ലോകത്തെ അമ്പരപ്പിച്ച ചലച്ചിത്രങ്ങള്‍ പിറന്ന രാജ്യമാണ് ഇറാന്‍ . വളരെ വ്യത്യസ്തമായി സിനിമയെടുക്കുന്ന ചില സ്ത്രീ പ്രതിഭകളും അവിടെയുണ്ട്. ആ മികവിന്റെ വെള്ളിവെളിച്ചത്തിനു മേല്‍ ഇതാ കരിമ്പടം പുതപ്പിച്ചിരിക്കുന്നു. മാര്‍സിയ വാഫാമെഹ്ര്‍ എന്ന നടിക്ക് ഒരു വര്‍ഷം തടവും 90 ചാട്ടവാറടിയും വിധിച്ചിരിക്കുകയാണ് യാഥാസ്ഥിതികത്വം. ആസ്ട്രേലിയന്‍ സിനിമയായ എന്റെ ടെറ്ഹാന്‍ വില്‍പ്പനയ്ക്ക് എന്നതില്‍ അഭിനയിച്ചതിനാണ് ക്രൂര ശിക്ഷ. 2009ല്‍ പുറത്തിറങ്ങിയ അതിന്റെ നിര്‍മാതാക്കള്‍ കെയ്റ്റ് ക്രോട്സറും ജൂലി റ്യാനുമാണ്. ആവശ്യമായ അനുമതി വാങ്ങിയില്ലെന്ന ആരോപണമുന്നയിച്ചാണ് മെഹ്റിനെ പീഡിപ്പിക്കുന്നതെങ്കിലും കാരണം വേറെയാണ്.സിനിമയുടെ ശീര്‍ഷകം പോലും യാഥാസ്ഥിതികര്‍ക്ക് സഹിക്കാവുന്നതിനപ്പുറമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എല്ലാ അനുമതിയും വാങ്ങിയാണ് സിനിമാനിര്‍മാണം ആരംഭിച്ചതെന്നും അതിന്റെ തെളിവുകള്‍ ടെഹ്റാന്‍ കോടതിയില്‍ സമര്‍പ്പിച്ചതാണെന്നാണ് സംവിധായക ഗ്രാനസ് മൗസവി പ്രതികരിച്ചത്. ഇറാനില്‍ റിലീസിങ് ഉദ്ദേശിച്ചതേയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2009ലെ അഡെലെയ്ഡ്-റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു മൈ ടെഹ്റാന്‍ ഫോര്‍ സെയില്‍ . ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ടിലും അത് പ്രേക്ഷകരെ ആകര്‍ഷിച്ചു. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിന് മതവിലക്ക് പരിധി സൃഷ്ടിക്കുന്ന നിയമം ചൂണ്ടിക്കാട്ടി 2011 ജൂലൈയില്‍ മെഹ്റിനെ അറസ്റ്റുചെയ്യുകയുണ്ടായി.
ആസ്ത്രേലിയന്‍ - ഇറാന്‍ സംയുക്ത സംരംഭമായ വിവാദ സിനിമ, ടെഹ്റാനിലെ യുവനടിയുടെ ധര്‍മ സങ്കടങ്ങളും അവള്‍ക്കു മുന്നിലെ തടസ്സങ്ങളുമാണ് അന്വേഷിച്ചുപോകുന്നത്. രംഗവേദിയിലെ പ്രവര്‍ത്തനം അധികൃതര്‍ തടസ്സപ്പെടുത്തുകയാണ്. ഇതോടുള്ള പ്രതിഷേധമായി അവര്‍ തെരുവുജീവിതം തെരഞ്ഞെടുക്കുന്നു. ഇതിലൂടെ തന്റെ കലയില്‍ മുഴുകുകയാണ്. ജൂലൈയില്‍ അറസ്റ്റുചെയ്യപ്പെട്ട് ഉപാധികളോടെ ജാമ്യം ലഭിച്ച മെഹ്റിനെ വീണ്ടും പീഡിപ്പിക്കുന്നതില്‍ ലോക വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 2010ല്‍ ഉസ്ബെക്കിസ്ഥാനില്‍ സമാനമായ അനുഭവമുണ്ടായി. ചലച്ചിത്രപ്രതിഭയും ഫോട്ടോഗ്രഫറുമായ ഉമിദ അഖ്മെദോവക്ക് തടവുശിക്ഷ വിധിച്ചത് അന്താരാഷ്ട്രവാര്‍ത്തയായിരുന്നു.
"കന്യകാത്വത്തിന്റെ ഭാരം" (The Burden of Virginity) എന്ന ഡോക്യുമെന്ററിയിലൂടെ നേരുകളിലേക്ക് കണ്ണുപായിച്ചതിനായിരുന്നു ഒറ്റപ്പെടുത്തല്‍ . ആ ഡോക്യുമെന്ററി ജനങ്ങളെ കളിയാക്കുന്നതാണെന്നായിരുന്നു ആദ്യ കുറ്റാരോപണം. പിന്നെ അവരുടെ 100 ഫോട്ടോകളുടെ പ്രദര്‍ശനം ചൂണ്ടിയായി ശകാരങ്ങള്‍ . അതിപ്രാചീനമായ ആചാരാനുഷ്ഠാനങ്ങളില്‍ അടയിരിക്കുകയാണ് ഉസ്ബെക്കിസ്ഥാനിലെ മതയാഥാസ്ഥിതികത്വം. കന്യകാത്വത്തിന്റെയും മറ്റും പ്രശ്നങ്ങള്‍ സ്ത്രീവിരുദ്ധതയുടെ ആശയങ്ങളായി തളിര്‍ക്കുകയുമാണ് അവിടെ. സ്ത്രീയും പുരുഷനും പ്രഭാതംമുതല്‍ പ്രദോഷംവരെ എന്ന ഉമിദയുടെ ഫോട്ടോ പരമ്പരയും അസഹിഷ്ണുതയുണ്ടാക്കി. നിത്യജീവിതത്തിന്റെ വിവിധ ഭാവങ്ങളും ഭിന്നതലങ്ങളും ഒപ്പിയെടുത്ത പരമ്പര പുസ്തകരൂപത്തിലുമിറങ്ങി.
രാജ്യത്തെ സ്ത്രീകളെയും ദാരിദ്ര്യത്തെയും മനുഷ്യസങ്കടങ്ങളെയും അവയെയെല്ലാംവീണ്ടും കറുപ്പടിക്കുന്ന മൂഢവിശ്വാസങ്ങളെയും തുറന്നുകാട്ടിയ ഫോട്ടോകള്‍ സാമൂഹ്യപഠനങ്ങളേക്കാള്‍ ശക്തമായ തുറന്നുവയ്ക്കലുകളായിരുന്നു. ഉസ്ബെക്കിസ്ഥാന്റെ സമൃദ്ധിക്കുപകരം വരണ്ടുണങ്ങിയ അവസ്ഥ ലോകത്തിനുമുന്നില്‍ നഗ്നമാക്കിയെന്ന വിധി തീര്‍പ്പോടെയായിരുന്നു ഉമിദയ്ക്ക് വിലങ്ങണിയിച്ചത്. ഇതിന്റെ ഹിന്ദുത്വ വകഭേദം കുറച്ച് വര്‍ഷംമുമ്പ് ഇന്ത്യയും കണ്ടിരുന്നു. പാകിസ്ഥാന്‍ സിനിമയിലഭിനയിച്ച മനീഷാ കൊയ്‌രാളയെ ശിവസേനാ മേധാവി ബാല്‍താക്കറെ ഭയപ്പെടുത്തിയതായിരുന്നു അത്. അധികാരമില്ലാത്തതിനാല്‍ ശിക്ഷ വിധിച്ചില്ലെന്നുമാത്രം. പാക് സിനിമകളില്‍ ബന്ധപ്പെടുംമുമ്പ് തങ്ങളുടെ അനുമതി നിര്‍ബന്ധമാണെന്നായിരുന്നു താക്കറെയുടെ ഭീഷണി. മനീഷയുടെ സിനിമകള്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കുന്നത് ശിവസൈനികര്‍ തടയുമെന്ന മുന്നറിയിപ്പുമുണ്ടായി. ഭയവിഹ്വലയായ ആ നടി അഭിനയിക്കുംമുമ്പ് അനുവാദം വാങ്ങാമെന്ന ഉറപ്പു നല്‍കിയതിനുശേഷമാണ് രംഗം ശാന്തമായത്. ഈ വിധേയത്വത്തെ ശിവസേനയുടെ വിഷനാവായ സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ താക്കറെ പ്രശംസിക്കുകയുമുണ്ടായി. മനീഷയുടെ രീതി മറ്റു കലാകാരന്മാര്‍ മാതൃകയാക്കണമെന്ന് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു.
*****
അനില്‍കുമാര്‍ എ വി, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Sunday, October 16, 2011
അന്ന് മനീഷ, ഉമിദ ഇന്ന് മെഹ്ര്‍
Subscribe to:
Post Comments (Atom)
1 comment:

Post a Comment