണ്ടുമുമ്പ് കേന്ദ്രസാഹിത്യ അക്കാദമിയില്‍ സന്ദര്‍ഭവശാല്‍ ചൂണ്ടിക്കാണിക്കാനിടയായപ്പോള്‍, മറ്റു ഭാഷക്കാരായ പല അംഗങ്ങളും 'മലയാളം അത്രയ്ക്ക് വലുതോ?' എന്ന മട്ടില്‍ അമ്പരക്കുന്നത് ഞാന്‍ കണ്ടു. സത്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് നിലം പാകപ്പെടുത്തിയത് (തറയൊരുക്കിയത്) 'സ്പിരിച്വല്‍ ഡെമോക്രസി'ക്കുവേണ്ടി മുറവിളി കൂട്ടിയ നവോത്ഥാന പ്രസ്ഥാനമാണ്. ദേശീയ നിലവാരത്തില്‍നിന്ന് അത് അന്തര്‍ദേശീയ തലത്തിലേക്കുയരുമ്പോള്‍ 'വിശ്വമാനവന്‍' എന്ന ടാഗോറിന്റെ സങ്കല്പം സത്യമാകും. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മോചനം സ്വപ്നംകണ്ട കാള്‍മാര്‍ക്സും ഈ സങ്കല്പത്തിന് സാര്‍വദേശീയമായി പടര്‍ന്നുകയറാനൊരു പന്തലിട്ടുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. Agriculture ഇവിടെ അധ്വാനത്തെ സൂചിപ്പിക്കുന്നു. Culture അതിന്റെ മനോഹരമായ മേല്‍ത്തട്ടിനേയും.

?ലാറ്റിനമേരിക്കയില്‍ സ്പാനിഷ് ഭാഷക്ക് ആധിപത്യം ലഭിച്ചെങ്കിലും ഇങ്കാ-മയാ സംസ്കാരങ്ങളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ലോര്‍ക്കയും നെരൂദയും സ്പാനിഷ് ഭാഷയിലെ ഉയര്‍ന്ന കവികളായിത്തന്നെ നില്‍ക്കുന്നുവെന്നും താങ്കള്‍ സാംസ്കാരികാധിനിവേശത്തെ കവിത എന്ന പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ അവസ്ഥ എന്താണ്.

= ലാറ്റിനമേരിക്കയില്‍ സ്പാനിഷ് ഭാഷ തദ്ദേശീയ ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഭാഷയായി-നെരൂദയും മാര്‍ക്വേസും അതിന്റെ ഉത്തമസാക്ഷികള്‍. എന്നാല്‍ ഇംഗ്ളീഷ്, ഇന്ത്യയിലേതെല്ലാംവിധം പരിശ്രമിച്ചിട്ടും പടര്‍ന്നിട്ടും ഇന്ത്യന്‍ ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഭാഷയാവാന്‍ വേണ്ടവിധം സാധിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം ഒന്നല്ല ഉള്ളതെന്നറിയാം. എന്നാല്‍, നിര്‍വിവാദമായ ഒരുത്തരമിതാണ്. ഇംഗ്ളീഷിനേക്കാള്‍ പുരാതനവും സമ്പന്നവുമായ പ്രമുഖ ഇന്ത്യന്‍ ഭാഷകളുടെ ശക്തമായ ചെറുത്തുനില്‍പ്പ്! അതിനെ ദുര്‍ബലപ്പെടുത്താനുള്ള നിഗൂഢ ശ്രമങ്ങള്‍ക്ക് ഇന്ന് കേരളം വളക്കൂറുള്ള നിലമായിത്തീരുകയാണെന്ന് തോന്നിപ്പോകുന്നു, ഇവിടെ വളരുന്ന 'മംഗ്ളീഷ്' പ്രേമം കാണുമ്പോള്‍. സ്വന്തം ഭാഷയെ പുറവേലിക്കപ്പുറം നിര്‍ത്തുമ്പോള്‍, സ്വന്തം സ്വാതന്ത്ര്യത്തെയാണ് നാം പണയപ്പെടുത്തുന്നതെന്ന് ഓര്‍ക്കാത്തതാണ് കഷ്ടം!

?എഴുത്തുകാരന്റെ രണ്ടു ലോകങ്ങള്‍ - യുക്തിഭദ്രമെന്നു കരുതുന്ന ബാഹ്യലോകവും യുക്തിവിധുരമെന്നു കരുതുന്ന സ്വപ്നലോകവും - ഇവ തമ്മില്‍ ഒരു സംഘര്‍ഷം അനുഭവപ്പെട്ടിട്ടുണ്ടോ.

= യുക്തിരഹിതമെന്ന് സ്വപ്നലോകത്തെപ്പറ്റി നാം പറയാറുണ്ട്. പക്ഷേ, യുക്തിഭദ്രമായ ലോകത്തിന്റെ കല്ലും കട്ടയും മണ്ണും മരവുമൊക്കെത്തന്നെയാണ് സ്വപ്നത്തെയും നിര്‍മിക്കുന്നത്. അടുക്കും മുറയും മാറിയെന്നു മാത്രം. 'അമ്മേ!-കാക്ക-കല്ല്-അപ്പം' എന്ന് കുട്ടി പറയുന്ന പ്രാകൃതകക്ഷ്യയിലെ ഭാഷപോലെയാണത്. മുതിര്‍ന്നവര്‍ക്ക് കുറ്റിയും കൊളുത്തുമില്ലാത്ത ആ നാലു വാക്കുകളില്‍നിന്ന് സംഭവിച്ചതെന്തെന്ന് വായിച്ചെടുക്കാന്‍ കഴിയും. അപ്പോള്‍ യുക്തിയുടെ ലോകവും സ്വപ്നത്തിന്റെ ലോകവും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് വിരോധാഭാസം (തോന്നല്‍) മാത്രമാവും. സ്വപ്നത്തെ ഒരു മനഃശാസ്ത്രജ്ഞന് ശരിയായി വായിച്ച് സത്യം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരും.

?താങ്കള്‍ എഴുത്താരംഭിച്ച കാലത്ത് താങ്കളുടെ ജ്യേഷ്ഠസഹോദരന്മാര്‍ പലതരം ദ്വന്ദ്വങ്ങളുടെ സംഘര്‍ഷം കവിതകളില്‍ അനുഭവിക്കുന്നതു കാണാം.

ഗ്രാമം - നഗരം
വ്യക്തി - സമൂഹം
സ്വപ്നലോകം - അക്ഷരലോകം
കൃഷീവല സമൂഹം - കുലീന സമൂഹം
പഴയ തലമുറ - പുതു തലമുറ
ഗ്രാമകേന്ദ്രിത ഉല്പാദന വിപണനം - യന്ത്രവല്‍കൃത വിപണനം
പരിസ്ഥിതി - വികസനം

ഇത്തരം സംഘര്‍ഷങ്ങളോട് താങ്കളുടെ മനസ്സ് പ്രതികരിച്ചതിന്റെ രീതിഭേദങ്ങള്‍ വിശദീകരിക്കാമോ.

= ഈ ചോദ്യത്തിന്, ഒരു തീസിസ് തന്നെയെഴുതേണ്ടിവരും; തൃപ്തികരമായൊരുത്തരമാവാന്‍. ഇവ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു എന്നതും ഇപ്പോഴും ഉണ്ടെന്നതും സത്യമാണ്. ഇവയെ സമന്വയിപ്പിക്കാനാണ്, തീര്‍ത്തും ഒരു പക്ഷംപിടിക്കാനല്ല ശ്രമിക്കേണ്ടതെന്ന് തോന്നുന്നു. പരിസ്ഥിതി സംരക്ഷണമോ, വികസനമോ വേണ്ടതെന്ന് ചോദിച്ചാല്‍ രണ്ടിലൊന്നു വേണ്ടെന്നുപറയാന്‍ കഴിയുമോ? ഇത് പരിഹാരം കാണേണ്ട മറ്റൊരു ചോദ്യമാണിന്ന്. എനിക്കു ജീവിക്കുവാന്‍ നീ മരിക്കണമെന്ന് മനുഷ്യന്‍ പ്രകൃതിയോടു പറഞ്ഞാല്‍ ശരിയാവുമോ? പാശ്ചാത്യ നഗരങ്ങളില്‍ അവിടത്തെ ജനസംഖ്യയും വൃക്ഷസംഖ്യയും തമ്മില്‍ ഒരു നിശ്ചിത അനുപാതം അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യംകൂടി: 'കൃഷീവല സമൂഹം' എന്നതിന്റെ വിപരീത പദമാവരുത് 'കുലീന സമൂഹം' -വ്യത്യാസങ്ങളുണ്ടാവാമെങ്കിലും!

? " If there is no Temple of life there is no festival of poetry' താങ്കളുടെ ഇംഗ്ളീഷിലെഴുതിയ പ്രബന്ധത്തിന്റെ തലക്കെട്ടാണിത്. തകര്‍ന്നടിഞ്ഞ ജീവിതത്തിന്റെ അമ്പലം - സുഗതകുമാരിയുടെ 'അമ്പലമണി', അക്കിത്തത്തിന്റെ 'പണ്ടത്തെ മേശാന്തി' - താങ്കളുടെ ഈ പ്രബന്ധത്തിലെ നിരീക്ഷണം വളരെ ശ്രദ്ധേയമായിത്തോന്നുന്നു. നല്ലൊരു നിരീക്ഷണം.

=സുഗതകുമാരിയുടെ 'അമ്പലമണി'യിലെ അമ്പലം ഇടിഞ്ഞുപൊളിഞ്ഞ ജീവിതത്തിന്റെ പ്രതീകമാണ്. പഴയ നാട്ടിന്‍പുറങ്ങളിലിന്നുമുണ്ട് അത്തരം 'നടവരവില്ലാത്ത' ദൈവങ്ങളുടെ പാര്‍പ്പിടം. ഞാന്‍ വളരെ ഇഷ്ടപ്പെടുന്നൊരു കവിതയാണത്. അക്കിത്തത്തിന്റെ 'പണ്ടത്തെ മേശാന്തി'യാവട്ടെ 'ഇദം നമമ' എന്ന ദര്‍ശനം, 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍' എന്ന ലൌകികമൊഴിയിലേക്ക് വ്യാവര്‍ത്തിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. ലളിതം, എന്നാല്‍ ഗഹനം. 'ക്ഷേത്രം' വയലാണ്, ജീവിതവുമാണ്. ക്ഷേത്രമില്ലാതെ ഉത്സവമില്ലാത്തതുപോലെ, ജീവിതമില്ലാതെ കവിതയുമില്ലല്ലോ. ആ പ്രബന്ധം ശ്രദ്ധേയമായിത്തോന്നിയെന്നറിയുമ്പോള്‍ കുറച്ചല്ല സന്തോഷം.

?ഇവിടെ "പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി'' എന്നൊക്കെ ഫ്രെഡറിക് ജെയിംസനെപ്പോലുള്ളവര്‍ വിശദീകരിച്ച പോസ്റ്റ് മോഡേണ്‍ പരിസരങ്ങള്‍ വരുന്നു. കുടുംബം, രാഷ്ട്രീയം എന്നീ സുസ്ഥാപിത വ്യവസ്ഥകള്‍ തകരുന്നു. ജീവിതം ശകലീകൃതമാകുന്നു (Fragmented). ബൃഹദാഖ്യാനങ്ങള്‍ എല്ലാം നിരാകരിക്കപ്പെടുന്നു. ദേശീയത, സാര്‍വദേശീയത തുടങ്ങിയവയൊക്കെ നിരര്‍ഥകമാകുന്നു. ഭാഷാനഷ്ടം, വ്യാജപ്രതിച്ഛായകളുടെ നിര്‍മിതി (കള്‍ച്ചര്‍ ഓഫ് സൈമുലാക്രം) - കരുതിക്കൂട്ടി നിര്‍മിക്കപ്പെട്ട വിപണിയുടെ ആസുര യുക്തിക്കു മുമ്പില്‍ കവിത അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ടോ? Flippant fancies of the West has ultimately lead to the loss of Identity എന്ന് താങ്കള്‍ ഒരു പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

= കവിതയെ നിരാകരിക്കുകയോ, പ്രാന്തവല്‍ക്കരിക്കുകയോ ചെയ്യുന്ന പ്രവണതയുണ്ട്. കാലാകാലങ്ങളിലുണ്ടാവുന്ന രൂപപരീക്ഷണങ്ങള്‍ക്കോ ഭാവപരിണാമങ്ങള്‍ക്കോ അതീതമായി കവിതയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. ആധുനിക വാസ്തുവിദ്യയില്‍ form എന്നും function എന്നും രണ്ടു ഘടകങ്ങളെപ്പറ്റി പറയുന്നു. ഈ രണ്ടു കാര്യങ്ങളും ഒത്തുപോവാന്‍ പാലിക്കേണ്ട ചിലതുണ്ട്. അവയെയെല്ലാം 'അട്ടിമറിച്ച്' 'അടിച്ചുപൊളിച്ചെ'ഴുതുന്നതാണ് ഇനിയുള്ള കാലം ചെയ്യേണ്ടതെന്നു പറയുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമനുവദിച്ചുകൊടുക്കാം; പക്ഷേ, അവരുടെ അടിച്ചുപൊളിക്കല്‍ പരിശീലിക്കാത്തവര്‍ക്കും പുതിയ വായനക്കാര്‍ക്കുമിടയില്‍ ഒരു വലിയ വിടവു സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നത് ജനാധിപത്യ സംസ്കാരത്തിന്റെ വഴിയല്ല. കുറിക്കുകൊള്ളുന്ന കുറുംകവിതകള്‍ ഞാനിഷ്ടപ്പെടുന്നു. പക്ഷേ, ബൃഹദാഖ്യാനങ്ങള്‍ എഴുതരുതെന്നു വിലക്കേര്‍പ്പെടുത്തുന്ന മാതിരിയുള്ള വിപണിയുടെ ആസുര യുക്തിക്ക് കീഴടങ്ങാന്‍ സാധ്യമല്ല.

?കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി നടത്തിയ ഒരു പ്രഭാഷണത്തില്‍ താങ്കള്‍ പുതിയ തലമുറയിലെ ഒരു കവിയെ ഇങ്ങനെ അനുസ്മരിച്ചു. ചരമ കോളത്തില്‍ കണ്ട തന്റെ ക്ളാസ്ടീച്ചറുടെ ഓര്‍മയുമായിരിക്കുന്ന ഒരു കവിയെ - ആ ടീച്ചര്‍ സുന്ദരിയായിരുന്ന കാലം - മുല്ലപ്പൂ ചൂടി പുതിയ സാരിയുടുത്തു ടീച്ചര്‍ സ്കൂളില്‍ വന്ന ദിവസം- ടീച്ചറുടെ വിവാഹപ്പിറ്റേന്ന്. പക്ഷേ ഒരു കുട്ടി മാത്രം പറയുന്നു, പാവം മുല്ലപ്പൂ ചൂടിയ ടീച്ചര്‍ക്ക് നാളെ മുതല്‍ ഭര്‍ത്താവിന്റെ തല്ലുകൊള്ളേണ്ടിവരുമല്ലോ എന്ന്. പുതു തലമുറയില്‍നിന്ന് താങ്കള്‍ ഓര്‍ക്കുന്ന നല്ലൊരു കവിത - എന്‍ വി കൃഷ്ണവാരിയര്‍ മലയാറ്റൂരില്‍ ഒരു കല്യാണത്തിനു പോയതിന്റെ ഓര്‍മ കവിതയാക്കിയിട്ടുണ്ട് - വിവാഹം കഴിഞ്ഞു പിരിഞ്ഞ അതിഥികള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വധു മുറ്റമടിക്കുന്ന കാഴ്ച - മലയാളത്തിലെ അറിയപ്പെടുന്ന സ്ത്രീപക്ഷ രചനകള്‍ താങ്കളുടേതാണ്. ഗോതമ്പുമണികള്‍, പെങ്ങള്‍- ഒരു പക്ഷേ ദാഹിക്കുന്ന പാനപാത്രം മുതല്‍ ഈ പെങ്ങള്‍ താങ്കളോടൊപ്പമുണ്ട് - പട്ടുപാവാടേം മാലേം മറന്നേക്കല്ലേ എന്നു പറയുന്ന ഒരു പെങ്ങള്‍ - വൈലോപ്പിള്ളിമാഷെപ്പോലെത്തന്നെ 'ആദിമകവി വാര്‍ത്ത കണ്ണുനീര്‍ ഒരു പെരുംകടലായ് പരക്കുന്നു' എന്നുതന്നെയാണോ താങ്കള്‍ക്കു തോന്നുന്നത്.

= 'ആദിമകവി വാര്‍ത്ത കണ്ണുനീര്‍ ഒരു പെരുംകടലായ് പരക്കുന്നു' എന്ന വൈലോപ്പിള്ളിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കാന്‍ സ്വാനുഭവങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നു. അതു മുഴുവന്‍ കുടിച്ചുവറ്റിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ മറ്റൊരു ദുഃഖം. എങ്കിലും അനുജത്തി, പെങ്ങള്‍, ഗോതമ്പുമണികള്‍, കൊച്ചുദുഃഖം, കുഞ്ഞേട്ത്തി തുടങ്ങിയ ഒട്ടേറെ കവിതകള്‍ പെരുംകടലില്‍നിന്ന് എന്റെ കൈക്കുമ്പിള്‍ കോരിയെടുത്ത കണ്ണുനീരാണ്. ലോകഗതി കാണുമ്പോള്‍, ഓരോ ദിവസവും കുരുക്ഷേത്രങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതു കാണുമ്പോള്‍, ഊര്‍ധ്വബാഹുവായി നിന്ന് ഇനിയുമിത് നേരെയാവുന്നില്ലല്ലോ എന്ന് നിശ്ശബ്ദം നിലവിളിച്ചുപോകുന്നു.

?ഒരു കവിയെന്ന നിലയില്‍ താങ്കളുടെ രചനകളില്‍ കടന്നുവരുന്ന പ്രത്യാവര്‍ത്തി രൂപകങ്ങളില്‍ പലതും സ്വാതന്ത്ര്യ ബോധത്തിന്റെയും ശുഭാപ്തി ബോധത്തിന്റെയുമാണല്ലോ. സൂര്യന്‍, പ്രാവുകള്‍, മഹാകാശങ്ങള്‍, ആട്ടിന്‍കുഞ്ഞുങ്ങള്‍, മിന്നാമിനുങ്ങുകള്‍, ഉപ്പ്, അഗ്നി, തോണി, രക്ഷകന്‍, കപോതപുഷ്പം, അക്ഷരങ്ങളായ് എന്നിവയും പൊട്ടിവിടരാത്ത ദുഃഖബീജങ്ങള്‍, കൈയില്‍ കറുകവളയുമായി നില്‍ക്കുന്ന ആശ്വിനിമാസങ്ങള്‍.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപകങ്ങള്‍. പുതിയ കാലത്തിരുന്നുകൊണ്ട് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെയും ശുഭാപ്തി ബോധത്തെയും താങ്കള്‍ എങ്ങനെ കാണുന്നു.

= സാമൂഹിക ബന്ധങ്ങള്‍ ബന്ധനങ്ങളാവാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നു മാത്രം. മനസ്സുകൊണ്ട് സ്വാതന്ത്ര്യത്തെ ആസ്വദിക്കാന്‍ കഴിയണം. ശരീരം വെള്ളക്കാരന്റെ തടവറയിലായിരുന്നപ്പോഴും, നെല്‍സണ്‍ മണ്ടേലയുടെ മനസ്സ് ആഫ്രിക്കയുടെ ആകാശത്ത് പറക്കുകയായിരുന്നു. 'എന്റെ ഹൃദയം തടവറയിലാണെങ്കിലും, ഹൃദയം അകലെ ഈസ്റ്റാംബൂളിലേക്ക് പറന്നുപോകുകയാണ്-എന്റെ ഹൃദ്രോഗത്തിനു കാരണം അതാണ്, ഡോക്ടര്‍!...' എന്നു തന്റെ ഡോക്ടറോടുള്ള ഒരു തുറന്നുപറയല്‍ നാസിം ഹിക്മത്തിന്റെ കവിതയിലുണ്ട്. സ്വതന്ത്രമായ മനസ്സിന്റെ അതിര് ആകാശമാണ്-ഈ ഭൂമിക്കുമീതെ കുട പിടിച്ചു നില്‍ക്കുന്ന ആകാശം. ശുഭാപ്തി വിശ്വാസം ഇത്തരമൊരവസ്ഥയില്‍ ഔഷധമാണ്-ഒരു സാന്ത്വനൌഷധമെങ്കിലുമാണ്.

?ഏത് കുഞ്ഞുചെടിക്കും ഒരു വക ഋതുബോധം ഉണ്ട്. പൂക്കുന്നതും കായ്ക്കുന്നതും ഇല കൊഴിഞ്ഞുനിന്ന് വിറയ്ക്കുന്നതും വീണ്ടും തളിര്‍ക്കുന്നതും സ്വയം നെയ്തുവിടര്‍ത്തുന്ന പച്ചപ്പുടവയണിഞ്ഞ് ആഹ്ളാദിക്കുന്നതും എല്ലാം ചെടിയുടെ മാറിമാറി വരുന്ന ഋതുക്കളോടുള്ള പ്രതികരണമാണ്. ഈ മണ്ണില്‍ വേരോടി നില്‍ക്കുന്ന ഒരു ചെടിയാണ് എന്റെ കവിതയും. താങ്കളുടെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചോദിയ്ക്കട്ടെ പ്രദേശം, ദേശം, വിദേശം എന്നിവയോടുള്ള സമീപനം എന്താണ്?

"ഈ നദി ശരല്‍ക്കാല നിളയെപ്പോലെ ഇരു
തീരത്തും വിളയുന്ന ധാന്യങ്ങള്‍ കനികളും
വേറെയെന്നാലും വിതയ്ക്കുന്ന കയ്യൊരുപോലെ
വിയര്‍പ്പില്‍ തഴയ്ക്കുന്ന ഹരിതം ഒരുപോലെ
വിശപ്പ്, ദാഹം, ദാഹശാന്തിയുമൊരുപോലെ.''

എന്ന് ഒരു കമ്യൂണിസ്റ്റുകാരന്റെ മാനസിക സൌഭ്രാത്രം താങ്കള്‍, പലപാട് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

'ഒരേ തൃഷ്ണ ഒരേ തൃപ്തി ഒരേ തുഷ്ടി തുടിയ്ക്കുവോര്‍' എന്ന് ആറാം സിംഫണിയില്‍ പറയുന്നതുകൂടി ഞാനോര്‍മിക്കുന്നുണ്ട്. അപരിചിതമായ മോസ്കോ നഗരത്തില്‍ ഒരുതരം അപരിചിതത്വത്തിന്റെ അഴലില്‍ അന്തിയുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ചുമരില്‍ ചിരിച്ചുനില്‍ക്കുന്ന ലെനിന്‍ - ഈ സാര്‍വ ലൌകിക സൌഭ്രാത്രം നമുക്കു കൈമോശം വരികയാണോ.

=സാര്‍വലൌകിക സൌഭ്രാത്രമെന്നത് ഇരുപതാം നൂറ്റാണ്ടില്‍ നമ്മെ ഏറ്റവുമധികം ഉജ്ജീവിപ്പിച്ച ഒരു സങ്കല്പമാണ്-അതൊരു വികാരമായി പരിണമിക്കുകയായിരുന്നു.

"എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാന്‍ പിടയും മാനുഷ-
നവിടെജ്ജീവിച്ചീടുന്നൂ ഞാ-
നിന്നാഫ്രിക്കയതെന്‍ നാ, ടവളുടെ
ദുഃഖത്താലേ ഞാന്‍ കരയുന്നു''

എന്ന എന്‍വിയുടെ 'ആഫ്രിക്ക'യിലെ വരികളില്‍ ആ വികാരം കത്തിജ്വലിക്കുന്നു. വൈലോപ്പിള്ളിയുടെ 'ഇരുളില്‍', 'കൊറിയയില്‍ സീയൂളില്‍' തുടങ്ങി എത്രയെത്ര കവിതകള്‍ ഓര്‍മയില്‍ വരുന്നു. സുഗതകുമാരിയുടെയും ആധുനിക കവികളില്‍ സച്ചിദാനന്ദന്റെയും മറ്റും പല കവിതകളും നിങ്ങളിപ്പോളോര്‍ക്കുന്നുണ്ടാവും. എന്നാല്‍, ഈ നൂറ്റാണ്ടില്‍ സാര്‍വലൌകിക സൌഭ്രാത്രമെന്ന ആകാശം കവിതയ്ക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന ആശങ്കക്കും വകകാണുന്നു.

?കവിയുടെ കൊടിയടയാളം പൂവാണ് (പൂവുകള്‍ സാക്ഷി എന്ന കവിത)} - ഇതേ ആശയംതന്നെ വൈലോപ്പിള്ളിമാഷും ഒരു കവിതയില്‍ ആവിഷ്കരിക്കുന്നുണ്ട്. അതിലോലമായ ഈ കാല്പനികബോധം താങ്കളുടെ വര്‍ഗസമര സിദ്ധാന്തത്തോട് ഇടയുന്നുണ്ടോ.

= പൂവുകള്‍ മണ്ണിന്റെ നന്മയുടെയും ലാവണ്യത്തിന്റെയും പ്രതീകങ്ങളാണ്. പ്രണയത്തിന്റെ പ്രതീകമായ പൂവമ്പ്, പരസ്പരം ഇണക്കാനല്ലാതെ ഹിംസിക്കാനുള്ളതല്ല-ഈ പൂവിന് കവിതയുടെ കൊടിയടയാളമാവാന്‍ അര്‍ഹതയുണ്ട്. അത് തരളകാല്പനികതയല്ല. പ്രാവിന് സമാധാനത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് ലോകമാകെ അംഗീകാരമുള്ളപോലെയാണിതും.

?വാക്കിനു തിരുത്തുവാനാകുമോ വാളിന്‍നീതി, വാക്കിനാകുമോ ക്ഷതാത്മാക്കള്‍തന്‍ സംത്രാണനം എന്ന് താങ്കള്‍ അന്വേഷിക്കുന്നുണ്ട്. അന്യോന്യാര്‍ദ്ര സല്ലയമാര്‍ന്ന വാക്പൊരുളുകള്‍ എന്നൊക്കെ താങ്കള്‍ എഴുതിയിട്ടുണ്ട്. വാഗര്‍ഥങ്ങള്‍ പാര്‍വതീപരമേശ്വരന്മാരെപ്പോലെ അത്ര സംവൃക്തങ്ങളല്ല എന്നാണ് പുതിയ ഭാഷാചിന്തകള്‍ പറയുന്നത്- കാവ്യഭാഷയെക്കുറിച്ച് പ്രൌഢമായ നിരീക്ഷണങ്ങള്‍ നടത്തിയ താങ്കളുടെ അഭിപ്രായമെന്താണ്.

= ഭാഷാചിന്തകള്‍ വളര്‍ന്നോട്ടെ, വാക്കുമര്‍ഥവും ശക്തിയും പുരുഷനുംപോലെ, ഊര്‍ജവും പിണ്ഡവുംപോലെ എന്ന നിരീക്ഷണം അതുകൊണ്ട് തിരുത്തിയെഴുതണോ ?

?ഒപ്പം ചോദിക്കട്ടെ ഹിംസാഹിംസകള്‍ കഴിഞ്ഞ തലമുറയിലെ താങ്കളുടെ ജ്യേഷ്ഠസഹോദരന്മാര്‍ക്ക് ഒരു വലിയ പ്രശ്നമായിരുന്നു. കുടിയൊഴിയ്ക്കല്‍ (വൈലോപ്പിള്ളി), ബുദ്ധനും ഞാനും നരിയും (ഇടശ്ശേരി), നരബലി (കുഞ്ഞിരാമന്‍നായര്‍), നക്സല്‍ബാരി (എന്‍ വി കൃഷ്ണവാരിയര്‍), ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം - 'കുടിയൊഴിയ്ക്കല്‍' നമ്മുടെ കാലത്തിന്റെ സമസ്യയല്ലാതാകുന്നുണ്ടോ? ഒപ്പം നടേ പറഞ്ഞ കവിതകളും.

= ആ കൃതികളെ അവയുടെ രചനാകാലത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയായിരുന്നില്ലേ നമ്മള്‍? അവ ഉന്നയിച്ച സമസ്യകള്‍ കാലം റദ്ദാക്കിയെന്ന് തോന്നുന്നില്ല.

? അനൂപ് ജലോട്ടയുടെ ഗസല്‍ കേള്‍ക്കാന്‍ താങ്കള്‍ ഒരു ചാറ്റല്‍മഴയത്ത്, പോകേണ്ട വണ്ടിയുടെ സമയംപോലും മറന്ന് ലയിച്ചിരുന്ന ഒരു ചിത്രം എന്റെ മനസ്സിലുണ്ട്. താങ്കള്‍ക്ക് ലഭിച്ച സംഗീത പാരമ്പര്യത്തെപ്പറ്റി പറയാമോ.

= ഞാന്‍ വളരെയേറെ സ്നേഹിക്കുകയും, എന്നാല്‍ എനിക്ക് പരിണയിക്കാനാകാതെ പോവുകയും ചെയ്ത പ്രിയ കാമുകിയാണ് സംഗീതം. കുട്ടിക്കാലം സംഗീതനിര്‍ഭരമായ ഒരന്തരീക്ഷത്തിലായിരുന്നു. ഔപചാരികമായിത്തന്നെ സംഗീതം പഠിപ്പിക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തിരുന്നു. പക്ഷേ, പിതൃമരണംമൂലം അത് മുടങ്ങിപ്പോയി. അച്ഛന്‍ വാങ്ങിച്ചുതന്ന ഗ്രാമഫോണും തംബുരുവും സിംഗിള്‍ റീഡ് ഹാര്‍മോണിയവുമായി നാട്ടുമ്പുറത്തെ തറവാട്ടിലേക്ക് പോയി. ഔപചാരിക വിദ്യാഭ്യാസംപോലും പല ഇല്ലായ്മ വല്ലായ്മകളും സഹിച്ചുകൊണ്ടായിരുന്നു. എങ്കിലും ആ വാസനാബന്ധം തുടര്‍ന്നു-തുടരുന്നു. ഇന്ത്യന്‍ സിനിമയിലെ വലിയ ചില സംഗീത സംവിധായകരുമായുള്ള സമ്പര്‍ക്കം എന്നും സംഗീതമെന്റെയരികിലുണ്ടെന്നു തോന്നിച്ചു. എന്റെ കുട്ടികളും ആ അനുഭവം പകര്‍ന്നു തരുന്നു-എവിടെയൊരു തംബുരുവിന്റെ ശ്രുതി കേട്ടാലും അവിടേക്ക് മനസ്സ് പാഞ്ഞുപോകുന്നു. എന്റെ ആദ്യപ്രേമത്തിന്റെ കാല്‍ച്ചിലമ്പൊലി കേള്‍ക്കുംപോലെ...

?ഉജ്ജയിനിയിലെ കാളിദാസനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറെയും കാളിദാസനില്‍ താങ്കളെ അധ്യാരോപിച്ചുകൊണ്ടുള്ളതായിരുന്നു. - താങ്കളുടെ ഒരു പ്രബന്ധത്തില്‍ 'Creative Autonomy taking liberty to reshape the theme and character'' ഒരു എഴുത്തുകാരനുണ്ടെന്ന് താങ്കള്‍ പറയുന്നു. ഉജ്ജയിനി, സ്വയംവരം എന്നീ രചനകളെ മുന്‍നിര്‍ത്തി ഈ ആശയം വിശദീകരിക്കാമോ.

=ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു എന്ന് ഏകപക്ഷീയമായ വിധിയെഴുത്ത് ശരിയല്ലെന്ന് തുടക്കം മുതലേ എനിക്കു തോന്നിയിരുന്നു. റഷ്യന്‍ കവിതയെ യൂറോപ്യന്‍ കവിതയുടെ പൊതുധാരയിലേക്കു നയിച്ച പുഷ്കിന്റെ എവ്ജനി അനെഗിന്‍ (Evgeny Onegin)എന്നത് A Novel in Poem എന്ന ഗണത്തിലാണദ്ദേഹംതന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിശാലമായ ക്യാന്‍വാസും ഒട്ടേറെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ക്രമേണ വികസ്വരമാകുന്ന ഒരു ഇതിവൃത്തവുമുള്ള ആ കവിത വെറുമൊരു നീണ്ട കവിതയല്ല-പുഷ്കിന്‍ കവിതയിലെഴുതിയ ഒരു നോവല്‍ തന്നെയാണത്. നായക കഥാപാത്രം ഒരര്‍ഥത്തില്‍ പുഷ്കിന്റെ ആത്മസ്വരൂപം തന്നെ. തന്റെ സുന്ദരിയായ പത്നി 'നഥാലിയ'യുടെ സ്വഭാവവിശേഷങ്ങള്‍ തന്റെ കാവ്യാഖ്യായികയിലെ 'ഓള്‍ഗാ'യിലോ 'താത്യാന'യിലോ പുഷ്കിന്‍ അതേപടി ആരോപിച്ചിട്ടില്ല. എങ്കിലും തന്റെ പ്രേമധാമത്തിലുണ്ടായിരിക്കണമെന്നദ്ദേഹം ആഗ്രഹിച്ച ചില സ്വഭാവ വിശേഷങ്ങള്‍ അവരിലുണ്ടെന്ന് പറയാവുന്നതാണ്. സ്വന്തം ദുരന്തത്തിന്റെ കഥയാണത്. ആ കാവ്യം അപൂര്‍ണമായി അവശേഷിപ്പിക്കാനേ പുഷ്കിന് കഴിഞ്ഞുള്ളു. അതിലെ 'താത്യാനയുടെ കത്ത്' എന്ന ഭാഗം ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട് (പുഷ്കിന്‍: സ്വാതന്ത്ര്യ ബോധത്തിന്റെ ദുരന്തഗാഥ എന്ന കൃതി). ഒരു കാവ്യശില്പം എന്ന നിലക്ക് അതെന്നെ മോഹിപ്പിച്ചിരുന്നു. എങ്കിലും സമകാലിക ജീവിതം പ്രമേയമാവുന്ന അത്തരമൊരു 'നോവല്‍ കാവ്യ' രചന നടന്നില്ല. ഒരു കാല്‍നൂറ്റാണ്ടിലേറെക്കാലം കാളിദാസ കൃതികള്‍ പഠിപ്പിച്ചിരുന്നപ്പോളെല്ലാം സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച് ഉദാത്ത സങ്കല്പങ്ങളുള്ള ഒരു കവിയായി മാത്രമേ എനിക്ക് കാളിദാസനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു. പിന്നെ, ഉജ്ജയിനി സന്ദര്‍ശിച്ച സന്ദര്‍ഭങ്ങളില്‍, കാളിദാസനില്‍ ഏതോ ദുരാത്മാക്കളാരോപിച്ച വിഡ്ഢിവേഷവും സ്ത്രീലമ്പടത്വവും മറ്റും വന്ന വഴികളെപ്പറ്റി എനിക്കു ചില നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു വലിയ ക്യാന്‍വാസിലെഴുതാനുള്ള മോഹവും കാളിദാസന്റെ ജീവിതത്തിലൂടെ കവിതയും അധികാരവും തമ്മിലുള്ള സ്നേഹവിദ്വേഷ സമ്മിശ്രമായ സംഘര്‍ഷമെടുത്തുകാട്ടുന്ന ഒരു ഇതിവൃത്തവും ഒത്തുചേര്‍ന്നു. അതാണ് 'ഉജ്ജയിനി'. എന്റെ ഹൃദയമിഴി കണ്ടെത്തിയ സത്യമാണതിലുള്ളത്-ഒപ്പം, ആഖ്യായികാ സമാനമായൊരു കാവ്യമെഴുതാനുള്ള യത്നത്തിന്റെ പരിണതിയുമാണത്. ചരിത്ര രേഖകളുമായൊന്നും ഒത്തുനോക്കാന്‍ ശ്രമിച്ചിട്ടില്ല. അതേ സമയം സാധ്യതാനിയമത്തെ (Theory of probability) ഉല്ലംഘിച്ചിട്ടുമില്ല.

സ്ത്രീത്വത്തെ നാമെന്നും വാഴ്ത്തിക്കൊണ്ട് വഞ്ചിക്കുന്നു. വ്യാസന്‍ യയാതിയുടെ മകള്‍ മാധവിയുടെ കഥ ഏതാനും ശ്ളോകങ്ങളില്‍, 'ഇതിഹാസോചിതമായ നിസ്സംഗത'യോടെ പറഞ്ഞുവച്ചിട്ടുള്ളതാണ്. സ്ത്രീപീഡനത്തെക്കുറിച്ച് ഇന്നോളമെഴുതപ്പെട്ടിട്ടുള്ള സാഹിത്യത്തില്‍, ഇത്രമാത്രം മനസ്സില്‍ നീറിനീറിപ്പിടിക്കുന്ന മറ്റൊരു പ്രമേയമുണ്ടോ എന്നുപോലും സംശയമാണ്. ആഴത്തിലെങ്ങോ കത്തിജ്ജ്വലിക്കുന്ന ബദ്ധവാശിയുമായി, പുറമേ എത്രയും ശാന്തമായ ഒരു സമുദ്രം-അതാണ് മാധവി. ബൃഹദാഖ്യാനങ്ങളോടുള്ള അയിത്താചരണത്തിനുള്ള പ്രേരണകള്‍ ശക്തമായ ഒരു കാലഘട്ടത്തില്‍പ്പോലും 'സ്വയംവരം' സാമാന്യം നന്നായി വായിക്കപ്പെട്ടു എന്നതിന് അതിന്റെ നിരവധി പതിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീത്വത്തിന്റെ അതേ അവസ്ഥ ഇന്നും തുടരുന്നു. സത്യജിത് റേയുടെ 'ദേവി'യും ലളിതാംബിക അന്തര്‍ജനത്തിന്റെ പല കഥകളും പുതിയ എഴുത്തുകാരികളില്‍ പലരുടെയും എരിവും ചൂടുമുള്ള കഥകളും ആ തുടര്‍ച്ച കാട്ടിത്തരുന്നു-വ്യത്യസ്ത മാനങ്ങളില്‍.

?താങ്കളെ ഒരു നല്ല ഗാന രചയിതാവായി മഹത്വവല്‍ക്കരിച്ച ഔദാര്യനിധികളായ വിമര്‍ശകരെ ഓര്‍ക്കുന്നു - അതിലൊരു ന്യൂനോക്തിയുടെ ഛായ ഉണ്ടല്ലോ. ഗാന രചനയുടെ ലോകവും ഗൌരവമേറിയ കവിതയുടെ ലോകവും താങ്കള്‍ക്ക് ഒരേപോലെ പ്രാപ്യമാണ്. ഈ രണ്ടു ലോകങ്ങളിലേക്ക് മാറിമാറി വരേണ്ടിവരുമ്പോള്‍ വിഷമിച്ചിട്ടുണ്ടോ.

=പാട്ടും കവിതയും വ്യത്യസ്തമാണെന്ന അവബോധത്തോടെയാണ് ഞാനവയെ സമീപിക്കുന്നത്. കവിത, ഭാവനക്ക് തുറന്ന മേച്ചില്‍സ്ഥലം കാട്ടിത്തരുന്നു. മറ്റൊരാളിന്റെ കഥാ സന്ദര്‍ഭത്തിനനുസരിച്ച് പാട്ടെഴുതുമ്പോള്‍, പരിമിതികളുണ്ട്. ഇതേപ്പറ്റി നേരത്തെ വിസ്തരിച്ചെഴുതിയിട്ടുണ്ട്-കവിത ഉപ്പാണെന്നും പാട്ട് ഉപ്പിലിട്ടതാണെന്നും.

?മലയാളത്തിന്റെ ക്ളാസിക്കല്‍ പദവിക്കുവേണ്ടിയുള്ള വാദം കേവലം സെന്റിമെന്റല്‍ അല്ലെന്ന് താങ്കള്‍ പറയുന്നുണ്ട്. ക്ളാസിക്കല്‍ എന്ന പദവിയുടെ പ്രയോജനം പിന്നെ എന്താണ്.

= ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷാ കുടുംബത്തിലെ ഒരേയൊരു ഭാഷയെ മാത്രം പ്രാന്തവല്‍ക്കരിച്ചുകൊണ്ട്, മറ്റു മൂന്നു ഭാഷകള്‍ക്കും ക്ളാസിക്ക് പദവിയും അതനുസരിച്ച് അവയുടെ വികാസത്തിനുവേണ്ട ഏര്‍പ്പാടുകളും ഉണ്ടായപ്പോള്‍ അത് ചോദ്യംചെയ്യണമെന്നു തോന്നി. അവിടെയാണ് തുടക്കം. പിന്നെ, ഈ ക്ളാസിക്കല്‍ പദവിക്ക് അംഗീകരിച്ചിട്ടുള്ള ലക്ഷണങ്ങള്‍ മലയാളത്തിനിണങ്ങുന്നുണ്ടോ എന്ന് ഇന്റര്‍നാഷണല്‍ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് സെന്ററിലെ ചതുര്‍ഭാഷാ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി ഒരു പ്രമാണരേഖ തയ്യാറാക്കി. നാലു ഭാഷകളിലെയും പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുത്ത ഒരു സെമിനാറും നടത്തിയിരുന്നു. ഇവരുടെ അഭിപ്രായം വളരെ അനുകൂലമായിരുന്നു. ചിലപ്പതികാരത്തിന്റെ-വിശിഷ്യാ, മലയാള പദബഹുലമായ 'വഞ്ചികാണ്ഡ'ത്തിന്റെ-പൈതൃകം മലയാളിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവരില്‍ പലരുടെയും നിരീക്ഷണം. ആ സുദീര്‍ഘമായ പ്രമാണരേഖ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയുണ്ടായി. അതൊരു വിദഗ്ധ സമിതിയുടെ മുന്നില്‍ പരിശോധനക്കും നിര്‍ദേശത്തിനുമായി ഇന്ത്യാ ഗവണ്‍മെന്റ് സമര്‍പ്പിച്ചിരിക്കുകയാണ്.

?കലാമണ്ഡലത്തില്‍ അങ്ങ് ചെയര്‍മാനായിരുന്നപ്പോള്‍ അതിന്റെ ജനറല്‍ കൌണ്‍സിലില്‍ ഒരംഗമായി പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ എനിക്കുണ്ട്. അന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കണ്ട് താങ്കള്‍ വളരെയേറെ ദുഃഖിച്ചതും ഒരൊറ്റ ബോംബെ യാത്രയില്‍ അറുപതു ലക്ഷത്തോളം രൂപ പിരിച്ചുകൊണ്ടുവന്ന് ആ ഹോസ്റ്റല്‍ നവീകരിച്ചതും ഞാന്‍ ഓര്‍ക്കുന്നു. കലാമണ്ഡലം കാലഘട്ടത്തെക്കുറിച്ച് ചിലത് പറയാമോ.

= മഹാകവി വള്ളത്തോള്‍ ആശിച്ചതു ചിലത് ഞാന്‍ നടപ്പാക്കാന്‍ ശ്രമിച്ചു. തുടക്കം മുതല്‍ എതിര്‍പ്പുകളുണ്ടായിരുന്നു. 1956 ലാണെന്നാണോര്‍മ-പുണെയില്‍നിന്നു വന്ന ഒരു പണ്ഡിത ഗവേഷകന്റെ കൂടെ ദ്വിഭാഷിയായി മഹാകവിയെ സന്ദര്‍ശിക്കാനിടയായി. ഗവേഷകന്റെ സമാപനചോദ്യം 'കലാമണ്ഡലത്തെപ്പറ്റി അങ്ങേയ്ക്ക് ഇനിയെന്തു സ്വപ്നമാണുള്ളത്?' എന്നായിരുന്നു. ' രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിപോലെ കലാമണ്ഡലം ഒരു സര്‍വകലാശാലയാകണമെന്നാണ് ഈ വൃദ്ധന്റെ മോഹം!' എന്ന് ഒരു കൈ നെഞ്ചത്തു ചേര്‍ത്തുവച്ച് ആ വലിയ മനുഷ്യന്‍ പറഞ്ഞത് ഇന്നും എന്റെ മനസ്സില്‍ മണിമുഴങ്ങും പോലെയുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്തെങ്കിലും ഫലപ്രദമായി ചെയ്യാനെനിക്കാവുമെന്ന് അന്ന് സ്വപ്നം കാണാന്‍പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ എനിക്കതിനവസരം കൈവന്നു. ഇതിനെയാവാം ഉണ്ണായിവാരിയര്‍ 'വിധിയന്ത്രത്തിരിപ്പ്' എന്നു വിശേഷിപ്പിച്ചത്. 2006ല്‍ ഞാന്‍ കലാമണ്ഡലം അധ്യക്ഷസ്ഥാനത്തുനിന്നിറങ്ങിപ്പോരുമ്പോള്‍ ആ കല്പിത സര്‍വകലാശാലാ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ട ഔപചാരിക നടപടികള്‍ അന്ത്യദശയിലായിരുന്നു.

അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷിയുമായി ഒരു സുദീര്‍ഘമായ അവസരം ഒരു സുഹൃത്തൊരുക്കിത്തന്നു. മഹാകവി വള്ളത്തോളിനെപ്പറ്റി, കലാമണ്ഡലത്തെപ്പറ്റി, സ്ഥാപകനായ മഹാകവി നെഞ്ചത്തുകൈവച്ചുപറഞ്ഞ ആ മോഹത്തെപ്പറ്റി, ഇന്ത്യന്‍ നവോത്ഥാനത്തില്‍ മഹാകവി വഹിച്ച പങ്കിനെപ്പറ്റിയെന്നുവേണ്ടാ കേരള സംസ്കാരത്തെപ്പറ്റിയൊക്കെ ഞാന്‍ പറഞ്ഞതെല്ലാം `I know, I know....' എന്ന് പ്രതികരിച്ചുകൊണ്ടദ്ദേഹം ശാന്തനായി ശ്രവിച്ചിരുന്നു.

അദ്ദേഹം ഒരു പ്രൊഫസറായിരുന്നയാളല്ലേ?- സംഗതി നടക്കും എന്ന് കരുതി മടങ്ങി. ഒടുവില്‍ ഡല്‍ഹിയിലെ യുജിസി കേന്ദ്രത്തില്‍ പോയന്വേഷിച്ചപ്പോള്‍ കലാമണ്ഡലത്തിനുവേണ്ടിയുള്ള അപേക്ഷ, കിണ്ണത്തിന്റെ വക്കിലെ കടുകുമണി പോലെ, നിരസിക്കലിന്റെ മുന്നോടിയായുള്ള അനിശ്ചിതത്വത്തിന്മേലാണെന്ന് മനസ്സിലായി. ഫയല്‍ അപ്പോള്‍ അവിടത്തെ ഉന്നതയായ ഒരുദ്യോഗസ്ഥയുടെ മേശപ്പുറത്തായിരുന്നു. അവരുടെ മുമ്പിലും ഞാന്‍ വള്ളത്തോളിനെപ്പറ്റി, അദ്ദേഹത്തിന് നവോത്ഥാന നായകര്‍ക്കിടയിലുള്ള സ്ഥാനത്തെപ്പറ്റിയൊക്കെ സംസാരിച്ചു തുടങ്ങി. ഞാനറിയാതെ വികാരാധീനനായിപ്പോയി. പെട്ടെന്ന് ആ മാന്യവനിത ചിരിച്ചുകൊണ്ട് തെല്ലഭിമാനം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു: "അദ്ദേഹത്തെ എന്റെ പിതാവിന് വളരെ അടുത്തറിയാമായിരുന്നു. ഞാനും കണ്ടിട്ടുണ്ട്....''. ആദരപൂര്‍വം ഞാനാ കവിയുടെ പേര് ചോദിച്ചു: "സജ്ജാദ് സഹീര്‍'' എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപോയി. അവര്‍ സജ്ജാദ് സഹീറിന്റെ പുത്രിയായിരുന്നു. വിഭജനകാലത്ത് പിതാവിനോടൊപ്പം ഇന്ത്യയില്‍ വന്നതാണ്. ഇനി ആ നാടകീയമായ രംഗം ഞാന്‍ നീട്ടുന്നില്ല. കലാമണ്ഡലത്തിന്റെ കടലാസുകള്‍ വൈകാതെയുണ്ടായ കേന്ദ്ര ഭരണമാറ്റത്തിന്റെ കാലംവരെ കാത്തുസൂക്ഷിക്കുവാനും, യഥാസമയം അനുകൂലമായ തീരുമാനത്തിലേക്കു നയിക്കുവാനും അവരെ പ്രേരിപ്പിച്ചത് മഹത്തായ ആ കവിസൌഹൃദമോ? ആ കവിപുത്രിയുടെ 'പാകവിജ്ഞാന'മോ? അതോ, ഉണ്ണായിയുടെ 'വിധിയന്ത്രത്തിരിപ്പോ?'- കലാമണ്ഡലത്തെ ഒരു കല്പിത സര്‍വകലാശാലയായി പ്രഖ്യാപിച്ച സുവര്‍ണ നിമിഷത്തിനും സാക്ഷ്യം വഹിച്ച് അതിന്റെ അവസാനത്തെ അധ്യക്ഷനായിരിക്കാനും എനിക്കവസരം ലഭിച്ചത് മഹാകവിയുടെ അനുഗ്രഹമെന്ന് കരുതാനാണെനിക്കിഷ്ടം....

?രുദിതാനുസാരിയായ കവി, മാനവ സാഹോദര്യത്തിന്റെ കവി, കാലഘട്ടത്തിലെ കവിധര്‍മത്തെക്കുറിച്ച് ഉറക്കെ ചിന്തിച്ച കവി, ശുഭാപ്തിബോധത്തിന്റെ കവി, ഒരുനൂറ്റാണ്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യബോധത്തിന്റെ പ്രതിനിധി, അധികാരഘടനകളെ തിരസ്കരിച്ച കവി, അസുഖകരമായ ചോദ്യങ്ങള്‍ സമൂഹത്തോടു ചോദിച്ച കവി, ബാല്യങ്ങളെയും സ്ത്രീത്വത്തെയും സഹാനുഭൂതിയോടെ ദര്‍ശിച്ച കവി, ലോലജീവിതഭാവങ്ങളുടെ കവി...എന്നിങ്ങനെ പല രീതിയില്‍ ഒ എന്‍ വി കുറുപ്പ് വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍
"അഗ്നിയെന്നിലെയഗ്നിയെന്‍ മൃതിയിലു-
മെന്റെ യക്ഷരങ്ങളിലുണ്ടാം കടഞ്ഞാലതു കത്തും'' എന്ന വരികളാണ് താങ്കളുടെ ഏറ്റവും വലിയ വില്‍പ്പത്രവാക്യം.
കവിതയുടെ പുതുതലമുറ ആ അക്ഷരങ്ങളിലെ അഗ്നി കണ്ടെത്തും എന്നു പ്രതീക്ഷിക്കുന്നുണ്ടോ?
"വെറുതെ തോന്നുന്നതാകാം മനസ്സി-
ലൊരു രുദിതമുണ്ടെപ്പൊഴും കേള്‍പ്പൂ
അതു പിന്നാലെ വന്നെത്തിടാം കാവ്യ
പഥികന്‍പോകും വഴികളിലെല്ലാം''
വേര്‍ഡ്സ്വര്‍ത് പറയുന്നതുപോലെ The still, sad music of humanity രുദിതാനുസാരിയായ താങ്കളുടെ കവിതകളില്‍ ഇനിയും ഏറെക്കാലം ഉണ്ടാകട്ടെ.

=വൈലോപ്പിള്ളി 'കണ്ണീര്‍പ്പാട'ത്തിലൊരിടത്ത് "എത്ര നിര്‍വികാരമിപ്പുതുതാം തലമുറ!'' എന്നു പറയുന്നുണ്ട്. കവി തോട്ടിലെ നീരൊഴുക്കില്‍പ്പെട്ടുഴലുമ്പോള്‍ പത്നിയുടെ മിഴിയില്‍ "മൃതിയെ ദ്രവിപ്പിക്കും സ്നേഹത്തിന്നഗാധത'' കാണുന്നു. അതെല്ലാം കണ്ടുകൊണ്ടാ, "തെക്കേത്തുരുത്തിലൊരു കൊച്ചന്‍ കല്ലുപോലിരിക്കുന്ന''ത് കണ്ടിട്ടാണ് വൈലോപ്പിള്ളിയങ്ങനെ പറയുന്നത്. നിര്‍ഭയവും നിഷ്കളങ്കവുമായൊരു മൊഴിയാണത്. കൊള്ളിവാക്കെന്നുതോന്നാം. പക്ഷേ, അതില്‍ വാസ്തവത്തിന്റെ ഒരു നാളമില്ലേ? ഉവ്വ്. എങ്കിലും കവിതയിലെ പുതിയ തലമുറ അത്ര നിരാര്‍ദ്രമെന്നു പറയാന്‍ വയ്യ! 'രുദിതാനുസാരിത്വ'ത്തിന്റെ ഒരു പച്ചഞരമ്പ് പുതുകവിതയിലും തുടിക്കുന്നുണ്ട്. എന്റെ തലമുറ കുറിച്ചിട്ട 'അക്ഷരങ്ങളിലെ അഗ്നി' -ദുഃഖത്തിന്റെയും അമര്‍ഷത്തിന്റെയും അഗ്നി- അവര്‍ കണ്ടെത്തുമെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം!

"കാലോഹ്യയം നിരവധിര്‍ വിപുലാചപൃഥ്വീ''-
ഭവഭൂതിയുടേത് പാഴ്വാക്കല്ല.

? രാജ്യത്തെ പുരോഗമനസാഹിത്യപ്രസ്ഥാനം ഇന്ന് മുരടിപ്പ് നേരിടുകയല്ലേ.

=സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പലരെയും നിരാശയിലെത്തിച്ചു. അത് മുറിച്ചുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രാജ്യത്ത് വര്‍ഗീയതയുടെ തേരോട്ടവുമുണ്ടായി. ഇപ്റ്റയുടെ(ഇന്ത്യന്‍ പീപ്പീള്‍സ് തിയറ്റര്‍ അസോസിയേഷന്‍) പ്രാരംഭകാലത്തേ ഞാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. പ്രമുഖരായ പുരോഗമനസാഹിത്യകാരന്മാരുമായി ഇടപഴകാന്‍ അവസരമുണ്ടായി. എന്റെ അനുഭവത്തില്‍ ബോധ്യമായ കാര്യം, പുരോഗമനം പറയുന്നവര്‍ പോലും മതനിരപേക്ഷതയുടെ കാര്യത്തില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ചിരുന്നു എന്നതാണ്. ഉറുദുസാഹിത്യത്തിനും എഴുത്തുകാര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കാന്‍ പലരുംവൈമനസ്യം കാട്ടിയിരുന്നു. അതിന്റെ പേരില്‍ വിഭാഗീയതകള്‍ നിലനിന്നു. പുരോഗമനപരമായ എല്ലാ ധാരകളെയും മാനിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല.

നാലുമണിക്കൂറിലേറെയായി ഞങ്ങള്‍ സംസാരിക്കുന്നു-കവിതയെക്കുറിച്ച്, പാര്‍ടിയെക്കുറിച്ച്, പ്രസ്ഥാനത്തെക്കുറിച്ച്, സൌഹൃദങ്ങളെക്കുറിച്ച്, അംഗീകാരങ്ങളെക്കുറിച്ച്, തിരസ്കാരങ്ങളെക്കുറിച്ച്, സ്വീകാരങ്ങളെക്കുറിച്ച് -ഉള്ളുതുറന്ന് ഒന്നില്‍നിന്ന് ഒന്നിലേക്ക് സംഭാഷണം നീണ്ടുനീണ്ടു പോവുകയാണ്. ഒ എന്‍ വി ക്ഷീണിതനാകുന്നുണ്ടോ? ഇല്ല, തികച്ചും ആവേശഭരിതമാണ് അഭിമുഖം അവസാനിപ്പിക്കുമ്പോഴും ഒ എന്‍ വിയുടെ മുഖം. തന്റെ തെരഞ്ഞെടുത്ത കവിതകളുടെ ഹിന്ദിപരിഭാഷയുടെ ഒരു സമാഹാരം 'സപ്രേം -ഒ എന്‍ വി' എന്നു കൈയൊപ്പിട്ട് അദ്ദേഹം ഞങ്ങള്‍ക്ക് തന്നു. പടിയ്ക്കല്‍ യാത്രാനുവാദം തന്നുനില്‍ക്കുന്ന ഒ എന്‍ വിയെ കൃതജ്ഞതാപൂര്‍വം നോക്കി നില്‍ക്കെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു വരി മനസ്സിലെത്തുന്നു.

-ചോരയില്‍ പൂങ്കുയിലുകള്‍ പാടുന്ന ഒരു വലിയ മനുഷ്യന്‍
-ഓരോ മലയാളിയോടുമൊപ്പം ഇങ്ങനെ ആശംസിയ്ക്കുന്നു.
"പറന്നു പറന്നു നീ പോവുക
സ്വാതന്ത്ര്യത്തിന്‍ പറവേ
പാരം ധന്യമാകട്ടെയപാരത.''*

*
കടപ്പാട്: ദേശാഭിമാനി ഓണപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കലാമണ്ഡലത്തില്‍ പുതുതായി രൂപംകൊണ്ട വള്ളത്തോള്‍ പീഠത്തിന്റെ പ്രാഥമിക യോഗങ്ങളിലൊന്നില്‍ ജ്ഞാനപീഠത്തിനും പത്മവിഭൂഷണ്‍ ബഹുമതിയ്ക്കുംശേഷം സ്വൈരമായൊന്നു കണ്ടു സംസാരിക്കാനവസരം ലഭിച്ചപ്പോള്‍ ദേശാഭിമാനിയുടെ ഓണപ്പതിപ്പിന് ഒരു അഭിമുഖം തരണം എന്ന് ഒ എന്‍ വിയോട് അഭ്യര്‍ഥിച്ചിരുന്നു. അന്നേ ഒ.എന്‍.വി പറഞ്ഞു- ചോദിച്ചു പഴകിയതും കേട്ടു പഴകിയതുമായ കാര്യങ്ങളൊക്കെ നമുക്കൊഴിവാക്കാം. ബഹുമതികളും അംഗീകാരങ്ങളും ഒന്നിനു പിറകെ ഒന്നായി വന്നെത്തുന്ന സന്ദര്‍ഭങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഈ പ്രിയകവിയ്ക്ക് മടുപ്പും മരവിപ്പുമുണ്ടെങ്കിലും അഭിമുഖങ്ങളെ തീര്‍ത്തും നിരാകരിക്കാനും ആകുന്നില്ല. പിന്നീട് ആരോഗ്യപ്രശ്നങ്ങളും ആയുര്‍വേദ ചികിത്സയുമായി. ഒടുവില്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹം ഞങ്ങള്‍ക്ക് വിട്ടു തന്നു. ഞങ്ങള്‍-പ്രഭാവര്‍മയും സാജന്‍ എവുജിനും ഞാനും-ആ ദിവസത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും വിപ്ളവബോധത്തെയും മനസ്സില്‍ സ്വീകരിച്ച ഒ എന്‍ വിയില്‍ അന്നത്തെ പോര്‍വീര്യം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. രാഷ്ട്രീയ വീക്ഷണത്തില്‍ സന്ദേഹങ്ങളോ ചാഞ്ചല്യമോ ഇല്ലാതെ ഇന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം തന്നെ നില്‍ക്കുന്നു ഒ എന്‍ വി. അതുകൊണ്ടുളള നേട്ടങ്ങളെക്കുറിച്ചോ കോട്ടങ്ങളെക്കുറിച്ചോ അദ്ദേഹം ചിന്തിക്കുന്നതേയില്ല. എന്നിട്ടും തത്വശാസ്ത്ര ധാരണകള്‍ക്കുമപ്പുറം മലയാളിമനസ്സ് ഈ മഹാകവിയുടെ മധുരസംഗീതത്തെയും മനസ്സിന്റെ മഹാലോകങ്ങളെയും ഒരേസമയം നെഞ്ചേറ്റുന്നു. ഒരുദാഹരണം മാത്രം പറയാം-എറണാകുളത്ത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴപാര്‍ക്കില്‍ ജ്ഞാനപീഠ ജേതാവായ ഒ എന്‍ വിയ്ക്ക് സ്വീകരണം. വീട്ടമ്മമാരും തൊഴിലാളികളും, ഇതര മേഖലകളിലെ തനി സാധാരണക്കാരുമായ മനുഷ്യര്‍ ആ പാര്‍ക്കിലേക്ക് ഒഴുകിയെത്തിയതിനു സാക്ഷിയായിനില്‍ക്കെ ഓര്‍ത്തുപോയി,എങ്ങനെ ഒരു കവിയ്ക്ക് ഇത്രയും വലിയ ജനകീയാംഗീകാരം ലഭിക്കുന്നു. ഉത്തരം വളരെ ലളിതമാണ്-ഒ എന്‍ വി എന്നും ജനങ്ങളുടെ പക്ഷത്തായിരുന്നു. ജനങ്ങളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അധീശവര്‍ഗത്തെയും അധികാര ഘടനകളെയും നിരാകരിക്കുന്നു-അതേ വിശ്വാസവും സ്നേഹവും ജനത അദ്ദേഹത്തിനു തിരിച്ചു നല്‍കുന്നു. ജനതയെയും വിജനതയെയും ഒരേസമയം വിലമതിക്കുന്ന കവിയുടെ ചിന്താ ലോകത്തിലേക്ക്: