Sunday, October 2, 2011

ഗാന്ധി ജയന്തി
















നിത്യവും "റാം റാം"
എന്നു ജപിച്ചേ നിറഞ്ഞോരു
ഭക്തനെ, വിശുദ്ധനെ
വധിച്ചതാരായിടാം?

അതു ഗോഡ്സെയെന്നത്രേ
ചരിത്രം പഠിപ്പിപ്പൂ;
പഠിക്കേണ്ടത് "റാം" എ-
ന്നുള്ളതാം പാഠാന്തരം!

ഗോഡ്സെയിലൊളിഞ്ഞിരി-
ക്കുന്നതില്ലയോ രാമന്‍!
നാഥു"റാം" വിനായക
ഗോഡ്സെയെന്നതേ പൂര്‍ണം!

ചരിത്രമൊളിപ്പിച്ചു
വെയ്ക്കുന്നതെല്ലാം ഓര്‍മ
ഖനനം ചെയ്തിന്നിതാ
വീണ്ടെടുക്കുന്നൂ നമ്മള്‍!

അന്നുതൊട്ടിന്നോളവും
ഇന്ത്യ,യന്വേഷിക്കുന്നൂ-
ഏതുരാമനെ രാജ്യം
ഇനി സ്വീകരിക്കേണ്ടൂ?

ഗാന്ധിതന്‍ ധ്യാനങ്ങളില്‍
തെളിഞ്ഞ ശ്രീരാമനോ?
ഗോഡ്സെ തന്‍ ക്രോധങ്ങളില്‍
വിളഞ്ഞ ശ്രീരാമനോ?

അന്നുതൊട്ടിന്നോളവും
ഇന്ത്യ സംശയിക്കുന്നു-
തൊഴുകൈ പൂമൊട്ടിലും
തോക്കൊളിഞ്ഞിരുന്നിടാം!

അന്നുതൊട്ടിന്നോളവും
ഇന്ത്യയോര്‍ത്തിരിക്കുന്നു-
തെളിമിന്നലിന്‍ പിന്‍പേ
ഇടിവെട്ടുണ്ടായിടാം!

അന്നുതൊട്ടിന്നോളവും
ഇന്ത്യയുള്ളില്‍ ഞെട്ടുന്നു-
പദവന്ദനം ഗുരു-
ഹത്യ തന്‍ മുന്നോടിയാം!


*****


പ്രഭാവര്‍മ, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അന്നുതൊട്ടിന്നോളവും
ഇന്ത്യ,യന്വേഷിക്കുന്നൂ-
ഏതുരാമനെ രാജ്യം
ഇനി സ്വീകരിക്കേണ്ടൂ?

ഗാന്ധിതന്‍ ധ്യാനങ്ങളില്‍
തെളിഞ്ഞ ശ്രീരാമനോ?
ഗോഡ്സെ തന്‍ ക്രോധങ്ങളില്‍
വിളഞ്ഞ ശ്രീരാമനോ?

അന്നുതൊട്ടിന്നോളവും
ഇന്ത്യ സംശയിക്കുന്നു-
തൊഴുകൈ പൂമൊട്ടിലും
തോക്കൊളിഞ്ഞിരുന്നിടാം!

അന്നുതൊട്ടിന്നോളവും
ഇന്ത്യയോര്‍ത്തിരിക്കുന്നു-
തെളിമിന്നലിന്‍ പിന്‍പേ
ഇടിവെട്ടുണ്ടായിടാം!

അന്നുതൊട്ടിന്നോളവും
ഇന്ത്യയുള്ളില്‍ ഞെട്ടുന്നു-
പദവന്ദനം ഗുരു-
ഹത്യ തന്‍ മുന്നോടിയാം!