Saturday, October 15, 2011

ലോകം, അമേരിക്ക, പിന്നെ ഇന്ത്യയും

കുറച്ചാളുകള്‍ ഒരുവക എല്ലാം വിഴുങ്ങിയാല്‍ ബാക്കിപേര്‍ എന്തു ചെയ്യും. കൂടുതല്‍ ഉല്‍പാദിപ്പിച്ചിട്ടെന്തു കാര്യം. എത്രയുണ്ടാക്കിയാലും ചില ബകന്‍മാര്‍ കൂടിയിരുന്ന് തിന്നുതീര്‍ക്കും. അതാണ് ലോകത്തെ ഇന്നത്തെ സ്ഥിതി. അമേരിക്കയില്‍ പ്രത്യേകിച്ചും. അവിടത്തെ നികുതി വരുമാനത്തിന്റെയും സമ്പത്തിന്റെയും 99 ശതമാനം സര്‍ക്കാരും കുത്തകകളും ചേര്‍ന്ന് കയ്യിലാക്കിക്കഴിഞ്ഞു. ഊഹിക്കാനാവാത്ത വേഗത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ വളരുന്നത്. ഉല്‍പാദനത്തിന്റെ എല്ലാ മേഖലകളും അവരുടെതാണ്. ഇതെപ്പറ്റി എഴുതിയോ പറഞ്ഞോ ജനങ്ങളെ ബോധവല്‍ക്കരിക്കാമെന്നുവെച്ചാല്‍ ദൃശ്യ, പ്രിന്റ് മാധ്യമങ്ങളൊക്കെ അവര്‍ നേരത്തെ കയ്ക്കലാക്കി. അതായത് ജനത്തിന് ഒരുവഴിയുമില്ലാത്ത സ്ഥിതിയായി.

ലോകത്തെ ഏറ്റവും സമ്പന്നമെന്നു കരുതുന്ന അമേരിക്കയിലെ ഇന്നത്തെ സ്ഥിതിയാണിത്. സാമ്പത്തിക മാന്ദ്യത്തില്‍ കിടന്നു കുഴഞ്ഞുപോയ ആ രാജ്യം, അതിന്റെ തന്നെ അഹന്തയുടെയും ആര്‍ത്തിയുടെയും അധികാരപ്രമത്തതയുടെയും പിഴ ഒടുക്കുകയായിരുന്നു. ഒടുവില്‍ ലോകം മുഴുവനും ചേര്‍ന്ന് അവരെ സഹായിച്ച് ഒരുവക കരകയറ്റിയെന്നു തോന്നിയഘട്ടത്തിലാണ്,' ഡബ്ള്‍ഡിപ്' എന്ന വീണ്ടും മാന്ദ്യത്തിലേയ്ക്കുള്ള പതനം നടക്കുന്നത്. അതോടെ ആകെ ഉല്‍പാദന, വരുമാന, തൊഴില്‍ സ്തംഭനമായി. സര്‍ക്കാരിന് പുറംവഴി കാണാനാവാതെ വന്നതോടെ ജനം തെരുവിലിറങ്ങി.

അമേരിക്ക മുമ്പ് അനുഭവിക്കാത്ത ഒരു പതനത്തിലാണിന്ന്. 1930 കളിലുണ്ടായ തകര്‍ച്ചയെക്കാള്‍ ആന്തരിക സങ്കീര്‍ണതകള്‍ നിറഞ്ഞതും പരിഹാരം അപ്രാപ്യമായതുമായതാണ് ഈ തകര്‍ച്ച. അന്നത്തെതിലും എത്രയോ അധികമാനങ്ങള്‍ ഇതിനുണ്ട്. അകത്തും പുറത്തും നിന്നുള്ള കാരണങ്ങള്‍, കഴിഞ്ഞ മാന്ദ്യകാലത്തുതന്നെ വ്യക്തമായിരുന്നു. ഇത്തവണ ഭരണപരമായ പരാജയവും പ്രകടമാണ്. അതോടെ ജനം തെരുവിലിറങ്ങി സമരം രൂക്ഷമാക്കി. വിയറ്റ്‌നാം സമരകാലത്ത്, അമേരിക്കന്‍ പട്ടാളത്തെ അനാവശ്യ കുരുതിക്കെറിഞ്ഞുകൊടുത്ത സര്‍ക്കാരിനെതിരെ അവിടെ നടന്ന സമരത്തെക്കാള്‍, തീഷ്ണമായ സമരമാണ് ഇന്നവിടെ നടക്കുന്നത്.

'വാള്‍സ്ട്രീറ്റ് ഓക്യുപേഷന്‍' എന്നാണ് സമരത്തെ വിളിക്കുന്നത്. സമരക്കാര്‍ ദേശീയ വ്യോമ, ബഹിരാകാശ മ്യൂസിയത്തിലേയ്ക്ക് ഇരച്ചുകയറാന്‍പോലും ശ്രമിച്ചു. പൊലീസ് സമരക്കാരെ ശക്തമായി നേരിട്ടതോടെ പ്രതിഷേധം നാടുമുഴുവനും നിറഞ്ഞു. പ്രശ്‌നം നിലവിലുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. തൊഴിലില്ല, വരുമാനമില്ല, ഉള്ള സ്വത്തൊക്കെ അല്‍പം ചിലരുടെ കയ്യിലാണ്. തൊഴിലില്ലായ്മ സര്‍വകാല ഉയരത്തിലെത്തി-9.2 ശതമാനം. സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം ധനികരുടെ കയ്യിലാണ്. നികുതിയാണെങ്കില്‍, ധനികരെ സഹായിച്ച്, ദരിദ്രരെ പിഴിയുന്നതും. വിദ്യാഭ്യാസ വായ്പ വാങ്ങി പഠിച്ച വിദ്യാര്‍ഥികള്‍ക്ക് പണി കിട്ടാനില്ലാതെ വന്നപ്പോള്‍ തിരിച്ചടവ് മുടങ്ങി, കടം കുന്നുകൂടി. പണ്ട് വീട്ടിന്റെ കടം പെരുകി, എല്ലാം തകര്‍ന്നുകഴിഞ്ഞ മാന്ദ്യത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍. ജോലിയില്ലാതെ കുട്ടികള്‍ എങ്ങനെ കടം വീട്ടും.

ജാമ്യം നല്‍കിയ വസ്തുവകകള്‍ കൈവിടാനും തുടങ്ങി. പ്രാക്ഷോഭകാരികള്‍ക്ക് കാര്യം പറയാന്‍ ഒരു പത്രം വേണം. 'ഓക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍' എന്ന പേരില്‍ ഒരു പത്രം തുടങ്ങി. മര്‍ഡോക്കിന്റെ വാള്‍സ്ട്രീറ്റ് ജേണലിനോട് സാമ്യമുള്ള ഒരു പേര്‍. സമരം അതീവ ശക്തമാവുന്നു. അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നേരിടേണ്ട ഒബാമ ആകെ പരിഭ്രാന്തനാണ്. ക്യാപിറ്റലിസത്തിന്റെ മൗലികമായ കുത്തകപോഷണം ഇനിയും തുടര്‍ന്നാല്‍ വൈറ്റ് ഹൗസിലേയ്ക്കുള്ള വഴി അടയും. ജനം സൈ്വര്യം കെട്ടാല്‍, അമേരിക്കയിലായാലും സമരം നടക്കും.

സമരം അവിടെ തീരില്ല. അത്‌ലാന്റിക്, പസഫിക് സമുദ്രങ്ങള്‍ താണ്ടി കിഴക്കും യുറോപ്പിലും സമരതരംഗങ്ങളെത്തി. യൂറോപ്പ് ആകെ മുങ്ങിക്കിടക്കുകയാണ്. ഒരുകാലത്തെ വമ്പന്‍മാര്‍, പിച്ചക്കാരായി മാറി. പണ്ട് 'ഏഷ്യന്‍ ടൈഗേഴ്‌സ്, 'ഏഷ്യന്‍ ബഗ്ഗേഴ്‌സ്' ആയിേല്ല. അതുപോലെ. പഴയ ഏഷ്യന്‍ പ്രതിസന്ധിയുടെ ഓര്‍മ മറ്റൊരു രൂപത്തില്‍ പ്രകടമാവുന്നു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, ഇംഗ്ലണ്ട്, ഗ്രീസ് തുടങ്ങി ഒരുവകപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളൊക്കെ തകര്‍ച്ചയിലാണ്. ഗ്രീക്ക് ദുരന്തം നിലയില്ലാതെ തുടരുന്നു. അല്‍പം രക്ഷപ്പെട്ടവര്‍ മറ്റുള്ളവരെ സഹായിക്കാനുള്ള അവസ്ഥയിലുമല്ല. അവര്‍ക്കതിനു താല്‍പര്യമില്ല. ജര്‍മനി മാത്രമാണ് ഭേദം. അവര്‍ ഈ കൂട്ടത്തകര്‍ച്ചയില്‍ പരിഭ്രാന്തരാണ്. ഒരു ഗുണവുമില്ലാത്തവര്‍ക്കായി 'റസ്‌ക്യു പാക്കേജി'ന് അവര്‍ തയ്യാറല്ല. മൊത്തത്തില്‍ ആകെ അതീവ മ്ലാനമായ സാമ്പത്തിക കാലാവസ്ഥയാണ് ആഗോളതലത്തില്‍ നിലനില്‍ക്കുന്നു. അമേരിക്കയിലെ പ്രക്ഷോഭം അതിന്റെ വ്യാപ്തി കൂട്ടുകയാണ്.

തൊഴില്‍ വേണം, ജീവിക്കാന്‍ വരുമാനം വേണം, വിലക്കയറ്റം തടയണം തുടങ്ങിയ അതീവ പ്രധാനമായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. അതിനുപുറമെ ആഗോളതാപനം, സാമ്പത്തിക അസമത്വം, എണ്ണവില, അനാവശ്യയുദ്ധങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ലോകശ്രദ്ധയില്‍ സജീവമാകുന്നു. അയര്‍ലാന്‍ഡിലെ സമരം, അവിടുത്തെ പ്രശ്‌നങ്ങളില്‍ ഐ എം എഫ് ഇടപെടുന്നതിനെതിരെയാണ് ഗ്രീസില്‍ സകലരും തെരുവിലാണ്. അവിടെ സര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ പേരില്‍ സകല ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ജോലി വെട്ടിക്കുറച്ചു. നികുതി കൂട്ടി. അതോടെ ജനം തെരുവിലിറങ്ങി.

ജീവിക്കാന്‍ വേണ്ടി മരിക്കാനുള്ള സമരമാണത്. ഗ്രീസില്‍നിന്ന് സമരം യൂറോപ്പ് മുഴുവനും വ്യാപിച്ചു. ഐയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്റ്, ഇംഗ്ലണ്ട്, സ്‌പെയ്ന്‍. അങ്ങനെ പ്രക്ഷോഭത്തിരമാലകള്‍ യൂറോപ്പ് മുഴുവനും നിറയുന്നു. ഗതികെട്ടവരുടെ സമരമാണ്. മിക്ക രാജ്യത്തും ഗുരുതരമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത് പടിഞ്ഞാറന്‍ ക്യാപിറ്റലിസത്തിന്റെ അന്ത്യനാളുകള്‍ വരാന്‍ പോകുന്നു എന്നാണ് പ്രശസ്ത ചിന്തകര്‍ പറയുന്നത്. 'വാള്‍സ്ട്രീറ്റ് വസന്തം' എന്നാണ് അവിടത്തെ സമരത്തെ വിശേഷിപ്പിക്കുന്നത്.

ജനം പ്രതികരിക്കും. ഈജിപ്റ്റിന് അത് 'ജാസ്മിന്‍ റവലൂഷ' നായിരുന്നു. അത് ഭരണകൂടത്തിന്റെ മനുഷ്യനിരാസത്തിനെതിരെയുള്ള ജനാധിപത്യസംരക്ഷണ പ്രക്ഷോഭമായിരുന്നു. അമേരിക്കയില്‍ അഴിമതി, അസമത്വം എന്നിവയ്‌ക്കെതിരെ, ജീവിതം വഴിമുട്ടിയവരുടെ പ്രക്ഷോഭം. അമേരിക്കയില്‍ ഇത്രയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊള്ളരുതായ്മയുടെ പരമോന്നത ദൃഷ്ടാന്തമാണ് സാമാന്യത്തിലധികം സമൃദ്ധമായ ആ രാജ്യത്തെ, ഈ ചളിക്കുണ്ടിലെത്തിച്ചത്.

ഇത് അവിടെ മാത്രം ഒതുങ്ങില്ല. കിഴക്കന്‍ രാജ്യങ്ങളിലേയ്ക്കുവരും. ഇന്ത്യയെ സ്പര്‍ശിക്കില്ലെന്ന പ്രണബിന്റെ പ്രസ്താവന അയഥാര്‍ഥമാണ്. ഈ തരംഗം എവിടെയൊക്കെ എത്തുമെന്ന് മുഴുവനായുമറിയില്ല.

ഒരുപക്ഷെ തീര്‍ത്തും രക്ഷപ്പെടുന്ന ആരുമുണ്ടാവില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കും ബദല്‍ തേടേണ്ടകാലം വരും.

ഒരുപക്ഷെ ചക്രം മുഴുവനും തിരിയാന്‍ പോവുന്നു.

*
പി എ വാസുദേവന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുറച്ചാളുകള്‍ ഒരുവക എല്ലാം വിഴുങ്ങിയാല്‍ ബാക്കിപേര്‍ എന്തു ചെയ്യും. കൂടുതല്‍ ഉല്‍പാദിപ്പിച്ചിട്ടെന്തു കാര്യം. എത്രയുണ്ടാക്കിയാലും ചില ബകന്‍മാര്‍ കൂടിയിരുന്ന് തിന്നുതീര്‍ക്കും. അതാണ് ലോകത്തെ ഇന്നത്തെ സ്ഥിതി. അമേരിക്കയില്‍ പ്രത്യേകിച്ചും. അവിടത്തെ നികുതി വരുമാനത്തിന്റെയും സമ്പത്തിന്റെയും 99 ശതമാനം സര്‍ക്കാരും കുത്തകകളും ചേര്‍ന്ന് കയ്യിലാക്കിക്കഴിഞ്ഞു. ഊഹിക്കാനാവാത്ത വേഗത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ വളരുന്നത്. ഉല്‍പാദനത്തിന്റെ എല്ലാ മേഖലകളും അവരുടെതാണ്. ഇതെപ്പറ്റി എഴുതിയോ പറഞ്ഞോ ജനങ്ങളെ ബോധവല്‍ക്കരിക്കാമെന്നുവെച്ചാല്‍ ദൃശ്യ, പ്രിന്റ് മാധ്യമങ്ങളൊക്കെ അവര്‍ നേരത്തെ കയ്ക്കലാക്കി. അതായത് ജനത്തിന് ഒരുവഴിയുമില്ലാത്ത സ്ഥിതിയായി.